Tuesday, December 14, 2021

ഓർമ്മച്ചിത്രങ്ങൾ ( 41 )


പെരിന്തൽമണ്ണ സ്‌കൂളിലേക്കുള്ള അന്നത്തെ യാത്രയും നടന്നായിരുന്നു. രാവിലെ കുന്നപ്പള്ളിയിൽ നിന്നുമുള്ള ചുരുക്കം ബസുകളിൽ കയറിപ്പറ്റി പോവുന്നതിലും നല്ലത് നടന്ന് പോവുകയാണെന്ന് ഞാനും വിജയനും തീരുമാനിച്ചിരുന്നു. അങ്ങനെയാവുമ്പോൾ 10 പൈസ ലാഭവുമുണ്ട്. വൈകീട്ട് തിരിച്ചും നടന്നാൽ അത് 20 പൈസയാവും. ഒരാഴ്ച നടന്നു മിച്ചം വെച്ച പൈസ സ്‌കൂളിലെ സഞ്ചയിക അക്കൗണ്ടിൽ ഇട്ട് ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കുന്ന ശീലം അനുവർത്തിച്ചു വരുന്ന ദിനങ്ങൾ.

ആ ആഴ്ച മിച്ചം വന്ന പൈസ വെള്ളിയാഴ്ച ഉച്ചക്ക് സഞ്ചയികയിൽ നിക്ഷേപിച്ച് വൈകീട്ട് വിജയനുമൊത്ത് ചെറിയ രീതിയിൽ  ധനവാനായതിൽ  ഉല്ലാസഭരിതനായി ഞാനും വിജയനും എന്നത്തേയും പോലെ തിരിച്ചു കുന്നപ്പള്ളിക്ക് നടന്നു. കുംഭ  മാസത്തിലെ ഉച്ചച്ചൂടിൽ വെന്തു  പാകമായിക്കിടന്ന  ടാറിട്ട റോഡിലൂടെ ചെരിപ്പിടാതെ, റോഡിൽ കണ്ട കല്ലിൻ കഷ്ണങ്ങളെ തട്ടിക്കളിച്ചും സ്‌കൂൾ വിശേഷങ്ങൾ പങ്കുവെച്ചും ഞങ്ങൾ നടന്നു കുന്നപ്പളിയിലെത്തി.

കുന്നപ്പള്ളി വായനശാലയിലെ നെല്ലുകുത്ത് മില്ലിനു മുമ്പിൽ നിന്ന വള്ളി ഞങ്ങളെ കണ്ടതും "അച്ഛൻ മരത്തിമ്പിന്ന് വീണതറിഞ്ഞില്ലേ കുട്ടാ'  എന്ന ചോദ്യവുമായി റോട്ടിലേക്കിറങ്ങി വന്നു. ആ ചോദ്യത്തിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പായി ഞാനോർത്തത് അന്ന് രാവിലെ അച്ഛൻ എന്നെ ഏൽപ്പിച്ചിരുന്ന ജോലിയാണ്. പെരിന്തൽമണ്ണയിൽ നിന്നും ആടിന് പിണ്ണാക്ക് വാങ്ങിക്കാൻ ഏൽപ്പിച്ചത്. അത് ഞാൻ സാമാന്യം നന്നായി മറന്നു വന്നിരിക്കുന്നു. വള്ളി തുടരുകയാണ്. "അച്ഛനെ കോഴിക്കോട്ട് മെഡിക്കൽ കോളേജിൽക്ക് കൊണ്ടോയിരിക്കുണൂത്രെ".  വള്ളിക്ക് അതിൽ കൂടുതലൊന്നും അറിയില്ല.   രണ്ടു വർഷം മുമ്പ് അച്ഛൻ മരത്തിൽ നിന്നും വീണപ്പോൾ കൊണ്ട് പോയത് മലപ്പുറത്തെ ആശുപത്രിയിലേക്കാണ്, പക്ഷെ ഇതതേ പോലെയല്ല എന്നെനിക്ക് മനസ്സിലായി. മെഡിക്കൽ കോളേജിലേക്ക് ഹെഡ് ലൈറ്റ് ഇട്ട കാറുകൾ കത്തിച്ചു പായുന്നത് കണ്ടിട്ടുണ്ട്. സീരിയസാവണം. എത്രയും പെട്ടെന്ന് വീട്ടിലേക്കെത്തി വിവരങ്ങൾ  അറിയണം. പെരിന്തൽമണ്ണയിൽ നിന്നും വാങ്ങിവരാൻ മറന്ന കടലപ്പിണ്ണാക്ക് കുന്നപ്പള്ളിയിലെ പലചരക്ക് പീടികയിൽ നിന്നും വാങ്ങി വേഗം വീട്ടിലേക്ക് ഓടി.

വീട്ടിലെത്തിയ എന്നെക്കാത്ത് മുത്തശ്ശിയും ശിന്നക്കുട്ടി അമ്മായിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർക്കും ആശുപത്രിയിലേക്ക് കൊണ്ട് പോയതിനു ശേഷമുള്ള മറ്റു വിവരങ്ങൾ ഒന്നും അറിയില്ല. മുത്തശ്ശിയിൽ നിന്നും അമ്മായിയിൽ നിന്നും അതുവരെയുണ്ടായ സംഭവങ്ങളുടെ വിവരണം  വിവരമറിഞ്ഞെത്തിയവരോട്  പറയുന്നതിലൂടെ  സവിസ്തരം കേട്ടു..

രാവിലെ ഒരു പത്തര ആയപ്പോ ദേവകി ബലവാടീല്ക്ക് പോയി. കൊറച്ചു കഴിഞ്ഞപ്പോ എന്നോട് വന്ന് കഞ്ഞി വേണം എന്ന് പറഞ്ഞു വാങ്ങിക്കുടിച്ചു ആടിന് എല പൊട്ടിച്ചു കൊണ്ട് വരാം എന്ന് പറഞ്ഞ് പോയതാ.. പിന്നെ കേട്ടത്.. മുത്തശ്ശിക്ക് മുഴുവനാക്കാനായില്ല.


അമ്മായി തുടർന്നു .. അവടെ വന്ന് അമ്മാമനോട് ആടിന് കൊറച്ച് എല പൊട്ടിച്ചോട്ടെ എന്ന് ചോദിച്ചു.. അതിനെന്താ ചോദിക്കാനുള്ള്,  ഗോപാല ഷാരോടി.. എന്ന് അമ്മാമൻ ചോദിക്കേം ചെയ്തു. അങ്ങട്ട് പാടത്തിന്റെ വക്കത്തക്ക് പോണ് കണ്ടു. ഞങ്ങള് വിചാരിച്ചു എല പൊട്ടിച്ചു പോയിട്ടുണ്ടാവും ന്ന്.   പിന്നെ കണ്ടത് ഉച്ചക്ക് കൊറച്ച് പണിക്കാര് ഇട്ത്തും കൊണ്ട്   വരണതാണ്. ബോധം ണ്ടാർന്നില്ല്യ. പിന്നല്ലേ അറിയണത്‌.. താഴെ പാടത്ത് അരൂക്കൂടെ പോണ ചാലില് വീണ്  കെടക്കേരുന്നൂത്രേ..

എങ്ങിനെ വീണുവെന്നും, എന്താണ് കൃത്യമായി സംഭവിച്ചതെന്നതിനും ദൃക് സാക്ഷികളില്ലാതെ തെക്കേ പത്തായപ്പുരയിലെ കിഴക്കേ പാടത്തേക്ക് ചാഞ്ഞു നിൽക്കുന്ന ഒരു പനയുടെ താഴെയായി, ഏകദേശം ഒരാൾ താഴ്ചയിൽ പാടത്തിനരുകിലൂടെയുള്ള വെള്ളച്ചാലിൽ അദ്ദേഹം വീണു കിടക്കുകയായിരുന്നു. കുംഭമാസത്തിലെ വെയിലിൽ വറ്റി വരണ്ട് കിടന്ന ചാലിന്റെ ഉള്ളിലേക്ക് വീണത് കാരണം ദൂരെയുള്ള ആൾ നടപ്പുള്ള  വരമ്പിലൂടെ പോവുന്ന   ആരുടെയും കാഴ്ചയിലേക്ക് ആ കിടപ്പ് എത്തിയതുമില്ല.

സൂര്യൻ നട്ടുച്ചയോടടുത്തപ്പോൾ കന്നുകളെ അപ്പുറമുള്ള തോട്ടിൽ കഴുകിക്കൊണ്ട് വരുന്ന വഴി, കൂട്ടം തെറ്റി നീർച്ചാലിനടുത്തുള്ള പുല്ല് തേടി വന്ന കന്നിനെ കൂട്ടത്തിലേക്ക് തെളിച്ചു കൊണ്ടു വരാൻ പോയ ഒരു കുട്ടിയാണ്,  ചാലിൽ വായിൽ നുരയും പതയുമായൊരാൾ കിടക്കുന്നത് ആദ്യം കണ്ടത്. അവനത് തൊട്ട് മുമ്പിലുള്ള വീട്ടിൽ മതില് പണിഞ്ഞു നിന്നിരുന്ന പണിക്കാരോട് പറഞ്ഞു. അവർ വന്ന് നോക്കി ആളെ മനസ്സിലാവാതെ പോയി. കള്ളിമുണ്ടുടുത്ത ഏതോ ഒരാൾ എന്നതിനപ്പുറം അവരറിയുന്നവർ ആയിരുന്നില്ല ആ വീണു കിടന്നിരുന്നത്.

സമയം  പിന്നെയും കഴിഞ്ഞാണ് ഒരാൾ അത്  വന്ന് കാണുന്നതും. വെയിലത്ത് വീണു കിടന്നയാളെ തണലത്തേക്ക് എടുത്തു കൊണ്ട് പോയി കിടത്തണം എന്ന് തോന്നിയതും. അങ്ങിനെ തെക്കേ പത്തായപ്പുരയിലേക്കെത്തിച്ച അദ്ദേഹത്തെ ഭരതനുണ്ണി  അമ്മാമൻ തിരിച്ചറിയുകയും ഉടൻ ബലവാടിയിലായിരുന്ന അമ്മയെ ആളെ അയച്ചു വിളിച്ചുവരുത്തുവാൻ ഏർപ്പാടാക്കുകയും ചെയ്തുവത്രേ. 

പിന്നീടുളള വിദഗ്ദ്ധ പരിശോധനയിൽ പാടത്തിനരികിൽ നിന്ന  പനയിൽ പടർന്ന് കയറിയ ഒരു വള്ളിയിലെ ഇലകൾ വെട്ടാൻ കയറിയപ്പോൾ ഉണങ്ങി നിൽക്കുന്ന വള്ളി പൊട്ടി  താഴേക്ക് വീണതാണെന്ന് മനസ്സിലായി. വീഴ്ചയിൽ തലയുടെ പിൻഭാഗം വെള്ളച്ചാലിൻറെ വരമ്പിൽ തട്ടി മുറിഞ്ഞതായും മനസ്സിലായി. ആ വീഴ്ചയുടെ ആഘാതത്തിൽ തന്നെ ബോധം പോയിരിക്കണം.

പിറ്റേന്ന് രാവിലെ മെഡിക്കൽ കോളേജിൽ നിന്നും എത്തിയ അടുത്ത ബന്ധുക്കളിൽ  നിന്നും  അറിഞ്ഞു, തലച്ചോറിന് കാര്യമായ ക്ഷതമുണ്ട്.  മെഡുല ഒബ്ലാങ്കട്ടക്ക് ആണ്‌ കാര്യമായ പരിക്ക്. കുറച്ചധികം ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വരാം. ഇനിയും ബോധം വന്നിട്ടില്ല.

വീട്ടിൽ ആളുകൾ വന്നും പോയുമിരുന്ന, അനിശ്ചിതത്വങ്ങൾ നിറഞ്ഞ,  ഒരു ശനിയാഴ്ചക്ക് ശേഷം ഞായറാഴ്ച രാവിലെ അമ്മ മെഡിക്കൽ കോളേജിൽ നിന്നും തനിയെ എത്തി. 

“എല്ലാം കഴിഞ്ഞു അമ്മേ” എന്ന് മുത്തശ്ശിയോട് പറഞ്ഞ് വിങ്ങിപ്പൊട്ടിയ അമ്മയോടൊപ്പം എന്തു ചെയ്യണം, പറയണം എന്നറിയാതെ ഞാൻ തരിച്ചിരുന്നു. ഒപ്പം അനുജൻ ശശിയും ആറു വയസ്സുകാരി ശോഭയും എന്തു സംഭവിച്ചുവെന്നറിയാതെ അന്തം വിട്ടിരുന്നു തേങ്ങി. അന്നത്തെ വളരാത്ത മനസ്സിന്‌ കാര്യങ്ങളുടെ ഗൗരവം അറിയില്ലായിരുന്നു. ചുമതലകളെക്കുറിച്ചുള്ള ബോധമില്ലായ്മ ഭാഗ്യമായി. 

വൈകുന്നേരം വട്ടംകുളം ശ്രീധരേട്ടനും കുഞ്ഞനിയേട്ടനും ചന്ദ്രാലയം ഉണ്ണിയേട്ടനും പിന്നെ പേരറിയാത്ത പലരും ചേർന്ന് കൊണ്ടുവന്ന അച്ഛന്റെ ചേതനയറ്റ ശരീരം കണ്ടപ്പോഴായിരുന്നു പൊട്ടിക്കരഞ്ഞതും  നഷ്ടബോധം മനസ്സിനെ മഥിച്ചതും.

ആ സായാഹ്നത്തിൽ അച്ഛൻറെ ഭൗതിക ശരീരം ഞങ്ങളെ വിട്ട്  യാത്രയായി. പടിഞ്ഞാറെത്തൊടിയിലെ പേരമരച്ചുവട്ടിൽ അച്ഛന്‌ അന്ത്യവിശ്രമമൊരുക്കി…

തുടരും...

No comments: