Thursday, January 19, 2023

ഓർമ്മച്ചിത്രങ്ങൾ ( 60)

 ക്രിക്കറ്റ് ജ്വരം ആദ്യമായി എന്നിലേക്ക് കുത്തിവെച്ചത് ചെറുകര കുഞ്ഞനിയേട്ടൻ ആയിരുന്നു. 1979ലെ തിരുവോണദിവസം വൈകുന്നേരം  ഞങ്ങളോടൊന്നും  കൂട്ടു കൂടാതെ,  ട്രാൻസിസ്റ്റർ ചെവിയിൽ ചേർത്ത് വെച്ച്  വിദൂര ലോകത്തേക്ക്  കണ്ണും നട്ട് നാലുകെട്ടിന്റെ പൂമുഖത്തെ വലത്തെ തിണ്ണയിൽ ചുമരും ചാരിയുള്ള കുഞ്ഞനിയേട്ടൻറെ ഇരിപ്പ് കണ്ടാണ്    ചോദിച്ചത്, ഇതെന്ത് പ്രാന്താണ് എന്ന്.. പക്ഷെ, അതിനുള്ള ഉത്തരം പിന്നീട് പറയാമെന്നും പറഞ്ഞു മൂപ്പർ വീണ്ടും ട്രാൻസിസ്റ്റർ തന്റെ വലതു ചെവിയിലേക്ക് ഒന്നുകൂടി ചേർത്ത് പിടിച്ചു പശ്ചിമദേശം നോക്കി ആ ഇരിപ്പു തുടർന്നു…


 ഞങ്ങൾ, ഞാനും വിജയനും കോളേജ് കുമാരന്മാരായിയെന്നാലും ഇത്തരം ആധുനികൻറെ കളികളിലേക്കൊന്നും ആകൃഷ്ടരായിരുന്നില്ല.   മാമാങ്കം, ഏഴാം കടലിനക്കരെ എന്നീ സിനിമകൾക്കൊന്നും അന്നേ ദിവസം ടിക്കറ്റ് ലഭിക്കാനിടയില്ലാ എന്നതിനാൽ  അനുജന്മാരായ   മറ്റുള്ളവർക്കൊപ്പം ഞങ്ങൾ അന്നേ വരെ പരിചയിച്ച  ഗോട്ടി കളിയിലും മറ്റും തന്നെ വ്യാപൃതരായി നേരം കളഞ്ഞു.


പിറ്റേന്ന് രാവിലെ നാലുകെട്ടിലെ കുളത്തിലേക്കുള്ള യാത്രക്കിടയിൽ പൂമുഖത്തെത്തിയപ്പോൾ  കുഞ്ഞനിയേട്ടൻ അന്നത്തെ പത്രം നിവൃത്തി വെച്ച് അവസാന പേജിൽ ലയിച്ചിരിക്കുകയായിരുന്നു. അപ്പോൾ  തലേന്നത്തെ ചോദ്യം ഞാൻ വീണ്ടുമാവർത്തിച്ചു.  ആ ചോദ്യത്തിനുത്തരമെന്നോണം അദ്ദേഹം ഒരു ഫോട്ടോ കാണിച്ചു കൊണ്ട് ഇതാരാണെന്ന് അറിയുമോ എന്ന്  ചോദിച്ചു. 1983 എന്ന സിനിമയിലെ ഒരു കഥാപാത്രത്തെപ്പോലെ ഞാൻ അബന്ധം പറഞ്ഞില്ല, പകരം അറിയില്ലെന്ന്   പറഞ്ഞു. 



അത് സുനിൽ ഗവാസ്കറുടെ ഫോട്ടോയായിരുന്നു. ലോർഡ്‌സ് ടെസ്റ്റിലെ ഫോർത്ത് ഇന്നിംഗ്‌സിൽ ഡബിൾ സെഞ്ചുറിയടിച്ച ഗവാസ്കറുടെ ചിത്രമായിരുന്നു അത്. അങ്ങനെ, ഞാനറിയാത്ത ആ കളിയെപ്പറ്റിയും, എങ്ങിനെ കളിക്കാമെന്നതിനെ പറ്റിയും, അതിന്റെ നിയമങ്ങളെ പറ്റിയും ഉള്ള ബാലപാഠങ്ങൾ കുഞ്ഞനിയേട്ടൻ എന്നിലേക്ക് കുത്തിവെച്ചു.. കൂടെ തലേ ദിവസത്തെ ലോർഡ്‌സ് ടെസ്റ്റിലെ ആവേശക്കളിയെക്കുറിച്ചുള്ള മൂപ്പരുടെ ഉദ്വേഗം നിറഞ്ഞ വിവരണവും, അന്നത്തെ പത്ര വാർത്തയിലെ പൊടിപ്പും തൊങ്ങലും വെച്ച എഴുത്തും  കൂടിയായപ്പോൾ എന്നിലേക്കും ക്രിക്കറ്റ് ജ്വരം പതുക്കെ അരിച്ചു കയറിത്തുടങ്ങി. 


പൊതുവെ കൃശഗാത്രനായിരുന്ന എനിക്ക്  അന്നേ വരെ മെയ്യനങ്ങിയുള്ള കളികളൊന്നും വഴങ്ങുമായിരുന്നില്ല.  ആകെ അറിയുന്ന കളി വല്ലപ്പോഴും കളിക്കുന്ന  കാൽപ്പന്തു കളിയായിരുന്നു. വേനലുകളിൽ കൊയ്തൊഴിഞ്ഞ പാടത്ത് അഞ്ചും പത്തും പൈസ സ്വരൂപിച്ച് വാങ്ങിയ തുകൽപ്പന്തുകൊണ്ട്, വൈകുന്നേരങ്ങളിൽ  കന്നു മേയ്ക്കുന്നവരും ആട് മേക്കുന്നവരുമായ കുട്ടികൾ ഒത്തു കൂടി  തങ്ങളുടെ ഉരുക്കളെ  മേയാൻ വിട്ട് കളിച്ചിരുന്ന കളി. കളിയറിയാത്തവനായ എനിക്ക് മിക്കവാറും ഗോൾപോസ്റ്റ് കാക്കലാണ് കൈവരാറുള്ളത്. 


അങ്ങിനെയുള്ള ഞങ്ങളെ  കുഞ്ഞനിയേട്ടൻ മടല് കൊണ്ടുള്ള ബാറ്റും ടെന്നീസ് ബാളും കൊണ്ട്  ക്രിക്കറ്റിലെ ആദ്യ തിയറി  ക്ലാസിനായി  നാലുകെട്ടിലെ പടിഞ്ഞാറേ പൂമുഖത്തിനും ഉരൽപ്പുരക്കും ഇടയിലുള്ള ഗ്രൗണ്ടിലേക്ക് പിച്ച വെപ്പിച്ചു. ക്രിക്കറ്റ് കമന്ററികൾ കേൾക്കേണ്ടതെങ്ങിനെയെന്ന് പഠിപ്പിച്ചു. ക്രിക്കറ്റ് സ്‌കോർ അറിയാനായി ദൽഹിയിൽ നിന്നുമുള്ള മലയാളം വാർത്തകളും, എന്തിന്, ഇംഗ്ലീഷ്- ഹിന്ദി വാർത്താ ബുള്ളറ്റിനുകൾ വരെ കേൾക്കാനുള്ള പരുവത്തിലേക്ക് വളർത്തി.


പതുക്കെ അത് പത്രത്തിലെ ആദ്യ പേജിലെ അച്യുത മേനോനെയും മുഹമ്മദ് കോയയെയും രാജൻ കേസിനെയും പിന്നിലേക്ക്  മാറ്റി നിർത്തി അവസാന പേജിലെ ക്രിക്കറ്റ് വാർത്തകളെ സ്നേഹിക്കാൻ പഠിപ്പിച്ചു. സ്പോർട്സ് സ്റ്റാർ മാഗസിനിലെ കളിക്കാരുടെ കളർ ചിത്രങ്ങളെ സ്നേഹിച്ചു തുടങ്ങി.

ഓണപ്പൂട്ടൽ കഴിഞ്ഞ് തിരിച്ചെത്തിയ എനിക്ക് പക്ഷെ തൃപ്രയാറിൽ ഈ ക്രിക്കറ്റ് ജ്വരം പരീക്ഷിക്കാൻ വഴികൾ കുറവായിരുന്നു. ഗോപിനാഥച്ചേട്ടൻ മഹാത്മാ ക്ലബ്ബിലേക്ക് കളിക്കാൻ പോയിരുന്നെങ്കിലും അവിടെയൊന്നും പോയി കളിക്കാനുള്ള കളി കയ്യിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് കമ്പം മാത്രം. 

തൃപ്രയാറിൽ അന്ന് സാർവത്രികം വോളി ബാൾ ആണ്. ഓരോ വേനലിലും മണപ്പുറത്ത്  വോളിബാൾ ഭ്രമം ഉണരുകയായി. മുക്കിലും മൂലയിലും ക്ലബ്ബുകൾ.  ഓരോരുത്തരും മത്സരിച്ച് പ്രശസ്ത  ടീമുകളെ അണി നിരത്തിയുള്ള ടൂർണമെന്റുകൾ   സംഘടിപ്പിക്കപ്പെട്ടു.  പെർഫെക്റ്റ് സെർവുകളും, തീ പാറുന്ന  സ്മാഷുകളും ആവേശം തീർക്കുന്ന മാച്ചുകളാൽ ആരവങ്ങൾ തീർക്കുന്ന സന്ധ്യകൾക്കായി ചെറുപ്പക്കാർ കാത്തിരുന്നു.


വൈകുന്നേരത്തെ ഭജനകളെ വിട്ട്  ബാല്യം ഇത്തരം കായിക പ്രേമ കൗമാരങ്ങളിലേക്ക് കടന്ന കാലം..


തുടരും....

No comments:

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാര...