Sunday, June 5, 2022

ഓർമ്മച്ചിത്രങ്ങൾ ( 59)

അക്കൊല്ലമാണ് ചെറുകര ഭരതനുണ്ണിയമ്മാവൻ യാത്രയായത്. ഓണപ്പൂട്ടലിന് ചെറുകരക്ക് പോയപ്പോഴാണ് വയ്യാതെ കിടക്കുന്ന അമ്മാമനെ അവസാനമായി കണ്ടത്. പിന്നീട് അമ്മയുടെ കത്തിലൂടെയാണ് 1978 ഒക്ടോബർ 26നു അമ്മാമൻ മരിച്ച വിവരം ഞാനറിയുന്നത്.

പത്താം തരം പാസായി ഫോർത്ത് ഗ്രൂപ്പെടുത്ത് കോളേജിൽ ചേർന്നെന്നറിഞ്ഞപ്പോൾ ആ സമയത്ത് തന്നെ അവശനിലയിൽ ആയിരുന്ന അമ്മാവൻറെ മുഖത്ത് വയ്യായ്മയിലും സന്തോഷം  പടർന്നു.. പഠിച്ചു ബാങ്കിൽ ജോലി ചെയ്യണം എന്നനുഗ്രഹിച്ചു. നെടുങ്ങാടി ബാങ്കിൽ നിന്നും മാനേജരായി പിരിഞ്ഞ അമ്മാമന് തന്റെ ഔദ്യോഗിക ജീവിതം അത്രമേൽ ഇഷ്ടപ്പെട്ടതായിരുന്നു എന്നു ശിന്നക്കുട്ടി അമ്മായിയുടെ മാസത്തൊഴൽ യാത്രാസമയങ്ങളിൽ അന്തിക്കൂട്ടിന് പോയിരുന്ന എനിക്കറിയാം. തഞ്ചാവൂരിലെയും മറ്റിടങ്ങളിലെയും ഔദ്യോഗിക ജീവിതാനുഭവങ്ങൾ  അദ്ദേഹത്തിൽ നിന്നും കഥകളായി ആ രാത്രികളിൽ  പൊഴിയും.

മുത്തശ്ശൻറെ സ്നേഹം അനുഭവിക്കാനവസരമില്ലാതിരുന്ന ഞങ്ങൾക്ക് അത് പകർന്നു തന്ന മുത്തശ്ശനായിരുന്നു എന്റെ മുത്തശ്ശൻ കണ്ണനുണ്ണി പിഷാരോടിയുടെ  മരുമകനായ ഭരതനുണ്ണിയമ്മാവൻ. നന്നേ കുട്ടിയായിരിക്കുമ്പോൾ  അമ്മാവന്റെ കൂടെ വാശി(ദുർവ്വാശിയല്ല) പിടിച്ച് ഗുരുവായൂർക്കും ബന്ധു ഗൃഹങ്ങളിലെ വിശേഷങ്ങൾക്കും പലവട്ടം പോയിട്ടുമുണ്ട്. അച്ഛന്റെ വേർപാടിന് ശേഷം ആ മുത്തശ്ശൻ കൂടി നഷ്ടപ്പെട്ട ദുഃഖം മനസ്സിനെ മഥിച്ചു.

ചിട്ടയായ ജീവിതം എന്തെന്ന് കണ്ടു പഠിച്ചത് അമ്മാവനിൽ നിന്നാണ്. അമ്മായിയുടെ ബന്ധുഗൃഹ സന്ദർശന വേളകളിൽ ഭക്ഷണം പാകം ചെയ്യൽ  തുടങ്ങിയ കാര്യങ്ങൾ ആ പ്രായത്തിലും അദ്ദേഹം സ്വയം ചെയ്തിരുന്നു. കൈപ്പുണ്യത്തിന്റെ കാര്യത്തിൽ ഒരു പക്ഷെ ശിന്നക്കുട്ടി അമ്മായിയേക്കാൾ ഒരു പടി മുന്നിലാണ് അമ്മാമൻ. കൽച്ചട്ടിയിൽ വെച്ച കാളനും, അരിയരച്ച് ചേർത്ത്,  അരിമണി വരുത്തിട്ട  മുരിങ്ങയിലക്കൂട്ടാനും, പഴുത്തമാങ്ങക്കൂട്ടാനും, ഒപ്പം  അമ്മാമന്റെ കൈപ്പുണ്യവുമാവുമ്പോൾ  വൈകുന്നേരം കൂട്ടിനു പോവുന്ന ഞാനും കണ്ണനിവാസിലെ അത്താഴത്തിനപ്പുറം  അൽപ്പം അതൊക്കെ തരാക്കും. ചക്കപ്പലഹാരം(ഇലയട - വാഴയിലയിലും പ്ലാവിലയിലും ഉണ്ടാക്കുന്ന) അമ്മാമൻറെ മാസ്റ്റർ പീസാണ്.

അമ്മാമൻറെ പിണ്ഡമടിയന്തരം അന്നത്തെ നടപ്പു വ്യവസ്ഥയിൽ  ചെറുകര മൂത്തപ്പിഷാരോടിയുടെ അന്തസ്സിന് ചേരും വണ്ണം തന്നെ കൊണ്ടാടപ്പെട്ടു. പക്ഷെ കോളേജ് ഉള്ള സമയമായതിനാൽ തന്നെ  അതിനും എനിക്ക് പോവാനായില്ല.

പിണ്ഡം കഴിഞ്ഞു, ആരവമടങ്ങി, ബന്ധുമിത്രാദികൾ പോയതോടെ  തെക്കെ പത്തായപ്പുരയെന്ന ആ  വലിയ വീട്ടിൽ അമ്മായി ഒറ്റക്കായി. വീണ്ടും അന്തിക്കൂട്ട് ഒരു സമസ്യയായി. അനുജൻ ശശിയും ശോഭയും ആണ് ആ ദൗത്യവുമായി ആദ്യദിവസം പോയത്.  പക്ഷെ, കണ്ണനിവാസിനെ അപേക്ഷിച്ച് അവിടെ ഇലെക്ട്രിസിറ്റി കണക്ഷൻ എടുത്തിട്ടില്ല. ചെറിയ കുട്ടികളായ അവർക്ക് വീണ്ടും മൂട്ട വിളക്കിന്റെയും പാനീസിന്റെയും കാലഘട്ടത്തിലേക്കുള്ള തിരിച്ചു പോക്ക് വിഷമമുണ്ടാക്കി. ഒടുവിൽ അതിനൊരു വഴി കണ്ടെത്തി. അമ്മായി വൈകുന്നേരം കണ്ണനിവാസിലേക്ക് വന്ന് ഞങ്ങളുടെ കൂടെ കിടക്കുക. അത് അമ്മായിക്കും സമ്മതമായിരുന്നു. അങ്ങിനെ ഒരു ഘട്ടത്തിൽ തെക്കേ പത്തായപ്പുരയിൽ നിന്നും അമ്മാമനോടും അമ്മായിയോടും വിട പറഞ്ഞു പോന്ന ഞങ്ങളോടൊപ്പം   അമ്മായി  വീണ്ടും എത്തപ്പെട്ടു.

അമ്മായി ഉച്ചക്കുണ്ടാക്കിയ ഭക്ഷണത്തിന്റെ ബാക്കിയുമായി വിളക്കു വെച്ച് കഴിഞ്ഞാൽ കണ്ണനിവാസിലേക്കെത്തും. അത്താഴം ഞങ്ങൾ പങ്കിട്ടു കഴിക്കും.

അതോടെ അമ്മായി സ്വതന്ത്രയായി. ബന്ധുഗൃഹങ്ങളിലേക്കും ഗുരുവായൂരിലേക്കുമുള്ള യാത്രകളും ദൈർഘ്യവും വർദ്ധിച്ചു. കണ്ണനിവാസിലെ കുട്ടികൾ അമ്മായിയുടെ ഓരോ യാത്രയിലെയും തിരിച്ചു വരവിനായും ഓരോ വരവിലും  കൊണ്ടു വരുന്ന പലഹാരങ്ങൾക്കുമായി  കാത്തിരുന്നു…

 തുടരും...

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...