Tuesday, December 14, 2021

ഓർമ്മച്ചിത്രങ്ങൾ ( 42)


അന്നത്തെ അവസ്ഥയിൽ ഞങ്ങളുടെ കുടുംബത്തിൽ  അച്ഛൻറെ മരണം സൃഷ്ടിച്ച ആഘാതം വളരെ വലുതായിരുന്നു. കുടുംബത്തിന്റെ ഏക വരുമാനക്കാരനാണ് ഒരു ദിവസം പെട്ടെന്ന് അമ്മയെയും സ്‌കൂൾ വിദ്യാർത്ഥികളായ ഞങ്ങൾ മൂന്നുപേരെയും തനിച്ചാക്കി യാത്രയാവേണ്ടി വന്നത്. ആ വഴി തീർച്ചയായും അദ്ദേഹം തിരഞ്ഞെടുത്തതല്ല. വിധി വൈപരീത്യം. ഇനി മുമ്പോട്ടുള്ള ജീവിതം എങ്ങിനെ ജീവിച്ചു തീർക്കുമെന്നതിനെ പറ്റിയറിയാതെ അമ്മ ഏറെ വ്യാകുലപ്പെട്ടിരിക്കണം. അടുത്ത  ദിവസങ്ങളിൽ  കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വരുന്നവരോടും പോകുന്നവരോടും എന്തു പറയണമെന്നറിയാതെ കുഴങ്ങിയ അമ്മയെ എങ്ങിനെ ആശ്വാസ വചനകളുമായി സാന്ത്വനിപ്പിക്കണം എന്നു പോലും അറിയാത്ത പ്രായത്തിൽ അമ്മക്ക് മുഖം കൊടുക്കാതെ നടക്കാൻ ശ്രമിച്ചു. ഇനിയുള്ള ജീവിതം ഇത് വരെ ജീവിച്ചു തീർത്തതിൽ നിന്നും ആകെ മാറി മറിയുമോ എന്നൊരു പേടി മാത്രമായിരുന്നു അന്നത്തെ എന്റെ മനസ്സിനെ അലട്ടിയിരുന്നത്.

അച്ഛന്റെ മരണാനന്തര കർമ്മങ്ങൾ അദ്ദേഹത്തിന്റെ തറവാടായ പരക്കാട്ട് പിഷാരത്ത് വെച്ചായിരുന്നു. അദ്ദേഹത്തിന്റെ ഏക സഹോദരിയും മറ്റു സഹോദരങ്ങളും ചേർന്ന് അത് അവിടെ വെച്ച് നടത്തി. 12 ദിവസം നീണ്ടു നിൽക്കുന്ന പ്രസ്തുത ചടങ്ങുകളിൽ പങ്കു ചേരേണ്ടതിനാൽ തന്നെ വർഷാവസാന പരീക്ഷയിലെ മൂന്നോ നാലോ പരീക്ഷകൾ മാത്രമേ എനിക്ക് എഴുതാനായുള്ളു. മറ്റു വിഷയങ്ങൾക്ക് അർദ്ധവാർഷിക പരീക്ഷയിലെ മാർക്ക് പ്രകാരം ഫലം നിർണ്ണയിക്കാമെന്ന് ഹെഡ്‌മാസ്റ്റർ ഉറപ്പ് തന്നു.

എല്ലാ വർഷവും കൊല്ല പരീക്ഷ കഴിഞ്ഞാൽ പരക്കാട്ടേക്ക് അവധി ആഘോഷിക്കാൻ പോവാറുള്ളതാണ്. ഇക്കുറി തൃശൂർ പൂരം കാണിച്ചു തരാൻ അച്ഛനും ഇല്ല. ഇത് മനസ്സിലാക്കിയ അച്ഛന്റെ സഹോദരി അമ്മിണി ഓപ്പോൾ എന്നെയും ശശിയേയും  ഒരു മാറ്റത്തിനായി അവരുടെ വീടായ തൃപ്രയാറിലേക്ക് കൊണ്ട് പോയി.

അച്ഛനോടൊപ്പം ഒട്ടു മിക്ക വെക്കേഷൻ കാലത്തും തൃപ്രയാറിലേക്ക് ഒന്നോ രണ്ടോ ദിവസത്തേക്ക് പോവാറുണ്ടെന്നാലും ഞങ്ങൾ അവധി അറിഞ്ഞാഘോഷിക്കുന്നത് പരക്കാട്ടാണ്. അത് കൊണ്ട് തന്നെ ആദ്യമൊക്കെ ചെറിയൊരു വിഷമം തോന്നിയെങ്കിലും പിന്നീട് അവിടത്തെ സമപ്രായക്കാരായ അവരുടെ മക്കളുമൊപ്പം ചേർന്ന് കളികളും മറ്റുമായി കൂടി.

തൃപ്രയാറിലെ അക്കൊല്ലത്തെ വെക്കേഷൻ കുട്ടികളെക്കൊണ്ട് നിറഞ്ഞതായിരുന്നു. കാറളത്തു നിന്നും രാഘവമ്മാവന്റെ ഏട്ടൻ നാരായണമ്മാവന്റെ മക്കളായ ഭരതൻ കുട്ടിയേട്ടനും, ഹരിയും, പിന്നെ മദ്രാസിൽ നിന്നും രാഘവമ്മാവന്റെ സുഹൃത്തിന്റെ മക്കളായ രാജാരാമൻ, പതി തുടങ്ങിയവരും ചേർന്ന് പത്ത് പന്ത്രണ്ട് കുട്ടികൾ. രാവിലെയും വൈകീട്ടും  നന്ദേട്ടന്റെ നേതൃത്വത്തിൽ പുത്തൻ കുളത്തിൽ  പോയി മണിക്കൂറുകളോളം നീളുന്ന  നീന്തിക്കുളി. രണ്ടു നേരവും ശ്രീരാമ ദർശനം. ഉച്ച സമയങ്ങളിൽ അയൽപക്കങ്ങളിലെ അനേകം കുട്ടികളോടൊപ്പം   വിവിധ കളികൾ. വിശക്കുമ്പോൾ  ഇഷ്ടം പോലെ   വെള്ള മൂവാണ്ടൻ, നാടൻ മാങ്ങകൾ, ചക്ക, ഞാവൽപ്പഴം  എന്നിവ തിന്ന് വയറു നിറക്കൽ. തൽക്കാലം ഒരു മാസത്തേക്കെങ്കിലും ഞങ്ങൾ അച്ഛന്റെ വിയോഗ ദുഃഖം  മറന്നു.

പരീക്ഷാ ഫലം വരുന്ന  സമയമായപ്പോഴേക്കും തിരിച്ച് പെരിന്തൽമണ്ണയിലേക്ക് തന്നെ പോവാൻ ധൃതിയായി. അമ്മയും ചെറിയ പെങ്ങളും മുത്തശ്ശിയും തനിയെ ആണ്. 

"ഇനി നീ ഇവിടെ നിന്ന് പഠിച്ചോ", അച്ചൻ പെങ്ങൾ അമ്മിണി ഓപ്പോൾ പറഞ്ഞു. വെക്കേഷൻ കാലത്ത് അച്ഛനെയും അമ്മയെയും വിട്ട് മറ്റിടങ്ങളിൽ പോയി നിൽക്കാറുണ്ടെന്നാലും  സ്ഥിരം അമ്മയെ വിട്ട് വേറൊരിടത്തു, അതും അച്ഛൻ കൂടി ഇല്ലാതായ അവസ്ഥയിൽ എനിക്ക് ചിന്തിക്കാൻ കൂടി പറ്റുന്ന ഒന്നായിരുന്നില്ല. 

"അമ്മ തന്നെ അല്ലെ ഉള്ളൂ. ഞാൻ അവ്ടെ നിന്ന് പഠിച്ചോളാം"..എന്ന് പറഞ്ഞു ഞാൻ പോന്നു. അമ്മയെ വിട്ടിരിക്കുക എന്നതിനപ്പുറം പെരിന്തൽമണ്ണ സ്‌കൂൾ, അവിടത്തെ കൂട്ടുകാർ, ആ അന്തരീക്ഷം. അവയൊക്കെ വിട്ടുള്ളൊരു സാഹചര്യത്തെ ഉൾക്കൊള്ളാൻ എന്ത് കൊണ്ടോ ആയില്ല. ചെറുകരെക്ക് തിരിച്ചെത്തി. ഹെഡ്മാസ്റ്റർ തന്ന  ഉറപ്പ് പോലെ ഞാൻ  വിജയിച്ചു ഒമ്പതാം ക്‌ളാസിലേക്ക് എത്തി.

മിലിട്ടറി സർവീസിനപ്പുറം കേരളസർക്കാർ ജീവനക്കാരനായിട്ട് മൂന്നു വർഷം മാത്രമായിരുന്ന അച്ഛൻറെ  സർവീസ് വെച്ച് ആശ്രിതർക്ക് ഒരു ജോലിയോ പെൻഷനോ  ലഭിക്കാനുള്ള സാഹചര്യം അന്നത്തെ വ്യവസ്ഥിതിയിൽ ഉണ്ടായിരുന്നില്ല. എന്നാലും കുന്നപ്പള്ളി രാഘവമ്മാവൻ കുടുംബത്തിന്റെ അന്നത്തെ സാഹചര്യമെല്ലാം കാണിച്ച് അമ്മക്ക് ഒരു ജോലി തരപ്പെടുത്താൻ  വേണ്ട ശ്രമങ്ങൾ നടത്തിയെന്നാലും സർക്കാറിൽ നിന്നും അനുകൂലമായ ഒരു മറുപടിയല്ല ലഭിച്ചത്. പിന്നെയുള്ള ഏക ആശ്രയം മിലിട്ടറിയിൽ നിന്നും ലഭിക്കാവുന്ന ഫാമിലി പെൻഷൻ മാത്രമായിരുന്നു. അതാകട്ടെ വളരെ ചെറിയ തുകയും. 

സ്‌കൂൾ തുറക്കാൻ ഏകദേശം ഒരാഴ്ച  ബാക്കിയുള്ളപ്പോളാണ് അച്ഛന്റെ ജേഷ്ഠന്മാരിലൊരാളായ  കൃഷ്ണവല്യച്ഛൻ എന്നെ തൃപ്രയാർക്ക് കൊണ്ടുപോവുക എന്ന ദൗത്യവുമായി  ചെറുകരെക്ക് വരുന്നത്. 

വല്യച്ഛൻ അമ്മയോടായി പറഞ്ഞു. "അമ്മിണി ഇവനെ അവടെ പഠിപ്പിക്കാം എന്ന് പറയുന്നു". മാസോം മാസോം സഹായിക്കാനൊന്നും ആർക്കും പറ്റില്യാ എന്നറിയാലോ. അപ്പൊ ഇങ്ങനെ ഒരു സഹായം അമ്മിണി പറയുമ്പോ വേണ്ടാന്ന്  പറയരുത്".

കണ്ണുകൾ നിറച്ചു,  മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു കൊണ്ട്  അമ്മ ഉമ്മറത്തു നിന്നും അടുക്കളയിലേക്ക് പിൻവാങ്ങി. അമ്മയെ പിന്തുടർന്ന ഞാൻ ആ തീരുമാനത്തെ എങ്ങിനെ സ്വീകരിക്കണം എന്നറിയാതെ കുഴങ്ങി. പറ്റില്ലെന്ന് പറഞ്ഞാൽ വിഷമിച്ച് നിൽക്കുന്ന  അമ്മക്ക് വീണ്ടും  വിഷമമാകും. വല്യച്ഛനോട് മറുത്തു പറയാൻ അമ്മക്കാവില്ലെന്നറിയാമായിരുന്ന ഞാൻ വിഷമം മനസ്സിലൊതുക്കി,  "സാരല്യ, ഞാൻ തൃപ്രയാറ് നിന്ന് പഠിച്ചോളാം" എന്ന് പറഞ്ഞു അമ്മയെ ആ സങ്കടക്കടലിൽ നിന്നും  തൽക്കാലം രക്ഷപ്പെടുത്തി. 

നാമൊരിക്കലും നിനച്ചിരിക്കാതെയുള്ള സമയത്തായിരിക്കും വിധി നമ്മെ ചില വേറിട്ട  വഴിത്തിരിവുകളിലേക്ക്  നയിക്കുന്നത്. അത്തരമൊരു നിയോഗം ഏറ്റെടുത്തു കൊണ്ട് പെരിന്തൽമണ്ണ സ്‌കൂളിൽ നിന്നും ടി സി വാങ്ങി, കൂട്ടുകാരോടൊന്നും യാത്ര പറയാതെ, ഞാൻ കൃഷ്ണവല്യച്ഛനോടോപ്പം തൃപ്രയാറിലേക്ക് യാത്രയായി..

തുടരും...

No comments:

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാര...