Sunday, February 13, 2022

ഓർമ്മച്ചിത്രങ്ങൾ ( 47)



ഒമ്പതാം ക്ലാസ്സിലെ അരക്കൊല്ല പരീക്ഷ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.

ഞങ്ങളുടെ ക്‌ളാസ് സ്ഥിതി ചെയ്യുന്ന ഹാളിന്റെ കിഴക്ക് വശത്ത് ചുമരുകൾക്ക് പകരം വശങ്ങളിൽ തട്ടികയിട്ട ഹാളിലെ നടുവിലത്തെ ക്‌ളാസ് റൂമാണ്  അന്നത്തെ  പരീക്ഷാ ഹാൾ.

സോഷ്യല്‍ സ്റ്റഡിസ് പരീക്ഷ ദിവസം. നേരത്തെ സ്‌കൂളിലെത്തി വീണ്ടുമൊരാവൃത്തി വായിക്കുകയാണ്, ഒന്ന് കൂടി ഹൃദിസ്ഥമാക്കുകയാണ്. കൂടെ സഹപാഠികളുമുണ്ട്. സാധാരണ ക്‌ളാസുകളിലെപ്പോലെയുള്ള  കളിയാക്കലുകളില്ല. പകരം  സ്നേഹം തുളുമ്പുന്ന, പാഠശകലങ്ങളുടെ  സംശയങ്ങളുമായി അവരിൽ ചിലർ എത്തുന്നു. അതിനൊക്കെ  ആവും വിധം പറഞ്ഞു മനസ്സിലാക്കിക്കൊടുത്ത് മുന്നോട്ട് പോവുന്നതിനിടയിൽ   അവിചാരിതമായി എന്റെ നോട്ട് പുസ്തകത്തിലിരുന്ന ഒരു എസ്സേയുടെ പകര്‍പ്പ് ഒരു സഹപാഠി കാണുന്നു.

ആ എസ്സേ പട്ടാളം സാർ  പറഞ്ഞു നോട്ടെഴുതിച്ച ദിവസം സോഷ്യൽ സ്റ്റഡീസ് നോട്ട് കൊണ്ട് പോവാൻ മറന്നിരുന്നു. വേറൊരു പുസ്തകത്തിൽ നിന്നും ഒരു പേജ് പറിച്ചെഴുതിയെടുത്തത് നോട്ട് പുസ്തകത്തിലേക്ക് പകർത്തിയെഴുതിയിട്ടും ആ അസ്സൽ നോട്ട് പിന്നീടും പുസ്തകത്തിൽ തന്നെയിരുന്നതായിരുന്നു അത്.

അത് കണ്ടതും,  എടാ, ഇതെനിക്ക് പഠിക്കാൻ തരാമോ എന്ന ചോദ്യത്തോടെ അവൻ അത് കൈക്കലാക്കി. എന്നെ സംബന്ധിച്ചിടത്തോളം  പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്ത ആ ഒരു പേജ് അവനെങ്കിലും ഉപകരിക്കട്ടെ എന്ന ചിന്തയിൽ അതിനെപ്പറ്റി മറന്നു വീണ്ടും റിവിഷനിലേക്ക് കടന്നു.

അന്ന് ഇൻവിജിലേറ്റർ ആയി എത്തിയത് എൻ.സി.സി മാഷായിരുന്ന ദാവൂദ് അലി സാറായിരുന്നു. ചുരുട്ടി വെച്ച മീശയും, അതിനേക്കാളേറെ മുഖത്തു ഗൗരവവും ആയെത്തുന്ന സാറിനെ പൊതുവെ ഞങ്ങൾക്കൊക്കെ പേടിയാണ്.

ചോദ്യ പേപ്പർ കിട്ടി. ചോദ്യങ്ങളെല്ലാം വായിച്ചു നോക്കി. മനസ്സിന് പ്രത്യേക ഉന്മേഷം. കുറച്ച് മുമ്പ് റിവിഷൻ ചെയ്ത പാഠ ഭാഗങ്ങൾ പലതും ചോദ്യങ്ങളായി നോക്കിച്ചിരിക്കുന്നു. സന്തോഷത്തോടെ ഉത്തരങ്ങൾ എഴുതാൻ തുടങ്ങി..

ഏകദേശം അര മണിക്കൂർ പിന്നിട്ടിരിക്കണം. ദാവൂദ് അലി സാർ ഞങ്ങൾക്കിടയിലൂടെ നടന്ന് ഓരോരുത്തരെയും ശ്രദ്ധിച്ച് നടന്നു ഞാനിരുന്ന ഡെസ്കും കടന്ന് മുന്നോട്ട്  നീങ്ങുന്നു. അതിനിടയിൽ   പെട്ടെന്ന് എന്തോ ഒന്ന് കാൽച്ചുവട്ടിലേക്ക് വീഴുന്ന ചെറിയൊരു ശബ്ദം കേട്ട് അറിയാതെ  താഴോട്ട് നോക്കി. ആ ശബ്ദവും എന്റെ താഴോട്ടുള്ള നോട്ടവും ദാവൂദ് അലി സാറിന്റെ ശ്രദ്ധയിലും പെട്ടു. തിരിച്ചു വന്ന്  അദ്ദേഹം താഴെ വീണു കിടക്കുന്ന കടലാസ് കഷ്ണം എടുക്കാൻ എന്നോടാജ്ഞാപിച്ചു. അതെന്താണെന്ന ആകാംക്ഷയോടെ ചുരുട്ടിക്കൂട്ടിയ ആ കടലാസ് എടുത്ത് മാഷ്ക്ക് കൈമാറി വീണ്ടും പരീക്ഷയെഴുതാൻ തുടങ്ങി.

ചുരുട്ടിക്കൂട്ടിയ കടലാസ് തുറന്ന് നോക്കിയ അദ്ദേഹം എൻറെ ഉത്തരപ്പേപ്പറിലേക്ക് നോക്കിയപ്പോൾ ആ കടലാസിലുള്ള എസ്സെയാണ് എഴുതിക്കൊണ്ടിരുന്നത്. അതിലെ ആദ്യ രണ്ടു മൂന്നു വരി  വാചകങ്ങൾ അതെ പടി എൻറെ ഉത്തരപ്പേപ്പറിൽ. ഒന്ന് കൂടി ശ്രദ്ധിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി. ആ കയ്യക്ഷരം എന്റേത് തന്നെ.

സ്റ്റാൻഡ് അപ്... അദ്ദേഹത്തിന്റെ സ്വരം കടുത്തു.

അതോടെ ഒരു കാര്യം വ്യക്തമായി. ആ കടലാസ് ഇന്ന് രാവിലെ എന്റെ പുസ്തകത്തിലിരുന്നതാണെന്നും അത് സഹപാഠി തന്റെ ഉപയോഗ ശേഷം  താഴേക്ക് ഇട്ടതാണെന്നും.  ദൗർഭാഗ്യവശാൽ അത് വന്ന് വീണത് എൻറെ ഡെസ്കിനടിയിലായി.

ആദ്യമായാണ് ഇത്തരമൊരു അഗ്നിപരീക്ഷ നേരിടേണ്ടി വരുന്നത്. ആ കടലാസ് എന്റേതാണെന്നും ഇപ്പോൾ താഴെയിട്ടതല്ല, പരീക്ഷക്ക് മുമ്പ് ഇട്ടതാണെന്നും, കോപ്പിയടിച്ചിട്ടില്ലെന്നും  മറ്റും പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ആ കടലാസിലെ വാക്യങ്ങൾ വള്ളി പുള്ളി വിടാതെ എൻറെ ഉത്തരക്കടലാസിലും കാണുമ്പോൾ ഏതൊരു അദ്ധ്യാപകനും ചെയ്യുന്നത് പോലെ അദ്ദേഹം എന്നോടു പുറത്തേക്ക് പോവാൻ ആവശ്യപ്പെട്ടു.

ചെയ്യാത്ത ഒരു തെറ്റിന് ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്നിരിക്കയാണ്. കാണാപ്പാഠം പഠിച്ചതിന്റെ സാക്ഷ്യപത്രമാണ് എന്റെ ഉത്തരപ്പേപ്പർ. പക്ഷെ അദ്ദേഹത്തെ അതെങ്ങിനെ പറഞ്ഞു മനസ്സിലാക്കും. അഥവാ മനസ്സിലായാൽ തന്നെ അദ്ദേഹം അതെങ്ങിനെ അംഗീകരിക്കും. ഞാനല്ല ആ കടലാസ് താഴെയിട്ടതെന്ന് പറഞ്ഞാൽ പിന്നെ ആരാണ് എന്ന് പറയേണ്ടി വരും. അതുണ്ടാക്കാൻ പോവുന്ന സംഘർഷങ്ങളെ പറ്റി ചിന്തിച്ചപ്പോൾ മനസ്സ് വീണ്ടും പതറി. കാണാപ്പാഠം പഠിച്ചതിന്റെ  സാക്ഷ്യപത്രമായ  ഉത്തരപ്പേപ്പർ കളവിന്റെ തെളിവായി വ്യാഖ്യാനിക്കപ്പെട്ട്  അദ്ദേഹം ഏറ്റെടുത്ത്, തന്റെ കസേരയിൽ ചെന്നിരുന്നു. ഞാനാകട്ടെ എന്ത് ചെയ്യണമെന്നറിയാതെ തല കുമ്പിട്ട് നിന്നു പതുക്കെ പുറകിലേക്ക് നോക്കിയപ്പോൾ കണ്ടത് സഹപാഠിയുടെ ദൈന്യ മുഖഭാവം. അതോടെ ഒന്ന് തീർച്ചയാക്കി. ഇല്ല അവനെ ഒറ്റു കൊടുക്കാതെ ഇതിൽ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടണം.

ക്‌ളാസിന് പുറത്തേക്ക് പോവാൻ മാഷ് വീണ്ടും ആജ്ഞാപിച്ചു. പെട്ടെന്നായിരുന്നു ഇതിൽ നിന്നും രക്ഷപ്പെടുവാൻ ഒരു ബുദ്ധി തെളിഞ്ഞത്. ഇരുന്ന സ്ഥലത്ത് നിന്നും പുറത്തേക്ക് നടക്കുന്ന മട്ടിൽ അദ്ദേഹത്തിന്റെ അടുത്തെത്തി അദ്ദേഹത്തോട് ശബ്ദം താഴ്ത്തി പറഞ്ഞു.  ഈ  ചോദ്യത്തിന്റെ ഉത്തരം ഇവിടുന്നങ്ങോട്ടും  എഴുതി മുഴുമിപ്പിക്കാം, എന്നിട്ട് മാഷ് പറയൂ ഇത് ഞാന്‍ കോപ്പി അടിച്ചിട്ടുണ്ടോ എന്ന്..  

അദ്ദേഹം കയ്യിലിരുന്ന ഉത്തരപ്പേപ്പർ തുടക്കം മുതലേ ഒന്ന് കൂടി വിശദമായി നോക്കി. ആ ചോദ്യത്തിലെ യുക്തി, ഒരു പക്ഷെ മാഷെ അതിശയിപ്പിച്ചിരിക്കണം.. കൂടാതെ അത് വരെ എഴുതിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും എനിക്ക് സംശയത്തിന്റ ആനുകൂല്യം നല്കിയിരിക്കാം.   എന്നെ ആകെ അടിമുടി ഒന്ന് നോക്കി  ശരിയെന്നു പറഞ്ഞു ഉത്തരക്കടലാസ് തിരികെ തന്നു.

ഒരു പാരഗ്രഫ്  എഴുതി കഴിഞ്ഞപ്പോള്‍ മാസ്റ്റര്‍ അടുത്തെത്തി നോക്കി പറഞ്ഞു.. ശരി ശരി... പക്ഷേ ഇനി ഇതാവര്‍ത്തിക്കരുത്...

അതെ, ആവർത്തിക്കേണ്ടാത്തത്  എന്താണെന്നറിയാത്ത  ധർമ്മ സങ്കടത്തിലായിരുന്ന ഞാൻ മറുപടി പറയാതെ പരീക്ഷ മുഴുവനാക്കി പുറത്തു കടന്നപ്പോൾ  ആ സഹപാഠി എന്നെക്കാത്ത് നിൽക്കുകയായിരുന്നു. “ഇനിയൊരിക്കലും ഞാൻ കോപ്പിയടിക്കില്ല, നിന്നെ ഞാൻ ജീവിതത്തിലൊരിക്കലും മറക്കില്ല”. അവന്റെ  വാക്കുകൾ എനിക്ക് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല.

ജീവിതത്തിലെ ഇത്തരം സന്നിഗ്ദ്ധ ഘട്ടങ്ങളെ എങ്ങിനെ അഭിമുഖീകരിക്കണം, തരണം ചെയ്യണം എന്നതിൻറെ ആദ്യ പരീക്ഷയായിരുന്നു ആ സംഭവം.

വാൽക്കഷ്ണം- 34 വർഷത്തെ ഇടവേളക്ക് ശേഷം നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വെച്ച് പത്താം ക്‌ളാസ് പരീക്ഷക്കിപ്പുറം ആദ്യമായി അവനെ വീണ്ടും കണ്ടുമുട്ടുന്നു.  ഉച്ച ഭക്ഷണത്തിന് ശേഷം അവനെയും  വിളിച്ചു ഞങ്ങൾ പഴയ ക്ലാസ് മുറികള്‍ കാണാനായി പുറപ്പെട്ടു. 9-H കണ്ടു ഓർമ്മകൾ അയവിറക്കി മുന്നോട്ട് നടന്നു.  റോഡിനിപ്പുറത്തെ തട്ടികയിട്ട ക്ലാസ് മുറികളുടെ ഛായ തന്നെ  മാറിയിരിക്കുന്നു. അവിടത്തെ രണ്ടാമത്തെ ക്ലാസ് റൂമിലേക്ക് കടന്നു കൊണ്ട് ഇവിടെ അരങ്ങേറിയ ഒരു രംഗത്തെക്കുറിച്ചുള്ള  ഓര്‍മ്മകള്‍ നിനക്കുണ്ടോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും, നിന്നെക്കുറിച്ചു ഓര്‍ക്കാത്ത ദിവസങ്ങളില്ലെന്നും, എന്റെ കുട്ടികളോടും ഭാര്യയോടും നിന്നെപ്പറ്റി എത്ര വട്ടം പറഞ്ഞിരിക്കുന്നെന്നും നിന്നെയൊന്നു കാണാനാണ് ഇന്നീ ദിവസം ഇവിടെ വന്നതെന്നും അവന്‍ പറഞ്ഞപ്പോൾ അന്ന് അവനെ തെറ്റുകാരനാക്കാതിരുന്നതിന് ആരോട് നന്ദി പറയണം എന്നറിയാതെ മനസ്സും കണ്ണും നിറഞ്ഞു…

 

തുടരും...


No comments:

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാര...