Saturday, March 10, 2007

പുതുവര്‍ഷപ്പുലരി

പുതുവര്‍ഷപ്പുലരി

കാലം തെറ്റി വന്ന ഒരു ചാറ്റല്‍ മഴ അന്തരീക്ഷത്തെ ഒന്നു കൂടി തണുത്തതാക്കി. ആശുപത്രിയുടെ വിമ്മിഷ്ട ഗന്ധത്തിനെയും മുറിച്ചു വന്ന പുതുമണ്ണിന്റെ വാസന. ആശുപത്രി വളപ്പില്‍ നായ്ക്കളുടെ കൂട്ടക്കരച്ചില്‍, കടിപിടി. വൈകുന്നേരമായാല്‍ തുടങ്ങുന്ന പനി ഇന്നും എത്തി. ശരീരത്തില്‍ വേദനയില്ലാത്ത ഇടമെവിടെയെന്നു തപ്പി നോക്കേണ്ടിയിരിക്കുന്നു. ഈ പിശാച്‌ രോഗം ഒന്നിനെയും വിടാറില്ലത്രെ. തന്റെ നാട്ടുകാരായ തുളസി, വിമല്‍, രാജു... അവരെയൊക്കെ യമരാജ്‌ ജി രക്ഷപ്പെടുത്തി. അവര്‍ക്കൊന്നും ഇനി ഒന്നും അറിയേണ്ട. എനിക്ക്‌ മാത്രം അനുഭവിക്കാന്‍ ഇനിയും ബാക്കിയുണ്ടായിരിക്കാം. പുറത്ത്‌ നഗരം പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു. അങ്ങിങ്ങ്‌ ഉയര്‍ന്നു കേള്‍ക്കുന്ന ആരവങ്ങള്‍. അവ കിങ്കരന്മാരുടെ ആര്‍പ്പുവിളികളെപ്പോലെ തോന്നിച്ചു.

പത്തു വര്‍ഷം മുമ്പത്തെ ഈ രാത്രി. അന്നാണല്ലോ താനാദ്യമായി ബല്‍ബീര്‍ ഭയ്യയുമൊത്ത്‌ ആ തെരുവിലെത്തിയത്‌. തന്റെ അകന്ന ബന്ധത്തിലുള്ള ഒരു ചാച്ചയുടെ മകനാണ്‌ ബല്‍ബീര്‍. സേഠ്ജിയുടെ വീട്ടിലെ വിരസമായ വീട്ടുജോലികള്‍ക്കും താമസത്തിനുമിടയില്‍ വല്ലപ്പോഴും ബല്‍ബീര്‍ ഭയ്യയുമൊത്ത്‌ ചിലവഴിക്കാറുള്ള വേളകളാണ്‌ തനിക്ക്‌ എന്തെങ്കിലും ആനന്ദം തന്നിരുന്നത്‌. പുത്തന്‍ സിനിമകള്‍ കാണുക, ജുഹു ചൌപാട്ടിയിലെ സുന്ദരികളായ പണക്കാരുടെ കുട്ടികളെ കാണുക, ഭേല്‍പുരി തിന്നുക... ഇത്രയൊക്കയേ പതിവുള്ളു. അക്കൊല്ലത്തെ പുതുവര്‍ഷരാത്രിയില്‍ പതിവിനു വിപരീതമായി ജുഹുവിലേക്ക്‌ പോകുന്നതിനു പകരം നഗരം ചുറ്റിക്കാണിക്കാന്‍ കൊണ്ടുപോകാമെന്നു ബല്‍ബീര്‍ ഭയ്യ പറഞ്ഞു. സാധാരണ ഏതു കാര്യത്തിലും ഭയ്യയെ പിന്തുടരുകയെ പതിവുള്ളു. ചര്‍ച്ച്‌ ഗേറ്റിലേക്കുള്ള വണ്ടിയില്‍ ഞങ്ങള്‍ കയറി. ഗേറ്റ്‌-വേയിലെ പുതുവര്‍ഷത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌.

അവിടേക്കായിരിക്കാം കൊണ്ടുപോകുന്നത്‌. ഗ്രാന്‍ഡ്‌ റോഡ്‌ സ്റ്റേഷനിലെത്തിയപ്പോള്‍ ഭയ്യ ഇറങ്ങാന്‍ പറഞ്ഞു. ഭയ്യയെ പിന്തുടര്‍ന്ന് ഗലികളില്‍ നിന്നും ഗലികളിേലേക്ക്‌ നടന്നു. ഒരു ഇടുങ്ങിയ ഗലിയിലേക്ക്‌ കടന്നപ്പോള്‍ ഒരാളതാ ഭയ്യയെ പേരു പറഞ്ഞു വിളിക്കുന്നു, കുശലാന്വേഷണം നടത്തുന്നു. "ആയിയേ, ആയിയെ, ദിഖാത്താ ഹൂം" എന്നു പറഞ്ഞു കൊണ്ട്‌ അയാള്‍ ഒരു രണ്ടുനിലക്കെട്ടിടത്തിന്റെ ഓരത്ത്‌ കുത്തനെയുള്ള മരഗോവണിയിലേക്ക്‌ ഞങ്ങളെ നയിച്ചു. രണ്ടാം നിലയിലെ ഒരു മേശയും ഇരിക്കാനൊരു കൊച്ചുബെഞ്ചുമുള്ള ഇടുങ്ങിയ ഒരു മുറിയിലേക്കാണ്‌ ഞങ്ങളെത്തിയത്‌. ഭയ്യയെ കണ്ടയുടന്‍ മേശക്കു മുന്‍പിലിരിക്കുന്ന മാനേജരെന്നു തോന്നിക്കുന്ന ഒരാള്‍ എണീറ്റ്‌ നിന്ന് ഞങ്ങളെ വരവേറ്റു. "ആയിയെ ബല്‍ബീര്‍ജി, ബഹുത്‌ ദിന്‍ ഹോ ഗയാ ഇധര്‍ സബ്‌ ആകെ, ക്യാ ബാത്‌ ഹെ"... ഇവരൊക്കെ ഭയ്യയുടെ പരിചയക്കാരായിരിക്കാം. എന്തെങ്കിലും ഇടപാടു കാണും. വല്ല പൈസ വാങ്ങനോ, കൊടുക്കാനോ ഉണ്ടായിരിക്കാം. "ചായ്‌ പിയോഗെ?" മാനേജരുടെ ചോദ്യം. "അരേ, ചായ്‌ വായ്‌ കോന്‍ പീത്തെ, ഹംകൊ ദിഖാദോ, ആജ്‌ ഹമാര ഏക്‌ ഖാസ്‌ മെഹമാന്‍ ഹെ, ഉന്‍ കോ ഖുശ്‌ കര്‍നാ ഹെ". ഇത്രയും പറഞ്ഞതും മേശപ്പുറത്തിരുന്ന ബല്ലില്‍ അയാള്‍ വിരലമര്‍ത്തിയതും അവിടെയുള്ള അടഞ്ഞു കിടന്നിരുന്ന ഒരു മുറിയില്‍ നിന്നും കുറെ പെണ്ണുങ്ങള്‍ വന്നുനിരന്നതും ഒരുമിച്ചായിരുന്നു. അവരില്‍ ഏറ്റവുമൊടുവില്‍ പുറത്തേക്ക്‌ വന്ന നേപ്പാളി പെണ്‍കുട്ടിയെ എവിടെയോ കണ്ടതു പോലെ. വല്ലാത്ത പരിചയം. അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ ആലോചിച്ചു നോക്കി. ഇവളെ എവിടെ വെച്ചാണ്‌ കണ്ടിട്ടുള്ളത്‌, ഇല്ല... ഓര്‍മ്മ വരുന്നില്ല. "അരേ, തുംകൊ ബഹുത്‌ പസന്ത്‌ ആ ഗയാ ലഗ്ത്താഹെ, ലേ ചല്‍" ഇത്രയും പറഞ്ഞ്‌ ഭയ്യ എന്നെ മുന്നില്‍ കണ്ട ഒരു മുറിയിലേക്ക്‌ തള്ളി, ഒപ്പം അവളെയും. വാതില്‍ പുറത്തു നിന്നും കുറ്റിയിട്ടു. ഒന്നും മനസ്സിലായില്ല. തല താഴ്ത്തി കുറച്ചു നേരം നിന്നു.

"നിങ്ങള്‍ ഭോലയല്ലെ?" അവളുടെ ചോദ്യം പെട്ടെന്നായിരുന്നു. അവള്‍ക്ക്‌ തന്നെ മനസ്സിലായിരിക്കുന്നു. പക്ഷേ ഇപ്പോഴും അവളെ എവിടെ വെച്ചാണ്‌ കണ്ടിട്ടുള്ളതെന്നു മനസ്സിലായില്ല. "എന്നെ മനസ്സിലായോ, ഞാന്‍ റാണി, കാഠ്മണ്ടുവിലെ തുണിക്കടയിലെ", ഇപ്പോള്‍ വ്യക്തമായി. ഏകദേശം നാലഞ്ചു കൊല്ലം മുമ്പാണ്‌. പഠിത്തം നിര്‍ത്തി, വെറുതെ നടന്നിരുന്ന കാലം. അക്കാലത്ത്‌ ബഡെ ഭയ്യയുമൊപ്പം സീതാമാഡിയില്‍ നിന്നും കാഠ്മണ്ടുവിലെത്തി ഉടുപ്പുകള്‍ വാങ്ങി നാട്ടില്‍ കൊണ്ടു വന്നു വില്‍ക്കുമായിരുന്നു. നേപ്പാളില്‍ തുണിത്തരങ്ങള്‍ക്കു വില കുറവാണ്‌. ബോര്‍ഡറിലുള്ള ചൌക്കിദ്ദാര്‍മാരെ പറ്റിച്ചുവേണം കൊണ്ടു വരാന്‍. ചിലപ്പോള്‍ പിടിച്ചാല്‍ വല്ലതും കൊടുക്കേണ്ടിയും വരും. എന്നാലും വല്ലതും തടയും. അന്നു മാര്‍ക്കറ്റിലെ ഒരു സ്ഥിരം കുറ്റിയായിരുന്നു ഇവള്‍. ചെറിയ കുട്ടികള്‍ക്കുള്ള ഉടുപ്പുകളായിരുന്നു ഇവള്‍ വിറ്റിരുന്നത്‌. ആയിടക്കാണ്‌ ചാച്ച നാട്ടില്‍ വന്നതും ബാബുജിയുടെ നിര്‍ബന്ധപ്രകാരം തന്നെ കൊല്‍ക്കത്തക്ക്‌ കൊണ്ടുപോയതും. അതിനു ശേഷം ഭയ്യയും കൃഷിപ്പണി മാത്രം നോക്കി വീട്ടിലിരുപ്പായി.

"നീ എങ്ങിനെ ഇവിടെ എത്തി?" ഓര്‍മ്മകളില്‍ നിന്നുമുണര്‍ന്നപ്പോള്‍ ചോദിച്ചു. അതിനു മറുപടി ഒരു കരച്ചിലായിരുന്നു. പിന്നെ അവള്‍ മടിച്ചു മടിച്ചു പറഞ്ഞു. "ഒരു കൊല്ലം മുമ്പ്‌ ബന്ധത്തിലുള്ള ഒരു മാമുവാണ്‌ ബോംബെയില്‍ നല്ല സെയില്‍സ്‌ ഗേള്‍ ഉദ്യോഗം വാങ്ങിത്തരാമെന്ന് പറഞ്ഞ്‌ ഇങ്ങോട്ടു കൊണ്ടുവന്നത്‌. അയാള്‍ ഇവിടെ കൊണ്ടുവന്നു വിറ്റു സ്ഥലം വിട്ടു. അതിനുശേഷം പുറം ലോകം കണ്ടിട്ടില്ല. ആദ്യമായാണ്‌ ഒരു പരിചയക്കാരനെ കണ്ടുമുട്ടുന്നത്‌". "മെ തുമാര ക്യാ മദദ്‌ കരൂം?", വെറുതെ ചോദിച്ചു നോക്കി. "നഹീ, മുഝെ അബ്‌ കോയി മദദ്‌ നഹീ ചാഹിയെ, അഭീ തോ സബ്‌ കുഛ്‌ ഖോ ദിയാ, ആപ്‌ ജിസ്‌ കാം കെ ലിയെ ഇധര്‍ ആയാ, വൊഹ്‌ കര്‍ ലോ" ഇത്രയും പറഞ്ഞു കൊണ്ടവള്‍ കട്ടിലിലേക്ക്‌ കയറിക്കിടന്നു.

എന്തു ചെയ്യണമെന്നറിയാതെ ആകെ വിയര്‍ത്തു. "ഇതാദ്യമായിട്ടാണോ?", അവള്‍ ചോദിച്ചു. ഒന്നും മിണ്ടാതെ വീണ്ടും നിന്നു വിയര്‍ത്തു. "സമയം പോകുന്നു, വേഗം വാ" അവള്‍ പറഞ്ഞു. "നഹീ അഗലെ ബാര്‍, മെ ഝരൂര്‍ ആവൂംഗാ, തുംകൊ യഹാം സെ ഛുഡാനേ കേ ലിയെ", പിറുപിറുത്തു. ഭാഗ്യത്തിനു വാതിലില്‍ ആരോ മുട്ടി. മാനേജരാണ്‌. ബല്‍ബീര്‍ ഭയ്യ ബെഞ്ചിലിരിപ്പുണ്ട്‌. "കൈസാ രഹാ ബേഠാ, ഖൂബ്‌ മഝാ ആയാ, ചല്‍... അബ്‌ ഗേറ്റ്‌-വേ ചല്‍ത്തെ, തുംകോ ആജ്‌ സബ്‌ ദിഖാത്താ ഹൂം". ഭയ്യയുമൊപ്പം ഗോവണിപ്പടികളിറങ്ങി. ഭയ്യ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. അതൊന്നും കേട്ടില്ല. മനസ്സിലാകെ അവള്‍ മാത്രമായിരുന്നു. അവളെ എങ്ങിനെ രക്ഷിക്കാമെന്ന ചിന്ത. ഭയ്യയോടു പറയണൊ, വേണ്ട, അതു പ്രശ്നമാവും, പിന്നീടൊരിക്കല്‍ ശ്രമിക്കാം. പക്ഷെ അവള്‍ വരുമോ?

ഒന്നു മയങ്ങിയുണര്‍ന്നപ്പോള്‍ ഡ്യൂട്ടി നഴ്‌സിന്റെ ശാപവാക്കുകള്‍ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. ദുനിയാവിലെ അറിയാവുന്ന തെറികളെല്ലാം അവര്‍ വെച്ചു കാച്ചുന്നുണ്ട്‌. പുറത്ത്‌ വരാന്തയില്‍ കിടക്കുന്ന വയസ്സന്റെ ഞരങ്ങലും മൂളലും അധികരിച്ചിരിക്കുന്നു. അയാളുടെ കിടക്ക വൃത്തിയാക്കേണ്ടി വന്നതിന്റെ ദേഷ്യമാണത്‌. നഴ്‌സിഗിനു പഠിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം വൈകുന്നേരമായാല്‍ സ്ഥലം വിടും. പകല്‍ അതു കാരണം വലിയ കുഴപ്പമില്ല. കുട്ടികള്‍ നിശബ്ദമായി എല്ലാം ചെയ്യും. "എനിക്കും ഈ നശിച്ച രോഗം വന്നാലെ എന്റെ കുട്ടികള്‍ അനാഥരാവും. ഇവറ്റങ്ങളെയൊക്കെ വല്ല ഡോസും കുത്തിവെച്ച്‌ അങ്ങോട്ട്‌ പറഞ്ഞയച്ചു കൂടെ, എന്തിനാണ്‌ ഈ നരകത്തിലിട്ട്‌ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്‌?" ഡ്യൂട്ടി നഴ്‌സിന്റെ പരിദേവനം അവസാനിക്കുന്നതിങ്ങനെയാണ്‌. അടുത്ത ആഴ്ച ഇവരുടെ ഡ്യൂട്ടി മാറും. അതു കഴിഞ്ഞ്‌ വരുന്നത്‌ ആരാണാവോ. ആരായാലും വലിയ വ്യത്യസമൊന്നുമില്ല. അവരെയും പറഞ്ഞിട്ട്‌ കാര്യമില്ല. അവര്‍ക്കുമുണ്ടാവില്ലെ പേടി. ഈ പിശാച്‌ കയറി പിടിച്ചാല്‍ പിന്നെ രക്ഷയില്ലല്ലോ.

വയസ്സന്റെ ആയുസ്സൊടുങ്ങാറായെന്നു തോന്നുന്നു. നാലഞ്ചു ദിവസമെ ആയിട്ടുള്ളു ഇവിടേ വന്നിട്ട്‌. ഏതൊ നല്ല വീട്ടിലെയാണെന്നു തോന്നുന്നു. കൂടെ അയാളുടെ മകനാണെന്നു തോന്നുന്നു. കയ്യില്‍ ഉറയും മറ്റുമിട്ട്‌ അയാളും ആവോളം പരിചരിക്കുന്നുണ്ട്‌. ഒന്ന് മൂത്രമൊഴിച്ചു വന്നു. അപ്പുറത്തെ ബെഡിലെ ഛോട്ടു മയക്കമായിരിക്കുന്നു. തന്റെ മകന്‍ കിഷോരിന്റെ പ്രായമേ അവനുള്ളു. ഇവിടെ ‌ ഒന്‍പതാം വാര്‍ഡിലെത്തുന്നവരുടെ കഥയെല്ലാം ഒന്നാണ്‌. ആരോരും നോക്കാനില്ലാതെ മൃത്യുവിന്റെ കനിവു കാത്ത്‌ കിടക്കുന്നവര്‍. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു താന്‍. ബാബുജിയുടെയും മാജിയുടെയും പ്യാര. സേഠ്ജിക്കും അങ്ങിനെത്തന്നെ. ഇന്നേ വരെ മറുത്തൊന്ന് സേഠ്ജി തന്നോട്‌ പറഞ്ഞിട്ടില്ലായിരുന്നു. എല്ലാം ഒരു നിയോഗമായിരിക്കാം. അല്ലെങ്കില്‍ കൊല്‍ക്കത്തയില്‍ നിന്നും ചാച്ചയോട്‌ തെറ്റി പട്‌നയിലെത്തിയ തന്നെ സേഠ്ജിയുടെ വണ്ടിക്കു മുമ്പിലെത്തിച്ചത്‌ വിധിയല്ലാതെ പിന്നെന്താണ്‌. കാറിനു മുമ്പില്‍ വീണു കിടക്കുന്ന തന്നെ എടുത്ത്‌ സേഠ്ജി ചികില്‍സിച്ചു. ബോധം വന്നപ്പോള്‍ സേഠ്ജി ഒരു കാര്യം ചോദിച്ചു.

എത്ര വരെ പഠിച്ചിട്ടുണ്ടെന്ന്. അഞ്ചാം തരമെന്ന് പറഞ്ഞപ്പോള്‍ തന്റെ കൂടെ ബോംബെക്ക്‌ വരാന്‍ താല്‍പര്യമാണോ എന്നും ചോദിച്ചു. ശരിയെന്നു പറഞ്ഞു. പോരുന്നതിനു മുമ്പെ കദം കുവയിലെ ബുദ്ധമൂര്‍ത്തിക്കു മുമ്പില്‍ ഏത്തമിടുവിച്ചു. കളവു പറയില്ലെന്നും ചെയ്യില്ലെന്നും, തന്നോട്‌ പറയാതെ ജോലിയില്‍ നിന്നും ഓടിപ്പോവില്ലെന്നും പറഞ്ഞ്‌. അതിന്നേ വരെ പാലിച്ചു. അതു കൊണ്ടു തന്നെയാവണം താന്‍ വീണ്ടും റാണിയെ കാണാന്‍ അവിടെ പോയതും അവളുമായി ചങ്ങാത്തം തുടങ്ങിയതും. അവളെ കല്യാണം കഴിക്കാമെന്ന് വാക്കു കൊടുത്തു. അവളുമായുള്ള ബന്ധം വളര്‍ന്നതല്ലാതെ ഒരിക്കലും അവളെ തനിക്ക്‌ അവിടെ നിന്നും രക്ഷപ്പെടുത്താനായില്ല. വിധി മറ്റൊന്നാണ്‌ നിശ്ചയിച്ചിരുന്നത്‌. ബോംബെയില്‍ വന്ന് രണ്ടു കൊല്ലം കഴിഞ്ഞ്‌ നാട്ടില്‍ പോയി തിരിച്ചു വന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. ബാബുജിയുടെ ചിഠി സേഠ്ജിക്ക്‌ നേരിട്ടാണ്‌ വന്നത്‌. ഭയ്യയുടെ ഒപ്പം തന്റെയും കല്യാണം നിശ്ചയിച്ചെന്നു ഉടനെ അവനെ നാട്ടിലേക്കയക്കണമെന്നും പറഞ്ഞ്‌.

സേഠ്ജിയുടെ ആജ്ഞ അനുസരിക്കുകയെ നിര്‍വാഹമുണ്ടായിരുന്നുള്ളു. രൂപവതി തന്റെ ജീവിതത്തിലേക്ക്‌ കടന്നു വന്നതില്‍പ്പിന്നെ റാണിയെ കാണാന്‍ പോയിട്ടില്ല. അവളിപ്പോളെവിടെയാവും, അങ്ങ്‌ മുകളിലെത്തിയിട്ടുണ്ടാവാം. അവളാണല്ലോ തനിക്കീ മാരക രോഗം തന്നത്‌. പക്ഷെ ഒരിക്കലും അവളെ വെറുക്കാനായിട്ടില്ല. വെറുക്കുന്നത്‌ അവനെയാണ്‌. ബല്‍ബീര്‍ ഭയ്യയെ. ഇപ്പോള്‍ എവിടെയാണെന്നറിയില്ല. മൂന്ന് കൊല്ലം മുമ്പ്‌ കാണാതായതാണ്‌. എല്ലാം എന്റെ വിധി. രണ്ടു വര്‍ഷം മുമ്പാണ്‌ ഈ നശിച്ച രോഗം തന്നെ പിടി കൂടിയത്‌. അന്നൊന്നും അറിയില്ലായിരുന്നു. കുറെക്കാലം സേഠ്ജിയോട്‌ പറയാതെ നടന്നു. കഴിഞ്ഞ പ്രാവശ്യം നാട്ടിലെത്തിയപ്പോള്‍ ബാബുജി ഓഝയെ കൊണ്ടുവന്ന് മന്ത്രവാദം നടത്തി. എന്നിട്ടും മാറാതെ രോഗങ്ങള്‍ പിടികൂടിയപ്പോളാണ്‌ ഭയ്യ നിബന്ധിച്ച്‌ പട്‌നയില്‍ പോയി ഡോക്ടറെ കണ്ടത്‌. ഡോക്ടറെ കണ്ട്‌ അടുത്ത ദിവസമായിരുന്നു തന്റെ രക്തം പരിശോധിച്ച്‌ ഡോക്ടര്‍ ഭയ്യയോട്‌ തന്റെ രോഗ വിവരം പറഞ്ഞത്‌. നാലാളറിയും മുമ്പ്‌ ഇവനെ വീട്ടില്‍ നിന്നും പുറത്താക്കണമെന്ന് പറഞ്ഞ്‌ ഭയ്യ ബാബുജിയോട്‌ വഴക്കിട്ടു. രൂപവതി അവളുടെ വീട്ടിലായിരുന്നു. ആറുമറിയാതെ വീട്ടില്‍ നിന്നുമിറങ്ങി. നേരെ ബോംബെക്ക്‌ വണ്ടി കയറി. തനിക്കീ രോഗം തന്ന നഗരം തന്നെ തന്നെ നോക്കട്ടെ. അവിടെ തന്നെയാവട്ടെ തന്റെ അന്ത്യം. നേരെ പോയത്‌ സേഠ്ജിയുടെ അടുത്തേക്കായിരുന്നു. സേഠ്ജിക്കു കൊടുത്ത വാക്ക്‌ മറക്കരുതല്ലോ. ചെന്നു കണ്ട്‌ വിവരം പറഞ്ഞു. സേഠ്ജിയാണ്‌ ഇവിടെക്കൊണ്ടുവന്നാക്കിയത്‌. ഇടക്ക്‌ വല്ലപ്പോഴും വരുമായിരുന്നു. താനിവിടെയുണ്ടെന്ന് ആരോടും പറയില്ലെന്ന് സേഠ്ജിയെക്കൊണ്ട്‌ ആണയിടീച്ചു. കഴിഞ്ഞ ഒരു മാസമായി വന്നു കണ്ടില്ല. വേണ്ട. ആ ബന്ധവും ഇല്ലാതാവട്ടെ. രൂപവതിയും കുട്ടികളും ഇക്കാര്യം അറിയുമ്പോള്‍ എന്തു ചെയ്യുമെന്നോര്‍ക്കുമ്പോള്‍ മാത്രമേ വിഷമമുള്ളു. സമൂഹം അവളെ എങ്ങിനെ കാണും, തന്റെ കുട്ടികളുടെ സ്ഥിതി എന്താകും. ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്കും ഈ രോഗം വരില്ലെന്നാരു കണ്ടു. ഓര്‍ത്തു നോക്കിയാല്‍ ഒന്നിനും ഒരന്തവുമില്ല. ഇതൊന്നും തന്റെ വരുതിയില്‍ പെട്ടതല്ലല്ലോ. എല്ലാം ഈശ്വര നിശ്ചയം. ഓര്‍മ്മകളുടെ കുത്തൊഴുക്ക്‌ നിലച്ചപ്പോള്‍, കണ്ണടച്ചു കിടന്നു. ശരീരമാകെ കാര്‍ന്നു തിന്നുന്ന വേദന. എങ്ങിനെ കിടക്കണമെന്നറിയില്ല. എങ്ങിനെ കിടന്നാലും വേദനക്ക്‌ ശമനമില്ല. മനമുരുകി യമരാജ്‌ജിയോട്‌ പ്രാര്‍ത്ഥിച്ചു, കരുണക്കായി.

അതാ അദ്ദേഹം പ്രത്യക്ഷനാവുന്നു. ഈശ്വര, ഈ ഭോലയുടെ വിളി അങ്ങു കേട്ടുവോ. പ്രൌഢിയോടെ അദ്ദേഹം നടന്നടുക്കുകയാണ്‌. എല്ലാം മറന്ന് അദ്ദേഹത്തിന്റെ കാല്‍ക്കല്‍ പ്രണമിച്ചു, നന്ദി പറഞ്ഞു... പക്ഷെ തന്നെ തള്ളി മാറ്റി അദ്ദേഹം വീണ്ടു മുമ്പോട്ടു പോകുകയാണ്‌...വരാന്തയില്‍ കിടക്കുന്ന വയസ്സന്റെ അടുത്തേക്ക്‌.... ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍... നഴ്‌സും ഡ്യൂട്ടി ഡോക്ടറും വയസ്സന്റെ കിടക്കക്കരുകില്‍. തുണി കൊണ്ട്‌ തലമൂടി തിരിച്ചു നടക്കുന്ന നഴ്‌സിന്റെ മുഖത്ത്‌ ആശ്വാസം നിറഞ്ഞു നിന്നു. അങ്ങിനെ ഒരാള്‍ കൂടി രക്ഷപ്പെട്ടു. പുറത്ത്‌ വെടിക്കെട്ടിന്റെ ശബ്ദം കനത്തു. പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ആതിഷ്‌ബാജി . അതെ, ഇത്‌ ആഹ്ലാദിക്കേണ്ട നിമിഷം തന്നെ. തങ്ങളിലൊരാള്‍ രക്ഷപ്പെട്ടതിനോ, അതോ മറ്റൊരു നൂറു ബല്‍ബീര്‍മാരെയും ഭോലമാരെയും വരവേല്‍ക്കുന്നതിനോ....

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...