ഏകദേശം ഒരു
മാസത്തെ ഒളിച്ചു കളിക്ക് ശേഷം മഴ നഗരത്തെ കെട്ടിപ്പുണർന്ന ഒരു ഞായറാഴ്ചയാണ് ഞങ്ങൾ
ക്ഷേത്രദർശനത്തിനായി പുറപ്പെട്ടത്.
ഒഴിവുദിനത്തിലെ തിരക്കൊഴിഞ്ഞ, ചെറുതായി മഴവെള്ളം കെട്ടി നിൽക്കുന്ന റോഡിലൂടെ ഡ്രൈവിങ് രസകരമാണ്.
നഗരം ഉണർന്നു വരുന്നതേയുള്ളൂ.
ഒഴിഞ്ഞ റോഡിലൂടെ
സിഗ്നലുകളൊന്നും നോക്കാതെയാണ് മറ്റു ഡ്രൈവർമാരുടെ വണ്ടിയോട്ടങ്ങൾ. അത് കൊണ്ട് തന്നെ
ഓരോ ചെറു സിഗ്നലുകളിലും ആരെപ്പോൾ നമുക്കിട്ട്
പണി തരുമെന്ന ചിന്തയിൽ ഏറെ സാവധാനത്തിലാണ് ഓടിക്കുന്നത്. നാലാം ഗിയറിലേക്ക് ചാടാതെ
മൂന്നിൽ തന്നെ പൊയ്ക്കൊണ്ടിരുന്നു. എന്നാലും റോഡൊഴിഞ്ഞു കണ്ടപ്പോൾ, ഒരു സിഗ്നൽ മുറിച്ചു കടന്നത് ശ്രദ്ധിച്ച സഹയാത്രിക, അവര് ചെയ്യുമ്പോലെ ഓടണ്ട, അമ്പലം ഏങ്ങട്ടും പോവില്ല, സിഗ്നലുകളിലൊക്കെ
നിർത്തി പോയാൽ മതി എന്ന കർക്കശ സ്വരത്തിലുള്ള
പോലീസിങ്ങിനെ മറി കടക്കാൻ ഞാനും മടിച്ചു, കാലിന്റെ തരിപ്പിനെ തൽക്കാലം പിടിച്ചു നിർത്തി.
മഴക്കുളിരിൽ മടിപിടിച്ച്
എഴുന്നേൽക്കാൻ വൈകിയതാവാം, ഒന്നാം തിയ്യതിയായിട്ടും അന്ധേരി വീരദേശായി
അമ്പലത്തിൽ ആൾത്തിരക്കില്ല. സുഖമായി തൊഴുതു. ഭാര്യക്ക് ആശ്വാസം.
ക്ഷേത്ര ദർശനം
കഴിഞ്ഞ് മടങ്ങും വഴി റൂട്ടൊന്ന് മാറ്റിപ്പിടിക്കാനായി ജൂഹു ചൗപ്പാത്തി വഴിയാണ് വണ്ടിയെടുത്തത്.
ജുഹു കടൽത്തീരം ആളൊഴിഞ്ഞു കിടക്കുന്നു. മഴ കാരണമാവാം പ്രഭാതസവാരിക്കാരെയും കണ്ടില്ല. ചക്രവാളം മുട്ടി, എപ്പോൾ വേണമെങ്കിലും പൊട്ടിവീഴാമെന്ന
മട്ടിൽ നിൽക്കുന്ന കരിമേഘങ്ങൾക്ക് കീഴെ ശക്തമായ തിരമാലകൾ ദൂരെ നിന്നും തീരത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിലൂടെ കലങ്ങിയൊഴുകുന്ന നദികൾ നൽകിയ
ചെളിവെള്ളത്തിന്റെ നിറമാണിപ്പോൾ കടലിനും.
ജുഹു ബീച്ച്
കഴിഞ്ഞ്,
ഹോട്ടൽ സീ പ്രിൻസസും കിഷോർ കുമാർ ബംഗ്ളാവും കഴിഞ്ഞ് കോളിവാഡ വളവും കഴിഞ്ഞുള്ള ലിഡോയുടെ പുറകിലായാണ്
സംഗീത അപ്പാർട്മെന്റ്റ്.
കല്യാണം
കഴിഞ്ഞു ഭാര്യയെ നഗരത്തിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോൾ അവിടെയായിരുന്നു ജോലി.
കോളിവാഡ വളവു തിരിഞ്ഞപ്പോൾ ഭാര്യ ചോദിച്ചു. ആരതി റെക്കോർഡിങ് ഇപ്പോഴുമുണ്ടോ ?
വാസ്തവത്തിൽ അതവിടെയുണ്ടോ
എന്നത് ആദ്യകാലങ്ങളിലെ ചില ഫോൺ വിളികൾക്കപ്പുറം പിന്നീടൊരിക്കൽ പോലും അന്വേഷിച്ചിട്ടില്ല
എന്ന കുറ്റബോധത്തോടെത്തന്നെ ഞാൻ മിണ്ടാതിരുന്നു. അടുത്ത നിമിഷം കൈ സിഗ്നൽ സ്വിച്ചിലേക്ക്
ചലിച്ചു, റൈറ്റ് സിഗ്നലിട്ട് സംഗീത അപ്പാർട്മെന്റിലേക്ക് പോകുന്ന ഗല്ലിയിലേക്ക്
വണ്ടി തിരിഞ്ഞു.
ഇതെങ്ങട്ടാ
പോണ് എന്ന ഭാര്യയുടെ ചോദ്യത്തിന് പെട്ടെന്നെന്താണ് ഉത്തരം പറയേണ്ടതെന്നറിയാതെ
കുഴങ്ങിയേടത്ത് നിന്നും, നമുക്കതൊന്ന് പോയി നോക്കി വരാം
എന്ന് പറഞ്ഞു രക്ഷപ്പെട്ടു.
അതെ, ചില നേരം നമ്മുടെ പ്രവൃത്തികൾ നമ്മുടെയൊന്നും വരുതിയിലായിരിക്കില്ല.
നാമറിയാതെ ആരോ ചിലർ നമ്മെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോവും.
ഞാൻ വെറുതെ
ചോദിച്ചൂന്നെ ള്ളൂ. ഇപ്പൊ പോയി നോക്കാനൊന്നും പറഞ്ഞില്ല്യാലോ. നോക്കൂ, പോയിട്ട് വേണം ബ്രേക്ക് ഫാസ്റ്റുണ്ടാക്കാൻ.
അതങ്ങനെയാണല്ലോ, സമയാസമയത്തുള്ള ഭക്ഷണങ്ങളെക്കുറിച്ചാണല്ലോ നമുക്കോരോരുത്തർക്കും
വേവലാതി. അതൊന്ന് താളം തെറ്റുന്നത് നമുക്കാർക്കും ഇഷ്ടമല്ല. പക്ഷെ, ഇന്നെന്തോ അത്തരത്തിലുള്ള ചിന്തകൾക്കപ്പുറം ആരോ ആ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പൊയ്ക്കൊണ്ടിരുന്നു.
വണ്ടി ഗല്ലിയിൽ നിന്നും സംഗീത അപ്പാർട്മെന്റിലേക്ക് പ്രവേശിച്ചു.
സൊസൈറ്റിയിലെ ബിൽഡിങ്ങുകൾക്കൊന്നും കാര്യമായ
മാറ്റങ്ങളില്ല. പഴമയുടെ ചുളിവുകളും വിണ്ടുകീറലുകളും അവയെ മായ്ക്കുന്ന വരകളും
കുറികളുമായി ദൈന്യമാർന്ന ഭാവത്തോടെ ഓരോ ബിൽഡിംഗുകളും
എന്നെ സാകൂതം നോക്കുന്നത് പോലെ തോന്നി.രണ്ടാമത്തെ ബിൽഡിങ്ങിലെ ഗ്രൗണ്ട് ഫ്ലോറിൽ കുളി കഴിഞ്ഞീറൻ മുടി പരത്തിയിട്ട്
നിന്ന് വരുന്നവരെയും പോകുന്നവരെയും നോക്കി നിൽക്കാറുള്ള സർദാർജിയെ കണ്ടില്ല. പരിചയമുള്ള
ആരെയും.
ആരതി സൗണ്ട്സും
റെക്കോർഡിങ്ങും ഉള്ള ബിൽഡിങ് വടക്ക് ഭാഗത്തായി
ഏറ്റവും അറ്റത്താണ്.
വണ്ടി പതുക്കെ
മുന്നോട്ടെടുത്തു. രണ്ടു മൂന്ന് കെട്ടിടങ്ങൾക്കപ്പുറത്തായി ഇടത് വശത്തായി ഒരു ചെറിയ
പാർക്ക്, പാർക്കിന്റെ ഓരം പറ്റിയുള്ള
ബിൽഡിങ്ങിന്റെ താഴത്തെ നിലയിലായി പ്രവർത്തിച്ചിരുന്ന AC സർവീസ് നടത്തിയിരുന്ന ഒരു കമ്പനിയുണ്ടായിരുന്നു. അതിനപ്പുറത്തെ
ഭാഗത്താണ് ആരതി. പക്ഷെ ആരതി അവിടെയുണ്ടോ എന്നതിനേക്കാൾ എന്റെ മനസ്സ് പെട്ടെന്ന് ആ AC സർവീസ് സെന്ററർ അവിടെയുണ്ടോ എന്നറിയാനായി ഇടംകണ്ണിട്ടു നോക്കിക്കൊണ്ട് പതുക്കെ ആ പാർക്കിന്റെ ഓരം പറ്റി വണ്ടി നിറുത്തി.
ഇതെന്താ ഇവിടെ
നിർത്തിയത്, ആരതി അപ്പുറത്തെ ബിൽഡിങ്ങിൽ ആയിരുന്നില്ലേ.
അതെ..
ഞാനിവിടെ ജോലി
ചെയ്യുന്ന കാലത്ത് ഭാര്യ ഒന്ന് രണ്ടു വട്ടം ഇവിടേക്ക് വന്നിട്ടുണ്ട്. ആ ഓർമ്മയിലാവണം
അവൾ ചോദിച്ചത്.
അവിടെ പാർക്കിങ്ങിന് സ്ഥലം കാണില്ല, ഇവിടെ ഒഴിഞ്ഞു കിടക്കുകയല്ലേ.. ഞാനൊരു നുണ പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി, പക്ഷെ, ആ കാലെടുത്തു വെച്ചത് മൂന്ന് പതിറ്റാണ്ട്
പുറകിലേക്കായിരുന്നു, സാന്താക്രൂസിൽ നിന്നും ജുഹുവിലേക്ക്
പോവുന്ന വഴിക്കുള്ള ലീഡോ സ്റ്റോപ്പിലേക്ക്.
ബസ് സ്റ്റോപ്പിൽ
നിന്നും സംഗീത അപ്പാർട്ട്മെന്റിലേക്കുള്ള നടത്തം ഒരു അനുഗമനമാണ്. മുന്നിൽ നടക്കുന്ന
വട്ടത്തിൽ കുങ്കുമപ്പൊട്ടിട്ട ഒരു മലയാളിപ്പെണ്കൊടിയുടെ പുറകെ കൃത്യമായ അകലം പാലിച്ചുകൊണ്ടുള്ള
ആ നടത്തം ഇടത്തോട്ട് തിരിഞ്ഞുള്ള ഗല്ലിയിലേക്ക് പ്രവേശിച്ച്, സംഗീത അപ്പാർട്മെന്റിലേക്കും അവിടെയുള്ള പാർക്കിന്റെ ഓരത്തിലൂടെ
ആ AC
സർവിസ് സെന്ററിലേക്ക് തിരിയുന്നിടം വരെ പിന്തുടരും. ബോംബെക്കാരന്റെ വണ്ടി പിടിക്കാനുള്ള നടത്തം ശീലിച്ച
എന്നെ സംബന്ധിച്ചിടത്തോളം മുമ്പേ പോകുന്ന
അന്നനടക്കൊത്തുള്ള അനുപദചലനം ഏറെ ശ്രമകരമാണ്.
പെട്ടെന്നാണ് മുമ്പിലേക്ക്
നടന്ന ഭാര്യ ചോദിച്ചത്, എന്താത് ഒച്ചെഴയണ പോലെ നടക്കണത്. അപ്പറത്തെ
വിങ്ങിൽ അല്ലെ നിങ്ങടെ ഓഫിസ് ഉണ്ടായിരുന്നത്.
ഒരു നിമിഷം ആ കുങ്കുമപ്പൊട്ടിൻറെ
പുറകിൽ നിന്നും തട്ടിമാറ്റിയകറ്റിയ അവളോട്
ചെറുതായെങ്കിലും ദേഷ്യം തോന്നി. പക്ഷെ അത് കാണിക്കാതെ നേരെ മുമ്പോട്ട് നോക്കിക്കൊണ്ട്
വേഗത്തിൽ നടന്നു.
സി ടൈപ് ബിൽഡിങ്ങിലെ
ഉൾവശത്തായി ഗ്രൗണ്ട് ഫ്‌ളോറിലാണ് ആരതി സൗണ്ട്. അതിന്റെ നേരെ പുറകിലായായിരുന്നു AC സർവീസ് സെന്ററർ സ്ഥിതി ചെയ്തിരുന്നത്. തല്ക്കാലം ആ ഓർമ്മകളെ
മനസ്സിലൊളിപ്പിച്ച് സി ടൈപ്പ് ബില്ഡിങ്ങിന്റെ ഉൾ ഭാഗത്തേക്ക് തിരിഞ്ഞു. അന്ന് തൊട്ടപ്പുറത്ത് വലത് വശത്തായിട്ടായിരുന്നു അസ്രാണിയുടെ ഓഫിസ്. ഇടത്ത് ഭാഗത്തായി ഡേവിഡ് ധവാന്റെ എഡിറ്റിംഗ് റൂമും.
താഴത്തെ നിലയിൽ
ഇപ്പോൾ ആ ഓഫിസുകളൊന്നും തന്നെയില്ല. ആരതി സൗണ്ട്സും പൂട്ടിപ്പോയിരിക്കുന്നു. അവിടെ
മാത്രം വേറൊരു ചെറിയ ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ആരതി റെക്കോർഡിങ് സി ടൈപ്പിലെ വടക്കു
വശത്തായിട്ടായിരുന്നു. അതും പൂട്ടിപ്പോയിരിക്കാം. എന്നാലും ആ സ്റ്റുഡിയോ നിന്നിരുന്ന
സ്ഥലം കാണുവാനായി ഞാൻ വടക്കോട്ട് നടന്നു. ഓർമ്മകൾ ഒരിക്കൽ കൂടി കാലത്തെ പുറകോട്ട് നടത്തിച്ചു...
സാന്താക്രൂസ് റെയിൽവേ
സ്റ്റേഷന്റെ പുറത്തേക്ക്, വെസ്റ്റിലേക്കിറങ്ങിയാൽ ലിഡോവിനടുത്തുള്ള ഓഫിസിലേക്ക് പോവാനായി
ജുഹുവിലേക്ക് പോവുന്ന 231 നമ്പർ ബസിന്റെ വരിയിൽ രാവിലെ ഒമ്പതരയാവുമ്പോഴേക്കും എത്തും.
കണ്ണുകൾ ആദ്യം പരതുക വരിയിൽ എവിടെയെങ്കിലും
പേരറിയാത്ത ആ കുങ്കുമപ്പൊട്ടുണ്ടോ എന്നാണ്. ഉണ്ടെങ്കിൽ ഉടൻ വരിയിലേക്ക് സംക്രമിക്കും.
ഇല്ലെങ്കിൽ പതിയെ റോഡ് മുറിച്ച് കടന്ന് മറുഭാഗത്തേക്കും. മറുഭാഗത്തുള്ള കടകളുടെ ഉള്ളിലേക്ക്
പോവുന്ന ഒരു ഗള്ളിയിയുടെ ഒരോരത്തായി ചേർന്ന്
നിന്ന് ബസ് സ്റ്റോപ്പിനെ വീക്ഷിച്ചു കൊണ്ടുള്ള നിൽപ്പ്. അവിടേക്ക് ആ തരുണീമണിയുടെ സ്റ്റേഷനിൽ നിന്നുമുള്ള പടിയിറക്കം
കണ്ട മാത്രയിൽ പതുക്കെ ഈ പടീരനും അനുഗമിക്കും.
ഏകദേശം അടുത്തടുത്തായി
വേണം നിൽക്കാൻ, കാരണം വന്നു നിൽക്കുന്ന ബസ് എപ്പോഴാണ് നിറയുക, വരി മുറിക്കപ്പെടുക എന്നതറിയില്ല. അത് കൊണ്ട് തന്നെ ഒരു നാലഞ്ചാളുടെ
വ്യത്യാസത്തിൽ നിന്നാൽ ഒരേ ബസിലും, തുടർന്ന് ഇറങ്ങിയാൽ
സംഗീത അപ്പാർട്മെന്റിലെ AC സർവീസ് സെന്ററർ വരെയും
ആ അനുഗമനം തുടരാം.
പക്ഷെ ആ അനുഗമനങ്ങൾക്കപ്പുറം
രാവിലെ 10
മണിയോടെ AC സർവീസ് സെന്ററിനുള്ളിലെക്ക്
ആ കാഴ്ച മറയും. പിന്നെ പിറ്റേന്ന് രാവിലെയാവണം വീണ്ടുമൊരു ദർശന സൗഭാഗ്യത്തിന്.
ഇവിടെയല്ലേ ബിശ്വദീപ്
ഇരുന്നിരുന്നത് ?
നടന്ന് ആരതി റെക്കോർഡിങ്
ഉണ്ടായിരുന്ന ഗാലക്ക് മുമ്പിലെത്തിയപ്പോൾ ഭാര്യയുടെ ചോദ്യം എന്നെ വീണ്ടും അത്തരം സൗഭാഗ്യങ്ങളിൽ
നിന്നും വർത്തമാനത്തിലേക്ക് ചെവി പിടിച്ചു
കൊണ്ടു വന്നു.
ഷട്ടറിട്ട ആ ഗാലക്ക്
കാര്യമായ മാറ്റങ്ങളൊന്നുമില്ല. ആരതി പൂട്ടിയതിന് ശേഷം അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന്
വ്യക്തം.
അവിടേക്കുള്ള ചവിട്ടു
പടികളിൽ ഏതാനും കുപ്പിവളപ്പൊട്ടുകൾ ചിതറിക്കിടന്നു. ഞാനാ കുപ്പിവളപ്പൊട്ടുകളിൽ നിന്നും ഒന്നു രണ്ടെണ്ണമെടുത്തു.
വള നല്ല കുപ്പിവള വാങ്കിത്തരും നാന്
മാല നല്ല കല്ലുമാല വാങ്കിത്തരും നാന്..
ഓർമ്മകൾ വീണ്ടും കുപ്പിവള കിലുക്കിയോടിയെത്തി.
രമേശേട്ടൻ ആദ്യമായി
ആ ഗാനം പാടി റെക്കോർഡ് ചെയ്തത് ഇവിടെയായിരുന്നു. അന്നത്തെ ടാസ്‌കം
8 ട്രാക്ക് റെക്കോർഡറിൽ. അദ്ദേഹത്തിന്റെ സിനിമാ
പരസ്യ രംഗത്തേക്കുള്ള ആദ്യ കാൽവെയ്പ്പിനുള്ള ഒരുക്കമെന്നോണം.
ആ കുപ്പിവളകളെല്ലാം
ഉടഞ്ഞു പോയിരിക്കുന്നു..
വളപ്പൊട്ടുകളെ
വകഞ്ഞുമാറ്റി ഞാനാ പടിമേലിരുന്നു.
ബിശ്വദീപ് പോയ
ശേഷം വന്ന റെക്കോർഡിസ്റ്റ് സതീഷുമായി ഇടവേളകളിൽ
മയ്യഴിയുടെയും പത്മനാഭന്റെയും കഥകൾ പറഞ്ഞിരുന്നത് ഈ പടികളിലിരുന്നായിരുന്നു.
സതീഷിപ്പോൾ പ്രസിദ്ധിയിലേക്കുള്ള പടികൾ കയറി ഉത്തുംഗ ശ്രുംഗങ്ങളിലേക്കെത്തിയിരിക്കുന്നു.
പെട്ടെന്നായിരുന്നു
ഒരു മണിക്കൂറായി വിട്ടു നിന്ന മഴ വീണ്ടും പെയ്യാനാരംഭിച്ചത്.. ഭാര്യ വേഗം കയ്യിലുള്ള കുട നിവർത്തി അതിലേക്ക് എന്നെയും
ചേർത്തു പിടിച്ചു.
ഓർമ്മകൾ വീണ്ടും മറ്റൊരു കുടക്കീഴിലേക്ക്
കൂട്ടിക്കൊണ്ടു പോയി. 35
വർഷം പുറകിലെ ഒരു ഓഗസ്റ്റ് മാസത്തിലേക്ക്.
അന്നുമൊരു ചിങ്ങം
ഒന്നായിരുന്നു. ജൂലൈയിൽ നന്നായിപെയ്തൊഴിഞ്ഞ, മാനം തെളിഞ്ഞ ആഗസ്തിലെ
ആ ദിനത്തിൽ വീട്ടിൽ നിന്നുമിറങ്ങിയത് നല്ല
വെയിലു കണ്ടുകൊണ്ടായിരുന്നു. രണ്ടുമൂന്നാഴ്ചയായി മാറിനിന്ന മഴ എന്നെ കുടയെടുപ്പിച്ചില്ല.
എന്നത്തേയും പോലെ
231 കയറി കോളിവാഡ ലീഡോ സ്റ്റോപ്പിലിറങ്ങി അനുഗതനായിത്തുടങ്ങി ഇടത്തോട്ടുള്ള ഗല്ലിയിലേക്ക് തിരിഞ്ഞപ്പോഴാണ് പൊടുന്നനെ
മഴ പൊട്ടി വീണത്.
പെട്ടെന്നായിരുന്നു
മുൻപിൽ നടന്ന കാലുകൾ തൊട്ടടുത്ത ബിൽഡിങ്ങിന്
താഴെയുള്ള ഡെന്റൽ ക്ലിനിക്കിന് മുന്നിലെ സൺഷെയ്ഡിന് കീഴിലേക്ക് ഗതിമാറിയത്. മറ്റൊരു വഴിയുമില്ലാത്തതിനാൽ പെട്ടെന്ന് ഞാനും അവിടേക്ക്
തന്നെ കയറി നിന്നു, ആ ഷെയ്ഡിന് കീഴിലായി ഒരറ്റത്തായി ഞാനും
മറ്റൊരാത്തതായി അവരും.
മഴ തുള്ളിക്കൊരു
കുടമെന്ന മട്ടിൽ തിമിർത്തു പെയ്യുകയാണ്. കയ്യിൽ കുടയില്ല. തൊട്ടടുത്ത് ഏറെ നാളായി താൻ
മനസ്സിൽ കൂടെ കൊണ്ട് നടക്കുന്ന പ്രണയിനിയും. ഇത്തരമൊരു ദൃശ്യം സിനിമകളിൽ സർവ്വസാധാരണമാണ്. ബാസുദായുടെ പ്രണയിനിയെ മഴ നനച്ചുള്ള
യാത്രയല്ല അപ്പോൾ മനസ്സിലോടിയെത്തിയത്. പ്രണയിനിയുടെ കുടയിൽ ഒന്ന് ചേർന്നങ്ങോട്ടുള്ള
പ്രയാണം. അങ്ങിനെയൊരു ദൃശ്യാവിഷ്‌കാരം മനക്കണ്ണിൽ നെയ്‌തെടുത്ത് തൊട്ടടുത്ത് നിൽക്കുന്ന
തരുണിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി.
അപ്പോഴതാ തന്റെ
ഹാൻഡ്ബാഗിൽ നിന്നും മടക്കിവെച്ച കുട പതുക്കെ പുറത്തെടുക്കുന്നു. ഇച്ഛിച്ചതും കല്പിച്ചതും ഒത്തുവന്നെന്ന ചിന്തയിൽ
മനം ഒന്ന് കൂടി തരളിതമായി.
പക്ഷെ ഇന്നേ വരെ
ബസ് സ്റ്റോപ്പിലെ കാത്തു നിൽപ്പിനിടയിലെ കടാക്ഷപ്രസാദങ്ങൾക്കുമപ്പുറം ഒരിക്കൽപ്പോലും തമ്മിലൊന്ന് മിണ്ടിയിട്ടില്ല. ഒരു പുഞ്ചിരിപോലും പരസ്പരം കൈമാറിയിട്ടില്ല. ആ അക്ഷികൾ
ഈ പ്രണയിയെ കടാക്ഷിക്കുമ്പോഴും അതിലൊരു ഭയത്തിന്റെ
ലാഞ്ചനയുണ്ടായിരുന്നോ എന്നറിയില്ല.
പതുക്കെ അവരാ കുട
നിവർത്തി. ഇപ്പോൾ മഴ ഒന്ന് കൂടി കനത്തു.ആ സൺ ഷെയ്ഡിന് താഴെ നിന്നാലും തലയൊഴികെ ദേഹമെല്ലാം
നനയുമെന്ന അവസ്ഥ. കുട നിവർത്തിക്കൊണ്ട് അവർ പതുക്കെ എന്നെ നോക്കിയെന്ന് തോന്നി. ഞാനാണെങ്കിൽ
കുടയില്ലാതെ എന്ത് ചെയ്യുമെന്ന അവസ്ഥയിലും. ആ നോട്ടത്തിനപ്പുറം കൂടെപ്പോരുന്നോ എന്നൊരു
ചോദ്യത്തിനായി ഞാൻ അക്ഷമനായി നിൽക്കുകയാണ്. അഥവാ വിളിച്ചാൽ എന്ത് പറയണം, ചെയ്യണം എന്നറിയാതെ ഹൃദയമിടിപ്പ് കൂടുകയാണ്. ആ അവസ്ഥയിലും അറിയാതെ എന്റെ ചുണ്ടിലൊരു ചിരി വിടരാനായി വെമ്പി.
ഒരു മറുചിരിയുടെ ലാഞ്ചന ആ ചുണ്ടുകളിൽ വിടർന്നോ എന്നറിയുന്നതിന് മുമ്പായി പെട്ടെന്നായിരുന്നു
റോഡിൽ നിന്നുമൊരു വിളിയെത്തിയത്.
സൗദാമിനി, തൂ ഇഥർ ക്യോം ഖഡേ ഹോ. ഛാത്താ ഹേനാ, ചൽ, മുജെ ഭീ ഛോഡ് ദേ.. കൂടെ ജോലി ചെയ്യുന്ന
സഹപ്രവർത്തകയാവണം.
അപ്പോൾ പെട്ടെന്നായിരുന്നു
എന്റെ അരികിൽ നിന്ന, ഞാനന്നു വരെ മലയാളിയാണെന്ന് കരുതിയിരുന്ന തരുണീമണിയിൽ നിന്നും ഈ മറാത്തി വചനം കേട്ടത്. अरे काही नाही, अचानक जोरदार पाऊस सुरू झाला. त्यातून इथे उभा राहिलो. छान झालं, तू आलास. मी येतो(ഒന്നുമില്ല, പെട്ടെന്ന്
കനത്ത മഴ തുടങ്ങി. അതിൽ നിന്ന് രക്ഷപ്പെടാൻ ഇവിടെ നിന്നു. നീ വന്നത് നന്നായി. ഞാൻ വരാം.)
എന്നും ഉരിയാടിക്കൊണ്ട് തന്റെ കൂട്ടുകാരിയേയും ചേർത്ത് പിടിച്ച് അവരിരുവരും
ആ മഴയിലേക്കിറങ്ങി നനഞ്ഞൊലിച്ച് മുന്നോട്ട്
നീങ്ങി കാഴ്ച്ചയിൽ നിന്നും മാഞ്ഞു പോയി.
അപ്പോൾ സൗദാമിനി
എന്ന ആ വിളിയും പിന്നീട് ഞാൻ കേട്ട മറുഭാഷാ
വചനങ്ങളും, ആ പേര് അന്വർത്ഥമാക്കും വിധം ഒരു മിന്നൽപിണരായി
എന്റെ മേൽ നിപതിച്ചു. മേഘ വിസ്ഫോടനങ്ങളിൽ ഒരു ഗ്രാമവും നഗരവും ക്ഷണ നേരം കൊണ്ട് ഇല്ലാതാവുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഒരു മഴയുടെ, മറുഭാഷാ വചനത്തിന്റെ കുത്തൊഴുക്കിന്, നിശബ്ദ പ്രണയത്തിനെ ഇങ്ങനെ മായ്ച്ചു കളയാനാവുമെന്ന് അന്നാദ്യമായി ഞാനറിഞ്ഞു..
..എന്താ
വീട്ടീ പോണ്ടേ ? എങ്ങടാ
പോണ്. ഭാര്യയുടെ ശബ്ദം വീണ്ടുമൊരു മിന്നൽ പിണർ തീർത്ത് എന്നെ വർത്തമാനത്തിലേക്ക് കൂട്ടിക്കൊണ്ടു
വന്നു.
പതുക്കെ നനഞ്ഞൊട്ടി, എന്നെ ഒന്ന് കൂടി ചേർത്ത് പിടിച്ച് കാറിനരികിലേക്ക് അവളെന്നെ
ആനയിച്ചു.
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ