Saturday, July 4, 2020

മുംബൈ ബാച്ചിലർ ജീവിതം - Part 33


സതീശൻ കല്യാണിൽ പുതുതായെടുത്ത റൂമിൽ പാലുകാച്ചി.  മൂന്നര വർഷത്തിന്റെ  സഹവാസം വിട്ട് അവൻ സ്വയം കൂടു കണ്ടെത്തിയിരിക്കുന്നു.

ഒന്നായ ഞങ്ങൾ പിരിഞ്ഞ് പലരാകുന്നു. എന്റെ ജീവിതത്തിൽ രാജേശ്വരിയും അവരുടെയൊക്കെ ജീവിതത്തിലേക്ക് മറ്റു പല പെൺകൊടിമാരും  കടന്നു വരുന്ന സുമൂർത്തത്തിലേക്കുള്ള തയ്യാറെടുപ്പുകൾ. ജീവിതം ഒരുപാട് ആകസ്മികതകൾ നിറഞ്ഞതാണ്. ആർ, എന്ന്, ആരുമായി എവിടെ വെച്ച് കണ്ടുമുട്ടുമെന്നും ചങ്ങാതിയും ശത്രുക്കളുമാകുമെന്നും അനുമാനിക്കാനാവില്ല. ഒക്കെ ഒരു നിയോഗം കണക്കെ വന്നു ചേരുക മാത്രം ചെയ്യുന്നു. നാം അതനുഭവിക്കാൻ, അതിലെ കണ്ണികളാവാൻ വിധിക്കപ്പെടുന്നു. ഇന്നുള്ള എന്റെ സുഹൃത്തുക്കളെല്ലാം അത്തരമൊരു വഴിത്തിരിവിൽ എന്റെ കൂടെക്കൂടിയവരാണ്. മുരളീ മോഹനനാവട്ടെ 3 വർഷം മുമ്പുള്ള ഒരു സന്ധ്യയിൽ കണ്ണനിവാസിൽ വെച്ച് കൂടെക്കൂടിയതും.

സമാജം മീറ്റിംഗ് സയണിലെ കുട്ടേട്ടന്റെ വീട്ടിൽ. അംബർനാഥിലെ ആയുധ നിർമ്മാണശാലക്കപ്പുറം ജവ്സായ് ഗ്രാമത്തിൽ ഒരു വലിയ പ്ലോട്ട് പ്രസിഡണ്ട് ആർ പി ഉണ്ണിയേട്ടൻ കണ്ടു വന്നിരിക്കുന്നു. അത് വാങ്ങിക്കാൻ തത്ത്വത്തിൽ തീരുമാനമെടുത്തു. ആതുരസേവനരംഗത്തേക്ക് സമാജത്തിന്റെ ആദ്യത്തെ കാൽ വെയ്പ്പ്. പ്ലോട്ടിൽ ജാതിമത ഭേദമന്യെ നാട്ടിലെ മൊത്തം ജനങ്ങൾക്കും ഉപകാരപ്രദമാവുന്നൊരു ആതുരാലയം, അതാണ് വിഭാവനം ചെയ്യുന്നത്. സ്വപ്നത്തിലേക്കെത്തിച്ചേരാൻ കടമ്പകളേറെയുണ്ട്.

ആരതിയിൽ പരീക്ഷണത്തിന്റെ നാളുകൾ. വരുമാനനികുതിക്കാർ ഓരോ കൂടിക്കാഴ്ചയിലും എനിക്ക് ഓരോ പുതിയ പരീക്ഷാ ചോദ്യങ്ങൾ നല്കുന്നതിന് എത്തുത്തരം എഴുതണമെന്നറിയാതെ ഞാൻ കുഴങ്ങുകയാണ്. ടെക്സ്റ്റ് ബുക്കുകളിൽ പഠിച്ചതല്ല ഇവിടത്തെ ഉത്തരം. അത് നാം പുതുതായി കണ്ടെത്തണം. പഠനത്തിന്റെ നാളുകൾ.
മധു സിൻഹയാവട്ടെ തന്റെ പുതു സംരംഭമായ റെക്കോർഡിംഗ് സ്റ്റുഡിയോവിൽ കച്ചവടമില്ലാതെ പുതുവഴികൾ തേടുന്നു. അതിലെ പുതു പരീക്ഷണമായ സെല്ലുലോസ് ഫിലിമിനെ ടെലിസിനെ ചെയ്ത് ചെറിയ സ്ക്രീനിൽ ചലച്ചിത്ര ഡബ്ബിംഗ് മിക്സിംഗ് പരീക്ഷണം കല്ലുകടികളുമായി മുന്നോട്ട് പോവുന്നു. ഒരു പഞ്ചാബിപ്പടത്തിന്റെ മറുമൊഴിമാറ്റവുമായെത്തിയ പ്രൊഡ്യൂസറാണ് ആദ്യ ഇര. പുതിയ റെക്കോർഡിസ്റ്റ് സതീശനും മധു സിൻഹയും ഒത്തു പോകുന്നില്ല. ഞാനാകട്ടെ അതിനിടയിൽ പെട്ട് ഞെരുങ്ങുന്നു.

രാജീവ് ഗാന്ധിയുടെ മരണവാർത്തയുമായൊരു പ്രഭാതമെത്തി. അമ്മക്ക് പിന്നാലെ മകനും വധിക്കപ്പെടുന്നു. ഒഴിവു ദിനം. ഡോംബിവിലി ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ മാറിയെടുത്തു. വിക്തർ യൂഗോയുടെ പാവങ്ങളും ആനന്ദിന്റെ ചെറുകഥകളും.

കാലം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. കഠിനമായ ചൂടിന് വിട നല്കി പുതുമഴയെത്തി. വണ്ടികൾ അവതാളത്തിലാവുന്ന ആദ്യ മഴദിനങ്ങൾ. നാട്ടിൽ ഇത് കല്യാണങ്ങളുടെ കാലം. തെക്കെപത്തായപ്പുരയിലെ അപ്പുണ്ണിയേട്ടൻ, ഞാങ്ങാട്ടിരി ഉണ്ണിയേട്ടൻ എന്നിവർ വിവാഹിതരായി. എന്റെ കല്യാണം ആഗസ്ത് 25നു, ഓണം അവിട്ടം ദിനം ആവാമെന്ന് നാട്ടിൽ നിന്നും തീരുമാനം എത്തി. കൃഷ്ണവല്യച്ഛൻ പറഞ്ഞത്രെശുഭസ്യ ശീഘ്രം”.
ബോംബെയിലും ഇത് കല്യാണത്തിന്റെ ദിനങ്ങളാണ്. ബജാജ് മുരളിയേട്ടന്റെ മകൾ ജ്യോതിയുടെ കല്യാണ റിസപ്ഷൻ. ഓഫീസ് തിരക്കുകളിലും ഡബ്ബിംഗ് പരീക്ഷണങ്ങളിലും ഉച്ചയായതറിഞ്ഞില്ല. ഉച്ച മുതൽ മഴ കോരിച്ചൊരിഞ്ഞു തുടങ്ങി. ഞാൻ ജോലി ചെയ്യുന്ന ജുഹുവിലെ സംഗീത അപ്പാർട്ട്മെന്റിലെക്ക് വെള്ളം ഇരച്ചു കയറി. ഭാഗ്യത്തിന് ഓഫീസിലേക്കെത്തിയിട്ടില്ല. ആറുമണിയോടെ മഴയൊന്ന് തോർന്നപ്പോൾ അന്നവിടെ പണിക്കു വന്ന  സിദ്ദിക്കിന്റെ കൂടെ സ്കൂട്ടറിൽ ഞാനും റിസപ്ഷന് ചെമ്പൂരിലേക്കെത്തുക എന്ന ലക്ഷ്യവുമായിറങ്ങി. സിദ്ദിക്കിന്റെ കൂടെ കുറച്ചു ദൂരം പോയപ്പോഴേക്കും മഴ വീണ്ടും ശക്തമാവാൻ തുടങ്ങി. വെസ്റ്റേൺ ഹൈവെ നിശ്ചലം. വെസ്റ്റേൺ റെയിൽ വെയിലെ ട്രാക്കുകളും മുഴുവൻ വെള്ളത്തിൽ. വണ്ടികൾ പലയിടത്തായി ചത്തു കിടന്നു. ഞാനും സിദ്ദിക്കും ഒടുവിൽ എങ്ങിനെയോ രാത്രി 10 മണിയോടെ അയാളുടെ സാക്കിനാക്കയിലെ വീട്ടിലെത്തി. രാത്രി അവിടെ കൂടി. പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ മഴയില്ല. വണ്ടി ഓടിത്തുടങ്ങിയിരിക്കുമെന്ന വിശ്വാസത്തിൽ സാക്കിനാകയിൽ നിന്നും മുളുണ്ടിലെക്ക് ബസിൽ കയറി. പത്തു മിനുട്ട് കഴിഞ്ഞതും വീണ്ടും മഴ കനത്തു. ബസ് എങ്ങിനെയോ നീന്തി മുളുണ്ട് സ്റ്റേഷനിലെത്തിപ്പെട്ടു. റെയിൽവെ ട്രാക്ക് വലിയൊരു നദിയായൊഴുകുന്നു. സ്റ്റേഷനു പുറത്തു നിന്നും പ്ലാറ്റ്ഫോമിലൂടെ പുഴയിലേക്ക് വെള്ളം കുതിച്ചു ചാടുന്നു. എന്തു ചെയ്യണമെന്നറിയാതെ വൈകും വരെ മുളുണ്ട് സ്റ്റേഷനിൽ നിന്നും ഇരുന്നും കഴിച്ചു കൂട്ടി. വൈകുന്നേരത്തോടെ മഴ ശമിച്ചു. ഠാനെയിൽ നിന്നും വണ്ടികൾ ഓടുന്നുവെന്ന ഒരു പ്രഖ്യാപനം കേട്ട് അങ്ങോട്ട് റോഡ് മാർഗ്ഗം കുതിച്ചു. അവിടെ നിന്നും ഒരു എക്സ്പ്രസ് വണ്ടി ഏറെ കാത്തിരിപ്പിനു ശേഷം രാത്രി പുറപ്പെട്ടതിൽ കയറിപ്പറ്റി, ഡോംബിവിലി ഇറങ്ങി. വീണ്ടും വെള്ളത്തിലൂടെ നീന്തി അർദ്ധരാത്രിയോടെ കൂടണഞ്ഞു. ബോംബെയിലെ ഇമ്മട്ടിലുള്ള  ആദ്യ മഴയനുഭവമായിരുന്നു അത്. എല്ലാം മുക്കുന്ന മഴ.

മഴയുടെ സംഹാരരൂപത്തിനപ്പുറം ഇപ്പോൾ അത് എന്നിലേക്ക് പ്രണയമായി പെയ്തിറങ്ങുകയാണ്. എന്റെ 
കിനാവുകൾക്ക് എവിടെയോ നിറം വെക്കുന്നു. അവയിലേക്ക് മൈലാഞ്ചിയണിഞ്ഞ കൈകൾ വന്നു തണവോടെ എന്റെ കവിളുകളെ തലോടുന്നു. ചുടു നിശ്വാസങ്ങൾ എന്റെ മുഖത്തു സുഖശീതോഷ്ണമായ് ഭവിക്കുന്നു. അധരോഷ്ഠങ്ങൾ എന്റെ ചുണ്ടുകളെ മുത്തിക്കുടിക്കുന്നു. അവ ഇന്നു വരെ അറിഞ്ഞിട്ടില്ലാത്ത ഏതെല്ലാമോ അനുഭൂതികളായെന്നിൽ നിറയുകയാണ്. പതിയെ, പതിയെ അത് എന്നിലെ കാടനെയുണത്തുകയായി.. എന്നിലെ അസംസ്കൃതന്റെ  ഭോഗതൃഷ്ണ  പ്രണയ പാരവശ്യതക്കു മേലെ സംഹാരതാണ്ഡവമാടുകയായി. താണ്ഡവത്തിനൊടുവിൽ പെയ്തിറങ്ങിയ ജലം അതെല്ലാം ശമിപ്പിച്ച് സ്വച്ഛമായൊഴുകി. ഞാൻ വീണ്ടും സംസ്കൃതനായി.

കിനാവിന്റെ ലോകത്തു നിന്നും രക്ഷനേടി  യാഥാർത്ഥ്യമറിയാനായി വെമ്പുന്ന മനസ്സ് വീണ്ടും കിനാവുകളെ തേടുന്നു.

ഈയിടെയായി ഞാനുമൊരു താടിക്കാരനായിരിക്കുന്നു. ഏവർക്കുമീ താടിയുടെ അർത്ഥമറിയണം. ആളുകളെ സംബന്ധിച്ചിടത്തോളം നമ്മുടെ ഓരോ പ്രവൃത്തിക്കും അർത്ഥം വേണം. അങ്ങിനെയെങ്കിലിതാ ഒരർത്ഥം. മോഹസാഫല്യത്തേക്കാൾ മോഹഭംഗങ്ങളാണല്ലോ നമ്മുടെ ജീവിതത്തിൽ വന്നു ഭവിക്കാറുള്ളത്. മോഹഭംഗങ്ങളുടെതാണ് താടി.

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...