Sunday, February 13, 2022

ഓർമ്മച്ചിത്രങ്ങൾ ( 50)


തൃപ്രയാർ ഷാരത്ത് അന്ന് സൈക്കിളുണ്ട്. പക്ഷെ അത് ചവിട്ടാനറിയാവുന്ന ഒരാൾ ഗോപിനാഥ ചേട്ടൻ മാത്രം. അതൊന്ന് ചവിട്ടി നടക്കണമെന്ന അടങ്ങാത്ത ആഗ്രഹമുണ്ടെങ്കിലും ആ പുത്തൻ ഹീറോ സൈക്കിൾ ചവിട്ടാനുള്ള പൊക്കവും അറിവുമില്ല.

അങ്ങിനെ  ആ വെക്കേഷനിലാണ് ആദ്യമായി സൈക്കിൾ ചവിട്ടാൻ പഠിക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. അര വണ്ടി വാടകക്കെടുത്ത് വെണ്ണക്കൽ കടവ് റോഡിലൂടെ ആയിരുന്നു അഭ്യസനം. നന്ദേട്ടനോടൊപ്പം ഒന്നു രണ്ടു ദിവസം കൊണ്ട് പിടിക്കാതെ അല്പസ്വല്പം ബാലൻസിൽ ഓടിക്കാമെന്നായി. ഒരു വിധം ഓടിക്കാമെന്നായപ്പോൾ ഒരു ദിവസം കുരുടിയാറെ വളവിൽ വെച്ച് സൈക്കിൾ ഒരു പോസ്റ്റിൽ ചെന്നിടിച്ച് താഴെ കിടന്നിരുന്ന മറ്റൊരു പോസ്റ്റിനു മുകളിലേക്ക് വീണ് കാലെല്ലാം ആകെ ചിരകിപ്പൊളിഞ്ഞു. വാടക സൈക്കിളിനും കാര്യമായ പരിക്കുകൾ സംഭവിച്ചു. അതോടെ തൽക്കാലം സൈക്കിൾ പഠനം നിർത്തി. വീട്ടിലെ ഹീറോ സൈക്കിൾ ഓടിക്കാൻ പിന്നെയും കുറച്ചേറെത്തന്നെ കാത്തിരിക്കേണ്ടി വന്നു.

നന്ദേട്ടൻ പത്താം തരം പാസ്സായി തൃശൂരിൽ ചിന്മയ മിഷൻ കോളേജിൽ ചേർന്നു.  എസ് എൻ ഡി പി സ്‌കൂളിൽ നിന്നും നാലാം ക്‌ളാസ് പാസായ രാമചന്ദ്രനെയും വലപ്പാട് ഹൈസ്‌കൂളിൽ ചേർത്തു. അങ്ങിനെ ആ അഞ്ചാം ക്‌ളാസുകാരനെ നോക്കേണ്ട ചുമതലയുമായി ഞാൻ പത്താം തരത്തിലേക്ക് പുറപ്പെട്ടു..  

പത്താം ക്‌ളാസിൽ രവീന്ദ്രൻ മാഷായിരുന്നു ക്‌ളാസ് മാഷ്സെയിന്റ് സെബാസ്റ്റിയൻ പള്ളിയിൽ നിന്നുമെത്തുന്ന വഴിയിലെ വലതു വശത്തായുള്ള ഹാളിലെ ആദ്യ ക്‌ളാസ്‌റൂമായിരുന്നു 10H. അദ്ദേഹത്തിൻറെ ഐച്ഛിക വിഷയം ഇംഗ്ലീഷ് ആയിരുന്നത് കൊണ്ട് തന്നെ ആദ്യ പീരിയഡ് ഇംഗ്ലീഷ് ആയിരുന്നു.

അടിയന്തരാവസ്ഥയും ഇന്ദിരാഗാന്ധിയും മാറി മൊറാർജിയുടെ ജനതാ ഭരണം വന്ന നാളുകൾ. കേരളത്തിൽ രാജൻ കേസ് പത്രത്താളുകളിൽ നിറഞ്ഞു  നിൽക്കുന്ന കാലം. കെ ആന്റണി മുഖ്യമന്ത്രി. സ്‌കൂളുകളിൽ രണ്ടു വർഷത്തിന് ശേഷം വീണ്ടും സമരങ്ങൾ അരങ്ങേറിത്തുടങ്ങി. സ്‌കൂൾ  ഇലക്ഷനിൽ സഹപാഠിയായ മുബാറക് ലീഡറായി.

മലയാളത്തിന്  ആ  വർഷവും ലളിത ടീച്ചർ തന്നെയായിരുന്നു. കേസരിയുടെ ഭാഗ്യവന്തം പ്രസൂയേഥാ: മാ ശൂരം മാ ചപണ്ഡിതം എന്നു തുടങ്ങുന്ന പാഠ ഭാഗം പഠിപ്പിച്ചു കൊണ്ട്   ടീച്ചർ തുടങ്ങി. എനിക്കേറെ ഇഷ്ടപ്പെട്ട ഒരു പാഠ ഭാഗമായിരുന്നു അത്.  നായാട്ടുകളെക്കുറിച്ചുള്ള സരസമായൊരു പാഠം. പണ്ടൊക്കെ കഷണ്ടിയും കഞ്ഞിപിഴിഞ്ഞ മുണ്ടും, വെടിക്കല, കുമ്പ, പുറത്തുരോമം - ഇതൊക്കെയാണ് പുരുഷ ലക്ഷണം എന്ന് പറഞ്ഞുകൊണ്ട് ഒരു നരിയെ പിടിക്കാൻ പോയതും ഒടുവിൽ ഇരുട്ടിൽ  നരി അദ്ദേഹത്തെ  പിടിച്ചു  കൊണ്ട് പോയി ഒരു ഗുഹയിൽ എത്തുന്നതും അവിടെ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നതുമായ കഥ.

ഈ പാഠഭാഗങ്ങൾ എല്ലാം തന്നെ വീട്ടിലിരുന്ന്  ഉച്ചത്തിൽ വായിക്കുവാൻ എനിക്കേറെ ഇഷ്ടമായിരുന്നു.

ഞാനൊരു ബാലനശക്തനെന്നാകിലും

മാനിയാമെന്നുടെ താതനെയോർക്കനീ

പിന്നെപ്പിതാവു തന്നഗ്രജൻ മാരുതി

സന്നദ്ധനായ ഘടോല്കചൻ ഭ്രാതാവും എന്ന ഭാരതം കിളിപ്പാട്ടിലെ പദ്യ ഭാഗങ്ങളും ടീച്ചർ മനസ്സിലാക്കി പഠിപ്പിച്ചു തന്നു.

തൃപ്രയാർ ഷാരത്ത് തറവാടിനോട് ചേർന്ന് ഒരു പത്തായപ്പുര കൂടി ഉണ്ട്. രണ്ടു നിലകളുള്ള പത്തായപ്പുര ഓല മേഞ്ഞതായിരുന്നു. അക്കാലത്താണ് അതിൻറെ മേൽപ്പുര പൊളിച്ച് വാർത്ത് ടെറസ്സ് ആക്കിയാലോ എന്നൊരു ആലോചന വരുന്നത്. രാഘവമ്മാവന്റെ സുഹൃത്തും കുണ്ടോളിക്കടവ് പാടത്തെ കൃഷിപ്പണികൾക്ക്  മേൽ നോട്ടം വഹിക്കുകയും ചെയ്തിരുന്ന ശങ്കര വാരിയരുടെ മേൽനോട്ടത്തിൽ അത് പുതുക്കിപ്പണിയാൻ തീരുമാനിച്ചു

വാരിയർ അദ്ദേഹത്തിന്റെ കീഴിൽ  പണികളുടെ മേൽനോട്ടത്തിനും മറ്റുമായി  കുമാരൻ എന്നൊരു പണിക്കാരനെ മൂർക്കനാട്ടു നിന്നും കൊണ്ടു വന്നു ഷാരത്ത് പാർപ്പിച്ചു. അദ്ദേഹത്തിന് സഹായത്തിനായി സമയമുള്ളപ്പോഴൊക്കെ ഞങ്ങൾ കുട്ടികളെയും കൂട്ടി. ഇഷ്ടിക, മെറ്റൽ എന്നിവ പുറത്തു ലോറിയിൽ നിന്നും ഇറക്കി കൈവണ്ടിയിൽ വീട്ടിലെത്തിക്കുക, മെറ്റൽ കഴുകി വൃത്തിയാക്കുക എന്നിവയൊക്കെ ഞങ്ങൾ കുട്ടികളും ഉത്സാഹത്തോടെ  ചെയ്തു. ഒരിക്കൽ യൂണിയൻകാരോട് വെല്ലു വിളിച്ച്  ലോറിയിലെത്തിയ ഇഷ്ടിക മുഴുവൻ വാരിയർ ഞങ്ങൾ കുട്ടികളെ കൂട്ടി താഴെയിറക്കിയത് സ്‌കൂളിലേക്ക് പോവാൻ നേരത്തായിരുന്നു. അതു കാരണം സ്‌കൂളിലേക്ക് സ്വല്പം വൈകിയാനെത്തിയത്.

ആ വർഷമായിരുന്നു വാര്യർ  കുണ്ടോളിക്കടവിലെ പാടത്ത് പണിക്കാലത്തും എന്നെ കൂടെക്കൂട്ടി തുടങ്ങിയത്. ഞാറ് പാകൽ മുതൽ ഓരോ ഘട്ടങ്ങളിലും അദ്ദേഹം എന്നെയും  കൂടെക്കൂട്ടി. പുള്ളിലെ വാരിയമായിരുന്നു  ഞങ്ങളുടെ അവിടത്തെ ഇടത്താവളം. കൃഷിയുടെ ബാല പാഠങ്ങൾ  ആ കളരിയിൽ നിന്നും പതുക്കെ പതുക്കെ പഠിച്ചു തുടങ്ങി...

 

തുടരും...

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...