Saturday, July 4, 2020

മുംബൈ ബാച്ചിലർ ജീവിതം- Part 27

വിവാഹം തീരുമാനിച്ചുറപ്പിച്ച സന്തോഷത്തിൽ ഞാൻ അന്നു രാത്രി  തൃപ്രയാറിൽ  കൂടാൻ തീരുമാനിച്ചു. ബാക്കിയുള്ളവർ തിരിച്ചു പോയി.
വൈകുന്നേരം സന്തോഷിന്റെ കയ്യിൽ നിന്നും ശോഭയുടെ കല്യാണ ഫോട്ടോകൾ കിട്ടി. എല്ലാം നന്നായിരിക്കുന്നു. സന്തോഷിന്റെ കരവിരുത് പ്രകടമാകുന്ന ദൃശ്യങ്ങൾ. സന്തോഷുമൊത്ത് നേരമിരുട്ടും വരെയിരുന്ന് ആൽബം ഒരുക്കി.
രാജേശ്വരിയെ കണ്ടു. മതിയാവോളം, അഥവാ അങ്ങിനെയൊന്ന് ആവുന്നില്ലെന്നൊരു തോന്നൽ. ഇത്രയൊക്കെയായിട്ടും നിന്നോട് പറയാനുള്ളതെന്തെല്ലാമോ കണ്ഠനാളത്തിലുടക്കിക്കിടന്നു കുറുകുന്നു
ഞാൻ വീണ്ടും പഴയ ബി.കോം വിദ്യാർത്ഥിയായ മുരളിയായി.  തൃപ്രയാറുകാരനായി. നിന്നിലഭിനിവേശം വളരാത്ത, മറ്റേതെല്ലാമോ പുഷ്പങ്ങൾ തേടിയലഞ്ഞൊരു കോളേജ് കുമാരൻ
അതിനും എഴു കൊല്ലം മുമ്പ്, 1976 ജൂൺ മാസത്തിലാണ് അച്ഛന്റെ മരണശേഷം ഞാൻ തൃപ്രയാറിലെത്തുന്നത്.
അച്ഛന്റെ മരണം പിടിച്ചുലച്ച അമ്മയെ, വീണ്ടും പിടിച്ചുലച്ചൊരു തീരുമാനമായിരുന്നു എന്റെ തൃപ്രയാറേക്കുള്ള പറിച്ചു നടൽ. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്ന ഞങ്ങളുടെ അവസ്ഥ കണക്കിലെടുത്ത്  അച്ഛന്റെ പെങ്ങൾ അമ്മിണിയോപ്പോൾ അച്ഛന്റെ മൂത്ത ജേഷ്ഠൻ കൃഷ്ണ വല്യച്ഛനുമായി സംസാരിച്ച് എന്റെ പഠനം ഏറ്റെടുക്കുകയായിരുന്നു. “മാസാമാസം പൈസ അയച്ചു കൊടുക്കുന്നതൊന്നും നടക്കില്ല. അവൻ ഇങ്ങോട്ട് പോന്നോട്ടെ. എന്റെ അഞ്ചുമക്കളിലൊരാളെപ്പോലെ അവനും ഇവിടെ കഴിയാംഎന്ന അമ്മിണിയോപ്പോളുടെ വാഗ്ദാനത്തിനു മുമ്പിൽ എനിക്കും അമ്മക്കും മറ്റു പോംവഴികളില്ലായിരുന്നു.
വിങ്ങുന്ന  മനസ്സോടെ പെരിന്തല്മണ്ണ ഹൈസ്കൂളിൽ നിന്നും ടി സി വാങ്ങി, സി വി ശശി, വിജയൻ എന്നീ ഉറ്റ സതീർത്ഥ്യരെ പിരിഞ്ഞ് ഞാൻ വലപ്പാട് ഹൈസ്കൂളിലെ ഗോപാലൻ മാഷുടെ ഒമ്പതാം ക്ലാസിൽ ചേർന്നു. നാല്പ്പതു പേരുടെ ഇടയിലേക്ക് അപരിചിതത്വത്തിന്റെ എല്ലാ അസ്വാസ്ഥ്യങ്ങളും ഏറ്റു വാങ്ങിയുള്ള രണ്ടുമാസങ്ങൾ. ഇരിക്കാൻ സ്ഥലം കിട്ടിയത് ആർക്കും വേണ്ടാത്ത ആദ്യ ബഞ്ചിൽ. ക്ലാസിൽ ഒരാൾ പോലും പരിചയക്കാരില്ല. ആകെയുള്ള പരിചയക്കാരൻ ക്ലാസ് മാസ്റ്റർ ഗോപാലൻ മാഷ്. മാഷ് തൃപ്രയാറെ കൃഷ്ണമ്മാവന്റെ സുഹൃത്താണ്. ആരുമെന്നോടൊന്നും മിണ്ടിയില്ല. അവരുടെ വല്ലപ്പോഴുമുള്ള ചോദ്യങ്ങൾക്ക് എന്റെ ഉത്തരം പലപ്പോഴും ക്ലാസിൽ ചിരി പടർത്തി. പലപ്പോഴും അവരുടെ ചടപടെയെന്നുള്ള തൃശൂർ-കടാപ്പുറം ഭാഷയിലുള്ള ചോദ്യങ്ങൾ മലപ്പുറക്കാരന് പുടി കിട്ടിയില്ല. മലപ്പുറം ഭാഷക്കാരന്റെ പേച്ച് അവർക്ക് മറുചോദ്യങ്ങൾക്ക് വീര്യം നല്കി. സംഭാഷണകലയിൽ ഒട്ടും നൈപുണ്യമില്ലാത്ത ഞാൻ അവക്കു മുമ്പിൽ ഉത്തരമില്ലാതെ വിയർത്തു തലകുനിച്ചിരുന്നു. പൊതുവെ ഞാനൊരന്തർമുഖനായി മാറി.
സ്കൂളിലെ അവസ്ഥ വെച്ചു നോക്കുമ്പോൾ തൃപ്രയാറിലെ ഷാരത്തെ താമസം പൊതുവെ സ്വർഗ്ഗ തുല്യമായിരുന്നു. രാവിലെ അഞ്ചരക്ക് നാരായണിയമ്മ വിളിച്ചുണർത്തിയാൽ ആറുമണിക്കു മുമ്പ് പുത്തൻ കുളത്തിൽ കുളിച്ച് ഈറനോടെ തേവരെ തൊഴുത്, പുറത്ത് മൂന്ന് പ്രദക്ഷിണം വച്ച് വരുമ്പോഴേക്കും അമ്മിണിയോപ്പോളുടെ വക കാപ്പി റെഡിയായിരിക്കും. കാപ്പി കുടിച്ച്, അത്യാവശ്യം ഹോം വർക്കുകൾ ചെയ്ത് കഴിയുമ്പോഴേക്കും സുരു സൈക്കിളിൽ മാതൃഭൂമി പത്രമെത്തിക്കും. അത് പകുത്ത് ഞാനും നന്ദേട്ടനും വായിച്ചു തീർക്കുമ്പോഴേക്കും തുളസിചേച്ചിയുടെ വക ഇഡ്ഡലി തയ്യാറായിരിക്കും. രാവിലെ ദിവസവും ഇഡ്ഡലിയും ചട്ട്ണിയും എന്നതിന് മാറ്റമില്ല. അത് വയറു നിറയുവോളം കഴിക്കാം.


അച്ഛൻ പെങ്ങൾ അമ്മിണി ഒപ്പോളോടൊപ്പം
സ്കൂളിലേക്കുള്ള ആദ്യ യാത്രകൾ നന്ദേട്ടനൊപ്പമായിരുന്നു. നന്ദേട്ടൻ അന്ന് പത്തിലാണ്. പോകുന്ന വഴിക്ക് മാധവമേനോന്റെ മകൻ പ്രസാദിനെ കൂട്ടും. പ്രസാദ് നന്ദേട്ടന്റെ ക്ലാസ്മേറ്റാണ്. ചെമ്മൺ റോഡുകളിൽ നിന്നും പാടത്തേക്കും, അവിടെ നിന്ന് അതിരുകളില്ലാത്ത വീട്ടു പറമ്പുകളിലൂടെ, തെങ്ങിൻ തോപ്പുകളിലൂടെ, പള്ളിപ്പറമ്പിലൂടെ നടന്ന്  നടന്ന് ഞങ്ങൾ സ്കൂളിലെത്തും. ഓരോ ദിവസവും പുതു വഴികൾ കണ്ടെത്തും. മുമ്പിൽ നടക്കുന്ന പ്രസാദിന് അതിനുള്ള കഴിവ് അപാരമാണ്. ചെറുകര സ്കൂളിലേക്ക് പാടവരമ്പുകൾ മാറ്റി ചവിട്ടി പോവാറുണ്ടെന്നാലും, വലപ്പാട് സ്കൂളിലേക്കുള്ള മാറ്റിപ്പിടുത്തം പൊതുവേ വഴി ഓർത്തു വെക്കുന്ന കാര്യത്തിൽ പുറകിലായ എന്നെ പലപ്പോഴും ചിന്താക്കുഴപ്പത്തിലാക്കി. മൂന്ന് നാലു മാസം പിടിച്ചു വഴികൾ മനസ്സിലായി വരാൻ.
കാൽക്കൊല്ല പരീക്ഷ അടുത്തു. പരീക്ഷയുടെ റിസൽട്ട് വന്നപ്പോൾ ക്ളാസിലെ അന്തരീക്ഷം മാറി. പൊതുവെ എന്നോട് കൂട്ടു കൂടാതിരുന്ന പഠിപ്പിസ്റ്റുകൾ വരെ കാൽക്കൊല്ല പരീക്ഷയിൽ ക്ളാസ് ഫസ്റ്റ് ആയ എന്നെ വകവെച്ചു തുടങ്ങി. ക്ളാസിലെ വില്ലന്മാരും പതുക്കെ എന്നോടുള്ള സമീപനം മാറ്റിത്തുടങ്ങി. ഇപ്പോൾ ഞാൻ സംസാരിച്ചാൽ അവർ ഭാഷയുടെ പേരിൽ കളിയാക്കാതായി. കാരണം എന്റെ ഭാഷയുടെ മലപ്പുറം ചുവ മാഞ്ഞു തുടങ്ങി. ആകെയുള്ള പ്രശ്നം എനിക്ക് കായികമായി അവർ കളിക്കുന്ന മാസും മറ്റും കളിക്കാനറിയില്ലെന്നതു മാത്രമായി. ബാലകൃഷ്ണൻ, മുബാരക്, അജയൻ, ഹരി, ജോസ്, ഫിലിപ്പ്, മോഹൻ ദാസ്, രംഗൻ, ശിവാജി എന്നിങ്ങനെ കുറച്ചു പേരെങ്കിലും എന്നോട് കൂട്ടു കൂടിത്തുടങ്ങി. വെള്ളിയാഴ്ചകളിൽ അവരുടെ കൂടെ കടലുകാണാൻ പോയിത്തുടങ്ങി. ആദ്യമായി ഞാൻ കടലു കണ്ടു, ചാകര കണ്ടു.
ഞാൻ തൃപ്രയാറെത്തുമ്പോൾ രാജേശ്വരി രണ്ടാം ക്ളാസിലാണ്. കോഴിയമ്മയുടെ പാഠം വടുക്കോറത്തിരുന്ന് അമ്മക്ക് വേണ്ടി ഈണത്തിൽ അവൾ വായിക്കും. നെല്ല് കുത്തിയതാര്?  കോഴിയമ്മ. അരിയിടിച്ചതാര്?  കോഴിയമ്മ.. അപ്പം ചുട്ടതാര്?  കോഴിയമ്മ..
ഞങ്ങൾ സ്കൂളിലേക്ക് പോകുന്ന വഴിക്കുള്ള  ശ്രീ വിലാസ് ഗേൾസ് സ്കൂളിലാണ് അവൾ കോഴിയമ്മയുടെ പാഠവും, മറ്റു പാഠങ്ങളും പഠിക്കുന്നത്. അന്നൊരു ദിവസം ഞാൻ സ്കൂളിൽ നിന്നും നേരത്തെ എത്തിയ ദിനമായിരുന്നു. വൈകീട്ട് നാലുമണിയായപ്പോഴേക്കും തുലാവർഷത്തിന്റെ ആമുഖമായി ഇടിയും മിന്നലും തുടങ്ങി. കുട്ടി കൊട കൊണ്ടു പോയിട്ടില്ലെന്ന് അപ്പോഴാണ് അമ്മിണിയോപ്പോൾ ഓർത്തത്. എന്നോട് വേഗം ഒരു കുടയെടുത്ത് അവളെ കൊണ്ടുവരാനായി ശട്ടം കെട്ടി. പൊതുവേ പേടിത്തൊണ്ടനായ ഞാൻ, അരുതെന്ന് പറയാനറിയാത്തതു കാരണം ഭയം ഒട്ടും കാണിക്കാതെ കുടയുമായി പുറപ്പെട്ടു. പകുതി ദൂരമെത്തിയപ്പോഴേക്കും മിന്നലിന്റെയും ഇടിയുടെയും ശക്തി വർദ്ധിച്ചു. ഏകദേശം സ്കൂളിന്റെ അടുത്തെത്താറായ ദൂരത്ത് ഒരു വലിയ ഞാവലിന്റെ ചുവട്ടിൽ എന്റെ മുന്നിൽ വന്ന്  വെട്ടിയ ഇടിത്തീയിൽ ഞാൻ പേടിച്ചരണ്ട് മേലോട്ടുയർന്നു ചാടി, കയ്യിലുണ്ടായിരുന്ന രണ്ടാം കുട നിലത്തിട്ട്അയ്യോ, എന്നെ ഇടി വെട്ടിയേഎന്നാർത്തലച്ച് സ്കൂൾ ലക്ഷ്യമാക്കി ശരം വിട്ട പോലെ ഓടി. വഴിയിലൊന്നും ഒരു മനുഷ്യ രൂപം പോലും കാണാനില്ല. ഓടിയോടി അവസാനം സ്കൂളിന്റെ മുമ്പിലുള്ള പീടികത്തിണ്ണയിലേക്ക് ഓടിക്കയറി. കരഞ്ഞു കൊണ്ടെത്തിയ എന്നെ കണ്ട പീടികക്കാരൻ വേഗം അയാളുടെ തോർത്തു മുണ്ടുകൊണ്ട് എന്റെ തല തുവർത്തി കുറച്ചു വെള്ളം കുടിക്കാൻ തന്നു. വാസ്തവം പറഞ്ഞാൽ അപ്പോളാണ് ഞാൻ ജീവിച്ചിരിക്കുന്നുണ്ടെന്ന് എനിക്ക് ബോദ്ധ്യമായത്.
ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ മഴ മാറി, മിന്നലിന്റെയും ഇടിയുടെയും ശക്തി കുറഞ്ഞു. എന്നിട്ടെ അയാൾ എന്നെ പുറത്തേക്ക് വിട്ടുള്ളു. പതുക്കെ പുറത്തു കടന്ന ഞാൻ ഇതൊന്നുമറിയിക്കാതെ സ്കൂളിലെത്തി, പതുക്കെ അവളെയും വിളിച്ച് ചാറ്റൽ മഴയിൽ എന്റെ കുടയിൽ കൂട്ടി തിരിച്ച് വീട്ടിലേക്ക് നടന്നു.
അന്ന് ഞാൻ മഴയത്ത് കൂടെക്കൂട്ടിയ കൊച്ചനുജത്തി ഇന്ന് വളർന്ന് എന്റെ ഭാര്യാപദമലങ്കരിക്കാൻ തക്ക വണ്ണം വളർന്ന മുറപ്പെണ്ണായി മാറിയിരിക്കുന്നു..
ഞാനോ? പേടിത്തൊണ്ടനിൽ നിന്നും മാറ്റമില്ലാതെ ഇന്നും അവളോട് സംസാരിക്കാൻ വാക്കുകളില്ലാതെ തപ്പിത്തടയുന്നു..

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...