Friday, May 6, 2022

ഓർമ്മച്ചിത്രങ്ങൾ ( 58)



ആ വർഷമായിരുന്നു ചെറുകര ഭരതനുണ്ണിയേട്ടന്റെയും തൃപ്രയാർ രഘുവേട്ടന്റെയും കല്യാണങ്ങൾ. ഞാൻ കൂടി ഉത്സാഹിച്ച രണ്ടു കല്യാണങ്ങൾ.

അക്കൊല്ലമാണ് ചെറുകര എരവിമംഗലത്ത്  ഇലട്രിസിറ്റി എത്തുന്നത്.

വൈകുന്നേരങ്ങളിൽ പാനീസ് വിളക്കുകളുടെ ഗ്ലാസ്സുകൾ ഊരിയെടുത്ത് ഉള്ളിൽ പറ്റിയ കരി തുടച്ചു വൃത്തിയാക്കുക, നാടയിലെ കത്തിക്കരിഞ്ഞ ഭാഗം മുറിച്ചു കളഞ്ഞു നേരെയാക്കുക, മണ്ണെണ്ണയൊഴിച്ച് സജ്ജമാക്കുക. മൂട്ട വിളക്കുകൾ, കുപ്പി വിളക്കുകൾ എന്നിവയും മണ്ണെണ്ണ നിറച്ച്  തുടച്ചു വൃത്തിയാക്കി വെക്കുക എന്നിവയൊക്കെ കുട്ടികളായ ഞങ്ങൾക്ക് ഒരു പണിയായിരുന്നു അന്ന്. മണ്ണെണ്ണ ലാഭിക്കാൻ പഠനം ഇരുട്ടിനു മുമ്പേ തീർത്തു വെക്കാൻ അമ്മമാർ കുട്ടികളെ പ്രേരിപ്പിക്കും.

അവിടേക്കാണ് വൈദ്യുത വിളക്കുകൾ എത്തുന്നത്. പക്ഷെ ആ കാഴ്ചകൾ കാണാൻ, അനുഭവിക്കാൻ തൃപ്രയാറിൽ പഠനത്തിനു പോയ എനിക്കായില്ല. തൃപ്രയാറിൽ എത്തിയ കാലം മുതൽ ട്യൂബ് ലൈറ്റിന്റെ പ്രകാശത്തിലാണ്  പഠനം നടത്തിയിരുന്നത്  എങ്കിലും  എനിക്ക് പക്ഷെ, ചെറുകരയിലെ  ആ കാഴ്ചകൾ കാണാൻ തിടുക്കമായി. അപ്പോഴാണ് അതിനൊരു അവസരം ഒത്തു വന്നത്, ഭരതനുണ്ണിയേട്ടന്റെ കല്യാണം.

ചെറുകര എത്തിയ എന്നെ ശശിയും ശോഭയും നാലുകെട്ടിലെ കൂട്ടുകാരും ചേർന്ന് വൈദ്യുതി വരവിന്റെ കഥകളോരോന്നായി പൊടിപ്പും തൊങ്ങലും ചേർത്ത് കേൾപ്പിച്ചു. അവരുടെ വാക്കുകളിലും കണ്ണുകളിലും നിറഞ്ഞിരുന്ന അത്ഭുതത്തിന്റെ മിന്നായങ്ങളിലൂടെ അവയൊക്കെ ഞാനും അനുഭവിച്ചു...

വിജയനും എന്നോടൊപ്പം  പത്താം തരം പാസ്സായി എങ്കിലും കോളേജിലൊന്നും ചേർന്നിരുന്നില്ല. പ്രൈവറ്റായി പ്രീഡിഗ്രി പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. സംസ്കൃത പണ്ഡിറ്റ് ആയ അച്ഛനിൽ നിന്നും സംസ്കൃതം  നേരിട്ട് പഠിച്ച് മുന്നേറാനാണ് തീരുമാനം.

എട്ടുകെട്ടായിരുന്ന ചെറുകര തറവാടിന്റെ  വടക്കേ കെട്ട് പൊളിച്ച് നാലുകെട്ടാക്കി മോടി പിടിപ്പിച്ച കാലം. വിശാലമായ വടക്കേക്കെട്ടും, നടുമുറ്റവും അതിനോട് ചേർന്ന വലിയ അടുക്കളയും നഷ്ടപ്പെട്ട്,  അടുക്കളക്കിണറും കൊട്ടത്തളവും ചേർന്ന ഭാഗം മാത്രം വടക്കോട്ട് ഒരു വാല് പോലെ നീണ്ടു കിടന്നു. 

ചെറുകര വിജയൻറെ മൂത്ത ജേഷ്ഠനായ ഭരതനുണ്ണിയേട്ടന്  എയർ ഫോഴ്സിലാണ് ജോലി.  അന്നത്തെ എവർഗ്രീൻ ഹീറോ  പ്രേം നസീറിന്റെ ഭാവാദികളുമായി നടന്നിരുന്ന ഭരതനുണ്ണിയേട്ടനും മധു ചേച്ചിയും തമ്മിലുള്ള വിവാഹം വധൂ ഗൃഹമായ കല്ലുവഴിയിൽ വെച്ചായിരുന്നു. ഓരോ വീട്ടിൽ നിന്നും ഓരോരുത്തർ എന്ന നിലക്കായിരുന്നു പാർട്ടിയിൽ പോവാൻ ക്ഷണം. അത് കൊണ്ട് തന്നെ എന്റെ ഉത്സാഹിക്കൽ  വിജയനോടൊപ്പം തലേ ദിവസവും അന്ന് കൂട്ടി കൊണ്ട് വന്ന് വൈകുന്നേരമുള്ള ടീ പാർട്ടിക്കും വേണ്ടത് ഒരുക്കുക എന്നതിലായിരുന്നു. വീടുകളിൽ തന്നെ നടക്കുന്ന അത്തരം തേയില സൽക്കാരങ്ങൾക്ക് ഇന്നത്തെ ആർഭാടമോ പൊലിമയോ ഒരിക്കലും ഉണ്ടായിരുന്നില്ല. പക്ഷെ ഞങ്ങൾ കുട്ടികൾക്ക് വല്ലപ്പോഴും മാത്രം തരായിരുന്ന മിക്സ്ചറും ലഡുവും മുന്തിരിയും, കെയ്ക്കും  മതിവരുവോളം കഴിക്കാനുള്ള ലൈസൻസ് ആയിരുന്നു അത്തരം വേളകൾ.

തൃപ്രയാർ  രഘുവേട്ടന്റെ കല്യാണം  ഷാരത്ത് ഞാൻ എത്തിയ ശേഷമുള്ള ആദ്യ ആഘോഷമാണ്. രഘുവേട്ടൻ ഒമാനിലെ സലാലയിലാണ് ജോലി ചെയ്തിരുന്നത്.  കല്യാണത്തിനായി ഞങ്ങൾ ആൺ കുട്ടികൾക്ക് എല്ലാവര്ക്കും റോസ് നിറത്തിലുള്ള ഫോറിൻ തുണികൊണ്ടുള്ള പ്ലെയിൻ ഷർട്ടുകളും, വലിയവർക്കെല്ലാവർക്കും അതെ നിറത്തിലുള്ള ചെക്ക് ഷർട്ടുകളും. ഖദർധാരിയായ കൃഷ്ണമ്മാവൻ മാത്രമായിരുന്നു മേൽപ്പറഞ്ഞ യൂണിഫോമിൽ നിന്നും വേറിട്ടു നിന്നത്.

തൃപ്രയാർ നടയിൽ നിന്നും കെ കെ മേനോൻ ബസിൽ തൃശൂർ പാറമേക്കാവിലേക്ക് ശങ്കര വാരിയരുടെ നേതൃത്വത്തിൽ വരൻറെ പാർട്ടി പുറപ്പെട്ടു. പാറമേക്കാവിലെ താലികെട്ടിനു ശേഷം  കല്യാണം വധൂ ഗൃഹമായ പെരുവനം വടക്കേ ഷാരത്തെ മുറ്റത്തു നിർമ്മിച്ച പന്തലിൽ വെച്ച്. വധു പ്രീഡിഗ്രി വിദ്യാർത്ഥിനിയായ   സുജാതച്ചേച്ചി.

സഹോദരീ സഹോദരന്മാരുടെയും പെരുവനത്തെ നാട്ടുകാരുടെയും ഒത്തൊരുമയിൽ നടന്ന അന്നത്തെ ഒരു മാതൃകാ കല്യാണമായിരുന്നു അത്. കല്യാണങ്ങൾക്ക് വീഡിയോ എത്തുന്നതിനും മുമ്പുള്ള കാലം. കല്യാണ ഫോട്ടോകൾ ബ്ളാക് ആൻഡ് വൈറ്റ് ഫിലിമിൽ മാത്രമൊതുങ്ങിയ  കാലം. ഓർമ്മകളിൽ മാത്രം അവ ഇപ്പോഴും നിറമണിഞ്ഞു തന്നെ നിൽക്കുന്നു…

 

 

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...