Friday, May 6, 2022

ഓർമ്മച്ചിത്രങ്ങൾ ( 54)

പലപ്പോഴും പുള്ളിലെ പാടത്തേക്ക് ശങ്കരൻകുട്ടി വാരിയരോടൊപ്പം പല പണികൾക്കും കൂടെ  പോയിട്ടുണ്ടെന്നാലും  ആ വർഷം ആദ്യമായാണ് കൊയ്ത്തിന് പോവുന്നത്.  അതൊരു ഉത്സവമാണ്. കൊയ്ത്തുത്സവം. കൊയ്ത്ത് തകൃതിയായി നടക്കുന്ന ഏപ്രിൽ-മെയ് മാസങ്ങളിൽ പുള്ളിൽ താൽക്കാലിക ചായപ്പീടികകൾ പ്രത്യക്ഷപ്പെടും. കിഴക്ക് കോടന്നൂർ വരെയും വടക്ക് മനക്കൊടി വരെയും പടിഞ്ഞാറ് അന്തിക്കാട്-കാഞ്ഞാണി  വരെയും പരന്ന് കിടക്കുന്ന പാടം മുഴുവൻ വിളഞ്ഞ് സ്വർണ്ണ നിറമാർന്ന് പരിസലിക്കും.

കുണ്ടോളിക്കടവിൽ ബസിറങ്ങി പുള്ളിലേക്കുള്ള വലിയ ബണ്ട് പടവിനു മുകളിലൂടെയുള്ള ചെമ്മൺ പാതയിലൂടെ ഏകദേശം ഒരു കിലോ മീറ്റർ നടന്ന് വേണം പുള്ളിലെത്താൻ. തൃപ്രയാറെ തെക്കേ വളപ്പിനടുത്ത് താമസിക്കുന്ന വേലായുധനും വള്ളിയമ്മയും ആണ് കൊയ്ത്തിന്റെ നാട്ടിൽ നിന്നുമുള്ള മുഖ്യ കാർമ്മികർ. കൂടാതെ പുള്ളിലെ വേലായുധനും കുടുംബവും അവർക്ക് കയ്യാളായി കുറച്ചാളുകളും ഉണ്ടാവും ഒന്നര ഏക്കർ വരുന്ന നിലം കൊയ്യാൻ.

മേടത്തിലെ കൊയ്ത്ത് നേരാം വണ്ണം കഴിഞ്ഞു കിട്ടാൻ  മഴ ദൈവങ്ങളോട് പ്രത്യേക പ്രാർത്ഥന തന്നെ വേണം. കൂടാതെ  സംഗമേശ്വരന് താമര മാല, തേവർക്ക് വെടി,  പുള്ള് ഭഗവതിക്കൊരു വഴിപാട് തുടങ്ങിയവയൊക്കെ വാരിയർ ഏർപ്പാടാക്കും. പുള്ള് അമ്പലത്തിന്റെ തൊട്ടടുത്ത വാരിയത്താണ്‌ കറ്റക്കളം. കൊയ്ത്ത് ദിവസം നിശ്ചയിക്കുന്നത് തന്നെ അപ്പുവാര്യരോട് കളം ഒഴിവുണ്ടോ എന്ന്  ചോദിച്ചിട്ട് വേണം. അപ്പു വാരിയർ പുള്ളിലെ അറിയപ്പെടുന്ന കൃഷിക്കാരനാണ്. അന്ന് പക്ഷെ  മഞ്ജു വാരിയരുടെ വല്യച്ഛൻ എന്ന പേര് ആയിട്ടില്ല. അപ്പു വാരിയരുടെ അനിയന്മാർക്കെല്ലാം  പുറമെയാണ് ജോലി. വീട്ടിൽ ആകെയുള്ളത് അദ്ദേഹത്തിന്റെ അച്ഛനും അമ്മയും അനിയത്തിയും  മുത്തച്ഛനും മാത്രം. കൊയ്ത്ത് കഴിയുന്നത് വരെ ഞങ്ങൾക്ക് ഊണ് വാരിയത്താണ്.

കോടന്നൂർ ഭാഗത്തെ കനാൽ ബണ്ടിന്റെ ഓരം പറ്റി കിടക്കുന്ന ഞങ്ങളുടെ നിലത്തു നിന്നും കൊയ്ത്ത് കഴിഞ്ഞു ഏകദേശം അര കിലോമീറ്റർ കറ്റയും ചുമന്ന് നടന്നിട്ട് വേണം വാരിയത്തെ കളത്തിലെത്താൻ. ആദ്യ ദിവസം കൊയ്ത്ത് കഴിഞ്ഞ് കറ്റ കളത്തിലെത്തുമ്പോഴേക്കും നേരം ഇരുട്ടും. അന്ന് വിശ്രമിച്ച്, കറ്റയൊന്ന് മഞ്ഞു കൊള്ളിച്ച്, പിറ്റേ ദിവസമേ മെതി തുടങ്ങൂ.

രണ്ടാം ദിവസം തുടങ്ങുന്ന മെതി രാപ്പകലില്ലാതെ തുടർന്നാലും  കഴിയുമ്പോഴേക്കും മൂന്നാം ദിവസം വൈകുന്നേരമാവും. ഒടുവിൽ ഓരോ കൂട്ടരുടെയും നെല്ലളന്ന്  പതം കൊടുത്തു ചാക്കുകൾ മൂട്ടി വരുമ്പോഴേക്കും സന്ധ്യയാവാറാവും. നല്ല വിള കിട്ടിയാൽ 20-22  ചാക്ക്,  അല്ലെങ്കിൽ 18. അപ്പോഴേക്കും ഇതൊക്കെ തൃപ്രയാറ്റെത്തിക്കാൻ ലോറി പറഞ്ഞു ശരിയാക്കണം. ലോറിയിൽ കയറ്റാൻ യൂണിയൻകാരെ  ഏർപ്പാടാക്കണം. അതിനിടയിൽ മാനമൊന്നിരുണ്ടാൽ ടാർപ്പാളിന് ഓടണം.

ഒടുവിൽ ലോറിയിൽ ആദ്യയാത്രയുടെ ത്രില്ലുമായി  നെല്ലും വൈക്കോലുമായി തൃപ്രയാറിലേക്ക്. തൃപ്രയാറെത്തിയാലും വിശ്രമമില്ല. നടക്കൽ ഇറക്കിയ നെല്ലു പുറത്തിടാൻ വയ്യല്ലോ. രാഘവന്റെ പീടികയിൽ നിന്നോ അല്ലെങ്കിൽ സെന്ററിൽ നിന്നോ ഉന്തു വണ്ടി വിളിച്ച് നെല്ലെല്ലാം വീട്ടിലേക്കെത്തിച്ച് മഴ കൊള്ളാത്തൊരിടത്ത്  സുരക്ഷിതമായി എത്തിച്ചാലേ ഉറക്കം വരൂ.

അങ്ങിനെ ആദ്യ കൊയ്ത്തിന്റെ പാഠങ്ങളുമായി ചെറുകരെക്ക് യാത്രയായി. പത്താം ക്ലാസ് കഴിഞ്ഞെന്നാലും കാഴ്ചയിൽ പാലക്കാടൻ  മൈനറായിട്ടില്ല. പൊതുവെ തടിയനായ വിജയന് എന്നേക്കാൾ സ്വല്പം മെച്ചമുണ്ട്. അമ്മാമൻറെ പത്തായപ്പുരയിലെയും  നാലുകെട്ടിലെ വടക്കേ അതിരിലെയും നാടൻ മാങ്ങകളും, കിഴക്കേ പത്തായപ്പുരയിലെ മൂവാണ്ടൻ മാങ്ങകളും രുചിച്ച്, കടത്തനാട്ട് മാക്കം, ബ്ലാക്ക് ബെൽറ്റ് പോലുള്ള സിനിമകൾ കണ്ട് അവധിക്കാലം ആഘോഷിച്ചു.

അപ്പോഴാണ് ഐ വി ശശി എന്നൊരു സംവിധായകൻ ആദ്യമായി മലയാളത്തിൽ വലിയവർക്ക് മാത്രമായി ഒരു പടം ഇറക്കുന്നത്. അത് വരെ അത്തരം അതിർ വരമ്പുകളൊന്നും മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല. സംഗതി മൈനറാണെങ്കിലും അരുതാത്തത് എന്ന് കേൾക്കുമ്പോൾ അതൊന്നു കാണാൻ ഉള്ള ഔൽസുക്യം കൂടുമല്ലോ.. ഞാനും വിജയനും കൂടെ ആരോടും പറയാതെ പെരിന്തൽമണ്ണ ജഹനറയിൽ ആ സിനിമ കാണാനായി മാറ്റിനിക്ക് പോയി. ടിക്കെറ്റിന് കൈ നീട്ടിയ ഞങ്ങളെ ഒന്ന് ഉഴിഞ്ഞു നോക്കി രണ്ടു ടിക്കറ്റ് തന്നു. അവളുടെ രാവുകൾ എന്ന ആ സിനിമ കണ്ട് പുറത്തിറങ്ങിയ ഞങ്ങൾക്കും തോന്നി, ഇല്ല ഞങ്ങൾ ഇനി മുതൽ മൈനറല്ല. വികാര വിചാരങ്ങളിൽ ഞങ്ങളും മേജറായിതുടങ്ങിയിരിക്കുന്നു…

തുടരും...

No comments:

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാര...