Sunday, December 19, 2021

ഓർമ്മച്ചിത്രങ്ങൾ ( 43)


കൃഷ്ണവല്യച്ഛനോടോപ്പം തൃപ്രയാറിലെത്തിയ എനിക്ക് അച്ഛൻ പെങ്ങൾ അമ്മിണി ഓപ്പോളിൽ നിന്നും സമപ്രായക്കാരായ മക്കളിൽ നിന്നും സ്നേഹോഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്.


തൃപ്രയാറിലേക്കുള്ള യാത്രയിൽ ബസിൽ ഇരുന്നാണ്  ഞാൻ അറിയാതെ  പൊട്ടിക്കരഞ്ഞത്.    അച്ഛൻ വിട്ടു പോയ ദിനങ്ങളിൽ പോലും അത്ര സങ്കടം എനിക്ക് അനുഭവപ്പെട്ടിരുന്നില്ലെന്നതാണ് വാസ്തവം. ഞാൻ വളർന്ന ചുറ്റുപാടുകൾ, സ്‌കൂൾ, കൂട്ടുകാർ അങ്ങിനെ പലതിനെയും പിന്നിലാക്കി  മറ്റൊരന്തരീക്ഷത്തിലേക്ക് പറിച്ചു നടുകയാണ്. അത് ഓർക്കുന്തോറും വിങ്ങൽ കൂടി വന്നു. മറ്റുള്ളവരെ അത് കാണിക്കാതിരിക്കാൻ വല്ലാതെ പാടുപെടേണ്ടി വന്നു.


തൃപ്രയാറിൽ നിന്നും ലഭിച്ച സ്വീകരണം എന്നെ വാസ്തവത്തിൽ ശമിപ്പിച്ചു. ഇതാണ് ഇനി എന്റെ വീട്,  തട്ടകം എന്ന് പലവുരു മനസ്സിനോട് മന്ത്രിച്ചു, സ്വയം പാകപ്പെടുത്തി. എങ്കിലും രാത്രികളിൽ ചിലപ്പോഴെങ്കിലും ആ സങ്കടങ്ങൾ വീണ്ടും തികട്ടി വന്നു. നിശബ്ദമായി കരഞ്ഞു കൊണ്ട് അവയെ ഇരുട്ടിലേക്ക് ആട്ടിപ്പായിച്ചു.


അവിടെ എനിക്ക് കൂട്ടുകാരായി എന്നെക്കാൾ ഒരു വയസ്സിന് മൂത്ത നന്ദേട്ടൻ, ഒരു വയസ്സിന് താഴെയുള്ള ദേവി, കുട്ടികളായ രാമചന്ദ്രൻ, രാജേശ്വരി. പിന്നെ കോളേജിൽ പഠിക്കുന്ന മൂത്ത മകൻ ഗോപിനാഥ ചേട്ടൻ എന്നിവരുണ്ട്. ഊണും ഉറക്കവും നടപ്പും  അവരുടെ കൂടെ. തൃപ്രയാറിലെ ചിട്ടവട്ടങ്ങൾ പതുക്കെ പഠിച്ചു തുടങ്ങി.


ഞങ്ങളുടെ നാട്ടുമ്പുറത്തെ അപേക്ഷിച്ച് തൃപ്രയാറിന് ഒരു ക്ഷേത്ര നഗരത്തിന്റെ അന്തരീക്ഷമാണ്.  ഷാരത്ത്  നിന്നും പുറത്തേക്കിറങ്ങിയാൽ തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന ശ്രീരാമസ്വാമി ക്ഷേത്രവും അവിടേക്കെത്തുന്ന ഭക്തരുടെ തിരക്കും, അമ്പല നടയും, അവിടത്തെ ചുരുക്കം ചില വാണിഭക്കാരും, മുന്നിലുള്ള റോഡിലൂടെ ഇടതടവില്ലാതെ   തൃശൂർക്ക് പോവുന്ന ബസുകളും എല്ലാം ചേർന്നുള്ളൊരു ചെറു നഗരം.


പെരിന്തൽമണ്ണയെ അപേക്ഷിച്ച് തൃപ്രയാറിന്റെ ഭൂമിശാസ്ത്രം തികച്ചും വ്യത്യസ്തമാണ്. സമുദ്രത്തോട് ചേർന്ന് കിടക്കുന്ന ഭൂപ്രദേശമായതിനാൽ തന്നെ  മണൽ പ്രദേശമാണ്. എങ്ങും പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പുകളാണ്. ഞാൻ താമസിക്കുന്ന പടിഞ്ഞാറെ പിഷാരത്തുമുണ്ട് ധാരാളം തെങ്ങുകൾ. അന്ന് കാലത്ത് തെങ്ങ് അവിടത്തുകാരുടെ പ്രധാന വരുമാന സ്രോതസ്സുമായിരുന്നു. മാസം തോറും തെങ്ങു കയറി ആയിരത്തിലധികം തേങ്ങകൾ വിറ്റിരുന്ന കാലമായിരുന്നു അത്. തേങ്ങയരക്കാത്ത ഒരു വിഭവവും അവിടത്തുകാർക്കില്ല. തേങ്ങയും അത്യാവശ്യം ചക്ക, മാങ്ങ തുടങ്ങിയുള്ള വിഭവങ്ങളും  ഒഴിച്ചാൽ ബാക്കി പച്ചക്കറിയെല്ലാം പുറത്തു നിന്നും കാശ് കൊടുത്തു  വാങ്ങിക്കണം.


ഞാനടക്കം സ്ഥിരമായി പന്ത്രണ്ടോളം അംഗങ്ങളും ദൂരെദിക്കിൽ ജോലി ചെയ്യുന്ന കുടുംബാംഗങ്ങൾ കൂടി  എത്തിയാൽ  ഏകദേശം ഇരുപതോളം പേരുമുള്ള   ഒരു വലിയ കൂട്ടു കുടുംബമായിരുന്നു അന്നത്തെ തൃപ്രയാർ പടിഞ്ഞാറേ പിഷാരം.


അവിടത്തെ വീട്ടു ജോലികളിൽ സഹായിക്കാനായി നാരായണിയമ്മ എന്നൊരു വയസ്സായ സ്ത്രീയും അവിടെ സ്ഥിരതാമസമുണ്ട്. തറവാട്ടിലെ  ചിട്ടവട്ടങ്ങളും മറ്റും മറ്റുള്ളവരെക്കാൾ കൂടുതലായി അറിയുന്നതും അത് കർശനമായി  പ്രാവർത്തികമാക്കുന്നതും അവരാണ്. എനിക്കും നാരായണിയമ്മ വാത്സല്യത്തോടെ അത്തരം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു.


വൈകാതെ എന്നെയും കൊണ്ട് അമ്മിണി ഓപ്പോൾ തൃപ്രയാർ അമ്പലത്തിൽ നിന്നും ഏകദേശം രണ്ടര മൂന്ന് കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന  വലപ്പാട് ഗവ.  ഹൈസ്‌കൂളിലെത്തി. സ്‌കൂൾ തുറക്കാൻ ഇനി അധികം ദിവസമില്ല. ടി സി യും എട്ടാം തരം റിസൾട്ടും ആയി അവിടെ എത്തിയ എന്നെ ഹെഡ് മാസ്റ്റർ എമ്പ്രാന്തിരി മാസ്റ്റർ അങ്ങിനെ ഒമ്പതാം ക്‌ളാസിൽ ചേർത്തു.   


ഹെഡ്മാസ്റ്ററുടെ ഓഫീസ് മുറിയിൽ നിന്നും പുറത്തിറങ്ങി സ്‌കൂളാകെ ഒന്ന് നോക്കിക്കണ്ടു.  പെരിന്തൽമണ്ണ സ്‌കൂളിനെ അപേക്ഷിച്ചു ചെറുതാണ്.  തൽക്കാലം പെരിന്തൽമണ്ണയെ   മറന്ന്  ഇനി ഈ സ്‌കൂളിൽ വേണം മുന്നോട്ടുള്ള പഠനം. ഇതിൽ എതാണ് എന്റെ ക്‌ളാസ് എന്നറിയില്ല. ആരൊക്കെയാവും അവിടെ എന്നെക്കാത്തിരിക്കുന്നതെന്നറിയില്ല. ആരുമുണ്ടാവാൻ വഴിയില്ലെങ്കിലും ഒരു നിമിഷം അങ്ങിനെ ഓർത്തു കൊണ്ട് തിരിച്ചു അമ്മിണി ഒപ്പോളോടൊപ്പം വീട്ടിലേക്ക് നടന്നു...   


തുടരും.... 


 


 


 


 


No comments:

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാര...