നാട്ടിക എസ് എൻ കോളേജിലേക്ക് അന്ന് മിക്കവാറും നടന്നാണ് യാത്ര. ഷാരത്ത് നിന്നും തെക്കോട്ടുള്ള ഇടവഴി സമുദായമഠത്തിന്റെ ഓരം
പറ്റി അണ്ടേടന്റെ തെങ്ങിൻ വളപ്പിലൂടെ തെളിയുന്ന വഴിത്താരയിലേക്ക് നീളും. മീനിന് വില
കുറയുന്ന കാലങ്ങളിൽ കനോലിയുടെ ഓരം പറ്റി കിടക്കുന്ന ആ വലിയ തെങ്ങിൻ തോപ്പുകളിൽ അടി
വളമായി ഇടുന്ന മൽസ്യം ചീഞ്ഞുള്ള നാറ്റവും, ഇടത്തോടുകളിൽ കിടന്നു ചീയുന്ന ചകിരിത്തൊണ്ടിന്റെ ദുർഗന്ധവും ഇടകലർന്ന് ഒരു തരം മനംപുരട്ടുന്ന അന്തരീക്ഷം സൃഷ്ടിക്കും. ആ തെങ്ങിൻ തോപ്പുകൾക്കിടയിലൂടെയുള്ള
ചവിട്ടടിപ്പാതയിൽ നിന്നും അൽപ്പം മാറി പുഴക്കരയിലായാണ് വീട്ടിൽ മുറ്റമടിക്കാനെത്തുന്ന ബീവിയുടെ ഓല മേഞ്ഞ വീട്.
ആ ചവിട്ടടിപ്പാത ചെന്നെത്തുന്നത് പഴയൊരു കൃസ്ത്യൻ തറവാടിൻറെ മുമ്പിലാണ്. അതിനപ്പുറം
ചേർത്തേടത്ത് ശേഖരേട്ടൻറെ തറവാട് വീട്. ശേഖരേട്ടൻ തൻറെ നരച്ച കൊമ്പൻ മീശയും
തടവി മുറ്റത്തു തന്നെയുണ്ടാവും . മുറ്റത്തുള്ള ചാമ്പയുടെയും , ഒട്ടുമാവുകളുടെയും തണലിൽ ഉലാത്തുന്ന
ശേഖരേട്ടനോട് കുശലം പറഞ്ഞു അതിനപ്പുറമുള്ള പാടം കടന്ന് ചെല്ലുന്നത് മേൽതൃക്കോവിൽ
അമ്പലത്തിനടുത്തേക്കാണ്. ഇച്ചുട്ടിയമ്മക്ക് കഴകവും നാരായണിയമ്മക്ക് അടിച്ചു തളിയും ഉള്ള ബ്ളാഹയിൽ തറവാട്ടുകാരുടെ ഊരായ്മയിലുള്ള ശിവൻറെ അമ്പലം. അവിടെ നിന്നും നേരെ ടിപ്പുസുൽത്താൻ ചെമ്മൺ പാതയിലേക്ക് കയറിയാൽപ്പിന്നെ ആൽമാവിൽ ബസ്സിറങ്ങി നടന്നു വരുന്ന കോളേജ് കുമാരന്മാരുടെയും കുമാരിമാരുടെയും ഒഴുക്കാണ്. അവരുടെ ഒപ്പം
കൂടാതെ നടക്കാൻ ഊടുവഴികളില്ലാത്തതിനാൽ തന്നെ അവരിലൊരാളല്ലാതെ ഒതുങ്ങി ഒരോരം പറ്റി കോളേജ് ലക്ഷ്യമാക്കി വെച്ച് പിടിക്കും.
കോളേജിന് മുമ്പിലായി മതിലോരം പറ്റിയായിരുന്നു സൈക്കിൾ സ്റ്റാൻഡ്. അവക്ക് തണലേകി
പടർന്നു പന്തലിച്ച വാക മരങ്ങൾ കോളേജിന്റെ ദൂരക്കാഴ്ചയിൽ പ്രത്യേക സൗന്ദര്യം തീർത്തിരുന്നു.
ഏപ്രിൽ മെയ് മാസങ്ങളിൽ പൂത്തുലയുന്ന ആ മലവാകപ്പൂവുകളുടെ സൗന്ദര്യം നോക്കി ലൈബ്രറിക്ക്
മുന്നിൽ നിൽക്കാൻ പ്രത്യേക രസമായിരുന്നു. പ്രണയം താനേ മനസ്സിലേക്ക് കോരിച്ചൊരിയുന്ന
ആ നിറച്ചാർത്തിനപ്പുറം കോളേജിന്റെ മുൻ ഭാഗത്തായി, റോഡിന് കിഴക്ക് വലിയൊരു കശുമാവിൻ തോട്ടമുണ്ടായിരുന്നു. ക്‌ളാസ് കട്ട് ചെയ്ത് വിലസി നടക്കുന്ന ഡിഗ്രി ചേട്ടന്മാരുടെ ഒളി സങ്കേതമാണ് ആ തോട്ടങ്ങൾ. അന്ന് കാലത്ത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന പ്രണയങ്ങൾ പൂത്തുലയുന്നതും അവിടെയാണത്രെ.. ആദ്യ കാലങ്ങളിൽ ഉച്ചക്ക് ചോറ്റു പാത്രവുമായി ഊണ് കഴിക്കാൻ പോയിരുന്നത് ആ കശുമാവ് തോപ്പിനപ്പുറമുള്ള ഒരു ജീർണ്ണിച്ച ഇയ്യാനി
അമ്പലത്തിന്റെ പരിസരത്തേക്കായിരുന്നു. ഊണു കഴിഞ്ഞു തൊട്ടടുത്തുള്ള പറമ്പിലെ മണലിന് നടുവിലായുള്ള കുളത്തിൽ പാത്രവും മോറി ഞങ്ങൾ സഹപാഠികൾ തിരിച്ചു പോരും.
ഓരോ
വിദ്യാലയത്തിനുമുണ്ട് ഓരോ സമര രീതികൾ. വലപ്പാട് ഹൈസ്‌കൂളിൽ ബെൽ ടവറിനു പ്രതിരോധം തീർത്തായിരുന്നുവെങ്കിൽ എസ് എൻ കോളേജിൽ
അത് ഒന്നാം നിലയിലേക്ക് കുട്ടികളെ കയറ്റാതെ സ്റ്റെയർ കേസിൽ നിരന്നിരുന്നു തടഞ്ഞായിരുന്നു.
ദിവസവും രാവിലെ പത്രത്തിലെ മുഖ്യ അന്വേഷണം അന്നേ ദിവസം വല്ല സമരാഹ്വാനവും ഉണ്ടോ എന്നതായിരുന്നു.
തുടക്കക്കാരായ
പ്രീഡിഗ്രി ഒന്നാം വർഷക്കാരെ പൊതുവെ ഒന്നിനും കൂട്ടുക പതിവില്ല. എല്ലാത്തിൽ നിന്നും
അകന്നു നിന്ന് പലതും പഠിക്കുന്ന കാലം. രാഷ്ട്രീയാഭിമുഖ്യമുള്ള ചിലർ മാത്രം പതുക്കെ
ഈ കളരികളിലേക്ക് ഇറങ്ങിത്തുടങ്ങും. അങ്ങിനെ
പതുക്കെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഒരാൾ എന്റെ ക്ളാസിലുണ്ടായിരുന്നു. കെ എസ് യു ആയിരുന്നു
മൂപ്പരുടെ തട്ടകം. അതെ ടി എൻ പ്രതാപൻ. ഇന്നത്തെ തൃശൂർ എം പി. പ്രതാപന്റെ കൂടെ അന്ന്
കെ എസ് യുവിൽ ഡൊമിനിക്കും ഞങ്ങളുടെ ക്ലാസിൽ നിന്നും തന്നെ ഉണ്ടായിരുന്നു. ഞങ്ങളുടെ
ചെറുസംഘം, ഗണേശൻ, വിനയൻ തുടങ്ങിയവർ മേൽപ്പറഞ്ഞ സംഘടനകളിലേക്കൊന്നും ആകർഷിക്കപ്പെടാതെ
ട്രാൻസാക്ഷൻസ്, ട്രയൽ ബാലൻസ് എന്നീ കഠിന പദങ്ങളും,
ആ ആഴ്ച ഇറങ്ങിയ സിനിമ തുടങ്ങിയ വിഷയങ്ങളും മാത്രം ചർച്ച ചെയ്ത് മുന്നോട്ട് പോയി…
No comments:
Post a Comment