Sunday, February 13, 2022

ഓർമ്മച്ചിത്രങ്ങൾ ( 49)

 


അച്ഛന്റെ വേർപാടിന് ശേഷം  ആദ്യമായാണ്  തൃശൂർ പൂരം കാണുന്നത്. ആ വർഷത്തെ പൂരം കാണാനായി   നന്ദേട്ടനും മറ്റു കുട്ടികൾക്കുമൊപ്പം  തൃപ്രയാറിൽ നിന്നും തൃശൂരിലെ മാലതിയമ്മയുടെ വീട്ടിലെത്തി.  പടിഞ്ഞാറേ കോട്ടക്കും നടുവിലാലിനും മദ്ധ്യത്തിലായാണ് മാലതിയമ്മയുടെയും മേനോന്റെയും വീട്. മാലതിയമ്മ തൃപ്രയാർ ഷാരത്തെ കുടുംബ സുഹൃത്താണ്. അവരുടെ മകൻ  രാമൻ, പേരക്കുട്ടികളായ  ദേവി, ഉണ്ണിക്കുട്ടൻ എന്നിവർ ഞങ്ങളുടെ സമപ്രായക്കാരും. മേനോന് അന്ന് തൃശൂർ-തൃപ്രയാർ റൂട്ടിൽ ഓടുന്ന ഒരു ബസ് ഉണ്ട്. രണ്ടു ദിവസം അവിടെ താമസിച്ച് ഞങ്ങൾ കുട്ടികൾ പൂരത്തിൻറെ പകൽക്കാഴ്ചകളൊക്കെ യഥേഷ്ടം നടന്നു കണ്ടു. അതിനു മുമ്പും പലവട്ടം തൃശൂർ പൂരം കണ്ടിട്ടുണ്ടെന്നാലും  ആദ്യമായിട്ടായിരുന്നു പൂരത്തിൻറെ പുറം കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്, അവയോരോന്നും അറിഞ്ഞനുഭവിക്കുന്നത്.

പൂരത്തിനപ്പുറം മദ്ധ്യവേനലവധിക്ക് ഇക്കുറി ചെറുകരക്ക് എത്തി. ആ വെക്കേഷനിലാണ് അമ്മയുടെ മൂത്ത ജേഷ്ഠനായ കുഞ്ഞുകുട്ടമ്മാവനെ ആദ്യമായി നേരിൽ കാണുന്നത്.

കുഞ്ഞുകുട്ടമ്മാവൻ മുത്തശ്ശിയുടെ ആദ്യ വിവാഹത്തിലെ  മൂത്തമകനാണ്. ചെറുപ്രായത്തിൽ തന്നെ മദ്രാസിലേക്ക് നാട് വിട്ട് പോവേണ്ടി വന്നൊരു ഹതഭാഗ്യൻ. അമ്മയുടെ അച്ഛന്റെ(എൻറെ മുത്തശ്ശൻറെ)  ശകാരങ്ങളിൽ സഹികെട്ട് മുത്തശ്ശിയാണത്രെ ആദ്യ യാത്രക്ക് പൈസ സ്വരൂപിച്ചു നൽകി മകനെ യാത്രയാക്കിയത്. 

വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഏതൊരു ബാലനും  മദ്രാസിലെത്തിയാൽ ചെയ്യുന്ന ജോലി തന്നെ അദ്ദേഹത്തിനും കിട്ടി. ഹോട്ടൽ പണി.  പാചക കലയിലുണ്ടായിരുന്ന അല്പസ്വല്പ  വൈദഗ്ദ്ധ്യം അദ്ദേഹത്തെ തുണച്ചു. പിന്നീട് പല ഹോട്ടലുകളിലും മധുര പലഹാരങ്ങളുടെ സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യാൻ അദ്ദേഹത്തിനായി. ബാല്യത്തിലെ തിക്താനുഭവങ്ങൾ വളർന്ന നാടിനെയും മലയാളത്തെയും മറന്ന് അദ്ദേഹത്തെ ഒരു തനി തമിഴനാക്കുകയായിരുന്നു. ഭരതൻ എന്ന തൻറെ പേര് പോലും  വരദൻ എന്നാക്കുന്നതിൽ വരെ അതെത്തി. നാട് വിട്ടതിൽ പിന്നെയുള്ള രണ്ടാമത്തെ വരവായിരുന്നു അത്.  ആദ്യമായി എത്തിയത് എൻറെ അമ്മയുടെ കല്യാണത്തിനായിരുന്നുവത്രെ.

ലോറിപ്പണിയുമായി ഇന്ത്യയിലങ്ങോളമിങ്ങോളം ഊരു ചുറ്റുന്ന, വല്ലപ്പോഴും തന്നെക്കാണാനെത്തുന്ന   തന്റെ ചെറിയ മകൻ നാരായണനോട് മുത്തശ്ശി   ഏട്ടനെ കൂട്ടിക്കൊണ്ടു വരുവാൻ  പറഞ്ഞു വിടും. യാത്രാ മദ്ധ്യേ ചിലപ്പോഴെങ്കിലും  മദ്രാസിലെത്തുന്ന അനിയനോട് ഏട്ടൻ അടുത്ത മാസം തീർച്ചയായും പോവാം എന്ന് വാക്ക് നൽകി പറഞ്ഞയക്കും. നാട്ടിലെത്തുന്ന നാരായണൻ, ഏട്ടൻ നൽകിയ വാക്ക് അമ്മയ്ക്ക് കൈമാറും. പക്ഷെ വര്ഷങ്ങളോളും ആ വാക്ക് പാലിക്കപ്പെടാതെ കാലം കടന്നു പോയി. കാലം പോകവേ അമ്മയുടെ കണ്ണീര് കണ്ട് സഹികെട്ട അനിയൻ അക്കുറി ഏട്ടനെ കയ്യോടെ പിടിച്ചു കൊണ്ടു വന്നതാണ്.

വർഷങ്ങളായുള്ള  മദ്രാസിലെ വാസത്തിൽ കുഞ്ഞുകുട്ടനും ഒരു കുടുംബവുമൊക്കെ ആയി. വേണ്ടപ്പെട്ടവരായി ആരും തന്നെയില്ലെന്ന മാനസിക നിലയിലെത്തിയ അദ്ദേഹം  അമ്മയെപ്പോലും  അറിയിക്കാതെ ഒരു ജീവിതസഖിയെ കൂടെക്കൂട്ടി. ആദ്യഭർത്താവ് മരിച്ച ഒരു തെലുങ്കത്തിയെയായിരുന്നു അദ്ദേഹം വധുവായി കൂട്ടിയത്. അവരുടെ ആദ്യ ബന്ധത്തിലെ രണ്ടു മക്കളെയും അദ്ദേഹം സ്വന്തം മക്കളെപ്പോലെ നോക്കി വളർത്തി തൻറെ ബാല്യത്തിലെ കയ്‌പേറിയ അനുഭവങ്ങളെ എങ്ങിനെ മറികടക്കാം എന്ന്, ആരോടും പരിഭവങ്ങളില്ലാതെ  സ്വജീവിതത്തിലൂടെ കാണിച്ചു തന്നു.

അമ്മ തീർച്ചയായും തൻറെ പത്നിയെക്കുറിച്ചും മകളെക്കുറിച്ചും ചോദിക്കുമെന്നറിയാമായിരുന്ന അദ്ദേഹം അമ്മക്ക് കാണിച്ചു കൊടുക്കാനായി തൻറെ ഭാര്യയുടെയും, തന്റേതടക്കമുള്ള മൂന്നു   മക്കളുടെയും ഒരു ഫോട്ടോയും  കരുതിയിരുന്നു. അതിനപ്പുറം അന്നോ, പിന്നീടോ അവരെയൊന്നും അമ്മയെ കാണിക്കാൻ അദ്ദേഹം കൊണ്ടുവന്നില്ല. താൻ തിരഞ്ഞെടുത്ത വഴിയിലേക്ക് അമ്മയെ കൊണ്ടു പോവാനും അദ്ദേഹത്തിന് ഒട്ടും താല്പര്യമില്ലായിരുന്നു.

ഒരാഴ്ചത്തെ കേരളസന്ദർശനത്തിൽ മാതൃദർശനവും വട്ടേനാട്ട്  തറവാട് ദർശനവും  പൂർത്തിയാക്കി അദ്ദേഹം തിരിച്ചു മദിരാശിക്ക് വണ്ടി കയറി.

വിജയനും അനുജന്മാരും, രഘുവും മിനിയും ഒത്തുള്ള ഒരു  വേനലവധിക്കപ്പുറം പത്താം ക്‌ളാസിലേക്ക് പാസായ ഞാൻ വീണ്ടും തൃപ്രയാറിലേക്ക് തിരിച്ചു...

 

തുടരും...


 

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...