Wednesday, August 28, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 19


രാവിലെ ഉണർന്നിട്ടും കല്യാണം കഴിക്കാത്തതിന്റെ അസ്വസ്ഥതകൾ വിട്ടുമാറിയിരുന്നില്ല. സതു എല്ലാം തുറന്ന് പറയുന്ന പ്രകൃതക്കാരനാണ്. ഒന്നും മനസ്സിലിരിക്കില്ല.
കൊല്ലാവസാനമാണ്. കണക്കെഴുത്തുകാരുടെ ഭാഷയിൽ ഇയർ എൻഡിംഗ്. നേരത്തെ ഓഫീസിലെത്തി തീർക്കേണ്ട പണികൾ പലതുണ്ട്. എല്ലാ വർഷത്തെയും പോലെ അവസാന നിമിഷമാണ് ഉത്രാടപ്പാച്ചിൽ. പണം പിൻ വലിക്കുക, ലാഭവും നികുതിയും കുറക്കാനുള്ള വഴികൾ കണ്ടെത്തുക എന്നു തുടങ്ങി പലതും ബാക്കിയാണ്.
സതുവുമൊത്ത് നേരത്തെ ഇറങ്ങി സ്റ്റേഷനിലേക്ക് ആഞ്ഞു പിടിക്കുകയാണ്. നടത്തത്തിന്റെ താളം തെറ്റിയ ഒരു നിമിഷം, കാലിലെ മടമ്പ് തെറ്റി വീഴാൻ പോയപ്പോൾ സതു കടന്ന് പിടിച്ചു. കാലുളുക്കിയിരിക്കുന്നു. കാണെക്കാണെ കാല് നീരു വന്നു വീർത്തു. നാട്ടിലുള്ളപ്പോൾ പല തവണ മടങ്ങിയ പടത്തിന്റെ അവിടെത്തന്നെയാണ് ഇപ്പളും ഉളുക്കിയിരിക്കുന്നത്. കാലിലെ നീരും, വേദനയുടെ ആധിക്യവും വെച്ച് നോക്കുമ്പോൾ ഇത്തവണത്തേത് ലെവൽ വൺ കാറ്റഗറിയിൽ പെടുത്താവുന്നതാണ്. ഓഫീസിൽ പോകാതിരിക്കാൻ യാതൊരു നിർവ്വാഹവുമില്ലാത്തതിനാൽ സതുവിന്റെ തോളിൽ പിടിച്ച് ഞൊണ്ടി സ്റ്റേഷനിലെത്തി, സ്ലോ വണ്ടി പിടിച്ച് എങ്ങിനെയോ ഓഫീസിലെത്തി. അപ്പോഴേക്കും കാൽ നിലത്ത് തൊടാൻ പറ്റാത്ത പരുവത്തിലായിരുന്നു.
കാലിലെ അവസ്ഥ കണ്ടതും, മധു സിൻഹ ഓഫീസിലെക്ക് വന്നതിന് ആദ്യമേ നാല് ചീത്ത പറഞ്ഞു. പിന്നീട് മാഹിമിലെ ഒരു മുസ്ലിം ആയുർവേദ ഉഴിച്ചിലുകാരനെ വിളിച്ച് കാറിൽ എന്നെയും കൊണ്ട് നേരെ വിട്ടു. ആയുർവ്വേദക്കാരന്റെ പത്തു മിനുട്ടു നേരത്തെ വലിച്ച്, കുടഞ്ഞ്, തിരുമ്മിയുള്ള കസർത്തു കഴിഞ്ഞപ്പോഴേക്കും ഒരുവിധം കാൽ നിലത്തു വെക്കാമെന്നായി. തിരിച്ച് ഓഫീസിലെത്തി മുപ്പത്തി ഒന്നാം തിയതി വരെക്കുള്ള പണികൾ ഒരു വിധം തീർത്തു. കുറെ ജോലികൾ രാമുവിനെ പറഞ്ഞേല്പ്പിച്ചു.
കാൽ പൂർണ്ണമായും ഭേദമാവുന്നതു വരെ ഓഫീസിലേക്ക് വരരുതെന്ന് താക്കീത് നല്കി മധു സിൻഹ വൈകുന്നേരം കാറിൽ കയറ്റി വിട്ടു.
ഒരാഴ്ച പകലുകളിൽ റൂമിൽ ഏകനായിക്കൂടി. ഒറ്റക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. ഒരു കൂട്ടിനായി കൊതിച്ച ദിനങ്ങൾ.
വായനയിൽ ലയിച്ച ദിനങ്ങൾ. പഠിക്കുന്ന കാലത്ത് ഒരിക്കലും സമയം നോക്കാതെ വായിക്കാൻ കഴിയുമായിരുന്നില്ല. മനസ്സറിഞ്ഞുള്ള പഠനത്തേക്കാൾ സമയ ബന്ധിതമായൊരു ചടങ്ങായിട്ടായിരുന്നു അത് പലപ്പോഴും കലാശിച്ചിരുന്നത്. കയ്യിൽ വാച്ച്, കിഴക്കെ മുറിയുടെ ചുമരിൽ ക്ലോക്ക്, കൂടാതെ അകായിലെ ഇലക്ട്രോണിക് ക്വാർട്ട്സ് ക്ലോക്ക്. ഇവയെല്ലാം എന്റെ പഠന സമയങ്ങളെ നിയന്ത്രിച്ചു വന്നു. അത്തരം സമയനിഷ്കർഷതകളില്ലാതെ വായിക്കുകയെന്നത് ഭാഗ്യം. ഇന്നെങ്കിലും അതിന് കഴിയുന്നുവല്ലോ.
ദിനങ്ങൾ പിന്നിടും തോറും വായിക്കാനുള്ള സാമഗ്രികൾ കുറഞ്ഞു വന്നു. ഇനി പുതിയവ സംഘടിപ്പിച്ചിട്ടു വേണം. തല്ക്കാലം സ്വന്തം ചരിത്രത്താളുകളിലേക്ക് പരതിയിറങ്ങി. ചരിത്രമില്ലാതിരിക്കുക എന്നത് ഒരു രസമില്ലായ്മയാണ്, ബോറാണ്. ഇന്നിന്റെ യാഥാർത്ഥ്യങ്ങൾ യഥാവിധി പകർത്തുമ്പോൾ അവ നാളത്തെ ചരിത്രമായി മാറുന്നു. അവക്ക് ഇതിഹാസമാനങ്ങൾ കൈവന്നാലോ, ജീവിതം അർത്ഥവത്താവുന്നു. അത്തരം ഇതിഹാസമാനങ്ങൾ ഒന്നുമില്ലെന്നാലും പഴങ്കഥകൾ വായിച്ചിരിക്കുക, ഓർക്കുക എന്നും അനുഭൂതിദായകമാണ്.
അങ്ങിനെ സഞ്ചരിക്കുമ്പോളാണ് കാലിലെ ഉളുക്കിന്റെ ഒരു പഴയ കഥയിലേക്ക് ഞാനെത്തിയത്. തൃപ്രയാറെ ടെറസ്സ് ഗോവണി ഓടിക്കയറുന്നതിനിടെ കാല് മടങ്ങിയ കാലം, മടമ്പ് നീർ വന്നു വീർത്തു. ഇരട്ടപെറ്റവരിലൊരാളെക്കൊണ്ട് ഉളുക്കിനുഴിയിപ്പിച്ചാൽ ഉളുക്ക് പമ്പ കടക്കുമെന്നാണ് നാട്ടു വിശ്വാസം. പാട്ടാളി സ്വാമിയുടെ ഭാര്യ സരസ്വതിയമ്മ്യാരെ ഇരട്ടപെറ്റതാണത്രെ. എത്രയോ പേരുടെ കാലുനിവർത്തിയ സരസ്വതിയമ്മ്യാർ അങ്ങിനെ എന്റെയും കാലുഴിഞ്ഞു ഞരമ്പുകളെ നേരെയാക്കി. മാഹിമിലെ മുസ്ലിം ഉഴിച്ചിലുകാരൻ ഇരട്ടപെറ്റതാണോ എന്ന് ഞാൻ ചോദിക്കാൻ വിട്ടു പോയിരുന്നു. ഏതായാലും വായനയും, പകലുറക്കവും, സ്വപ്നം കാണലുമായിക്കഴിഞ്ഞ ഒരാഴ്ചക്കു ശേഷം, അത്യാവശ്യം നടക്കാമെന്നായപ്പോൾ ഇരുപത്തി ഏഴാം ജന്മദിനമെത്തി. കൂടെ കൂട്ടുകാരുണ്ടെന്നാലും, ജന്മദിനാഘോഷങ്ങൾക്കപ്പുറം, നാം ഒറ്റക്കാണെന്ന ചിന്ത മനസ്സിനെ അലട്ടുന്നു. ഒരിണയുടെ സാമീപ്യം അവശ്യമെന്ന് അടിവരയിട്ട് നമ്മെ ഓർമ്മപ്പെടുത്തുന്ന ദിനം.
ഉളുക്കിന്റെ പാരവശ്യം വിട്ടുമാറാത്ത കാലുമായി വീണ്ടും ലോക്കൽ ട്രെയിനിൽ ഓഫീസിലേക്ക്. ട്രെയിനിൽ ഇടിയുടെയും, ചവിട്ടിന്റെയും സൗമ്യദുഖങ്ങൾ ഏറ്റുവാങ്ങി ജീവിത യാത്ര തുടർന്നു. ആൾക്കൂട്ടത്തിന്റെ ആക്രമണോത്സുകതക്കുമുമ്പിൽ നമ്മുടെ ചെറിയ ദയനീയതകൾക്കെന്ത് സ്ഥാനം.
രമേശേട്ടനും വിനയനും ഗണുവുമടങ്ങുന്ന സംഗീതക്കൂട്ടായ്മ കാഞ്ചൂരിലെ ഞങ്ങളുടെ പഴയ റൂമിലേക്ക് താമസം മാറി. സംഗീത പഠനമാണ് ലക്ഷ്യം. ഡോംബിവിലിയെ അപേക്ഷിച്ച് കാഞ്ചൂരിലെ താമസത്തിന് മുക്കാൽ മണിക്കൂറിന്റെ ലാഭമുണ്ട്. അത് പഠനത്തിനായി ചിലവിടാം.
രമേശേട്ടന് കമ്പം ഹിന്ദുസ്ഥാനിയോടാണ്. നീലാ ഭാഗവത് എന്ന ഗ്വാളിയോർ ഘരാനയിലെ സംഗീത വിദുഷിയുടെ അടുത്ത് മൂപ്പർ പഠിക്കാനായി ചേർന്നു. പതിനെട്ടാം വയസ്സിൽ 15 വയസ്സുള്ള പയ്യനുമൊത്ത് വിപ്ലവത്തിന് ഇറങ്ങിത്തിരിച്ചവർ. ആ 15 വയസ്സുകാരനെ അവർ ഭർത്താവാക്കി. വിപ്ലവരംഗത്തെ അതികായകന്മാരുമായി പരിചയപ്പെട്ടു. പക്ഷെ, അപ്പോളും സംഗീത പഠനത്തിൽ നിന്നും പിന്മാറിയില്ല. കുട്ടി ജനിച്ചപ്പോൾ ഭർത്താവിനോട് വിടപറഞ്ഞു. ഇപ്പോൾ ജീവിക്കുന്നത് സംഗീതത്തിനും എക മകനും വേണ്ടി. തുണക്കായി വേറൊരാളെ കണ്ടെത്തിയിരിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യവാദ പക്ഷത്തു നിന്നും പ്രവർത്തിച്ചിരുന്ന അവർ ആ കാഴ്ചപ്പാടുള്ള ഥുമ്രികളും മറ്റും രചിച്ച് സംഗീതാവിഷ്കാരം നടത്തിയിരുന്നവരായിരുന്നു.
കുറെക്കാലത്തിനു ശേഷം സുഹൃത്ത് വിജയന്റെ കത്തു വന്നു. ചെറുകര സ്കൂളിൽ അദ്ധ്യാപകനായി നിയമനം വാങ്ങിയിരിക്കുന്നു. 1969 മാർച്ച് മാസത്തിൽ വിദ്യാർത്ഥിയായി ഒന്നാം ക്ലാസിലേക്ക് കാലെടുത്തു വെച്ച വിജയൻ വീണ്ടും അദ്ധ്യാപകന്റെ രൂപത്തിൽ അതേ വിദ്യാലയത്തിലേക്ക് സംസ്കൃതാദ്ധ്യാപകനായി എത്തുന്നു. സ്കൂളിൽ പോകാനുള്ള മടിക്കുള്ള മറുമരുന്നുമായ ചൂരൽ പ്രയോഗവുമായി അച്ഛ്ന്റെയൊപ്പം നടന്നു കയറിയ വിജയൻ ഇന്ന് കയ്യിലൊരു ചൂരലുമായാവാം സ്കൂളിലെത്തുന്നത്. അയാൾക്കിഷ്ടപ്പെട്ട മേഖലതന്നെ ഒടുവിൽ അയാൾ നേടിയെടുത്തു.
യാത്രാവേളകളിൽ ഈയിടെയായി കഥാശകലങ്ങൾ മനസ്സിലേക്ക് കടന്നു വരുന്നു..
ഓണപ്പൂട്ടലിനു സ്കൂളടക്കുന്ന ദിനം. കണക്കു പരീക്ഷയുടെ കുരുക്കുകളിൽ നിന്നും രക്ഷപ്പെട്ട് അവൻ നടന്നു... ഒരു കഥ അവിടെ തുടങ്ങുകയായിരുന്നു.
കുണ്ടനിടവഴിയിൽ എതിരെ വന്ന പോത്തുകൾക്കിടക്ക് കാലനെ കാണുന്ന കുട്ടി. അതിന്റെ പൊരുളേതുമറിയാതെ കുട്ടിയുടെ മനസ്സിലേക്ക് ആ കാഴ്ച ഒരത്ഭുതമായി കടന്നു വരുന്നു. മുത്തശ്ശന്റെ മരണം ആസന്നമായിരിക്കുന്നു. പക്ഷെ, അതിനെ തന്റെ ഇഷ്ടയാത്രയാക്കി മാറ്റുന്ന ബാലൻ. പുത്ര ദു:ഖത്തിനുമപ്പുറം പൗത്രദു:ഖം അനുഭവിക്കാൻ വിധിക്കപ്പെടുന്ന ഹതാശനായ മുത്തശ്ശൻ…
പക്ഷെ അവയൊന്നും അക്ഷരങ്ങളാക്കി താളുകളിലേക്ക് പകർത്താനുള്ള വൈദഗ്ദ്ധ്യം പോര, ശില്പചാതുരിയില്ല. പദസമ്പത്തില്ല.
കഴിയുമെങ്കിൽ എഴുതണം, തിരുത്തണം. എഴുതിയെഴുതി തഴകണം.. മുരളീ മോഹൻ നിർദ്ദേശിക്കുന്നു.
ശ്രദ്ധ, തീവ്രദ്ധ്യാനം, പദദ്ധ്യാനം ഇവയൊക്കെ ഇനിയും നേടേണ്ടിയിരിക്കുന്നു. പഠനം തുടരുക തന്നെ.

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...