Sunday, August 4, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 15

പുതിയ ജോലി നീട്ടിയ സിൻഹാജിക്കു വാക്കു കൊടുക്കുവാൻ നിമിഷ നേരമേ വേണ്ടി വന്നുള്ളു. പക്ഷെ, നവകേതനിൽ നിന്നും വിട്ടു പോരുക അത്ര ഏളുപ്പമായിരുന്നില്ല. ബോംബെയിലെത്തിയ എനിക്ക് എന്റെ മേഖലയിൽ ഒരു തൊഴിൽ തന്ന ആദ്യ സ്ഥാപനമാണത്. അതിലേറെ പല കെട്ടുപാടുകളുമുണ്ടായിരുന്നു ആ ഒരു ജോലിക്ക്. പ്രത്യേകിച്ച് അഞ്ചു വർഷത്തിന്റെ പ്രവൃത്തിപരിചയത്തിൽ ഞാനേറെ വൈകാരികമായി അടുത്തിരിക്കുന്നു, കടപ്പെട്ടിരിക്കുന്നു ആ സ്ഥാപനത്തോടും അതിലെ ഒരോരുത്തരോടും. എന്നെ നവകേതനിലേക്ക് കൈപിടിച്ചെത്തിച്ച പിഷാരടി സാർ. ദിവസേനെ ഇടപഴകുന്ന ദേവ് സാബ്. വാത്സല്യ  നിധിയായ കേണൽ സാബ്. അവരോടൊക്കെ ഈ വിഷയം എങ്ങിനെ അവതരിപ്പിക്കും എന്നോർത്തപ്പോൾ ഞാനാകെ തൃശങ്കുവിലായി.

അവസാനം ധൈര്യം സഭരിച്ച് പിഷാരടി സാബിനെ ചെന്നു കണ്ടു, വിഷയം അവതരിപ്പിച്ചു. എന്തും കേൾക്കാൻ തയ്യാറായിയായിരുന്നു പോയത്. പക്ഷെ, എന്റെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് അദ്ദേഹം ആ വാർത്ത അത്യന്തം സന്തോഷത്തോടെയാണ് കേട്ടത്. എന്റെ തീരുമാനം വളരെ ഉചിതമെന്നും, ഇത്തരം അവസരങ്ങൾ യഥാവിധി ഉപയോഗിക്കണമെന്നും പറഞ്ഞ് എന്നെ അനുമോദിച്ചു. നവകേതനെന്നത് ഒരു വഴിത്താവളം മാത്രം. ഇവിടെ നിന്ന് നീ നിന്റെ ജീവിതം പാഴാക്കരുത്. സ്വതന്ത്രനായി ജോലി ചെയ്യാനുള്ള അവസരം പൂർണ്ണമായും വിനിയോഗിക്കണം. നിനക്കതിന് കഴിവുണ്ട്.  ഓരോ പുത്തൻ ജോലിയും പുതിയൊരു വിശാലമായ ലോകമാണെന്നും അവിടേക്ക് സധൈര്യം കാലെടുത്ത് വെക്കാനും ജീവിതവിജയം കൈവരിക്കാനും കഴിയട്ടെയെന്നനുഗ്രഹിച്ചു. ശമ്പളക്കാര്യത്തിൽ അദ്ദേഹമിടപെട്ട് എന്തെക്കിലും നീക്കുപോക്കുകൾ നടത്തിയാൽ തന്നെ പുതിയ ഇടത്തിൽ നിന്നും ലഭിച്ച വാഗ്ദാനത്തിന്റെ അടുത്തെത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി നീ നിന്റെ വിലയറിഞ്ഞിരിക്കുന്നുവെന്നും പറഞ്ഞു.

മനസ്സിലെ കാർമേഘങ്ങൾ നീങ്ങി. അദ്ദേഹത്തോട് നന്ദി പറഞ്ഞ് കേണൽ സാബിനെ കാണാനായി തിരിച്ചു. കേണൽ സാബിന് ഒട്ടും അംഗീകരിക്കാനാവാത്തതായിരുന്നു ഈ തീരുമാനം. വേണമെങ്കിൽ സിൻഹാജിയെ നേരിട്ട് കണ്ട് സംസാരിച്ച് തീരുമാനം മാറ്റിക്കാമെന്നായി മൂപ്പർ. പക്ഷെ, ശമ്പളക്കാര്യത്തിൽ ദേവ് സാബിനോട് പറഞ്ഞ് അത്രയും തുക കൂട്ടിത്തരാൻ പറ്റുമോ എന്ന കാര്യത്തിൽ മൂപ്പർക്ക് ചെറിയൊരാശങ്ക. പൊതുവെ അത്തരമൊരു കളി കളിച്ച് ശമ്പളം കൂട്ടാനല്ല  ഞാൻ പുതിയ ജോലി തിരഞ്ഞെടുത്തതെന്നും പൈസയെക്കാളേറെ സ്വതന്ത്രമായൊരു ജോലി എന്നതാണ് ഞാൻ ലക്ഷ്യമിട്ടതെന്നും പറഞ്ഞപ്പോൾ ഒടുവിൽ കേണലും അംഗീകരിച്ചു. പക്ഷെ ഉടൻ നിന്നെപ്പോലൊരുത്തനെ സംഘടിപ്പിച്ചേ നിനക്ക് പോവാൻ പറ്റൂ എന്ന വൈകാരിക ബന്ധനത്തിൽ കെട്ടിയിടാൻ ശ്രമിച്ച കേണൽ സാബിന് ഞാൻ ഗണേശനെ അവിടേക്ക് ആക്കിക്കൊടുത്ത് തല്ക്കാലം തടിയൂരി. ഗണേശനും ജസൂജയുടെ സ്ഥാപനത്തിൽ നിന്നും ഒരു സ്വതന്ത്ര ചുമതലയുള്ള ജോലിക്കായി തക്കം പാർത്തിരിക്കുകയായിരുന്നു.

ദേവ് ആനന്ദിനോട് പറയേണ്ട ചുമതല കേണൽ സാബിന്റെ തലയിൽ വെചു കൊടുത്തു. സ്വന്തം അച്ചന്റെ മരണ വാർത്ത അറിഞ്ഞിട്ടു പോലും ഷൂട്ടിംഗ് നിർത്തിവെക്കാൻ തയ്യാറാവാത്ത ദേവ് സാബിന് സിനിമയൊഴിച്ച് മറ്റൊന്നിനോടും പ്രത്യേകിച്ചൊരു സ്നേഹമോ, പ്രതിപത്തിയോ ഇല്ലെന്നറിയാമായിരുന്നു. അതു കൊണ്ടു തന്നെ അദ്ദേഹം എന്നെ തടയില്ലെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. അതങ്ങിനെത്തന്നെ സംഭവിച്ചു. “ഠീക് ഹെ, ഉസ്കൊ ജാനാ ഹീ ഹെ തോ ജാനേ ദോ.. ലേകിൻ എക് ദിൻ വൊ സരൂർ വാപസ് ആയേഗാ”.  എന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞതെന്നതിനെക്കുറിച്ച് ഞാൻ കുറെയേറെ ആലോചിച്ചു. എന്റെ തീരുമാനം തെറ്റാണെന്നും, അത് സ്വയം മനസ്സിലാക്കി തിരിച്ച് ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് തിരിച്ചെത്തുമെന്നുമാവാം ഉദ്ദേശിച്ചത്. ആ വാചകങ്ങൾ ഒരു ശാപവചസ്സല്ലാതിരുന്നതു കൊണ്ടായിരിക്കാം, അങ്ങിനെ വേണ്ടി വന്നില്ല.

നവകേതനും ആനന്ദും എന്നെ സംബന്ധിച്ചിടത്തോളം മറക്കാൻ കഴിയാത്തൊരനുഭവമായിരുന്നു. കേരളത്തിലെ ഒരു കുഗ്രാമത്തിൽ നിന്നുമെത്തിയ എനിക്ക് കേട്ടു കേൾവിപോലുമില്ലാത്ത സിനിമയുടെ വലിയ ലോകം തുറന്നു തന്ന സ്ഥാപനമാണത്. ജുഹുവിലെ പ്രതീക്ഷാ ബംഗ്ളാവിന്റെ മുമ്പിൽ അമിതാഭ് ബച്ചനെ ഒരു നോക്കു കാണുവാൻ പൊരിവെയിലത്തും മഴയത്തും കാത്തു നില്ക്കുന്ന സിനിമാഭ്രാന്തന്മാരുടെ നാട്ടിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വന്ന് അദ്ദേഹം നമ്മളെക്കാണുന്ന അവസ്ഥ ഊഹിക്കാൻ പോലുമാവുമായിരുന്നില്ല.

അമിതാഭ് ബച്ചനെ ആദ്യമായി ഞാൻ കണ്ടത് വളരെ ആകസ്മികമായിട്ടായിരുന്നു. ഗംഗാ ജമുന സരസ്വതി എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് നടക്കുന്ന അവസരം. അദ്ദേഹം ദിവസവും ഡബ്ബ് ചെയ്യാൻ വരുന്നത് രാവിലെ 8 മുതൽ 10 വരെ. ഇതൊന്നുമറിയാതെ, ഒരു ദിവസം ഞാൻ പതിവു പോലെ ഒമ്പതേമുക്കാലോടെ ആനന്ദിലെത്തി. ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്ത് ഓഫീസിലെത്തിയാൽ ആദ്യത്തെ പണി ബാഗും മറ്റും റിസപ്ഷനിൽ വെച്ച് ടോയ്‌ലറ്റിൽ പോയി മൂത്രമൊഴിച്ച്, മുഖമെല്ലാം കഴുകി നവോന്മേഷം വീണ്ടെടുത്തു വരികയെന്നതായിരുന്നു. അന്നും എന്നതെയും പോലെ ഞാൻ ടോയ്‌ലറ്റിൽ പോയി മൂത്രമൊഴിച്ച് തിരിഞ്ഞു മറുവശത്തുള്ള വാഷ്ബേസിനിൽ മുഖം കഴുകി തലയുയർത്തി കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ണാടിയിൽ എന്റെ പിന്നിലായി ഒരാൾ നിന്ന് ശങ്കതീർക്കുന്നു. അദ്ദേഹത്തിന്റെ പിൻഭാഗം കണ്ടിട്ട് അമിതാഭ് ബച്ചന്റെ പോലുണ്ടല്ലോ എന്ന് ഞാൻ മനസ്സിൽ ആലോചിച്ച്, അതോടൊപ്പം തന്നെ, "പിന്നെ.. അമിതാഭ് ഇവിടെ വന്നല്ലെ മൂത്രമൊഴിക്കുക" എന്നെല്ലാം ചിന്തിച്ചു മുടിയെല്ലാം ചീകി പതുക്കെ പോകാനായി തിരിഞ്ഞതും എന്റെ പുറകിലുള്ള വ്യക്തിയും തന്റെ ശങ്ക തീർത്ത് തിരിഞ്ഞു. പെട്ടെന്ന് ഞാൻ അദ്ബുധസ്തബ്ധനായി നിന്നു പോയി. എന്റെ മുമ്പിൽ സാക്ഷാൽ അമിതാഭ് ബച്ചൻ ഒറ്റക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിൽ നില്ക്കുന്നു. ഒരു നിമിഷം ഞാൻ കാണുന്നത് സ്വപ്നമോ യാഥാർത്ഥ്യമോ എന്നറിയാതെ ഞാൻ പുറത്തേക്ക് കടന്നു, റിസപ്ഷനിൽ പോയി ഇക്കാര്യം പറഞ്ഞപ്പോളാണ് മനസ്സിലായത് അത് ശരിക്കും അമിതാഭ് ബച്ചൻ തന്നെയാണെന്നത്.

അതേപോലെ നാട്ടിൽ നിന്നും വന്ന ശ്രീകുട്ടന് മൂപ്പരുടെ ആരാധനാ പാത്രം മിഥുൻ ചക്രവർത്തി ദർശനം നൽകിയതും ഇതേ ശുചി മുറിയിൽ ആയിരുന്നുവെന്നത് ചരിത്രത്തിന്റെ തനിയാവർത്തനം. തുടക്കം മുതൽ സിനിമാ മേഖലയിൽ പ്രവർത്തിച്ചതിനാലാവാം നടീനടന്മാരെക്കണ്ടാൽ ആരാധനയോടെ പോയി കണ്ട് സംസാരിക്കുന്ന സ്വഭാവം എനിക്കില്ലായിരുന്നു. അതിലേറെ സിനിമക്കു പിന്നിൽ പ്രവർത്തിച്ചിരുന്ന സാങ്കേതിക വിദഗ്ദ്ധരെ പലപ്പോഴും ആരാധനയോടെ നോക്കിക്കാണാനും, അവരുമായി സൗഹൃദം സ്ഥാപിക്കാനും ചിലപ്പോഴെങ്കിലും ശ്രമിച്ചു.

അങ്ങിനെ അഞ്ചു വർഷം പിന്നിടാൻ ഒരു മാസം ബാക്കിയുള്ളപ്പോൾ ഞാൻ നവകേതനോട് വിട പറഞ്ഞു. ദേവ് സാബിനെ കണ്ട് യാത്രപറയാനായി കേണലുമൊത്ത് അദ്ദേഹത്തിന്റെ കാബിനിലെത്തി. “Are you going for a better position?” അതെ എന്നു മറുപടി കൊടുത്തു. “Wish you Good Luck” എന്ന് അനുഗ്രഹം വാങ്ങിപ്പോന്നു.

ആരതിയിൽ ബിശ്വദീപ് ജോയിൻ ചെയ്തിട്ട് ഒരു മാസമായിരിക്കുന്നു. കാരുമായ പണികളൊന്നും കിട്ടിത്തുടങ്ങിയിട്ടില്ല. മധു സിൻഹ ഫിലിം ഡയറക്ടറി തപ്പിയെടുത്ത് സംഗീത സംവിധായകർക്ക് ഫോൺ ചെയ്യാനും മാർക്കറ്റിംഗ് നടത്താനും ഉള്ള വഴികൾ പറഞ്ഞു തന്നു. T-സീരീസ് കസറ്റ് വ്യവസായം തുടങ്ങിയ കാലം. ഗണപതി സ്തുതികൾ ഇറക്കുന്ന സമയം. അവരെ പറഞ്ഞ് പാട്ടിലാക്കി. ശാരംഗ് ദേവ്, സുഖ്-വിന്ദർ സിംഗ് തുടങ്ങിയ ചെറുകിട സംഗീത സംവിധായകരെ കൂ‍ൂട്ടു പിടിച്ച് അവരുടെ ആൽ-ബങ്ങൾക്കും ജിംഗിളുകൾക്കും സ്റ്റുഡിയോ ബുക് ചെയ്യിക്കാൻ ശ്രമിച്ചു.

റൂമിൽ വിനയന്റെ വക ഒരു പുതിയ സൌണ്ട് സിസ്റ്റം തയ്യാറാക്കപ്പെട്ടു. ലാമിംഗ്ടൺ റോഡിൽ നിന്നും സാമഗ്രികൾ വാങ്ങി അവൻ തന്നെ നിർമ്മിച്ച പുതിയ ആംപ്ലിഫയറും സ്പീക്കറും, പാട്ടുവെക്കാനൊരു സ്റ്റീരിയോ വാക്മാൻ കാസറ്റ് പ്ലേയറും.

പുലരിത്തൂമഞ്ഞുതുള്ളിയിൽ പുഞ്ചിരിയിട്ടു പ്രപഞ്ചവും ഞങ്ങളുടെ പ്രഭാതങ്ങളും ഉണർന്നപ്പോൾ, രാ രാ രാസ് പുട്ടിൻന്റെ ചടുലതാളങ്ങളും, ചാന്ദി ജൈസാ രംഗ് ഹെ തേരാ.. എന്നു തുടങ്ങിയ ഘസലുകളുടെ പതികാലങ്ങളും ദിനങ്ങളെ അർത്ഥവത്താക്കിയപ്പോൾ, അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി എന്നു വേദനിച്ചു രാത്രികൾ കടന്നു പോയി.

ജീവിതം സംഗീതസാന്ദ്രമായ ദിനങ്ങൾ, ഹൃദയം പ്രേമ പ്രേമസുരഭിലമായിത്തുടങ്ങിയ
നാളുകൾ…

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...