Saturday, July 4, 2020

ലക്ഷ്മണ രേഖ

ണ്ടാഴ്ചയായി പുതിയ വാടക വീട്ടിലേക്ക് താമസം മാറിയിട്ട്. അതു കൊണ്ടു തന്നെ സൊസൈറ്റിയിലോ, പരിസരങ്ങളിലോ ആരും പരിചയക്കാരില്ല. ആകെ അറിയുന്നത് വാച്ച്മാനെയും കച്ചറയെടുക്കാൻ വരുന്ന സ്ത്രീയെയും, സൊസൈറ്റിയിൽ എന്താവശ്യത്തിനും ഓടിനടക്കുന്ന മനീഷിനെയും മാത്രം.
ഒരാഴ്ചയായി വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ട്. അരി, പരിപ്പ് തുടങ്ങി, അത്യാവശ്യം വേണ്ട സാധനങ്ങൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചന്ന് രാവിലെ കുറച്ചകലെയുള്ള ഒരു ചെറിയ പലചരക്ക് കടയിൽ നിന്നും വാങ്ങി വന്നിരുന്നു. ചായ, കാപ്പി തുടങ്ങിയ ദു:ശീലങ്ങൾ തല്ക്കാലം വേണ്ടെന്ന് വെച്ചു. അതു കൊണ്ട്, പാലു വാങ്ങേണ്ട ആവശ്യവുമില്ല. പകരം ജീരകവെള്ളം കുടിയെന്ന പുതിയൊരു ശീലം സ്വായത്തമാക്കി.
രാവിലെ എണീറ്റ് പ്രഭാതകൃത്യങ്ങൾക്കും തേവാരത്തിനും ശേഷം പ്രാതലും അകത്താക്കിക്കഴിഞ്ഞപ്പോൾ വേണ്ടപ്പെട്ടവരെ ഓർമ്മ വന്നു. മകളോടും ചെറുമോനോടും വീഡിയോ കോളിൽ സ്നേഹാന്വേഷണങ്ങൾ തിരക്കി. പെങ്ങളോടും, ഭാര്യയുടെ അമ്മയോടും ഫോണിലൂടെയും. എല്ലാവർക്കും വലിയ പ്രശ്നങ്ങളൊന്നുമില്ല. സമാധാനം.
ഒന്നര ആഴ്ചയോളമായി വീട്ടിലിരിക്കുന്ന എനിക്ക് പുതിയ വീടിന്റെ മുക്കും മൂലയും പരിചിതമായി. രണ്ടാഴ്ച മുമ്പു മാത്രം വിടപറഞ്ഞ, മുപ്പതു കൊല്ലം താമസിച്ച വീടിനെപ്പറ്റി ഞാൻ മറന്നു തുടങ്ങിയിരിക്കുന്നു. സൊസൈറ്റിയിൽ പലരോടും യാത്ര പോലും പറയാതെയാണ്‌ പോന്നത്. ആരുടെയും സുഖാന്വേഷണങ്ങൾ ചോദിച്ചില്ല.
അങ്ങിനെ ഓരോന്നോർത്തപ്പോഴാണ്‌ അവിടത്തെ ബിൽഡിംഗിന്റെ താഴെ ഇസ്തിരിയിടുന്ന ഭയ്യാജിയെ ഓർമ്മ വന്നത്. കോണിച്ചുവട്ടിൽ ഒരു ചെറിയ മേശയിട്ട് ഇസ്തിരിയിടുന്ന ശങ്കർജിയോടു പോലും പറയാതെയാണ്‌ പോന്നത്. വീട് വിറ്റ കാര്യവും, അടുത്തു തന്നെ താൻ ഇവിടെ നിന്നും പോവുമെന്നും അവസാനമായി ഇസ്തിരിയിട്ടത് മേടിച്ചു പോരുമ്പോൾ പറഞ്ഞിരുന്നു. ഞാനും ഇതൊക്കെ നിർത്തി നാട്ടിലേക്ക് മടങ്ങുകയാണെന്ന് ശങ്കർജിയും പറഞ്ഞു. ബിൽഡിംഗിലും ആജുബാജുവിലും(അപ്പുറവുമിപ്പുറവും) നിറയെ പുതിയ ആൾക്കാരാണ്‌. പഴയവരിൽ ഒട്ടുമുക്കാലും സ്ഥലം വിറ്റ് പോയിരിക്കുന്നു. പണ്ടത്തെപ്പോലെ പണിയെടുക്കാനും വയ്യ. വയസ്സ് അറുപതായി. നാട്ടിൽ നിന്നും ഭാര്യയും ബാബുജിയും മക്കളും വിളിക്കുന്നുണ്ട്. ഒക്കെ മതിയാക്കി പോയാലോ എന്നും ആലോചിക്കുന്നുണ്ട്.
അപ്പറഞ്ഞതിന്‌ ഉത്തരമൊന്നും പറയാതെ ഒന്നു ചിരിക്കുക മാത്രം ചെയ്ത് റാം റാം പറഞ്ഞു പോന്നതാണ്‌. പിന്നെ കാണലും സംസാരിക്കലും ഉണ്ടായിട്ടില്ല.
ശങ്കർജിയുടെ നമ്പർ ഫോണിലുണ്ട്. നാലാം നിലയിൽ താമസിക്കുന്ന എനിക്ക് ഇസ്തിരിയിടാൻ കൊടുത്തത് ശരിയായോ എന്ന് വിളിച്ചു ചോദിക്കാൻ വേണ്ടി വാങ്ങിയതാണ്‌.
ഒന്ന് വിളിച്ചു നോക്കിയാലോ. . അവശ്യസേവനങ്ങളൊഴികെ എല്ലാം നിർത്തിവെക്കാൻ പറഞ്ഞ സാഹചര്യത്തിൽ ശങ്കർജിയും നിർത്തിക്കാണും. ഇല്ലെങ്കിൽ പോലീസ് വന്ന് പൂട്ടിച്ചിരിക്കും. ജനത്തിന്‌ ഓഫീസിലേക്ക് പോവേണ്ടാത്തതിനാൽ ആരും ഇസ്തിരിയിടാൻ കൊടുക്കുന്നുമുണ്ടാവില്ല.
യു പിയിലെ ലാൽഗഞ്ജിനടുത്തു റാണിപൂരിലാണ്‌ ശങ്കർജിയുടെ വീടെന്നാണ്‌ ഒരിക്കൽ പറഞ്ഞത്. മുംബൈയിൽ നിന്നും ഏകദേശം 27 മണിക്കൂറിന്റെ യാത്ര. കല്യാൺ സ്റ്റേഷനിൽ ചെന്ന് ജനറൽ കമ്പാർട്ട്മെന്റ് ടിക്കറ്റെടുത്ത്, കല്യാണിൽ നിന്നും തുറക്കുന്ന ബോഗിയിൽ കയറാൻ ക്യൂ നിന്ന് വേണം പോവാൻ. സ്ലീപ്പർ ടിക്കറ്റെടുത്ത് ഇന്നേ വരെ പോയിട്ടില്ലത്രെ.
ശങ്കർജി വണ്ടികൾ നില്ക്കുന്നതിനു മുമ്പ് നാട്ടിലേക്ക് മടങ്ങിയിരിക്കുമോ. അന്യ സംസ്ഥാനത്തൊഴിലാളികൾ തങ്ങളുടെ നാട്ടിലേക്ക് നടന്നു തുടങ്ങിയ വിവരങ്ങൾ പത്രങ്ങളിലും ന്യൂസ് ചാനലിലുകളിലും അങ്ങിങ്ങായി വന്നു തുടങ്ങിയിട്ടുണ്ട്. അങ്ങിനെയൊരു സാഹസത്തിന്‌ ശങ്കർജിയും മുതിർന്നിരിക്കുമോ?
ഫോണിൽ ശങ്കർജിയുടെ നമ്പർ തിരക്കി. കണ്ടില്ല. അപ്പോഴാണ്‌ ഓർമ്മ വന്നത്. അത് ഇസ്തിരിവാല എന്ന പേരിലാണ്‌ സേവ് ചെയ്തിരിക്കുന്നതെന്ന്. അതെ, ഉണ്ട്. വിളിക്കണോ, സംശയിച്ചു. അറിയാതെ ആ നമ്പർ ഡയലായി..
ഒരാൾ ചുമക്കുന്ന ശബ്ദം, ഈശ്വര, ശങ്കർജിക്കും കൊറോണയായോ? പിന്നീടാണ്‌ മനസ്സിലായത്. അത് നിങ്ങളെ ബോധവാനാക്കാൻ ഗവണ്മെന്റ് നല്കുന്ന പരസ്യമാണെന്ന്.
ഹലോ, സർജീ.. റാം റാം… ശങ്കർജിയുടെ ശബ്ദം അങ്ങേത്തലക്കൽ നിന്നും‌.
ശങ്കർജീ, കൈസെ ഹോ? ആപ് കഹാം ഹെ?
സർജീ.. കാ കഹെ.. ഗാവ് സേ ബാപ്പൂജീ ഔർ മാജി നേ കഹാ കീ തുരന്ത് ലൗട്ട് കെ ആജാ. മെ ബതായാ കീ ഇധർ സബ് കുഛ് ഠീക് ഠാക് ഹെ. ലേകിൻ വൊ മാൻത്താ നഹീ..
നാട്ടിൽ നിന്നും ബാബുജിയും അമ്മയും ഭാര്യയും നിരന്തരം തിരിച്ചുവരാൻ പറയുകയാണത്രെ.
തോ… ആപ് നെ ക്യാ കിയ. ഗാവ് പഹുഞ്ച് ഗയേ?
നഹീ ജീ.. തീൻ ദിൻ പഹ് ലെ മെ തയ്യാരീ കീ ഔർ നികൽ പഡേ..
എന്ത് പണിയാണിയാൾ കാണിച്ചത്? നടന്നു പോവുകയോ? ഞാൻ സംശയം തീർക്കാൻ ചോദിച്ചു. ക്യാ ബാത് കർ രോ? ആപ് ചൽ കർ ജാരേ..
ജീ ഹാം..
ആപ് ഇസ് വക്ത് കഹാം പഹുഞ്ച് ഗയേ? കുഛ് ഗാഡീ വാഡീ മിൽ ഗയേ?
ജീ നഹീ.. കോയീ ലേനെ കേലിയെ തയ്യാർ നഹീ. ആപ് കോ മാലൂം ഹെ.. മെ കിസീ സേ ജ്യാദാ പാവ് നഹീ പഡ്താ ഹൂം.
അറുപത് കഴിഞ്ഞ ശങ്കർജി മാർച്ച് മാസത്തിലെ തിളക്കുന്ന ചൂടിൽ നടന്നു നീങ്ങുന്ന കാഴ്ച ഞാൻ നിരൂപിച്ചു. ഇവരുടെ അച്ചനും അമ്മക്കും അയാളെ ഈ സാഹസത്തിൽ നിന്നും തിരിച്ചയച്ചു കൂടെ.
രാവിലെ ഏഴു മുതൽ രാത്രി പതിനൊന്നു മണി വരെ നിന്ന് ഇസ്തിരിയിടുകയല്ലാതെ വേറൊരു വ്യായാമവും ശങ്കർജി ചെയ്യുന്നത് കണ്ടിട്ടില്ല. ഒന്ന് നടക്കാൻ പോകുന്നത് പോലും.
സർജീ… ക്യാ ഫോൺ വാ കാഠ് ദിയേ കാ..
നഹി. നഹീ.. ആപ് ഇസ് വക്ത് കഹാം പഹുഞ്ച് ഗയെ ഹോ?
കാ പതാ.. കഹീ നാസിക് വാസിക് മെ ലഗ്തെ ഹെ.
ശങ്കർജീ, ആപ് ലക്ഷ്മൺ ഭഗവാൻ ലക്ഷ്മൺ രേഖാ ഖീചാ ഥാ.. വഹാം പഹുഞ്ച് ഗയേ ഹോ. ഹമാരാ പ്രധാന്മന്ത്രിജി നെ കഹാ ഥാ നാ.. ആപ് ജഹാം പർ ഹോ, വഹീ രഹിയേഗാ.. ഘർ കെ സാമ്‌നെ ലക്ഷ്മൺ രേഖാ ഖീച്കർ ബാഹർ നഹീ നികൽനാ..
ഉൻ കോ തോ ദില്ലീ മെ ബൈഠ്കർ കെഹ്നാ ഹെ.. മേരേ ജൈസെ ലോഗ് കഹാം പർ രേഖാ ഖീചേഗാ. അപ്നേ പൗറോം പർ?
അതേ. ശങ്കർജിയുടെ ചോദ്യം ശരിയാണ്‌. ഇത്ര കാലത്തെ ജീവിതത്തിനു ശേഷവും മുംബൈയിൽ സ്വന്തമായൊരു ചാൺ സ്ഥലം പോലുമില്ലാത്തവർ എവിടെ രേഖ വരക്കാനാണ്‌. സ്വന്തം കാല്പ്പടത്തിനുമേലല്ലാതെ.
സർജീ, മുഝേ അപ്നെ ഝമീൻ പർ മർനാ ഹെ. മേരേ ബാപ്പൂജീ ഔർ ബീവീ ബച്ചോം കേ സാഥ്. മേരേ ജൈസേ, കിത്നോം ഹെ.. ഉൻഹേ കംസെ കം ഗാവോം പർ പഹുഞ്ചാനേ കാ രാസ്താ ഇൻ ലോഗ് പഹ് ലെ സോച്ഛ്നാ ചാഹിയേ ഥാ..
വീട്ടിലെത്തി സ്വന്തം മണ്ണിൽ കിടന്ന് മരിച്ചാൽ മതിയെന്നാണയാൾ പറയുന്നത്. ശരിയാണ്‌. ഇയാൾ നടന്ന് എന്ന് വീട്ടിലെത്താനാണ്‌. ദിവസവും എട്ടുമണിക്കൂർ യാത്ര ചെയ്താൽ തന്നെ ഇയാൾക്ക് ചുരുങ്ങിയത് 30 ദിവസം വേണം തന്റെ വീട്ടിലെത്തിപ്പെടാൻ. അതിനുള്ള ശാരീരിക ക്ഷമത ഇയാൾക്കുണ്ടോ?
ആപ് കാ ഖാനാ, പീനാ? ഞാൻ വീണ്ടും ചോദിച്ചു.
സർജീ, മെ കുഛ് ചാവൽ ഔർ ദാൽ ഖരീദ്കർ സർപർ ഗോണീ ബാന്ധ്കർ രഖാ ഹൂം. ദൊ തീൻ ബർത്തൻ ഭീ. ശാം ഹോകർ കഹീ ന കഹീ ഖാനാ ബനാത്താ ഹൂം.
തയിലൊരു ചാക്കുമായി വെയിലത്ത് നടക്കുന്ന ശങ്കർജിയുടെ രൂപം വീണ്ടുമെന്നെ നൊമ്പരപ്പെടുത്തി. അയാളുടെ കൈയിൽ പൈസ വല്ലതും കാണുമോ. ഞാൻ ചോദിച്ചു.
ആപ്കെ പാസ് പൈസാ ഹെ? ആപ്കെ ഖാതെ മെ കുഛ് പൈസ ഡാ ലൂം?
സർജീ, മേരാ കോൻസാ ഖാത്താ… ആജ് തക് കോയീ ഖാത്താ നഹീ ഖോലാ ഹെ. ഗാവ് ജാകർ എക് സാൽ ഹോഗയാ. അഭീ തക് കാ കമായി സാഥ് മെ ഹെ. ആപ് ചിന്താ മത് കീജിയെ.
സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത അയാൾ ഒരു വർഷത്തെ തന്റെ സമ്പാദ്യം പണമായി കയ്യിൽ കരുതിയാണ്‌ യാത്ര. അത് എത്രയെന്ന് ഞാൻ ചോദിച്ചില്ല.
സർജീ, മെ ഫോൺ രഖ്ത്താ ഹൂം. ദിൻ മെ ദോ ബാർ ഹീ ഇസ് കോ ഓൺ കർത്താ ഹൂം. ഘർ പർ ഫോൺ കർനെ കെ ലിയെ. നഹീ തോ യേ മർ ജായേഗാ. ബാപ്പൂജീ ഔർ ഔരത്ത് ബഹുത്ത് ചിന്തിത് ഹെ. ആപ് മുഝേ ഫോൺ മത് കീജിയേഗാ.. (സർജി, ഞാൻ ഫോൺ വെക്കട്ടെ. ദിവസത്തിൽ രണ്ടു വട്ടം മാത്രമാണ് ഞാനിത് ഓൺ ചെയ്യുക. വീട്ടിലേക്ക് വിളിക്കാൻ. എപ്പോഴും ഓൺ ചെയ്തു വെച്ചാൽ ഇത് ചത്ത് പോവും. ബാബുജിയും അമ്മയും എന്നെയോർത്ത് ഏറെ വ്യാകുലരാണ്. അങ്ങ് ദയവ് ചെയത് ഇനി എന്നെ വിളിക്കണ്ട.)
ഭഗവാൻ ആപ് കോ സഹീ സലാമത്ത് പഹുഞ്ചാ ദേം..
ജീ, ശുക്രിയാ ജീ..
ഞങ്ങളുടെ സംഭാഷണം മുറിഞ്ഞു.
പിന്നെയും കുറേ നേരം അയാളോട് മനസ്സിൽ പലതും ചോദിച്ചു. ഉത്തരങ്ങളിലാത്ത ചോദ്യങ്ങൾ മാത്രം ബാക്കിയായി.
അയാളുടെ ഫോണിൽ എത്ര ദിവസം ചാർജ്ജ് നില്ക്കുമെന്നോ, വല്ലയിടത്തും ചാർജ്ജ് ചെയ്യാൻ കിട്ടുമോ എന്നോ എനിക്കറിയില്ല. ഭക്ഷണമുണ്ടാക്കാൻ വിറകു കിട്ടുമോ എന്നും, എന്നും തല ചായ്ക്കാൻ വല്ലയിടവും കിട്ടുമോ എന്നും.
ഡ്രോയിംഗ് റൂമിലെ സെറ്റിയിൽ വന്നിരുന്ന് ടി വി ഓൺ ചെയ്തു. അപ്പോൾ പതിനായിരങ്ങൾ ഡൽഹി – യു പി അതിർത്തിയിൽ നാട്ടിലേക്കുള്ള ബസ് കാത്ത് നില്ക്കുന്ന കാഴ്ച ചർച്ചകളിലൂടെ ആഘോഷിക്കുകയാണ്‌ ചാനലുകൾ.
ശങ്കർജി ഇപ്പോൾ വീണ്ടും നടന്നു തുടങ്ങിക്കാണണം. ഞാൻ ഒന്നു കൂടി ശങ്കർജിയെ വിളിച്ചു. പറ്റുമെങ്കിൽ അദ്ദേഹത്തെ തിരിച്ചു വിളിക്കണം.
ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.
അദ്ദേഹത്തിന്റെ വയസ്സായ അച്ഛനും ഭാര്യയും അയാൾക്കു വേണ്ടി പ്രാർത്ഥിക്കുകയാവാം. ആ കുടുംബം മുഴുവനും.
തല്ക്കാലം ടി വി ഓഫ് ചെയ്തു. നിശബ്ദമായി ആ പ്രാർത്ഥനയിൽ ഞാനും പങ്കു ചേർന്നു.

മുംബൈ ബാച്ചിലർ ജീവിതം - Part 35


റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡിൻറെ പരസ്യം സ്റ്റേഷനിലെ ബുക്സ്റ്റാളിൽ തൂങ്ങിക്കിടന്ന് എന്നെ മാടി വിളിച്ചു. എടുത്താൽ പൊങ്ങാത്ത ഭാരമാണ് തോളത്ത് വെച്ചിട്ടുള്ളത്. അത് കൊണ്ടു തന്നെ നിനക്കൊരു കൂട്ടു വേണം ഭാരത്തെ താങ്ങാൻ. അതിനു നിനക്കെന്നെ കൂട്ടു പിടിക്കാം. ഇത് നീ നിന്റെ കൂട്ടുകാരിക്കയച്ചു കൊടുത്ത് അവളെക്കൊണ്ട് പരീക്ഷയെഴുതിക്കൂ, എന്ന് അതെന്നോട് പറഞ്ഞു.

എന്റെ ജീവിതത്തിലാദ്യമായി ഞാനവൾക്ക് കത്തെഴുതി. പ്രണയ ചാപല്യങ്ങളോ, മൂരി ശൃംഗങ്ങളോ പ്രതിഫലിക്കാത്ത, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിലേക്കുള്ള അപേക്ഷാ ഫോമടങ്ങിയ ഒരു കത്ത്. അത് പൂരിപ്പിച്ചയാക്കാൻ പറഞ്ഞു കൊണ്ട്.

നാട്ടിലേക്ക് പോകുന്നതിനു മുമ്പായി ഓഫീസിൽ ചെയ്ത് തീർക്കേണ്ട പണികൾ പലത്. സിൻഹാജിയുടെയും ബിസിനസിന്റെയും കണക്കുകൾ നേരെയാക്കി ഇൻകം ടാക്സ് റിട്ടേൺ അടക്കണം. കൂടെ കുടുംബാംഗങ്ങളുടെയും. അവയൊക്കെ ഓരോന്നായി തീര്ത്ത് വന്നു.

ജീവിതത്തിലാദ്യമായി സ്വന്തം ഇൻകം ടാക്സ് റിട്ടേൺ തയ്യാറാക്കി. വീടിനായി ഒരു ലോൺ സംഘടിപ്പിക്കാൻ അങ്ങിനെയും ഒരു വഴി പരീക്ഷിച്ചു.

ശശി നാട്ടിലേക്ക് യാത്രയായി. ഒരുക്കങ്ങൾ നടത്താനായി.

ഡോംബിവിലി വെസ്റ്റിലെ റൂം ഓണർക്ക് നോട്ടീസ് കൊടുത്തിട്ട് രണ്ടാഴ്ച കഴിഞ്ഞു. റൂം ഒഴിയുമ്പോൾ ഒരു മാസത്തിനുള്ളിൽ പണം തിരിച്ചു താരമെന്നാണ് കരാർ. പക്ഷെ, കയ്യിൽ കാശില്ല, വേറൊരാൾക്ക് റൂം വാടക്കക്ക് കൊടുത്താലേ എനിക്കുള്ള പണം തരാനാവൂ എന്ന് മൂപ്പർ.

നാട്ടിലേക്ക് പോകാനുള്ള ദിനം അടുത്തെത്തി. സിദ്ദിഖി മൂന്നു വർഷമായി തരാനുള്ള പണം തരാതെ ഒഴിഞ്ഞു മാറുന്നു. സിനിമാക്കാരുടെ സ്ഥിരം തന്ത്രങ്ങൾ. അവരിൽ നിന്നും പണിയെടുത്തതിന്റെ പണം നേടിയെടുക്കണമെങ്കിൽ പിന്നാലെ നടക്കണം. ഇല്ലാത്ത കാരണങ്ങൾ പറയണം. അച്ഛനമ്മമാരെ പലവട്ടം ആശുപത്രിയിലാക്കണം, ചിലപ്പോൾ കൊല്ലേണ്ടിയും വരും. എന്നാലും പലപ്പോഴും ഫലമുണ്ടാകാറില്ല.

ഓഗസ്റ്റ് 17 . ബോംബെ വി ടി യിൽ നിന്നും ജയന്തി ജനതയിൽ നാട്ടിലേക്ക് ബാച്ചിലറുടെ അവസാന യാത്ര. അത് മറ്റൊരു ജീവിതയാത്രക്കു തുടക്കം കുറിക്കാനുള്ള യാത്രയാണ്.കൂടെ എന്റെ ബാച്ചിലർ സുഹൃത്തുക്കൾ ഗണേശനും രമേശേട്ടനും.
സിദ്ദിഖി അവസാന സംഭാഷണത്തിൽ പണം വി ടി സ്റ്റേഷനിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്. യാത്രയിൽ പണം എങ്ങിനെ കൊണ്ടുപോകുമെന്ന വേവലാതി എനിക്ക് തരേണ്ടെന്ന് കരുതിക്കാണും. സിനിമാക്കാരുടെ സ്ഥിരം അടവുകൾ അയാളെന്നോടും പയറ്റിയെന്നു മാത്രം.

പണത്തിൻറെ ആവലാതികളെ തൽക്കാലം മുംബൈയിൽ മേയാൻ വിട്ട് വണ്ടി മുംബൈയുടെ അതിരുകൾ വിട്ടു തെക്കോട്ട് പാഞ്ഞു, മൂന്നാം നാൾ രാവിലെ പാലക്കാട്ടെത്തി നിന്നു.

നാട്ടിൽ മഴ വിട്ടൊഴിഞ്ഞിട്ടില്ല. കല്യാണച്ചെക്കനായ എനിക്ക് പണി തരാതെ ശശി അത്യാവശ്യം ഒരുക്കങ്ങൾ നടത്തിയിരിക്കുന്നു. കല്യാണദിവസം ധരിക്കാനുള്ള ജൂബ കൊൽക്കത്തയിൽ നിന്നും മനു കൊണ്ടു വന്നിരിക്കുന്നു. ബാക്കി വസ്ത്രങ്ങൾ തൃശൂരിൽ നിന്നും വാങ്ങി വന്നു.

റഷ്യയിൽ ഗോര്ബച്ചെവിനെ അധികാര ഭ്രഷ്ടനാക്കിക്കൊണ്ട് യെൽട്സിന്റെ അട്ടിമറി.

മൂന്നു വർഷത്തിന് ശേഷം നാട്ടിലൊരോണം. ക്ഷണിച്ചവരിലോരോരുത്തരായി എത്തിത്തുടങ്ങി. രഘു വന്നു, രമേശേട്ടനും വിനയനും ഗണേശനും എത്തി. കുഞ്ഞുട്ടമ്മാൻ മദ്രാസിൽ നിന്നുമെത്തി രാത്രി രമേശേട്ടന്റെ വക ചെറിയതോതിലൊരു ഗാനമേള. വിനുവും ശ്രീക്കുട്ടനും കൂടെക്കൂടി. അപ്പുറത്ത് പത്തായപ്പുര രമേശേട്ടനും ബാലുവേട്ടനും അപ്പുവേട്ടനും കൂടിയൊരു രാഷ്ട്രീയ ചർച്ച. വിഷയം റഷ്യയുടെ പതനം.

രാത്രി സദ്യക്കുശേഷം മറ്റുള്ളവർ വിവിധ പണികളിൽ മുഴുകിയപ്പോൾ ഞാൻ കൂട്ടുകാരുമൊത്ത് നേരത്തേയുറങ്ങാൻ തയ്യാറെടുത്തു. ബാച്ചിലർ ജീവിതത്തിലെ അവസാന രാത്രി ആസ്വദിക്കാനായി.

1991 ആഗസ്ത് 25 ഞായറാഴ്ച്ച, ഓണം അവിട്ടം.


ജീവിതത്തിലെ ധന്യമുഹൂർത്തം നമുക്ക് സമ്മാനിക്കുന്ന അസുലഭ ദിനം. ഏതൊരു വ്യക്തിക്കും മറക്കാനാവാത്ത ദിനം. ആദ്യം രക്ഷിതാക്കളോടൊത്തും പിന്നീട് ഒറ്റക്കും കഴിഞ്ഞ നാളുകൾ വിട്ട് ജീവിതത്തിലേക്കൊരു കൂട്ട്, ഇണയെ കിട്ടുന്ന ദിനം. സുഖദുഃഖങ്ങൾ പങ്കിടാനൊരു സഖിയെ കിട്ടുന്ന ദിനം. ദിനത്തിലേക്ക് ഞാൻ കൺ മിഴിച്ചു.


അച്ഛന്റെ സ്മരണകൾക്ക് മുമ്പിൽ പ്രണാമമർപ്പിച്ചു . ജീവിതത്തിൽ തൃപ്രയാറിലേക്ക് അച്ഛനോടോപ്പവും അതിനുശേഷവും നടത്തിയ യാത്രകൾ എത്രയെന്ന് എനിക്കോർമ്മയില്ല. പക്ഷെ, പതിനഞ്ചു വർഷം മുമ്പ് അമ്മയോടൊപ്പം നടത്തിയ പറിച്ചു നടൽ യാത്രയിലെ മനോവികാരം ഇന്നുമെൻറെ ഓർമകളിൽ ഘനീഭവിച്ചു കിടക്കുന്നുണ്ട്. ഓർമകളിൽ നിന്നും മുക്തി നേടി, മൂത്തവരുടെയെല്ലാം അനുഗ്രഹാശിസ്സുകൾ നേടി, ചെറുകരെ നിന്നും ഒരു ബസ് നിറയെ ആൾക്കാരുമായി തൃപ്രയാറിലേക്ക് ആകാംക്ഷയോടെ യാത്രയായി. ബസ്സിൽ മമ്മുട്ടിയുടെ ജൂബയിട്ട കോട്ടയം കുഞ്ഞച്ചൻ തകർത്താടി.
ബസ്സ് കുന്തിപ്പുഴ കടന്ന്, ഭാരതപ്പുഴയെ മറികടന്ന് തൃപ്രയാറിലേക്ക് അടുക്കുന്തോറും ബാച്ചിലർ ജീവിതത്തിനും വൈവാഹിക ജീവിതത്തിനുമിടയിലുള്ള ദൂരം കുറഞ്ഞു കൊണ്ടിരുന്നു.

തൃപ്രയാറിറങ്ങി അവിടെയുള്ള വല്യച്ഛൻമാരുടെയും അച്ഛൻപെങ്ങളുടെയും അനുഗ്രഹാശിസ്സുകൾ നേടി ശ്രീരാമസ്വാമിയെ വണങ്ങി തൃപ്രയാർ അമ്പലത്തിലെ കിഴക്കേ നടപ്പുരയിൽ തേവർക്കു മുമ്പിൽ രാവിലെ പത്തുമണിക്ക് ഞാൻ രാജേശ്വരിയുടെ കഴുത്തിൽ മിന്നു കെട്ടി.


ബാച്ചിലർ ജീവിതത്തിന് പരിസമാപ്തി.



തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാര...