2007, മാർച്ച് 10, ശനിയാഴ്‌ച

കുഞ്ഞിരാമന്റെ സന്ദേഹങ്ങള്‍

കുഞ്ഞിരാമന്‍, മുംബയ്‌

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളാണ്‌ കുഞ്ഞിരാമന്‍ തന്നോട്‌ ചോദിക്കുന്നതെന്നാണ്‌ നഗരത്തിന്റെ പരാതി। പക്ഷെ ചോദിക്കാതിരിക്കാന്‍ തനിക്കാവുന്നില്ലെന്ന് കുഞ്ഞിരാമന്റെ നിസ്സഹായത। ഫ്ലക്സ്‌ ബോര്‍ഡിലെ വിശ്വസുന്ദരിയും കൂട്ടുകാരും മനോഹരികളാണ്‌। കുറച്ചപ്പുറം "സിന്ദഗി കെ ദോ ബൂന്ദ്‌" മെഗാസ്റ്റാറിന്റെ ചിത്രം। താഴെ റോഡിലൂടെ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിനാളുകള്‍ ഉറപ്പായും ശ്രദ്ധിക്കുമെന്ന് നൂറുശതമാനം ഉറപ്പാക്കിയ പരസ്യ ബോര്‍ഡുകള്‍. സുന്ദരിമാരുടെ ചിരിക്കുന്ന കവിളുകളിലെ നുണക്കുഴികളും "സിന്ദഗി കെ ദോ ബൂന്ദിലെ അമിതാഭിന്റെ ഉത്തരവാദിത്വത്തിന്റെ ഭാവവും തെളിഞ്ഞു കാണാം. നഗരം സുന്ദരിയാണിവിടെ. "സിന്ദഗി കെ ദോ ബൂന്ദി"ന്റെ ഫ്ലക്സ്‌ ബോര്‍ഡ്‌ ഉറപ്പിച്ച ഇരുമ്പു കാലുകളിലൊന്നില്‍ കെറിയ ചരടില്‍ ബന്ധിച്ച നിലയില്‍ രണ്ടു വയസ്സുകാരന്‍ കറുത്ത കുട്ടി തളര്‍ന്നിട്ടുണ്ട്‌. ഇത്‌ ഫില്‍ട്ടേഡ്‌ ചിത്രമല്ലാത്തതുകൊണ്ട്‌ മനോഹരവുമല്ല. ഏഴു ബുധനാഴ്ചകള്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചാല്‍ ഫലസിദ്ധി തരുന്ന മാഹിം മാതാവിന്റെ ദേവാലയവും തീരെ അകലെയല്ല. കറുത്ത പയ്യന്‍ പ്രാര്‍ത്ഥിക്കാത്തതുകൊണ്ടാവാം അവന്‍ ചരടില്‍ കുടുങ്ങിക്കിടക്കുന്നത്‌. ആന്ധ്രയിലെയും കര്‍ണ്ണാടകത്തിലെയും തമിഴ്‌നാട്ടിലേയും ഗ്രാമങ്ങളില്‍ നിന്ന് കൃഷിപ്പണി നശിച്ച തൊഴിലാളികള്‍ തലമുറകളായി നഗരത്തിലടിഞ്ഞു കൂടി വിയര്‍പ്പൊഴുക്കി നഗരം പണിഞ്ഞതും പണിയുന്നതും ഇവരാണ്‌. റോഡുകളും ബില്‍ഡിംഗുകളും ഫ്ലൈാവറുകളും പണിത്‌ പണിത്‌ നഗരത്തെ സുന്ദരമാക്കും. ഇതിനിടെ ജനനവും മരണവും വിവാഹവും നടന്നിരിക്കും. പയ്യന്റെ അമ്മ അവനെ ചരടില്‍ ബന്ധിച്ച്‌ അമേരിക്കയോളം എത്തിക്കഴിഞ്ഞ ഇന്ത്യന്‍ ഐ ടി അനുബന്ധ വ്യവസായങ്ങള്‍ക്കും ആവശ്യമായ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ മണ്ണിനടിയില്‍ നിക്ഷേപിക്കുന്ന ജോലിയിലാണ്‌. പന്ത്രണ്ടു മുതല്‍ പതിനാലു മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലിയില്‍ ഏര്‍പ്പെടുന്ന പയ്യന്റെ അമ്മ ഇടക്ക്‌ കങ്കാണിമാരുടെ കണ്ണു വെട്ടിച്ച്‌ ഓടിയെത്തി അവന്‌ പാല്‍ ചുരത്തി സാന്ത്വനിപ്പിച്ചു. ' സിന്ദഗി കെ ദോ ബൂന്ദ്‌' ഫ്ലക്സ്‌ ബോര്‍ഡിന്റെ തണലില്‍ അവന്‍ അക്ഷമനായി.

നഗരം സൃഷ്ടിക്കപ്പെട്ടത്‌ ഒരിക്കലും തിരിച്ചറിയപ്പെടാത്ത ഇവരുടെ വിയര്‍പ്പുകൊണ്ടായതെന്തെ? സൃഷ്ടിക്കപ്പെട്ടതിനു ശേഷം ഇവര്‍ പുറത്താക്കപ്പെടുന്നതെന്ത്‌? ഷാജഹാനെപ്പോലെ താജ്‌ മഹലിനെക്കുറിച്ചു പറയുമ്പോള്‍ വിയര്‍പ്പൊഴുക്കിയ ആയിരങ്ങളെക്കുറിച്ച്‌ നാമെന്തെ പറയാഞ്ഞതും പഠിക്കാത്തതും?

4 അഭിപ്രായങ്ങൾ:

salil | drishyan പറഞ്ഞു...

നന്നായിട്ടുണ്ട് കേട്ടോ. നാം സൌകര്യപൂര്‍വ്വം ഇത്തരം മറക്കുന്ന ഒരുപാട് മുഖങ്ങളുണ്ട് നമുക്കു ചുറ്റും. കാണാന്‍ അല്ലെങ്കില്‍ ഒന്നു ഓര്‍ക്കാനെങ്കിലും നമുക്ക് സമയമുണ്ടാകട്ടെ.

ഫോര്‍മാറ്റിങ്ങില്‍ ഒന്നു കൂടി ശ്രദ്ധിക്കുമല്ലോ.

സസ്നേഹം
ദൃശ്യന്‍

ഹരിത. ആര്‍ പറഞ്ഞു...

ലളിതത്തില്‍ കഥയെഴുതിയ ഹരിത ആരാണെന്നു മനസ്സിലായോ? വട്ടംകുളത്തെ അമ്പാടിയിലെ മിനിയുടെ മകള്‍.

മുരളീധരന്‍ വി പി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Murali K Menon പറഞ്ഞു...

ക്ഷേത്രം പണിതു പ്രതിഷ്ഠ കഴിഞ്ഞാല്‍ പിന്നെ ശില്പിക്കെന്തു കാര്യം അമ്പലത്തില്‍??

അങ്ങനെ കാലം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നൂന്ന് നിരീച്ചാല്‍ അത്ര ന്നെ

പേരമരം

കത്തിജ്വലിക്കും പേരുവിൻ കീഴിലായ്   വാടാതെ നിൽപ്പുണ്ടിപ്പോഴും  മധുപക്വമല്ലെന്നാലും  കനികളുമായി  പൈതൃക സ്വത്താം പേരമരമൊന്ന്   അര ശതാബ്ദം മുമ്പ...