2026 ജനുവരി 30ന് ഒരു യുഗാന്ത്യം സംഭവിച്ചിട്ട് 78 വർഷം തികയുന്നു. ലോകം മുഴുവൻ ആരാധിക്കുന്ന ഒരു യുഗപുരുഷൻ വെടിയേറ്റ് മരിച്ചിട്ട് 78 വർഷം. 79 വർഷം മോഹൻദാസ് കരംചന്ദ് ഗാന്ധി വെറുതെ ജീവിച്ചു പോവുകയായിരുന്നില്ല. മറിച്ച് തന്റെ ജീവിതം തന്നെയാണ് തനിക്ക് നൽകാനുള്ള സന്ദേശമെന്ന് ഓരോ ഇന്ത്യാക്കാരനും, ലോകത്തിന് തന്നെയും തന്റെ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുകയായിരുന്നു. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് പോലെ, ഒരു പക്ഷെ നൂറ്റാണ്ടുകൾക്കപ്പുറം, മജ്ജയും മാസവുമുള്ള ഇങ്ങനെയൊരു മനുഷ്യൻ ഈ ലോകത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ ആളുകൾ വിശ്വസിച്ചേക്കില്ല.
ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഗാന്ധിജി അഹമ്മദ്‌ബാദിനത്തുള്ള സാബർമതിയിലെ ആശ്രമത്തിലാണ് കൂടുതൽ ജീവിച്ചതെങ്കിലും ഇന്ത്യൻ സ്വാതന്ത്യ സമരചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങളുടെയും ആലോചനായോഗങ്ങൾ കൂടിയതും തീരുമാനങ്ങളെടുക്കപ്പെട്ടതും ബോംബെയിൽ വെച്ചായിരുന്നു. ബോംബയിലെ അദ്ദേഹത്തിന്റെ അതിഥി മന്ദിരമായിരുന്ന മണിഭവനിൽ.
രാജ്യം 77മത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഴുകിയ ദിനത്തിൽ ആ സ്മാരകത്തിലേക്ക് പോകുവാൻ എനിക്ക് ഭാഗ്യമുണ്ടായി. മുംബൈ നഗരത്തിൽ എത്തിയിട്ട് 42 വർഷം പിന്നിട്ട ശേഷമാണ് ഇത്രയും പ്രധാനപ്പെട്ടൊരു സ്മാരകത്തിലേക്ക് പോയതെന്നതിൽ ചെറിയൊരു മനസ്താപവും പേറിയായിരുന്നു ആ മന്ദിരത്തിലേക്ക് കാലെടുത്തു വെച്ചത്. അതിന് പ്രേരണയായത് ഈയിടെ വായിച്ച പ്രേമൻ ഇല്ലത്തിൻ്റെ നഗരത്തിൻ്റെ മാനിഫെസ്റ്റോ എന്ന നോവലും.
1915ൽ ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഗാന്ധിജിയുടെ ബോംബെയിലെ അതിഥി മന്ദിരമായിരുന്നു മണിഭവൻ. മുംബൈ ഗാംദേവിയിലെ ലാബർനം റോഡിൽ തലയുയർത്തി നിൽക്കുന്ന ആ ഇരുനിലക്കെട്ടിടം ഗാന്ധിജിയുടെ ഒരു ഉത്തമ ആരാധകനായിരുന്ന രേവാശങ്കർ ജഗജീവൻ ജവേരിയുടെതായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം 1955ൽ ഗാന്ധി സ്മാരക നിധി എന്ന ട്രസ്റ്റ് മണി ഭവൻ ഏറ്റെടുത്ത് ഗാന്ധി സ്മാരകമായി പരിപാലിച്ചു പോരുന്നു.
തൻ്റെ ദക്ഷിണ ആഫ്രിക്കൻ ജീവിതകാലത്തിലെ ഒരു പ്രക്ഷോഭകാരി എന്നതിൽ നിന്നും പടിപടിയായുയർന്ന് സത്യാഗ്രഹമെന്ന ഏറ്റവും നൂതനവും ഫലപ്രദവുമായ സമരായുധത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകാനും തന്റെ നിസ്വാർത്ഥ, നൂതന പ്രവർത്തനങ്ങളിലൂടെ മറ്റു പ്രവർത്തകരെ കൂടെക്കൂട്ടാനും കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. സ്വാതന്ത്ര്യസമരചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളായ സ്വദേശി പ്രസ്ഥാനം, റൗലത്ത് ആക്ടിനെതിരെയുള്ള സമരം , വിദേശവസ്ത്ര ബഹിഷ്കരണം, പൂർണ്ണ സ്വരാജ്, നിസ്സഹകരണ പ്രസ്ഥാനം, നിയമലംഘന സമരം, ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങി പല സുപ്രധാന തീരുമാനങ്ങൾക്കും സാക്ഷ്യം വഹിച്ചത് മണി ഭവൻ ആയിരുന്നു.
അദ്ദേഹം മണിഭവനിൽ താമസിക്കുന്ന സമയത്താണ് നൂൽ നെയ്യലും കാർഡിംഗും പഠിക്കാൻ ആഗ്രഹിച്ചത്. 1917കളിൽ ദിവസേന ഒരു കാർഡർ മണി ഭവന്റെ മുന്നിലൂടെ കടന്നുപോകുന്നത് അദ്ദേഹം കണ്ടിരുന്നു. ഗാന്ധിജി അയാളെ വിളിച്ചു. സ്ലിവർ ഉണ്ടാക്കുന്നതിനായി അദ്ദേഹം പരുത്തി കാർഡ് ചെയ്യാൻ സമ്മതിച്ചു, പക്ഷേ വലിയൊരു തുക വേതനമായി ആവശ്യപ്പെട്ടു. ഗാന്ധിജി സമ്മതിച്ചു. തുടർന്ന് മണി ഭവനിൽ ഒരു നെയ്യൽ ക്ലാസ് ആരംഭിച്ചു. ഈ ക്ലാസിലെ ഏറ്റവും ഉത്സാഹിയായ വിദ്യാർത്ഥി ഗാന്ധിജിയായിരുന്നു. അതിനിടയിൽ അദ്ദേഹം അസുഖം വന്ന് കിടപ്പിലായിരുന്നുവെന്ന കാര്യം പോലും അദ്ദേഹത്തിന്റെ ഉത്സാഹം കുറച്ചില്ല. അദ്ദേഹം പറഞ്ഞതു പോലെ, “ചക്രം ആമോദത്തോടെ പാടിക്കൊണ്ടിരുന്നു”. ശയ്യാവലംബിയായ അദ്ദേഹത്തെ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിക്കാൻ അത് ധാരാളമായിരുന്നു.
ഇന്നത്തെ തലമുറക്ക് തികച്ചും അപരിചിതമായ വ്യത്യസ്തമായ ഒരു കാലഘട്ടത്തിൽ, രണ്ടു നൂറ്റാണ്ടുകൾക്കപ്പുറമാണ് 1869ലെ ഒക്ടോബർ 2നു അദ്ദേഹം ഗുജറാത്തിലെ പോർബന്ദറിൽ ജനിക്കുന്നത്. അദ്ദേഹത്തിന്റെ ഏഴാം വയസ്സ് മുതൽ ഇങ്ങോട്ടുള്ള ജീവിതയാത്രയിലെ പല ചിത്രങ്ങളും മണിഭവനിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ അദ്ദേഹം മണിഭവനിലെ വാസക്കാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കളും കേട് കൂടാതെ സൂക്ഷിച്ചിരിക്കുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രം രബീന്ദ്രനാഥ ടാഗോർ എഴുതിയ വരികളാണ്.
MAHATMA
He stopped at the thresholds of the huts of the thousands of dispossessed, dressed like one of their own. He spoke to them in their own language. Here was living truth at last, and not only quotations from books. For this reason the Mahatma, the name given to him by the people of India, At is his real name. Who else has felt like him that all Indians are his own flesh and blood? When love came to the door of India, that door was opened wide. Gandhi's call India blossomed forth to new greatness, just as once before, in earlier times, when Buddha proclaimed the truth of fellow-feeling and compassion among all living creatures.
Rabindranath Tagore
ടാഗോർ അദ്ദേഹത്തെ മഹാത്മാവ് എന്ന് വിളിച്ചു. ഗാന്ധി ടാഗോറിനെ ഗുരുദേവ് എന്നും.
കൂടാതെ എന്നെ ആകർഷിച്ച മറ്റൊരു ഫലകം സ്ത്രീകളെക്കുറിച്ചുള്ള അദ്ദേഹ ത്തിൻ്റെ കാഴ്ചപ്പാടായിരുന്നു.
"സ്ത്രീകളെ അബലകളെന്നു വിളിക്കുന്നത് അവരെ അപമാനിക്കലാണ്. അത് പുരുഷന്മാർ ചെയ്യുന്ന അനീതിയാണ്.
അധികാരം ധാർമ്മിക ശക്തിയാണെങ്കിൽ, സ്ത്രീകളുടെ ശക്തിയെ പുരുഷന്മാരുടെ ശക്തിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല.
അഹിംസ നമ്മുടെ നിലനിൽപ്പിന്റെ നിയമമാണെങ്കിൽ, ഭാവി സ്ത്രീകളുടെ കൈകളിലാണ്."
സ്ത്രീകളെയും സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിൽ ഉള്ളവരെയും ചേർത്ത് പിടിച്ച് അവർക്കിടയിലേക്ക് ഇറങ്ങി ചെന്നുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ തന്നെയാണ് അദ്ദേഹത്തെ മഹാത്മാവാക്കി മാറ്റിയത്.
രണ്ടാം ലോക മഹായുദ്ധം ആസന്നമായ 1939 ലദ്ദേഹം അഡോൾഫ് ഹിറ്റ്ലർക്ക് യുദ്ധം എങ്ങനെയും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എഴുതിയ ഒരു കത്ത് മതി അക്കാലത്ത് അദ്ദേഹത്തിന് ലോക നേതാക്കൾക്കിടയിലെ സ്ഥാനം വ്യക്തമാക്കാൻ.
“സത്യം ശാശ്വതമാണ്, മറ്റെല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടില്ലാതാകും” എന്ന മഹത്വചനത്തെ ഇല്ലാതാക്കാൻ ആ മഹാനുഭാവന്റെ നേർക്കുതിർന്ന വെടിയുണ്ടകൾക്കായില്ല. ഒരു ഭ്രാന്തന്റെ വെടിയുണ്ടകളാലാണ് എന്റെ മരണമെങ്കിൽ ഞാനതിനെ പുഞ്ചിരിയോടെ നേരിടും എന്ന് പറയാൻ അസാമാന്യ ധൈര്യം വേണം. മരണത്തിലും അദ്ദേഹം ഉരുവിട്ടത് ഹേ റാം എന്നായിരുന്നു. അദ്ദേഹം സ്വപ്നം കണ്ട രാമരാജ്യത്തിലെ കരുണാമയനായ രാമനെ പുഞ്ചിരിയോടെ വിളിച്ചു കൊണ്ട്.
മഹാത്മാ ഗാന്ധി അമർ രഹെ..





.jpeg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ