ഫെബ്രുവരി കഴിഞ്ഞു. ഹോളി കഴിഞ്ഞു. തണുപ്പകന്നു. മാർച്ച് മാസം സൂര്യതാപത്തെ ഉയർത്തിക്കൊണ്ടിരിക്കുന്നു. ഞാനാകട്ടെ ഗ്രീഷ്മത്തിനപ്പുറമുള്ള വർഷത്തെയും അതിനുമപ്പുറമുള്ള പൊൻ ചിങ്ങത്തെയും വരവേൽക്കാനായി അക്ഷമനായി കാത്തിരിക്കുകയാണ്.
“ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും” എന്ന ഗാനം ഗിരീഷ് പുത്തഞ്ചേരി അന്നെഴുതിയിട്ടില്ലാത്തതിനാൽത്തന്നെ അതു മൂളിയില്ല. പകരം “സുന്ദരി നീയും സുന്ദരൻ ഞാനും ചേർന്നിരുന്നാൽ തിരുവോണം” എന്ന ഗാനം മനസ്സിൽ പാടി നടന്നു.
യാത്രാ വേളകളിലെ എന്റെ സന്തത സഹചാരിയായിരിക്കുന്നു നീ. നിനക്കൊരു കത്തെഴുതുന്നതിനെപ്പറ്റിയാണ് ഞാനിന്നാലോചിച്ചത്.
എങ്ങിനെ തുടങ്ങണമെന്നറിയായ്ക. തുടക്കം കത്തെഴുതലിനെക്കുറിച്ചു തന്നെയാവട്ടെ.
“നിനക്കിന്നുവരെ ആരെങ്കിലും കത്തെഴുതിയിട്ടുണ്ടൊ? ഒരു കത്ത് സ്വന്തം മേൽ വിലാസത്തിൽ കിട്ടുകയെന്നത് കുട്ടിക്കാലത്ത് ഏതൊരാളെയും പോലെ എന്റെയും സ്വപ്നമായിരുന്നു. നിന്റെ മനസ്സിൽ അത്തരമൊരു വികാരം ഉടലെടുത്തിട്ടുണ്ടോ എന്നെനിക്കറിയില്ലല്ലോ?”
എനിക്കാദ്യമായി കിട്ടിയ കത്ത് അച്ഛന്റെയായിരുന്നു. ചെറുകരെ സ്കൂളിലെ വേശു ടീച്ചറുടെ ഒന്നാം ക്ളാസിലേക്ക്, കാക്കി പാന്റും ഷർട്ടുമിട്ട പോസ്റ്റ്മാൻ കുമാരൻ നായർ എന്റെ പേർ വിളിച്ചെത്തി നല്കിയ കത്ത്. എന്റെ പേർ മേൽവിലാസത്തിലെഴുതിയ, അച്ഛൻ മിലിട്ടറിയിൽ നിന്നുമയച്ച ആ ഇൻലൻഡ്, അതിന്റെ ഓർമ്മ ഇന്നും മനസ്സിലുണ്ട്. പഠനം തുടങ്ങിയ മകന് ഒരച്ഛനയച്ച, നല്ലകുട്ടിയായി പഠിച്ചു മുന്നേറണമെന്നും മറ്റും പറഞ്ഞ് ഉപദേശരൂപേണയുള്ള കത്ത്.
ചെറുകരെ നിന്നും തൃപ്രയാറേക്ക് പറിച്ചു നട്ടത് എന്നിലെ കത്തെഴുത്തുകാരനെ പരിപോഷിപ്പിച്ചുവെന്നു വേണം കരുതാൻ. ആഴ്ചകൾ തോറും അമ്മക്കും വിജയനും എഴുതിയ കത്തുകളിൽ പലപ്പോഴും പുതു രീതികൾ പരീക്ഷിച്ചു. വിജയന് പലപ്പോഴും ആംഗലേയത്തിലെഴുതി. അപ്പോഴൊന്നും, കോളേജ് വിദ്യാഭ്യാസകാലത്തു പോലും ഒരു പെൺ കുട്ടിക്ക് ഒരു കത്തെഴുതുകയോ, കൊടുക്കുകയോ, അയക്കുകയോ ഉണ്ടായിട്ടില്ല.
അമ്മിണിയോപ്പോളുടെ കത്തെത്തി. രാജേശ്വരിയുടെ പരീക്ഷ ഏപ്രിൽ 2നു തുടങ്ങുന്നു. പൂരം പുറപ്പാട് മാർച്ച 22ന്, എന്റെ പിറന്നാൽ 23ന്, എന്നിങ്ങനെ. മറുപടിയെഴുതി. അവളോട് അന്വേഷണം പറയാനേൽപ്പിച്ചു. നേരിട്ടെഴുതൽ പരീക്ഷ കഴിഞ്ഞാവാം.
ഗുഡി പാഡ്വ ദിനം. മഹാരാഷ്ട്രീയന്റെ പുതുവർഷ ദിനം.
കുർള രാമചന്ദ്രന്റെ ഭവനത്തിൽ വെച്ച് സമാജം മീറ്റിംഗ്. സ്വന്തമായൊരു സ്ഥലം വാങ്ങിക്കേണ്ടുന്നതിനപ്പറ്റി ചൂടു പിടിച്ച ചർച്ചകൾ.
സതീശൻ കല്യാണിൽ ഒരു റൂം കണ്ടു വന്നിരിക്കുന്നു. പെണ്ണുകാണലിനു മുന്നോടിയായുള്ള റൂം തേടൽ. ഓരോരുത്തരായി പതിയെ വഴിപിരിയുന്നു. ഇണ ചേരാനായി ഒറ്റപ്പെറ്റുന്നവർ. ജീവിതത്തിലെ അനിവാര്യതകൾ. ബന്ധങ്ങളൊന്നും ശാശ്വതമല്ലെന്ന സത്യത്തിലേക്കുള്ള ചൂണ്ടുപലകകൾ.
പ്രഭാത യാത്രാവേളയിൽ വായിച്ച ഗദ്യശില്പി ഭാഷ ലാളിത്യമുള്ളതാക്കുവാൻ പറയുന്നു. എഴുതിത്തുടങ്ങുന്നവർക്ക് ഒരുപാട് ഉപദേശങ്ങളും പോംവഴികളും. അപ്പോൾ മനസ്സ് മറ്റൊരു കഥയുടെ പണിപ്പുരയിലായിരുന്നു..
നാട്ടിലെത്തിയ വിശ്വനാഥനെന്ന ചെറുപ്പക്കാരൻ. കല്യാണാലോചനയാണ് പ്രധാന ലക്ഷ്യം. നിർബന്ധങ്ങൾക്ക് വഴങ്ങിയെത്തുന്നു.
നാട്ടു പ്രമാണിയും ചാർച്ചക്കാരനുമായ അപ്പുമാമൻ 3 കുട്ടികളുടെ കാര്യം പറയുന്നു. മൂന്നും മൂന്നു തരം. അവയൊന്നുപോലും വിശ്വനെ ആകർഷിച്ചില്ല. അപ്പുമ്മാവന്റെ ദു:ഖം, കുട്ടികളില്ലാത്ത ദു:ഖം. വിശ്വന്റെ ദു:ഖം വേറൊന്നാണ്, മുറപ്പെണ്ണില്ലാത്ത ദു:ഖം. മനസ്സിൽ താലോലിക്കാൻ, ഓർത്തു സന്തോഷിക്കാൻ ഒരു പെണ്ണില്ലാത്തതിന്റെ ദു:ഖം.
അയാളുടെ തറവാട്ടിൽ ഇന്നേവരെ ആരും പെണ്ണുകാണാൻ നടന്നിട്ടില്ല. അമ്മാവന്മാരും അച്ഛനും, അവരുടെ പരം പിതാക്കളും ആ ചിട്ട തെറ്റാതെ നടന്നവരാണ്. ആ ചിട്ട വിട്ട് നടക്കേണ്ടിവന്ന തറവാട്ടിലെ ആദ്യ സന്തതി. അയാളുടെ ദു:ഖം അവരറിയുന്നു. അവനവരോട് പ്രാർത്ഥിക്കുന്നു. തന്റെ നിസ്സഹായാവസ്ഥ, ഒരു പെണ്ണിനെയും വേണ്ടെന്ന് പറയാനാവായ്ക. ആ ദു:ഖം അവരേറ്റു വാങ്ങുന്നു.
പ്രഭാതയാത്രയിൽ കഥയുടെ ചെറു ചെറു മുകുളങ്ങൾ മനസ്സിൽ പൊട്ടിമുളക്കുന്നു. വൈകുന്നേരമാവുമ്പോഴേക്കും അവ വാടുകയും ചെയ്യുന്നു. ഭാവനയിലെ ക്ഷണികസന്തതികളായ അത്തരം കഥാശകലങ്ങൾ, വിചിന്തനം ചെയ്യുമ്പോൾ ഒരു തുടക്കക്കാരന്റെ കഥയില്ലായ്മയാണെന്ന് സ്വയം തിരിച്ചറിയുന്നു. അവയെ തീവണ്ടിയിലെ റാക്കുകളിൽ ഉപേക്ഷിച്ചു പോരുന്നു.
പിറന്നാൾ ദിനം. തൃപ്രയാറിലെ രണ്ടാം പൂരം. മുരളിയുമൊത്ത് രാവിലെ നേരത്തെ യെഴുന്നേറ്റ് ഡോംബിവിലി പൊന്നുഗുരുവായൂരപ്പ സന്നിധിയിലെത്തി. രാവിലത്തെ ഭഗവൽ ദർശനം, അനുഭൂതിദായകം തന്നെ.
ഇന്നത്തെ പ്രവൃത്തിദിനപരിമിതികൾ മൂലം ആഘോഷത്തെ പിറ്റേന്നക്ക് മാറ്റി വെച്ചു.
നമുക്കു വേണ്ടി പ്രാർത്ഥിക്കാൻ ഒരാൾ ഉണ്ടാവുകയെന്നത് ആലോചനാമധുരമാണ്. സ്വന്തം അമ്മ കഴിഞ്ഞാൽ, അത് നിർവ്വഹിക്കുക ജീവിതസഖിയായിരിക്കും. സഖിയാവാൻ തയ്യാറെടുത്തു കഴിയുന്നവൾ അപ്രകാരം ചെയ്തിരിക്കുമോ? അറിയില്ല.
സ്വാർത്ഥത ഇല്ലെന്നൊന്നും അവകാശപ്പെടാൻ ആവില്ലെന്നാലും, എന്തോ, എനിക്കു വേണ്ടി പ്രാർത്ഥിക്കാൻ എനിക്കറിയാതെയായിട്ട് വർഷങ്ങൾ ഏറെയായിരിക്കുന്നു. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.
No comments:
Post a Comment