ഇരുപത്തിയെട്ടാം പിറന്നാൾ കൂട്ടുകാരുടെ നേതൃത്വത്തിൽ ആഘോഷിച്ചു. രണ്ടുകൂട്ടം കറി, പാലട എന്നിങ്ങനെ.
രാവിലത്തെ ട്രെയിൻ യാത്രയിലാണ് വായനകളധികവും നടക്കുന്നത്. അന്ന് മിലാൻ കുന്ദേരയുടെ കഥ വായിച്ചു പോവുകയായിരുന്നു.. ഇടയിലെവിടെയോ വെച്ച് വണ്ടി പാളം തെറ്റി എന്റെ കഥയിലേക്ക് കടന്നു.
തുടർച്ചയുടെ ബന്ധമില്ലാതെ ഓർമ്മകൾ എപ്പോഴോ തെളിഞ്ഞു. അവ്യക്തമായ ഓർമ്മകൾ. പുറത്താകെ മഞ്ഞു മൂടി നില്ക്കുകയാണ്.
ആ മഞ്ഞിലേക്ക് നടക്കാനിറങ്ങിയ അയാളെ ഒരു സ്ത്രീ രൂപം നേരിടുന്നു. സ്ത്രീത്വത്തിന്റെ നിറവാർന്ന സൗന്ദര്യധാമം. അവൾ പൂർണ്ണതയുടെ പര്യായമാണ്. അവളെ അയാൾക്കു മനസ്സിലായില്ല. അവൾ ആരെന്ന് അയാൾക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. അയാൾ എന്നും കാണാൻ കൊതിക്കുന്ന, ആരെയും മനസ്സുകൊണ്ട് കാണുന്ന രൂപം ആണവൾ. അവൾക്ക് ആരുടെ ഛായയാണെന്ന് ഇഴപിരിച്ചെടുക്കാനാവാത്തൊരു
കുരുക്കിൽ പെട്ടയാൾ വലയുന്നു.
സന്ദേഹത്തിന്റെ ഊരാക്കുടുക്കുകളേതുമില്ലാതെ നിങ്ങൾക്കെന്നെ പ്രാപിക്കാം. മഞ്ഞിന്റെ ഈ ആവരണത്തിൽ നാം മറ്റുള്ളവർക്കദൃശ്യരാണ്. ഞാനാരുമാവട്ടെ. അതിവിടെ തർക്കത്തിന്റെ വിഷയമേയല്ല. ആത്യന്തികമായി നിങ്ങളിലെ പുരുഷൻ കാംക്ഷിക്കുന്ന ഇണയുടെ രൂപം. അതു മാത്രമാണ് ഞാൻ.
ഇല്ല. എന്റെ സങ്കല്പ്പങ്ങളിലെ നായികമാർക്ക് വ്യക്തമായ മുഖങ്ങളുണ്ടായിരുന്നു. അവരുടെ ഛായ എനിക്ക് ഹൃദിസ്ഥമാണ്. അവരാരും തന്നെ ഇന്നേ വരെ എന്റെ ഹൃദയത്തിൽ നിന്നും പുതിയോരാളെത്തിയെന്ന കാരണത്താൽ ഇറങ്ങിപ്പോക്ക് നടത്തിയിട്ടില്ല. ബഹുരൂപിയായ നിന്നെയല്ല ഞാൻ സ്വപ്നം കണ്ടിട്ടുള്ളത്. ഓരോ കാലങ്ങളിലും എന്റെ സ്വപ്ന സുന്ദരിമാർക്ക് അവരുടെതായ വ്യക്തിത്വമുണ്ടായിരുന്നു, സൗന്ദര്യ ശാസ്ത്രമുണ്ടായിരുന്നു. അവയെയാണ്, അവരുടെ വ്യക്തിത്വത്തെയാണ് ഞാൻ പ്രണയിച്ചത്. അല്ലാതെ ആ സ്തീയുടലിനെയല്ല.
അല്ല. നീ നുണ പറയുകയാണ്. ഏതൊരു പുരുഷനെയും പോലെ നീയും സത്യത്തെ മറച്ചു വെക്കാനൊരു സൈദ്ധാന്തിക നുണ മെനയുകയാണ്. നിനക്കെന്നെ നിന്റെ ആഗ്രഹപൂർത്തീകരണത്തിനായി വേണ്ടുവോളം ഉപയോഗപ്പെടുത്താം. ഞാനാരോടുമിക്കാര്യം ഉരിയാടില്ല.
ലോക്കൽ ട്രെയിൻ ഞാനിറങ്ങേണ്ട ദാദർ സ്റ്റേഷനും കഴിഞ്ഞ് വിടിയിലേക്ക് നേർപ്പാളത്തിലൂടെ പായുകയാണ്. കഥയില്ലായ്മയിൽ നിന്നും ഞട്ടിയുണർന്ന് ഞാൻ തിരിച്ചോടാൻ തയ്യാറായി വാതിലിനരികിലേക്ക് നീങ്ങി.
വൈകീട്ട് സതീശനിൽ നിന്നും ഠാക്കുർലിയിൽ താമസിക്കുന്ന ഗിരീശന്റെ ബന്ധു സതീശന്റെ അനുജൻ കൃഷ്ണകുമാറിന്റെ വണ്ടിയിൽ വെച്ചുണ്ടായ ദുരന്തം കേട്ടു നടുങ്ങി. അന്നു രാവിലെ കിട്ടിയ വണ്ടിയിൽ കയറിപ്പോയ അയാളെ ലോക്കൽ ട്രെയിനിൽ മുംബ്രയിൽ നിന്നും ഒരുപറ്റം ആൾക്കാർ കയറിവന്ന് ഹിന്ദിയറിയാത്ത അയാളോട് എന്തോ ചോദിക്കുകയും രണ്ടാമത്തെ ചോദ്യത്തിനൊപ്പം അടിവയറ്റിലായി കത്തികൊണ്ടൊരു കുത്തും. അതോടെ താഴെ വീണ അയാളെ കാലുകൊണ്ട് തലങ്ങും വിലങ്ങും ചവിട്ടി. ഒന്നും പ്രതികരിക്കാതെ ബോധമറ്റവനെപ്പോലെ കിടന്നതു കാരണം അടുത്ത സ്റ്റേഷനിൽ അവർ ഇറങ്ങിപ്പോവുകയും ചെയ്തുവത്രെ. അയാൾക്കു ചുറ്റും ഇരുന്നവരൊക്കെ സ്ഥലം കാലിയാക്കിയിരുന്നു. ഒറ്റക്ക് ചോരയൊലിച്ച് കിടന്ന അയാൾ കുറച്ചു കഴിഞ്ഞപ്പോൾ, ആക്രോശങ്ങളും ആരവുമടങ്ങിയപ്പോൾ, പതുക്കെ സഹായത്തിനായി അറിയാവുന്ന ഹിന്ദിയിൽ മറ്റുള്ള സഹയാത്രികരോട് കേണു. അടുത്തേക്ക് വരാൻ അവർക്കൊക്കെ പേടിയായിരുന്നു. അടിവയറ്റിലെ മുറിവിൽ കർച്ചീഫ് വെച്ച് മുറുക്കി രക്തം വാരുന്നത് കുറച്ചു. എങ്ങിനെയോ ദാദർ സ്റ്റേഷനിലെത്തി ഇറങ്ങിയപ്പോഴേക്കും ഒരു സഹയാത്രികൻ സഹായിക്കാനായി കൂടെ വന്നു. അയാൾ കെ ഇ എം ഹോസ്പിറ്റലിൽ കൊണ്ടു പോയി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും ഓഫീസിലേക്ക് ഫോൺ ചെയ്ത് ഓഫീസിലുള്ളവർ എത്തി സഹോദരനെയും മറ്റും അറിയിച്ചു. അതിനിടയിൽ കയ്യിലുണ്ടായിരുന്ന പൈസയും നഷ്ടപ്പെടിരുന്നത്രെ. പിന്നീടാണറിയുന്നത്, തലേ ദിവസം ആ കമ്പാർട്ട്മെന്റിൽ ഒരു തർക്കവും അടിയും നടന്നിരുന്നുവെന്നത്. അതിന്റെ ബാക്കിപത്രമായിരുന്നു പിറ്റേന്ന് ആളുമാറി കൃഷ്ണകുമാറിനെത്തേടിയെത്തിയത്. ഏതായാലും അതോടെ കൃഷ്ണകുമാർ തന്റെ ബോംബെ വാസം മതിയാക്കി നാട്ടിലേക്ക് പറിച്ചു നട്ടു.
രമേശേട്ടനും ഗണേശനും കാന്തിവില്ലിയിലേക്ക് താമസം മാറി. രമേശേട്ടന്റെ വോയ്സ് ഓവർ പണി മെച്ചപ്പെട്ടു വരുന്നു. കൂടെ കോപ്പി റൈറ്റിംഗും. ആനന്ദിലെ ജോലി രാജി വെച്ച് മുഴുവൻ സമയ വോയ്സ് ഓവർ ആർട്ടിസ്റ്റ് ആയി തീരാൻ ആലോചന. മുരളീമോഹനൻ ആ ഒഴിവിലേക്ക് ആനന്ദിലേക്ക് ചേക്കേറിയാലോ എന്നും ആലോചിക്കുന്നു.
ഈദ്. മുടക്കം. വൈകുന്നേരം ഖയാലിന്റെ സൗഹൃദ സദസ്സിലെത്തി. രമേശേട്ട്ന്റെ ഊഴം കഴിഞ്ഞാണെത്തിയത്. തബലയുടെയും സ്ത്രീ ശബ്ദത്തിന്റെയും അഭൗമലോകത്തേക്ക് കൊണ്ടുപോകാൻ അതിനു കഴിഞ്ഞു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പ്രത്യേകതയാണത്. തുടക്കക്കാർക്കു പോലും പെർഫെക്ഷൻ ഉണ്ടെന്നുള്ളത് ഏറെ ശ്രദ്ധേയം തന്നെ.
കലാകൗമുദിയിൽ ഓ. വി. വിജയന്റെ പ്രവാചകന്റെ വഴി തുടങ്ങി. ആഖ്യാന ത്തിന്റെ പുതിയ പരീക്ഷണങ്ങൾ. പദപ്രയോഗത്തിന്റെ മാധുര്യം. ആ കഥകളും നോലുകളും ദൈവസാന്ദ്രങ്ങളായ കാറ്റു പോലെ സുന്ദരമാണ്.
നാട്ടിൽ നിന്നും അമ്മയുടെ കത്തു വന്നു. മൂന്ന് മുഹൂർത്തങ്ങളാണുള്ളത്. ആഗസ്ത് 25, സെപ്തംബർ 9, 11 എന്നിങ്ങനെ. വൈകുന്നേരം റൂമിലെ സമഗ്ര ചർച്ചകൾക്കൊടുവിൽ എല്ലാവരും ആഗസ്ത് 25നെ അനുകൂലിച്ചു. അമ്മക്കെഴുതി.
അതെ ആഗസ്ത് 25.
ഇനി തയ്യാറെടുപ്പുകളുടെ ദിനങ്ങൾ..
No comments:
Post a Comment