Friday, May 6, 2022

ഓർമ്മച്ചിത്രങ്ങൾ ( 53)

പാഠഭാഗങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷിണങ്ങൾക്കപ്പുറം രണ്ടു വർഷം ഒപ്പം പഠിച്ചവരെ വിട്ടു പിരിയേണ്ട സന്ദർഭമായി. ഗ്രൂപ്പ് ഫോട്ടോക്കും ഓട്ടോഗ്രാഫുകൾക്കുമപ്പുറം പത്താം ക്ലാസ് പരീക്ഷയെന്ന കടമ്പയെ വരവേറ്റു.

പത്താം ക്ലാസ് പരീക്ഷയും ആറാട്ടുപുഴ പൂരവും ഏകദേശം ഒരേ സമയത്തായിരുന്നു. പൂരത്തിന്റെ ആരവങ്ങളിൽ നിന്നും കഴിവതും ഒഴിഞ്ഞു മാറി പഠനത്തിൽ   ശ്രദ്ധിച്ചു പരീക്ഷകളെഴുതി. മകയിരം പുറപ്പെട്ട് രണ്ടാം നാളാണ് എന്റെ ആണ്ടപ്പിറന്നാൾ വരിക. മിക്കവാറും അന്നത്തെ സ്നാനം തേവർക്കൊപ്പം  പുത്തൻ കുളത്തിലാവും. പരീക്ഷാക്കാലമായതിനാൽ അതിനൊന്നും നിവൃത്തിയില്ല. ഒടുവിൽ ഉത്രം വിളക്കോടെ പൂരത്തിന് സമാപനമായതോടെ എൻറെ സ്‌കൂൾ പഠനത്തിനും വിരാമമായി.

പരീക്ഷ കഴിഞ്ഞുവെങ്കിലും അക്കൊല്ലത്തെ മേട കൊയ്ത്ത് കൂടി കഴിഞ്ഞിട്ട് ചെറുകരെക്ക് പോയാൽ പോരെ എന്ന അമ്മിണി ഓപ്പോളുടെ ചോദ്യത്തിന് ഉത്തരമെന്നോണം വീണ്ടും ഒരു മാസം കൂടി ഞാൻ തൃപ്രയാറിൽ തങ്ങി. കോൾപ്പാടങ്ങളിൽ  പുഞ്ചകൃഷിയാണ്. സെപ്തംബർ ആയാൽ പാടത്തെ വെള്ളം വറ്റിച്ച് ആദ്യ വിള ഞാറു പാകി നടും. രണ്ടാം വിള ജനുവരിയിൽ വിതയാണ്. അത് മേടത്തിൽ കൊയ്യാറാവും. നീയുണ്ടെങ്കിൽ  വാര്യർക്ക് ഒരു സഹയാവൂലോ എന്ന് പറഞ്ഞപ്പോൾ ഇടയിൽ തൃശൂർ പൂരം കൂടി തരാക്കാം എന്ന ചിന്തയിൽ തൃപ്രയാറിൽ തന്നെ കൂടി.

അക്കൊല്ലം തൃശൂർ പൂരത്തിന് നന്ദേട്ടനൊപ്പമാണ് പോയത്. രാത്രി വെടിക്കെട്ടും കൂടി കണ്ടേ പോരൂ എന്ന് മൂപ്പർ. എന്നാൽ അങ്ങിനെയെന്ന് ഞാനും മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി. വെടിക്കെട്ട് പൊതുവെ എനിക്ക് പേടിയാണ്. അച്ഛന്റെ കൂടെ, ആറിൽ പഠിക്കുമ്പോൾ അനുഭവിച്ച വെടിക്കെട്ടനുഭവം അപ്പോഴും നെഞ്ചിൽ കിടന്ന് വിങ്ങി ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നിച്ചെങ്കിലും, പേടിത്തൊണ്ടനാണ് എന്ന് തുറന്ന് പറയാൻ മടിയുള്ളത് കൊണ്ട്  മൂപ്പരുടെ കൂടെ വരണേടത്ത് കാണാം എന്ന് കരുതി പോയി.

പകൽപ്പൂരങ്ങളുടെ സൗന്ദര്യമെല്ലാം ആസ്വദിച്ച് വൈകുന്നേരം എക്സിബിഷനിലും പൂരപ്പറമ്പിലും അലഞ്ഞു നടന്ന ഞങ്ങൾ രാത്രിയിലെ വെടിക്കെട്ട് കാണാൻ നല്ലൊരിടം തേടി തിരക്കിലൂടെ നടന്നു. നന്ദേട്ടനെ അനുഗമിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി. ഒടുവിൽ, രണ്ടു കൂട്ടരുടെയും കൂട്ടപ്പൊരിച്ചിൽ ഏറ്റവും നന്നായി കാണാവുന്ന ഇടം എന്ന നിലക്ക്  സി എം എസ് സ്‌കൂളിന്റെ മുമ്പിലായി എത്തി.   അപ്പോഴതാ അവിടെ അറുപതു കഴിഞ്ഞ അച്ഛന്റെ ജേഷ്ഠൻ കൃഷ്ണ വല്യച്ഛൻ വെടിക്കെട്ട് കമ്പവുമായി നിൽക്കുന്നു. അദ്ദേഹം പരക്കാട്ട് നിന്നും വന്നതാണ്. കുറെ നേരം അവിടെ സ്‌കൂളിന്റെ ചുമരും ചാരി നിന്ന്  അദ്ദേഹത്തോട് കുശലങ്ങൾ ചോദിച്ച് സമയം പിന്നിട്ടപ്പോൾ  എൻറെ മുൻകാല അനുഭവം വെച്ച് നെഞ്ചിൻ കൂട് തകർക്കുന്ന ശബ്ദവൈകൃതത്തെ ഭയന്ന്    കുറച്ച് നീങ്ങി നിൽക്കുന്നതാണ് ബുദ്ധിയെന്ന് കരുതി നമുക്ക് കുറച്ചു കൂടെ ദൂരെപ്പോയി നിൽക്കാം എന്ന് നന്ദേട്ടനോട് കേണു പറഞ്ഞപ്പോൾ, വല്യച്ഛനെ വിട്ട്  മൂപ്പർ  മനസ്സില്ലാ മനസ്സോടെ നായ്കനാൽ ഭാഗത്തേക്ക് നടന്നു, ഒടുവിൽ പന്തലിന്റെ അടുത്തായി അല്പം സ്ഥലം കണ്ടെത്തി. സമയം കടന്നു പോകുംതോറും പൂഴി വാരിയിട്ടാൽ താഴെ വീഴാത്ത അവസ്ഥയായിത്തുടങ്ങി. അനങ്ങാൻ നിവൃത്തിയില്ലാതെ, മേളവും ആസ്വദിച്ച് കൊണ്ട് തിരുവമ്പാടി ഭഗവതിയുടെ അടുത്തായി വെടിക്കെട്ടിനായി മണിക്കൂറുകളോളം കാത്തു നിന്നു.

ഒടുവിൽ ഞാൻ ഒട്ടും ആഗ്രഹിക്കാത്ത  ആ മുഹൂർത്തവും എത്തി. പക്ഷെ, നാലു വർഷം മുമ്പത്തെ അനുഭവമില്ല, ദൂരെയായതിനാൽ തന്നെ അന്നത്തെ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നില്ല.

പക്ഷെ, കൂട്ടപ്പൊരിച്ചിൽ കഴിഞ്ഞു അമിട്ടുകളുടെ മനോഹര കാഴ്ചകൾക്കായി കാത്തു നിൽക്കുമ്പോഴേക്കും വഴി, വഴി... എന്ന് ആക്രോശിച്ചു കൊണ്ട് ചോരയിൽ കുളിച്ച ഒരു പിടി ആൾക്കാരെയും കൊണ്ട് ആരൊക്കെയോ ഞങ്ങൾക്ക് മുമ്പിലൂടെ കടന്നുപോയി.

ആദ്യമായാണ് നിണം  ഇറ്റിറ്റു വീഴുന്ന   ഇത്തരം ഒരു കാഴ്ച കാണേണ്ടി വരുന്നത്. പൊതുവെ പേടിത്തൊണ്ടനായ ഞാൻ ആ കാഴ്ചയിൽ തല തിരിഞ്ഞു നന്ദേട്ടന്റെ മേലിലേക്ക് ചാഞ്ഞു. ആദ്യമായാണ് അത്തരമൊരനുഭവം.  അപ്പോഴേക്കും സി എം എസിന്റെ മതിലിൽ ചെന്ന് ഗുണ്ട് പൊട്ടിയ വാർത്ത പൂരപ്പറമ്പിലാകെ പടർന്നു. സി എം എസ് എന്ന് കേട്ടതും ഞങ്ങളൊന്ന് നടുങ്ങി. ഈശ്വര,  എൻറെ പേടി ഞങ്ങളെ രക്ഷിച്ചുവെന്ന് തോന്നിയ നിമിഷം. അടുത്ത നിമിഷം അത് അതിലും വലിയൊരു പേടിയിലേക്ക് നയിച്ചു. കൃഷ്ണവല്യച്ഛൻ അവിടയെയായിരുന്നല്ലോ. അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയോ... നന്ദേട്ടൻ എന്നെയും വലിച്ചു കൊണ്ട് അങ്ങോട്ടേക്ക് കുതിച്ചു.

സി എം എസിൻറെ മുമ്പിൽ ഞങ്ങൾ ചാരി നിന്ന ആ ചുമരുകളിൽ ചോരക്കറ.. താഴെ പൊട്ടിയ  അമിട്ടിന്റെ കഷണങ്ങൾ.. ആൾക്കൂട്ടം ഉപേക്ഷിച്ച ചെരുപ്പുകളുടെ ഒരു കൂമ്പാരം. ഇതായിരുന്നു അവിടെയെത്തിയ ഞങ്ങൾ കണ്ടത്. അവിടെയൊന്നും വല്യച്ഛനെ കണ്ടില്ല. കൂട്ടിയിട്ട ചെരുപ്പുകളിൽ അദ്ദേഹത്തിന്റേതെന്ന്  ഞങ്ങൾ പേടിച്ച   തുകൽചെരിപ്പുകളും കണ്ടതോടെ  ഭയം ഒന്ന് കൂടി കൂടി.

നമുക്ക് ഇവടന്ന്  പൂവാം. പൂവാം.. എന്ന് നന്ദേട്ടനോട് രോദനസ്വരത്തിൽ പറഞ്ഞതോടെ വേറെ വഴിയില്ലാതെ എന്നെയും വലിച്ചു കൊണ്ട് മൂപ്പർ ശക്തൻ സ്റ്റാൻഡിനെ ലക്ഷ്യമാക്കി കുതിച്ചു. ബസ്സിൽ കയറി കുറച്ചേറെ നേരം കഴിഞ്ഞാണ് എന്റെ തലകറക്കം വിയർത്തു ശമിച്ചത്.

തൃപ്രയാറെത്തിയ ഞങ്ങൾ പറഞ്ഞ കഥ കേട്ടതും അമ്മിണി ഓപ്പോൾക്ക് ഉടപ്പിറന്നവന് എന്തെങ്കിലും സംഭവിച്ചോ എന്നറിയാതെ  ആധിയായി ഉടൻ ഗോപിനാഥ ചേട്ടനെ പരക്കാട്ടേക്ക് വിട്ടു.  എന്തോ ഈശ്വരാധീനം.. അദ്ദേഹത്തിന് ഒരു പോറൽ പോലും ഏൽക്കാതെ അവിടെ നിന്നും രക്ഷപ്പെട്ട് പരക്കാട്ടെത്തിയിരുന്നു.

എൻറെ പടക്കപ്പേടിയെ ഊട്ടിയുറപ്പിച്ച ആ പൂരത്തോടെ പിന്നീടൊരിക്കലും തൃശൂർ പൂരത്തിന് പോവാനോ വെടിക്കെട്ട് കാണാനോ ഞാൻ ശ്രമിച്ചിട്ടില്ല.

മാനത്ത് വിരിയുന്ന അമിട്ടുകളുടെ അത്ഭുത കാഴ്ചകളേക്കാൾ അതിലെ അപകടങ്ങളെ ഭയക്കാൻ ആ സംഭവമെന്നെ പഠിപ്പിച്ചിരിക്കാം.

തുടരും...


 

No comments:

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാര...