Friday, May 6, 2022

ഓർമ്മച്ചിത്രങ്ങൾ ( 56)


1978 ജൂലൈ ആദ്യത്തോടെ നാട്ടിക എസ് എൻ കോളേജിൽ നിന്നും
  പ്രീഡിഗ്രി ബാച്ചുകളിലേക്കുള്ള   ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഭാഗ്യവശാൽ ആ ആദ്യലിസ്റ്റിൽ തന്നെ എനിക്കും കയറിപ്പറ്റാനായി.  ഫസ്റ്റ് ചോയ്‌സ് ആയി നൽകിയ ഫോർത്ത് ഗ്രൂപ്പിലേക്കു തന്നെ.

അമ്മിണി ഓപ്പോളുടെ കൂടെ ആദ്യമായി ഒറ്റ മുണ്ടുടുത്ത് കോളേജ് പ്രവേശനത്തിനായി എത്തിയപ്പോൾ, അന്നവിടെ  കണ്ടവർക്കൊക്കെ എന്നേക്കാൾ തണ്ടും തടിയുമുണ്ടായിരുന്നു. മേൽചുണ്ടിനു  മുകളിൽ ശ്മശ്രുക്കൾ കിളിർത്തവരായിരുന്നു ഭൂരിഭാഗവും. അവർക്കിടയിൽ വല്ലാത്തൊരപകർഷതാ ബോധവുമായി ഞാൻ നിന്നു. അറിയുന്നവരായി പത്താം ക്ലാസിലെ സഹപാഠികളിലാരുമില്ല. എല്ലാം പുതുമുഖങ്ങൾ. അറിയുന്ന അപൂർവ്വം ചിലർ മറ്റു ഗ്രൂപ്പുകളിലേക്കാണ് അപേക്ഷിച്ചിട്ടുള്ളത്. അപ്പോഴാണ് എന്നെപ്പോലെ, എന്നാൽ കാഴ്ച്ചയിൽ കുറച്ചു കൂടി മെച്ചമുള്ള ഒരു കുട്ടിയും അവന്റെ അമ്മയുമായി എത്തിയത് കണ്ടത്. വരിയിൽ മുമ്പിലായി നിൽക്കുന്നു. അവനും ഫോർത്ത് ഗ്രൂപ്പിന് അഡ്മിഷൻ കിട്ടി എത്തിയതാണ്. പേര് വിനയൻ. പെരുമാറ്റത്തിൽ പേരിനേക്കാളും വിനയം കാണിച്ചിരുന്ന അവൻ കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരത്ത് നിന്നുമാണ്  വരുന്നത്. ഞങ്ങൾ പരിചയപ്പെട്ടു. അമ്മിണി ഓപ്പോളും അവന്റെ അമ്മയും തമ്മിൽ പരിചയപ്പെട്ടു. കോളേജ് പ്രിൻസിപ്പാളുടെ ചോദ്യങ്ങൾക്ക് യെസ്, നോ എന്നെല്ലാം ഉത്തരങ്ങൾ നൽകി അഡ്മിഷൻ വാങ്ങി ആശ്വാസത്തോടെ വീട്ടിലേക്ക് തിരിച്ചു. ആദ്യമായാണ് പടിഞ്ഞാറേ ഷാരത്ത് നിന്നും ഒരാൾ തൊട്ടടുത്ത കോളേജിൽ പഠിക്കാൻ അർഹനാവുന്നത്. ആ സന്തോഷം എന്നെക്കാളേറെ അമ്മിണി ഓപ്പോൾക്കായിരുന്നു.

സെക്കൻഡ് ലിസ്റ്റ്, തേർഡ് ലിസ്റ്റ് എന്നീ കലാപരിപാടികൾ കൂടി കഴിഞ്ഞു കോളേജ് തുടങ്ങിയപ്പോഴേക്കും ആഗസ്ത് മാസമായി.

അത് വരെ പഠിച്ച മാതൃഭാഷ മാദ്ധ്യമം വിട്ട് ഇംഗ്ലീഷിലേക്കുള്ള ചുവടു മാറ്റം. ഏകദേശം എമ്പതോളം പേർ വരുന്ന ക്ലാസ്‌റൂമിലേക്ക്, പുത്തൻ ലോകത്തിലേക്ക് ചങ്കിടിപ്പോടെയാണ് എത്തിയത്. ആദ്യ ബഞ്ചിൽ തന്നെ സ്ഥാനം പിടിച്ചു. കൂടെ അഡ്മിഷൻ ദിവസം പരിചയപ്പെട്ട വിനയൻ, ആറാട്ടുപുഴക്കാരൻ അനിൽ, പുള്ളിൽ നിന്നും വന്നിരുന്ന ജയ്‌പു, കെ കെ മേനോൻ ഡ്രൈവറായിരുന്ന രാഘവേട്ടന്റെ മകൻ ഉണ്ണികൃഷ്ണൻ  എന്നിവരും ഉണ്ട്. അനിൽ കാഴ്ച്ചയിൽ എന്നേക്കാൾ ചെറുതാണ്. പിന്നെ സുരേഷ്. 

നമ്പൂതിരി സാറാണ് ആദ്യ ക്ലാസിൽ ഞങ്ങളെ എതിരേൽക്കാനായി എത്തിയത്. Book-keeping and Accountancy ആണ് അദ്ദേഹത്തിന്റെ വിഷയം. അദ്ദേഹം പേര് വിളിച്ച് ഓരോരുത്തരെയായി പരിചയപ്പെടുകയാണ്.

ഗണേഷ് ആർ? Present Sir.. പിൻബഞ്ചിലിരുന്ന ഒരു കണ്ണടക്കാരനെ പരിചയപ്പെട്ടത് ക്‌ളാസിന്റെ മൊത്തവും  എൻറെ പ്രത്യേക ശ്രദ്ധയും  പിടിച്ചു പറ്റി. അന്നത്തെ നടപ്പ് വസ്ത്ര ധാരണരീതികളിൽ നിന്നും വ്യത്യസ്തമായി  തന്റെ കൃശഗാത്രത്തിന്  ഒട്ടും യോജിക്കാത്ത  വലിയൊരു ഷർട്ടും ധരിച്ചാണ് മൂപ്പർ എത്തിയിരിക്കുന്നത്. ഇടക്ക് വലിയ കണ്ണട മുഖത്തു നിന്നും ഊരി ഷർട്ടിന്റെ ബട്ടൺ ഹോളിലൂടെ നിക്ഷേപിച്ച് ക്ലാസിലേക്കും പുറത്തേക്കും  ഉലാത്തുന്ന ആ  സുമുഖൻറെ ഭാവാദികൾ എല്ലാവരിലും കൗതുകം ജനിപ്പിച്ചു. അധികം താമസിയാതെ ഞാനും വിനയനും അവൻറെ കൂട്ടുകാരായി മാറി.

തൃപ്രയാർ കിഴക്കേ നടയിൽ ചേലൂർ മനക്കടുത്താണ് ഗണേശന്റെ വീട്. ദിവസവും തൻറെ റാലീസ് സൈക്കിളിലാണ് വരവും പോക്കും.  സൈക്കിൾ ചവിട്ടാൻ അത്യാവശ്യം പഠിച്ചുവെന്നാലും പൊക്കക്കുറവ് കാരണം വീട്ടിലെ ഹീറോ സൈക്കിൾ ഓടിച്ച് കോളേജിലേക്ക് വരാനുള്ള ധൈര്യമായിട്ടില്ല. അത് കൊണ്ട് തന്നെ തിരിച്ചു പോക്ക് പലപ്പോഴും ഗണേശന്റെ പുറകിൽ കയറിയായി.

പതുക്കെ പുതിയ പഠന മാദ്ധ്യമവുമായി പൊരുത്തപ്പെട്ടു തുടങ്ങി. കൊമേഴ്‌സിന് ബാഹുലേയൻ സാർ, കറസ്പോണ്ടൻസിന് ഫ്രഡ്‌ഢി സാർ, ഇംഗ്ലീഷിന് രാജശേഖരൻ സാറും വാരിയർ സാറും

ബാഹുലേയൻ സാർ കൊമേഴ്‌സിന്റെ Definitionഉം What are the hindrances of commerce? എന്നതും പഠിപ്പിച്ചപ്പോൾ ഫ്രഡ്‌ഢി സാർ വാണിജ്യ മേഖലയിലെ വാര്‍ത്താവിനിമയങ്ങളിൽ കത്തിടപാടുകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും വിവിധ തരം കറസ്പോണ്ടൻസുകളെക്കുറിച്ചും മനസ്സിലാക്കി തന്നു. പക്ഷെ ഞങ്ങളേറെ ഇഷ്ടപ്പെട്ടത് വാരിയർ സാറിന്റെ ഇംഗ്ലീഷ് ക്ളാസുകളാണ്. തന്റേതായ പ്രത്യേക  നടനവൈഭവത്തോടെ, ഇംഗ്ലീഷ് ഭാഷയുടെ തനത് ഉച്ചാരണ ഭംഗിയോടെ  അദ്ദേഹം ഓരോ പാഠഭാഗങ്ങളും ഞങ്ങളിലേക്ക് പകർന്നു തന്നു.

അങ്ങിനെ പതുക്കെ പതുക്കെ കോളേജ് ജീവിതം ഇഷ്ടപ്പെട്ടു തുടങ്ങി..

 

 തുടരും...


 

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...