Saturday, July 4, 2020

മുംബൈ ബാച്ചിലർ ജീവിതം - Part 28


തൃപ്രയാറിലൊരു രാത്രി. കല്യാണമുറപ്പിച്ചൊരു യുവാവിന്റെ മനസ്സിലേക്ക് ഒരു രാത്രിയിൽ ആദ്യമെത്തുക തന്റെ പ്രാണപ്രേയസിയായിരിക്കും. പ്രത്യേകിച്ചും അവളെ ആവോളം കണ്ട ദിനം.

പക്ഷെ എനിക്ക് ശയ്യയൊരുക്കിയിരിക്കുന്ന കിഴക്കേ മുറിയിലേക്ക് കടന്ന എന്നെ, എന്റെ മനസ്സ് പിടിതരാതെ വേറെ ഏതെല്ലാമോ കാഴ്ചകളിലേക്ക്  കൊണ്ടു പോയി.  തൃപ്രയാറിലെ രാത്രിക്കാഴ്ചകളിലേക്ക്, അതൊരു രാക്കിളിയെപ്പോലെ പറന്നു.

തൃപ്രയാറിലെ വാസക്കാലത്തെ അഞ്ചു വർഷത്തോളവും ഞാൻ കിടന്നിരുന്നത് കിഴക്കേ മുറിയിലാണ്. തൃപ്രയാർ ഷാരത്തിന്റെ തെക്കെ ഭാഗത്തായി ഉള്ള, കിഴക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പത്തായപ്പുരക്ക് മൂന്നു മുറികളുണ്ട്. കിഴക്കെ മുറി, നടുവിലകം, പടിഞ്ഞാറെ മുറി. പടിഞ്ഞാറെ മുറി കൃഷ്ണമ്മാവന്റെ മുറിയാണ്. കൂടാതെ മുകളിൽ ടെറസ്സിലൊരു മുറി കൂടി ഉണ്ട്. അന്ന് അത് ഗോപിനാഥ ചേട്ടന്റെ മുറിയാണ്.

പഠന കാലത്ത് രാത്രി വൈകുവോളം ഇരുന്നു പഠിക്കുന്ന മുറി. ചൂടു കാലത്ത്, ചൂടിൽ നിന്നും രക്ഷ നേടാൻ തെക്കെ അകത്തിന്റെ വരാന്തയിൽ വന്നിരുന്നാണ് പഠിക്കുക. പടിഞ്ഞാറെ മുറിക്ക് പുറത്തായി മറ്റൊരു വിദ്യാർത്ഥി കൂടിയുണ്ടാവും, കൃഷ്ണമ്മാവൻ. പാലക്കാട് നൂറണി ഹൈസ്കൂളിൽ നിന്നും പിരിഞ്ഞുവന്ന് വിശ്രമ ജീവിതം നയിക്കുകയാണ് കൃഷ്ണമ്മാവൻ. അതിനു ശേഷവും പഠനം തുടരുന്നു. അറിവു തേടിയുള്ള പഠനം. മലയാളം പണ്ഡിറ്റായ കൃഷ്ണമ്മാവന്റെ പുസ്തകശേഖരം അതിബൃഹത്താണ്. വേദങ്ങളും,  ഉപനിഷത്തുകളും, ദർശനങ്ങളും ഉൾപ്പെട്ടൊരു വലിയ അലമാര നിറയെ പുസ്തകങ്ങൾ. തന്റെ പെൻഷൻ തുക മുഴുവനായും പുസ്തകങ്ങൾക്കായി ചിലവഴിക്കുന്നൊരു ജ്ഞാനയോഗി. വായിച്ച ഓരോ പുസ്തകത്തിലും പ്രധാനപ്പെട്ട ആശയങ്ങൾ ചുവപ്പു മഷിയിൽ അടിവരയിട്ട്, അതിൽ നിന്നും സാരാംശം വേറൊരു നോട്ടായി എഴുതി വെക്കുന്ന ശീലം. കൂടാതെ ഗ്രാഹ്യങ്ങളിൽ നിന്നും തന്റെതായ പ്രമാണ സൂത്രങ്ങൾ കണ്ടെത്തി എഴുതി വെക്കുന്ന ശീലവുമുണ്ട്.

ഉദാ:
കാമാത്മാ + അന്തരാത്മാ = മനുഷ്യവ്യക്തി
മനുഷ്യവ്യക്തി - കാമാത്മാ = ദിവ്യവ്യക്തി.

അതു കൊണ്ടു തന്നെ അദ്ദേഹം പുസ്തകങ്ങൾ വായിക്കുകയല്ല. പഠിക്കുകയായിരുന്നു. പഠനത്തിൽ മുഴുകിയ അദ്ദേഹത്തിന്റെ ശ്രദ്ധക്ക് ഭംഗം വരുത്താൻ പരിസരങ്ങളിലെ ശബ്ദങ്ങൾക്കോ, എന്റെ വായനക്കോ കഴിയുമായിരുന്നില്ല. രാത്രിയുടെ നിശബ്ദതയിൽ എന്നും രണ്ടും മൂന്നും മണി വരെ അദ്ദേഹം പഠനത്തിലേർപ്പെട്ടിരിക്കും. അത്തരം ചില രാത്രികളിൽ  ഒമ്പതു മണിക്ക് പഠനം നിർത്തി ഞാൻ സൈക്കിളുമെടുത്ത് ശബ്ദ്ദമുണ്ടാക്കാതെ ഗോപിനാഥ ചേട്ടനും രാമചന്ദ്രനുമൊത്ത് സെക്കന്റ് ഷോ സിനിമകൾ കണ്ടിരുന്ന കാലം. സിനിമ കഴിഞ്ഞ് തിരിച്ചു വരുമ്പോഴും കൃഷ്ണമ്മാവൻ പടിഞ്ഞാറെ മുറിയിലോ, പുറത്തോ തന്റെ പ്രവത്തിയിൽ നിമഗ്നനായി ഇരിപ്പുണ്ടാവും. ഞങ്ങളുടെ പോക്കു വരവുകൾ ഒന്നും തന്നെ അറിയാതെ. മലയാളം പണ്ഡിറ്റാണെങ്കിലും ഇംഗ്ളീഷിലും അതിലേറെ  ജ്ഞാനമാണ്. ഇംഗ്ലീഷിൽ പുറകിലായ ഞങ്ങളോരോരുത്തരും അമ്മിണിയോപ്പോളുടെ നിർബന്ധപ്രകാരം അദ്ദേഹത്തിന്റെയടുത്ത് പഠിക്കാനെത്തപ്പെട്ടു.

ഞാനും ഗണേശനും വിനയനും കൂടിയിരുന്നു കമ്പയിൻ സ്റ്റഡി നടത്തുന്ന ബി കോം അവസാന വർഷത്തിലെ ഒരു രാത്രി. കിഴക്കേ മുറിയുടെ വരാന്തയിൽ ഞങ്ങൾ മൂന്നു പേരും അക്കൗണ്ടൻസിയിലെ പ്രശ്നങ്ങളുടെ കുരുക്കഴിക്കുന്ന തിരക്കിലാണ്. വരാന്തയുടെ പടിഞ്ഞാറെ തലക്കൽ ഇളമുറക്കാരി രാജേശ്വരിക്ക് കൃഷ്ണമ്മാവൻ ഇംഗ്ലീഷിൽ ട്യൂഷനെടുക്കുന്നു. വിശദമായ പഠിപ്പിക്കലിനു ശേഷം  കൃഷ്ണമ്മാവന്റെ ചോദ്യോത്തര വേളയാണ് രംഗം. ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല. സൗമ്യമായ ആവർത്തനങ്ങൾക്കപ്പുറവും ഉത്തരമില്ലായ്മയും അവളുടെ മുഖത്തെ നിർവികാരതയും കൃഷ്ണമ്മാവനെ ക്ഷുഭിതനാക്കുന്നു. കൃഷ്ണമ്മാവന്റെ ശബ്ദം സൗമ്യ ഭാവം വിട്ട് രൗദ്രഭാവത്തിലേക്ക് പരിക്രമിക്കുന്നു. “നത്ത്നെപ്പോലെ ഇരുന്നോളും.. എന്താ കാര്യണ്ടായത്. ഇത്രേം നേരം ഞാൻ വെള്ളം കോരി ഒഴിച്ചത് കമഴ്ത്തി വെച്ച കൊടത്തിന്റെ മോളിലായിരുന്നൂലോ”. ഇങ്ങ് കിഴക്കേ അറ്റത്ത് ഗണേശനും വിനയനും ശബ്ദമടക്കിപ്പിടിച്ച് ചിരിയടക്കാൻ പാടുപെട്ടു.

മുറിയിലാണ് ഞാൻ 1983ലെ ക്രിക്കറ്റ് ലോകകപ്പ് ഒറ്റക്ക് റേഡിയോവിൽ കമന്ററി കേട്ട് ചാടാതെ മനസ്സു കൊണ്ട് ചാടിത്തുള്ളിയത്. വേനല്ക്കാലത്ത് തെക്കേഷാരത്തെ നാട്ടുമാവിൽ നിന്നും മാങ്ങ വീഴുന്ന ശബ്ദ്ദങ്ങൾക്കായി കാതോർത്തിരുന്നിരുന്നത്. ടൈം ടേബിള് വെച്ച് പഠിച്ച് ബി കോം പരീക്ഷയെഴുതി പാസായത്.
അതെ, വിവാഹമുറപ്പിച്ച രാത്രിയിൽ ഞാൻ ഉറക്കമില്ലാതെ കഴിച്ചു കൂട്ടി. ഉറങ്ങാതെ സ്വപ്നങ്ങൾ കണ്ടു. അമ്പലത്തിൽ നിന്നും മുഴങ്ങുന്ന ഓരോ നാഴിക മണികൾക്കും നിയമവെടിക്കും ശ്രദ്ധ കൊടുത്ത് ഉറങ്ങാതെയുറങ്ങി നേരം വെളുപ്പിച്ചു.

നാലുമണിക്ക് നാരായണിയമ്മയുടെ നാമം ചൊല്ലൽ വരാന്തയിൽ മുഴങ്ങിയപ്പോൾ ഉണർന്നെണീറ്റു. എത്രയോ പ്രഭാതങ്ങളിൽ എന്നെ ഉണർത്തിയ അലാറമായിരുന്നു നാരായണിയമ്മ. ഇന്ന് ഉണർത്താതെയുണർന്നെണീറ്റു.
നാരായണിയമ്മയുടെ ദിവസം തുടങ്ങുന്നത് നാലുമണിക്കാണ്. തന്റെ പന്ത്രണ്ടാം വയസ്സിൽ അമ്മ മരിച്ചപ്പോൾ തൃപ്രയാർ ഷാരത്തെത്തിപ്പെട്ടതാണ് നാരായണിയമ്മ. അവർ ഒരു പണിക്കാരിയല്ല, ഷാരത്തെ ഒരംഗമാണ് അന്നു മുതൽ. തന്നെക്കൊണ്ടാവുന്ന പണികളെല്ലാം സ്വയമറിഞ്ഞു ചെയുന്നൊരംഗം. നാലുമണിക്കുണർന്നെണീറ്റാൽ പ്രഭാത കൃത്യങ്ങൾ നിർവഹിച്ച് നാലുകെട്ടും തൊട്ടടുത്തു കിടക്കുന്ന പത്തായപ്പുരയും അടിച്ചു വാരി തുടച്ച് വൃത്തിയാക്കുന്ന ജോലിയാണ് ആദ്യം. തൃപ്രയാർ ഷാരം അകായിൽ നടുമിറ്റമുള്ള നാലുകെട്ടാണ്. മുത്തശ്ശന്റെ കാലത്താണത്രെ ഇന്നു കാണുന്ന ഷാരം പണിതത്.  മുത്തശ്ശൻ തൃപ്രയാർ ഭരത പിഷാരോടി തൃപ്രയാർ അമ്പലത്തിലെ ഓഫീസ് ജോലിക്കാരനായിരുന്നു. അകായിലെ നടുമിറ്റത്തിനഭിമുഖമായി പടിഞ്ഞറ്റിയായി മച്ചും അപ്പുറവുമിപ്പുറവുമായി തെക്കെ മുറിയും വടക്കെ മുറിയും. അതിനു മുകളിലായി ഒന്നാം നിലയിൽ മൂന്നു മുറികൾ. അതിനും മുകളിലായി രണ്ടാം നിലയിൽ തട്ടിൻപുറം. അകായിൽ നിന്നും വടക്കോട്ട് കടന്നാൽ വടക്കിണി, അതിനപ്പുറം അടുക്കള, വടുക്കോറമെന്ന വടക്കുപുറം. ഇത്രയും സ്ഥലങ്ങളും തെക്കെപ്പുറത്തുള്ള പത്തായപ്പുരയും അടിച്ചു തളിച്ച് വൃത്തിയാക്കുന്നത് എൺപതിലെത്താറായ കാലത്തും ഒറ്റക്കാണ്.
നാരായണിയമ്മ 

അതോടൊപ്പം ഉറക്കെയുള്ള  നാമജപവും തുടരും. കവി കുഞ്ഞുണ്ണി മാഷുടെ സഹപാഠിയാണ് നാരായണിയമ്മ. കുഞ്ഞുണ്ണി മാഷെപ്പോലെ പൊക്കം കുറഞ്ഞ നാരായണിയെ കവി കുറ്റിപ്പെൻസിലെന്ന് വിളിച്ചിരുന്നത്രെ. വൃത്തിയുടെയും വെടുപ്പിന്റെയും കാര്യത്തിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല നാരായണിയമ്മ. അതൊക്കെ അവിടെ വളർന്ന ഓരോ തലമുറക്കും പകർന്നു തരാനും അവർക്കായി.

പുഴയിൽ ഉപ്പ് കയറിയത് കാരണം പുത്തൻ കുളത്തിൽ പോയി കുളിച്ചു. കുളിച്ച് തേവരെ തൊഴുതു വന്നു. കിഴക്കെ മുറിയുടെ വരാന്തയിൽ മാതൃഭൂമിപത്ര വായനയിൽ ലയിച്ചിരുന്ന  എന്നെ ആരോ പേരു വിളിക്കാതെ വിളിച്ചത് കേട്ടാണ് ഞാൻ തലയുയർത്തി നോക്കിയത്. 

അതെ, അതവളാണ്. രാജേശ്വരി. കോളേജിലേക്ക് പോകുന്ന പോക്കിൽ യാത്രപറയാൻ വിളിച്ചതാണ്.
വിളി, വിളിയുടെ രീതി എനിക്കിഷ്ടപ്പെട്ടു. ഇത്രയും കാലം നീ വിളിക്കുമ്പോൾ ഇത്തരമൊരു സങ്കോചം നിന്നിൽ ഞാൻ ദർശിച്ചിരുന്നില്ല. ഒരു ഭാവി ഭർത്താവിനെ എന്തു വിളിക്കണം, എങ്ങിനെ സംബോധന ചെയ്യണം, എന്ന സന്ദേഹം എനിക്കൂഹിക്കാം. അടുത്ത വരവിൽ കാണാമെന്ന് പറഞ്ഞ്, എനിക്കോർത്തു ചിരിക്കാൻ വക നല്കിയ വിളി സമ്മാനിച്ച്, അവൾ കോളേജിലേക്ക് യാത്രയായി.
ഞാൻ ചെറുകരെക്കും.




No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...