Sunday, August 4, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 16

1989 സെപ്തംബർ 7 പുലർച്ചെ രണ്ടരമണിക്ക് ഞാനും ഗണേശനും കല്യാൺ സ്റ്റേഷനിലെത്തി. 1980-83 നാട്ടിക എസ് എൻ കോളേജ് ബി.കോം സഹപാഠികളിലെ മറ്റൊരംഗം കൂടി അന്ന് ബോംബെക്കെത്തുകയായിരുന്നു. ഒരു ഗൾഫ് യാത്രയുമായ് ബന്ധപ്പെട്ടൊരു ബോംബെ പര്യടനം. 5 വർഷത്തിനു ശേഷമുള്ള ഞങ്ങളുടെ പുനർസമാഗമം.

വണ്ടി സമയത്തിനെത്തി. സുഹൃത്ത് പുറത്തിറങ്ങി കാത്തു നിന്ന ഞങ്ങളിലെ ഗണേശനോട് മാത്രം കുശലാന്വേഷണം നടത്തുന്നു. എന്തോ പന്തികേടു തോന്നിയ ഗണേശൻ മൂപ്പരോട്  എന്നെച്ചൂണ്ടി ചോദിച്ചു. “ ഹൈ, ഇതാരാന്ന് മനസ്സിലായില്ലെ”…   “ഇല്ല”, എന്ന് സുഹൃത്തിന്റെ  മറുപടി.
ഒന്നും മിണ്ടാതെ ചിരിച്ചു നിന്ന എന്നെ അടിമുടി നോക്കി തോൽവി സമ്മതിച്ച മൂപ്പരോട്, 'ഇത് നമ്മടെ മുരളിയല്ലെ' എന്ന് പറഞ്ഞത് വിശ്വസിക്കാനാവാതെ സുഹൃത്ത് വീണ്ടും, "മുരളീ, മുരളിയോ.. ഏത് മുരളി.... ".

അഞ്ചു വർഷത്തിനിടെ കാലവും എന്റെ കോലവും മാറിയതറിയാതെ സുഹൃത്ത് അന്തം വിട്ട് നിൽക്കുകയാണ്. ഞാനാണെങ്കിൽ ഒന്നും ഉരിയാടാതെയും… എന്റെ മനസ്സിലേക്ക് കടന്നു വന്നത് കോളേജിലെ ഒരു പൂർവ്വദൃശ്യത്തിന്റെ പുനരാവർത്തനം....

….പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്കു ചേർന്ന കാലം. ക്ലാസ് മൊത്തം മീശയും താടിയും വന്നു തുടങ്ങുന്ന ചെറുവാല്യക്കാരുടെ കൂട്ടമാണ്. അവരുടെ ഇടയിൽ പൊക്കത്തിന്റെ കാര്യത്തിൽ സ്വല്പം മെച്ചപ്പെട്ടിട്ടുണ്ടെന്നതൊഴിച്ചാൽ മൂക്കിനു കീഴെ പൊടി മീശ വളരുമോ എന്നു പോലും അറിയാത്ത അവസ്ഥയിലായ ഞാൻ ജാള്യത മൂലം പലപ്പോഴും അവരുടെ കൂടെ കൂടാതെ ഒറ്റപ്പെട്ടു നടക്കുന്ന കാലം. അവിടേക്കാണ് പ്രായത്തിൽ ഞങ്ങളെക്കാളും മുൻപിലായ ഒരു ചേട്ടൻ വന്നു ചേർന്നത്. കട്ടി മീശ ഒന്നു മാത്രം മതിയായിരുന്നു ഞങ്ങൾ കുട്ടികൾക്ക്, മൂപ്പരെ ചേട്ടനെന്ന് വിളിക്കാൻ. കൂടാതെ സംഗീത, കലാ-കായിക രംഗങ്ങളിൽ നിപുണൻ. വളരെ വേഗം ക്ലാസിലെ സംഗീതക്കമ്പക്കാരായ ഗണേശനും വിനയനും അദ്ദേഹത്തിന്റെ ആരാധകരായി. അതെ, രമേശേട്ടൻ. അവരദ്ദേഹത്തെ ബഹുമാനപൂർവ്വം രമേശേട്ടൻ എന്നു വിളിച്ചു. പതുക്കെ പതുക്കെ മൊത്തം ക്ലാസും മൂപ്പരെ അങ്ങനെ സംബോധന ചെയ്തു തുടങ്ങി.

ക്ലാസിലെ ഇടവേളകളിൽ, ഒരു ദിനം, എല്ലാവരും കൂടെ ബാക്ക് ബെഞ്ചിലിരുന്ന് പരസ്പരം കളിയാക്കി രസിക്കുന്ന സമയത്ത്,  തന്റെ കട്ടിമീശ തടവിക്കൊണ്ട് രമേശ് കൂട്ടത്തിലുള്ള എന്നെ നോക്കി പറഞ്ഞു “നിനക്കൊന്നും ഈ ജന്മം ഇങ്ങനെയൊരു മീശവെച്ച് നടക്കാൻ ഭാഗ്യമുണ്ടാവില്ല മോനെ..”. വേണമെങ്കിൽ കരടി നെയ്യ് പരീക്ഷിച്ചു നോക്കാനൊരു ഉപദേശവും..

വീണ്ടും വർത്തമാനത്തിലേക്ക് തിരിച്ചെത്തിയപ്പോൾ, കല്യാൺ സ്റ്റേഷനിൽ നിന്നും ജയന്തി ജനത ഞങ്ങളെപ്പിന്നിലാക്കി മുമ്പോട്ടു കുതിച്ചപ്പോൾ, പ്ലാറ്റ്ഫോമിലെ ശബ്ദകോലാഹലങ്ങൾ അടങ്ങിയപ്പോൾ, ഞാൻ പറഞ്ഞു, “അതെ നിങ്ങളുടെ കൂടെപ്പഠിച്ച മീശമുളക്കാത്ത മുരളി തന്നെ”. ദൈവസഹായത്താൽ കരടി നെയ്യുപയോഗിക്കാതെ തന്നെ കിളിർത്ത മീശരോമങ്ങൾ ഇപ്പോൾ അദ്ദേഹത്തിന്റെ കട്ടി മീശ കണ്ട് അസൂയപ്പെട്ടില്ല.

ബോംബെ സന്ദർശനത്തിൽ, ബോംബെ കാണാൻ രമേശേട്ടന്റെ കൂടെ ഞങ്ങൾ കൂട്ടുകാരുമിറങ്ങി. ഞായറാഴ്ച പവയ് ഐ.ഐ.ടിയിലും, ഗാർഡനിലും നടന്ന് മൂപ്പർ കൊണ്ടുവന്ന എസ്.എൽ.ആർ കാമറയിൽ കുറെ ഫോട്ടോ എടുത്തു.

ഗണപതിയെ വരവേൽക്കാനായ് ബോംബെ തെരുവുകൾ തോറും ഒരുങ്ങിയ സമയം. അലങ്കാര വിളക്കുകളുടെ പ്രഭാപൂരത്തിൽ മുങ്ങിക്കുളിച്ചു നില്ക്കുന്ന നഗരം. അന്നു വരെ കണ്ടിട്ടില്ലാത്ത ബോംബെയുടെ രാത്രിക്കാഴ്ചകൾ  കണ്ടു ഞങ്ങൾ നടന്നു. തെരുവുകൾ തോറും മണ്ഡലുകളിൽ അണിയിച്ചൊരുക്കിയ ഗണപതി ഭഗവാൻ.  അതിനപ്പുറം ചില്ലുകൂടുകളിൽ എഴുന്നള്ളിച്ചു നിർത്തിയിരിക്കുന്ന മാദകത്തിടമ്പുകൾ..  ചുവന്ന തെരുവിന്റെ പ്രഥമ ദർശനം.  അടക്കി നിർത്താനാവാത്ത പുരുഷവ്യഥയുമായി ആയിരങ്ങൾ അവിടേക്ക് ദിവസേനയെന്നോണം എത്തുന്നു. വിലപേശി തങ്ങളുടെ കീശക്കൊത്ത ഉരുവിനെ തിരഞ്ഞെടുക്കുന്നു. ശമനം കിട്ടാത്തൊരു മാനസിക പിരിമുറുക്കത്തിന് പണം കൊടുത്ത് അറുതി വരുത്തുന്നു. അതിന്റെ കൂടെക്കിട്ടുന്ന ഉപോൽപ്പന്നങ്ങളായ മാരകരോഗങ്ങളെപ്പറ്റി ജനസാമാന്യത്തിന് കാര്യമായ അറിവില്ലാതിരുന്ന കാലം. രാത്രി കനത്തതോടെ, കൺപോളകൾക്ക് കനം വെച്ചതോടെ, കാഴ്ചകളിൽ നിന്നും ആസക്തികളിൽ നിന്നും മുക്തി നേടി ഞങ്ങൾ കാഞ്ചൂരിലെ റൂമിലേക്ക് തിരിച്ചെത്തി.

പിറ്റേന്ന് ആരതി റെക്കോർഡിംഗിൽ, രമേശേട്ടൻ പാടിയ “കരിഞണ്ടുക്ക് നാൻ തേടി നടാന്തേ
പാപ്പമേട്ടിലു നാൻ കരാഞ്ചി നടാന്തേ”, അടക്കം 5 പാട്ടുകൾ ബിശ്വദീപിന്റെ സഹായത്തോടെ റെക്കോർഡ് ചെയ്തു. 

ഒരാഴ്ചത്തെ ബോംബെ സന്ദർശനത്തിനു ശേഷം മൂപ്പർ നാട്ടിലേക്ക് യാത്രയായി. കാലവർഷത്തിന്റെ വിടവാങ്ങൽ ഗംഭീരമാക്കിക്കൊണ്ട് ഒരു മഴ ബോംബെയെ വെള്ളത്തിലാക്കി, എല്ലാ അഴുക്കുകളെയും എറ്റുവാങ്ങി, തന്നിലേക്കലിയിച്ച്, കുളിപ്പിച്ച് കടന്നു പോയി.

നിത്യാനുഷ്ഠാനമെന്നോണമുള്ള ഓഫീസ് യാത്ര വിരസമാണ്.  കാഞ്ചൂർമാർഗ്ഗിൽ നിന്നും തിരക്കുള്ള ട്രെയിൻ പിടിച്ച് ദാദർ വഴി സാന്താക്രൂസിലെത്തി, അവിടെ നിന്നും ജുഹുവിലേക്കുള്ള 231 നമ്പർ ബെസ്റ്റ് ബസ് പിടിച്ചാണ് ആരതിയിലേക്കുള്ള യാത്ര. വിരസമായ ആ യാത്രക്കിടെ ഒരു ദിവസം, ഞാനൊരു പേരറിയാത്ത, ശാലീന സുന്ദരിയായൊരു യുവതിയെ കണ്ടു മുട്ടി. തുടർ ദിവസങ്ങളിലും അതേ സമയത്ത് അവരെ ബസ് സ്റ്റോപ്പിൽ കണ്ടുമുട്ടി. ഭംഗിയുള്ള മുഖത്തിനേക്കാൾ ഭംഗിയുള്ളൊരു കുങ്കുമപ്പൊട്ടുമായെത്തുന്ന അവർക്കു ഞാൻ “കുങ്കുമപ്പൊട്ടെന്ന്” പേർ നൽകി. അതോടെ സാന്താക്രൂസിസിൽ നിന്നും ലിഡോ സിനിമ വരെയുള്ള യാത്രക്ക് ഒരു പ്രത്യേകത കൈവന്നു. “കുങ്കുമപ്പൊട്ട്” വളരെപ്പെട്ടെന്നായിരുന്നു എന്റെ മനസ്സിലേക്ക് കുടികയറിയത്. ലിഡോ സിനിമ സ്റ്റോപ്പിലിറങ്ങി സംഗീത അപ്പാർട്ട്മെന്റ് വരെ നീളുന്ന ആ തരുണീ ചലനങ്ങൾ ആരതി റെക്കൊർഡിംഗിന്റെ പുറകുവശത്തുള്ള ഒരു എസി സെർവീസ് സെന്ററിൽ നിലക്കുന്നു. ദിവസവും ഒരേ ബസിൽ കയറാനും എതിർവശത്തായി ഇരിക്കാനും ഇരുവരും മനപൂർവം ശ്രമിക്കുന്നു. ഇടക്കുള്ള ഓരോ നോട്ടങ്ങളിൽ ഇരുവരും ഏതെല്ലാമോ ഉദ്വേഗങ്ങൾ പങ്കുവെച്ചു.

ഓണം കഴിഞ്ഞൊരു ദിനം. സാന്താക്രൂസിൽ ബസിലെ സമാഗമത്തിനായി കാത്തു നിൽക്കാതെ ഓഫീസിൽ നേരത്തെയെത്തി. ഉച്ചക്ക് നാട്ടിൽ നിന്നും അമ്മിണിയോപ്പോളുടെ കത്തു വന്നു. ഓണത്തിന് പണമയച്ചത് കിട്ടിയെന്നും, പഴയതൊന്നും നീ മറന്നില്ലെന്നതിൽ അതീവ സന്തോഷമെന്നും  പറഞ്ഞ്, നന്മകൾ നേർന്നുകൊണ്ട് എഴുതിയിരിക്കുന്നു. മാധുര്യമൂറുന്നവയായാലും, കയ്പുള്ളവയായാലും അവയെയെല്ലാം ഓർമ്മകളുടെ മണിമുത്തുകളായി മനസ്സിന്റെ അടിത്തട്ടിൽ സൂക്ഷിക്കാൻ എന്നും ശ്രദ്ധ വെച്ചിട്ടുണ്ട്. നന്ദിയോ കടപ്പാടോ ആയി അവയെ കാണാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. കടന്നു, നടന്നു പോന്ന വഴിയിൽ കണ്ടുമുട്ടിയവർ, വഴികാട്ടികളായവർ. അവർ കാണിച്ചു തന്ന വഴിയിൽ ഏതു സ്വീകരിക്കണമെന്നത് പഥികന്റെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യത്തിന്റെ പന്ഥാവിലൂടെ, അവർക്കെല്ലാം, ആ ഗുരുഭൂതർക്കെല്ലാം നന്ദിയും ആശീർവാദങ്ങളുമർപ്പിച്ച്, ഇന്നിന്റെ യാഥാർത്ഥ്യങ്ങളിൽ കാലൂന്നി നിൽക്കുമ്പോൾ അവരോരോരുത്തരുടെയും ആശീർവാദങ്ങളും അനുഗ്രഹാശിസ്സുകളുമാണ് ഈയുള്ളവനെ നയിക്കുന്നത്.
അതിനിടയിലാണ് മനസ്സ് നാമറിയാതെ വഴി മാറിച്ചവിട്ടുന്നത്.. ഞൊടി നേരത്തെ പരിചയങ്ങൾ, ക്ഷണിക ദൗർബല്യങ്ങൾ.. നമ്മെ ചില പുറം കാഴ്ചകളിൽ ഭ്രമിപ്പിച്ച് തെളിച്ചുകൊണ്ടു പോകുന്നത്...

നാട്ടിൽ നിന്നുമുള്ള ആ കത്ത് അവയിൽ നിന്നെല്ലാം നിന്നും മുക്തി നൽകി വീണ്ടും കർമ്മബന്ധങ്ങളുടെ കെട്ടുപാടുകളിലേക്ക് മനസ്സിനെ തിരികെ കൊണ്ടുവന്നു.

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...