2021 ജൂലൈ 10, ശനിയാഴ്‌ച

ഓർമ്മച്ചിത്രങ്ങൾ ( 7 )


തെക്കേ പത്തായപ്പുരയിലെ അത്യാവശ്യം പറമ്പ് പണികൾ, മൊട്ടക്കുന്നിൻറെ വശത്തുള്ള അമ്മാമന്റെ പറമ്പ് നോക്കൽ എന്നിവയുമായി കല്ലിൽ പറമ്പൻ ഉമ്മർ അന്ന് ഞങ്ങളുടെ നിത്യ സന്ദർശകനായിരുന്നു. തലയിൽ തോർത്ത് കൊണ്ടൊരു കെട്ടും കയ്യിലൊരു മടവാളുമായി വരുന്ന അദ്ധ്വാനിയായ ഉമ്മറിനെ അച്ഛനും കാര്യമാണ്. കായക്കുല, മത്തങ്ങ, ഇളവൻ തുടങ്ങി ഓണത്തിനുള്ള പച്ചക്കറിയുമായി ഉമ്മറെത്തും. ഓണത്തിന് ഉമ്മറിന് ഊണ് പത്തായപ്പുരയിലാണ്.
ഞങ്ങൾ അന്ന് താമസിച്ചിരുന്ന തെക്കേ പത്തായപ്പുരയും പുരയിടവും ഭരതനുണ്ണി അമ്മാവന് ഭാഗത്തിൽ ലഭിച്ചതാണ്. കാലക്രമേണ ഞങ്ങൾക്കും ഒരു വീട് വേണം എന്ന ചിന്തയിൽ റിട്ടയർ ചെയ്തപ്പോൾ കിട്ടിയ കുറച്ചു കാശു കൊണ്ട് മുത്തശ്ശിക്ക് ഭാഗത്തിൽ കിട്ടിയ സ്ഥലത്തു നിൽക്കുന്ന പത്തായപ്പുരയെ ഒരു വീടാക്കി മാറ്റി അങ്ങോട്ട് താമസം മാറ്റുന്നതാണ് നല്ലതെന്ന് കരുതി അവിടെ മരാമത്തുകൾ തുടങ്ങി. കിഴക്ക് പടിഞ്ഞാറു നിൽക്കുന്ന മൂന്ന് മരപ്പത്തായങ്ങൾ ഉൾക്കൊള്ളുന്ന ഒറ്റപ്പുരയായിരുന്നു പ്രസ്തുത പത്തായപ്പുര.
പുറമെ നല്ല മൂത്ത കല്ല് കൊണ്ട് പണിത് ചെത്തിത്തേക്കാത്ത, ഒത്ത നടുക്ക് വടക്കോട്ടായി തടിയൻ വാതിൽ തുറന്നാൽ ഒരു ഇടനാഴിയും അതിനപ്പുറം മൂന്ന് മരപ്പത്തായങ്ങളും, ഇടനാഴിയിൽ നിന്നും മുകളിലേക്ക് കയറാവുന്ന ഒരു മര ഗോവണിയും ഉള്ള ഒരു പുര.
ആദ്യമായി മൂന്ന് പത്തായങ്ങളും പൊളിച്ചു ഇടച്ചുമരുകൾ വെച്ച് മൂന്ന് മുറികളാക്കി. വടക്ക്-കിഴക്കേ മൂലയിൽ ഒരു കിണർ കുഴിച്ച് അതിനോട് ചേർന്ന് ഒരു അടുക്കള കൂട്ടിച്ചേർത്തു.
വടക്കു ഭാഗത്തായി കിണറിനു പടിഞ്ഞാട്ട് ഒരു പൂമുഖം നിർമ്മിച്ചു. പുരപ്പണിക്കായി അത്യാവശ്യം വേണ്ട മരങ്ങൾ പത്തായത്തിൽ നിന്നും കിട്ടി. കല്ല് വളപ്പിൽ നിന്ന് തന്നെ വെട്ടി. അങ്ങിനെ ഞങ്ങളുടെ വളപ്പിൽ രണ്ടു കല്ലുവെട്ട് കുഴികളുണ്ടായി. മഴക്കാലത്ത് വെള്ളം നിറയുന്ന മഴക്കുഴികൾ.
ഇത്രയുമൊക്കെ ആയപ്പോഴേക്കും അച്ഛന്റെ തുച്ഛമായ റിട്ടയർമെന്റ് സമ്പാദ്യം കഴിഞ്ഞിരുന്നു. അതോടെ പണിക്കാരെയെല്ലാം പിരിച്ചു വിട്ട് ബാക്കി പണികൾ അച്ഛൻ തന്നെ ഏറ്റെടുത്തു. മുറികൾക്ക് വാതിലുകൾ നിർമ്മിച്ച് വെക്കുക, ജനാലകൾക്ക് വാതിലുകൾ പണിത് ഘടിപ്പിക്കുക, മുറികൾക്കുള്ളിലെ നിലം മണ്ണ് കുഴച്ചു നിരത്തി ലെവലാക്കി അതിന് മേലെ സിമന്റിട്ട്, ഉരച്ച് മിനുസമുള്ള തറയാക്കുക, പൂമുഖം നേരെയാക്കുക എന്നിങ്ങനെ എല്ലാ പണികളും സ്വയം ചെയ്ത് അത് ഞങ്ങൾക്ക് കയറി താമസിക്കാവുന്ന ഒരു വീടാക്കി മാറ്റുന്ന തിരക്കിലാണ് അച്ഛനും അമ്മയും.
സ്‌കൂൾ അദ്ധ്യയന വർഷം അവസാനിക്കാറായ ഫെബ്രുവരി-മാർച്ച് മാസക്കാലത്ത് ഒന്ന് ബിയിലേക്ക് ഒരു അതിഥി കൂടിയെത്തി. വിജയൻ. ആറങ്ങോട്ട് പിഷാരത്ത് ശേഖര പിഷാരോടി എന്ന എ എസ് പി യുടെയും ചെറുകര പിഷാരത്ത് ശ്രീദേവി പിഷാരസ്യാരുടെയും മകൻ. പലപ്പോഴും കാണുകയും, ഇടക്കെങ്കിലും ഒന്നിച്ച് കളിക്കുകയും ചെയ്ത കൂട്ടുകാരൻ. സ്‌കൂളിലേക്ക് വരാൻ മടിയുമായി, അച്ഛന്റെ വടി പ്രയോഗത്തെ പേടിച്ചു കൊണ്ട് കരഞ്ഞെത്തിയ വിജയനെ വേശു ടീച്ചർ എന്റെ അടുത്തിരുത്തി. അതോടെ അല്പം സമാധാനത്തിലായ വിജയൻ ഇടക്ക് അതെ സ്‌കൂളിലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രഭാവതി ഓപ്പോളുടെ അടുത്തേക്ക് ക്‌ളാസിൽ നിന്നും ഓടിപ്പോയി ടീച്ചർക്ക് പണിയുണ്ടാക്കി. പതുക്കെ, പതുക്കെ വിദ്യാലയമെന്ന പുതു ലോകത്തിനോടും ഞങ്ങളോടും ഇഷ്ടപ്പെട്ടു തുടങ്ങി. അതു വരെ വീട്ടിലിരുന്ന് പാഠങ്ങൾ പഠിച്ച് പരീക്ഷക്കാലമാവുമ്പോൾ പരീക്ഷയെഴുതാൻ അന്ന് സമ്മതിക്കാറുണ്ട്. അപ്രകാരം സ്‌കൂളിൽ ചേർന്നതായിരുന്നു വിജയൻ.
മീനച്ചൂടിൽ കൊയ്തൊഴിഞ്ഞ പാടങ്ങളിൽ ഉഷ്ണക്കാറ്റ് വീശുന്ന വേനൽ കടുത്തപ്പോൾ, ഒന്നാം ക്ലാസ് പരീക്ഷയെഴുതി ഞങ്ങൾ വേനലവധിക്കായി വീടണഞ്ഞു.
അച്ഛൻ വേനലവധിക്കാലത്ത് ഞങ്ങളെ അദ്ദേഹത്തിന്റെ വീടായ പരക്കാട്ടേക്ക് കൊണ്ട് പോയി. ആദ്യത്തെ അറിഞ്ഞുള്ള പരക്കാട്ട് യാത്ര. തൃശൂർ പട്ടണത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ദൂരെ കാഞ്ഞാണി റോഡിലുള്ള കുന്നത്തങ്ങാടിയാണ് പരക്കാട്ട് പിഷാരം. പരക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തോട് തൊട്ടാണ് ഷാരം. വിസ്തൃതമായ വലിയൊരു കശുമാവിൻ തോപ്പുമുണ്ട് ഷാരത്തോടനുബന്ധമായിട്ട്. കാട് മൂടിക്കിടക്കുന്ന ആ തോപ്പിലും തൊടിയിലുമായി വിവിധ തരം കശുമാവുകൾ കൂടാതെ പല തരം മാവുകളുണ്ട്, പ്ലാവുണ്ട്, ബബ്ലൂസ് നാരങ്ങ എന്ന് പേരുള്ള വലിയ മധുര നാരങ്ങ കായ്ക്കുന്ന ഒരു നാരകമുണ്ട്.
ഈ കാഴ്ചകളും കശുമാങ്ങയുടെ രുചിയും ആദ്യമായി അറിയുകയാണ്.
കുറെ വർഷത്തിനു ശേഷമുള്ള ആദ്യ പൂരമെന്നോണം, ഞങ്ങളെയും കൊണ്ട് അച്ഛൻ രാവിലെ തന്നെ തൃശൂർ പൂരത്തിന് പുറപ്പെട്ടു. നാട്ടിലുണ്ടെങ്കിൽ ഒരിക്കലും തൃശൂർ പൂരം മുടക്കാത്ത ഒരു പൂരപ്രേമിയായിരുന്നു അച്ഛൻ. പൂരപ്പറമ്പിലെ കുറച്ചേറെ കാഴ്ചകൾക്ക് ശേഷം തൃശൂർ റൗണ്ടിൽ നാടുവിലാലിന് സമീപമുള്ള അദ്ദേഹത്തിന്റെ സഹപാഠിയായ ശ്രീധരന്റെ കടയിൽ നിന്നും സർവ്വത്തും കുടിച്ച്, പൂരപ്പറമ്പിൽ കണ്ട ബലൂണിനോ, മറ്റെന്തിനോ വാശി പിടിച്ച് വൈകുന്നേരത്തോടെ ഞങ്ങൾ തിരിച്ച് പരക്കാട്ടേക്കെത്തി.
പൂരം കഴിഞ്ഞു തിരിച്ചെത്തിയ അച്ഛൻ വീണ്ടും കണ്ണനിവാസിന്റെ ബാക്കി പണികളിലേക്ക് തിരിഞ്ഞു. വീണ്ടും ഒരു ജൂൺ എത്തുകയായി.
തുടരും...

ഓർമ്മച്ചിത്രങ്ങൾ ( 6)




തുടക്കത്തിലെ പരിചയക്കേടുകൾ മാറി സ്‌കൂളിനെയും കൂട്ടുകാരെയും ഇഷ്ടമായി തുടങ്ങിയപ്പോൾ ഞങ്ങളുടെ വീടിനു കുറച്ചപ്പുറമുള്ള ആറാം ക്‌ളാസിൽ പഠിക്കുന്ന ഒരു ചേച്ചിയുടെ കൂടെയായി എന്റെ സ്‌കൂൾ യാത്ര.
ജൂൺ-ജൂലൈ മാസങ്ങളിലെ, മഴ പെയ്ത് പൂട്ടിക്കിടക്കുന്ന പാടങ്ങൾക്ക് നടുവിലൂടെ, ചെത്തിമിനുക്കി ചേറു കൊണ്ട് പുത്തനാക്കിയ വരമ്പുകളിലൂടെ ഒരു മണിക്കൂർ നീണ്ട യാത്ര ചെയ്തു വേണം സ്കൂളിലെത്താൻ. വഴുക്കുന്ന പുത്തൻ ചേറുകൊണ്ട് വെച്ച വരമ്പിൽ നിന്ന്, നടക്കാൻ പഠിച്ചു തുടങ്ങുന്ന നാളുകളിൽ പലവട്ടം വീണ്, ചേറ് കഴായകളിലോ, അണക്കെട്ടിലെ വെള്ളത്തിലോ കഴുകിക്കൊണ്ട് വീണ്ടും സ്‌കൂളിലേക്ക് ചേച്ചിയുടെ കൈയിൽ തൂങ്ങി നടക്കും. സഞ്ചിയും പുസ്തകങ്ങളും ആകെ നനയുന്ന ചുരുക്കം ചില ദിവസങ്ങളിൽ സ്‌കൂളിൽ പോക്ക് തന്നെ മുടങ്ങും. നനഞ്ഞ പുസ്തകങ്ങൾ അടുപ്പുകല്ലിൽ ഉണങ്ങാൻ വെക്കും.
കൂ കൂ കൂകും തീവണ്ടി, കൂകിപ്പായും തീവണ്ടി... ഞങ്ങൾ കുട്ടികൾ ആ പാട്ട് ഉച്ചത്തിൽ വേശു ടീച്ചറോടൊപ്പം പാടും. രാവിലെയും വൈകീട്ടും ക്‌ളാസിനു മുമ്പിലുള്ള റോഡിനപ്പുറം സമാന്തരമായുള്ള റെയിലിലൂടെ കൽക്കരി തിന്നുന്ന കറുത്ത തീവണ്ടി നിലമ്പൂരിലേക്കും ഷൊറണൂരിലേക്കും ചൂളം വിളിച്ചു, അദ്ധ്യാപകരുടെ പാഠ ശബ്ദങ്ങളെ വിഴുങ്ങുന്ന വലിയ ശബ്ദഘോഷത്തോടെ പായുമ്പോൾ, ആ കൗതുകക്കാഴ്ചയിലേക്ക് സ്‌കൂളൊന്നൊടങ്കം മിഴികൾ നീട്ടും. പാഠപുസ്തകങ്ങൾക്ക് വിട കൊടുത്തു കൊണ്ട് അവർ തീവണ്ടി വർത്തമാനങ്ങളിലേക്ക് മേയാനിറങ്ങും. ടീച്ചറുടെ ചൂരലിൻറെ അടി മേശപ്പുറത്തു വീഴുമ്പോൾ വീണ്ടും പഠനങ്ങളിലേക്ക് തിരിച്ചുകയറും.
സ്‌കൂളിൽ ചേർന്ന് കുറച്ചു മാസങ്ങൾക്ക് ശേഷം ഒരു ദിവസം അവിടേക്ക് എ ഇ ഓ എന്നൊരു ഇൻസ്‌പെക്ടർ വന്നു. രാവിലെ എത്തിയ അദ്ദേഹം ഞങ്ങളിൽ ചിലരോട് ചില ചോദ്യങ്ങൾ ചോദിച്ചു. അതിനൊക്കെ ഉത്തരം പറഞ്ഞു, ടീച്ചറുടെ കസേരയിൽ ഇരുന്ന് ടീച്ചറോട് എന്തൊക്കെയോ ചോദിച്ചു പോയി.
ഉച്ചക്ക് ശേഷം ഞങ്ങൾ കുട്ടികളെ കൊണ്ട് ടീച്ചർ മുരുക്കിൻ കുരു വെച്ച് അക്കങ്ങളെ പരിചയപ്പെടുത്തുന്ന, കണക്ക് പഠിപ്പിക്കുന്ന തിരക്കിലാണ്. അവിടേക്ക് പെട്ടെന്നായിരുന്നു ഇൻസ്‌പെക്ടറുടെ രണ്ടാം വരവ്. പൊതുവെ കണ്ടാൽ പരുക്കനായ അദ്ദേഹം ടീച്ചറോട് എന്തോ ഉച്ചത്തിൽ ചോദിച്ചു. ടീച്ചർ എന്തൊക്കെയോ പറയാൻ ശ്രമിച്ചു, അത് പിന്നീട് കരച്ചിലിലേക്ക് പരിണമിച്ചു. ടീച്ചർ കരഞ്ഞതോടെ കുട്ടികളായ ഞങ്ങളെല്ലാവരും പേടിച്ചു കരയാൻ തുടങ്ങി. അപ്പോഴേക്കും ഹെഡ്‌മാസ്റ്റർ എൻ പി മാഷും എത്തി. ഞങ്ങളെല്ലാവരും കരഞ്ഞതോടെ ഇൻസ്‌പെക്ടർ സ്ഥലം വിട്ടു. പിന്നീട് ഒന്ന് രണ്ടു വർഷത്തേക്ക് ഇൻസ്‌പെക്ഷൻ എന്നത് ഒരു പേടി സ്വപ്നമായി മാറി.
കുറച്ചു ദിവസങ്ങൾക്കപ്പുറം ചെറുകരെ സ്കൂളിലെ ഒന്നാം ക്ളാസിലേക്ക്, കാക്കി പാന്റും ഷർട്ടുമിട്ട ഒരാൾ എന്റെ പേർ വിളിച്ചെത്തി. അതൊരു കത്ത് നൽകാനായിരുന്നു. എന്റെ പേർ മേൽവിലാസത്തിലെഴുതിയ, അച്ഛൻ മിലിട്ടറിയിൽ നിന്നുമയച്ച ഒരു ഇൻലൻഡ്, പഠനം തുടങ്ങിയ മകന്‌ ഒരച്ഛനയച്ച, നല്ലകുട്ടിയായി പഠിച്ചു മുന്നേറണമെന്നും മറ്റും പറഞ്ഞ് ഉപദേശരൂപേണയുള്ള കത്ത്. എനിക്കാദ്യം കിട്ടിയ കത്ത്.
അധികം വൈകാതെ അച്ഛൻ പട്ടാളത്തിൽ നിന്നും റിട്ടയർ ചെയ്ത് എത്തി. പട്ടാളത്തിൽ നിന്നും എത്തിയ അച്ഛൻ ഒരു വിശേഷപ്പെട്ട വസ്തു കൊണ്ട് വന്നു. ഒരു കൊച്ചു സിംഗിൾ ബാൻഡ് മർഫി റേഡിയോ. ആകെ കിട്ടുക തൃശൂർ, കോഴിക്കോട് നിലയങ്ങളിൽ നിന്നുമുള്ള പ്രക്ഷേപണങ്ങൾ. കൂടാതെ വൈകീട്ട് സിലോൺ വാനൊലി നിലയത്തിൽ നിന്നുമുള്ളവയും. നാട്ടിൽ മറ്റു വീടുകളിലൊന്നും റേഡിയോ ഇല്ലാത്ത കാലത്താണ് ആദ്യമായി ഞങ്ങളെ ചലച്ചിത്ര ഗാനങ്ങളുടെയും വാർത്തകളുടെയും ലോകത്തിലേക്ക് സ്വാഗതം ചെയ്ത് റേഡിയോ എത്തുന്നത്. പിന്നീട് എത്രയോ വർഷങ്ങൾ ഞങ്ങളുടെ വീട്ടിലെ ഒരംഗം പോലെ ജീവിച്ച മർഫി.
ചിത്രം: വേശു ടീച്ചർ
തുടരും...

Like
Comment
Share

ഓർമ്മച്ചിത്രങ്ങൾ ( 5)

 ഒന്നാം ക്ളാസിലേക്ക്



മഴ തുടങ്ങിയ ഒരു തിങ്കളാഴ്ച, 1968 ജൂൺ മൂന്നിനാണ് ഞാൻ സ്‌കൂളിലേക്കാനയിക്ക പ്പെടുന്നത്. പ്രവേശനോത്സവങ്ങളും ആഘോഷങ്ങളുമില്ലാതെ, ചെറുകര എ യു പി സ്‌കൂളിൽ അമ്മ എന്നെ ചേർത്തു. വേശു ടീച്ചറുടെ ഒന്നാം തരം ബി യിൽ ആണ് ആദ്യ പാഠങ്ങൾ തേടി എത്തിയത്.
കരയുന്ന കുറെയേറെ കുട്ടികൾക്കിടയിൽ, കരയാനറിയാത്തവനെപ്പോലെ ധൈര്യശാലിയായി ഞാനിരുന്നു. ആദ്യത്തെ കുറച്ചു ദിവസങ്ങൾ തൊട്ടടുത്ത രാജമന്ദിരത്തിലെ ഷാരസ്യാർ ടീച്ചറെന്ന പാപ്പിക്കുട്ടി ഓപ്പോളുടെ കൂടെയായിരുന്നു യാത്ര. ഓപ്പോളുടെ മകൾ ഉഷയും ഉണ്ട് കൂടെ. ഉഷയും വേശു ടീച്ചറുടെ ക്ലാസിൽ തന്നെ. തറ, പറ യിൽ തുടങ്ങുന്ന വിദ്യാഭ്യാസം എനിക്കിഷ്ടമായി.
ഏകദേശം 3 കിലോമീറ്റർ ദൂരത്തുള്ള സ്‌കൂളിലേക്കു പാടത്തു കൂടി നടന്നുള്ള യാത്ര ഒരു അഞ്ചു വയസ്സുകാരനെ സംബന്ധിച്ച് സ്വല്പം കഠിനമായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങളുടെ തൊട്ടു മുമ്പിലുള്ള പാടത്തിന് അപ്പുറമുള്ള എരവിമംഗലം കുറുപ്പത്ത് സ്‌കൂളിൽ ചേർക്കണോ എന്നൊരു സംശയം അന്നുണ്ടായിരുന്നു. പക്ഷെ രാജമന്ദിരത്തിലെ പാപ്പിക്കുട്ടിയോപ്പോൾ ചെറുകര സ്‌കൂളിൽ ടീച്ചറാണ്, അവരുടെ മകൾ ഉഷയെ അവിടെത്തന്നെയാണ് ചേർക്കുന്നത്. ഇതിനൊക്കെപ്പുറമെ എൻറെ അമ്മ പഠിച്ച സ്‌കൂളുമാണ് ചെറുകര സ്‌കൂൾ. അത് കൊണ്ട് തന്നെ ആ മഹാ വിദ്യാലയത്തിൽ ഞാനും ഒരു വിദ്യാർത്ഥിയായി.
പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ചെറുകര റെയിൽവേ ഗേറ്റിന് അടുത്തയാണ് ചെറുകര എയിഡഡ്‌ അപ്പർ പ്രൈമറി സ്‌കൂൾ. സ്‌കൂളിലെ ഉപ്പുമാവ് പുരയോടൊപ്പമുള്ള കെട്ടിടത്തിൽ റോഡിന് അഭിമുഖമായുള്ള ക്‌ളാസ് മുറിയായിരുന്നു വേശു ടീച്ചറുടെ ഒന്ന് ബി.
ഞങ്ങളുടെ ക്‌ളാസിന്റെ കുറച്ചു മുകളിലുള്ള തിട്ടയിലായിട്ടാണ് മെയിൻ ഹാൾ. മെയിൻ ഹാളിൽ അപ്പർ പ്രൈമറി ക്ളാസുകളാണ്. മെയിൻ ഹാളിന്റെ കിഴക്കേ അറ്റത്തായിട്ടാണ് ഗാന്ധിജിയുടെയും ചാച്ചാ നെഹ്രുവിന്റേയും ഫോട്ടോകളാൽ അലങ്കരിച്ച ഹെഡ് മാസ്റ്ററുടെയും ടീച്ചർമാരുടെയും മുറി. ആ മുറിയുടെ പുറത്ത് കിഴക്കേ മൂലയിലാണ് റെയിലിന്റെ കഷ്ണത്തിൽ തീർത്ത സ്‌കൂൾ ബെൽ പ്യൂൺ രാമൻമാഷുടെ പ്രഹരമേറ്റ് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ സ്‌കൂളിനെ പ്രഭാതങ്ങളിൽ ഉണർത്തുന്നതും പിന്നീട് ചെറു മയക്കങ്ങളിലേക്ക് വഴുതി വീഴുമ്പോളൊക്കെ പിടിച്ചെഴുന്നേൽപ്പിക്കുന്നതും ഒടുവിൽ വൈകീട്ട് ഉറക്കുന്നതും.
മടക്കാൻ പറ്റാത്ത ഓലക്കുടകൾക്ക് ക്‌ളാസുകളിലേക്ക് പ്രവേശനമില്ലാത്തതിനാൽ വർഷക്കാലത്ത് മെയിൻ ഹാളിന്റെ വരാന്തയിൽ നിറയെ ഓലക്കുടകൾ നിറയും. ഒരേ പോലുള്ള ഓലക്കുടകൾക്കിടയിൽ തിരിച്ചറിയാനായി മുകളിൽ കീലുകൊണ്ടോ, പെയിന്റ് കൊണ്ടോ തങ്ങളുടെ ഇനിഷ്യലുകൾ എഴുതി പിടിപ്പിച്ചിരിക്കും. ചിലതിന്റെ കാലുകൾ പെയിന്റ് അടിച്ച് പ്രത്യേക ഭംഗിയോടെ വേറിട്ട കാഴ്ചയൊരുക്കും. നല്ലൊരു കാറ്റു വന്നാൽ ഈ ഓലക്കുടകളെല്ലാം താഴേക്ക് പറന്നു പോയി മലർന്ന് കിടന്ന് മഴ നനഞ്ഞു തങ്ങളുടെ കൊച്ച് യജമാനന്മാരെ കാത്ത് ഇന്റർവെൽ വരെ കിടക്കും.
ഒരു വള്ളുവനാടൻ നാട്ടിൻപുറത്തുള്ള സ്‌കൂളായതു കൊണ്ട് തന്നെ കർഷക കുടുംബങ്ങളിൽ നിന്നും വന്നിരുന്നവരായിരുന്നു വിദ്യാർത്ഥികളിലേറെയും. അവരൊക്കെത്തന്നെ വന്നിരുന്നത് ഓലക്കുടകളുമായും. കയ്യിലൊരു ശീലക്കുടയുമായി സ്‌കൂളിലേക്ക് പോവാൻ സൗഭാഗ്യം സിദ്ധിച്ച അപൂർവ്വം ചിലരിൽ ഒരാളായിരുന്നു എന്നെപ്പോലുള്ള ചുരുക്കം പേർ.
വര : അനുജൻ ശശി
തുടരും...

ഓർമ്മച്ചിത്രങ്ങൾ ( 4)



വിലാസിനി ഓപ്പോളുടെയും ഡോക്ടർ ഉണ്ണിയേട്ടന്റെയും കല്യാണമാണ് ചെറുകരയിലെ ഓർമ്മയുള്ള ആദ്യ കല്യാണം.
ഗുരുവായൂരിൽ നിന്നും കല്യാണം കഴിഞ്ഞു ഭദ്രാലയത്തിന് മുന്നിലെ റോട്ടിൽ കാറിൽ വന്നിറങ്ങുന്ന ഉണ്ണിയേട്ടന്റെയും ദേവി ഓപ്പോളുടെയും ചിത്രം, ഭദ്രാലയത്തിലെ മുറ്റത്തൊരുക്കിയ കല്യാണപ്പന്തലിൽ വിലാസിനിയോപ്പോളുടെ കൈ പിടിച്ചു നടക്കുന്ന ചെറുകാടിന്റെ മൂത്ത മകൻ രവിയേട്ടൻ, കൈകളിൽ കിട്ടിയ വാസനയുള്ള ചെറുനാരങ്ങ, മിസ്ക്ച്ചർ, രാത്രിയിലെ സദ്യ... ഇവയൊക്കെയാണ് എന്റെ മനസ്സിൽ തങ്ങിയ ആദ്യ കല്യാണക്കാഴ്ചകൾ.
എന്റെ സമപ്രായക്കാരനായ തടിച്ചുരുണ്ട വിജയനെയും അറിഞ്ഞു കണ്ടത് അന്നാണെന്നാണോർമ്മ. വിജയൻറെ തറവാട് ചെറുകര ആണെങ്കിലും, നാലുകെട്ട് അവരുടെ താവഴിക്കുള്ളതാണെങ്കിലും അമ്മമ്മയായ ഏട്ടമ്മയും ഒന്ന് രണ്ട് ഏട്ടന്മാരും ഒഴികെ വിജയനും മറ്റു മക്കളും അച്ഛൻ ആറങ്ങോട്ട് ശേഖര പിഷാരോടിയും അമ്മ ശ്രീദേവി ഓപ്പോളും ഒപ്പം കുന്നപ്പള്ളിയിലുള്ള ഭദ്രാലയത്തിലാണ് താമസം. ആ വിജയൻറെ മൂത്ത ചേച്ചിയുടെയും ഏട്ടന്റെയും കല്യാണമായിരുന്നു അത്.
ചന്ദ്രാലയത്തിലെ ഒരു കല്യാണത്തിന് കാറിൽ ഗുരുവായൂർക്ക് പോയതും തിരിച്ചു വന്നതും ആണ് ആദ്യത്തെ കാർ യാത്രയുടെ ഓർമ്മ.
തെക്കേ പത്തായപ്പുരയുടെയും ചെറുകരത്തറവാടായ നാലുകെട്ടിന്റെയും നടുക്കായി പാടത്തിന് അരുകിലായാണ് കിഴക്കേ പത്തായപ്പുര സ്ഥിതി ചെയ്യുന്നത്. കിഴക്കേ പത്തായപ്പുരയിൽ ഏകദേശം 70 വയസ്സായ നാരായണനുണ്ണി അമ്മാവനും നാണിക്കുട്ടി അമ്മായിയും മക്കളായ ഭാരതി ഓപ്പോളും ഉണ്ണിയേട്ടനും, ഭാരതി ഓപ്പോളുടെ മകൻ അപ്പുണ്ണിയേട്ടനും ആണ് അന്ന് സ്ഥിരം ഉണ്ടായിരുന്നത്. കൂടാതെ അമ്മായിയുടെ അനുജത്തിയുടെ മകൾ വത്സലോപ്പോളും അവിടെ നിന്ന് പെരിന്തൽമണ്ണ സ്‌കൂളിൽ പഠിക്കുന്നുണ്ട്. നാരായണനുണ്ണി അമ്മാവന് ബോംബെയിൽ ഉള്ള രമേശേട്ടനും വട്ടംകുളത്ത് ഭർതൃ ഗൃഹത്തിൽ താമസിക്കുന്ന നളിനി ഓപ്പോളും മക്കളായി ഉണ്ട്.
കിഴക്കേ പത്തായപ്പുരയിലെ നളിനി ഓപ്പോൾ പ്രസവിച്ച കാലത്ത് കുട്ടിയെ കാണാനെന്നും പറഞ്ഞു ശശിയേയും കൂട്ടി പത്തായപ്പുരയിലേക്ക് തനിയെ പോയിരുന്നതും ഒരു ക്ഷണിക ചിത്രം പോലെ ഓർമ്മയിൽ നിൽക്കുന്നു.
ഓണം വിഷു ആണ്ടറുതികൾ അടുത്തെത്തുമ്പോൾ നാട്ടിൽ നായാടി വരും. മൂന്നോണം നാലോണം ഒക്കെയായിട്ടാവും അവരെത്തുക. ദൂരെ പാടത്തുള്ള വരമ്പിൽ നിന്നെ നീട്ടി വിളിക്കൂ. അന്ന് ഏറ്റവും പേടിയുണ്ടായിരുന്നത് നായാടികളെ ആയിരുന്നു. കരയുമ്പോൾ നായാടിക്ക് പിടിച്ചു കൊടുക്കും എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചതിനാലാവാം, നായാടിയുടെ വിളി ദൂരെ പാടത്ത് നിന്നും കേട്ടാൽ അമ്മാമൻറെ മുറിയിലേക്ക് കടക്കുന്ന കനത്ത വാതിലിനു പുറകിൽ ഒളിച്ചിരിക്കും.
പൊതുവെ പേടിത്തൊണ്ടനും വലിയ വികൃതിയൊന്നും അല്ലാത്ത ഞാൻ ആ ഏപ്രിൽ മാസത്തിൽ അഞ്ചു വയസ്സ് തികഞ്ഞ് സ്‌കൂൾ പഠനത്തിന് അർഹത നേടി. നിറയെ മാങ്ങകൾ പഴുക്കാൻ വെച്ച തെക്കേ അകത്ത് നിന്നും ആ സുഗന്ധം ഒഴിഞ്ഞ ഒരു ജൂൺ മാസത്തിൽ കുളിച്ചൊരുങ്ങി പാടവരമ്പിലൂടെ മൈലുകൾക്കപ്പുറമുള്ള, അന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു പുത്തൻ ലോകത്തിലേക്ക് അമ്മയുടെ കൈ പിടിച്ചു യാത്രയായി.
ചിത്രം: ചെറുകര കിഴക്കേ പത്തായപ്പുര
വര: അനുജൻ ശശി
തുടരും...

ഓർമ്മച്ചിത്രങ്ങൾ(3)



ചെറുകര തെക്കേ പത്തായപ്പുരയിൽ വെച്ചാണ് എന്നെ എഴുത്തിനിരുത്തുന്നത്. അച്ഛൻ നാട്ടിലില്ലാത്തത് കാരണം ഭരതനുണ്ണി അമ്മാമനാണ് എന്റെ കൈപിടിച്ചു എഴുതിച്ചതെന്നാണ് ഓർമ്മ. തെക്കേ പത്തായപ്പുരയുടെ കിഴക്കേ എടുപ്പിലെ വരാന്തയിൽ നിലവിളക്കിനും ഒരു നാക്കിലയിലെ അവിലും മലരിനും ശർക്കരക്കും മുമ്പിൽ വെച്ചായിരുന്നു അതെന്ന് ഓർമ്മയുണ്ട്. പിന്നീട് മണലിലും സ്ളേറ്റിലും ഒക്കെ അമ്മ കൈപിടിച്ച് എഴുതിച്ച് മലയാളം അക്ഷരങ്ങളെ പരിചിതമാക്കിയിരുന്നുവെങ്കിലും സ്‌കൂളിൽ ചേരുന്നതിന് മുമ്പായി കാര്യമായ പഠനങ്ങൾ ഒന്നും നടന്നതായി ഓർമ്മയില്ല, വൈകുന്നേരത്തുള്ള സന്ധ്യാ നാമങ്ങളും നാളും പക്കവും ഒഴിച്ച്. പൂർണ്ണ സ്വാത്രന്ത്ര്യത്തോടെ അഞ്ചു വയസ്സ് വരെ കളിച്ചു നടക്കാൻ അനുവദിച്ച ഒരു മുൻ തലമുറയായിരുന്നു അന്നത്തേത്.
അന്ന് ശിന്നക്കുട്ടി അമ്മായിയുടെ ബന്ധുക്കളായ കണ്ണനൂർ വിശ്വനാഥേട്ടനും, അപ്പംകളത്തിൽ പ്രഭാകരനുണ്ണിയേട്ടനും അവിടെ നിന്നാണ് സ്‌കൂൾ പഠനം നടത്തിയിരുന്നത്. വിശ്വനാഥേട്ടൻ ഹൈസ്‌കൂളിലും പ്രഭാകരനുണ്ണിയേട്ടൻ ടി ടി സി ക്കും പഠിക്കുന്ന കാലം. എൻറെ ആനകളി മുതലായ ശാഠ്യങ്ങൾക്ക് കൂട്ടു നിന്നവർ.
തെക്കേ പത്തായപ്പുരയുടെ അടുക്കളയും, ഊണ് കഴിക്കുന്ന തളവും, പത്തായവും ചേർന്ന പുരയുടെ കിഴക്കായി ഒരു കുളവും ഉണ്ട്. പുരയുടെ തെക്കുപുറത്തു നിന്നും വടക്കു പുറത്തു നിന്നും നേരെ കടവുകളിലേക്ക് ഇറങ്ങാം, മഴ നനയാതെ കുളിക്കാം. വേനൽക്കാലമാവുമ്പോൾ വെള്ളം കുറയും. അപ്പോൾ നാലുകെട്ടിലെ കുളം മാത്രമാണ് എല്ലാവർക്കും ശരണം.
തെക്കോറത്തായി കടവിലേക്ക് ഇറങ്ങുന്നതിന് ഇടത്ത് വശത്തായി ഒന്നോ രണ്ടോ പേർക്കിരിക്കാവുന്ന ചാണകം മെഴുകിയ ഒരു പടിയുണ്ടായിരുന്നു. അവിടെയിരുന്നാണ് ഉച്ച സമയങ്ങളിൽ അമ്മായി പേൻ നോക്കുന്നത്. പാടത്ത് കൂടി പോവുന്ന നാട്ടുകാരുടെ കണക്കെടുക്കുന്നത്. അവരുമായി കുശലം പറഞ്ഞ് അവരെ ക്ഷണിക്കുന്നത്. അക്കൂട്ടത്തിൽ എത്തുന്നവരാണ് കുറി നടത്തുന്ന കല്യാണിയമ്മയും ചക്കുംപുലാക്കൽ നാരായണിയമ്മയും മറ്റും. അവിടെയിരുന്നാണ് ഞങ്ങൾ കിഴക്കേ പാടത്തെ കാഴ്ചകൾ കാണുന്നതും മഴക്കാലത്ത് കണ്ടങ്ങളിൽ നടക്കുന്ന കന്നുപൂട്ടലും ആർത്തു വിളിച്ചുള്ള ഊർച്ചയും മറ്റും ആസ്വദിക്കുന്നതും. ഊർച്ചപ്പലകയും വലിച്ച് ഓടുന്ന പോത്തുകളെ വാല് വളച്ചു പിടിച്ച് നീരോലിക്കെട്ടിട്ട വടികൾ കൊണ്ടടിച്ച് പായിച്ച്, താഴെ വീഴാതെ നിൽക്കുന്ന അഭ്യാസികളായ കന്നുപൂട്ടുകാരുടെ അത്ഭുത കാഴ്ചകൾ കണ്ട് ഹരം മൂത്ത ഞങ്ങൾ അവിടെ നിന്നും ഓടിയിറങ്ങി പാടവക്കത്തേക്കുള്ള കഴലിന്മേൽ സ്ഥാനം പിടിക്കും.
ഭരതനുണ്ണി അമ്മാമൻ ഏകദേശം 75 വയസ്സുള്ള നെടുങ്ങാടി ബാങ്കിൽ നിന്നും റിട്ടയർ ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന അന്നത്തെ ചെറുകര മൂത്ത പിഷാരോടിയാണ്. മൂത്ത പിഷാരോടിയെന്നാൽ തറവാട്ടിലെ ഏറ്റവും പ്രായം ചെന്നയാൾ. അതൊരു സ്ഥാനപ്പേര് കൂടിയാണ്. പണ്ട് നാടുവാഴി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് വള്ളുവനാട് രാജ്യത്തിലെ 14 സ്വരൂപങ്ങളിൽ ഒന്നായിരുന്ന ചെറുകരത്തറവാട്ടിലെ മൂത്ത കാരണവർക്ക് രാജ സദസ്സിൽ അധികാരങ്ങൾ ഉണ്ടായിരുന്നു. ഞാൻ കണ്ട ഭരതനുണ്ണിയമ്മമാൻ ഇതൊന്നുമില്ലാത്ത, ആഢ്യത്വം വെടിഞ്ഞു ഒരു പക്ഷെ തറവാട്ടിൽ നിന്നും ആദ്യമായി പുറത്തു പോയി ജോലി ചെയ്ത ഒരാൾ കൂടിയായിരുന്നു. കുറേക്കാലം തമിഴ്‌നാട്ടിലും മറ്റും ജോലി ചെയ്തത് കൊണ്ട് തന്നെ ലോകപരിചയത്തിനാല് സിദ്ധിച്ച വിനയവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ പ്രകടമായിരുന്നു.
ഓർമ്മ വെച്ചതിനു ശേഷമുള്ള ആദ്യ തീവണ്ടി യാത്ര നടത്തിയത് ഭരതനുണ്ണി അമ്മാമന്റെ കൂടെയാണ്. ഒറ്റപ്പാലത്തിനടുത്തുള്ള മായന്നൂരിലെ ബന്ധുവീട്ടിൽ എന്തോ വിശേഷം. അതിന് അമ്മാമനും അമ്മായിയും പുറപ്പെട്ടപ്പോൾ വാശി പിടിച്ചു ഞാനും കൂടെപ്പോയി. തിരിച്ചു പോരുമ്പോൾ മായന്നൂരിൽ നിന്നും കുറെ ദൂരം നടന്ന് വന്ന് ഭാരതപ്പുഴയിലൂടെ കടത്ത് കടന്ന് ഒറ്റപ്പാലം സ്റ്റേഷനിൽ നിന്നും ഷൊറണൂർ വരെ തീവണ്ടിക്ക് വന്നത് ഇന്നും ഓർമ്മയിലുണ്ട്. തിക്കിത്തിരക്കിയായിരുന്നു ആ യാത്ര എന്നതും.
ചിത്രം: തെക്കേ പത്തായപ്പുരയിലെ കുളപ്പുരക്കെട്ട്.
വര: അനുജൻ ശശി
തുടരും...

ഓർമ്മച്ചിത്രങ്ങൾ - (2)


എനിക്ക് ഏകദേശം ഒന്നര വയസ്സുള്ളപ്പോൾ അച്ഛൻ(പരക്കാട്ട് പിഷാരത്ത് ഗോപാല പിഷാരോടി) അന്ന് ജോലി ചെയ്തിരുന്ന മദ്ധ്യപ്രദേശിലെ മോവ്(MHOW) എന്ന സ്ഥലത്തേക്ക് കുടുംബത്തെ കൂട്ടി പോയിയെന്ന് അമ്മ(വട്ടേനാട്ട് പിഷാരത്ത് ദേവകി പിഷാരസ്യാർ) പലപ്പോഴും പറയുമായിരുന്നു. പിന്നീട് ഒരു വർഷത്തിന്‌ ശേഷം തിരിച്ചു വന്നത് ഒരു അനുജനെയും കൂട്ടിയാണ്. ആ ദിനങ്ങളൊന്നും ഓർമ്മയിലില്ല, ആകെ ഓർമ്മയുള്ളത് അവിടെ നിന്നും തിരിച്ചു പോരുന്ന, നേരത്തെ പറഞ്ഞ ഒരു തീവണ്ടിക്കാഴ്ച മാത്രം.
വീണ്ടും കുറച്ചു കാലത്തെ വട്ടേനാട്ട് വാസം. അതിന്റെയൊക്കെ വളരെച്ചെറിയ ഓർമ്മകളെ ഉള്ളൂ. അന്ന് കഴകവുമായി വട്ടേനാട്ട് സ്ഥിരതാമസം മുത്തശ്ശിയുടെ മൂത്ത ജേഷ്ഠത്തിയുടെ മകൾ കുഞ്ചുട്ടി മുത്തശ്ശിയും മകൻ രാമചന്ദ്രമ്മാവനും ആണ്. അമ്മാവൻ സ്‌കൂൾ പഠനം കഴിഞ്ഞു ടൈപ്പും ഷോർട്ട് ഹാൻഡും പഠിക്കുന്ന കാലം.
അതെന്താ, ഇതെന്താ എന്ന് ചോദിച്ച് പിന്നാലെ നടക്കുന്ന മൂന്നര-നാല് വയസ്സുകാരന് അന്ന് വരി വരിയായി പോവുന്ന ഉറുമ്പുകളെ കാണിച്ച് അവയുടെ യാത്രയിൽ അവന്റെ മനസ്സിനെ പിടിച്ചു കെട്ടി രാമചന്ദ്രമ്മാവൻ രക്ഷപ്പെടുമായിരുന്നത്രെ.
ഒരു വൈകുന്നേരം അമ്പലക്കുളത്തിൽ അമ്മ ഞങ്ങളെയും കുളിപ്പിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അമ്പല നടയിൽ പെട്ടിയും ബെഡ് ഫോൾഡറുമായി അച്ഛൻ പട്ടാളത്തിൽ നിന്നും ലീവിൽ വന്നെത്തുന്നത്. അവയുടെ കൂട്ടത്തിൽ ഒന്ന് രണ്ട് വലിയ ടിന്നുകളും ഉണ്ടായിരുന്നു. നിറയെ വെണ്ണ ബിസ്കറ്റുകൾ നിറച്ച ടിന്നുകൾ.
കുറച്ചു കാലത്തിന് ശേഷം ഞങ്ങൾ അമ്മയും മുത്തശ്ശിയും അനുജനുമൊപ്പം പെരിന്തല്മണ്ണക്കടുത്ത ചെറുകരയിലേക്കെത്തി. ഭരതനുണ്ണിയമ്മാമനും ശിന്നകുട്ടി അമ്മായിയും താമസിച്ചിരുന്ന ചെറുകര തെക്കേ പത്തായപ്പുരയിലാണ് മുത്തശ്ശൻ കണ്ണനുണ്ണി മൂത്ത പിഷാരോടിയും താമസിച്ചിരുന്നതത്രെ.. മുത്തശ്ശൻറെ മരുമകൻ ആയിരുന്നു ഭരതനുണ്ണി അമ്മാവൻ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ചെറുകരയിൽ മുത്തശ്ശനു ഭാഗമായി കിട്ടിയ കുറച്ചു സ്ഥലവും മൂന്ന് വലിയ പത്തായങ്ങളുള്ള ഒരു പത്തായപ്പുരയും മുത്തശ്ശിയുടെ പേരിൽ ഉണ്ടെന്നാലും അവിടെ താമസിക്കാൻ ഉള്ള സൗകര്യങ്ങൾ ഒന്നും ഇല്ലെന്നതിനാൽ, ഞങ്ങളും തെക്കേ പത്തായപ്പുരയിലാണ് താമസിച്ചിരുന്നത്.
ചെറുകരയിലെ ഓർമ്മകൾക്ക് തെളിച്ചം വെക്കുന്നത് ഏകദേശം 4 വയസ്സുള്ളപ്പോഴാണ്. തെക്കേ പത്തായപ്പുര രണ്ടു എടുപ്പുകളുള്ള ഒരു വീടായിരുന്നു. അതിലെ പടിഞ്ഞാറ്റിയിലെ ആദ്യ നിലയിൽ തെക്കേ അറ്റത്തുള്ള മുറി ആയിരുന്നു ഞങ്ങളുടെ കിടപ്പു മുറി. ചുമരുകളിൽ പഴയ ഏതെല്ലാമോ മുത്തശ്ശിമാരും മുത്തശ്ശന്മാരും വലിയ ഛായാ ചിത്രങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു.
രാവിലെ ഉണർന്നെണീറ്റാൽ കരഞ്ഞു കൊണ്ട് ഗോവണിപ്പടികൾ ഇറങ്ങി വന്ന് ഉമ്മറപ്പടിയിലിരുന്ന് കരഞ്ഞിരുന്നത് ഇന്നും ഓർക്കുന്നു. കരയാൻ കൂടെ മിക്കവാറും അനുജൻ ശശിയുമുണ്ടാവും. ഞങ്ങൾ തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. പലപ്പോഴും കോണിപ്പടിയിൽ നിന്നും താഴോട്ട് വീഴ്ചയും പതിവായിരുന്നു. അപ്പോഴേക്കും അമ്മ എത്തി സമാധാനിപ്പിച്ചു ഓരോ ഗ്ളാസ് പാല് തരുമായിരുന്നു. മേമ്പൊടിയായി കുറേശ്ശേ ഹോർലിക്‌സും ഇട്ടു തന്നിരുന്നുവെന്നാണ് ഓർമ്മ. അതു കിട്ടിക്കഴിഞ്ഞാൽ കരച്ചിലിന് ശമനമാവും.
കുട്ടിക്കാലത്ത് എനിക്ക് വേണ്ടത്ര നിറമില്ല എന്ന് പറഞ്ഞു ശിന്നക്കുട്ടി അമ്മായിയുടെ ഏട്ടൻ ആനയാത്ത് നാരായണമ്മാവന്റെ ഭാര്യ കുളപ്പുള്ളി അന്തിമഹാകാളൻകാവിലെ അമ്മായി ഇടക്ക് തെക്കേ പത്തായപ്പുരയിലേക്കെത്തുമ്പോൾ ഒരു തേച്ചു കുളിപ്പിക്കൽ പതിവുണ്ടത്രേ. ദേവകി ശരിക്ക് കുളിപ്പിക്കാഞ്ഞിട്ടാണ് കുട്ടിക്ക് വേണ്ടത്ര വെളുപ്പില്ലാത്തതെന്ന് പറഞ്ഞു ചകിരികൊണ്ട് കൊട്ടത്തളത്തില് നിർത്തി തേച്ച് കുളിപ്പിക്കുമത്രേ. ഞാനാണെങ്കിൽ ഈ കുളി കഴിയുമ്പോഴേക്കും കരഞ്ഞു പൊളിച്ചിരിക്കും, കൂടാതെ തേക്കലിന്റെ ശക്‌തിയിൽ ചുകപ്പു നിറമായി മാറുമായിരുന്നത്രെ.
അമ്മായി തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചു. ഞാനൊരു ഇരു നിരക്കാരൻ മാത്രം. പോരാത്തതിന് പാരമ്പര്യമായി കിട്ടിയ വരണ്ട ചർമ്മവും.
ചിത്രം - തെക്കേ പത്തായപ്പുര.
വര - അനുജൻ ശശി
തുടരും...



Like
Comment
Share

ഓർമ്മച്ചിത്രങ്ങൾ (1)


നമ്മുടെയെല്ലാം ഓർമ്മകൾ രൂപപ്പെട്ടു വരുന്നത് ഏകദേശം മൂന്നു വയസ്സ് മുതലാണല്ലോ. അതിനും മുമ്പുള്ള കാര്യങ്ങളും ചിലർക്കെങ്കിലും ഓർമ്മയിൽ ഉണ്ടായിരിക്കാം.
എനിക്കുമുണ്ട് അത്തരം ചില നുറുങ്ങോർമ്മകൾ.. ഓർമ്മയിൽ തങ്ങി നിൽക്കുന്ന ചില ചിത്രങ്ങൾ.
• അച്ഛനും അമ്മയുമൊരുമിച്ച് അരണ്ട മഞ്ഞ വെളിച്ചമുള്ള ഒരു തീവണ്ടി മുറിയിലേക്ക് കയറുന്ന ഒരോർമ്മ.
• ഒരു കുളത്തിൽ(വട്ടേനാടാവണം) അമ്മയുടെ കാലിനിടയിൽ വെച്ച് തലയിൽ വെള്ളം മുക്കിയൊഴിച്ച് കുളിപ്പിക്കുന്നത്.
• തറവാട്ടിൽ ആമക്കാവ് ഭഗവതിയുടെ പറ വന്ന ഒരു രാത്രി. വാദ്യക്കാരും മറ്റും ഊണ് കഴിക്കുന്നത്.
• പട്ടാളത്തിൽ നിന്നും ലീവിനു വന്ന അച്ഛൻ അമ്പലത്തിന് മുമ്പിൽ തലയിൽ ഒരു പെട്ടിയുമെടുത്ത ചുമട്ടുകാരനൊപ്പം എത്തിയത്.
ആ ഓർമ്മകൾക്കും മുമ്പേ 1962 ലെ ഒരു ജൂലൈ മാസത്തിലായിരിക്കണം ഒരു ജീവബിന്ദുവായി ഞാൻ അച്ഛന്റെ ശരീരത്തിലെത്തിപ്പെടുന്നതും പിന്നീട് ഒരു മത്സരത്തിൽ അനേകരെ തോൽപ്പിച്ച് അമ്മയുടെ ശരീരത്തോട് ഒട്ടിപ്പിടിക്കുന്നതും.
1963 ലെ മാർച്ച് മാസം 31നായിരുന്നു അമ്മയിൽ നിന്നും പുറത്തു കടക്കാനുള്ള ആദ്യ ലക്ഷണങ്ങൾ ഞാൻ കാണിച്ചതത്രെ. പക്ഷെ പുറത്തെത്തിയപ്പോഴേക്കും അത് മറ്റൊരു ദിനമായി മാറിയിരുന്നു. എല്ലാവരെയും ഒന്ന് പേടിപ്പിച്ചാണത്രെ എത്തിയത്. പിറന്നു വീണ കുട്ടി മിണ്ടുന്നില്ല. പേറെടുത്ത ഡോക്ടർ കാലിൽ തൂക്കിയെടുത്ത് രണ്ടടി തന്നുവെന്നും, കഫം കുടിലു കൊണ്ട് വലിച്ചെടുത്തുവെന്നും ചരിത്രം. അങ്ങിനെ ചിലരെയെങ്കിലും വിഡ്ഢികളാക്കി ഒരു വിഡ്ഢി ദിനത്തിൽ, 1138 മീനമാസത്തിലെ തിരുവാതിര നാളിൽ, ആദ്യ ശ്വാസം എന്തെന്നനുഭവിച്ചു കരഞ്ഞു കൊണ്ട് ഈ ലോകത്തിലേക്ക് കടന്നു വന്നു.
എന്റെ ജനനം കൂറ്റനാട് അടുത്തുള്ള വട്ടേനാട് എന്ന ഗ്രാമത്തിലാണ്. അവിടെയാണ് അമ്മയുടെ തറവാടായ വട്ടേനാട്ട് പിഷാരം സ്ഥിതി ചെയ്യുന്നത്. കൂറ്റനാട്ട് നിന്നും തൃത്താലക്ക് പോകുന്ന റോഡിൻറെ ഇറക്കത്തിൽ ഇടതു വശത്തേക്ക് തിരുവാനിപ്പുറം ശിവക്ഷേത്രത്തിലേക്ക് അക്കാലത്ത് ഒരു ഇടവഴിയാണുണ്ടായിരുന്നത്. ആ ഇടവഴി നാലഞ്ച് തിരിവുകൾക്കും വളവുകൾക്കും ശേഷം മധുരക്കിഴങ്ങ് വള്ളികൾ തളിരിട്ടു നിന്നിരുന്ന കുറച്ച് പറമ്പുകൾ താണ്ടി ആൾപ്പാർപ്പില്ലാത്ത ഒരു കുന്നിൻ ചെരിവിലൂടെ അമ്പലത്തിന് മുമ്പിൽ ചെന്നെത്തും. അമ്പലത്തിൻറെ തൊട്ടു മുമ്പിലായി വലിയൊരു ക്ഷേത്രക്കുളം, ക്ഷേത്രക്കുളത്തിനപ്പുറം നീണ്ടു പരന്നു കിടക്കുന്ന പാടശേഖരം. അമ്പലത്തിന്റെ മതിൽക്കെട്ടിനുള്ളിലൂടെ കടന്നു വേണം അവിടത്തെ കഴകക്കാരായ ഞങ്ങളുടെ വട്ടേനാട്ട് തറവാട്ടിലെത്താൻ.
തുടരും...

Like
Comment
Share

കാലം തെറ്റി പൂക്കുന്ന കണിക്കൊന്നകൾ

  " വിഷുക്കാലമല്ലേ , പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ , കണിക്കൊന്നയല്ലേ" എന്ന അയ്യപ്പപ്പണിക്കരുടെ 1960 ലെഴുതിയ കവിതക്ക് ശേഷം കാലമൊ...