Sunday, February 13, 2022

ഓർമ്മച്ചിത്രങ്ങൾ ( 48)





ഒമ്പതാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു എക്സ്കർഷന് പോവുന്നത്.

ചെറുകര സ്‌കൂളിൽ പഠിക്കുമ്പോൾ അങ്ങിനെയൊരു യാത്രക്ക് പോവാൻ പണം കിട്ടിയിരുന്നില്ല. പോയതാവട്ടെ, പണച്ചിലവില്ലാത്ത, നടന്നു പോവാൻ മാത്രം ദൂരമുള്ള  ചീരട്ടാമലയിലെ ഒരു റബ്ബർ തോട്ടം കാണാൻ മാത്രം.

വലപ്പാട് സ്‌കൂളിൽ നിന്നും അക്കൊല്ലം ഇടുക്കിയിലേക്കായിരുന്നു യാത്ര. പത്തിൽ പഠിക്കുന്ന നന്ദേട്ടൻ പോവാനായി വീട്ടിൽ നിന്നും അനുമതി തേടിയപ്പോൾ കൂട്ടത്തിൽ എനിക്കും നറുക്കു വീണു.

രാവിലെ കുളിച്ചൊരുങ്ങി പുലരും മുമ്പേ നന്ദേട്ടനും പ്രസാദിനുമൊപ്പം  സ്‌കൂളിലെത്തി. രണ്ടു ലക്ഷ്വറി ബസുകളിലായാണ് യാത്ര. ആദ്യമായാണ് അത്തരമൊരു ലക്ഷ്വറി ബസിൽ യാത്ര ചെയ്യുന്നത്.  ഏകദേശം രണ്ടു മണിക്കൂർ യാത്രക്ക് ശേഷം   പ്രഭാത ഭക്ഷണത്തിനായി കോതമംഗലത്തെ ഒരു വീട്ടിനടുത്ത്  ബസ്  നിറുത്തി.   ഞങ്ങളുടെ ഹെഡ് മാസ്റ്ററായ എമ്പ്രാന്തിരി സാറിൻറെ  വീടായിരുന്നു അത്. സ്‌കൂളിലെ കർക്കശക്കാരനായിരുന്ന മാഷെയല്ല ഞങ്ങളവിടെ കണ്ടത്. ചിരിക്കുന്ന മുഖവുമായി സാർ ഞങ്ങളെയെല്ലാവരെയും  വീട്ടിലേക്ക് ക്ഷണിച്ചു സ്നേഹപൂർവ്വം ഭക്ഷണം നൽകി.

അവിടെ നിന്നും പുറപ്പെട്ട് ,   ജനുവരി മാസത്തിലെ  ശൈത്യ  കാലാവസ്ഥയിൽ എല്ലാവരും തണുത്തു വിറച്ചിരുന്നു, വഴിയിലെ കാനനക്കാഴ്ചകളും കുത്തനെയുള്ള കയറ്റങ്ങളും ആസ്വദിച്ചു കണ്ട് ഏറ്റവുമാദ്യം പോയത് മൂലമറ്റത്തുള്ള പവർ ഹൌസിലേക്കാണ്. ഒരു പാറയിടുക്കിലേക്ക് എത്തപ്പെട്ട ഞങ്ങളോട് ഇതാണ് പവർ ഹൌസ് എന്ന് പറഞ്ഞപ്പോൾ ആദ്യമൊന്ന് അമ്പരന്നു. ഗ്രൂപ്പുകളായി കുട്ടികളെ ഉള്ളിലേക്ക് കൊണ്ട് പോയി വലിയ ജനറേറ്ററുകളും മറ്റും കാണിച്ചു തന്ന് എങ്ങിനെയാണ് ഇലെക്ട്രിസിറ്റി ഉത്പാദിപ്പിക്കുന്നത് എന്ന് അവിടയുള്ള എൻജിനിയർമാർ വിവരിച്ചു തന്നു. മുകളിലെ അണക്കെട്ടിൽ നിന്നും വെള്ളം ടണലിലൂടെ എത്തിച്ചു ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതെന്ന് കണ്ടറിഞ്ഞു.

പിന്നീട് കുളമാവ് ഡാം കണ്ട് ഭക്ഷണം കഴിച്ച് ഇടുക്കി ഡാമിലേക്ക് എത്തി. ഇടുക്കി ഡാം ഉദ്‌ഘാടനം ചെയ്ത് ഒരു വർഷം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു അന്ന്. കുറവൻ-കുറത്തി മലകൾക്കിടയിൽ ഒരു ചാപം പോലെ നിൽക്കുന്ന ഡാം മതിവരുവോളം കണ്ട് വീണ്ടും ബസിൽ കയറി. ഫോട്ടോഗ്രാഫി എന്നത് സാധാരണക്കാർക്ക് ഒരു വിദൂര സാദ്ധ്യതയായ ആ കാലഘട്ടത്തിൽ നടത്തിയ  ആ യാത്രകളുടെ ഓർമ്മചിത്രങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

അവിടെ നിന്നും  നേരെ ചെറുതോണിയിലേക്ക് യാത്രയായി. അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. രാത്രി ഭക്ഷണത്തിനായി ഞങ്ങൾ പെരുമ്പാവൂരിൽ നിറുത്തി അവിടെയുള്ള ഒരു സിനിമാ ടാക്കീസിൽ നിന്നും ഒരു സെക്കൻഡ് ഷോ സിനിമയും കാണിച്ചു തന്ന് തിരിച്ച് വലപ്പാട് സ്‌കൂളിലെത്തിയപ്പോഴേക്കും പുലർച്ചെ  മൂന്നു മണിയായി.

ഒമ്പതാം ക്‌ളാസിലെ കൊല്ലപ്പരീക്ഷക്കപ്പുറം പൂരമാണ്. ആറാട്ടുപുഴ പൂരം. ആദ്യമായാണ് ആറാട്ടുപുഴ പൂരം കാണാനാവുന്നത്. തേവരുടെ മകയിരം പുറപ്പാടും ഓരോ ദിവസവും നാട്ടുവഴികളിലൂടെയുള്ള ഗ്രാമ പ്രദക്ഷിണവും നന്ദേട്ടനോടൊപ്പം പോയി കണ്ടറിയുകയാണ്. വീടുകളിൽ നിന്നും വീടുകളിലേക്കുള്ള പറയെടുപ്പു യാത്രകളിൽ ലഭിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഒക്കെ ആവോളം രുചിച്ച്, ഇടയ്ക്ക് തൊട്ടപ്പുറത്തെ ഷാരക്കാരെ വിളക്കു പിടിക്കുന്നതിലും മറ്റും സഹായിച്ച് പൂരത്തിൻറെ പൊരുളറിഞ്ഞു.

അഞ്ചാം ദിവസം പുഴ കടന്ന് തേവരോടൊപ്പം ഉറക്കമൊഴിച്ച്  ചേലൂർ മന, ജ്ഞാനപ്പിള്ളി മന തുടങ്ങി പിറ്റേന്ന് ഉച്ചവരെ നീളുന്ന, നാട്ടിടവഴികളിലൂടെയും, വയലേലകളിലൂടെയുമുള്ള  പറയെടുപ്പ് കഴിഞ്ഞെത്തുമ്പോഴേക്കും ഉറക്കക്ഷീണത്തിൻറെ ആലസ്യത്തിൽ പടിഞ്ഞാറേ മനയിലേക്കുള്ള യാത്ര വേണ്ടെന്നു വെക്കും.

ഏഴാം ദിവസമാണ് ആറാട്ടുപുഴ പൂരം. പൂരത്തിന്റെ നാഥനായ തേവരെയും കൂടെ  ആറാട്ടുപുഴയിലേക്കെത്തുന്നവരെയും വഴി നീളെയുള്ള നാട്ടുകാർ സ്വീകരിച്ചു സൽക്കരിക്കും.  ആദ്യമായാണ് ഇത്രയും ദൂരം നടന്ന് പോവുന്നത്.

ചിറക്കൽ കഴിഞ്ഞപ്പോൾ നന്ദേട്ടൻ എന്നെയും കൂട്ടി   തേവർക്ക് മുമ്പിലായി യാത്ര തുടങ്ങി. കാരണം, ആറാട്ടുപുഴ പാടത്തെ മറ്റുള്ള ദേവന്മാരുടെ പൂരം കൂടി കാണണം. പാടത്ത് ജനസമുദ്രമാണ്. അവിടെ നമ്മളറിയാത്തവരൊക്കെ നമ്മുടെ പിതൃ പരമ്പരകളാണെന്നാണ് വിശ്വാസം. നമ്മളെ കാണാനായി അവർ ആറാട്ടുപുഴ പാടത്തെത്തുമത്രെ.  അങ്ങിനെയെങ്കിൽ ഒരു വർഷം മുമ്പ് പോയ അച്ഛനും കാണുമായിരിക്കും. കുറെ തിരഞ്ഞു. എങ്ങും കണ്ടില്ല…

മൂന്നു മണിയോടെ തേവർ രാജകീയ പ്രൗഢിയോടെ എത്തുകയായി. അഞ്ചുമണിയോടെ പാടത്തിന്റെ ഒത്ത നടുക്കുള്ള റോട്ടിലെ പന്തലിൽ തേവർ എത്തുന്നതോടെ ഇരു വശവുമുള്ള പാടത്ത് ചേർപ്പ് ഭഗവതി, ഊരകത്തമ്മ തുടങ്ങി വിവിധ ദേവീ ദേവന്മാർ അണിനിരക്കുകയായി. ദേവ സംഗമം എന്ന് പറയപ്പെടുന്ന കൂട്ടിയെഴുന്നള്ളിപ്പ് ആണ് ആറാട്ടു പുഴ പൂരത്തിന്റെ ഏറ്റവും വലിയ അനുഷ്ഠാനങ്ങളിൽ ഒന്നും കാഴ്ചയുടെ വിരുന്നും.

ആ ആദ്യ കാഴ്ചകളൊക്കെ തന്നെ ആസ്വദിച്ചു കണ്ടു, തേവരോടൊപ്പം ആറാട്ടുപുഴയിൽ ആറാടി തിരിച്ചും നടന്നു തന്നെ പോന്നു. തിരിച്ചു വരവ് ഒന്ന് കൂടി ഉഷാറാണ്. കരിക്ക്, പഴം, പാൽ തുടങ്ങി വഴിയിലുടനീളം ഓരോ പന്തലിലും  വിവിധ ഭക്ഷ്യപേയങ്ങൾ തന്ന് ജനം നമ്മെ വീർപ്പ് മുട്ടിക്കും. വിളക്ക് പിടിച്ചു നടക്കുമ്പോൾ ഗോപാലൻ കുട്ടിയുടെ തുമ്പിക്കൈ നീളത്തിനപ്പുറം നടക്കണം. ഇല്ലെങ്കിൽ അവൻ വിളക്ക് അടക്കം നമ്മളെ കൂടി ചുരുട്ടിയെടുക്കും.

മാർച്ച്-ഏപ്രിൽ  മാസത്തിലെ കത്തുന്ന വെയിലിൽ ഉച്ചയടുക്കുന്തോറും യാത്ര കഠിനമാവും. ചിറക്കൽ അമ്പലത്തിലെത്തുമ്പോഴേക്കും വഴിയിൽ കഴിച്ചതൊന്നും പോരെന്ന മട്ടിൽ വിശപ്പ് അസഹ്യമാവും. ആ വിശപ്പിൽ  ചിറക്കൽ അമ്പലത്തിലെ കഞ്ഞിയും, നാളികേരപ്പൂളും  നൽകുന്ന  സ്വാദ് രുചി മുകുളങ്ങൾക്കപ്പുറം മനസ്സിലിടം പിടിക്കും.

തിരിച്ച്, കത്തുന്ന വെയിലിൽ ടാറിട്ട റോട്ടിലൂടെ നടക്കണോ, താഴെയുള്ള വറവ് ചട്ടിയിൽ നിന്നുമുതിർന്ന പോലുള്ള  മണലിലൂടെ നടക്കണോ എന്നറിയാത്ത അവസ്ഥയിലുള്ള ഓട്ടത്തിനൊടുവിൽ തൃപ്രയാറിലേക്കെത്തി അകായിലെ തണുപ്പിൽ അഭയം പ്രാപിച്ചതോടെ  ഒരിക്കലും മായാത്ത ഒരു പിടി പൂരക്കാഴ്ചകൾ പിന്നീടുള്ള  ഉറക്കത്തിലേക്കും ജീവിതത്തിലെക്കും സമ്മാനിച്ച് കൊണ്ട് ആദ്യ ആറാട്ടുപുഴ പൂരക്കാഴ്ചകൾക്ക് സമാപ്തിയായി...

 

തുടരും...

No comments:

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാര...