ഏകാദശിയും ആരവവുമടങ്ങി. സ്‌കൂളിൽ ഗോപാലൻ മാഷുടെ ഇംഗ്ലീഷ് ക്‌ളാസുകളും, രാജൻ മാഷുടെ ഫിസിക്‌സും, ലളിത ടീച്ചറുടെ മലയാളവും ഇഷ്ടപ്പെട്ടു തുടങ്ങി.
ജനനീ ജന്മ ഭൂമിശ്ച സ്വർഗ്ഗാതപ ഗരീയസി.. മലയാളം ക്‌ളാസിൽ ലളിത ടീച്ചർ ദേശാഭിമാനത്തെ കുറിച്ചുള്ള പാഠം പഠിപ്പിച്ചു തുടങ്ങി. അമ്മയെയും ചെറുകരയെയും വിട്ടു നിന്ന്, പുതിയ സാഹചര്യങ്ങളുമായി പതുക്കെ പൊരുത്തപ്പെട്ടു തുടങ്ങിയ എന്നെ, ആ വാക്യത്തിന്റെ അർത്ഥം വീണ്ടും നോവിച്ചു.
സതീർത്ഥ്യസ്നേഹത്തെക്കുറിച്ചുള്ള മറ്റൊരു പദ്യശകലത്തിലെ വരികൾ, പക്ഷെ എനിക്ക് ധൈര്യം പകർന്നു. എന്തുകൊണ്ടോ ശൗരി കണ്ണൂനീരണിഞ്ഞു; ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ.. അതെ ആ പേരുള്ള താൻ കരയരുത്.
പിരിയാൻ ഒരു വർഷം കൂടി മാത്രം ബാക്കിയുള്ള രാമൻ കുട്ടി മാഷ് ആണ് ഞങ്ങളെ ഹിന്ദി പഠിപ്പിക്കുന്നത്. മാഷ് ക്‌ളാസിലെത്തിയാൽ പിന്നെ അതൊരു ക്‌ളാസ് അല്ലാതായി മാറും. പൊക്കം കുറഞ്ഞു, തടിച്ച ആ വയോധികൻ വന്ന പടി നേരെ കസേരയിൽ ചമ്രം പടിഞ്ഞിരിക്കും. തന്റെ ദുർബല ശബ്ദത്തിൽ ക്‌ളാസെടുക്കാൻ തുടങ്ങുമ്പോഴേക്കും ഓരോ വിരുതന്മാർ എന്തെങ്കിലും കുസൃതിച്ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിക്കും. അത് പിന്നീട് ഒരു ചന്തക്കോലാഹലത്തോളമെത്തും. നിങ്ങളൊന്നും നേരെയാവില്ലെന്ന് പറഞ്ഞു, പതുക്കെ ക്‌ളാസ് മതിയാക്കി അദ്ദേഹം പതുക്കെ ഉറക്കത്തിലേക്ക് കടക്കും..
കുട്ടികളൊന്നടങ്കം ഇഷ്ടപ്പെട്ടിരുന്നത് പട്ടാളം സാറെന്ന് വിളിച്ചിരുന്ന ശിവശങ്കരൻ മാഷുടെ സാമൂഹ്യപാഠം ക്‌ളാസുകളായിരുന്നു. ചരിത്രമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിഷയം. ചരിത്രം പഠിപ്പിച്ചിരുന്നത് പലപ്പോഴും കഥകളിലൂടെയായിരുന്നു. ഒരു മുൻ പട്ടാളക്കാരനായിരുന്ന അദ്ദേഹത്തിന്റെ ക്‌ളാസിന് വേണ്ടി ഞങ്ങൾ കാത്തിരുന്നു. ടൈം ടേബിൾ പ്രകാരമുള്ള പീരിയഡുകൾക്കപ്പുറം ഫ്രീ പീരിയഡുകളിലും എത്തുന്ന അദ്ദേഹത്തിനോട് ഞങ്ങൾ കഥ പറയാൻ ആവശ്യപ്പെടും, അദ്ദേഹമത് സന്തോഷപൂർവ്വം ഏറ്റെടുത്ത് തൻറെ കഥന പാടവം മുഴുവൻ സന്നിവേശിപ്പിച്ച് പഴയ രജപുത്ര വീര ധീര കഥകൾ ഞങ്ങൾക്കായി ഉരുക്കഴിക്കും..
റാണാ പ്രതാപ് സിംഗിന്റെ വീര ശൂര പരാക്രമങ്ങളും, ചേതക് കുതിരയെപ്പറ്റിയുള്ള കഥകളും, പൃഥ്വിരാജ് ചൗഹാൻറെ കഥകളും അങ്ങിനെ കേട്ടവയാണ്.
കഥകൾ കേൾക്കാൻ ഇഷ്ടമുള്ള എനിക്ക് ഇഷ്ടപ്പെട്ട ഒരു നോവലായിരുന്നു ആ വർഷം ഇംഗ്ലീഷ് നോൺ ഡീറ്റൈൽഡ് ആയി പഠിക്കാനുണ്ടായിരുന്നത്. മാർക്ക് ട്വൈൻന്റെ 1884 ൽ പ്രസിദ്ധീകരിച്ച The Adventures of Huckleberry Finn എന്ന വിഖ്യാത നോവലിന്റെ സംക്ഷിപ്ത രൂപം. മിസിസിപ്പി നദിയിലൂടെ ഹക്കും ജിമ്മും നടത്തുന്ന യാത്ര എന്നെ ഏറെ ത്രസിപ്പിച്ചു. തൃപ്രയാർ ക്ഷേത്രത്തിന്റെ കിഴക്കായി കനോലി കനാലിലൂടെ അന്ന് കാലത്ത് അനേകം കെട്ടുവള്ളങ്ങൾ ചരക്കുകളുമായി പോവുമായിരുന്നു. കഥയിൽ ഹക്ക് യാത്ര ചെയ്യുന്നത് ചെറിയ തോണിയിലും പിന്നീട് റാഫ്റ്റിലും ആണെങ്കിലും എൻറെ മനോരാജ്യങ്ങളിൽ ഞാൻ ഇത്തരം കെട്ടുവള്ളങ്ങളിൽ പേരറിയാത്ത നാടുകളിലൂടെ തുഴഞ്ഞു പോവുന്നതായി സങ്കല്പിക്കും.
നവംബർ ഡിസംബർ ആകുന്നതോടെ വൈകുന്നേരത്തെ കുളി പുത്തൻ കുളത്തിൽ നിന്നും പുഴയിലേക്ക് മാറ്റും. വർഷക്കാലത്ത് കലങ്ങി മറിഞ്ഞൊഴുകുന്ന പുഴ അതോടെ ശാന്തമാവും. പുഴയിൽ ബണ്ട് തുറന്ന് ഉപ്പ് വെള്ളം കലരുന്നതിന് മുമ്പായി വെള്ളം കുറയുന്ന കാലത്ത് പുഴയിലെ കുളി രസകരമാണ്. കടവിനപ്പുറമുള്ള ബോട്ട് ചാലിനുമപ്പുറം മണൽ വന്നടിഞ്ഞ് ആഴം കുറയുമ്പോൾ അവിടേക്ക് നീന്തിപ്പോയി നന്ദേട്ടനും, രാമചന്ദ്രനും കൂട്ടരുമൊത്ത് തൊട്ട് കളിക്കും. ഒഴുക്ക് തീരെക്കുറയുന്ന അക്കാലത്ത് ഇക്കരെ നിന്നും അക്കരേക്ക് നീന്തിക്കളിക്കും. രാജകീയ പ്രൗഢിയോടെ അങ്ങോട്ടുമിങ്ങോട്ടും നിറയെ ചരക്കുമായി പോവുന്ന കെട്ടുവള്ളങ്ങളെയും അതിലെ തുഴക്കാരുടെ നീണ്ട തുഴ കുത്തിയുള്ള താളാത്മകമായ വഞ്ചികുത്തും കൗതുകത്തോടെ അടുത്തു നിന്ന് വീക്ഷിക്കും.
രാമചന്ദ്രൻ അന്ന് നാലാം ക്‌ളാസിലാണ്. മേൽതൃക്കോവിൽ ക്ഷേത്രത്തിനടുത്തുള്ള എസ്.എൻ.ഡി.പി എൽ പി സ്‌കൂളിലാണ് പഠിക്കുന്നത്. തുളസി ചേച്ചിയുടെ മകൻ ജയൻ അവിടെ തന്നെ ഒന്നാം ക്‌ളാസിലും. ദേവി പെരിങ്ങോട്ടുകര സെറാഫിക് കോൺവെന്റിൽ എട്ടിലും രാജേശ്വരി ശ്രീവിലാസ് ഗേൾസ് യു പി സ്‌കൂളിൽ രണ്ടിലും.
രണ്ടാം ക്‌ളാസ്-കാരി രാജേശ്വരിയുടെ പഠനം അമ്മയുടെ മേൽനോട്ടത്തിൽ വടക്കുപുറത്താണ്. കോഴിയമ്മയുടെയും കുഞ്ഞുങ്ങളുടെയും പാഠമായ മടിയൻ മണ്ണ് തിന്നും, പവിഴം, ഞങ്ങളുടെ നന്ദിനി, കുട്ടനും മുട്ടനും, എന്റെ കൈസർ എന്നീ പാഠങ്ങൾ അവൾ അവളുടേതായ ഈണത്തിൽ വായിക്കും. അങ്ങിനെ ഞങ്ങൾ അവൾക്കൊരു പേരിട്ടു, കോഴിയമ്മ..
രാഘവമ്മാവൻ അന്ന് മദിരാശിയിലാണ് ജോലി ചെയ്യുന്നത്. രണ്ടോ മൂന്നോ മാസം കൂടുമ്പോഴോ അല്ലെങ്കിൽ ഓണം വിഷു, ഏകാദശി തുടങ്ങിയ വിശേഷാവസരങ്ങളിലോ മാത്രമേ അദ്ദേഹം നാട്ടിലേക്ക് വരികയുള്ളു. കൽക്കട്ട കെമിക്കൽ എന്ന ഫർമസ്യുട്ടിക്കൽ കമ്പനിയിൽ സെയിൽസ് മാനേജരായാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ഓരോ വരവിലും ഇഷ്ടം പോലെ മാർഗ്ഗോ സോപ്പും നീം ടൂത്ത് പെയ്സ്റ്റും ലാവൻഡർ പൗഡറും കൊണ്ടു വരും. കൂടാതെ പലപ്പോഴും ഏതെങ്കിലും ഒരു ടൂർ കഴിഞ്ഞാവും വരവ്. ആ വരവുകളിൽ ടിന്നുകൾ നിറയെ കൈ മുറുക്കുകളും ഊട്ടിയിലെ ടൂർ കഴിഞ്ഞെത്തുന്ന അവസരങ്ങളിൽ ഇഷ്ടം പോലെ സബർജിൽ, പ്ലം തുടങ്ങിയ കേരളത്തിൽ പൊതുവെ ലഭിക്കാത്ത, ഞാനന്നെവരെ രുചിച്ചിട്ടില്ലാത്ത പല പഴങ്ങളും കൊണ്ടു വരും. അത് കൊണ്ടു തന്നെ അദ്ദേഹത്തിന്റെ വരവിനായി കുട്ടികളായ ഞങ്ങൾ കാത്തിരിക്കും…
തുടരും...
No comments:
Post a Comment