2019, ഓഗസ്റ്റ് 28, ബുധനാഴ്‌ച

മുംബൈ ബാച്ചിലർ ജീവിതം – Part 19


രാവിലെ ഉണർന്നിട്ടും കല്യാണം കഴിക്കാത്തതിന്റെ അസ്വസ്ഥതകൾ വിട്ടുമാറിയിരുന്നില്ല. സതു എല്ലാം തുറന്ന് പറയുന്ന പ്രകൃതക്കാരനാണ്. ഒന്നും മനസ്സിലിരിക്കില്ല.
കൊല്ലാവസാനമാണ്. കണക്കെഴുത്തുകാരുടെ ഭാഷയിൽ ഇയർ എൻഡിംഗ്. നേരത്തെ ഓഫീസിലെത്തി തീർക്കേണ്ട പണികൾ പലതുണ്ട്. എല്ലാ വർഷത്തെയും പോലെ അവസാന നിമിഷമാണ് ഉത്രാടപ്പാച്ചിൽ. പണം പിൻ വലിക്കുക, ലാഭവും നികുതിയും കുറക്കാനുള്ള വഴികൾ കണ്ടെത്തുക എന്നു തുടങ്ങി പലതും ബാക്കിയാണ്.
സതുവുമൊത്ത് നേരത്തെ ഇറങ്ങി സ്റ്റേഷനിലേക്ക് ആഞ്ഞു പിടിക്കുകയാണ്. നടത്തത്തിന്റെ താളം തെറ്റിയ ഒരു നിമിഷം, കാലിലെ മടമ്പ് തെറ്റി വീഴാൻ പോയപ്പോൾ സതു കടന്ന് പിടിച്ചു. കാലുളുക്കിയിരിക്കുന്നു. കാണെക്കാണെ കാല് നീരു വന്നു വീർത്തു. നാട്ടിലുള്ളപ്പോൾ പല തവണ മടങ്ങിയ പടത്തിന്റെ അവിടെത്തന്നെയാണ് ഇപ്പളും ഉളുക്കിയിരിക്കുന്നത്. കാലിലെ നീരും, വേദനയുടെ ആധിക്യവും വെച്ച് നോക്കുമ്പോൾ ഇത്തവണത്തേത് ലെവൽ വൺ കാറ്റഗറിയിൽ പെടുത്താവുന്നതാണ്. ഓഫീസിൽ പോകാതിരിക്കാൻ യാതൊരു നിർവ്വാഹവുമില്ലാത്തതിനാൽ സതുവിന്റെ തോളിൽ പിടിച്ച് ഞൊണ്ടി സ്റ്റേഷനിലെത്തി, സ്ലോ വണ്ടി പിടിച്ച് എങ്ങിനെയോ ഓഫീസിലെത്തി. അപ്പോഴേക്കും കാൽ നിലത്ത് തൊടാൻ പറ്റാത്ത പരുവത്തിലായിരുന്നു.
കാലിലെ അവസ്ഥ കണ്ടതും, മധു സിൻഹ ഓഫീസിലെക്ക് വന്നതിന് ആദ്യമേ നാല് ചീത്ത പറഞ്ഞു. പിന്നീട് മാഹിമിലെ ഒരു മുസ്ലിം ആയുർവേദ ഉഴിച്ചിലുകാരനെ വിളിച്ച് കാറിൽ എന്നെയും കൊണ്ട് നേരെ വിട്ടു. ആയുർവ്വേദക്കാരന്റെ പത്തു മിനുട്ടു നേരത്തെ വലിച്ച്, കുടഞ്ഞ്, തിരുമ്മിയുള്ള കസർത്തു കഴിഞ്ഞപ്പോഴേക്കും ഒരുവിധം കാൽ നിലത്തു വെക്കാമെന്നായി. തിരിച്ച് ഓഫീസിലെത്തി മുപ്പത്തി ഒന്നാം തിയതി വരെക്കുള്ള പണികൾ ഒരു വിധം തീർത്തു. കുറെ ജോലികൾ രാമുവിനെ പറഞ്ഞേല്പ്പിച്ചു.
കാൽ പൂർണ്ണമായും ഭേദമാവുന്നതു വരെ ഓഫീസിലേക്ക് വരരുതെന്ന് താക്കീത് നല്കി മധു സിൻഹ വൈകുന്നേരം കാറിൽ കയറ്റി വിട്ടു.
ഒരാഴ്ച പകലുകളിൽ റൂമിൽ ഏകനായിക്കൂടി. ഒറ്റക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. ഒരു കൂട്ടിനായി കൊതിച്ച ദിനങ്ങൾ.
വായനയിൽ ലയിച്ച ദിനങ്ങൾ. പഠിക്കുന്ന കാലത്ത് ഒരിക്കലും സമയം നോക്കാതെ വായിക്കാൻ കഴിയുമായിരുന്നില്ല. മനസ്സറിഞ്ഞുള്ള പഠനത്തേക്കാൾ സമയ ബന്ധിതമായൊരു ചടങ്ങായിട്ടായിരുന്നു അത് പലപ്പോഴും കലാശിച്ചിരുന്നത്. കയ്യിൽ വാച്ച്, കിഴക്കെ മുറിയുടെ ചുമരിൽ ക്ലോക്ക്, കൂടാതെ അകായിലെ ഇലക്ട്രോണിക് ക്വാർട്ട്സ് ക്ലോക്ക്. ഇവയെല്ലാം എന്റെ പഠന സമയങ്ങളെ നിയന്ത്രിച്ചു വന്നു. അത്തരം സമയനിഷ്കർഷതകളില്ലാതെ വായിക്കുകയെന്നത് ഭാഗ്യം. ഇന്നെങ്കിലും അതിന് കഴിയുന്നുവല്ലോ.
ദിനങ്ങൾ പിന്നിടും തോറും വായിക്കാനുള്ള സാമഗ്രികൾ കുറഞ്ഞു വന്നു. ഇനി പുതിയവ സംഘടിപ്പിച്ചിട്ടു വേണം. തല്ക്കാലം സ്വന്തം ചരിത്രത്താളുകളിലേക്ക് പരതിയിറങ്ങി. ചരിത്രമില്ലാതിരിക്കുക എന്നത് ഒരു രസമില്ലായ്മയാണ്, ബോറാണ്. ഇന്നിന്റെ യാഥാർത്ഥ്യങ്ങൾ യഥാവിധി പകർത്തുമ്പോൾ അവ നാളത്തെ ചരിത്രമായി മാറുന്നു. അവക്ക് ഇതിഹാസമാനങ്ങൾ കൈവന്നാലോ, ജീവിതം അർത്ഥവത്താവുന്നു. അത്തരം ഇതിഹാസമാനങ്ങൾ ഒന്നുമില്ലെന്നാലും പഴങ്കഥകൾ വായിച്ചിരിക്കുക, ഓർക്കുക എന്നും അനുഭൂതിദായകമാണ്.
അങ്ങിനെ സഞ്ചരിക്കുമ്പോളാണ് കാലിലെ ഉളുക്കിന്റെ ഒരു പഴയ കഥയിലേക്ക് ഞാനെത്തിയത്. തൃപ്രയാറെ ടെറസ്സ് ഗോവണി ഓടിക്കയറുന്നതിനിടെ കാല് മടങ്ങിയ കാലം, മടമ്പ് നീർ വന്നു വീർത്തു. ഇരട്ടപെറ്റവരിലൊരാളെക്കൊണ്ട് ഉളുക്കിനുഴിയിപ്പിച്ചാൽ ഉളുക്ക് പമ്പ കടക്കുമെന്നാണ് നാട്ടു വിശ്വാസം. പാട്ടാളി സ്വാമിയുടെ ഭാര്യ സരസ്വതിയമ്മ്യാരെ ഇരട്ടപെറ്റതാണത്രെ. എത്രയോ പേരുടെ കാലുനിവർത്തിയ സരസ്വതിയമ്മ്യാർ അങ്ങിനെ എന്റെയും കാലുഴിഞ്ഞു ഞരമ്പുകളെ നേരെയാക്കി. മാഹിമിലെ മുസ്ലിം ഉഴിച്ചിലുകാരൻ ഇരട്ടപെറ്റതാണോ എന്ന് ഞാൻ ചോദിക്കാൻ വിട്ടു പോയിരുന്നു. ഏതായാലും വായനയും, പകലുറക്കവും, സ്വപ്നം കാണലുമായിക്കഴിഞ്ഞ ഒരാഴ്ചക്കു ശേഷം, അത്യാവശ്യം നടക്കാമെന്നായപ്പോൾ ഇരുപത്തി ഏഴാം ജന്മദിനമെത്തി. കൂടെ കൂട്ടുകാരുണ്ടെന്നാലും, ജന്മദിനാഘോഷങ്ങൾക്കപ്പുറം, നാം ഒറ്റക്കാണെന്ന ചിന്ത മനസ്സിനെ അലട്ടുന്നു. ഒരിണയുടെ സാമീപ്യം അവശ്യമെന്ന് അടിവരയിട്ട് നമ്മെ ഓർമ്മപ്പെടുത്തുന്ന ദിനം.
ഉളുക്കിന്റെ പാരവശ്യം വിട്ടുമാറാത്ത കാലുമായി വീണ്ടും ലോക്കൽ ട്രെയിനിൽ ഓഫീസിലേക്ക്. ട്രെയിനിൽ ഇടിയുടെയും, ചവിട്ടിന്റെയും സൗമ്യദുഖങ്ങൾ ഏറ്റുവാങ്ങി ജീവിത യാത്ര തുടർന്നു. ആൾക്കൂട്ടത്തിന്റെ ആക്രമണോത്സുകതക്കുമുമ്പിൽ നമ്മുടെ ചെറിയ ദയനീയതകൾക്കെന്ത് സ്ഥാനം.
രമേശേട്ടനും വിനയനും ഗണുവുമടങ്ങുന്ന സംഗീതക്കൂട്ടായ്മ കാഞ്ചൂരിലെ ഞങ്ങളുടെ പഴയ റൂമിലേക്ക് താമസം മാറി. സംഗീത പഠനമാണ് ലക്ഷ്യം. ഡോംബിവിലിയെ അപേക്ഷിച്ച് കാഞ്ചൂരിലെ താമസത്തിന് മുക്കാൽ മണിക്കൂറിന്റെ ലാഭമുണ്ട്. അത് പഠനത്തിനായി ചിലവിടാം.
രമേശേട്ടന് കമ്പം ഹിന്ദുസ്ഥാനിയോടാണ്. നീലാ ഭാഗവത് എന്ന ഗ്വാളിയോർ ഘരാനയിലെ സംഗീത വിദുഷിയുടെ അടുത്ത് മൂപ്പർ പഠിക്കാനായി ചേർന്നു. പതിനെട്ടാം വയസ്സിൽ 15 വയസ്സുള്ള പയ്യനുമൊത്ത് വിപ്ലവത്തിന് ഇറങ്ങിത്തിരിച്ചവർ. ആ 15 വയസ്സുകാരനെ അവർ ഭർത്താവാക്കി. വിപ്ലവരംഗത്തെ അതികായകന്മാരുമായി പരിചയപ്പെട്ടു. പക്ഷെ, അപ്പോളും സംഗീത പഠനത്തിൽ നിന്നും പിന്മാറിയില്ല. കുട്ടി ജനിച്ചപ്പോൾ ഭർത്താവിനോട് വിടപറഞ്ഞു. ഇപ്പോൾ ജീവിക്കുന്നത് സംഗീതത്തിനും എക മകനും വേണ്ടി. തുണക്കായി വേറൊരാളെ കണ്ടെത്തിയിരിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യവാദ പക്ഷത്തു നിന്നും പ്രവർത്തിച്ചിരുന്ന അവർ ആ കാഴ്ചപ്പാടുള്ള ഥുമ്രികളും മറ്റും രചിച്ച് സംഗീതാവിഷ്കാരം നടത്തിയിരുന്നവരായിരുന്നു.
കുറെക്കാലത്തിനു ശേഷം സുഹൃത്ത് വിജയന്റെ കത്തു വന്നു. ചെറുകര സ്കൂളിൽ അദ്ധ്യാപകനായി നിയമനം വാങ്ങിയിരിക്കുന്നു. 1969 മാർച്ച് മാസത്തിൽ വിദ്യാർത്ഥിയായി ഒന്നാം ക്ലാസിലേക്ക് കാലെടുത്തു വെച്ച വിജയൻ വീണ്ടും അദ്ധ്യാപകന്റെ രൂപത്തിൽ അതേ വിദ്യാലയത്തിലേക്ക് സംസ്കൃതാദ്ധ്യാപകനായി എത്തുന്നു. സ്കൂളിൽ പോകാനുള്ള മടിക്കുള്ള മറുമരുന്നുമായ ചൂരൽ പ്രയോഗവുമായി അച്ഛ്ന്റെയൊപ്പം നടന്നു കയറിയ വിജയൻ ഇന്ന് കയ്യിലൊരു ചൂരലുമായാവാം സ്കൂളിലെത്തുന്നത്. അയാൾക്കിഷ്ടപ്പെട്ട മേഖലതന്നെ ഒടുവിൽ അയാൾ നേടിയെടുത്തു.
യാത്രാവേളകളിൽ ഈയിടെയായി കഥാശകലങ്ങൾ മനസ്സിലേക്ക് കടന്നു വരുന്നു..
ഓണപ്പൂട്ടലിനു സ്കൂളടക്കുന്ന ദിനം. കണക്കു പരീക്ഷയുടെ കുരുക്കുകളിൽ നിന്നും രക്ഷപ്പെട്ട് അവൻ നടന്നു... ഒരു കഥ അവിടെ തുടങ്ങുകയായിരുന്നു.
കുണ്ടനിടവഴിയിൽ എതിരെ വന്ന പോത്തുകൾക്കിടക്ക് കാലനെ കാണുന്ന കുട്ടി. അതിന്റെ പൊരുളേതുമറിയാതെ കുട്ടിയുടെ മനസ്സിലേക്ക് ആ കാഴ്ച ഒരത്ഭുതമായി കടന്നു വരുന്നു. മുത്തശ്ശന്റെ മരണം ആസന്നമായിരിക്കുന്നു. പക്ഷെ, അതിനെ തന്റെ ഇഷ്ടയാത്രയാക്കി മാറ്റുന്ന ബാലൻ. പുത്ര ദു:ഖത്തിനുമപ്പുറം പൗത്രദു:ഖം അനുഭവിക്കാൻ വിധിക്കപ്പെടുന്ന ഹതാശനായ മുത്തശ്ശൻ…
പക്ഷെ അവയൊന്നും അക്ഷരങ്ങളാക്കി താളുകളിലേക്ക് പകർത്താനുള്ള വൈദഗ്ദ്ധ്യം പോര, ശില്പചാതുരിയില്ല. പദസമ്പത്തില്ല.
കഴിയുമെങ്കിൽ എഴുതണം, തിരുത്തണം. എഴുതിയെഴുതി തഴകണം.. മുരളീ മോഹൻ നിർദ്ദേശിക്കുന്നു.
ശ്രദ്ധ, തീവ്രദ്ധ്യാനം, പദദ്ധ്യാനം ഇവയൊക്കെ ഇനിയും നേടേണ്ടിയിരിക്കുന്നു. പഠനം തുടരുക തന്നെ.

മുംബൈ ബാച്ചിലർ ജീവിതം – Part 18


1989ലെ അവസാനദിനം, ഞായറാഴ്ച രാവിലെ നാലര മണിക്ക് മൂട്ടകളോടു മല്ലടിച്ചുള്ള യാത്രയവസാനിപ്പിച്ച്, സതീശനുമൊത്ത് കല്യാൺ സ്റ്റേഷനിലിറങ്ങി.
ബോംബെയിലെത്തിയിട്ട് വർഷം അഞ്ചു കഴിഞ്ഞെന്നാലും ഇന്നേ വരെ പുതുവർഷപ്പിറവിയുടെ ആഘോഷങ്ങളിലേക്ക് ആകർഷിക്കപ്പെട്ടിട്ടില്ല. ഡിസംബർ 31ന്റെ രാവിൽ, നഗരം അണിഞ്ഞൊരുങ്ങി അതിന്റെ എല്ലാ സൗന്ദര്യങ്ങളും പ്രദർശിപ്പിച്ച്, സംഗീത-നൃത്ത വിരുന്നൊരുക്കി, അന്തേവാസികളെ, അതിലെ പുതു തലമുറയെ മുഴുവൻ തന്നിലേക്കാകർഷിക്കും. പ്രത്യേകിച്ചും വിക്ടോറിയ ടെർമിനസും പരിസരവും, ഗേറ്റ്-വേ ഓഫ് ഇന്ത്യയും, മരൈൻ ലൈൻസും, ജുഹു ചൗപ്പാത്തിയും, പിന്നെ ഗ്രാന്റ് റോഡിലുള്ള ചുവന്ന തെരുവും.
സാധാരണ ബാച്ചിലർ റൂമുകളിൽ ഈ ദിവസങ്ങളിൽ രാപ്പാർട്ടികൾ നിത്യസംഭവങ്ങളാണ്. പക്ഷെ ഇന്നേവരെ അങ്ങിനെ ഒരു ഡിസംബർ 31 ഞങ്ങളുടെ റൂമിലുണ്ടായിട്ടില്ല.
രമേശേട്ടന്റെ നേതൃത്വത്തിൽ ഗണുവും വിനയനും അടങ്ങുന്ന സംഗീതക്കൂട്ടായ്മ നഗരത്തെ അറിയുവാൻ ഇറങ്ങി. ബാക്കിയുള്ള ഞങ്ങൾ എന്നത്തേയും പോലെയുള്ള ഒരു രാത്രിയുടെ ചിട്ടവട്ടങ്ങളിലേക്ക് നിമഗ്നരായി, മറ്റൊരു പുതുവർഷപ്പുലരിയെ വരവേൽക്കാനായി.
പുതുവർഷം ഞങ്ങൾക്കു നല്കിയത് കാഞ്ചൂർ റൂം മാറണമെന്ന വാർത്തയായിരുന്നു. മൂന്നു വർഷം താമസിച്ച റൂമിനോട് പൊതുവെപ്പറഞ്ഞാൽ ഞങ്ങൾക്കും വിരക്തി തോന്നിത്തുടങ്ങിയിരുന്നു. അയൽ പക്കം ചേച്ചി ഡോംബിവിലിയിൽ പുതിയ ഫ്ലാറ്റ് എടുത്ത് മാറിപ്പോയി. ദിവസേന രാവിലെ ബക്കറ്റും പിടിച്ചുള്ള വിരേചനത്തിനുള്ള യാത്ര എല്ലാവർക്കും മടുത്തു തുടങ്ങിയിരിക്കുന്നു. കേശവൻ ഇതിനകം തന്നെ കല്യാണിൽ കുളിമുറിയും കക്കൂസും അകത്തുള്ള ഒരു ചാൽ റൂമിലേക്ക് സ്ഥലം മാറി.
എന്തുകൊണ്ട് നമുക്കും അങ്ങിനെ ഒന്ന് തരപ്പെടുത്തിക്കൂടാ എന്ന് ആലോചനയിലേക്ക് വന്ന കാലത്താണ്, ഉർവ്വശീ ശാപം ഉപകാരമെന്ന പോലെ റൂം ഓണറുടെ ഓർഡർ. കല്യാണിൽ കേശവൻ മുഖാന്തിരം ഒന്നു രണ്ടു റൂമുകൾ കണ്ടെന്നാലും ഒന്നും പിടിച്ചില്ല. ശശിയുടെ സുഹൃത്ത് തോമസ് മുഖാന്തിരം ഡോംബിവിലി വെസ്റ്റിൽ ഒരു റൂം പോയി കണ്ടു. തരക്കേടില്ല. കക്കൂസും കുളിമുറിയും ഉള്ളിൽ തന്നെയുള്ള ഒരു മുറിയും, അടുക്കളയും പ്രത്യേകമായുള്ള ഒരു റൂം. പുതിയ നിർമ്മിതിയാണ്. അതു കൊണ്ടു തന്നെ വൃത്തിയുണ്ട്. 30,000 രൂപ ഡെപ്പോസിറ്റും 120 രൂപ വാടകയും. റൂമും പരിസരവും ഞങ്ങൾക്കെലാവർക്കും ഇഷ്ടപ്പെട്ടു. കൂടാതെ സ്റ്റേഷനിൽ നിന്നും 10 മിനിട്ട് നടക്കാനുള്ള ദൂരമേയുള്ളൂ. ഓഫീസിൽ നിന്നും 15000 രൂപയുടെ ഒരു ദീർഘകാല വായ്പയെടുത്തു. മാസം 500 രൂപ തിരിച്ചടവിൽ. ബാക്കി, പഴയ റൂമിന്റെ ഡെപോസിറ്റും, കയ്യിലുള്ള മിച്ചവും കൂടി ഒപ്പിക്കണം. പൈസ കടം തരുന്ന കാര്യത്തിൽ മധു സിൻഹാജി വിശാലഹൃദയനാണ്. ആ കടം വീടുന്നതു വരെ ഇനി ഈയൊരുത്തന്റെ ശമ്പള വർദ്ധനവിനെക്കുറിച്ച് ആവലാതി വേണ്ടല്ലോ എന്നതാണ് മൂപ്പരുടെ സമാധാനം. പലിശ ഒഴിവാക്കിക്കിട്ടുന്ന പണത്തിന്റെ വിധേയത്വം കൊണ്ട് നമ്മളും അതിനെപ്പറ്റി ഏറെ വ്യാകുലപ്പെടാറില്ല.
റൂമിലുള്ളവർ ഇപ്പോൾ രണ്ടു ഗ്രൂപ്പായി തിരിഞ്ഞിരിക്കുന്നു. രമേശേട്ടന്റെ നേതൃത്വത്തിലുള്ള സംഗീത ഗ്രൂപ്പ്. മറ്റൊന്ന് എന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും. ഡോംബിവിലിയിലെ റൂം എടുത്തത് എന്റെ നേതൃത്വത്തിലാണെങ്കിലും അവിടേക്ക് തൽക്കാലം അവരും കൂടെ വരുന്നുണ്ട്, മറ്റൊരു റൂം തരപ്പെടും വരെ. കൂടാതെ മുരളീ മോഹനനും സതീശന്റെ അമ്മാവന്റെ മകൻ സജീവനും കൂടെക്കൂടുന്നുണ്ട്.
1990 ഫെബ്രുവരി 17നു ഞങ്ങൾ കാഞ്ചൂർ മാർഗ്ഗ് റൂമിനോട് വിടപറഞ്ഞു. കാഞ്ചൂർ മാർഗ്ഗിൽ നിന്നും മൂന്നു നാലു തവണകളായി ഞങ്ങൾ സാധനങ്ങൾ ഒരു വിധം ഡോംബിവിലിയിലെത്തിച്ചു. എല്ലാവരുമൊത്തുള്ള അവസാന ട്രിപ് എത്തിയത് രാത്രി ഒന്നരക്ക്. എന്തൊക്കെപ്പറഞ്ഞാലും കാഞ്ചൂരിലെ റൂം വെള്ളത്തിന്റെ കാര്യത്തിൽ ഒരു ആശ്വാസമായിരുന്നു. വളരെക്കുറച്ചു ദിവസങ്ങളെ ഞങ്ങൾക്ക് വെള്ളം പുറത്ത് നിന്നും കൊണ്ടുവരേണ്ടി വന്നിട്ടുള്ളു. ഡോംബിവിലി റൂമിൽ വെള്ളം ഇനിയും എത്തിയിട്ടില്ല. ബിൽഡിംഗിന്റെ താഴെ ഗ്രൌണ്ടിൽ ഒരു പൈപ് ഉണ്ട്. രാവിലെ വെള്ളം വരും അപ്പോൾ പിടിച്ച് മുകളിൽ റൂമിലുള്ള ഡ്രമ്മിൽ കൊണ്ട് നിറക്കണം. അതൊരു പണി തന്നെയാണ്. ഞങ്ങൾ നാലഞ്ചു പേർ നിരന്ന് നിന്നാണ് വെള്ളം പിടിക്കൽ. അതിനിടയിൽ ഊഴം നോക്കുകയും വേണം. ബിൽഡിംഗിലെ 20 റൂമുകാരും കൂടി നിറച്ചു കഴിയുമ്പോഴേക്കും ഒരു മണിക്കൂറിലധികം പിടിക്കും. അതിനിടയിൽ വേണം എല്ലാവരുടെയും തേവാരവും മറ്റും കഴിക്കാൻ. കൂടാതെ വസ്ത്രം അലക്കലാണ് ഏറ്റവും വലിയ പണി. അത് ശനിയാഴ്ച രാത്രിയിലേക്കും ഞായറിലെ പകലിലെക്കും മാറ്റി വെക്കുന്നു. അന്ന് ബിൽഡിംഗിനു കുറച്ച് ദൂരെയായുള്ള ഒരു കുഴൽക്കിണറിൽ നിന്നും കൈപ്പമ്പ് ഉപയോഗിച്ചു വേണം വെള്ളമെടുത്ത് കഴുകാൻ. അലക്ക് കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ശരീരവും മനസ്സും തളർന്നിരിക്കും.
ഡോംബിവിലിയിൽ നിന്നും ഉള്ള ട്രെയിൻ യാത്ര ഒട്ടുമിക്കവർക്കും ഒരു കടമ്പയാണ്. പ്രത്യേകിച്ചും രാവിലെ, അക്കാലത്തെ നാലാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നും വി ടി ട്രെയിനിൽ കയറിപ്പറ്റുകയെന്നത്. തിങ്ങി നിറഞ്ഞെത്തുന്ന ദീർഘദൂര ലോക്കൽ ട്രെയിനുകളിൽ പോലും ഡോംബിവിലിക്കായി കുറച്ച് സ്ഥലം ഒഴിച്ചിട്ടിരിക്കും. ആ ഇടത്തിലേക്ക് ഇടിച്ചു കയറി തങ്ങളുടെതായൊരിടം സൃഷ്ടിക്കുകയെന്നത് ഡോംബിവിലിക്കാരുടെ കലയാണ്. ആ കല സ്വായത്തമാക്കുവാനുള്ള മെയ് വഴക്കം ആർജ്ജിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് ലോകത്തിലെ ഏതു സ്റ്റേഷനിൽ നിന്നും എത്ര തിരക്കുള്ള വണ്ടിയിലും ഇടിച്ചു കയറാം. ആദ്യദിവസം, ആദ്യ യാത്രയിൽ തന്നെ, വന്ന ആദ്യ വണ്ടിയിൽ ഉന്നം പിടിച്ച് വാതിലിന്റെ നടുക്കമ്പിയിൽ ആഞ്ഞു പിടിച്ച്, ഉള്ളിലേക്ക് നാലാമനായി കയറാനെനിക്കായി. ജീവിതത്തിൽ നാം ജയിച്ചു കയറുന്ന അമൂല്യനിമിഷങ്ങളിലൊന്ന്. കയറി മുന്നോട്ട് കുതിച്ച്, ചരിഞ്ഞ്, ഇടതോ, വലതോ ഒഴിഞ്ഞ ഇടത്തിലേക്ക് കയറിപ്പറ്റാനായാൽ നിങ്ങൾ അതിഭാഗ്യവാൻ. ഇല്ലെങ്കിൽ നിമിഷനേരത്തേക്കുള്ള പിൻ തള്ളലുകൾ അതിജീവിച്ച് കണ്ണടച്ച് താനെസ്റ്റേഷൻ വരെ ധ്യാനിച്ചൊരു നിൽപ്പ്. ധ്യാനം വശമില്ലാത്തവർക്ക് എല്ലാം മറന്നൊരു 15 നിമിഷത്തിന്റെ ഉറക്കം തരാക്കാം. സ്വപ്നങ്ങൾ കാണാം. മുക്കാൽ മണിക്കൂറിനുള്ളിൽ മൂന്നു സ്റ്റേഷനുകൾക്കപ്പുറം നിങ്ങൾ ദാദറിലെത്തുകയായി.
ആദ്യ ദിവസം വിജയിച്ചെന്നാലും, പക്ഷെ, ഈ രീതി എനിക്ക് പൊതുവെ സ്വീകാര്യമായിത്തോന്നിയില്ല. ഞാൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും കയറാവുന്ന സെമി ഫാസ്റ്റ് വണ്ടികളിലേക്ക് ചേക്കേറി. അതാണ് യാത്രാസമയം കൂടുമെങ്കിലും, കുറച്ചു കൂടി സൗകര്യപ്രദം. നാലാം നമ്പറിൽ നിന്നു കയറുന്ന അതേ തഞ്ചത്തിൽ, ഉന്നം പിടിച്ച്, വണ്ടി നിൽക്കും മുമ്പ് കയറിയാൽ, അക്കാലത്ത് ഉള്ളിലെത്തി സീറ്റുകൾക്കിടയിൽ രണ്ടാമനോ, മൂന്നാമനോ ആയി നിൽക്കാനിടം കിട്ടുമായിരുന്നു. ചെന്നെത്തുന്നത് ഒരു ശീട്ടുകളിസംഘത്തിലേക്കാവരുതെന്ന് മാത്രം.
ഉള്ളിലെത്തി കയ്യിലെ ബാഗ് മുകളിലെ റാക്കിലേക്ക് നിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നെ ഒരു മണിക്കൂർ നിങ്ങൾക്ക് മാത്രമുള്ളതാണ്. ആ സമയം എങ്ങിനെ വിനിയോഗിക്കണം എന്നത് ഓരോരുത്തരുടെയും ഇഷ്ടം. അവിടെ നേരം കളയാൻ ശീട്ടുകളിക്കുന്നവരുണ്ട്, കണക്കെഴുതിവെച്ച്, പണം പങ്കുവെച്ച് കളിക്കുന്നവരുണ്ട്. ഇലത്താളം കൊട്ടി, ഡോലക്ക് വായിച്ച് ഷിർഡി സായി ബാബയുടെ സാമഗാനങ്ങൾ പാടുന്നവരുണ്ട്. ഭജനസംഘങ്ങളുണ്ട്. പഴയ റാഫി, മുകേഷ് പ്രഭൃതികളുടെ അനശ്വര ഗാനങ്ങൾ പാടി നിങ്ങളെ പതിറ്റാണ്ടുകൾ പിന്നിലോട്ട് കൊണ്ടുപോകുന്നവരുണ്ട്. ഇനി ഇതിലൊന്നും താല്പര്യമില്ലാത്ത നിങ്ങൾക്ക് സ്വപ്നലോകത്തിൽ വ്യാപരിക്കാം.
മേല്പ്പറഞ്ഞവയിൽ ഒടുവിലത്തേതൊഴിച്ച് മറ്റൊന്നിലും താല്പര്യമില്ലാത്ത ഞാൻ വായനയുടെ ലോകത്തിലേക്ക് ആകൃഷ്ടനാകപ്പെട്ടു. ഡോംബിവിലി കേരളീയ സമാജത്തിൽ മാപ്രാണം ദാമോദരേട്ടൻ മുഖേന അംഗത്വമെടുത്തു. കേരളത്തിലെ ഏതൊരു ലൈബ്രറിയോടും കിടപിടിക്കുന്ന ലൈബ്രറിയാണ് കേരളീയ സമാജത്തിന്റെ ലൈബ്രറികൾ. ഈസ്റ്റിൽ രണ്ടും വെസ്റ്റിൽ ഒരു ലൈബ്രറിയുമാണ് അക്കാലത്തുണ്ടായിരുന്നത്. അവയിൽ ഈസ്റ്റിലെ നെഹ്രു മൈതാനത്തിനടുത്ത ലൈബ്രറിയായിരുന്നു പുതകങ്ങളുടെ എണ്ണത്തിൽ അതിൽ വലുത്. എല്ല ദിവസവും വൈകീട്ട് 7 മണി മുതൽ 9 മണി വരെ തുറന്നിരിക്കുന്ന ലൈബ്രറിയിൽ അങ്ങിനെ ഞാനും അംഗമായി.
ഡോംബിവിലിയിലെ ആദ്യ ഞായർ ദിനം. വൈകിയുണർന്നെണീറ്റ് വെള്ളം പിടിച്ച് വീട്ടിലെ അല്ലറ ചില്ലറപണികൾ ചെയ്ത് കൂടി. അടുക്കളയിലൊരു സ്റ്റാൻഡ് ഫിറ്റ് ചെയ്തു. വീട്ടിലേക്കു വേണ്ടുന്ന പലതും ഒരുക്കാൻ ബാക്കിയാണ്. സാമ്പത്തിക പരാധീനതകൾ വിലങ്ങുതടിയായി നിൽക്കുന്നു. വൈകീട്ട് ഡോംബിവിലി പൊന്നു ഗുരുവായൂരപ്പനെ ദർശനം നടത്തി. അമ്പലത്തിൽ വെച്ച് KEM രാമനാഥേട്ടനെയും സീതചേച്ചിയെയും കണ്ടു. മൂത്തമകന്റെ വേർപാടിനു ശേഷം ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ചു നൽകിയ ചെറിയ അനിലിനെ കണ്ടു.
രാത്രി റൂമിൽ കിഴക്കേയറ്റം മുതൽ പടിഞ്ഞാറെയറ്റം വരെ വിരിച്ചു കിടന്നാലേ എല്ലാവരേയും കൊള്ളൂ. അതു കൊണ്ട് തന്നെ ഉല്ലാസ് നഗറിൽ നിന്നും വാങ്ങിയ ഞങ്ങളുടെ ഇരുമ്പു കട്ടിൽ കാഞ്ചൂർമാർഗ്ഗിലുപേക്ഷിച്ചു. ഉറക്കം വരാതെ കിടന്ന ആ രാത്രികളിൽ, ഇനിയും വെച്ചും വിളമ്പിയും ജീവിക്കാൻ വിധിക്കപ്പെട്ടതിന്റെ സങ്കടങ്ങൾ തികട്ടിയപ്പോൾ, കല്യാണം കഴിക്കാത്തതിന്റെ അസ്വസ്ഥതകളും വൈഷമ്യങ്ങളും പതിയെ പൊങ്ങി കുത്തിനോവിച്ചപ്പോൾ, ആരൊ അവയെല്ലാം ഉറക്കെപ്പറഞ്ഞുകൊണ്ട് തൊട്ടടുത്തു കിടന്ന് ഉറക്കം പിടിച്ചു തുടങ്ങിയ പ്രായത്തിലേറ്റവും ചെറിയവനെ ആഞ്ഞൊരു ചവിട്ടു കൊടുത്തു. അവനാകട്ടെ ഉറക്കത്തിൽ തൊട്ടപ്പുറത്തു കിടന്നവനത് പകർന്നു നൽകി. അങ്ങിനെ സങ്കടക്കടൽ പെട്ടെന്ന് ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി.

2019, ഓഗസ്റ്റ് 4, ഞായറാഴ്‌ച

മുംബൈ ബാച്ചിലർ ജീവിതം – Part 17

ആൾക്കൂട്ടത്തിന്റെ തിരക്കിനിടയിൽ നിന്നും ഇടക്ക് ഏകനാവുന്നത് രസകരമാണ്. ആ നിമിഷത്തിൽ സ്വയം തന്നിലേക്കൊതുങ്ങിക്കൂടി നമ്മുടെതായ ലോകത്തിലേക്കൊരു സഞ്ചാരം. അത്തരമൊരു നിമിഷത്തിന്റെ നിർവൃതിയിലാണ്, പ്രണയ പരവശതയിലാണ് ഞാൻ ആദ്യമായി അവൾക്കൊരു കത്തെഴുതിയത്. അതിനെ പ്രേമലേഖനമെന്ന് വിളിക്കാമോ എന്നറിയില്ല.

പ്രിയപ്പെട്ട കുട്ടി,
എങ്ങിനെയെവിടെ തുടങ്ങണം, എപ്പോൾ തുടങ്ങണം, പറയണം, എന്നിങ്ങനെ ഒരായിരം സനേഹങ്ങളുമായി അന്തഃകരണം മടിച്ചു നില്ക്കയായിരുന്നു. പലപ്പോഴും ആ ഉദ്വേഗത്തിന്റെ അക്ഷരങ്ങൾ പുറത്തു വരാതെ എന്റെ തൊണ്ടയിലുടക്കിയിട്ടുണ്ട്. ഇനിയും മുഖവുര കൂടാതെ പറയാം.
‘ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു’. ഒരായിരം തവണ മനസ്സിൽ പറഞ്ഞ, നിന്നോടുരുവിട്ട മന്ത്രാക്ഷരങ്ങൾ ഇന്നാദ്യമായി അക്ഷരങ്ങളിലൂടെ,  വാക്യത്തിലൂടെ, നിന്നോട് പറയട്ടെ.

ബാല്യം മുതൽ അന്യോന്യമറിയുന്നവരാണ് നാം. എനിക്ക് നിന്നോടിഷ്ടം തോന്നിത്തുടങ്ങിയത് എന്നാണെന്നറിഞ്ഞു കൂടെങ്കിലും അതിന് സംവൽസരങ്ങളുടെ ദൈർഘ്യമുണ്ട്. ഏറെ ആശിച്ചിട്ടുണ്ടെങ്കിലും, നിന്റെ മനസ്സറിയുവാൻ ഞാനിന്നേവരെ ശ്രമിച്ചിട്ടില്ല. ഇക്കാര്യത്തിൽ നിന്റെ അഭിപ്രായത്തിന് തക്ക പ്രസക്തിയുണ്ടെന്നു ഞാൻ വിശ്വസികുന്നു. നിനക്കതു തുറന്നു പറയാം.

നിന്റെ വാക്കുകൾക്കായി കാതോർത്തുകൊണ്ട്,
സ്നേഹപൂർവ്വം..

ആദ്യത്തെ പ്രേമലേഖനം വാക്യങ്ങളായി പരിണമിച്ചിട്ടും സന്ദേഹിയുടെ ഡയറിക്കുറിപ്പിനപ്പുറം പ്രയാണം ചെയ്യുവാനാവാതെ താളിലുറങ്ങിക്കിടന്നു.

വൈകുന്നേരം നാട്ടിൽ നിന്നും അമ്മയുടെ കത്തെത്തി. അമ്മയുടെ അനുജൻ നാരായണമ്മാമൻ വളരെക്കാലത്തിനു ശേഷം നാട്ടിൽ വന്നു കൂടിയിരിക്കുന്നു. വീട്ടിൽ അത്യാവശ്യം മരാമത്തും വെള്ളപൂശലും ഒക്കെയായി ഉഷാറിൽ. ശോഭ വളർന്ന് കല്യാണപ്രായമെത്തിയിരിക്കുന്നു. അതിനു മുമ്പായി വീടൊക്കെ ഒന്ന് നേരെയാക്കണമെന്ന് മൂപ്പർ പറയുന്നു.  അതിലേക്കായി കുറച്ച് പൈസ വേണം. അയച്ചു കൊടുത്തു.

ജീവിതത്തിലാദ്യമായി സമ്മതിദാനാവകാശം വിനിയോഗിച്ചു. ഒമ്പതാം ലോകസഭ തിരഞ്ഞെടുപ്പിലായിരുന്നു അത്. നല്ലൊരു തെരുവു പ്രസംഗം പോലും കേൾക്കാനാവാത്ത, സ്ഥാനാർത്ഥികളെപ്പോലും നേരിട്ടറിയാത്തൊരവസ്ഥയിലായിരുന്നു അത് വിനിയോഗിക്കപ്പെട്ടത്.

കേരള രാഷ്ട്രീയം വെച്ചു നോക്കുമ്പോൾ ഇവിടത്തെ അന്തരീക്ഷം വ്യത്യസ്തമാണ്. നഗരത്തിന്റെ തിരക്കുകളിൽ ഭൂരിഭാഗത്തിനും വ്യക്തമായ രാഷ്ട്രീയ വീക്ഷണങ്ങളോ പക്ഷമോ ഇല്ല. ഇനി തന്റെ നാട്ടിൽ വെച്ച് അങ്ങിനെയൊരു പക്ഷമുള്ളവർ പോലും നഗരരീതികളിലെത്തുമ്പോൾ, ഇവിടത്തെ സഖ്യങ്ങളിലും ചേരികളിലും താല്പര്യമില്ലാതെ നിഷ്പക്ഷരാവുന്നു.

കോൺഗ്രസ് അമ്പേ പരാജയപ്പെട്ട തിരഞ്ഞെടുപ്പിൽ വി പി സിംഗ് എഴാം ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

പിഷാരോടി സമാജം വാർഷികാഘോഷം ദാദറിലെ വനാമാലി ഹാളിൽ വെച്ച് ഡിസംബർ 2ന് നടത്തപ്പെട്ടു. കുറച്ച് ഡാൻസ്, ലൈറ്റ് മ്യു‍ൂസിക് എന്നിവയൊഴിച്ച് കാര്യമായ പരിപാടികളൊന്നും തന്നെയില്ലാത്തൊരു വർഷം. ഗണേശന്റെ ബലികുടീരങ്ങളെ ഒരിക്കൽ കൂടി സമാജം വേദിയിലൂടെ കേട്ടു.
ആനന്ദ് റെക്കോർഡിംഗിലുണ്ടായിരുന്ന ബാബു ഗൾഫിൽ ജോലി കിട്ടി യാത്രയായി. ആ ഒഴിവിലേക്ക് ബോംബെക്ക് തിരിച്ചെത്തിയ രമേശേട്ടനെ നിയമിച്ചു.

വിനയൻ, രമേശേട്ടൻ, ഗണു എന്നിവർ ചേർന്ന് ഒരു റൂം ഏടുത്ത് മാറാൻ ആലോചന. സംഗീതപഠനമാണ് മുഖ്യ അജണ്ട.

നാട്ടിൽ നിന്നും അമ്മയുടെ കത്ത്. പറ്റുമെങ്കിൽ ഒന്നിവിടം വരെ വന്നു പോകണമെന്ന്. ഫോൺ സാർവത്രികമാവാത്ത കാലത്ത് സംഗതികളുടെ നിജസ്ഥിതി കത്തുകളിലൂടെ മുഴുവനറിയാ നാകുമായിരുന്നില്ല. എന്തായാലും അമ്മ ചെല്ലാൻ പറഞ്ഞ സ്ഥിതിക്ക് എന്തെങ്കിലും ഗൗരവതരമായ കാര്യമുണ്ടാവുമെന്ന് തന്നെ കരുതി ഞാനും ശശിയും നാട്ടിലേക്ക് പുറപ്പെട്ടു. പെട്ടെന്നെടുത്ത തീരുമാനമാകയാൽ തന്നെ ട്രെയിനിന് ടിക്കറ്റ് കിട്ടിയില്ല. ക്രിസ്മസ് അവധി അടുത്തതിനാൽ ബസിന് തിരിച്ചു. ബസിലും തിരക്കുള്ള സമയം. ബാക്ക് സീറ്റിലായിരുന്നു റിസർവേഷൻ കിട്ടിയത്. പിറ്റേന്ന് മംഗലാപുരമെത്തിയപ്പോഴേക്കും ശരീരം കഷണങ്ങളായ അവസ്ഥ.

വൈകുന്നേരത്തോടെ കണ്ണനിവാസിലെത്തി. ചർച്ചയിൽ കാര്യങ്ങൾ വ്യക്തമായി, മനസ്സ് കരട് നീങ്ങി തെളിഞ്ഞു. ആഗ്രഹങ്ങളും അവയോടനുബന്ധിച്ച ഊരാക്കുടുക്കുകളും ഏതൊരാളുടെ ജീവിതത്തിലും വന്നെത്താം. അവയെ ദീർഘകാലാടിസ്ഥാനത്തിൽ അപഗ്രഥനം ചെയ്ത് ഒരു തീരുമാനമെടുക്കുക എന്നതിനാണ് പ്രാധാന്യം. അതിലകപ്പെട്ടവർ ശരിയായ തീരുമാനമെടുത്ത് കാര്യങ്ങ്ൾക്ക് വ്യക്തത കൈവരുത്തിയിരിക്കുന്നു.

അധികം വൈകാതെ തൃപ്രയാറെത്തി.

രാമചന്ദ്രന് ലൂപ്പിനിൽ ജോലി, നാട്ടിൽ തന്നെ കിട്ടി. രാജേശ്വരിക്ക് ഒരാലോചന വന്നിരിക്കുന്നു. ഉള്ളിന്റെയുള്ളിലൊളിപ്പിച്ചു വെച്ച ആഗ്രഹം തുറന്നു പറഞ്ഞില്ല. വീണ്ടും അവ തൊണ്ടയിലുടക്കിക്കിടന്നു. ആദ്യം ശോഭയുടെ കാര്യങ്ങൾ ശരിയാകണം. അതു കഴിഞ്ഞേ എന്റെ ആഗ്രഹങ്ങൾ എവിടെയും പറയാവൂ എന്ന് മനസ്സ് പറയുന്നു. അതുവരെ ആഗ്രഹങ്ങൾ മനസ്സിന്റെ ഒരു കോണിലുറങ്ങട്ടെ.

രാവിലെ തൃപ്രയാർ സെന്ററിൽ ബസ് സ്റ്റോപ്പിൽ വെച്ച് രമാബായിയെ കണ്ടു. കോളേജ് ദിനങ്ങളിൽ ക്ലാസിലെ പഠിത്തക്കാരിയായിരുന്നു രമാബായി. അക്കാലത്ത് പഠന വിഷയങ്ങളിൽ പരസ്പരം നല്ലൊരു ബന്ധം കാത്തു സൂക്ഷിച്ചിരുന്ന, കാഴ്ചയിൽ കാര്യമായ   മാറ്റങ്ങളില്ലാത്ത രമയെ ആറു വർഷത്തിനുശേഷം കണ്ടു മുട്ടിയപ്പോൾ ചിരിച്ച്, ചെന്ന്, എന്തൊക്കെ വിശേഷങ്ങളെന്ന് ചോദിച്ചപ്പോൾ  പെട്ടെന്ന് രമയുടെ മുഖത്തുണ്ടായ ഭാവം എന്നെ തെല്ലൊന്നമ്പരപ്പിച്ചു. എതോ ഒരപരിചിതനോടുള്ള ഭാവം. ഒടുവിൽ പറഞ്ഞു മനസ്സിലാക്കേണ്ടി വന്നു ഇത് ഞാനാണെന്ന്. മനസ്സിലായപ്പോഴാവട്ടെ, “മുരളിയോ.. ഏത്, ആ ചെറിയ മുരളിയോ”.. എന്നൊരു ചോദ്യവും. ഞങ്ങളുടെ സമാഗമം ബസ് സ്റ്റോപ്പിലെ കാഴ്ചക്കാർക്കൊരു ചിരിവിരുന്നായി. പ്രത്യേകിച്ച് എന്റെ കൂടിയുണ്ടായിരുന്ന തുളസിചേച്ചിക്ക്.

വീണ്ടും തിരിച്ച് കണ്ണനിവാസിലെത്തി. അതിനിടയിൽ സിനിമകൾ പലതു കണ്ടു.

ഒരു ദിവസം ഉച്ചക്ക് പെരിന്തല്മണ്ണക്കൊരു യാത്ര. അതിനിടയിൽ വളയം മൂച്ചിക്കുള്ള യാത്രാമദ്ധ്യേയുള്ള കള്ളു ഷാപ്പിനു മുമ്പിലിരുന്ന് പരിയാണി വിളിച്ചു. “തമ്പ്രാ.. ഒരു കുപ്പി കഴിയ്ക്കാ.” സ്നേഹത്തോടെയുള്ള ആ ആതിഥേയത്വം നിരസിച്ചെന്നാലും, കുടിക്കാറില്ലെന്ന് പറഞ്ഞത് പരിയാണിക്ക് സമ്മതമായിട്ടില്ല. നഗരത്തിൽ പാർത്ത് കുടിക്കാത്ത ചെറുപ്പക്കാരുണ്ടോ എന്ന് ചോദിക്കുന്നു. ചോദ്യത്തിനുത്തരം ഇല്ലെന്നു തന്നെയാണ്. പക്ഷെ വാറ്റിന്റെ തീ കത്തുന്ന രുചി അറിഞ്ഞിട്ടില്ല. അറിയനൊട്ടാഗ്രഹവും തോന്നിയിട്ടില്ല.

വീണ്ടും തിരിച്ച് ബോംബെക്ക്. ഇത്തവണ റിസർവേഷനില്ലാതെയാണ് യാത്ര. ഇനിയും ടിക്കറ്റ് വെയിറ്റിം ലിസ്റ്റിൽ തന്നെ. പെട്ടി അതെ വണ്ടിയിലുള്ള സതീശന്റെ കയ്യിൽ എല്പ്പിച്ച് ജനറൽ കമ്പാർട്ട്മെന്റിൽ കയറിപ്പറ്റി. കൂട്ടിന് ബോംബെക്കു പോകുന്ന മൂന്ന് മുസ്ലിം കച്ചവടക്കാരും. രക്തദാഹികളായ മൂട്ടകൾ അവിഘ്നം തേരോട്ടം നടത്തുന്ന മരപ്പലക വിരിച്ച ജനറൽ കമ്പാർട്ട്മെന്റിൽ  മറ്റൊന്നിലേക്കും ശ്രദ്ധ തിരിച്ചു വിടാനാവാതെ ബോംബെ വരെയൊരു യാത്ര.

മുംബൈ ബാച്ചിലർ ജീവിതം – Part 16

1989 സെപ്തംബർ 7 പുലർച്ചെ രണ്ടരമണിക്ക് ഞാനും ഗണേശനും കല്യാൺ സ്റ്റേഷനിലെത്തി. 1980-83 നാട്ടിക എസ് എൻ കോളേജ് ബി.കോം സഹപാഠികളിലെ മറ്റൊരംഗം കൂടി അന്ന് ബോംബെക്കെത്തുകയായിരുന്നു. ഒരു ഗൾഫ് യാത്രയുമായ് ബന്ധപ്പെട്ടൊരു ബോംബെ പര്യടനം. 5 വർഷത്തിനു ശേഷമുള്ള ഞങ്ങളുടെ പുനർസമാഗമം.

വണ്ടി സമയത്തിനെത്തി. സുഹൃത്ത് പുറത്തിറങ്ങി കാത്തു നിന്ന ഞങ്ങളിലെ ഗണേശനോട് മാത്രം കുശലാന്വേഷണം നടത്തുന്നു. എന്തോ പന്തികേടു തോന്നിയ ഗണേശൻ മൂപ്പരോട്  എന്നെച്ചൂണ്ടി ചോദിച്ചു. “ ഹൈ, ഇതാരാന്ന് മനസ്സിലായില്ലെ”…   “ഇല്ല”, എന്ന് സുഹൃത്തിന്റെ  മറുപടി.
ഒന്നും മിണ്ടാതെ ചിരിച്ചു നിന്ന എന്നെ അടിമുടി നോക്കി തോൽവി സമ്മതിച്ച മൂപ്പരോട്, 'ഇത് നമ്മടെ മുരളിയല്ലെ' എന്ന് പറഞ്ഞത് വിശ്വസിക്കാനാവാതെ സുഹൃത്ത് വീണ്ടും, "മുരളീ, മുരളിയോ.. ഏത് മുരളി.... ".

അഞ്ചു വർഷത്തിനിടെ കാലവും എന്റെ കോലവും മാറിയതറിയാതെ സുഹൃത്ത് അന്തം വിട്ട് നിൽക്കുകയാണ്. ഞാനാണെങ്കിൽ ഒന്നും ഉരിയാടാതെയും… എന്റെ മനസ്സിലേക്ക് കടന്നു വന്നത് കോളേജിലെ ഒരു പൂർവ്വദൃശ്യത്തിന്റെ പുനരാവർത്തനം....

….പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്കു ചേർന്ന കാലം. ക്ലാസ് മൊത്തം മീശയും താടിയും വന്നു തുടങ്ങുന്ന ചെറുവാല്യക്കാരുടെ കൂട്ടമാണ്. അവരുടെ ഇടയിൽ പൊക്കത്തിന്റെ കാര്യത്തിൽ സ്വല്പം മെച്ചപ്പെട്ടിട്ടുണ്ടെന്നതൊഴിച്ചാൽ മൂക്കിനു കീഴെ പൊടി മീശ വളരുമോ എന്നു പോലും അറിയാത്ത അവസ്ഥയിലായ ഞാൻ ജാള്യത മൂലം പലപ്പോഴും അവരുടെ കൂടെ കൂടാതെ ഒറ്റപ്പെട്ടു നടക്കുന്ന കാലം. അവിടേക്കാണ് പ്രായത്തിൽ ഞങ്ങളെക്കാളും മുൻപിലായ ഒരു ചേട്ടൻ വന്നു ചേർന്നത്. കട്ടി മീശ ഒന്നു മാത്രം മതിയായിരുന്നു ഞങ്ങൾ കുട്ടികൾക്ക്, മൂപ്പരെ ചേട്ടനെന്ന് വിളിക്കാൻ. കൂടാതെ സംഗീത, കലാ-കായിക രംഗങ്ങളിൽ നിപുണൻ. വളരെ വേഗം ക്ലാസിലെ സംഗീതക്കമ്പക്കാരായ ഗണേശനും വിനയനും അദ്ദേഹത്തിന്റെ ആരാധകരായി. അതെ, രമേശേട്ടൻ. അവരദ്ദേഹത്തെ ബഹുമാനപൂർവ്വം രമേശേട്ടൻ എന്നു വിളിച്ചു. പതുക്കെ പതുക്കെ മൊത്തം ക്ലാസും മൂപ്പരെ അങ്ങനെ സംബോധന ചെയ്തു തുടങ്ങി.

ക്ലാസിലെ ഇടവേളകളിൽ, ഒരു ദിനം, എല്ലാവരും കൂടെ ബാക്ക് ബെഞ്ചിലിരുന്ന് പരസ്പരം കളിയാക്കി രസിക്കുന്ന സമയത്ത്,  തന്റെ കട്ടിമീശ തടവിക്കൊണ്ട് രമേശ് കൂട്ടത്തിലുള്ള എന്നെ നോക്കി പറഞ്ഞു “നിനക്കൊന്നും ഈ ജന്മം ഇങ്ങനെയൊരു മീശവെച്ച് നടക്കാൻ ഭാഗ്യമുണ്ടാവില്ല മോനെ..”. വേണമെങ്കിൽ കരടി നെയ്യ് പരീക്ഷിച്ചു നോക്കാനൊരു ഉപദേശവും..

വീണ്ടും വർത്തമാനത്തിലേക്ക് തിരിച്ചെത്തിയപ്പോൾ, കല്യാൺ സ്റ്റേഷനിൽ നിന്നും ജയന്തി ജനത ഞങ്ങളെപ്പിന്നിലാക്കി മുമ്പോട്ടു കുതിച്ചപ്പോൾ, പ്ലാറ്റ്ഫോമിലെ ശബ്ദകോലാഹലങ്ങൾ അടങ്ങിയപ്പോൾ, ഞാൻ പറഞ്ഞു, “അതെ നിങ്ങളുടെ കൂടെപ്പഠിച്ച മീശമുളക്കാത്ത മുരളി തന്നെ”. ദൈവസഹായത്താൽ കരടി നെയ്യുപയോഗിക്കാതെ തന്നെ കിളിർത്ത മീശരോമങ്ങൾ ഇപ്പോൾ അദ്ദേഹത്തിന്റെ കട്ടി മീശ കണ്ട് അസൂയപ്പെട്ടില്ല.

ബോംബെ സന്ദർശനത്തിൽ, ബോംബെ കാണാൻ രമേശേട്ടന്റെ കൂടെ ഞങ്ങൾ കൂട്ടുകാരുമിറങ്ങി. ഞായറാഴ്ച പവയ് ഐ.ഐ.ടിയിലും, ഗാർഡനിലും നടന്ന് മൂപ്പർ കൊണ്ടുവന്ന എസ്.എൽ.ആർ കാമറയിൽ കുറെ ഫോട്ടോ എടുത്തു.

ഗണപതിയെ വരവേൽക്കാനായ് ബോംബെ തെരുവുകൾ തോറും ഒരുങ്ങിയ സമയം. അലങ്കാര വിളക്കുകളുടെ പ്രഭാപൂരത്തിൽ മുങ്ങിക്കുളിച്ചു നില്ക്കുന്ന നഗരം. അന്നു വരെ കണ്ടിട്ടില്ലാത്ത ബോംബെയുടെ രാത്രിക്കാഴ്ചകൾ  കണ്ടു ഞങ്ങൾ നടന്നു. തെരുവുകൾ തോറും മണ്ഡലുകളിൽ അണിയിച്ചൊരുക്കിയ ഗണപതി ഭഗവാൻ.  അതിനപ്പുറം ചില്ലുകൂടുകളിൽ എഴുന്നള്ളിച്ചു നിർത്തിയിരിക്കുന്ന മാദകത്തിടമ്പുകൾ..  ചുവന്ന തെരുവിന്റെ പ്രഥമ ദർശനം.  അടക്കി നിർത്താനാവാത്ത പുരുഷവ്യഥയുമായി ആയിരങ്ങൾ അവിടേക്ക് ദിവസേനയെന്നോണം എത്തുന്നു. വിലപേശി തങ്ങളുടെ കീശക്കൊത്ത ഉരുവിനെ തിരഞ്ഞെടുക്കുന്നു. ശമനം കിട്ടാത്തൊരു മാനസിക പിരിമുറുക്കത്തിന് പണം കൊടുത്ത് അറുതി വരുത്തുന്നു. അതിന്റെ കൂടെക്കിട്ടുന്ന ഉപോൽപ്പന്നങ്ങളായ മാരകരോഗങ്ങളെപ്പറ്റി ജനസാമാന്യത്തിന് കാര്യമായ അറിവില്ലാതിരുന്ന കാലം. രാത്രി കനത്തതോടെ, കൺപോളകൾക്ക് കനം വെച്ചതോടെ, കാഴ്ചകളിൽ നിന്നും ആസക്തികളിൽ നിന്നും മുക്തി നേടി ഞങ്ങൾ കാഞ്ചൂരിലെ റൂമിലേക്ക് തിരിച്ചെത്തി.

പിറ്റേന്ന് ആരതി റെക്കോർഡിംഗിൽ, രമേശേട്ടൻ പാടിയ “കരിഞണ്ടുക്ക് നാൻ തേടി നടാന്തേ
പാപ്പമേട്ടിലു നാൻ കരാഞ്ചി നടാന്തേ”, അടക്കം 5 പാട്ടുകൾ ബിശ്വദീപിന്റെ സഹായത്തോടെ റെക്കോർഡ് ചെയ്തു. 

ഒരാഴ്ചത്തെ ബോംബെ സന്ദർശനത്തിനു ശേഷം മൂപ്പർ നാട്ടിലേക്ക് യാത്രയായി. കാലവർഷത്തിന്റെ വിടവാങ്ങൽ ഗംഭീരമാക്കിക്കൊണ്ട് ഒരു മഴ ബോംബെയെ വെള്ളത്തിലാക്കി, എല്ലാ അഴുക്കുകളെയും എറ്റുവാങ്ങി, തന്നിലേക്കലിയിച്ച്, കുളിപ്പിച്ച് കടന്നു പോയി.

നിത്യാനുഷ്ഠാനമെന്നോണമുള്ള ഓഫീസ് യാത്ര വിരസമാണ്.  കാഞ്ചൂർമാർഗ്ഗിൽ നിന്നും തിരക്കുള്ള ട്രെയിൻ പിടിച്ച് ദാദർ വഴി സാന്താക്രൂസിലെത്തി, അവിടെ നിന്നും ജുഹുവിലേക്കുള്ള 231 നമ്പർ ബെസ്റ്റ് ബസ് പിടിച്ചാണ് ആരതിയിലേക്കുള്ള യാത്ര. വിരസമായ ആ യാത്രക്കിടെ ഒരു ദിവസം, ഞാനൊരു പേരറിയാത്ത, ശാലീന സുന്ദരിയായൊരു യുവതിയെ കണ്ടു മുട്ടി. തുടർ ദിവസങ്ങളിലും അതേ സമയത്ത് അവരെ ബസ് സ്റ്റോപ്പിൽ കണ്ടുമുട്ടി. ഭംഗിയുള്ള മുഖത്തിനേക്കാൾ ഭംഗിയുള്ളൊരു കുങ്കുമപ്പൊട്ടുമായെത്തുന്ന അവർക്കു ഞാൻ “കുങ്കുമപ്പൊട്ടെന്ന്” പേർ നൽകി. അതോടെ സാന്താക്രൂസിസിൽ നിന്നും ലിഡോ സിനിമ വരെയുള്ള യാത്രക്ക് ഒരു പ്രത്യേകത കൈവന്നു. “കുങ്കുമപ്പൊട്ട്” വളരെപ്പെട്ടെന്നായിരുന്നു എന്റെ മനസ്സിലേക്ക് കുടികയറിയത്. ലിഡോ സിനിമ സ്റ്റോപ്പിലിറങ്ങി സംഗീത അപ്പാർട്ട്മെന്റ് വരെ നീളുന്ന ആ തരുണീ ചലനങ്ങൾ ആരതി റെക്കൊർഡിംഗിന്റെ പുറകുവശത്തുള്ള ഒരു എസി സെർവീസ് സെന്ററിൽ നിലക്കുന്നു. ദിവസവും ഒരേ ബസിൽ കയറാനും എതിർവശത്തായി ഇരിക്കാനും ഇരുവരും മനപൂർവം ശ്രമിക്കുന്നു. ഇടക്കുള്ള ഓരോ നോട്ടങ്ങളിൽ ഇരുവരും ഏതെല്ലാമോ ഉദ്വേഗങ്ങൾ പങ്കുവെച്ചു.

ഓണം കഴിഞ്ഞൊരു ദിനം. സാന്താക്രൂസിൽ ബസിലെ സമാഗമത്തിനായി കാത്തു നിൽക്കാതെ ഓഫീസിൽ നേരത്തെയെത്തി. ഉച്ചക്ക് നാട്ടിൽ നിന്നും അമ്മിണിയോപ്പോളുടെ കത്തു വന്നു. ഓണത്തിന് പണമയച്ചത് കിട്ടിയെന്നും, പഴയതൊന്നും നീ മറന്നില്ലെന്നതിൽ അതീവ സന്തോഷമെന്നും  പറഞ്ഞ്, നന്മകൾ നേർന്നുകൊണ്ട് എഴുതിയിരിക്കുന്നു. മാധുര്യമൂറുന്നവയായാലും, കയ്പുള്ളവയായാലും അവയെയെല്ലാം ഓർമ്മകളുടെ മണിമുത്തുകളായി മനസ്സിന്റെ അടിത്തട്ടിൽ സൂക്ഷിക്കാൻ എന്നും ശ്രദ്ധ വെച്ചിട്ടുണ്ട്. നന്ദിയോ കടപ്പാടോ ആയി അവയെ കാണാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. കടന്നു, നടന്നു പോന്ന വഴിയിൽ കണ്ടുമുട്ടിയവർ, വഴികാട്ടികളായവർ. അവർ കാണിച്ചു തന്ന വഴിയിൽ ഏതു സ്വീകരിക്കണമെന്നത് പഥികന്റെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യത്തിന്റെ പന്ഥാവിലൂടെ, അവർക്കെല്ലാം, ആ ഗുരുഭൂതർക്കെല്ലാം നന്ദിയും ആശീർവാദങ്ങളുമർപ്പിച്ച്, ഇന്നിന്റെ യാഥാർത്ഥ്യങ്ങളിൽ കാലൂന്നി നിൽക്കുമ്പോൾ അവരോരോരുത്തരുടെയും ആശീർവാദങ്ങളും അനുഗ്രഹാശിസ്സുകളുമാണ് ഈയുള്ളവനെ നയിക്കുന്നത്.
അതിനിടയിലാണ് മനസ്സ് നാമറിയാതെ വഴി മാറിച്ചവിട്ടുന്നത്.. ഞൊടി നേരത്തെ പരിചയങ്ങൾ, ക്ഷണിക ദൗർബല്യങ്ങൾ.. നമ്മെ ചില പുറം കാഴ്ചകളിൽ ഭ്രമിപ്പിച്ച് തെളിച്ചുകൊണ്ടു പോകുന്നത്...

നാട്ടിൽ നിന്നുമുള്ള ആ കത്ത് അവയിൽ നിന്നെല്ലാം നിന്നും മുക്തി നൽകി വീണ്ടും കർമ്മബന്ധങ്ങളുടെ കെട്ടുപാടുകളിലേക്ക് മനസ്സിനെ തിരികെ കൊണ്ടുവന്നു.

മുംബൈ ബാച്ചിലർ ജീവിതം – Part 15

പുതിയ ജോലി നീട്ടിയ സിൻഹാജിക്കു വാക്കു കൊടുക്കുവാൻ നിമിഷ നേരമേ വേണ്ടി വന്നുള്ളു. പക്ഷെ, നവകേതനിൽ നിന്നും വിട്ടു പോരുക അത്ര ഏളുപ്പമായിരുന്നില്ല. ബോംബെയിലെത്തിയ എനിക്ക് എന്റെ മേഖലയിൽ ഒരു തൊഴിൽ തന്ന ആദ്യ സ്ഥാപനമാണത്. അതിലേറെ പല കെട്ടുപാടുകളുമുണ്ടായിരുന്നു ആ ഒരു ജോലിക്ക്. പ്രത്യേകിച്ച് അഞ്ചു വർഷത്തിന്റെ പ്രവൃത്തിപരിചയത്തിൽ ഞാനേറെ വൈകാരികമായി അടുത്തിരിക്കുന്നു, കടപ്പെട്ടിരിക്കുന്നു ആ സ്ഥാപനത്തോടും അതിലെ ഒരോരുത്തരോടും. എന്നെ നവകേതനിലേക്ക് കൈപിടിച്ചെത്തിച്ച പിഷാരടി സാർ. ദിവസേനെ ഇടപഴകുന്ന ദേവ് സാബ്. വാത്സല്യ  നിധിയായ കേണൽ സാബ്. അവരോടൊക്കെ ഈ വിഷയം എങ്ങിനെ അവതരിപ്പിക്കും എന്നോർത്തപ്പോൾ ഞാനാകെ തൃശങ്കുവിലായി.

അവസാനം ധൈര്യം സഭരിച്ച് പിഷാരടി സാബിനെ ചെന്നു കണ്ടു, വിഷയം അവതരിപ്പിച്ചു. എന്തും കേൾക്കാൻ തയ്യാറായിയായിരുന്നു പോയത്. പക്ഷെ, എന്റെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് അദ്ദേഹം ആ വാർത്ത അത്യന്തം സന്തോഷത്തോടെയാണ് കേട്ടത്. എന്റെ തീരുമാനം വളരെ ഉചിതമെന്നും, ഇത്തരം അവസരങ്ങൾ യഥാവിധി ഉപയോഗിക്കണമെന്നും പറഞ്ഞ് എന്നെ അനുമോദിച്ചു. നവകേതനെന്നത് ഒരു വഴിത്താവളം മാത്രം. ഇവിടെ നിന്ന് നീ നിന്റെ ജീവിതം പാഴാക്കരുത്. സ്വതന്ത്രനായി ജോലി ചെയ്യാനുള്ള അവസരം പൂർണ്ണമായും വിനിയോഗിക്കണം. നിനക്കതിന് കഴിവുണ്ട്.  ഓരോ പുത്തൻ ജോലിയും പുതിയൊരു വിശാലമായ ലോകമാണെന്നും അവിടേക്ക് സധൈര്യം കാലെടുത്ത് വെക്കാനും ജീവിതവിജയം കൈവരിക്കാനും കഴിയട്ടെയെന്നനുഗ്രഹിച്ചു. ശമ്പളക്കാര്യത്തിൽ അദ്ദേഹമിടപെട്ട് എന്തെക്കിലും നീക്കുപോക്കുകൾ നടത്തിയാൽ തന്നെ പുതിയ ഇടത്തിൽ നിന്നും ലഭിച്ച വാഗ്ദാനത്തിന്റെ അടുത്തെത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി നീ നിന്റെ വിലയറിഞ്ഞിരിക്കുന്നുവെന്നും പറഞ്ഞു.

മനസ്സിലെ കാർമേഘങ്ങൾ നീങ്ങി. അദ്ദേഹത്തോട് നന്ദി പറഞ്ഞ് കേണൽ സാബിനെ കാണാനായി തിരിച്ചു. കേണൽ സാബിന് ഒട്ടും അംഗീകരിക്കാനാവാത്തതായിരുന്നു ഈ തീരുമാനം. വേണമെങ്കിൽ സിൻഹാജിയെ നേരിട്ട് കണ്ട് സംസാരിച്ച് തീരുമാനം മാറ്റിക്കാമെന്നായി മൂപ്പർ. പക്ഷെ, ശമ്പളക്കാര്യത്തിൽ ദേവ് സാബിനോട് പറഞ്ഞ് അത്രയും തുക കൂട്ടിത്തരാൻ പറ്റുമോ എന്ന കാര്യത്തിൽ മൂപ്പർക്ക് ചെറിയൊരാശങ്ക. പൊതുവെ അത്തരമൊരു കളി കളിച്ച് ശമ്പളം കൂട്ടാനല്ല  ഞാൻ പുതിയ ജോലി തിരഞ്ഞെടുത്തതെന്നും പൈസയെക്കാളേറെ സ്വതന്ത്രമായൊരു ജോലി എന്നതാണ് ഞാൻ ലക്ഷ്യമിട്ടതെന്നും പറഞ്ഞപ്പോൾ ഒടുവിൽ കേണലും അംഗീകരിച്ചു. പക്ഷെ ഉടൻ നിന്നെപ്പോലൊരുത്തനെ സംഘടിപ്പിച്ചേ നിനക്ക് പോവാൻ പറ്റൂ എന്ന വൈകാരിക ബന്ധനത്തിൽ കെട്ടിയിടാൻ ശ്രമിച്ച കേണൽ സാബിന് ഞാൻ ഗണേശനെ അവിടേക്ക് ആക്കിക്കൊടുത്ത് തല്ക്കാലം തടിയൂരി. ഗണേശനും ജസൂജയുടെ സ്ഥാപനത്തിൽ നിന്നും ഒരു സ്വതന്ത്ര ചുമതലയുള്ള ജോലിക്കായി തക്കം പാർത്തിരിക്കുകയായിരുന്നു.

ദേവ് ആനന്ദിനോട് പറയേണ്ട ചുമതല കേണൽ സാബിന്റെ തലയിൽ വെചു കൊടുത്തു. സ്വന്തം അച്ചന്റെ മരണ വാർത്ത അറിഞ്ഞിട്ടു പോലും ഷൂട്ടിംഗ് നിർത്തിവെക്കാൻ തയ്യാറാവാത്ത ദേവ് സാബിന് സിനിമയൊഴിച്ച് മറ്റൊന്നിനോടും പ്രത്യേകിച്ചൊരു സ്നേഹമോ, പ്രതിപത്തിയോ ഇല്ലെന്നറിയാമായിരുന്നു. അതു കൊണ്ടു തന്നെ അദ്ദേഹം എന്നെ തടയില്ലെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. അതങ്ങിനെത്തന്നെ സംഭവിച്ചു. “ഠീക് ഹെ, ഉസ്കൊ ജാനാ ഹീ ഹെ തോ ജാനേ ദോ.. ലേകിൻ എക് ദിൻ വൊ സരൂർ വാപസ് ആയേഗാ”.  എന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞതെന്നതിനെക്കുറിച്ച് ഞാൻ കുറെയേറെ ആലോചിച്ചു. എന്റെ തീരുമാനം തെറ്റാണെന്നും, അത് സ്വയം മനസ്സിലാക്കി തിരിച്ച് ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് തിരിച്ചെത്തുമെന്നുമാവാം ഉദ്ദേശിച്ചത്. ആ വാചകങ്ങൾ ഒരു ശാപവചസ്സല്ലാതിരുന്നതു കൊണ്ടായിരിക്കാം, അങ്ങിനെ വേണ്ടി വന്നില്ല.

നവകേതനും ആനന്ദും എന്നെ സംബന്ധിച്ചിടത്തോളം മറക്കാൻ കഴിയാത്തൊരനുഭവമായിരുന്നു. കേരളത്തിലെ ഒരു കുഗ്രാമത്തിൽ നിന്നുമെത്തിയ എനിക്ക് കേട്ടു കേൾവിപോലുമില്ലാത്ത സിനിമയുടെ വലിയ ലോകം തുറന്നു തന്ന സ്ഥാപനമാണത്. ജുഹുവിലെ പ്രതീക്ഷാ ബംഗ്ളാവിന്റെ മുമ്പിൽ അമിതാഭ് ബച്ചനെ ഒരു നോക്കു കാണുവാൻ പൊരിവെയിലത്തും മഴയത്തും കാത്തു നില്ക്കുന്ന സിനിമാഭ്രാന്തന്മാരുടെ നാട്ടിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വന്ന് അദ്ദേഹം നമ്മളെക്കാണുന്ന അവസ്ഥ ഊഹിക്കാൻ പോലുമാവുമായിരുന്നില്ല.

അമിതാഭ് ബച്ചനെ ആദ്യമായി ഞാൻ കണ്ടത് വളരെ ആകസ്മികമായിട്ടായിരുന്നു. ഗംഗാ ജമുന സരസ്വതി എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് നടക്കുന്ന അവസരം. അദ്ദേഹം ദിവസവും ഡബ്ബ് ചെയ്യാൻ വരുന്നത് രാവിലെ 8 മുതൽ 10 വരെ. ഇതൊന്നുമറിയാതെ, ഒരു ദിവസം ഞാൻ പതിവു പോലെ ഒമ്പതേമുക്കാലോടെ ആനന്ദിലെത്തി. ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്ത് ഓഫീസിലെത്തിയാൽ ആദ്യത്തെ പണി ബാഗും മറ്റും റിസപ്ഷനിൽ വെച്ച് ടോയ്‌ലറ്റിൽ പോയി മൂത്രമൊഴിച്ച്, മുഖമെല്ലാം കഴുകി നവോന്മേഷം വീണ്ടെടുത്തു വരികയെന്നതായിരുന്നു. അന്നും എന്നതെയും പോലെ ഞാൻ ടോയ്‌ലറ്റിൽ പോയി മൂത്രമൊഴിച്ച് തിരിഞ്ഞു മറുവശത്തുള്ള വാഷ്ബേസിനിൽ മുഖം കഴുകി തലയുയർത്തി കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ണാടിയിൽ എന്റെ പിന്നിലായി ഒരാൾ നിന്ന് ശങ്കതീർക്കുന്നു. അദ്ദേഹത്തിന്റെ പിൻഭാഗം കണ്ടിട്ട് അമിതാഭ് ബച്ചന്റെ പോലുണ്ടല്ലോ എന്ന് ഞാൻ മനസ്സിൽ ആലോചിച്ച്, അതോടൊപ്പം തന്നെ, "പിന്നെ.. അമിതാഭ് ഇവിടെ വന്നല്ലെ മൂത്രമൊഴിക്കുക" എന്നെല്ലാം ചിന്തിച്ചു മുടിയെല്ലാം ചീകി പതുക്കെ പോകാനായി തിരിഞ്ഞതും എന്റെ പുറകിലുള്ള വ്യക്തിയും തന്റെ ശങ്ക തീർത്ത് തിരിഞ്ഞു. പെട്ടെന്ന് ഞാൻ അദ്ബുധസ്തബ്ധനായി നിന്നു പോയി. എന്റെ മുമ്പിൽ സാക്ഷാൽ അമിതാഭ് ബച്ചൻ ഒറ്റക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിൽ നില്ക്കുന്നു. ഒരു നിമിഷം ഞാൻ കാണുന്നത് സ്വപ്നമോ യാഥാർത്ഥ്യമോ എന്നറിയാതെ ഞാൻ പുറത്തേക്ക് കടന്നു, റിസപ്ഷനിൽ പോയി ഇക്കാര്യം പറഞ്ഞപ്പോളാണ് മനസ്സിലായത് അത് ശരിക്കും അമിതാഭ് ബച്ചൻ തന്നെയാണെന്നത്.

അതേപോലെ നാട്ടിൽ നിന്നും വന്ന ശ്രീകുട്ടന് മൂപ്പരുടെ ആരാധനാ പാത്രം മിഥുൻ ചക്രവർത്തി ദർശനം നൽകിയതും ഇതേ ശുചി മുറിയിൽ ആയിരുന്നുവെന്നത് ചരിത്രത്തിന്റെ തനിയാവർത്തനം. തുടക്കം മുതൽ സിനിമാ മേഖലയിൽ പ്രവർത്തിച്ചതിനാലാവാം നടീനടന്മാരെക്കണ്ടാൽ ആരാധനയോടെ പോയി കണ്ട് സംസാരിക്കുന്ന സ്വഭാവം എനിക്കില്ലായിരുന്നു. അതിലേറെ സിനിമക്കു പിന്നിൽ പ്രവർത്തിച്ചിരുന്ന സാങ്കേതിക വിദഗ്ദ്ധരെ പലപ്പോഴും ആരാധനയോടെ നോക്കിക്കാണാനും, അവരുമായി സൗഹൃദം സ്ഥാപിക്കാനും ചിലപ്പോഴെങ്കിലും ശ്രമിച്ചു.

അങ്ങിനെ അഞ്ചു വർഷം പിന്നിടാൻ ഒരു മാസം ബാക്കിയുള്ളപ്പോൾ ഞാൻ നവകേതനോട് വിട പറഞ്ഞു. ദേവ് സാബിനെ കണ്ട് യാത്രപറയാനായി കേണലുമൊത്ത് അദ്ദേഹത്തിന്റെ കാബിനിലെത്തി. “Are you going for a better position?” അതെ എന്നു മറുപടി കൊടുത്തു. “Wish you Good Luck” എന്ന് അനുഗ്രഹം വാങ്ങിപ്പോന്നു.

ആരതിയിൽ ബിശ്വദീപ് ജോയിൻ ചെയ്തിട്ട് ഒരു മാസമായിരിക്കുന്നു. കാരുമായ പണികളൊന്നും കിട്ടിത്തുടങ്ങിയിട്ടില്ല. മധു സിൻഹ ഫിലിം ഡയറക്ടറി തപ്പിയെടുത്ത് സംഗീത സംവിധായകർക്ക് ഫോൺ ചെയ്യാനും മാർക്കറ്റിംഗ് നടത്താനും ഉള്ള വഴികൾ പറഞ്ഞു തന്നു. T-സീരീസ് കസറ്റ് വ്യവസായം തുടങ്ങിയ കാലം. ഗണപതി സ്തുതികൾ ഇറക്കുന്ന സമയം. അവരെ പറഞ്ഞ് പാട്ടിലാക്കി. ശാരംഗ് ദേവ്, സുഖ്-വിന്ദർ സിംഗ് തുടങ്ങിയ ചെറുകിട സംഗീത സംവിധായകരെ കൂ‍ൂട്ടു പിടിച്ച് അവരുടെ ആൽ-ബങ്ങൾക്കും ജിംഗിളുകൾക്കും സ്റ്റുഡിയോ ബുക് ചെയ്യിക്കാൻ ശ്രമിച്ചു.

റൂമിൽ വിനയന്റെ വക ഒരു പുതിയ സൌണ്ട് സിസ്റ്റം തയ്യാറാക്കപ്പെട്ടു. ലാമിംഗ്ടൺ റോഡിൽ നിന്നും സാമഗ്രികൾ വാങ്ങി അവൻ തന്നെ നിർമ്മിച്ച പുതിയ ആംപ്ലിഫയറും സ്പീക്കറും, പാട്ടുവെക്കാനൊരു സ്റ്റീരിയോ വാക്മാൻ കാസറ്റ് പ്ലേയറും.

പുലരിത്തൂമഞ്ഞുതുള്ളിയിൽ പുഞ്ചിരിയിട്ടു പ്രപഞ്ചവും ഞങ്ങളുടെ പ്രഭാതങ്ങളും ഉണർന്നപ്പോൾ, രാ രാ രാസ് പുട്ടിൻന്റെ ചടുലതാളങ്ങളും, ചാന്ദി ജൈസാ രംഗ് ഹെ തേരാ.. എന്നു തുടങ്ങിയ ഘസലുകളുടെ പതികാലങ്ങളും ദിനങ്ങളെ അർത്ഥവത്താക്കിയപ്പോൾ, അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി എന്നു വേദനിച്ചു രാത്രികൾ കടന്നു പോയി.

ജീവിതം സംഗീതസാന്ദ്രമായ ദിനങ്ങൾ, ഹൃദയം പ്രേമ പ്രേമസുരഭിലമായിത്തുടങ്ങിയ
നാളുകൾ…

2019, ജൂലൈ 13, ശനിയാഴ്‌ച

മുംബൈ ബാച്ചിലർ ജീവിതം – Part 14

ഉണർന്നെണീറ്റപ്പോൾ തലേന്നത്തെ സ്വപ്നത്തെപ്പറ്റി വേദനയാണ് തോന്നിയത്. ഉപബോധമനസ്സിന്റെ പ്രതിഫലനമാണ് സ്വപനങ്ങളെന്ന് പറയാറുണ്ട്.  പലപ്പോഴും സ്വപ്നങ്ങൾ അങ്ങിനെയാണ്. നമ്മളാഗ്രഹിക്കുന്നതിനുമപ്പുറത്തേക്ക് അവ നമ്മെ നയിക്കും.  അതിൽ നിന്നും എത്ര ശ്രമിച്ചാലും ഊരിപ്പോരാൻ പറ്റാത്ത തരത്തിൽ കുരുക്കിൽ കുടുങ്ങി രക്ഷപ്പെടാൻ പഴുതുകളില്ലാതെ അവ നമ്മെ ഞെരുക്കും. ഇന്നലത്തേത് അത്തരത്തിൽ പെട്ട ഒന്നായിരുന്നില്ലെന്നാലും, എന്തോ, ഓർത്തപ്പോൾ വിഷമം തോന്നി, അങ്ങിനെയൊക്കെ ചിന്തിച്ചതിന്.

കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല. ദേഹമാസകലം വേദനിക്കുന്നു. ശമ്പള ദിവസമായതിനാൽ പോവാതെ നിവൃത്തിയില്ല.

വൈകീട്ട് നേരത്തെയെത്തി. മേൽ വേദന വിട്ടുപോയിട്ടില്ല. സതീശനും വിനയനും നാട്ടിൽ നിന്നും  തിരിച്ചെത്തി. മുരളീ മോഹനന് കേശവൻ മുഖാന്തിരം മുളുന്ദിലെ ബാലകൃഷ്ണന്റെ ബാച്ചിലർ റൂമിൽ താമസ സൗകര്യം ശരിയാക്കിയിട്ടുണ്ട്. പൂനെയിലെ ജോലിക്കാര്യം ഒന്നും ഇതുവരെയും അറിഞ്ഞിട്ടില്ല. തല്ക്കാലം തിരിച്ചു പോവാനില്ലെന്നും ഇല്ലെങ്കിൽ ഇവിടെത്തന്നെ എന്തെങ്കിലും നോക്കണമെന്നും പറയുന്നു. ഒരു മാസത്തിനിടയിൽ മൂപ്പർ ഞങ്ങളുമായി അടുത്തു കഴിഞ്ഞിരിക്കുന്നു. കൊണ്ടോട്ടി ഭാഷയിൽ,  എന്തിനെക്കുറിച്ചും അഭിപ്രായങ്ങളുണ്ട്. കാര്യങ്ങൾ ശ്രദ്ധിച്ച് മനസ്സിലാക്കി വിശകലനം നടത്തുന്ന സ്വഭാവം. “കാഞ്ചൂർമാർഗ്ഗിലേക്ക് വരുമ്പോൾ കാണുന്ന ഓത്തിയിൽ പന്നികൾ കുത്തിമറിയുന്നതു കണ്ടു”. കൃഷ്ണൻ നായരുടെ വിമർശനത്തിന്റെ ശൈലിയെക്കുറിച്ചാണ് മേല്പ്പറഞ്ഞ വാചകം.
ഞായറാഴ്ച വൈകിയുണർന്നു. മേലുവേദന കാരണം തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങിയപ്പോൾ വൈകിയിരുന്നു. മുരളീ മോഹനനെ ഉച്ചക്ക് മുളുന്ദിൽ ബാലകൃഷ്ണന്റെ റൂമിൽ കൊണ്ടു പോയാക്കി.

മാർച്ച് 6, ശിവരാത്രി. അച്ഛൻ ഓർമയായിട്ട് 13 വർഷം. പാർട്ട് ടൈം ചെയ്യുന്ന സേഥിയുടെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ ഭാര്യയുടെ കരകൗശലവസ്തുക്കളുടെ ബിസിനസിന്റെ കണക്കെഴുത്ത്.
ആമിർ ഖാന്റെ വീടിന്റെ എതിർ വശത്താണ് സേഥിയുടെ വീട്. “ഖയാമത്ത് സേ ഖയാമത്ത് തക്” എന്ന ഹിന്ദി ചിത്രത്തിൽ അരങ്ങേറി താരപദവിയിലേക്ക് ഉയർന്ന് വരുന്ന കാലം. വൈകുന്നേരം തിരിച്ചു പോരുമ്പോൾ സൊസൈറ്റിയിൽ മറ്റു സമപ്രായക്കാരോടൊപ്പം ക്രിക്കറ്റ് കളിക്കുന്നു.
വൈകുന്നേരമായപ്പോഴേക്കും മേലുവേദനയോടൊപ്പം തലവേദനയും പനിയും കൂട്ടിനെത്തി. രാത്രിയിലത്തെ ഉറക്കം തലവേദന കവർന്നെടുത്തു. പിറ്റെന്ന് രാവിലെയായപ്പോഴേക്ക് തലവേദന കലശലായി. പനിയും കൂടിയിരിക്കുന്നു. ദേഹത്ത് അവിടവിടെയായി ചെറിയ ഉണിരുകൾ. മുഖത്തുമുണ്ട് കുറച്ചധികം. എണ്ണിത്തിട്ടപ്പെടുത്തിയില്ല.

കണ്ണാടി നോക്കി നിന്ന എന്നെ നോക്കി സതീശൻ പറഞ്ഞു. പോയി കെടക്കടൊ.. ഇത് മറ്റേതാ.. ഇവിടത്തുകാരുടെ ഭാഷയിൽ “ദേവി കനിഞ്ഞിരിക്കുന്നു”.

തലവേദന കാരണം മയങ്ങിയും ഉണർന്നും നേരം സന്ധ്യയാക്കി. ഉച്ചക്ക് ചേച്ചി തന്ന കഞ്ഞി കുടിച്ചു.  വൈകുന്നേരമായപ്പോഴേക്കും തലവേദന സഹിക്കാൻ വയ്യാതായി. സതീശൻ നിർബന്ധിച്ച് കുടിപ്പിച്ച കഞ്ഞി ഛർദ്ദിച്ചു. വയറൊഴിഞ്ഞതോടെ തലവേദന ശമിച്ചു. പനി നേർത്തു. സുഖകരമായ ഉറക്കം. സ്വപ്നങ്ങൾ പലതു കണ്ടു. ചെറുകരയും തൃപ്രയാറും റീലുകളിൽ മാറി വന്നു. എല്ലാവർക്കും സ്നേഹം. അമ്മയുടെയും അമ്മിണി ഓപ്പ്പ്പോളുടെയും സ്നേഹം എന്താണെന്നറിഞ്ഞതപ്പോഴായിരുന്നു. ചേച്ചി അപ്പുറത്ത് ആ സ്നേഹത്തിന്റെ ഇവിടത്തെ പ്രതിനിധിയെന്നോണമുണ്ട്.

“എത്ര ശ്രദ്ധിച്ചാലും വരാനുള്ളത് വരും”.. അതോണ്ട് ശ്രദ്ധയൊന്നും വേണ്ട. സതീശൻ പറയുന്നു. കട്ടിലിൽ, വിനയന്റെ സ്ഥാനത്ത് സതീശൻ കയറി കൂടെ കിടന്നു. എന്തുകൊണ്ടോ അതിനോട് യോജിക്കാൻ മറ്റുള്ളവർക്കായില്ല. പൊതുവെ ധൈര്യക്കുറവിന്റെ പര്യായമായറിയപ്പെടുന്ന സതീശന് ഇത്തരം സന്ദർഭങ്ങളിൽ പ്രത്യേക ധൈര്യമാണ്.

രാവിലെ ഉണർന്നെണീറ്റപ്പോൾ വേദനക്ക് അല്പ്പം ശമനം. മേലാകെ ഇന്നലത്തേക്കാളും പൊന്തിയിട്ടുണ്ട്. എന്നാലും ചേച്ചി തന്ന ഭക്ഷണം കഴിച്ചു. ഉറങ്ങാതെ വായനയുമായി കൂടി. ഒരിക്കൽ കൂടെ ഖസാക്കിലെത്തി. ചെതലിയുടെ താഴ്വരയിലാകെ ജമന്തിപ്പൂക്കൾ പൊട്ടി വിരിഞ്ഞത് വായിച്ച് കൂടി.  പാപ ഭാരങ്ങളും പേറിയുള്ള പഥികരുടെ പ്രയാണങ്ങൾക്കൊപ്പം  സഞ്ചരിച്ച് ഒരാഴ്ച പിന്നിട്ടതറിഞ്ഞില്ല. കർമ്മബന്ധങ്ങളെ ക്കുറിച്ചാണിപ്പോൾ താനോർത്തത്. കാഞ്ചൂർ മാർഗ്ഗിലെ റൂമിൽ അവശനായി കിടന്നപ്പോൾ മാതൃസ്നേഹം പകർന്നു നല്കിയ, മാസങ്ങൾക്കു മുമ്പ് മാത്രം പരിചയപ്പെട്ട ചേച്ചിയേയും, സോദരസ്നേഹേണ പരിചരിക്കുന്ന സതീർത്ഥ്യനെയും മനസാ നമിച്ചു.

ഒരാഴ്ചയുടെ തിണർപ്പുകൾക്കപ്പുറം വേദനയും ചൊറിച്ചിലും ആര്യവേപ്പിന്റെ തലോടലിൽ ശമിച്ചപ്പോൾ, ഉണിരുകൾ ചലമൊഴിഞ്ഞ് ചുങ്ങിയപ്പോൾ, ഇനി ഇന്ന് ചൊവ്വാഴ്ച കുളിക്കാമെന്ന് സതീശൻ വൈദ്യർ കൽപിച്ചു. ചേച്ചിയും അതിന് സമ്മതം മൂളിയപ്പോൾ വേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചു. ദേഹമാസകലം പൊറ്റനടർന്ന മുറിവുകൾ നീറി.

അങ്ങകലെ തൃപ്രയാർ തേവർ ആറാട്ടിനായി പുറപ്പെടുന്ന ദിനം. ഒരാഴ്ച നീളുന്ന നാട്ടുപ്രദക്ഷിണങ്ങൾ, ആറാട്ടുകൾ. ആറാട്ടുപുഴപൂരം.

ഇക്കൊല്ലം പിറന്നാൾ രണ്ടുണ്ട്. തേവരൊത്ത് ആറാടിയാണ് പിറന്നാളിന് കുളി പതിവ്. ഇക്കുറി കാഞ്ചൂർ മാർഗ്ഗിൽ വെള്ളം ചൂടാക്കിയുള്ള ആറാട്ട്. ഉച്ചക്ക് സദ്യ, ചേച്ചിയുടെ വക തൈരും മാങ്ങാച്ചമ്മന്തിയും കൂട്ടിയൊരു ഊണ്.

ഇനി പഴവർഗ്ഗങ്ങളാവാം.. തണുപ്പിന് നല്ലത് മുന്തിരിയാണത്രെ. എനിക്കുമിഷ്ടമതാണ്. എല്ലാം വേണ്ടതുപോലെ നോക്കാൻ സതുവുണ്ട്. തിന്നാൻ കൂട്ടിന് ഗണുവും. ഒരാഴ്ചത്തെ വിശ്രമം കഴിഞ്ഞിട്ടും ക്ഷീണം മാറിയില്ല. ദിവസേന രാവിലെ അര ലിറ്റർ തിളപ്പിച്ച പാലും വൈദ്യർ നിർദ്ദേശിച്ചു നടപ്പിലാക്കി.

പൊതുവെ കൃശഗാത്രനായ ഞാൻ രണ്ടു മാസത്തെ ഭക്ഷണ ക്രമത്തിൽ തടിച്ചുരുണ്ടു. ജീവിതത്തിൽ അന്നേവരെ സമപ്രായക്കാരേക്കാൾ വളർച്ചക്കുറവിന്റെ വ്യഥയനുഭവിച്ച  ഞാൻ പെട്ടെന്ന് ഉൽസാഹഭരിതനായി. ജീവിതം യൗവ്വന തീക്ഷ്ണമായ പോലെയൊരു തോന്നൽ മനസ്സിനെ മഥിച്ചു.

പാർട്ട് ടൈം ജോലി ചെയ്യുന്ന ആരതിയിൽ മധു സിൻഹ പുതിയൊരു ഗാരേജ് കൂടി വാങ്ങി ചെറിയൊരു റെക്കോർഡിംഗ് തീയറ്ററുണ്ടാക്കി, ഉദ്ഘാടനം നടത്തി. രവീന്ദ്ര ജെയിൻ ആയിരുന്നു ഉദ്ഘാടനം നടത്തിയത്. ആനന്ദിലെ റെക്കോർഡിസ്റ്റ് സൂദിന്റെ അസിസ്റ്റന്റ്  ബിശ്വദീപ് ചാറ്റർജി ആരതിയിൽ റെക്കോർഡിസ്റ്റ് ആയി ജോയിൻ ചെയ്തു. ആരതിയിലെ റെക്കോർഡിംഗ് സ്റ്റുഡിയോക്ക് മാനേജർ ആയി ഒരാളെ വേണം. ചെറുകിട മ്യൂസിക് ഡയറക്ടർമാരെ ഫോണിൽ വിളിച്ച് തീയറ്ററിനെക്കുറിച്ചും, പുതിയ മൾട്ടി ട്രാക്ക് ടാസ്കം റെക്കോർഡറിനെറ്റെ ഗുണഗണങ്ങളെക്കുറിച്ചും, മറ്റ് സ്റ്റുഡിയോകളെ അപേക്ഷിച്ചുള്ള ചാർജ്ജു കുറവിനെക്കുറിച്ചും  വിവരിച്ച് ബിസിനസ് പിടിക്കണം. കൂടാതെ ഇപ്പോൾ ചെയ്യുന്ന കണക്കെഴുത്തും കൂടെ കൊണ്ടുപോകണം. അതിന് പറ്റിയത് നീ തന്നെയെന്ന് മധു സിൻഹ പറഞ്ഞപ്പോൾ, അതിനൊത്ത പ്രതിഫലവും  വാഗ്ദാനം ചെയ്തപ്പോൾ, സിൻഹാജിക്ക് വാക്കു കൊടുത്തു. ഓഗസ്റ്റ് മുതൽ ചേരാമെന്ന്. ആ തീരുമാനം എടുത്തത് പെട്ടെന്നായിരുന്നു. പിന്നീട് ഓർത്തപ്പോൾ, വരുംവരായകളെക്കുറിച്ച് സഹവാസികളോടൊത്ത് വിശകലനം ചെയ്തപ്പോൾ അതൊരു സാഹസമാണെന്ന് ചിലരെങ്കിലും പറയാതെ പറഞ്ഞു.

മുമ്പിൽ തെളിയുന്ന വഴികൾ രാജപാതകളാവണമെന്നില്ല. ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ, അവയുടെ  ദൈർഘ്യം, വിസ്തൃതി, കാഴ്ചയുടെ സമൃദ്ധി എന്നിവക്കപ്പുറം അവ പഥികനെ കർമ്മബന്ധങ്ങളിൽ തളച്ച് അനിവാര്യമായ നിയോഗങ്ങളിലേക്ക് നയിക്കുന്നു..                                                                                                                                             

2019, ജൂലൈ 11, വ്യാഴാഴ്‌ച

മുംബൈ ബാച്ചിലർ ജീവിതം – Part 13

ദാദർ സ്റ്റേഷനിൽ വണ്ടി ചെന്ന് നിന്നപ്പോൾ സമയം 7 മണി കഴിഞ്ഞിരുന്നു. വായനയുടെ രസം പിടിച്ച് പുസ്തകവുമായാണ് മുകളിലെ ബർത്തിലേക്ക് തലേന്ന് കയറിയത്. വായനയിൽ നിന്നും ഉറക്കത്തെ വേർതിരിച്ചെടുക്കാനാവാത്തൊരവസ്ഥയിലൂടെ എത്ര നേരം സഞ്ചരിച്ചുവെന്നത് ഓർമയില്ല. കൂടെ പാലക്കാട്ടു നിന്നു കയറിയൊരു സഹയാത്രികനാണ് വിളിച്ചുണർത്തിയത്. കയ്യിൽ കിട്ടിയതെല്ലാം വലിച്ചെടുത്ത്, നീങ്ങിത്തുടങ്ങിയ വണ്ടിയിൽ നിന്നും പുറത്തേക്ക് ചാടിയിറങ്ങി.

ഇപ്പോൾ ആ സ്റ്റേഷൻ അയാൾക്ക് അപരിചിതമായിത്തോന്നിയില്ല. അഞ്ചു വർഷം മുമ്പ് വന്നിറങ്ങിയ അതേ സ്റ്റേഷൻ. ആദ്യത്തെ വരവിലെ അമ്പരപ്പിനും അന്ധാളിപ്പിനുമപ്പുറം മുമ്പിൽ കണ്ട ജനക്കൂട്ടത്തിനു പകരം ഇപ്പോൾ തന്റെ മുമ്പിൽ നില്ക്കുന്നത് കുറച്ചു കൂലികൾ... പെട്ടിയെടുക്കാൻ ആളു വേണ്ടേയെന്ന അവരുടെ ചോദ്യത്തിന് ഉത്തരം കൊടുത്തത് പരിഭമിച്ച് അരികിലേക്കോടിയെത്തിയ സതീശനായിരുന്നു. “നഹീ.. ഹം ഖുദ് ലേകെ ജായെംഗെ”. സതീശനും ശശിയും, വണ്ടി വിട്ടിട്ടും എന്നെക്കാണാഞ്ഞ് പരിഭമിച്ച് പ്ലാറ്റ്ഫോമിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി തിരയുകയായിരുന്നു.

കൊല്ലത്തുകാരൻ സുരേഷ് റൂം മാറിപ്പോയിരിക്കുന്നു. റൂമിലേക്ക് ഇടക്കിടെ വന്നു കൊണ്ടിരിക്കുന്ന അതിഥികളുടെ ബാഹുല്യം ഇഷ്ടപ്പെടാതെ മാറിപ്പോയതാണത്രെ. അഞ്ചു പേരെ കഷ്ടിച്ചു കൊള്ളുന്ന, ഇപ്പോൾ ആറു പേരുള്ള റൂമിലേക്ക് അപ്പുണ്ണിയേട്ടന്റെ വരവും, വിജയന്റെ ഹ്രസ്വ സന്ദർശനവും മൂപ്പരെ അലോസരപ്പെടുത്തിയിരിക്കാം.

ഏതായാലും വിജയൻ മുറക്ക് ഇന്റർവ്യൂകൾക്ക് പോയിവരുന്നുണ്ടെന്നാലും ഭാഗത്തിനായി നാട്ടിലേക്ക് പോകാതിരിക്കാനാവില്ലെന്ന് പറയുന്നു. ബാംഗ്ലൂർ വഴി നാട്ടിലേക്ക് ടിക്കറ്റ് ബുക് ചെയ്തിരിക്കുന്നു. അപ്പുണ്ണിയേട്ടനും ഇന്റെർവ്യൂകൾക്കായി പോയി വരുന്നു. അപ്പുണ്ണിയേട്ടന്റെയും വിജയന്റെയും തട്ടകം ബോംബെയല്ല എന്ന് എന്റെ മനസ്സ് പറയുന്നു. ജോലിയില്ലാതെ ഇരുവരും ഇവിടെ ബോംബെയിൽ നിൽക്കുന്നത് എനിക്ക് ക്ഷീണമാണ്. വീട്ടാത്ത കടങ്ങൾ ദൈവത്തിന്റെ കയ്യിലെ നീക്കിയിരുപ്പുകളാണല്ലോ.. അതങ്ങിനെത്തന്നെ തുടരട്ടെ. നാട്ടിൽ നിന്നും അമ്മമ്മ പറഞ്ഞയച്ചതനുസരിച്ച്, ഒന്നും ശരിയായില്ലെങ്കിൽ, അപ്പുണ്ണിയേട്ടനും അടുത്തു തന്നെ നാട്ടിലേക്ക് വണ്ടി കയറും.

ജനുവരി, ബോംബെയിൽ തണുപ്പു അതിന്റെ മൂർദ്ധന്യത്തിൽ. വരണ്ടുണങ്ങുന്ന ശരീരപ്രകൃതിക്കാരനായ ഞാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത കാലാവസ്ഥയാണ് തണുപ്പുകാലം. സമാജം ഒരു പിക്നിക് സംഘടിപ്പിക്കുന്നു. കർണാൽ പക്ഷി സങ്കേതത്തിലേക്ക്. ആശാൻ പിക്നികിനു ക്ഷണിച്ചു. റൂമിലുള്ള സഹവാസികളെയെല്ലാം കൂട്ടുവാൻ പറയുന്നു. വിജയനും, വിനയനും മറ്റുള്ളവരും സമ്മതിച്ചപ്പോൾ ഞങ്ങൾ പോകാൻ തീരുമാനിച്ചു. ദാദറിൽ നിന്നും 3 സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളിലായി നൂറ്റി മുപ്പതോളം പേർ പൻവേലിനപ്പുറം ഗോവ ഹൈവേയിൽ ഉള്ള കർണാല പക്ഷി സങ്കേതത്തിലെത്തി. വനമദ്ധ്യത്തിലൂടെ ചെറിയൊരു ട്രെക്കിംഗ് നടത്തി. കുറച്ച് കിളികളെ കണ്ട്, അതിലേറെ പ്രകൃതിയെ തൊട്ടറിഞ്ഞ്, ഞങ്ങൾ കായിക വിനോദങ്ങളിലേക്ക് തിരിഞ്ഞു. മഞ്ഞക്കിളികളും, പച്ചപ്പനന്തത്തകളും വിഹരിച്ചൊരു മൈതാനത്തായിരുന്നു കായിക വിനോദങ്ങൾ ഒരുക്കിയിരുന്നത്. ചെറുപ്പക്കാരായ ഞങ്ങൾ അതെല്ലാം അറിഞ്ഞാസ്വദിച്ചു.

വിജയൻ നാട്ടിലേക്ക് യാത്രയായി. ഒരാഴ്ചക്കപ്പുറം അപ്പുണ്ണിയേട്ടനും. സതീശനും ലീവിൽ നാട്ടിലേക്ക് പോകുന്നു.

അപ്പോൾ അങ്ങകലെ കൊണ്ടോട്ടിക്കടുത്തുള്ള അരീക്കോട്ടു നിന്നും മറ്റൊരു പുതുമുഖം ബോംബെക്ക് വണ്ടി കയറാനുള്ള തയ്യാറെടുപ്പിലായിരുന്നു. രാജമന്ദിരം കുട്ടേട്ടനോട് രമേശേട്ടൻ സംസാരിച്ച് ശരിയാക്കിയെന്ന് പറഞ്ഞ ജോലിക്കായി പൂനയിലെക്ക്. അതിനു മുമ്പുള്ള ഇടത്താവളമാണ് ബോംബെ. ബോംബെയിൽ വന്ന് കുട്ടേട്ടനെ കണ്ടിട്ടു വേണം പൂനക്ക് പോവാൻ.

മുരളീ മോഹൻ നാട്ടിൽ നിന്നുമെത്തി. വിനയന്റെ അമ്മാവൻ ഗൾഫിൽ വെച്ച് മരിച്ചതു കാരണം അവനും നാട്ടിലേക്ക് തിരിച്ചു. അതു കൊണ്ടു തന്നെ തല്ക്കാലം റൂമിൽ ഒരാളെക്കൂടി ഉൾക്കൊള്ളാൻ പ്രശ്നമില്ല. പിന്നെ, പൂനെക്കു പോവാൻ തയ്യാറായി വന്ന മുരളി മോഹനനെ സംബന്ധിച്ചിടത്തോളം ഇതൊരു ഇടത്താവളമാണല്ലോ.

നാട്ടിൽ നിന്നും അമ്മിണി ഓപ്പോളുടെ കത്ത്. ബോംബെക്ക് പോന്നാലോ എന്നാലോചിച്ചിരുന്ന രാമചന്ദ്രന് നാട്ടിൽ തന്നെ ജോലി കിട്ടി. ലൂപിനിൽ മെഡിക്കൽ റെപ് ആയിട്ട്. കോഴിക്കോട് ലോഡ്ജിൽ താമസം. മകരക്കൊയ്ത്ത് കഴിഞ്ഞുവത്രെ. വിള മോശമില്ല. കുണ്ടോളിക്കടവിലെ കോൾപ്പാടത്ത് ആദ്യ വിള കന്നിയിൽ നടീലും, രണ്ടാം വിള മകരക്കൊയ്ത്തിനു ശേഷം വിതയുമാണ്. തൃപ്രയാറുണ്ടായിരുന്ന 7 വർഷം നോക്കി നടത്തിയ നെൽകൃഷി ഇപ്പോൾ നടത്തുന്നത് കരുണാകര വല്യച്ഛൻ.

നാട്ടിലുണ്ടായിരുന്ന കാലം.. വിത തിന്നാൻ വരുന്ന രാക്കിളികളെ ഓടിക്കാൻ പാട്ട കൊട്ടി പാടത്ത് കഴിഞ്ഞ രാവുകൾ മനസ്സിലേക്കോടിയെത്തി. രാത്രിയിലെ മകരമഞ്ഞിന്റെ തണുപ്പകറ്റാൻ ചപ്പിലകത്തിച്ച് തീകാഞ്ഞിരിക്കും. ഉണർന്നിരുന്ന ആ രാത്രികളിലും സ്വപ്നം കാണാറുണ്ടായിരുന്നു. അന്നു കൊട്ടിയ പാട്ടയുടെ ശബ്ദം, ആ മന്ത്രധ്വനി, ദേശാടകരായ രാക്കിളികളുടെ കാതുകളിൽ നിന്നും മാഞ്ഞിരിക്കാം. പക്ഷെ ദേശാടകനായി മാറിയ ഈ വഴിപോക്കന്റെ കാതിലിന്നും അവ ഇരമ്പൽ കൊള്ളുന്നുണ്ട്.

മുരളീ മോഹനനെയും കൊണ്ട് കുട്ടേട്ടനെ കണ്ടു. പൂനയിൽ സംസാരിച്ച് ശരിയാക്കാമെന്ന് പറയുന്നു. പ്രീ ഡിഗ്രിക്കു ശേഷം സിവിൽ ഡ്രാഫ്ട്സ്മാൻ കോഴ്സ് കഴിഞ്ഞെത്തിയ മുരളിക്ക് അവിടെ ശരിയാക്കാമെന്ന് പറയുന്നത് സൂപ്പർവൈസർ ജോലി.

അന്നൊരു രാത്രിയിൽ, സ്വപ്നങ്ങളിൽ ഒരു മാലാഖ അയാളുടെ അരികിലേക്കിറങ്ങി വന്നു. സ്ത്രീ സൗന്ദര്യത്തിന്റെ മൂർത്തിമത് രൂപം. കുളികഴിഞ്ഞീറൻ ചുറ്റിയ ശരീരം. അവളുടെ ഛായ അവ്യക്തമായിരുന്നു. ആരുടെയെല്ലാമോ ഛായകൾ സമഞ്ജസിച്ചോരു സുന്ദരീ ശില്പ്പം. ആ ഛായകളെ ഇഴപിരിക്കാനുള്ള അയാളുടെ ശ്രമം വൃഥാവിലായി. ഇപ്പോളാ സൗന്ദര്യധാമം അയാളെ നോക്കി പുഞ്ചിരിച്ചു. നടന്നു നീങ്ങിയ അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന അഭിനിവേശം അയാളെ അവളിലേക്കാകർഷിച്ചു. ആ ഉടലിന്റെ ധാരാളിത്തത്തിൽ, ഒരു നിമിഷം ഭോഗതൃഷ്ണ അയാളെ വേട്ടയാടി. ഉടലോടുടൽ ചേരാൻ വെമ്പി. അനിവാര്യമായൊരു വേഴ്ചയിലേക്കയാളുടെ ശരീരം നീങ്ങാൻ കൊതിക്കവെ, പൊടുന്നനെ അയാളുടെ മനം പശ്ചാത്താപഭാരം കൊണ്ട് മൂടി. പവിത്രമായ ഇണ ചേരലിനെ ഇത്രയും ലാഘവത്തോടെ ദർശിച്ചതിന് മാപ്പു ചോദിച്ചു. ഈശ്വര.. ഇത്തരം കൗമാര ചാപല്യങ്ങളിൽ നിന്നെന്നെ രക്ഷിക്കേണമേ.

അതെ, ആണുങ്ങൾ സ്വതവേ സ്വാർത്ഥരാണ്. തന്നിലെ കാമാവേശത്തെ തീർക്കാൻ മാത്രമായൊരു പെൺകൊടിയെ അയാൾ ഉപയോഗിക്കും. അവളെ ഇണക്കി, ഇണയാക്കുവാൻ വയ്യ. ഭോഗതൃഷ്ണയുടെ മൂർഛയിൽ അവൻ സൗന്ദര്യ ബോധം മറക്കുന്നു, സ്ത്രീ സങ്കല്പ്പങ്ങൾ മറക്കുന്നു. ആ നിമിഷത്തിന്റെ പ്രാപ്തി കഴിഞ്ഞാൽ പിന്നെ അവൾ വെറുമൊരു പാഴ്വസ്തു.

ഞെട്ടിയുണർന്ന അയാൾക്ക് അത്തരമൊരു തെറ്റു ചെയ്യാത്തതിന് ആരോടു നന്ദി പറയേണ്ടതെന്നറിയില്ലായിരുന്നു. ഒരു പക്ഷെ, അന്നേ വരെ അയാളുടെ മനസ്സിലേക്ക് കടന്നു വന്ന ഓരോരുത്തരോടും അയാൾ മനസു കൊണ്ട് നന്ദി പറഞ്ഞു..

2019, ജൂലൈ 5, വെള്ളിയാഴ്‌ച

മുംബൈ ബാച്ചിലർ ജീവിതം – Part 12

പത്തായപ്പുരയിലെ അപ്പുണ്ണിയേട്ടൻ തിരിച്ച് ബോംബെയിൽ എത്തിയിരിക്കുന്നു. താമസിക്കാനൊരിടം ശരിയാവുന്നതു വരെ താമസം എന്റെ കൂടെ.

സുഹൃത്ത് വിജയനും വീണ്ടും ബോംബെയിലെത്തിയിരിക്കുന്നു. അക്കാലത്തെ എതൊരു മലയാളിയെയും പോലെ ഗൾഫ് സ്വപനവുമായി.

ഞാനാകട്ടെ അത്തരമൊരു സ്വപ്നത്തിന് വശംവദനായിട്ടില്ല. ഒരു ഏജൻസി വഴി തന്റെ ഭാഗ്യപരീക്ഷണത്തിന് തയ്യാറായി വന്നിരിക്കുകയാണ്. പക്ഷെ അവരുടെ ഏജൻസി ചാർജ്ജ് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഒടുവിൽ ബോംബെ കണ്ട് നടന്നു. ഇനി ബോംബെയിൽ ഒരു ജോലി സംഘടിപ്പിച്ചാലോ എന്ന ചിന്തയിൽ കുറെ അപ്പ്ളിക്കേഷനുകൾ അയച്ചു. നാട്ടിൽ നാലുകെട്ടിൽ ഭാഗം അടുത്തിരിക്കുകയാണ്, അത് കൊണ്ട് മൂപ്പർക്ക് പോകാതെ തരമില്ല.

1988 ഡിസംബർ 21നു ആനന്ദ് റെക്കോർഡിംഗിലേക്ക് വന്നൊരു കമ്പി എന്നെ ഞെട്ടിച്ചു. രാഘവമ്മാവന്റെ അകാല നിര്യാണ വാർത്ത. സ്ഥിരീകരണത്തിനും കൂടുതൽ വിവരങ്ങൾക്കുമായി നാട്ടിലേക്ക് ട്രങ്കിനു ശ്രമിച്ചെന്നാലും കിട്ടിയില്ല. നാട്ടിലേക്ക് പോകാൻ ട്രെയിനിൽ ടിക്കറ്റില്ല. ഒടുവിൽ ബസിനു പോവാൻ തീരുമാനിച്ചു.

അച്ഛന്റെ മരണം ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. 1976 മാർച്ചിലെ ആദ്യ വെള്ളിയാഴ്ച വൈകുന്നേരം ആശാരി വള്ളി എന്നെ ജീവിതത്തിൽ ആദ്യമായി ഞെട്ടിച്ചു. അച്ഛൻ വീണ്ടും മരത്തിൽ നിന്നും വീണെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലാണെന്നുമായിരുന്നു ആ വാർത്ത. ആറാം തിയതി, ഞായറാഴ്ച രാവിലെ അമ്മ മെഡിക്കൽ കോളേജിൽ നിന്നും തനിയെ എത്തി. “എല്ലാം കഴിഞ്ഞു അമ്മേ” എന്ന് മുത്തശ്ശിയോട് പറഞ്ഞ് വിങ്ങിപ്പൊട്ടിയ അമ്മയോടൊപ്പം എന്തു ചെയ്യണം, പറയണം എന്നറിയാതെ ഞാൻ തരിച്ചിരുന്നു. ഒപ്പം അനുജൻ ശശിയും ആറു വയസ്സുകാരി ശോഭയും എന്തു സംഭവിച്ചുവെന്നറിയാതെ അന്തം വിട്ടിരുന്നു തേങ്ങി. അന്നത്തെ വളരാത്ത മനസ്സിന് കാര്യങ്ങളുടെ ഗൗരവം അറിയില്ലായിരുന്നു. ചുമതലകളെക്കുറിച്ചുള്ള ബോധമില്ലായ്മ ഭാഗ്യമായി. വൈകുന്നേരം വട്ടംകുളം ശ്രീധരേട്ടനും കുഞ്ഞനിയേട്ടനും ചന്ദ്രാലയം ഉണ്ണിയേട്ടനും പിന്നെ പേരറിയാത്ത പലരും ചേർന്ന് കൊണ്ടുവന്ന അച്ഛന്റെ ചേതനയറ്റ ശരീരം കണ്ടപ്പോഴായിരുന്നു പൊട്ടിക്കരഞ്ഞതും നഷ്ടബോധം മനസ്സിനെ മഥിച്ചതും. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട എന്നെ പിറകിൽ നിന്നും വിളിച്ച് ആടിനുള്ള കടലപ്പിണ്ണാക്ക് വാങ്ങുവാനുള്ള സഞ്ചിയും പൈസയും ഏല്പ്പിച്ചപ്പോൾ അതൊരു അവസാന കൂടിക്കാഴ്ചയാവുമെന്നോ, ചുമതലകളുടെ ഭാരമുള്ള വലിയൊരു സഞ്ചിയാണ് അന്ന് അച്ഛൻ എന്നെ ഏല്പ്പിച്ചതെന്നോ അറിയില്ലായിരുന്നു. ആ സായാഹ്നത്തിൽ അച്ഛൻ യാത്രയായി. പടിഞ്ഞാറെത്തൊടിയിലെ പേരച്ചുവട്ടിൽ അച്ഛന് അന്ത്യവിശ്രമമൊരുക്കി.

അച്ഛ്നറ്റെ മരണ ശേഷം എന്ന കൈപിടിച്ച് തൃപ്രയാറെത്തിച്ചത് അമ്മിണിയോപ്പോളും രാഘവമാവനുമാണ്. ഈ മരണം മറ്റൊരു വഴിത്തിരിവായിത്തീരുമോ? അറിയില്ലായിരുന്നു. ദു:ഖത്തിൽ പങ്കുചേരാൻ, സാന്ത്വനിപ്പിക്കാൻ വാക്കുകളില്ല. മനസ്സുകൊണ്ട് സമസ്താപരാധങ്ങൾക്കും മാപ്പു ചോദിക്കാനായി നാട്ടിലേക്ക് യാത്രയായി.

നാട്ടിലെത്തിയതും പിണ്ഡത്തിനുള്ള ശ്രമങ്ങളിൽ വ്യാപൃതനായി. നാട്ടിലെ ക്ഷണമായിരുന്നു എന്റെ ചുമതല. വലപ്പാട് മുതൽ ചേർക്കര വരെയുള്ള ഭവനങ്ങളിൽ സൈക്കിളിൽ പോയി ക്ഷണം നടത്തി. കോളേജ് പഠനകാലം തിരിച്ചെത്തിയ പോലെ. തൃപ്രയാറിൽ കഴിഞ്ഞ എഴു വർഷങ്ങളിൽ 5 വർഷവും എസ് എൻ നാട്ടികയിലേക്ക് സൈക്കിളിൽ പോയിരുന്ന കാലം കണ്മുമ്പിലെന്ന പോലെ തെളിഞ്ഞു. ക്രിക്കറ്റ് ലഹരിയിൽ കളിച്ച് വളർന്ന കോളേജ് ഗ്രൗണ്ടിനെ വലം വെച്ച് ചേർക്കരക്കു പോയപ്പോൾ, സക്കീറും, പ്രദീപും, ഗിരീശനും, സ്വാമിയും ചേർന്ന് വീണ്ടും ആ മൈതാനത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ടു പോയി.

പിറ്റേന്ന് തിരിച്ച് ബോംബെക്കുള്ള ടിക്കറ്റിനായി ഗുരുവായൂരെത്തി. അവിടെ കിട്ടാഞ്ഞ്, തൃശൂരും കടന്ന് പാലക്കാട്ടേക്ക് തിരിച്ചു. പോകും വഴി തൃശൂർ റൌണ്ടിലെ കറന്റ് ബുക്സിൽ കയറി ഞാനൊരു പുസ്തകം വാങ്ങി. വളരെക്കാലമായി വാങ്ങാൻ കൊതിച്ച പുസ്തകം, ‘ഖസാക്കിന്റെ ഇതിഹാസം’. ‘ഇതിഹാസത്തിന്റെ ഇതിഹാസം’ മാതൃഭൂമിയിൽ വന്നത് വായിച്ച് രോമാഞ്ചം കൊണ്ട് നടന്നിരുന്ന നാളുകൾ. അന്നുമുതൽ മനസ്സിലുള്ള ആഗ്രഹമായിരുന്നു മൂലകൃതി വായിക്കുകയെന്നത്.

തൃശൂരു നിന്നും ബസ് പാലക്കാട്ടെത്തിയതു മാത്രമാണ് ഞാനറിഞ്ഞത്. അവിടെനിന്ന് പെരിന്തല്മണ്ണയെത്തിയതും. അതിനിടയിൽ ആദ്യ വായന കഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് എത്ര തവണ ഖസാക്കിൽ കയറിയിറങ്ങിയെന്നതിന് കണക്കുകളില്ല. ഒരോ വായനയും പുതിയ അർത്ഥ തലങ്ങൾ, കാഴ്ചകൾ സമ്മാനിച്ചു.

കണ്ണനിവാസിലെത്തിയ അന്ന് വൈകുന്നേരം പത്തായപ്പുര രമേശേട്ടൻ ഒരാളെ ബോംബെക്ക് കൊണ്ടു പോകുന്ന കാര്യം ആവതരിപ്പിച്ചു. വയ്യെന്ന് പറഞ്ഞില്ല.

1989 പിറന്നത് രാഘവമ്മാവന്റെ പിണ്ഡദിവസം. കലവറയായിരുന്നു എന്റെ ചുമതല. പണികളെല്ലാം തീർന്ന് വൈകീട്ട് ഗിരീശനുമൊപ്പം തൃപ്രയാർ സെന്ററിൽ പോയിരുന്ന് ഗതകാല സ്മരണകൾ അയവിറക്കി ഒരോ പൈനാപ്പിളുമടിച്ച് പിരിഞ്ഞു.

പിറ്റേന്ന്, ബന്ദ് ദിവസം. ഗിരീശൻ തൃശൂരിലെത്തിച്ചു. ഉൽസവപ്പിറ്റേന്ന് കണ്ടു. തിരിച്ച് കണ്ണനിവാസിലെത്തിയ എന്നെ കാത്ത് രമേശേട്ടനും സരളോപ്പോളുടെ ജേഷ്ഠന്റെ മകൻ മുരളീ മോഹനനും കാത്തിരിക്കുന്നുണ്ടായിരുന്നു. രമേശേട്ടൻ തന്റെ ബോംബെ അനുഭവങ്ങളെക്കുറിച്ച് വാചാലനായി. മുരളീ മോഹനനെ പരിചയപ്പെട്ടു. എല്പ്പിച്ച കാര്യം ഏറ്റു.

പത്തായപ്പുരയിലും ഭാഗത്തിന്റെ തിരക്കാണ്. കാര്യങ്ങൾ ഏതാണ്ട് തീരുമാനമായിരിക്കുന്നു. വീടും പറമ്പും ഭാരതിയോപ്പോൾക്ക്, പള്ള്യാൽ രമേശേട്ടന്.. എന്നിങ്ങനെ. കുട്ട്യമ്മായി വിശദമായി എല്ലാം പറഞ്ഞു. അപ്പുണ്ണിയേട്ടനോട് തിരിച്ച് നാട്ടിലേക്ക് വരുവാൻ പറയുന്നു.

വീണ്ടും ബോംബെക്ക് യാത്രയാവുന്നു. മുത്തശ്ശിക്ക് വയസ്സിനേക്കാളേറെ വയ്യാതായിരിക്കുന്നു. കൈ വിറയൽ കൂടിയിരിക്കുന്നു. ഗുരുവായൂർ തൊഴലും എവിടേക്കും യാത്രയില്ലാതായിട്ടും ഒന്നു രണ്ട് കൊല്ലമായി. മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി. ഇക്കുറി യാത്രയാക്കുവാൻ അയൽ പക്കക്കാരെല്ലാരും എത്തിയിട്ടുണ്ട്. രാജമന്ദിരം നാരായണ ഷാരടി, മാലിനി ഓപ്പോൾ തുടങ്ങിയവരും. സ്ഥിരം യാത്രയാക്കാറുള്ള വിജയൻ ഇക്കുറി ബോംബെയിൽ. അതു കാരണം ശ്രീകുട്ടൻ ആ സ്ഥാനം ഏറ്റെടുത്തു.

പാലക്കാട് നിന്നും കൃഷ്ണരാജപുരം വഴി പോകുന്ന നേത്രാവതിയിൽ ആദ്യ യാത്ര. പാലക്കാടന്മാരുടെ കൂടെ, ഖസാക്കിന്റെ ഇതിഹാസത്തിലെക്ക് പതുക്കെ കാലെടുത്തു വെച്ച്, പിന്നീട് ആഴങ്ങളിലേക്ക്.. ആഴപ്പരപ്പിലേക്ക് മുങ്ങാംകുഴിയിട്ട് യാത്രയായി.. ബോംബെയുടെ ഓളപ്പരപ്പിലേക്ക് ഉയർന്ന് പൊങ്ങുവാനായി.

മുംബൈ ബാച്ചിലർ ജീവിതം – Part 11


ആൾക്കൂട്ടവും ഒറ്റപ്പെടലും ഇഷ്ടപ്പെടുന്ന ഞാൻ വീണ്ടും ആൾക്കൂട്ടത്തിന്റെ നഗരത്തിലേക്ക് നാലാം തവണയും യാത്രയാവുന്നു. സെപ്തംബറിലെ ചാറ്റൽ മഴയുടെ താളത്തെ മറികടന്ന് തീവണ്ടി സ്വന്തം താളക്കുതിപ്പിൽ വാളയാർ ചുരം താണ്ടി കുതിച്ചു. ആൾക്കൂട്ടത്തിലും ഒറ്റപ്പെടാൻ കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് മനോരാജ്യത്തിലേക്ക് പ്രവേശിക്കാം. അവിടെ നിങ്ങളാണ് അധിപൻ. രമ്യഹർമ്മ്യത്തിൽ നിങ്ങൾക്കിഷ്ടമുള്ള റാണിയുമായി വിനോദങ്ങളിലേർപ്പെടാം…

അതൊക്കെ തട്ടിത്തെറിപ്പിച്ച് ആന്ധയിലെ ബുദ്ധിയില്ലാത്ത ജനത തീവണ്ടി തടഞ്ഞ് എന്റെ സാമ്രാജ്യത്തിൽ അധിനിവേശം നടത്തി. ശേഷം, ഇതൊക്കെ സഹിക്കാൻ വിധിക്കപ്പെട്ട സാധാരണ പൗരനായി വൈകും വരെ ഗുണ്ടക്കലിൽ വെയിൽ കാഞ്ഞു കിടന്നു.

ഏഴുമണിക്കൂർ വൈകി ദാദറിലിറങ്ങി ഒറ്റക്ക് പെട്ടിയും ചുമന്ന് റൂമിലേത്തി.

ദീപാവലി. ആനന്ദ് റെക്കൊർഡിംഗിന്റെ ചരിത്രത്തിലാദ്യമായി ദേവ് സാബ് ബോണസ് പ്രഖ്യാപിച്ചു. എന്റെ ജീവിതത്തിലേയും ആദ്യ ബോണസ്. കേന്ദ്ര ഗവണ്മെന്റ് ഒരു വ്യവസായം പോലുമായി പ്രഖ്യാപിക്കാത്ത സിനിമാ വ്യവസായത്തിൽ ബോണസ് പോയിട്ട്, അന്ന് ശമ്പള വ്യവസ്ഥകൾ പോലുമില്ല. അതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ അധിക കാലം തുടരേണ്ടെന്ന് തൃപ്രയാറിലെ രാഘവമ്മാവൻ ഉപദേശിച്ചു. സിനിമാ മേഖലയിലെ സാങ്കേതികവിദഗ്ധർ പൊതുവെ കരാറു പണിക്കാരാണ്. സിനിമയുണ്ടെങ്കിൽ ശമ്പളമുണ്ട്. പണിയെടുക്കുന്നത് എത്ര വലിയ പ്രൊഡക്ഷൻ ഹൗസിലാണെങ്കിലും, നിങ്ങൾ എത്ര വലിയ വിദഗ്ധനും പ്രസിദ്ധനുമാണെങ്കിലും, ഒരു സിനിമ കഴിഞ്ഞാൽ, അടുത്ത ചിത്രത്തിൽ പണിയുണ്ടാവുമെന്നതിന് ഒരുറപ്പുമില്ല. അതു നോക്കുമ്പോൾ ഓഫീസ് ജീവനക്കാരുടെ നില മെച്ചമാണെന്ന് പറയാം. പിന്നെ ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന ആനന്ദ് റെക്കോർഡിംഗ് സ്റ്റുഡിയോ ഫാക്ടറി നിയമങ്ങൾ പാലിക്കപ്പെടാൻ ബാദ്ധ്യതയുള്ള സ്ഥാപനവും. അതിന്റെ തുടക്കമായിരുന്നു അക്കൊല്ലത്തെ ബോണസ്.

ഒരു സിനിമാക്കാരന്റെ കൂടെയാണ് ജോലി എന്ന് പറയുന്നത് വിവാഹക്കമ്പോളത്തിൽ തിരിഞ്ഞു കടിക്കുന്ന കാലം. പപ്പനാവൻറെ പത്തു ചക്രം വാങ്ങിക്കുന്നവർക്കാണ് കമ്പോളത്തിൽ വില. പിന്നെ വൻ കിട കമ്പനികളിലെ ജോലിക്കാർക്കും. അന്നു കാലത്ത് സിനിമാ മേഖലയിലുള്ളവർക്ക് പെണ്ണു കിട്ടാനുള്ള വിഷമം എന്നെയും അലട്ടി.

കഴിയുന്നതും വേഗം പ്രോവിഡണ്ട് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ വ്യവസ്ഥയും വെള്ളിയാഴ്ചയുമുള്ള ഒരു സംഘടിത മേഖലയിലേക്ക് ജോലി മാറണം. പക്ഷെ, കാര്യങ്ങൾ പറയുമ്പോലെ എളുപ്പമല്ലല്ലൊ.. ആകെയുള്ള അനുഭവജ്ഞാനം സിനിമാ വ്യവസായത്തിൽ നിന്നു മാത്രം. അതു കൊണ്ട് നല്ല അവസരങ്ങൾക്കായി ശ്രമം തുടരാൻ കാത്തിരുന്നു.

വൈകുന്നേരത്തെ പാർട്ട് ടൈം ജോലിയും അധികവരുമാനവുമാണ് മറ്റു സമപ്രായക്കാരേക്കാൾ എനിക്കുള്ള പ്ലസ് പോയന്റ്. വൈകുന്നേരത്തെ രണ്ടുമണിക്കൂർ പണിക്ക് എന്റെ ദിവസശമ്പളത്തിന്റെ പകുതിയോളം പ്രതിഫലമായി വാങ്ങുന്നുണ്ട്.

അന്നൊരു ദിവസം വൈകീട്ട് 5 1/2ക്ക് പാലി ഹില്ലിലെ ഓഫീസിൽ നിന്നും ജുഹുഹുവിലേ പാർട്ട് ടൈം ജോലിക്കായി ഞാൻ ബാന്ദ്ര ലിങ്കിംഗ് റോഡിലെ ബസ് സ്റ്റോപ്പിലെത്തി. ജുഹുവിലെ ലിഡോ സിനിമക്കു സമീപമാണ് ഞാൻ പാർട്ട് ടൈം ജോലി ചെയ്യുന്ന സൌണ്ട് ട്രാസ്ഫർ റൂം. അവർക്ക്, സിനിമക്കു വേണ്ടുന്ന ലൈറ്റുകൾ വാടകക്ക് കൊടുക്കുന്ന ബിസിനസുമുണ്ട്. ബാന്ദ്രയിൽ നിന്നും അവിടേക്ക് നേരിട്ട് പോകാനുള്ള എക മാർഗ്ഗം ബെസ്റ്റ് ബസ് നമ്പർ 255 പിടിക്കുകയാണ്. എന്നത്തെയും പോലെ അന്നും ഞാൻ പൊതുവെ തിരക്കുള്ള 255ൽ കയറി. ഉച്ചഭക്ഷ്ണപ്പാത്രം വെക്കാൻ പാകത്തിലുള്ള ഒരു ബാഗ് എന്റെ തോളിലുണ്ട്. അതിൽ യാത്രാ വേളകളിൽ വായിക്കാനായി ഒരു പുസ്തകവും എപ്പോഴുമുണ്ടാവും. കൂടാതെ വശത്തുള്ള കള്ളിയിൽ മണിപേഴ്സും, റെയിൽവെ പാസും. അന്ന് ബാഗ്-നുള്ളിലുണ്ടായിരുന്ന പുസ്തകം, വായിച്ച് മുക്കാൽ ഭാഗമെത്തിയ ആൾക്കൂട്ടമായിരുന്നു. ടിക്കറ്റെടുത്ത്, ആൾക്കൂട്ടത്തിനിടയിൽ തിക്കിത്തിരക്കി സ്വല്പം പുറകോട്ട് മാറി സീറ്റിൽ ചാരി നിന്ന് ഞാൻ വയിക്കാനൊരിടം കണ്ടെത്തി. ആ ആൾക്കൂട്ടത്തിനിടയിലും ലളിതയുടെയും സുനിലിന്റേയും സ്നേഹം അയാളെ വേറൊരു ലോകത്തെത്തിച്ചു.

പക്ഷെ കിഷോർ അവിടെ വേറോരു ജോലിയിലായിരുന്നു. അവൻ തന്റെ ജോലിയിലെ ആദ്യ ദിനം സാർത്ഥകമാക്കാനുള്ള തത്രപ്പാടിലായിരുന്നു. അവന്റെ കയ്യിലുള്ള പ്ലാസ്റ്റിക് പൊളിത്തീൻ ബാഗ് തൊട്ടുമുമ്പിലുള്ളയാളുടെ ബാഗിന്റെ മുകളിൽ വെച്ച് പതുക്കെ ബാഗിന്റെ സിപ് ശബ്ദ്ദമില്ലാതെ നീക്കി അയാളുടെ പഴ്സ് തന്റെ കയ്യിലുള്ള പൊളിത്തീൻ ബാഗിനുള്ളിലെക്ക് മാറ്റി. സുനിലിന്റെയും ലളിതയുടെയും കഥകളിളിലുടക്കിയ ചെറുപ്പക്കാരൻ പക്ഷെ തന്റെ ബാഗിന്റെ സിപ് അഴിയുന്ന ശബ്ദം ഒരു സിനിമാ സൗണ്ട് പൈലറ്റ് ട്രാക്കിലെന്ന വണ്ണം കേട്ടതും തന്റെ ബാഗിന്റെ മുകളിലുള്ള കിഷോറിന്റെ പൊളിത്തീൻ ബാഗ് പിടിച്ചു വാങ്ങിയതും ഒരുമിച്ചായിരുന്നു. അതോടെ കിഷോറിന്റെ പോളിത്തീൻ കവറിലെ പഴ്സ് താഴെ വീണു. ഇതു കണ്ടു പിന്നിൽ നിന്നൊരു മൂന്നാമൻ ആ പഴ്സ് എടുത്ത് ചെറുപ്പക്കാരനു നൽകി. പഴ്സിനുള്ളിലെ പണം നഷ്ടപ്പെട്ടിട്ടുണ്ടൊ എന്ന് എണ്ണി നോക്കാൻ പറഞ്ഞു. എണ്ണി നോക്കിയ അയാൾ ആ മൂന്നാമനോട് നന്ദിയും പറഞ്ഞു.

മൂന്നാമൻ ചെറുപ്പക്കാരന് ഇത്തരം തിരക്കുള്ള ബസിൽ പഴ്സ് സൂക്ഷിക്കണമെന്നും അത് പാന്റിന്റെ പിൻ പോക്കറ്റിലാണ് ഏറ്റവും സുരക്ഷിതമായിരിക്കയെന്നും ക്ലാസ് എടുത്തു. അയാൾ മറ്റൊരു പാഠം കൂടി പഠിക്കയായിരുന്നു.

ഇപ്പോൾ ചെറുപ്പക്കാരൻ കഥകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തി. “ആൾക്കൂട്ടം” തിരിച്ച് ബാഗിലേക്ക് വെക്കപ്പെട്ടു. അയാൾക്കു മുമ്പിൽ രണ്ട് പോക്കറ്റടിക്കാർ തങ്ങളുടെ ശ്രമം വിഫലമായിയെന്ന് കണ്ണുകൾ കൊണ്ട് പറയാതെ പറഞ്ഞു. അയാളെ അകാരണമായൊരു ഭയം ഗ്രസിച്ചു. സാന്താക്രൂസ് പോലീസ് സ്റ്റേഷനപ്പുറം, ലിഡോ സിനിമാ സ്റ്റോപ്പിൽ അയാൾ അവരിൽ നിന്നും രക്ഷപ്പെട്ടിറങ്ങി, തന്റെ പാർട്ട് ടൈം ഓഫീസിലേക്ക് ധൃതി പിടിച്ചു നടന്നു...

മുംബൈ ബാച്ചിലർ ജീവിതം – Part 10

ജീവിതം കാൽ നൂറ്റാണ്ട് പിന്നിട്ടു. ആരുമത്ര ഓർക്കാത്തൊരു സംഭവമായി എവർക്കും ഒരോ മിഠായി നല്കി എന്റെ രജതജൂബിലി കൊണ്ടാടപ്പെട്ടു.

കാഞ്ചൂർമാർഗ്ഗിലെ താമസത്തിന് സതീശന്റെ വരവോടെ ഒരു ചിട്ട കൈവന്നു. ഭക്ഷണമുണ്ടാക്കുന്നതിൽ സതീശന്റെ കൈപ്പുണ്യം ഒന്ന് വേറെയാണ്. ഞായറാഴ്ചകളിൽ ഭൂരിപക്ഷത്തിന്റെ ആവശ്യപ്രകാരം കോഴിയും മീനും വെച്ചു. പൊതുവെ മീൻ ഇഷ്ടമല്ലാത്ത എന്റെ ആവശ്യം കണക്കിലെടുത്ത് മിക്കവാറും കോഴിക്കറിയാണ് ഉണ്ടാക്കിയിരുന്നത്. രാവിലെ വിക്രോളിയിൽ പോയി കോഴിവാങ്ങി വരും. റൂമിലെ പൊതു കണക്കു പുസ്തകത്തിൽ അഞ്ചുപേരും ചിലവാക്കുന്ന തുകകൾ കൃത്യമായി എഴുതി വെക്കപ്പെട്ടു. അവ മാസം തോറും കൂട്ടിക്കിഴിച്ച്, ഹരിച്ച് ഒരോരുത്തർക്കും വീതിക്കപ്പെട്ടു.

ശനിയാഴ്ചകളിൽ രാത്രി ശീട്ടുകളി ശീലമായി. ശീട്ടുകളിലെ പുള്ളി പോലും അറിയാത്ത ഞാനും സതീശനും ഒഴികെയുള്ളവർ രാത്രി വൈകും വരെ ഉറക്കമൊഴിച്ചിരുന്ന് 56 കളിച്ചു. ലൈറ്റിട്ടിരുന്ന റൂമിൽ ഉറക്കം വരാനായി ഞാൻ വായനയെ കൂട്ടു പിടിച്ചു. വല്ലപ്പോഴും ബീയർ ഞങ്ങളുടെ ആഘോഷങ്ങളിൽ പങ്കു ചേർന്നു. അതിനപ്പുറം ബച്ചിലർ റൂമിന്റെ താന്തോത്തിങ്ങളിലേക്ക് ഞങ്ങൾക്ക്താഴാനായില്ല. അയൽപക്കകാരിൽ നിന്നും പൊതുവെ നല്ലകുട്ടികളെന്ന പേര് നേടാൻ ഞങ്ങൾക്കായി. ദീപാവലി തുടങ്ങിയ വിശേഷാവസരങ്ങളിൽ ഞങ്ങൾക്കായി അയൽ പക്കക്കാർ പകർച്ച തന്നു.

ആസ്ബസ്റ്റോസ് റൂമിലെ താമസം ചൂടുകാലത്ത് അസഹ്യമാവും. പകൽ വീട്ടിലിരിക്കാൻ പറ്റാത്തപ്പോൾ ഞായറാഴ്ചകളിൽ ഞങ്ങളോരോരുത്തരും ബന്ധുഗൃഹങ്ങളിലേക്ക് വിരുന്നു പോകും. ഇടക്ക് ഒന്നിച്ച് കറങ്ങാൻ പോവും. വർഷക്കാലത്ത് തിരിമുറിയാതെ മഴപെയ്യുമ്പോൾ മുകളിലെ ആസ്റ്റ്ബസ്റ്റോസ് വെള്ളം കുടിച്ച് തുള്ളികൾ താഴോട്ട് ഇറ്റിറ്റ് വീഴ്ത്തും. നിർത്താതെ പെയ്ത്ത് തുടർന്നാൽ റൂമിൽ അടിയിൽ നിന്നും ഉറവ പൊങ്ങിത്തുടങ്ങും. വെള്ളം പുറത്തേക്ക് കോരിക്കളഞ്ഞ്, ഉള്ളതെല്ലാം കട്ടിലിന്റെ മുകളിൽ കയറ്റി വെച്ച് വെള്ളം താഴാൻ പ്രാർത്ഥനയുമായി ഇരിക്കും.

ആനന്ദ് റെക്കോർഡിംഗിൽ നന്ദു സ്റ്റുഡിയോ മാനേജരായി ജോലിയിൽ പ്രവേശിച്ചു. ദയാവാനും, ധർമ്മയുദ്ധവും ,ഗംഗ ജമുന സരസ്വതിയും, ഹത്യയും, കസമും, ഖയാമത് സെ ഖയാമത് തകും തുടങ്ങി അനേകം ഹിന്ദി സിനിമകൾ ആനന്ദിലെ ശബ്ദ വ്യതിയാനങ്ങളുൾക്കൊണ്ട് പുറത്തിറങ്ങി.

അമിതാഭ് ബച്ചനെയും, ഗോവിന്ദയെയും, അനിൽ കപൂറിനെയും, ആമിർ ഖാനെയും അടുത്തു കണ്ടു.

വീണ്ടുമൊരു ഓണക്കാലം വരവായി. അക്കൊല്ലവും നാട്ടിലേക്ക് പോയി. പതിവ് ചിട്ടകളിൽ നിന്നും വ്യത്യസ്തമായി മുംബയിൽ നിന്നും ബസിലായിരുന്നു യാത്ര. പൂനെ, ബൽഗാം, മാംഗ്ളൂർ വഴി നാട്ടിലേക്ക്. ഗോപിനാഥചേട്ടന്റെ കല്യാണം. വളരെക്കാലത്തിനു ശേഷം നാട്ടിൽ ഒരു കല്യാണത്തിൽ പങ്കെടുത്തു. കല്യാണപ്പിറ്റേന്ന് നാട്ടുകാർക്ക് വിരുന്ന്. എനിക്കാവട്ടെ കാഴ്ചയുടെ വിരുന്നും.

പിറ്റേന്ന് വൈകീട്ട് ക്ളാസ്മേറ്റ് ഗിരീശനെ കണ്ടു. വളരെക്കാലത്തിനു ശേഷം അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഞങ്ങൾ തളിക്കുളം ബീച്ചിലെത്തി. തീരത്തെ പഞ്ചാരമണലിലിരുന്ന് ഇരുവരും ഗതകാലങ്ങളിലേക്ക് തോണിയിറക്കി. മാനസത്തോണികളിൽ പണ്ട് കൂട്ടിരുന്ന കന്യകമാരെ കാണാതായിരിക്കുന്നു. അവർക്ക് പകരം പുതിയവരെ കണ്ടെത്തിയിരിക്കുന്നു. അവരെ കൈപിടിച്ച് തോണിയിലേക്കു കയറ്റാനുള്ള മോഹം തൽക്കാലം മനസ്സിൽ വെച്ചാൽ മതിയെന്ന് അവൻ. അതെ, ഇനിയുമുണ്ട് സമയം.

ചെറുകരെക്ക് തിരിച്ചെത്തി. വിജയനുമായി തമ്മിൽ കണ്ടു. ‘തമ്മിൽ തമ്മിൽ“ കണ്ടു. പറഞ്ഞാൽ തീരാത്ത വർത്തമാനങ്ങളുമായി നടന്നു. കൂട്ടില്ലായ്മ, ഏകാന്തത, ജോലിസ്ഥിരതയില്ലായ്മ എന്നിങ്ങനെ രോഗാതുരമായ ചിന്തകളും ആത്മവിമർശനവും, അവയെ മറികടക്കാനുള്ള വ്യഗ്രതയും.

ഉത്രാടമെത്തി. പത്തായപ്പുരയിൽ നാരായണനുണ്ണിയമ്മാമന്റെ ശ്രാദ്ധം. രമേശേട്ടൻ അച്ചന്റെ പിന്തുടർച്ചവകാശിയായി ജോലിക്കപേക്ഷിക്കാൻ പറയുന്നു. ഓണപ്പിറ്റേന്ന് തഹസിൽ ദാർ ഓഫീസിൽ നിന്നും അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ചയച്ചു. സാദ്ധ്യത വിരളമെന്ന് മനസ്സ് പറഞ്ഞു.

തുടർച്ചയായി രണ്ടാം വർഷവും അമ്മയോടൊപ്പമുള്ള ഓണം. വീണ്ടും തൃപ്രയാറിലെത്തി യാത്രപറഞ്ഞ് തിരിച്ച് ആൾക്കൂട്ടത്തിലേക്ക് മടങ്ങുന്നു.

ആൾക്കൂട്ടങ്ങൾക്കിടയിലും ഇടക്കിടെ ഒറ്റപ്പെടാനും സംവദിക്കാനും കുറച്ചേറെ ഓർമകളുമായി…

കുങ്കുമപ്പൊട്ട്

  ഏ കദേശം ഒരു മാസത്തെ ഒളിച്ചു കളിക്ക് ശേഷം മഴ നഗരത്തെ കെട്ടിപ്പുണർന്ന ഒരു ഞായറാഴ്ചയാണ് ഞങ്ങൾ ക്ഷേത്രദർശനത്തിനായി പുറപ്പെട്ടത്.   ഒഴിവുദിനത...