നാട്ടിൽ ഔദ്യോഗിക കല്യാണ നിശ്ചയം ജൂലൈ ആറിനെന്ന് അമ്മയുടെ കത്ത്. നാട്ടിലേക്കുള്ള ടിക്കറ്റ് ആഗസ്ത് 17ലേക്ക് ബുക്ക് ചെയ്തു. കൂടെ ഗണുവും രമേശേട്ടനുമുണ്ട്. ശശി ആഗസ്ത് 10നു ശ്രമങ്ങൾക്കായി നേരത്തെ പോവുന്നു.
കോൺഗ്രസ് രാജീവ് വധത്തിനു ശേഷം ഭൂരിപക്ഷത്തോടെ വിജയിച്ചു. സജീവ രാഷ്ടീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച നരസിംഹറാവു അവിചാരിതമായി ഒമ്പത്താമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരത്തിലേറി.
രമേശേട്ടൻ പനിയായി കാന്തിവിലി ആശുപത്രിയിൽ. സതീശൻ രാത്രി കൂട്ടിനായി തങ്ങുന്നു. മറ്റുള്ളവരെ പരിചരിക്കുക എന്നത് അവനെ സംബന്ധിച്ചിടത്തോളം ജന്മ ലക്ഷ്യമാണ്. മൂന്നര വർഷത്തെ സഹവാസത്തിനിടയിൽ വന്നു ചേർന്ന ഓരോ ദീന ഘട്ടങ്ങളിലും അവൻ അതിൻറെ മുൻപന്തിയിലുണ്ടായിരുന്നു.
ഇന്നലെ രാത്രിയിൽ സ്വപ്നത്തിൽ അച്ഛനെനെന്നെത്തേടിയെത്തി. അച്ഛൻ ഹാപ്പിയായിരുന്നു. ഇത്രയും സന്തോഷവാനായി ജീവിതകാലത്തു പോലും അദ്ദേഹത്തെ കണ്ടിട്ടില്ല വളരെക്കാലത്തിനു ശേഷമുള്ള സമാഗമം. അച്ഛന് കാര്യമായ മാറ്റങ്ങളില്ല. എന്റെ കല്യാണക്കാര്യം, ശോഭയുടെ കല്യാണം തുടങ്ങി പലതും സംസാരിച്ചു അദൃശ്യനായി.
പിറ്റേന്ന് മുരളീമോഹൻ ഉണർന്നത് ഒരു കഥയുടെ ബീജവുമായിട്ടായിരുന്നു.
കാർമേഘപാളികളെ വകഞ്ഞു മാറ്റി അയാൾ താഴേക്ക് നോക്കി, ആകാംക്ഷയുടെ കണ്ണുകളോടെ..
സിദ്ധാർത്ഥനെക്കാത്തൊരു ബോധിവൃക്ഷം അയാൾ കണ്ടു. ബോധിവൃക്ഷം തണൽ വിരിച്ച് കാത്തു നില്ക്കുകയാണ്…
ഇന്നത്തെ യാഥാർത്ഥ്യങ്ങളെ കണ്ടു വേദനിക്കുന്ന മനസ്സുമായി കഥാകൃത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മറ്റൊരു സിദ്ധാർത്ഥനു വേണ്ടി. ഗാന്ധിജിക്കു വേണ്ടി. ശിബിക്കു വേണ്ടി…
തൃപ്രയാറു നിന്നും അമ്മിണിയോപ്പോളുടെ കത്തെത്തി. നിശ്ചയം ഭംഗിയായി കഴിഞ്ഞു. മുഹൂർത്തം ഒമ്പതിനും പത്തരക്കുമിടയിൽ. താലികെട്ട് ശ്രീരാമസന്നിധിയിൽ. തുടർ ചടങ്ങുകൾ രാധാകൃഷ്ണ കല്യാണമണ്ഡപത്തിലും. ക്ഷണപത്രത്തിനുള്ള വിഭവങ്ങൾ എല്ലാം തയ്യാർ. അതിന്റെ രൂപകല്പനയും മുദ്രണവും രമേശേട്ടന്റെ വക. സ്പോൺസേഡ്. കൃഷ്ണമ്മാവൻ അന്തരിച്ചു. ഒമ്പതാം ക്ലാസിൽ ഇംഗ്ളീഷ് ട്യൂഷൻ എടുത്തു തന്ന ഗുരുനാഥൻ. അവസാനദിനങ്ങളിലെ മനോവിഭ്രാന്തിക്കും രോഗാവസ്ഥക്കും ആശ്വാസമായി മരണം.
ഭാമച്ചേച്ചിയുടെ ഏട്ടൻ ഗോപിയേട്ടൻ അപ്രതീക്ഷിതമായി ഓഫീസിലെത്തി. തിരഞ്ഞു പിടിച്ച് എത്തിയിരിക്കുന്നു. കൂടെയൊരു കൂട്ടുകാരനും. ബോംബെ സന്ദർശനമാണ് ലക്ഷ്യം. ഒരാഴ്ചത്തെ അടിച്ചു പൊളിച്ചുള്ള ബോംബെ ടൂർ. താമസിക്കാനൊരിടം തേടിയെത്തിയതാണ് മൂപ്പർ. സസന്തോഷം റൂമിലേക്ക് ക്ഷണിച്ചു.
ഇതുവരെയും ഇഴഞ്ഞു നീങ്ങിയ കാലത്തിന് പെട്ടെന്ന് വേഗത കൈവന്നത് പോലെ. കല്യാണത്തിന്റെ ഒരുക്കങ്ങൾ ഇനിയും പലതും ബാക്കി. ക്ഷണപത്രം അടിച്ചു കിട്ടണം. ക്ഷണിതാക്കളുടെ ലിസ്റ്റ് തയ്യാറാക്കണം. അവ എല്ലാവർക്കും അയക്കണം. പണം സംഘടിപ്പിക്കണം.
ജീവിതത്തിലെ ചില വഴിത്തിരിവുകൾ നാം നിരൂപിക്കുകപോലും ചെയ്യാതിരി ക്കുമ്പോൾ നമ്മുക്കു മുമ്പിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടും. പിന്നീടതൊരു ഒരു ചോദ്യശരമായി നമ്മെ പരീക്ഷിക്കും. എന്തുത്തരം പറയണമെന്നറിയാതെ അതു നമ്മെ കുഴക്കും. ആ ഞായറാഴ്ച അത്തരമൊരു വഴിത്തിരിവിലേക്ക് ഞാൻ ഒന്നുമറിയാത്തവനെപ്പോലെ നടന്നടുത്തു..
ഞായറിന്റെ മുടക്കത്തിൽ സമാജം വാർഷികത്തിന്റെ നോട്ടീസുമായി ഞാൻ വീടുകൾ തോറും കയറിയിറങ്ങി. ഈസ്റ്റിലുള്ള രാമനാഥേട്ടന്റെ വീട്ടിലെത്തി നോട്ടീസ് കൊടുത്തു. സമാജം വാങ്ങുന്ന പുതിയ സ്ഥലത്തെ പറ്റി ചോദിച്ചറിഞ്ഞു. പിന്നീട് ആ ചോദ്യങ്ങൾ വ്യക്തിപരങ്ങളായി. അവക്കും ആവുന്ന വിധത്തിൽ ഉത്തരങ്ങൾ നൽകി. പൊടുന്നനെ മൂപ്പരൊരു ചോദ്യം. താൻ കല്യാണമൊക്കെ കഴിക്കാൻ പോവുകയല്ലെ. സ്വന്തമായി ഒരു സ്ഥലമൊക്കെ നോക്കണ്ടെ?
പൊടുന്നനെ വന്ന ചോദ്യശരത്തെ എങ്ങിനെ നേരിടണമെന്നറിയാതെ കുഴങ്ങിയ ഞാൻ ഉത്തരത്തെ ഒരു ചിരിയിലൊതുക്കി രക്ഷപ്പെടാൻ ശ്രമിക്കവേ, വീണ്ടുമൊരു ചോദ്യം. ഇവിടെ നാലാം നിലയിൽ ഒരു ഫ്ലാറ്റുണ്ട്. താല്പര്യമുണ്ടോ?
എൻറെ വരുമാനത്തെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചും പൂർണ്ണബോദ്ധ്യവാ നായ ഞാൻ
അത്തരമൊരു സ്വപ്നത്തെക്കുറിച്ച് വിഭാവനം ചെയ്തിട്ട് പോലുമില്ല. താല്പര്യമുണ്ടെങ്കിൽ തന്നെ അത്രയും വലിയൊരു ബാദ്ധ്യത കല്യാണം അടുത്തുവന്ന സമയത്ത് എങ്ങിനെ ഏറ്റെടുക്കും? ഇന്നത്തെ ജോലി വെച്ച് എനിക്കൊരു ലോൺ കിട്ടുമോ? ലോൺ കിട്ടിയാൽ തന്നെ എത്ര ശതമാനം കിട്ടും? ഇന്നത്തെ ശമ്പളം വെച്ച് ലോണടവും ജീവിതച്ചിലവും കൂട്ടിമുട്ടിച്ച് മുന്നോട്ട് പോകാനാവുമോ? ബാക്കി തുക എവിടെ നിന്ന് സംഘടിപ്പിക്കും? അങ്ങിനെ ഒരായിരം ചോദ്യങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞു. ആലോചിച്ചു പറയാം എന്ന ബഹുവാക്ക് പറഞ്ഞൊഴിയാൻ ശ്രമിച്ചു.
പക്ഷെ രാമനാഥേട്ടൻ വിടാൻ ഭാവമില്ലായിരുന്നു. തനിക്കു കഴിയും. ശ്രമിച്ചാൽ നടക്കാത്തതായെന്താണുള്ളത്? ഓഫീസിൽ ചോദിച്ചു നോക്കൂ. ഇത് നല്ലൊരു ചാൻസ് ആണ്. കൈവിട്ടു കളയണ്ട. എന്നെല്ലാം പറഞ്ഞ് എന്നെക്കൊണ്ട് ഒരു വിധം സമ്മതിപ്പിച്ചെടുത്തു. നോക്കൂ, കടലിലേക്ക് എടുത്തു ചാടുക. അപ്പോൾ നീന്താനുള്ള വഴി ദൈവം താനെ പറഞ്ഞു തരും, എല്ലാം ഒത്ത് പണം സംഘടിപ്പിച്ച് ജീവിതത്തിലിന്നു വരെ ആരും വീടു വാങ്ങിയിട്ടില്ല, ജീവിതത്തിൽ ലാഭനഷ്ടങ്ങൾ നോക്കാതെ ചില ഉത്തരവാദിത്തങ്ങൾ, തീരുമാനങ്ങൾ എടുക്കേണ്ടി വരും. അത് ദീർഘകാലാടിസ്ഥാനത്തിൽ മംഗളമായെ ഭവിക്കൂ.. എന്നും മറ്റുമുള്ള ഉപദേശവും. അതെ ചിലരങ്ങിനെയാണ്. വെറും കുളങ്ങളിലിൽ മാത്രം നീന്തി പരിചയമുള്ള നമ്മെ ആഴക്കടലിലെ നീന്തൽ പഠിപ്പിക്കും.
അന്നു രാത്രി ചാടാൻ പോകുന്ന സമുദ്രത്തിന്റെ ആഴത്തെക്കുറിച്ചും തോളിലേറ്റാൻ പോകുന്ന ഭാരതത്തിൻറെ കാഠിന്യത്തെക്കുറിച്ചും ആലോചിച്ചിട്ട് ഉറക്കം വന്നില്ല. പിറ്റേന്ന് മധുസിൻഹയെ കണ്ട് കാര്യങ്ങൾ വിശദമാക്കി. അദ്ദേഹം വളരെ പോസിറ്റീവ് ആയി മുന്നോട്ട് പോയ്ക്കൊള്ളാൻ പറഞ്ഞു. നീ ഒന്നു കൊണ്ടും പേടിക്കണ്ട. എല്ലാത്തിനുമുള്ള വഴി ഈശ്വരൻ കാണിച്ചു തരും എന്നും. എന്റെ മുമ്പിലുള്ള ഏക ഈശ്വരൻ അദ്ദേഹമായിരുന്നു. എന്തുകൊണ്ടോ, അദ്ദേഹത്തെ ഞാൻ വിശ്വസിച്ചു. രാമനാഥേട്ടന് വാക്കു കൊടുത്തു.
രാമനാഥെട്ടൻ |
വൈകീട്ട് ജലാറാം ദീപിലെത്തി റൂം കണ്ടു. തരക്കേടില്ല. നാലാം നിലയിലാണെന്നതു മാത്രമാണ് ഒരു പോരായ്മ. പക്ഷെ, അതിന് വിലയിലിളവുണ്ട്.
പിറ്റേന്ന് ഗണേശനെയും രമേശേട്ടനെയും റൂം കാണിച്ചു. അവർക്കുമിഷ്ടപ്പെട്ടു. വെളിച്ചം, വായുസഞ്ചാരം എന്നിവയുള്ള വീട്. സ്ഥലസൗകര്യവുമുണ്ട്.
രാമനാഥേട്ടനുമൊത്ത് ബിൽഡറെക്കണ്ടു കച്ചവടമുറപ്പിച്ചു. ദിവാൻ ഫിനാൻസിൽ നിന്നും ലോൺ കിട്ടും. ബാക്കി തുക മധു സിൻഹാജി തരാമെന്നേറ്റു.
ജൂലൈ 31നു അഡ്വാൻസ് കൊടുത്തു അഗ്രീമെന്റ് എഴുതി റെജിസ്ട്രാക്കി. ഇനി ലോണിന് അപേക്ഷിക്കണം. ടി എസ് എൻ തിരുമേനിയെ കണ്ട് ലോൺ അപ്പ്ളിക്കേഷൻ ഫോം പൂരിപ്പിച്ചു.
ജീവിതത്തിലെ ഒരോരോ മുഹൂർത്തങ്ങൾ, വഴിത്തിരിവുകൾ, ആകസ്മികതകൾ ഇവയുടെ മിശ്രണമാണ് ജീവിതം.
ദിവാൻ ഹൗസിംഗിൽ ലോണിനപേക്ഷിച്ചു. അവരുടെ വിളി വന്നു. ഇന്റർവ്യൂ. കമ്പനിയിൽ നിന്നുമുള്ള ശമ്പള സർട്ടിഫിക്കറ്റ്, എഗ്രീമെന്റ് കോപ്പികൾ, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയടക്കം കാണാനായി എത്തിച്ചേർന്നു. പേപ്പറുകൾ നോക്കിയ അവരിലെ ഉത്തരം ഫിലിം കമ്പനികളിൽ വിശ്വാസമില്ലെന്നതായിരുന്നു. അതു കൊണ്ടു തന്നെ അപേക്ഷിച്ച തുകയുടെ പകുതി ലോണെ തരാൻ നിർവാഹമുള്ളൂവെന്ന ഉത്തരം. അതിനു തന്നെ ഗ്യാരണ്ടർ വേറെ വേണം താനും. മനസ്സ് വേദനിച്ച ദിനം. ലോൺ വേണ്ടെന്ന് പറഞ്ഞ് പോന്നു. ഇനി എന്തു ചെയ്യുമെന്ന ചോദ്യത്തിനുത്തരം കാണാതെ മനമുരുകി.
പിറ്റേന്ന് മധു സിൻഹയെ കണ്ട് കാര്യം പറഞ്ഞു. ഞാനിതിൽ നിന്നും പിന്മാറുകയാണെന്ന് പറഞ്ഞു. ഒന്നുകൊണ്ടും വിഷമിക്കേണ്ടെന്ന മൂപ്പരുടെ സകാരാത്മക മറുപടി എന്നെ വീണ്ടും ഉന്മേഷവാനാക്കി. പണം തന്ന് സഹായിക്കാൻ മൂപ്പർ റെഡി. അതും പലിശയില്ലാക്കടം. ഈശ്വരൻ മധു സിൻഹയുടെ രൂപത്തിൽ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.
പക്ഷെ കടമ്പകൾ പിന്നെയുമുണ്ട്. മധു സിൻഹാജി തരാമെന്നേറ്റത് ലോൺ തുകയാണ്. ബാക്കി തുക പഴയ റൂം തിരിച്ചു കൊടുത്ത് ഡെപ്പോസിറ്റിൽ നിന്നും, പിന്നെ കുറച്ച് തുക മറ്റു വഴികളിലൂടെയും കണ്ടെത്തണം. കയ്യിൽ നീക്കിയിരിപ്പായി ഒന്നുമില്ല. ഉള്ളത്കൊണ്ട് ശോഭയുടെ കല്യാണം നടത്തിയിരുന്നു. അതുകൊണ്ട് കല്യാണത്തിനു തന്നെ ലോൺ എടുക്കേണ്ട അവസ്ഥയാണ്. കുറച്ച് കാശ് സിദ്ധിക്കിയുടെ പാർട്ട് ടൈം പണിയിൽ നിന്നും കിട്ടാനുണ്ട്.
അതിനൊക്കെയും ഒരു വഴി തെളിയുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ഞാൻ മുന്നോട്ട് പോവാൻ തന്നെ തീരുമാനിച്ചു. ഇത്തരം മാനസിക പിരിമുറുക്കങ്ങളിൽ നിന്നും രക്ഷ നേടാൻ ഞാൻ അവളെക്കുറിച്ചോർത്തു..
ജീവിതത്തെ മുന്നോട്ട് കൊണ്ടുപോവുക തന്നെ വേണമല്ലോ. ചുരുങ്ങിയ പക്ഷം അവൾക്കു വേണ്ടിയെങ്കിലും.
No comments:
Post a Comment