Friday, December 3, 2021

ഓർമ്മച്ചിത്രങ്ങൾ ( 39)

പെരിന്തൽമണ്ണ ഹൈസ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഡിവിഷനുകളായിരുന്നു ഉണ്ടായിരുന്നത്. ഏഴുവരെ ഇരുകൂട്ടരും ഒരുമിച്ചിരുന്നു പഠിച്ചതിൽ നിന്നും ഒരു വ്യത്യസ്‍തനുഭവം. ക്‌ളാസിലെ ട്രൗസറിട്ടു വരുന്നവരേക്കാൾ കൂടുതൽ അംഗബലം മുണ്ടുടുത്തു വരുന്നവർക്കായിരുന്നു അന്ന്.  ലാസ്റ്റ് ബഞ്ചിലിരുന്ന ചില വലിയേട്ടന്മാർ ട്രൗസറുകരായ സുന്ദരന്മാരെ ചില പ്രലോഭനങ്ങൾ നൽകി അടുത്തു വിളിച്ചിരുത്തുന്ന കലാപരിപാടി കളുമുണ്ടായിരുന്നു അന്ന്. ഇതെന്തിനെന്നും ഏതിനെന്നും അറിയാത്ത പാവത്താന്മാർ അവരുടെ തലോടലിന്റെ ഇരയാവാറുണ്ട്. പൊതുവെ കൃശഗാത്രനായതിനാൽ ഞാൻ അവരുടെ വലയിൽപ്പെടാതെ രക്ഷപ്പെട്ടു പോന്നിരുന്നു.

പക്ഷെ, ആത്യന്തികമായി ഇതെന്തിനെന്നും ഏതിനെന്നും വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നില്ല. ആയിടക്കാണ് ഒരു ബന്ധുവീട്ടിലെ അടിയന്തരത്തിന്  പങ്കെടുക്കാനിടവന്നത്. അന്നത്തെ നാട്ടാചാരമനുസരിച്ച്    തലേദിവസം വൈകുന്നേരം  തന്നെ ബന്ധുവീട്ടിലെത്തി.  ചെന്നിടം വലിയ കൂട്ടുകുടുംബമായതിനാൽ പിണ്ഡം വെക്കേണ്ടവരും സദ്യക്കും മറ്റൊരുക്കങ്ങൾക്കുമായി അടുത്ത  ബന്ധുക്കളും  അനവധി എത്തിയിട്ടുണ്ട്.  

പെട്രോമാക്സിന്റെ വെള്ളിവെളിച്ചത്തിൽ രാത്രിയൂണു കഴിഞ്ഞു. വീടിനു പുറകിൽ പന്തലിട്ടാണ് അടിയന്തിര ദിവസത്തേക്കുള്ള സദ്യക്കുള്ള ഒരുക്കങ്ങൾ നടക്കുന്നത്. പല തരത്തിൽ കഷ്ണങ്ങൾ നറുക്കുന്നു, ഇടിക്കുന്നു, പൊടിക്കുന്നു, വറുക്കുന്നു, അങ്ങിനെ ആകെ ബഹളമയം. 

എട്ടുമണിയാവുമ്പോഴേക്കും ഉറങ്ങാറുള്ള എനിക്ക് ഒമ്പത് പത്ത് മണിക്കപ്പുറം പിടിച്ചു നിൽക്കാനായില്ല. എൻറെ അവസ്ഥ മനസ്സിലാക്കിയ, പണിയെടുക്കുന്നതിനേക്കാൾ  വർത്തമാനത്തിൽ മാത്രം മിടുക്കുള്ള   ഒരു ബന്ധു അങ്ങിനെ എന്നെയും മറ്റു കുട്ടികളെയും തൊട്ടടുത്ത പത്തായപ്പുരയിലേക്ക് ഉറങ്ങാൻ ക്ഷണിച്ചു. ഒന്ന് തല ചായ്ക്കാൻ പായ അന്വേഷിച്ചവന് അതില്പരം സന്തോഷം എന്തുണ്ട്.. ക്ഷണിച്ചു കൊണ്ട് പോയ ബന്ധു അദ്ദേഹത്തിന്റെ അടുത്തായി എനിക്കും ഒരു സ്ഥലം തരപ്പെടുത്തി തന്നു.

പായ കാണേണ്ട താമസം, ഞാൻ നിദ്രാദേവിയെ പുൽകി, സ്വപ്നലോകത്തേക്ക്  സഞ്ചാരം തുടങ്ങി.  നാളത്തെ പ്രഥമനിലേക്കും മറ്റു സദ്യവട്ടങ്ങളിലേക്കും നീളുന്ന സ്വപ്നദൃശ്യങ്ങൾക്കിടയിലെപ്പോഴോ ദൃശ്യങ്ങൾക്കൊരു വ്യതിയാനം സംഭവിക്കുന്നു.. അതാ എന്റെ ദേഹത്തു കൂടി ഒരു പാമ്പ് ഇഴയുന്നു. എന്തൊക്കെ ചെയ്തിട്ടും എനിക്ക് ഒച്ച വെച്ച് കരയാനോ, ആ പാമ്പിനെ ദേഹത്തു നിന്നും കുടഞ്ഞ് മാറ്റാനോ ഒന്നുമാവാതെ, എന്തു ചെയ്യണമെന്നറിയാതെയുള്ള നിമിഷങ്ങൾ.. എല്ലാ പേടി സ്വപ്നങ്ങളെയും പോലെ, പെട്ടെന്നാണ് സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നത്. അതോടെ എന്റെ ദേഹത്തിൽ ഇഴഞ്ഞ പാമ്പ് പെട്ടെന്ന് പിൻ വലിഞ്ഞു.  അടുത്തു കിടന്ന ബന്ധു എന്റെ കരച്ചിൽ കണ്ടിട്ടാവണം, സമാശ്വസിപ്പിക്കാനായി എന്തു പറ്റിയെന്ന് ചോദിച്ചു.. ഒന്നുമില്ല, ഒരു പേടിസ്വപ്നം കണ്ടതാണെന്ന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. എന്തോ എന്റെ ദേഹത്തുകൂടെ ഇഴഞ്ഞിട്ടുണ്ട്. പക്ഷെ അതെന്തെന്ന് വ്യക്തമല്ല. അമ്മയും മറ്റും അപ്പുറത്തെ പ്രധാന തറവാട്ടുപുരക്കകത്താണ് ഉറങ്ങുന്നത്. ഇരുട്ടിൽ  അവിടേക്ക് ഓടിപ്പോവാൻ നിർവ്വാഹമില്ല. അത് കൊണ്ട് തന്നെ ശബ്ദമുണ്ടാക്കാതെ, ഭയത്തോടെ  ഞാൻ വീണ്ടും ഉറങ്ങാനായി കിടന്നു. പക്ഷെ പേടിസ്വപ്നം എന്റെ നിദ്രയെ തട്ടിയെടുത്തിരുന്നു. ഉറക്കം നടിച്ചു കുറേനേരം കിടന്നു. വീണ്ടും എന്തോ എന്റെ ദേഹത്തു ഇഴയാൻ തുടങ്ങിയിരിക്കുന്നു. പതുക്കെ കണ്ണ് തുറന്നു നോക്കിയപ്പോൾ തൊട്ടടുത്തു കിടന്ന ബന്ധുവിൻറെ കൈകൾ അദ്ദേഹത്തിന് വേണ്ടിടത്തും, എനിക്ക് വേണ്ടാത്തിടത്തുമായി ഇഴയുന്നു. അതെനിക്കൊരു വലിയ ഷോക്കായിരുന്നു. ഞാൻ ഉറങ്ങിയില്ലെന്ന് സ്വല്പം ധിക്കാരത്തോടെ അദ്ദേഹത്ത ബോദ്ധ്യപ്പെടുത്തിയപ്പോൾ അദ്ദേഹം തന്റെ കലാപരിപാടിക്ക് വിരാമമിട്ടു. 

ബാലമനസ്സുകളിൽ  ഇവർ നൽകുന്ന ആഘാതം എത്ര വലുതാണ് എന്ന് പലപ്പോഴും ഇത്തരക്കാർ അറിയുന്നില്ല. അന്നത്തെ മനോധൈര്യമില്ലായ്മ അക്കാര്യം മറ്റാരോടും  പറയാതെ എന്നിലേക്ക് മാത്രമൊതുക്കി. വളരെയേറെക്കാലം ആ സംഭവം ഒരു സർപ്പഭയം പോലെ  എൻറെ ഓർമ്മകൾക്ക് മേൽ ഇഴഞ്ഞു നടന്നെന്നെ ഭയപ്പെടുത്തിയിരുന്നു. പിന്നീടൊരിക്കലും ജീവിതത്തിൽ ആ വ്യക്തിയോട് മനസ്സ് തുറന്നൊന്ന് സംസാരിക്കാനോ ചിരിക്കാനോ എനിക്കായിട്ടില്ല എന്നത് സത്യം മാത്രം. 

ആൺ പെൺ വ്യത്യാസമില്ലാതെ നമ്മുടെ സമൂഹത്തിൽ പണ്ടുമുതലേ ഇത്തരം അതിക്രമങ്ങൾ നടക്കുന്നുണ്ട്. പലപ്പോഴും പ്രായത്തിന്റെ പക്വതയില്ലായ്മയും ധൈര്യക്കുറവും കാരണം  ഇതൊന്നും പുറം ലോകത്തോട് വിളിച്ചു പറയാൻ അവർക്കാവാറില്ല. 

 തുടരും....


No comments:

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാര...