നമുക്ക് NCCയിൽ ചേർന്നാലോ? വിജയനാണ് ആ ചോദ്യം ചോദിച്ചത്. അച്ഛൻ പട്ടാളക്കാരനാണെങ്കിലും അത്തരം മോഹമൊന്നും പൊതുവെ ദുർബല ശരീരനായിരുന്ന എന്നിൽ വളർന്നിരുന്നില്ല. എന്നാലും വിജയൻറെ ആഗ്രഹത്തിന് വിലങ്ങു തടിയാവേണ്ട എന്ന് കരുതി ഞാനും ശരിയെന്ന് പറഞ്ഞു. NCCയിൽ ചേർന്നാൽ പരേഡ് ദിവസങ്ങളിൽ കിട്ടുന്ന ഭക്ഷ്യ വസ്തുക്കളെ പറ്റി കേട്ടിട്ടുണ്ട്. അതും ഇതിനൊരു പ്രേരണയായെന്നു വേണം പറയാൻ. സ്‌കൂൾ സമയം കഴിഞ്ഞാണ് ആളെ എടുക്കാനുള്ള പരേഡ് സംഘടിപ്പിച്ചിരിക്കുന്നത്. എത്തിയ കുട്ടികളെയെല്ലാം ഗ്രൗണ്ടിൽ ഒരു വരിയാക്കി നിർത്തിയപ്പോഴേക്കും ഏകദേശം നാലര ആയി. NCC മാഷ് നിന്നിരുന്നവരിൽ നിന്നും ആളും തരവും നോക്കി ചിലരെയൊക്കെ മാറ്റി നിർത്തി തുടങ്ങി. കൂട്ടിയിട്ട തേങ്ങകളിൽ നിന്നും ഒരു വിൽപ്പനക്കാരൻ പേടുകളെ മാറ്റുന്ന ലാഘവത്തോടെ മാഷ് ഞങ്ങളെയും തെരവുകളായി മാറ്റിയിട്ടു.. ഒടുവിൽ ഞങ്ങളോടായി പറഞ്ഞു, ഒരു രണ്ടു കൊല്ലം കഴിഞ്ഞ് വാ.. നോക്കാം. ഇപ്പൊ പൊക്കോ. അങ്ങിനെ ഞങ്ങൾ രണ്ടാളും ആ മോഹം ഉപേക്ഷിച്ച് വീട്ടിലേക്ക് ആഞ്ഞു പിടിച്ചു.
അടിയന്തരാവസ്ഥയുടെ ആദ്യ നാളുകൾക്കപ്പുറം ആരവങ്ങളും മറ്റും അടങ്ങിയപ്പോൾ സ്‌കൂൾ അദ്ധ്യയന ദിവസങ്ങൾക്ക് ക്രമം വന്നു. ഹെഡ്‌മാസ്റ്റർ ലാസർ സാർ വരാന്തകളിലൂടെ ഇടക്കിടക്ക് റോന്തു ചുറ്റി. അത് വരെ അദ്ദേഹത്തെ പേടിയില്ലാതിരുന്നവർക്ക് പോലും അദ്ദേഹത്തെ പേടിയായി തുടങ്ങി. ക്ലാസിൽ പാലക്കീഴ് മാഷ് തൻറെ വൈഭവത്താൽ പാഠഭാഗങ്ങൾ സരസമായി പഠിപ്പിച്ചു.
വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
എന്ന് ആദ്യ പേജിൽ തന്നെ എഴുതി വെച്ചിട്ടുള്ള പി കുഞ്ഞിരാമൻ നായർ എഴുതിയ, മഹാകവി ഉള്ളൂരിനെക്കുറിച്ചുള്ള ഉപപാഠ പുസ്തകം എടുക്കുന്ന പീരിയഡുകൾക്കായി കാത്തിരുന്ന നാളുകൾ. നിലക്കടലയും മിഠായിയുമായി ബാലമനസ്സുകളിലെ സാഹിത്യവാസനയെ ഉണർത്തുന്ന രചനാ ശൈലിയെ വെല്ലും വിധം അദ്ദേഹം അത് ഞങ്ങളിലേക്ക് പകർന്നു തന്നു.
ചർച്ചയിൽ മനുഷ്യനല്ല, മരമാവട്ടെ അദ്ധ്യക്ഷൻ, തണൽ വീശുന്ന പൂമരം, എന്ന് പറഞ്ഞപ്പോൾ നാലുപുറവും തട്ടികയിട്ട, വിശാലമായ പുറം കാഴ്ചകളിലേക്ക് എപ്പോൾ വേണമെങ്കിലും പറന്നിറങ്ങാവുന്ന ആ ക്ലാസ് മുറിയിൽ നിന്നും ഞങ്ങൾ സ്‌കൂൾ വളപ്പിലെ മുത്തശ്ശൻ മരങ്ങൾക്ക് കീഴെ മാഷ്ക്ക് ചുറ്റുമിരുന്ന് കഥകൾ കേൾക്കുന്നതായി സ്വപ്നം കണ്ടു…
ഇടക്കൊക്കെ ആ ക്ളാസുകളിൽ നിന്നും ഞങ്ങൾ വൈകുന്നേരങ്ങളിലെ അവസാന പീരിയഡുകളിൽ വിശാലമായ കളിക്കളത്തിലേക്ക്, ക്‌ളാസിലെ തണ്ടും തടിയുമുള്ള വലിയേട്ടന്മാരോടോത്ത് ഫുട്ബാൾ കളിക്കാനിറങ്ങി. എതിർ ടീമിലെ വലിയേട്ടന്മാരുടെ കാലിൽ നിന്നും പന്ത് തഞ്ചത്തിൽ തട്ടിപ്പറിക്കാൻ ടീമിലെ വലിയേട്ടന്മാർ ഞങ്ങൾ കുഞ്ഞന്മാരെ കരുക്കളാക്കി.
No comments:
Post a Comment