തൃപ്രയാറിൽ നിന്നും ചെറുകരേക്ക് തിരിച്ചപ്പോൾ അവളുടെ രണ്ടു സ്റ്റിൽ ഫോട്ടോകൾ ആൽബത്തിൽ നിന്നുമെടുത്തു. ബോംബെ കൂട്ടുകാർക്ക് ഭാവി വധുവിനെ കാണിച്ചു കൊടുക്കാനെന്ന പേരിൽ. സെപ്തംബർ വരെ കണ്ടുള്ളം നിറക്കാൻ നിന്റെ ആ ചിരിക്കുന്ന മുഖത്തിന്റെ ദൃശ്യങ്ങൾ എന്റെ കണ്ണുകൾ രാവിലെയെടുത്തത് ആ വിളിയുടെ ശബ്ദവ്യതിയാനങ്ങളോടെ മിശ്രണം ചെയ്ത് മനം ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചു കഴിഞ്ഞു.
ചെറുകരയിൽ പിറ്റേന്ന് ശോഭയും മനുവുമെത്തി. അവരോടൊപ്പം തിരുമാന്ധാംകുന്നിലമ്മയെ തൊഴാൻ പോയി. ഭഗവതിയോട് സകലചരാചരങ്ങൾക്കും സൗഖ്യം തരേണമേ എന്ന് പ്രാർത്ഥിച്ചു. അതിനപ്പുറമൊരു പ്രാർത്ഥന ഇന്നേ വരെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. കാര്യസാദ്ധ്യത്തിനായി പ്രാർത്ഥിക്കാൻ എന്തു കൊണ്ടോ, ഇന്നേ വരെ ശ്രമിച്ചിട്ടില്ല.
എന്റെ ലീവ് അവസാനിക്കാൻ രണ്ടു ദിവസം കൂടി. പെരിന്തൽമണ്ണയിൽ നിന്നും കയ്പ്പക്ക കൊണ്ടാട്ടത്തിനുള്ള അസംസ്കൃത വസ്തുക്കളുമായെത്തി, കൊണ്ടാട്ടമുണ്ടാക്കിയുണക്കാനിട്ടു. കി. പത്തായപ്പുര, ജോൽസ്ന, ചന്ദ്രാലയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി, യാത്ര പറഞ്ഞു പോന്നു.
പിറ്റേന്ന് ശോഭയും മനുവും ആലത്തൂരിലേക്ക് പോയി. രണ്ടു ദിവസം കഴിഞ്ഞാൽ അവർ കൽക്കത്തക്ക് പോവുകയാണ്. നാളെ ഞാൻ ബോംബെക്കും.
അമ്മയും മുത്തശ്ശിയും കുഞ്ഞുകുട്ടമ്മാവനും |
അമ്മയും മുത്തശ്ശിയും ഒറ്റക്കാവുന്നു. അമ്മയുടെ ദു:ഖം! അതറിയാൻ ഞാനിന്നേവരെ ശ്രമിച്ചിട്ടില്ലെന്ന് തോന്നുന്നു. ഭർത്താവിന്റെ നഷ്ടം, വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ആൺ മക്കളുടെ വേർപിരിയൽ. ഇപ്പോൾ ഇതു വരെ കൂടെയുണ്ടായിരുന്ന മകളും അമ്മയെ പിരിയുന്നു. അവയൊന്നും അറിയാനോ, മനസ്സിലാക്കാനോ വേണ്ടത്ര ശ്രമിച്ചിട്ടില്ലെന്നത് നേര്. ചെറുപ്പത്തിലേ അമ്മയെ വേറിട്ടതുകാരണമാവാം, ഈ ചെറിയ പിരിയലുകൾ ഒരിക്കലും എനിക്ക് ദു:ഖങ്ങളാകാത്തത്. ഇനിയെന്ത്? വലിയൊരു ചോദ്യചിഹ്നം മുമ്പിൽ. മുത്തശ്ശിയുടെ വാർദ്ധക്യം, ആളില്ലെന്ന പ്രശ്നം. എന്റെ കല്യാണമോ, അവളോ, ഇതിനൊരു പരിഹാരമാവുമോ? ആവുമെന്ന് അമ്മ പോലും പറയുമെന്ന് തോന്നുന്നില്ല. ആത്യന്തികമായി നമ്മളെല്ലാം സ്വാർത്ഥരാണ് എന്ന സത്യം തിരിച്ചറിയുന്നു.
അമ്മയേയും മുത്തശ്ശിയേയും തനിച്ചാക്കി വീണ്ടും ബോംബെക്ക് യാത്ര തിരിച്ചു. ശിന്നക്കുട്ടി അമ്മായിയുള്ളതാണ് ചെറിയൊരാശ്വാസം. അമ്മായിക്കും വയസ്സായിരിക്കുന്നു, അമ്മായിയുടെ മാസം തോറുമുള്ള തീർത്ഥയാത്രകൾക്കപ്പുറം ചെറുകരെയുണ്ടാവുന്ന ദിനങ്ങൾ കുറവാണ്. യാത്രയയക്കാൻ വിജയനും അപ്പുണ്ണിയേട്ടനുമായിരുന്നു ഇക്കുറി.
വണ്ടി വൈകിയോടുന്നു. നേരെ മുമ്പിലും അപ്പുറവും ഇപ്പുറവും വൈകിയോടലാസ്വദിച്ച് നവദമ്പതികൾ. അവരുടെ കാഴ്ച എന്നെ അല്പ്പമെങ്കിലും അലോസരപ്പെടുത്താതിരുന്നില്ല. പ്രത്യേകിച്ചും വിവാഹം ഉറപ്പിച്ചുള്ള ഈ യാത്രാ വേളയിൽ. ഇന്നത്തെപ്പോലെ വിവാഹപൂർവ്വ സംഗമങ്ങളും ഫോൺ വിളികളും അന്യമായിരുന്ന, ഹണിമൂൺ ട്രിപ്പുകൾ സാധാരണക്കാർക്കിടയിൽ സാർവ്വത്രികമാവാതിരുന്ന, അക്കാലത്തെ നവദമ്പതികളുടെ ജോലിസ്ഥലത്തേ ക്കുള്ള ആദ്യ ദൂര യാത്രകളിലെ അവരുടെ ചെയ്തികൾക്ക് എകദേശം ഒരേ മട്ടും ഭാവാദികളുമാണ്. വിവാഹം കഴിഞ്ഞ് അടുത്തറിഞ്ഞും അനുഭവിച്ചുമുള്ള ദിനരാത്രങ്ങൾക്കപ്പുറമുള്ള, അതേ സമയം വിരുന്നിന്റെയും ബന്ധുക്കളുടെയും തിരക്കിൽ രക്ഷനേടി അവരുടെതായ ലോകത്തിലേക്കുള്ള ആദ്യ യാത്രയിൽ അവർ സ്വതന്ത്രരാവുകയാണ്. പരസ്പരം തൊട്ടുരുമ്മിയും ഇണയുടെ സാമീപ്യം ഓരോ നിമിഷവും ആസ്വദിച്ചുമുള്ള ആ യാത്രയിൽ അവർ പലപ്പോഴും പൂച്ചകളാവും. അവരുടെ ഈ പാലുകുടികൾക്ക് ആരും കാഴ്ചക്കാരില്ലെന്ന മട്ട്.
കാഴ്ചക്കാരെ സംബന്ധിച്ചിടത്തോളം അരോചകമാവുന്ന ഇത്തരം വിഴുപ്പലക്കലുകൾ പൊതുജനമദ്ധ്യത്തിൽ നടത്താതിരിക്കാൻ മനോബലം നല്കണമേ എന്ന പ്രാർത്ഥനയോടെ ആന്ധ്രയുടെ തരിശു നിലങ്ങളിലേക്ക് കണ്ണും നട്ട് ഞാനിരുന്നു. മനസ്സിലേക്ക് അവൾ നടന്നു കയറി വന്നു. ഒരു പാട് ആകസ്മികതകൾ ഞങ്ങളുടെ ഈ ബന്ധത്തിനു പുറകിലുണ്ടെന്നു തോന്നുന്നു. അതിന്റെ പരമ്പരയിലെ ആദ്യ കണ്ണി അച്ഛന്റെ മരണം തന്നെയായിരുന്നിരിക്കണം. എന്റെ തൃപ്രയാറേക്കുള്ള പറിച്ചു നടൽ. അവിടത്തെ ഏഴുവർഷത്തെ വാസം. അവിടെ നിന്നും വിട്ടതിനു ശേഷവുമുള്ള സന്ദർശനങ്ങൾ. അവളുടെ വളർച്ച. ആ വളർച്ചയോടൊപ്പം എന്നിലെ മോഹവും വളർന്നുവെന്ന സത്യം. അതിനിടയിലെ രാഘവമ്മാവന്റെ മരണം.
അന്നു ഞാൻ നടന്നു കയറിയ വഴി രാജേശ്വരിയുമായുള്ള ബാന്ധവത്തിലേക്കുള്ളതാണെന്ന് സ്വപ്നേപി കരുതാൻ വഴിയില്ല. പക്ഷെ, ഇന്നതൊരു യാഥാർത്ഥ്യമായി എന്റെ മുമ്പിലെത്തി നില്ക്കുന്നു.
വൈകിയോടിയ വണ്ടി കല്യാണിലെത്തിയപ്പോഴേക്കും രാവിലെ ഏഴരയായി. ലീവ് ഒരു ദിവസത്തേക്ക് കൂടി നീട്ടി. രമേശേട്ടനും ഗണുവും വന്നു. എല്ലാവർക്കും ഇന്നിന്റെ അവളെ കാണിച്ചു കൊടുത്തു.
വീണ്ടും ആരതിയിലെ ഓഫീസ് ചര്യകളിലേക്കൊരു തിരിച്ചു പോക്ക്. ഒരു മാസത്തെ ഇടവേള ഏല്പ്പിച്ച മടിയോടെ ആരതിയിൽ ചെന്നു കയറി. ഇൻകം ടാക്സിന്റെ കത്തു വന്ന് കിടക്കുന്നു. ഒരു മാസത്തെ ബില്ലിംഗ് മുഴുവൻ ബാക്കി. വൈകിയിരുന്ന് പണികൾ ഒരുവിധം പാളത്തിൽ കയറ്റി മടങ്ങിയപ്പോഴേക്കും മണി ഒമ്പത്.
ഇന്ന് കുംഭ ഭരണി. അച്ഛന്റെ ശ്രാദ്ധ ദിനം. ഓർമ്മ പോലുമില്ലാതെ പോയ ദിനം. 15 വർഷത്തെ വിടവ്. അച്ഛൻ നിറവേറ്റേണ്ടിയിരുന്ന ഒരു വലിയ കടമ, അത് ഞാനീ കൊല്ലം നിറവേറ്റിയിരിക്കുന്നു. കടപ്പാടിന്റെയും ബാദ്ധ്യതകളുടെയും അർത്ഥതലങ്ങളെ മനസ് വ്യാഖ്യാനിച്ചു കൊണ്ടിരുന്നു.
No comments:
Post a Comment