Wednesday, March 7, 2007

ഒരു നുണയും കുറെ സത്യങ്ങളും

ഒരു നുണയും കുറെ സത്യങ്ങളും
Murali, Mumbai

ആദ്യം പറഞ്ഞ നുണയുടെ ഓര്‍മ്മ ഇപ്പോഴുമയാളുടെ മനസ്സിലുണ്ട്‌। രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലം. കൈവിരലിലെ നീരിന്റെ കാര്യം അമ്മ ചോദിച്ചപ്പോള്‍ അറിയാതെ പറഞ്ഞുപോയ നുണ. ഒരു നിമിഷത്തേക്ക്‌ അയാളുടെ കൊച്ചു മനസ്സില്‍ ആശങ്കയായിരുന്നു. എന്തു പറയണമെന്നറിയത്തൊരവസ്ഥ. "നടുവട്ടം ഉണ്ണികൃഷ്ണന്‍ എന്റെ വെരല്‌ പിടിച്ചു വളച്ചു". പെട്ടെന്നായിരുന്നു അയാളുടെ നാവില്‍ നിന്നും അയാള്‍ പോലുമറിയാതെ അമ്മയുടെ ചോദ്യത്തിനുത്തരം പൊട്ടിവീണത്‌. " ആരാ ഈ നടുവട്ടം?" അമ്മക്ക്‌ ശംശയമായി. "എന്തിനാ അവന്‍ നെന്റെ വെരല്‌ വളച്ചത്‌, ടീച്ചറോട്‌ പറയായിരുന്നില്ല്യേ". സ്കൂളിലേക്ക്‌ പുതുതായി വന്ന ഉണ്ണികൃഷ്ണനെ പറ്റി ടീച്ചര്‍മാര്‍ക്കുപോലും വ്യക്തമായ ധാരണകളില്ല. അതായിരുന്നിരിക്കണം അയാളെ അവന്റെ മേലൊരു കുറ്റാരോപണത്തിനു പ്രേരിപ്പിച്ച ഘടകം. പൊതുവെ ശാന്തസ്വഭാവിയായ താന്‍ ഒരാളെ ഉപദ്രവിക്കുമെന്ന് കരുതാന്‍ പോലും അമ്മക്കാവുമായിരുന്നില്ല. മകനു സംഭവിച്ച പരിക്കിനെ പറ്റി ചോദിക്കന്‍ അമ്മ അയല്‍പക്കത്തുള്ള വിലാസിനി ടീച്ചറുടെ അടുത്തെത്തി. അയാളെ അറിയാവുന്ന ടീച്ചര്‍ക്കും മറ്റൊരു വിധത്തില്‍ ചിന്തിക്കാനാവുമായിരുന്നില്ല. അതു കൊണ്ടുതന്നെ അയാല്‍ പറഞ്ഞതിന്റെ സത്യാവസ്ഥ അന്വേഷിക്കണ്ടതായി അവര്‍ക്ക്‌ തോന്നിയതുമില്ല. പിറ്റേ ദിവസം ടീച്ചര്‍ ഉണ്ണികൃഷ്ണനെ മറ്റൊരു ഡിവിഷനിലേക്ക്‌ മാറ്റി സമസ്യാപൂരണം നിര്‍വഹിച്ചു.
അന്നു വൈകുന്നേരം ജാനകിക്കുട്ടി അയാളുടെ കൈവിരലുകള്‍ പിടിച്ച്‌ വളച്ചില്ല. സ്നേഹപൂര്‍വ്വം ഒരുടപ്പിറപ്പിനെപ്പോലെ കൂടെ നടത്തി. "എന്തെ കുട്ടി എന്നെപ്പറ്റി ടീച്ചറോട്‌ പറയാഞ്ഞത്‌?" ജാനകിക്കുട്ടിയുടെ ചോദ്യത്തിന്‌ അയാളുത്തരം പറയാനാവാതെ കുഴങ്ങി. പിന്നീട്‌ ജാനകിക്കുട്ടി അമര്‍ത്തിയൊന്ന് മൂളി. അതിന്റെ അര്‍ത്ഥതലങ്ങള്‍ തേടാന്‍ അയാളുടെ കൊച്ചു മനസ്സിനായില്ല. അതോടെ ജാനകിക്കുട്ടിയുടെ കടുംകൈകളില്‍ നിന്ന് അയാള്‍ക്ക്‌ മോചനം കിട്ടി.
ഏഴാം തരത്തില്‍ പഠിക്കുന്ന ജാനകിക്കുട്ടിക്ക്‌ ചുരുങ്ങിയത്‌ ഒരു പത്താം തരത്തിലാവാനുള്ള പ്രായമുണ്ടായിരുന്നു। ഓരോ ക്ലാസിലും രണ്ടും മൂന്നും വട്ടം പഠിച്ച്‌ പഠിച്ചായിരുന്നു മുന്നോട്ടുള്ള പ്രയാണം. ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്ക്‌ അന്നത്തെ യാത്ര ഒട്ടുമുക്കാലും പാടത്തു കൂടിയായിരുന്നു. വീതി കുറഞ്ഞ പാടവരമ്പിലൂടെ ജാനകിക്കുട്ടിയുടെ കൈവിരലില്‍ ഞാന്നുള്ള യാത്ര. നീളം കൂടിയ അവരുടെ കാലുകള്‍ക്കൊപ്പമെത്താന്‍ അയാള്‍ ഏറെ പണിപ്പെട്ടിരുന്നു. അയാളുടെ നടത്തത്തിനു വേഗം പോരാതെ വന്നാല്‍ വെളുവെളുത്ത ജാനകിക്കുട്ടിയുടെ മുഖം ചുമന്നു തുടുക്കും. അതോടെ അയാളുടെ കൈവിരലുകള്‍ ജാനകിക്കുട്ടിയുടെ കൈകള്‍ക്കിടയില്‍ ഞെരിഞ്ഞമരും. വേദന അസഹ്യമാവുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയും. നിശബ്ദമായി കരയും. കുറച്ചു കഴിയുമ്പോഴേക്ക്‌ റോഡെത്തിയാല്‍, മറ്റു ദിക്കില്‍ നിന്നും വരുന്ന കുട്ടികള്‍ ഒപ്പമെത്തിയാല്‍, ജാനകിക്കുട്ടി തന്റെ കലാപരിപാടി നിര്‍ത്തിവെക്കും.
ജാനകിക്കുട്ടിയുടെ വിനോദം കാര്യമായൊരു ദിനത്തില്‍, അയാളുടെ കൈകളില്‍ വന്ന നീരും, അതിന്‌ അയാള്‍ പറഞ്ഞ നുണയും അങ്ങിനെ അയാളെ ആ വിഷമസന്ധിയില്‍ നിന്നും രക്ഷിച്ചു। പക്ഷെ അയാളുടെ മനസാക്ഷി മാത്രം അപ്പോളും ഉണ്ണികൃഷ്ണനെയോര്‍ത്ത്‌ വേദനിച്ചു.
പിന്നീട്‌ ഉറക്കത്തില്‍ അറിയാതെ കിടക്കയില്‍ മൂത്രമൊഴിച്ചപ്പോള്‍, ദിവസേന മൂത്രമൊഴിക്കുന്ന അനിയനെ പഴിചാരിയപ്പോളും, അയല്‍പക്കത്തെ അമ്മാമനുവേണ്ടി റേഷന്‍ ഷാപ്പില്‍ നിന്നും പഞ്ചസാര്‍ വാങ്ങി വരുമ്പോള്‍ വഴിനീളെ വാരിത്തിന്നു അളവു കുറഞ്ഞപ്പോള്‍ റേഷന്‍ കടക്കാരന്‍ ഹംസ തൂക്കത്തില്‍ കളവു കാണിച്ചതാണെന്നു പറഞ്ഞപ്പോളും ആരും അയാളെ അവിശ്വസിച്ചില്ല। പലപ്പോഴായി അയാളറിഞ്ഞും അറിയാതെയും പറഞ്ഞു പോയ നുണകള്‍ എത്രയെന്ന് എണ്ണി തിട്ടപ്പെടുത്തിയില്ല. അവയൊന്നും അയാളല്ലാതെ മറ്റാരും നുണയായി പരിഗണിച്ചതുമില്ല.
ഒമ്പതാം ക്ലാസിലെ പരീക്ഷക്കിടക്ക്‌ ദാവൂദലി മാസ്റ്റര്‍, കോപ്പിയടിച്ചെന്നാരോപിച്ച്‌ പിടിച്ചപ്പോള്‍, ചെയ്യാത്ത തെറ്റിന്‌ സ്വയം ശിക്ഷ ഏറ്റു വങ്ങി, അതു വരെ പറഞ്ഞ കളവുകള്‍ക്ക്‌ പ്രായശ്ചിത്തമെന്നോണം। അതു ഫിലിപ്പിനെ രക്ഷിക്കാനായിരുന്നെന്നുമാത്രം. പരീക്ഷക്കു മുമ്പ്‌ അയാളുടെ നോട്ടു പുസ്തകത്തില്‍ നിന്നും കീറിയെടുത്ത കടലാസുകഷണം മാസ്റ്ററെ കണ്ടപ്പോള്‍ അവന്‍ താഴെയിട്ടത്‌ ബെഞ്ചിനടിയിലേക്ക്‌ വീഴുന്നത്‌ മാസറ്റര്‍ കണ്ടു. കടലാസിലെ കൈയക്ഷരം ഒത്തുനോക്കിയപ്പോള്‍ അയാളുടേത്‌. കടലാസു കഷണത്തിലെ അതേ വാചകങ്ങള്‍ അയാളുടെ ഉത്തരപ്പേപ്പറില്‍, വള്ളി പുള്ളി വിടാതെ. കാണാപ്പാഠം പഠിച്ചതിന്റെ സാക്ഷ്യപത്രം അങ്ങിനെ കളവിന്റെ തെളിവായി വ്യാഖ്യാനിക്കപ്പെട്ടു. ഹെഡ്‌ മാസ്റ്ററുടെ മുമ്പില്‍ ഹാജരാക്കിയ അയാളെ നോക്കി എമ്പ്രാന്തിരി മാസ്റ്റര്‍ പറഞ്ഞു "ഷാരട്യേ കണ്ടാ തോന്നില്ലാലോ കോപ്പ്യടിക്കാനുള്ള കഴിവ്ണ്ട്ന്ന്, ഹും കയ്യ്‌ നീട്ടാ". സത്യം പറഞ്ഞാലും കളവാണെന്ന് ധരിക്കുമെന്ന് കരുതി ഒന്നു മിണ്ടിയില്ല. പരീക്ഷാഹാളില്‍ നിന്നും പുറത്താക്കപ്പെട്ട്‌ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ പക്ഷെ മനസ്സാക്ഷി അയാളോട്‌ ചിരിച്ചു കൊണ്ട്‌ ചോദിച്ചു. ഇപ്പ്പ്പോളും ആത്യന്തികമായി നീ മറ്റൊരു സത്യം കൂടി മറച്ചു വെക്കുകയല്ലെ ചെയ്തത്‌, ഒരു നുണ കൂടി.
ഒരു ജോലി തേടി ബോംബെയിലേക്ക്‌ യാത്രയാവും മുമ്പ്‌ കരഞ്ഞു നിന്ന കാമുകി ശ്യാമളയോട്‌ അയാള്‍ പറഞ്ഞു, "കുറച്ചു കാലം ക്ഷമിക്ക്‌, എത്രയും വേഗം പെട്ടെന്ന് ഒരു ജോലി ശരിയാക്കി നിന്നെ ഞാന്‍ കൊണ്ടു പോകും" .... നീണ്ട അഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായി നാട്ടിലേക്ക്‌ ചെന്ന അയാള്‍ ആ വാചകത്തേയും ഒരു വലിയ കളവാക്കി മാറ്റി।
ബോംബെയില്‍ ഒരു സേഠുക്കമ്പനിയില്‍ ചേര്‍ന്ന അയാള്‍ സേഠ്ജിയില്‍ നിന്നും ഔദ്യോഗിക ജീവിതത്തില്‍ എങ്ങിനെയെല്ലാം കളവു പറയണമെന്നത്‌ ആധികാരികമായി പഠിച്ചു। സേഠ്ജി പറയുമായിരുന്നു, "സത്യേന്‍, അഗര്‍ തുംകൊ യഹാം കാം കര്‍നാ ഹേ തോ, മേരേസെ സച്ച്‌ ബോല്‍നാ, ഔര്‍ ദുനിയാ കോ ഝൂഠ്‌ ബോല്‍നാ സീഖ്നാ പഠേഗാ". സേഠ്ജിയുടെ കണക്കുപുസ്തകങ്ങളിലും അയാള്‍ കള്ളക്കഥകള്‍ രചിക്കാന്‍ തുടങ്ങി. സേഠ്ജിക്കയാളെ വിശ്വാസമായിത്തുടങ്ങി. സേഠ്ജി ഇടക്കിടെ ഓര്‍മ്മിപ്പിക്കും, "ദേഖോ, മേരേ സേ കഭീ ഭീ ഝൂഠ്‌ നഹീ ബോല്‍നേകാ, ഇമാന്ദാരി സേ കാം കര്‍നേ കാ".
ആദ്യ രാത്രിയില്‍ അമ്പിളിയുടെ ചോദ്യങ്ങള്‍ അയാളെ വീണ്ടും കളളം പറയിച്ചു। അവളുടെ ചോദ്യങ്ങള്‍ ഏതോ സിനിമാ സംഭാഷണത്തോട്‌ സാമ്യമുണ്ടായിരുന്നു. ഒരു ജീവിതം മൊത്തത്തില്‍ ശ്വാവ്‌ നക്കിയതാവേണ്ടെന്നു കരുതി സൗകര്യപൂര്‍വ്വം അയാള്‍ നുണ പറഞ്ഞു. അയാളുടെ മനസ്സിലേക്കും ജീവിതത്തിലേക്കും കടന്നു വന്ന ആദ്യത്തെ പെണ്‍കുട്ടി അവളാണെന്ന് മനസ്സില്ലാ മനസ്സോടെ പറഞ്ഞു. ജീവിതത്തിലാദ്യമായി അടുപ്പം തോന്നിയ പേരറിയാത്ത ആ കുങ്കുമപ്പൊട്ടിനോടും, ഭസ്മക്കുറിയിട്ട്‌ തനിക്കെതിരെ വഴി നടന്ന ആ ശാലീന സുന്ദരിയോടും, അയല്‍പക്കത്തെ ശ്യാമളയോടും അയാള്‍ മനസ്സ്സില്‍ മാപ്പു പറഞ്ഞു.
ജീവിതം വലിയൊരു കളവാണെന്നയാള്‍ക്കു തോന്നി. അയാളുടെ ജീവിതത്തില്‍ സത്യങ്ങള്‍ക്ക്‌ സ്ഥാനമില്ലാതായതുപോലെ. അയാളുടെ പേരില്‍ മാത്രമാണ്‌ ഇപ്പോളതു ബാക്കിയായിരിക്കുന്നതെന്ന്.
അയാളുടെ ഇനിഷ്യലിനേയും പേരിനേയും വേര്‍ തിരിച്ചിരുന്ന ഫുള്‍സ്റ്റോപ്പ്‌ അയാളെടുത്തു കളഞ്ഞു. അവക്കിടയിലെ അകലം കുറച്ചെഴുതി, ASathyaseelan. ചുരുങ്ങിയ പക്ഷം പേരിലെങ്കിലും അസത്യമുണ്ടാവരുതെന്ന നിര്‍ബന്ധമുള്ളതു പോലെ..

7 comments:

ആഷ | Asha said...

വളരെ നന്നായിരിക്കുന്നു എഴുത്ത്.

ആഷ | Asha said...

പിന്മൊഴി സെറ്റിംഗ്സ് ചെയ്തിട്ടില്ല്ലായെങ്കില്‍ ഇവിടെ നോക്കി ചെയ്യൂ http://ashwameedham.blogspot.com/2006/07/blog-post_28.html

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്

ഇട്ടിമാളു അഗ്നിമിത്ര said...

അസത്യശീലാ.. ഈ പറഞ്ഞതൊക്കെ സത്യാണോ..?

പ്രിയംവദ-priyamvada said...

നന്നായിരിക്കുന്നു എഴുത്ത് ,തുടരൂ ..ആശംസകള്‍

qw_er_ty

ശ്രീ said...

വട്ടേനാടന്‍‌,
കഥ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍‌...
തുടര്‍‌ന്നും എഴുതുക...

രാജ് said...

വട്ടേനാടന്‍ എന്നു വായിച്ചു എന്റെ നാട്ടുകാരനെന്ന് കരുതി വന്നു പോയതാണ്. മുരളിസാര്‍ ബ്ലോഗെഴുത്തു നിര്‍ത്തിയോ? ഈ കഥ നന്നായിരുന്നു.

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...