കമ്പിളികണ്ടത്തെ കൽഭരണികൾ മിനിഞ്ഞാന്ന് വൈകുന്നേരമാണ് മുംബൈയിലെ പുസ്തകവില്പനക്കാരനും പുത്തൻ പുസ്തകങ്ങളുടെ ലൈബ്രറിയുമായ രാമദാസ് എത്തിച്ചു തന്നത്. കിട്ടിയ വഴി അതിന്റെ പ്രവേശികയും മുഖവുരയും അവതാരികയും വായിച്ചു വെച്ച് ഉള്ളടക്കം ഒറ്റയിരിപ്പിന് വായിക്കണമെന്ന് കരുതി ഇന്നലേക്ക് മാറ്റിവെച്ചു. ഇന്നലെ രാവിലെ 10 മണിക്ക് കയ്യിലെടുത്ത പുസ്തകം 5 മണിയായപ്പോഴേക്കും വായന തീർന്നിരുന്നു. ഇത്രയും വേഗത്തിൽ 200പേജുകളുള്ള ഒരു പുസ്‌തകം ഞാൻ വായിച്ചു തീർത്തിട്ടുണ്ടോ എന്ന് എനിക്ക് തന്നെ അറിയില്ല. ഇതിന് മുമ്പ് ജീവിതപ്പാത 3 ദിവസം കൊണ്ട് തീർത്തിട്ടുണ്ട്.
ഇത്രത്തോളം ഹൃദയസ്പർശിയായ ഒരു ഓർമ്മക്കുറിപ്പുകൾ മുമ്പ് വായിച്ചതായി ഓർക്കുന്നില്ല. പല ഭാഗങ്ങളും വിതുമ്പിക്കൊണ്ടും കണ്ണീരണിഞ്ഞുമാണ് വായിച്ചു പോയത്. വായിച്ചു പോകുമ്പോൾ പലപ്പോഴും അതിലെ ബാബുവിലേക്ക് നമ്മൾ പരകായ പ്രവേശം ചെയ്യും. ഭൂമിശാസ്ത്രപരമായും സാമൂഹ്യവസ്ഥിതി വെച്ചും എന്റെ ബാല്യകാല പരിസരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഭൂമികയിലാണ് ബാബു ജീവിക്കുന്നത്. പക്ഷെ ആ ഭൂമികയോരോന്നും നമ്മുടേത് കൂടിയാണെന്ന് തോന്നും വിധമാണ് ആഖ്യാനം. ആ അനുഭവങ്ങളോരോന്നും നമ്മളനുഭവിച്ചു തീർക്കുകയാണെന്ന് തോന്നും പടിയാണ് അവയെഴുതിയിരിക്കുന്നത്.
1976ലെ മാർച്ച് 6നാണ് എന്റെ അച്ഛൻ ഞങ്ങളെ തനിച്ചാക്കി യാത്രയായത്. ബാബു വിവരിക്കുന്ന കാലഘട്ടത്തിനും ഒരു പതിറ്റാണ്ട് മുമ്പ്. അത് കൊണ്ട് തന്നെ അച്ഛനില്ലാത്ത ഒരു കുടുംബത്തിന്റെ അക്കാലത്തെ അവസ്ഥ എന്തായിരിക്കാമെന്ന് പരിപൂർണ്ണ ബോധ്യമുണ്ടെനിക്ക്. ഭാഗ്യത്തിന് ബാബുവിനെപ്പോലെയുള്ള ഒരവസ്ഥയിലൂടെ എനിക്കോ സഹോദരങ്ങൾക്കോ കടന്നു പോകേണ്ടി വന്നില്ല. പിതൃസഹോദരി എന്റെ വിദ്യാഭ്യാസം ഏറ്റെടുത്തതിനാലും അമ്മക്ക് കിട്ടിയിരുന്ന വളരെ തുച്ഛമായ ഫാമിലി പെൻഷനും കൊണ്ട് വിദ്യാഭ്യാസ കാലഘട്ടം കടന്നു കൂടുവാൻ സാധിച്ചു.
കമ്പിളികണ്ടത്തെ കൽഭരണികൾ വായിക്കുമ്പോൾ പക്ഷെ, ഓരോ നിമിഷവും നന്ദികുന്നേൽ മേരി എന്ന സ്ത്രീയും നാലു മക്കളും ചേർന്ന് നടത്തിയ അതിജീവനത്തിന്റെയും വ്യവസ്ഥിതിയോടുള്ള സമരങ്ങളുടെയും കഥ നമ്മെ അത്ഭുതപ്പെടുത്തും, നൊമ്പരപ്പെടുത്തും, നമുക്കാകാതെ പോയതാണല്ലോ ആ കുടുംബം കൈവരിച്ചതെന്നോർത്ത് അതിശയപ്പെടും.
ഇല്ലായ്മയിലും വല്ലായ്മയിലും ജീവിച്ചു മുന്നേറിയ ബാബു പത്താം തരത്തിൽ പാസായത് രണ്ടാം ക്‌ളാസുകാരനായി. അതിൽ തന്നെ ഇംഗ്ലീഷിന് മാർക്ക് 40%മാത്രം. അവിടന്നങ്ങോട്ട് പിന്നെ പ്രീഡിഗ്രിക്ക് ഒന്നാം റാങ്ക്. എം എ ക്ക് മൂന്നാം റാങ്ക്. കഥകളിലും സിനിമകളിലും മാത്രം നാം കണ്ടിട്ടുള്ള മുഹൂർത്തങ്ങൾ.
അദ്ദേഹം കാലങ്ങളോളം മനസ്സിന്റെ കൽഭരണികളിൽ അടച്ചുവെച്ച് രൂപാന്തരീകരണം നടത്തിയ അനുഭവക്കുറിപ്പുകൾക്ക് കൽഭരണികളിലെ പഴകിയ വീഞ്ഞിനേക്കാൾ വീര്യമുണ്ട്, അനുവാചകഹൃദയദ്രവീകരണ ശക്തിയുണ്ട്.
ഇതിൽ അമ്മ, മേരി പറയുന്ന ഒരു വാചകമുണ്ട്. ചുറ്റും വെള്ളം പൊങ്ങുമ്പോൾ നീന്തൽ വശമില്ലെങ്കിൽ പോലും അലമുറയിടാതെ, അവിടവിടെ പൊങ്ങിക്കിടക്കുന്ന മരക്കഷണങ്ങളിൽ പിടിച്ചു കയറി വെള്ളത്തിൽ പൊങ്ങിക്കിടക്കണം. എന്നിട്ട് അവ ചേർത്ത് കാട്ടുവള്ളികൾ കൂട്ടിക്കെട്ടിയൊരു ചങ്ങാടമുണ്ടാക്കണം. ഒടുവിൽ കര പറ്റിക്കഴിഞ്ഞാൽ ആ ചങ്ങാടത്തെ വീണ്ടും ഒഴുക്കിലേക്ക് തള്ളി വിടണം, അത് മുങ്ങിപ്പോകുന്ന വേറെ ആർക്കെങ്കിലും ഉപകരിക്കണം.
ഈ പുസ്തകവും ബാബുവിന്റെ അമ്മ പറയുംപോലെ ഒരു ചങ്ങാടമാണ്. ഓരോ ചങ്ങാടങ്ങളും ഉണ്ടാക്കുന്നവരുടെ ഉപയോഗ ശേഷം മറ്റുള്ളവർക്ക് കൂടി ഉപയോഗപ്രദമായിരിക്കണം.
അതിന്റെ സാക്ഷ്യപത്രമാണ് ഞാൻ വാങ്ങിയ 55ആം പതിപ്പ്.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ