പെരിന്തൽമണ്ണ സ്‌കൂൾ പഠനത്തിലെ ആദ്യ അരക്കൊല്ലപ്പരീക്ഷ എന്നെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായിരുന്നു. പാലക്കീഴ് മാഷുടെ മലയാളത്തിനപ്പുറം(മാഷ് കഴിഞ്ഞയാഴ്‌ച നമ്മെ വിട്ടുപിരിഞ്ഞുവെന്ന വാർത്ത ദുഃഖത്തോടെ അറിയുകയുണ്ടായി) വാരിയർ മാഷുടെ ഹിന്ദിയും മറ്റു വിഷയങ്ങളോരോന്നും ഞാൻ ശ്രദ്ധയോടെ പഠിച്ചു, നന്നായി പരീക്ഷയെഴുതി. ആ വർഷം എനിക്ക് പോലും വിശ്വസിക്കാനാവാത്ത മറ്റൊരത്ഭുതം സംഭവിച്ചു. അരക്കൊല്ലപ്പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിൽ എട്ടാം തരത്തിൽ ഞാൻ സ്‌കൂൾ ഫസ്റ്റും, കൂട്ടുകാരൻ സി വി ശശികുമാർ സെക്കൻഡും ആയി എന്ന വാർത്ത ആയിരുന്നു അത്. എട്ടോളം ഡിവിഷനുകളുള്ള ആ മഹാവിദ്യാലയത്തിൽ നിന്നും ഏറ്റവും പഠിക്കുന്ന വിദ്യാർത്ഥിയെന്ന ഖ്യാതി എന്നെത്തേടി വരുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല. ഈ രണ്ടു നേട്ടങ്ങളും പാലക്കീഴ് മാഷുടെ 8-D ക്ക് നേടിക്കൊടുത്തതിൽ അദ്ദേഹത്തിനു ഞങ്ങളോടുള്ള പ്രത്യേക വാത്സല്യം അദ്ദേഹത്തിന്റെ പിന്നീടുള്ള പെരുമാറ്റത്തിൽ പ്രകടമായിരുന്നു.
ആ വർഷം ഫെബ്രുവരി മാസാന്ത്യത്തിലെ ശനിയാഴ്ച നടന്ന പി ടി എ മീറ്റിംഗിൽ വെച്ചാണ് സമ്മാനദാനം ഉണ്ടായത്. ഒന്നാം സമ്മാനക്കാരനായ എനിക്ക് എ. ശ്രീധരമേനോൻ രചിച്ച കേരള ചരിത്രമെന്ന തടിച്ച പുസ്തകവും, സി വി ശശിക്ക് ലോകചരിത്രമെന്ന കാഴ്ചയിൽ ചെറിയൊരു പുസ്തകവും ആണ് സമ്മാനമായി കിട്ടിയത്. പഠന മികവിന് ലഭിച്ച രണ്ടാമത്തെയും(ആദ്യ സമ്മാനം മൂന്നാം തരത്തിൽ വെച്ച്) ഒടുവിലത്തേയും സമ്മാനമായിരുന്നു അത്. അത് കൊണ്ട് തന്നെ അതിനെ അമൂല്യമായി ഇന്നും ഞാൻ കരുതുന്നു.
അച്ഛന് കേരള സർക്കാർ ജോലിയുണ്ടെന്നതിന്റെ കൂടെ തുച്ഛമായ മിലിറ്ററി പെൻഷൻ കൂടി ലഭിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് അത് ലഭിച്ചിരുന്നത് തൃശൂരിൽ നിന്നുമായിരുന്നു. ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഒരിക്കൽ കോളേജിൽ നിന്നും ഒന്നോ രണ്ടോ ദിവസത്തെ ലീവെടുത്തു പാലക്കാട്ട് നിന്നും തൃശൂരിൽ പോയി പെൻഷൻ വാങ്ങി വരികയാണ് പതിവ്.
അങ്ങിനെ 1976ലെ മാർച്ച് മാസത്തിലെ ആദ്യ വാരത്തിൽ, നാലാം തിയതി വ്യാഴാഴ്ച്ച അദ്ദേഹം പാലക്കാട്ട് നിന്നും തൃശൂരിലെത്തി പെൻഷൻ വാങ്ങി സന്ധ്യയോടെ കണ്ണനിവാസിലെത്തി. ഒന്നാം സമ്മാനമായിക്കിട്ടിയ കേരളചരിത്രം അച്ഛനെ കാണിച്ചു കൊടുത്തു. പുസ്തകം മറിച്ചു നോക്കി, പ്രത്യേകിച്ച് അഭിനന്ദന വാക്കുകളൊന്നും പറഞ്ഞില്ല. അതൊന്നും അന്നത്തെ രീതിയല്ല. കെട്ടിലും മട്ടിലും മികച്ച ആ തടിച്ച പുസ്തകം അച്ഛന് ഇഷ്ടപ്പെട്ടുവെന്ന് മുഖഭാവത്തിൽ നിന്നും ഊഹിച്ചെടുത്തു. മടിയിലേക്ക് ഓടിക്കയറിയ അഞ്ചു വയസ്സുള്ള ഇളയമകളെ മടിയിൽ കിടത്തി അദ്ദേഹം ചാരുകസേലയിൽ പൂമുഖത്തു ഇരുന്നു അമ്മയോടായി പറഞ്ഞു. “എന്താണെന്നറിയില്ല, ഈയിടെയായി ഉറക്കം മതിയാവുന്നില്ല”. അതിന് അമ്മയെന്ത് ഉത്തരം പറഞ്ഞുവെന്ന് ഓർമ്മയില്ല. അന്ന് അച്ഛനും ഞങ്ങൾക്കൊപ്പം നേരത്തെ കിടന്നു.
അടുത്ത പ്രഭാതത്തിൽ എന്നത്തേയും പോലെ 8 മണിയോടെ സ്‌കൂളിലേക്ക് പുറപ്പെട്ടു പടിക്കലെത്തിയ എന്നെ അച്ഛൻ എന്തോ ആവശ്യത്തിനായി തിരിച്ചു വിളിച്ചു. ആടിനുള്ള കടലപ്പിണ്ണാക്ക് വാങ്ങുവാനുള്ള സഞ്ചിയും പൈസയും തന്ന് അദ്ദേഹം എന്നെ യാത്രയാക്കി.
അത് ജീവിതത്തിലെ അച്ഛനുമായുള്ള അവസാന കൂടിക്കാഴ്ചയാവുമെന്നോ ചുമതലകളുടെ ഭാരമുള്ള വലിയൊരു സഞ്ചിയാണ് അന്ന് അച്ഛൻ എന്നെ ഏല്പ്പിച്ചതെന്നോ അറിയാതെ ഇടവഴികൾ താണ്ടി റോഡിനെയും നാലു മയിലപ്പുറമുള്ള സ്‌കൂളിനെയും ലക്ഷ്യമാക്കി ഞാൻ യാത്രയായി...
തുടരും....
No comments:
Post a Comment