രണ്ടാം ദിവസം ലഡാക്കിൻറെ കവാടം എന്ന് വിശേഷിപ്പിക്കുന്ന സോൻമാർഗ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യസ്ഥാനം.
ഹോട്ടലിലെ ഭക്ഷണശാലയിൽ തന്നെയാണ് ഞങ്ങൾക്കുള്ള പ്രഭാത-പ്രദോഷ ഭക്ഷണങ്ങൾ ഒരുക്കിയിരുന്നത്. എല്ലാ ദിവസവും രാവിലെ എണ്ണ കുടിച്ചു വീർത്ത മൈദപ്പൂരിയും ആലൂ ഭാജി എന്ന് വിളിക്കുന്ന ഉരുളക്കിഴങ്ങ് കറിയുമുണ്ടാവും. കൂടെ ഉത്തരേന്ത്യയിലെ പ്രസിദ്ധമായ പ്രഭാത ഭക്ഷണം പൊഹയും(അവിൽ ഉപ്പുമാവ്) അല്ലെങ്കിൽ ഉരുളക്കിഴങ്ങ് ഉള്ളിൽ നിറച്ച ആലൂ പൊറാട്ടയും. അതൊക്കെ അകത്താക്കി എല്ലാവരും എട്ടരയോടെ ഗന്ധർബാൾ ജില്ലയിലുള്ള സോനാമാർഗ്ഗിലേക്ക് പുറപ്പെട്ടു.
ശ്രീനഗർ പട്ടണത്തിൽ നിന്നും ഏകദേശം 80 കിലോമീറ്റർ അകലെയായാണ് ലഡാക്കിന്റെ അതിർത്തിയിലുള്ള സോൻമാർഗ് സ്ഥിതി ചെയ്യുന്നത്. ശ്രീനഗർ-ലഡാക്ക് ദേശീയപാത(NH 1D)യിലൂടെയാണ് അവിടേക്കുള്ള യാത്ര. പഴയ കശ്മീർ-ടിബറ്റ് സിൽക്ക് റൂട്ടിലെ പ്രധാന കവാടം കൂടിയായിരുന്നു സോനാമാർഗ്. അസ്തമനസൂര്യന്റെ ചെങ്കതിരേറ്റ് അവിടമുള്ള ഹിമസാനുക്കൾ സ്വർണ്ണ വർണ്ണത്തിൽ തിളങ്ങുന്നതിനാലാണ് ഈ പ്രദേശത്തിന് അങ്ങിനെയൊരു പേര് വന്നതെന്നും പറയപ്പെടുന്നു. അത്തരം കാഴ്ചകൾ തീർച്ചയായും കണ്ടിരിക്കണം എന്ന മോഹവുമായി ഞങ്ങൾ പാതക്കിരുവശവും നിൽക്കുന്ന തോക്കു ധാരികളായ സൈനികരെ കണ്ടു കണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
നഗരം വിട്ട് ഏകദേശം 25 കിലോമീറ്റർ പച്ച പുതച്ചു കിടക്കുന്ന ഗ്രാമങ്ങളിലൂടെ പിന്നിട്ടതും വായുൾ എന്ന സ്ഥലത്ത് വെച്ച് ഞങ്ങളൊരു നദി മുറിച്ചു കടന്നു. മച്ചോയ് ഹിമാനിയിൽ നിന്നും ഉത്ഭവിച്ച് അനേകം ചെറു ഹിമാനികളുരുകിയ ജലം കൂടി ആവാഹിച്ചെടുത്തെത്തുന്ന സിന്ധ് നദിയായിരുന്നു അത്. പിന്നീട് സിന്ധ് നദി ശ്രീനഗറിനടുത്തുള്ള ഷാദിപോരയിൽ വെച്ച് ഝലം നദിയുമായി ചേരുന്നു. സിന്ധ് നദി അവിടെ സുന്ദരിയാണ്. താഴ്വരയിലെ പൈൻ മരക്കാടുകൾക്കിടയിലൂടെ ഒഴുകുന്ന സിന്ധു കാഴ്ച്ചയിൽ ഒരു പച്ചസാരിയുടുത്താണ് ഒഴുകുന്നതെന്ന് തോന്നും. ഹൈവേക്ക് വലതു വശത്തായി, വെളുത്ത ഉരുളൻ കല്ലുകൾ നിറഞ്ഞ നദിയിലൂടെ ഹിമമുരുകിയെത്തുന്ന വെള്ളം സ്വച്ഛന്ദസുന്ദരമായി ഒഴുകുന്നു. ആ കാഴ്ച്ചയിൽ രമിച്ചിരുന്ന ഞങ്ങളെ ഒരു 11 മണിയോടെ കംഗൺ എന്നൊരു സ്ഥലത്ത് സിന്ധ് നദിയെ തൊട്ടറിയാനായി ഡ്രൈവർ നിറുത്തിത്തന്നു. വലിയ ആഴമില്ലാത്ത നദീതീരത്തേക്ക് സംഘത്തിലുള്ള എല്ലാവരും ഇറങ്ങി ഒഴുകിവരുന്ന ശീതജലത്തിന്റെ കാഠിന്യം തൊട്ടനുഭവിച്ചു.
നദിയുടെ മറുകരയിൽ നീണ്ടു നിവർന്നു കിടക്കുന്ന ഹിമാലയൻ പർവ്വതശിഖരങ്ങളിൽ മഞ്ഞുറഞ്ഞു കിടപ്പുണ്ട്. ചെങ്കുത്തായ താഴ്ചരകൾ പൈൻമരക്കാടുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അവയിൽ ഹിമക്കരടികളും കാശ്മീരി മാനുകളും പുലിയുമുണ്ടന്ന് തദ്ദേശവാസികൾ ഞങ്ങളോട് പറഞ്ഞു. ആ മലനിരകളെ സാക്ഷിയാക്കി സംഘത്തിലുള്ളവരെല്ലാം സഖാക്കളോടും സഖികളോടുമൊപ്പം നദിയിൽ നിന്നും ഇഷ്ടംപോലെ ഫോട്ടോയെടുത്തു കൂട്ടി.
നാം ഏറെ കേട്ടിട്ടുള്ള പ്രശസ്‍തമായ സിന്ധു നദി(Indus River) ഉത്ഭവിക്കുന്നത് മാനസസരോവർ തടാകത്തിനുമപ്പുറം കൈലാസ മലനിരകളിലെ ബോഗർ ചു ഹിമാനികളിൽ(Bogar Chu Glasier) നിന്നുമാണ്. പിന്നീട് 6000 കിലോമീറ്റർ ടിബറ്റിലൂടെയും, ഇന്ത്യയിലൂടെയും, പാകിസ്ഥാനിലൂടെയും ഒഴുകി അറേബിയൻ സാഗരത്തിലെത്തിച്ചേരുന്നു. ഞങ്ങൾ തൊട്ടറിഞ്ഞ സിന്ധ് നദിയാകട്ടെ മച്ചോയ് ഹിമാനിയിൽ നിന്നും ഉത്ഭവിച്ച്പിന്നീട് ഝലം നദിയുമായി ചേർന്ന് പടിഞ്ഞാറോട്ടൊഴുകി പാകിസ്താനിലെ ഝാങ്ങ് ജില്ലയിൽവച്ച് ചെനാബ് നദിയോട് ചേരുകയും, ചെനാബ് ഉച്ച് ഷരീഫിൽ വെച്ച് സത്‌ലജ് നദിയുമായി കൂടിച്ചേരുകയും, പിന്നീട് സത്‌ലജ് മിഥൻകോട്ടിൽ വച്ച് സിന്ധു നദിയോട് ചേരുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ അമ്മ സിന്ധുവിന്റെ ഒരു പോഷക നദിയാണ് ഈ കുട്ടി സിന്ധുവും.
ഹിമാലയത്തിന്റെ Zanskar Range നിരകളുടെ തുടക്കത്തിലാണ് സോൻമാർഗ് സ്ഥിതി ചെയ്യുന്നത്. കൻഗണിൽ നിന്നും ബസ് പിന്നീട് ചുരങ്ങൾ കയറിത്തുടങ്ങി. ഒരു വശം നിറയെ മല നിരകളും മറുവശത്ത് താഴെയായി സിന്ധ് നദിയും ഒഴുകുന്നു. കുറേക്കൂടി മുകളിലേക്ക് പോയപ്പോൾ ഗഗൻഗീർ എന്ന സ്ഥലത്തു നിന്നും സോൻമാർഗിലേക്ക് പുതിയൊരു തുരങ്കം തയ്യാറായി വരുന്നു. Z-Morh Tunnel എന്ന പേരിൽ. പക്ഷെ ഇപ്പോൾ ചെങ്കുത്തായ മല നിരകൾക്കിടക്ക് കൂടിത്തന്നെ പോവണം സോൻമാർഗിലേക്ക്. ആ ഒരു ചുരത്തിൽ വീണ്ടും സിന്ധ് നദി റോഡിനരികിലൂടെ ഒഴുകിത്തുടങ്ങി. മുകളിലേക്ക് കയറുന്തോറും നദി മെലിഞ്ഞു തുടങ്ങിയെങ്കിലും ഭംഗിക്ക് യാതൊരു കുറവുമില്ലായിരുന്നു. അവളുടെ ഹരിത നിറം ഒന്നുകൂടി കൂടി, കൂടുതൽ സുന്ദരിയായ പോലെ. പലയിടത്തും ഹിമാനികളിൽ നിന്നും ജലം താഴോട്ടൊഴുകി ഉറച്ച് പാറ പോലെ നദിയിലേക്ക് തള്ളി നിൽക്കുന്നതും കാണാമായിരുന്നു.
സോൻമാർഗിനടുത്തതും വലിയൊരു ചെങ്കുത്തായ മലഞ്ചെരിവിലെ പാറമേലിൽ റോപ്പ് ഉപയോഗിച്ച് മുകളിലേക്കും താഴോട്ടും കയറിയിറങ്ങി പരിശീലനം നടത്തുന്ന ഭടന്മാരെ കണ്ടു. പിന്നീടാണ് മനസ്സിലായത്, അതവരുടെ പരിശീലന കേന്ദ്രമാണെന്ന്.
അപ്പോഴേക്കും ഇരുവശവും സൂര്യ രശ്മികളാൽ തിളങ്ങുന്ന മഞ്ഞു പുതച്ച മലനിരകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വെൽക്കം ടു സോൻമാർഗ് എന്ന ബോർഡും പ്രത്യക്ഷപ്പെട്ടു. അധികം താമസിയാതെ ഞങ്ങളുടെ വാഹനം റോഡരികിൽ ഒതുക്കിയിട്ട് എല്ലാവരും ഇറങ്ങി.
സോൻമാർഗ് ടൗണിൽ നിന്നും പിന്നീട് ഓരോ കാഴ്ചകളിലേക്കും കുതിരമേലോ അല്ലെങ്കിൽ ടാക്സിയിലോ വേണം പോവാൻ. തലേന്നത്തെ കുതിരസവാരി കൊണ്ട് തന്നെ ഊരക്ഷതം വന്ന് മതിയായിരുന്ന സംഘാംഗങ്ങൾ എന്നാൽ ടാക്സിയിൽ ദൂരെയുള്ള സോജി ലാ(ചുരം), താജിവാസ് ഗ്ലേസിയർ, ഫിഷ് പോയിന്റ്, സീറോ പോയിന്റ്, സർബൽ വില്ലേജ് എന്നിവ സന്ദർശിക്കാനുള്ള ഒരു ശ്രമം നടത്തി നോക്കി. പക്ഷെ സന്ദർശകരുടെ ബാഹുല്യം മൂലം ടാക്സിക്കാരൊക്കെ കഴുത്തറക്കുന്ന ചാർജ്ജാണ് ഈടാക്കുന്നത്. കുതിരക്കാർ നമ്മെ താജിവാസിന്റെ മഞ്ഞു താഴ്വരയിലേക്ക് കൊണ്ടുപോവാം എന്നൊക്കെയുള്ള വാഗ്ദ്വാനവുമായി വിടാതെ പിന്തുടരും. ഒടുവിൽ ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു. എവിടേക്കും പോവുന്നില്ല. മുന്നിൽ ദൂരെ കാണുന്ന താജിവാസ് ഗ്ലേസിയറിനു മുന്നിലായി റോഡരികിൽ നീണ്ടു പരന്നു കിടക്കുന്ന പുൽത്തകിടിയിൽ കയറി സമയം ചിലവഴിക്കാമെന്ന് തീരുമാനിച്ചുകൊണ്ട് ഭക്ഷണശാലയിലേക്ക് കയറി.
ഭക്ഷണത്തിന് ശേഷം ഞങ്ങളിലെ ചെറുപ്പക്കാരെല്ലാവരും നേരത്തെപറഞ്ഞ പുൽമേട്ടിലേക്ക് കയറി. ബാക്കിയുള്ളവർ ബസിലിരുന്നും റോഡിലൂടെ നടന്നും കാഴ്ചകൾ കണ്ടു.
പുൽമേട്ടിലേക്ക് കയറിയതും മെഡോ ഓഫ് ഗോൾഡ് എന്ന നാമം അന്വർത്ഥമാക്കുന്ന ഭൂപ്രകൃതി. ഓരോ മേടുകൾ കയറുന്തോറും കാഴ്ചയുടെ മാനങ്ങൾ മാറിക്കൊണ്ടിരുന്നു. പിന്നിലെ താജിവാസ് മലനിരകൾക്ക് മേലുള്ള ഹിമാവരണം സൂര്യപ്രകാശത്താൽ പ്രശോഭിച്ചു നിൽക്കുന്ന കാഴ്ച കണ്ടിട്ടും കണ്ടിട്ടും മതിവരുന്നുണ്ടായിരുന്നില്ല.
എവിടെത്തിരിഞ്ഞു നോക്കിയാലും കാഴ്‌ചയുടെ നിറവസന്തം. അവയത്രയും നേത്രങ്ങളിലൂടെ ആവാഹിച്ച് ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചു വെച്ചു കൊണ്ട് വീണ്ടും മേടുകൾ കയറിക്കൊണ്ടിരുന്നു. അവക്കൊപ്പം ഓരോരുത്തരും മത്സരിച്ച് തങ്ങളുടെ ഫോണുകളിലും ഈ കാഴ്ചകളത്രയും പകർത്തിക്കൊണ്ടിരുന്നു. ഓരോ മേട് കയറുമ്പോഴും അതിലേറെ കയറാനുണ്ടെന്ന തോന്നൽ. അതൊക്കെ കീഴടക്കണമെന്ന അഭിനിവേശം. ഒടുവിൽ മുകളിക്കെത്തിയപ്പോൾ, പുൽമേടിൻറെ ഉത്തുംഗശ്രുംഗത്തിൽ നിന്നും ഇരു വശത്തേക്കുമുള്ള കാഴ്ച വർണ്ണനാതീതമായിരുന്നു. അത് കണ്ടറിയണം, അനുഭവിച്ചറിയണം. ആ ഓരോ നിമിഷവും നാം മറ്റൊരു ലോകത്തെത്തിയെന്ന തോന്നലായിരുന്നു. ഭൂമിയുടെ ഈ വിസ്മയക്കാഴ്ച സ്വനേത്രങ്ങളിലൂടെ അനുഭവിക്കണം. ഒരു യാത്രാവിവരണത്തിനും, കാമറക്കണ്ണുകൾക്കും നല്കാനാവാത്ത അവാച്യാനുഭൂതിയായിരുന്നു അവിടത്തെ ഓരോ നിമിഷവും പ്രദാനം ചെയ്തത്. രണ്ടു മണി മുതൽ നാലര വരെ ഞങ്ങളാ പ്രകൃതിയുടെ മടിത്തട്ടിൽ ഓരോ നിമിഷവുമാസ്വദിച്ച് സമയം പോയതറിഞ്ഞില്ല. താഴെയുള്ള സംഘം തിരിച്ചു പോവാമെന്ന് തിരക്ക് കൂട്ടിയപ്പോൾ മനസ്സില്ലാ മനസ്സോടെ ആ വിഭ്രമക്കാഴ്ചകൾക്ക് വിട നൽകി വീണ്ടും താഴോട്ടിറങ്ങി.
താജിവാസ് മലനിരകളിൽ നിന്നും വളരെയടുത്താണ് അമർനാഥ് ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത് . പക്ഷെ വഴി ദുർഗ്രഹമാണെന്ന് മാത്രം. പഹല്ഗാമിൽ നിന്നുമാണ് അങ്ങോട്ടുള്ള തീർത്ഥാടന വഴി തീർത്തിരിക്കുന്നത്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലത്താണ് അത് തീർത്ഥാടകർക്കായി തുറന്നു കൊടുക്കുന്നത്. Stalagmite ഫോർമേഷനിലൂടെ തുള്ളിയായി വീഴുന്ന ജലം അതിശൈത്യം മൂലം ശിവലിംഗരൂപം പ്രാപിച്ചിരിക്കുന്നതാണ് അവിടത്തെ പ്രതിഷ്ഠ. ഐതിഹ്യമനുസരിച്ച്, അമർനാഥ് ഗുഹ ആദ്യമായി കണ്ടെത്തിയത് ഭൃഗു മഹർഷിയാണ്. പക്ഷെ ഗവേഷകരുടെ കണ്ടെത്തൽ, ആദ്യമായി ഈ ഗുഹയും ശിവലിംഗവും കണ്ടെത്തിയത് "ഗഡാരിയ" വംശജരായ ഇടയന്മാരായിരുന്നുവത്രെ.
സോൻമാർഗിൽ നിന്നും തിരിക്കുമ്പോൾ അഞ്ചുമണിയെ ആയിരുന്നുള്ളൂ. ദിനകരൻറെ സുവർണ്ണ രശ്മികൾ സോൻമാർഗിലെ ഹിമാനികളിൽ പതിക്കാൻ ചുരുങ്ങിയത് ആറരയെങ്കിലും ആവണം. അത്രയും വൈകിയാൽ ട്രാഫിക് ജാമുകളിൽ കുടുങ്ങി തിരിച്ചെത്താൻ പാടാണെന്ന് പറഞ്ഞു ടൂർ ഓപ്പറേറ്റർ ഞങ്ങളെ തിരിച്ചു വണ്ടിയിൽ കയറ്റി.
ആ കാഴ്ച നഷ്ടപ്പെട്ടതിന്റെ നൈരാശ്യവും പേറി, സാർത്ഥകമായ ഒട്ടേറെ കാഴ്ചകൾ ആവോളം ആസ്വദിച്ചയവിറക്കിയതിന്റെ ചാരിതാർത്ഥ്യത്തോടെ ഞങ്ങൾ ശ്രീനഗറിലേക്ക് തിരിച്ചു.
തുടരും...
No comments:
Post a Comment