Sunday, February 13, 2022

ഓർമ്മച്ചിത്രങ്ങൾ ( 51)


കുറുക്കു വഴികൾ അപകട ബഹുലങ്ങളാണ്...

നിത്യ ജീവിതത്തിൽ കുറുക്കു വഴികൾ മൂലമുണ്ടാകുന്ന  വൈഷമ്യങ്ങളും വൈതരണികളും വരച്ചു കാട്ടുന്നൊരു പാഠമായിരുന്നു കൈനിക്കര കുമാരപിള്ളയുടെ "കുറുക്കു വഴികൾ" എന്ന പാഠം. 

തൃപ്രയാർ ക്ഷേത്ര പരിസരത്തു നിന്നും വലപ്പാട് ഹൈസ്‌കൂളിലേക്ക് അസംഖ്യം വഴികളുണ്ട്. തൃപ്രയാർ സെന്റർ വഴി NH-17 എന്ന രാജപാത, അതിന് സമാന്തരമായി ആൽമാവിൽ നിന്നും തെക്കോട്ടുള്ള ടിപ്പുസുൽത്താൻ ചെമ്മൺ പാത. വെണ്ണക്കൽ കടവ് റോഡിലൂടെ നടന്ന് തെങ്ങിൻ തോപ്പുകൾക്കിടയിലൂടെയുള്ള ചെറിയൊരു നടപ്പാതയിലൂടെ  കുഴിക്കൽ കടവിലെത്തി വലത്തോട്ട് തിരിഞ്ഞു ആശുപത്രിക്കുള്ളിലൂടെയും സ്‌കൂൾ ഗ്രൗണ്ടിലൂടെയും ഉള്ള വഴികൾ എന്നിങ്ങനെ.

മേൽപ്പറഞ്ഞ പല വഴികളിൽ നിന്നും വലത്തും ഇടത്തും തിരിഞ്ഞു സ്‌കൂളിലേക്ക് നയിക്കുന്ന ചവിട്ടടി പാതകളും നാട്ടു വഴികളുമുണ്ട്.

പത്താം തരത്തിൽ പഠിക്കുമ്പോൾ രാമചന്ദ്രനും ചെല്ലപ്പൻ നായരുടെ മകൻ ദാസനും ഒപ്പമായിരുന്നു സ്‌കൂളിലേക്കുള്ള യാത്ര. രാവിലെയും വൈകിയിട്ടും ഇത്തരം ഓരോ വഴികളും പരീക്ഷിക്കുമ്പോൾ മേൽപ്പറഞ്ഞ പാഠ ഭാഗം ഓർമ്മയിലേക്ക് എത്തും.

അങ്ങിനെയുള്ള യാത്ര പലപ്പോഴും വീടുകളുടെ വടക്കു പുറത്തെ എച്ചിൽക്കുഴിയുടെ വക്കിലൂടെയും തെക്കു പുറത്തെ പശുത്തൊഴുത്തിന്റെ പിന്നിലൂടെയും, മെടഞ്ഞ ഓലകൊണ്ട് മറച്ചു കെട്ടിയ ശുചിമുറികൾക്കോരം പറ്റിയുമാണ്.    ആ കുറുക്കു വഴികളിൽ  ആശുപത്രി വിസർജ്ജ്യങ്ങളുടെ മനം മടുപ്പിക്കുന്ന ദുർഗന്ധമുണ്ട്,  ചന്തപ്പുരയിലെ സമ്മിശ്ര ഗന്ധങ്ങളുണ്ട്,  പേടിപ്പെടുത്തുന്ന പള്ളിപ്പറമ്പിലെ ശ്മശാന മൂകതയുണ്ട്. കാലിൽ കുത്തിക്കയറുന്ന കുപ്പിച്ചിൽ കഷണങ്ങളുണ്ട്. കുറുക്കു വഴികൾ അപകട ബഹുലങ്ങളാണെന്നതിന് ഇതിലും വലിയ ഉദാഹരണങ്ങൾ വേണ്ട.. ആ പാഠത്തിലെ ഓരോ ഖണ്ഡികയും ഞാൻ അനുഭവിച്ചറിയുകയായിരുന്നു.

ഇത്തരം കുറുക്കു വഴികളിലൂടെയുള്ള പ്രയാണങ്ങൾ അത് വരെയും ചെരിപ്പ് ഉപയോഗിക്കാത്ത എൻറെ കാലുകൾക്കും  പാദരക്ഷകൾ നൽകി പരിരക്ഷിക്കേണ്ടി വന്നു..

തൃപ്രയാർ ഷാരത്ത് അക്കാലത്ത്  ഒരു വാൽവ് റേഡിയോ ഉണ്ടായിരുന്നു. കണ്ണനിവാസിലെ സിംഗിൾ ബാൻഡ് മർഫിയെ അപേക്ഷിച്ച് വിവിധ ബാൻഡുകളിൽ റേഡിയോ പ്രക്ഷേപണങ്ങൾ ലഭിക്കുന്ന വലിയൊരു വാൽവ് റേഡിയോ അകായിലെ പ്രത്യേക സ്റ്റാൻഡിൽ തലയെടുപ്പോടെ ഇരുന്നു. ഓൺ ചെയ്തു കഴിഞ്ഞാൽ തുണികൊണ്ടുള്ള സ്പീക്കർ പാനലിന് താഴെയുള്ള ഫ്രീക്വൻസി ഗ്ളാസ് പാനലിൽ വെളിച്ചം തെളിയുകയും ആകാശവാണിയുടെ തൃശൂർ, കോഴിക്കോട് കൂടാതെ ഷോർട്ട് വേവിൽ പല ഭാഷയിലുള്ള പ്രക്ഷേപണങ്ങളും ലഭിക്കുന്ന, മുഴങ്ങുന്ന ശബ്ദത്തോടെയുള്ള സ്പീക്കറുള്ള വലിയൊരു റേഡിയോ.

രാവിലെ സ്റ്റേഷൻ തുറക്കുന്നത് മുതൽ എട്ടുമണി വരെയും, ഉച്ചക്ക് 12.30 മുതൽ രണ്ടു മണിയുടെ ഇംഗ്ലീഷ് വാർത്തകൾ വരെയും വൈകീട്ട് നാമം ചൊല്ലലിനു ശേഷം ഒമ്പതു മണി വരെയും ആരെങ്കിലും കേൾക്കാനുണ്ടോ ഇല്ലയോ എന്ന് പോലും നോക്കാതെ  റേഡിയോ തന്റെ പ്രക്ഷേപണം നടത്തും. നാടക വാരവും മറ്റുമുള്ള സമയങ്ങളിൽ നേരത്തെ ഊണ് കഴിഞ്ഞ് എല്ലാവരും അകായിൽ ഒത്തു കൂടും. നാഗവള്ളി ആർ.എസ്​. കുറുപ്പ്, ടി.എൻ. ഗോപിനാഥൻനായർ,  എസ്​. രാമൻകുട്ടി നായർ, രാധാമണി എന്നിവരുടെ നാടകങ്ങളും   അവരുടെ തന്നെ വിവിധ കഥാപാത്രങ്ങളുടെ  സ്വര ഗാംഭീര്യങ്ങളും വികാര വിക്ഷോഭങ്ങളും അകായിയെ മുഖരിതമാക്കും.

പക്ഷെ ആ വർഷം  ഈ വലിയ വാൽവ് റേഡിയോക്ക് ഒരു കുഞ്ഞൻ എതിരാളി എത്തി. ഒരു ജർമ്മൻ ഗ്രുണ്ടിങ് റേഡിയോ കം ടേപ് റെക്കോർഡർ. രാഘവമ്മാവന്റെ മരുമകൻ ദാമോദരേട്ടൻ മസ്കറ്റിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്നതാണ് മൂപ്പരെ. അക്കാലത്ത് ഗൾഫ്കാരുടെ വീടുകളിൽ സാർവ്വത്രികമായിരുന്ന നാഷണൽ അല്ലെങ്കിൽ പാനസോണിക് ടേപ്പ് റെക്കോർഡറുകളിൽ നിന്നും വ്യത്യസ്തമായതായിരുന്നു മേൽപ്പറഞ്ഞ കറുത്ത  ഗ്രുണ്ടിങ്. അവനൊരു തറവാടി ലുക്കുണ്ടായിരുന്നു. അതോടൊപ്പം തന്നെ ഇഷ്ടം പോലെ കാസറ്റുകളും കൊണ്ട് വന്നിരുന്നു. സിനിമാ പാട്ടുകൾ, ഭക്തി ഗാനങ്ങൾ, സാംബശിവൻറെ കഥാപ്രസംഗങ്ങൾ, തുടങ്ങി. അങ്ങിനെ പെട്ടെന്ന്  വാൽവ് റേഡിയോയെ ആരും ശ്രദ്ധിക്കാതായി. ഒരു നീല ടവൽ പുതച്ച് അവൻ അകായിലെ തന്റെ സിംഹാസനം  വിടാൻ കൂട്ടാക്കാതെ മിണ്ടാട്ടമില്ലാതിരിപ്പായി. അവൻറെ എതിരാളിയാവട്ടെ ഒഥല്ലോ, ആയിഷ  തുടങ്ങിയ കഥാ പ്രസംഗ കസർത്തുമായി രംഗം കൊഴുപ്പിച്ചു.

ദാമോദരേട്ടനെയും ഭാമചേച്ചിയെയും ആദ്യമായി കാണുകയാണ്. ആദ്യമായാണ് വീട്ടിലേക്ക് ഒരു ഗൾഫ് കാരന്റെ വരവും അവർ കൊണ്ട് വരുന്ന സാധനങ്ങളെയും കാണുന്നതും അനുഭവിക്കുന്നതും. കുട്ടികൾക്ക്  ഇഷ്ടം പോലെ റെയ്നോൾഡ് ബോൾ പോയിന്റ് പേനകൾ.  വലിയവർക്കും  ആൺകുട്ടികൾക്കും  ഷർട്ട് തുണി, സ്ത്രീകൾക്ക് സാരി, പെൺകുട്ടികൾക്ക് പാവാട ജമ്പർ തുണികൾ. തൃപ്രയാറിലേക്കെത്തിയപ്പോൾ റേഷൻ തുണിയിൽ നിന്നും മോചനമായെങ്കിലും   ആദ്യമായാണ്  ഫോറിൻ തുണി കൊണ്ടൊരു ഷർട്ട് തയ്പ്പിച്ചിടുന്നത്.

ദാമോദരേട്ടന് അന്ന് നാലു വയസ്സുള്ള ഒരു മകനാണ് ഉള്ളത്, ആനന്ദൻ. രണ്ടാമത്തെ പ്രസവത്തിനായി എത്തിയതാണ് ഭാമചേച്ചി. ലീവ് കഴിഞ്ഞ ദാമോദരേട്ടൻ ഭാമചേച്ചിയെയും ആനന്ദനെയും തൃപ്രയാറിലാക്കി മസ്കറ്റിലേക്ക് തിരിച്ചു പോയി. ആനന്ദനും ഗോപിയേട്ടന്റെ മകൻ ജയനും ഏകദേശം സമപ്രായക്കാരാണ്. ആ ഒക്ടോബറിൽ ഭാമചേച്ചി രണ്ടാമതും ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. അമ്മ പ്രസവിച്ചു കിടന്ന സമയത്ത് ആനന്ദനെ നോക്കേണ്ട ജോലി പലപ്പോഴും എനിക്കായിരുന്നു. ഒട്ടും വാശിക്കാരനല്ലാത്ത അവനെ നോക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമായിരുന്നു. അമ്പലത്തിലേക്ക്, പച്ചക്കറി വാങ്ങിക്കാൻ കടകളിലേക്ക് തുടങ്ങി എന്തിനും ഏതിനും അവൻ പിന്നാലെ കൂടും. ആ പ്രായത്തിൽ വികൃതിയും വാശിയും  നാലാം വയസ്സിൻറെ നട്ടപ്പിരാന്തുമില്ലാത്ത  ഒരു കുട്ടി എന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്ഭുതം തന്നെയായിരുന്നു. അങ്ങിനെയുള്ള ഒരു ബാലന്റെ സംരക്ഷകനായി നടക്കാൻ ഞാനും ഏറെ ഇഷ്ടപ്പെട്ടു..


തുടരും...

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...