Friday, May 6, 2022

ഓർമ്മച്ചിത്രങ്ങൾ ( 52)

പത്താം ക്ലാസിലെ മലയാളം ഉപപാഠപുസ്തകമായിരുന്നു ഭീഷ്മശപഥം.

ഇന്ന് മുതൽ ഈ ഗംഗാദത്തൻ ആമരണം നൈഷ്ഠിക ബ്രഹ്മചാരിയായി ജീവിതം നയിക്കുന്നതാണ്. ഇത് സത്യം, സത്യം, സത്യം എന്ന ഭീഷ്മപ്രതിജ്ഞയടക്കമുള്ള പാഠഭാഗങ്ങൾ ഞങ്ങളെ  പഠിപ്പിച്ചിരുന്നത് സത്യവ്രതൻ മാഷ് ആയിരുന്നു.  

അതൊരു ലഘു നാടകമായിരുന്നു. അതിലെ ഓരോ  കഥാപാത്രങ്ങൾക്കനുസരിച്ച് ശബ്ദവ്യതിയാനങ്ങളോടെ ഒരു റേഡിയോ നാടകം പോലെ ഞാൻ പഠിക്കുന്ന സമയത്ത് അത് വീട്ടിൽ അവതരിപ്പിച്ചു പോന്നു.

ആ വർഷം  ഭീഷ്മരെക്കുറിച്ചുള്ള ഒരു കഥാപ്രസംഗമായിരുന്നു ഏകാദശി പരിപാടികളിലെ ആദ്യ ഇനം, “ഇനി ഞാനുറങ്ങട്ടെ”.

കാശി രാജാവിന്റെ മക്കളായ  അംബ, അംബിക, അംബാലിക എന്നിവരുടെ സ്വയം വരം നിശ്ചയിച്ചിരിക്കുന്നു... എന്ന് പറഞ്ഞു കൊണ്ട് ചേർത്തല ബാലചന്ദ്രൻ എന്ന കാഥികൻ  കഥാപ്രസംഗ കലയിലൂടെ ഭീഷ്മരുടെ ചിത്രം വരച്ചു കാട്ടുകയാണ്. അംബയുടെ ഭീഷ്മരോടുള്ള  പ്രതികാരത്തിന്റെ കഥ.. ഞാൻ പഠിച്ചറിഞ്ഞ ഭീഷ്മർക്കപ്പുറമുള്ള അറിയാക്കഥകളിലേക്ക് ബാലചന്ദ്രൻ കൂട്ടിക്കൊണ്ടു പോയി..

ആ വർഷത്തെ ഏകാദശിക്കാണ് ഇച്ചുട്ടിയമ്മയുടെ മകൻ കൃഷ്ണൻ കുട്ടിയമ്മാവനെ പരിചയപ്പെടുന്നത്. ഇച്ചുട്ടിയമ്മയുടെ ഏകമകനാണ് കൃഷ്ണൻ കുട്ടി. അദ്ദേഹം അന്ന് മദിരാശിയിൽ Agfa-Gevaert എന്ന പേരു കേട്ട  വിദേശ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അവരുടെ ക്യാമറ ഡിവിഷനിൽ ആയിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഏകാദശിക്ക് ഒരാഴ്ച മുമ്പേ അദ്ദേഹം നാട്ടിലെത്തും. വരുമ്പോൾ കൂടെ ഒരു ക്യാമറയും കയ്യിലുണ്ടാവും. അതിൽ ഏകാദശിക്കാഴ്ച്ചകളെയും വളരെ പിശുക്കി ഞങ്ങൾ കുട്ടികളെയും ബ്ലാക്ക് ആൻഡ് വൈറ്റ് അഗ്‌ഫാ ഫിലിമിൽ പകർത്തി കൊണ്ടു പോവും. ആ ചിത്രങ്ങൾ കാണാൻ പിന്നീട് ഒരു വർഷം കഴിഞ്ഞുള്ള അദ്ദേഹത്തിന്റെ വരവിനായി  കാത്തിരിക്കണം.

ആ വർഷം അരക്കൊല്ല പരീക്ഷ കഴിഞ്ഞതോടെ ജനുവരി മാസത്തിൽ ടീച്ചർമാരുടെ സമരം തുടങ്ങി. ഏകദേശം ഒരു മാസത്തോളം നീണ്ടു നിന്ന സമരമായിരുന്നു അത്. മുഖ്യമന്ത്രി ആന്റണി ഒരു വിട്ടു വീഴ്ചക്കും തയ്യാറാവാഞ്ഞതോടെ സമരം നീണ്ടു പോയി. പത്താം തരക്കാരായ ഞങ്ങളുടെ പോർഷൻ തീരുന്നതിനു മുമ്പെയായിരുന്നു ഈ സമര പരമ്പര.

ആദ്യമായി  അദ്ധ്യാപകരോട് ദേഷ്യം തോന്നിയ നാളുകൾ. SSLC പരീക്ഷക്ക് തയ്യാറാവുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു വിദ്യാലയത്തിലെ കുട്ടികളോട് തെല്ലെങ്കിലും സ്നേഹവും, ചെയ്യുന്ന ജോലിയോട് അല്പമെങ്കിലും കൂറുമുണ്ടായിരുന്നുവെങ്കിൽ സമരത്തിനിടയിലും അവർക്ക് പത്താം ക്‌ളാസുകാർക്ക് മാത്രമായി സ്‌പെഷ്യൽ ക്‌ളാസുകൾ നടത്തി പോർഷൻ തീർക്കാമായിരുന്നു. അവരുടെ ഭാവിയിലേക്കുള്ള പ്രയാണത്തിന് അല്പം വെളിച്ചം പകരമായിരുന്നു. പത്താം ക്ലാസ് പോലുള്ള കടമ്പകളിൽ പ്രൈവറ്റ് ട്യൂഷൻ എന്ന ഏർപ്പാട് നാട്ടിൽ വ്യാപകമാവാത്ത അക്കാലത്ത് ഗുരുമുഖത്തു നിന്നുള്ള ജ്ഞാനം മാത്രമായിരുന്നു ബഹുഭൂരിഭാഗത്തിനും ഏക ആശ്രയം. അത് വെച്ചായിരുന്നു  അവർ വിലപേശിയത്.

പഠിപ്പു മുടക്കാൻ ഇഷ്ടം പോലെ സമരം ചെയ്യുന്ന വിദ്യാർത്ഥി സംഘടനകൾക്കും തോന്നിയില്ല വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക്  വേണ്ടി  ഇതിനൊരു മറു സമരം ചെയ്യാൻ.

ഒടുവിൽ ഒരു മാസത്തിനു ശേഷം സമരം ഒത്തുതീർപ്പിലെത്തിയപ്പോഴേക്കും പരീക്ഷയടുത്തിരുന്നു. അവിടുന്നൊരു ഓട്ട പ്രദക്ഷിണമായിരുന്നു... ഓട്ടമറിയുന്ന ചിലരെങ്കിലും  പാഠങ്ങൾ    സ്വയം വായിച്ചു പഠിച്ചു. ഓടാനറിയാത്തവർ നിന്നു കിതച്ചു. ഒടുവിൽ മോഡൽ പരീക്ഷ പോലും ഒരു വഴിപാട് പോലെ നടത്തിയെന്ന് വരുത്തിയായിരുന്നു മാർച്ച് മദ്ധ്യത്തിൽ തുടങ്ങുന്ന പത്താം ക്‌ളാസ് പരീക്ഷക്കായി അന്നത്തെ ഞങ്ങൾ ഒരുങ്ങിയത്.

കുട്ടികളുടെ ഭാവിയിൽ  അമിത പ്രതീക്ഷയില്ലാതിരുന്ന  അന്നത്തെ സമൂഹത്തിൽ ഇതൊക്കെ സാധാരണ സംഭവങ്ങളായിരുന്നു. ഞങ്ങൾ വിദ്യാർത്ഥികൾക്കുമറിയില്ലായിരുന്നു  വലുതായി  മോഹിക്കാൻ...


 തുടരും...

No comments: