2026 ഏപ്രിൽ 15, ബുധനാഴ്‌ച

ഭാഗ്യതാരകം

 

-മുരളി വട്ടേനാട്ട്

 

ഡൽഹി ഓഫീസിലെ അക്കൗണ്ട്സ്-കം അഡ്മിൻ എക്സിക്യൂട്ടീവ്  ഏകലവ്യ   ആദ്യമായി  ഒരു വർഷം മുമ്പാണ്   എന്നെ വിളിക്കുന്നത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം സെപ്തംബർ 18ന് രാത്രി.

അയാൾക്ക്  ദൈനം ദിന കാര്യങ്ങളിൽ ബന്ധപ്പെടേണ്ടത്  മുംബൈ ഓഫീസിലെ അക്കൗണ്ട്സ് പേയബിൾ നോക്കുന്ന ശർമ്മയുമായാണ്. എന്തിനാണാവോ എന്നെ വിളിക്കുന്നത്, അതും ഈ ഏഴുമണി നേരത്ത് എന്ന് സംശയിച്ചായിരുന്നു അന്ന് ഫോണെടുത്തത്.

 സാർ, സംസാരിക്കാമോ. ഇത്രയും വൈകിയ വേളയിൽ ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കണം. പക്ഷെ നിവൃത്തിയില്ലാത്തത് കൊണ്ടാണ്... അയാൾ ആമുഖം പറഞ്ഞു.

 എന്നെ താങ്കൾക്ക് പേര് വിളിക്കാം. അതാണെനിക്കിഷ്ടം.

 അയ്യോ, സാർ, ഒന്നുമില്ലെങ്കിലും അങ്ങ് എന്നെക്കാൾ പ്രായക്കൂടുതലും പ്രവൃത്തി പരിചയവും  ഉള്ള ആളല്ലേ... അങ്ങനെയുള്ളവരെ പേര് വിളിച്ചു ഞാൻ ശീലിച്ചിട്ടില്ല. 

ഉത്തരേന്ത്യക്കാരിലെ പലർക്കും  ഇപ്പോഴും കോർപ്പറേറ്റ് ശീലങ്ങൾ വഴങ്ങിയിട്ടില്ല. അതവർ വളർന്ന് വന്ന സാഹചര്യങ്ങളാവാം.  അയാളോട് തർക്കിക്കാൻ നിൽക്കാതെ പറഞ്ഞു. ശരി.. പറയൂ.

സാർ, എനിക്ക് മറ്റന്നാൾ കൊൽക്കത്തയിൽ ഒരു പരീക്ഷയുണ്ട്.  ഞാനൊരു ഷെയേർഡ് റിസോഴ്സ് ആയ കാരണം എന്റെ ലീവ് അഡ്മിൻ ഹെഡും  അപ്പ്രൂവ് ചെയ്യണം. ശർമ്മാജി അപ്പ്രൂവ് ചെയ്തിട്ടുണ്ട്.  എന്നിട്ടും അഡ്മിൻ ഹെഡ്  ഇപ്പോൾ ലീവെടുക്കാൻ പറ്റില്ലെന്നാണ് പറയുന്നത്.

എന്ത് പരീക്ഷയാണ്.

സാർ, കേന്ദ്ര ഗവണ്മെന്റിലേക്കുള്ള ഒഴിവുകളിലേക്കാണ്..  

ശരി, ഞാൻ അയാളെ വിളിച്ചു പറയാം തന്റെ ലീവ് സാങ്‌ഷനാക്കാൻ.

താങ്ക് യൂ സർ..

സ്റ്റാഫ് സെലെൿഷന്റെ വല്ല ക്ലെറിക്കൽ  ടെസ്റ്റുമാവും എന്ന ചിന്തയിൽ  അയാളോട് പിന്നെ കൂടുതലൊന്നും ചോദിക്കാൻ മിനക്കെട്ടില്ല. ഇപ്പോഴും ഒരു മദ്ധ്യവർഗ്ഗ ഇന്ത്യാക്കാരന്  ഗവണ്മെൻറ്റ് ഉദ്യോഗം എന്നത് വലിയ സ്വപ്നം തന്നെ. സ്വകാര്യ മേഖലകളിൽ കഴിവുള്ളവർക്ക് അതിലും വലിയ സ്ഥാനങ്ങളിലെത്തിപ്പെടാം, പക്ഷെ ജോലി സുരക്ഷിതത്വം, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ അതിനെ കൂടുതൽ ആകർഷകമാക്കുന്നു. ശരാശരിക്കാർക്ക് സുരക്ഷിത വലയത്തിൽ കിടന്ന് കളിക്കാനാണല്ലോ താല്പര്യം. ഭാഗ്യപരീക്ഷണത്തിനുള്ള സാഹസികതയൊക്കെ ഇപ്പോഴും അപൂർവ്വം. ജീവിതത്തിലെ ആയ കാലത്ത്  പല പല ഗവണ്മെന്റ് പരീക്ഷകളും ബാങ്ക് ടെസ്റ്റും  എഴുതി പരാജയപ്പെട്ട  താനും ഇതിൽ നിന്നും വിഭിന്നനല്ലല്ലോ എന്നപ്പോൾ മനം പറഞ്ഞു.

ഡൽഹിയിലെ ചെറിയ ഓഫീസിലേക്ക് അക്കൗണ്ട്സും അഡ്മിനും നോക്കാനായി ഒരാളെ വേണം എന്ന് പറഞ്ഞപ്പോൾ  HR അയച്ചു തന്ന പല റെസ്യുമുകളിൽ നിന്നും തരക്കേടില്ലെന്ന് തോന്നിയ ഏകലവ്യനെ  നിയമിച്ചത് കൊറോണക്കാലത്തിന് തൊട്ട് പിന്നാലെയാണ്. കൊറോണക്കാലത്തിന് മുമ്പുണ്ടായിരുന്നവരെയെല്ലാം പിരിച്ചുവിട്ട്, വീണ്ടും ഓപ്പറേഷൻ തുടങ്ങിയപ്പോഴാണ് ചുരുങ്ങിയ ചിലവിൽ ഒരാളെ വെക്കാമെന്ന് അഡ്മിനും കൂടി തീരുമാനിച്ചതും അയാളെ നിയമിച്ചതും. ഓൺലൈൻ  ഇന്റർവ്യൂ സമയത്ത് ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. പത്താം തരത്തിൽ 99% മാർക്ക്. പ്ലസ് റ്റു വിനും ഒട്ടും മോശമല്ലാത്ത മാർക്ക്. എന്നിട്ടും താനെന്തിനാണ് ഡിഗ്രിക്ക്  BBAക്ക് ചേർന്ന്  പഠിച്ചതെന്ന ചോദ്യത്തിന്, സാർ, റാങ്ക് നേടിയവർ പിന്നീട് പ്ലസ് ടു പോലും തോറ്റു പോകുന്നതും, പാസ് മാർക്ക് മാത്രം നേടി പത്താം തരം പാസാകുന്നവർ പിന്നീട് ഡിഗ്രിക്ക് റാങ്ക് നേടുന്നതുമായ വിരോധാഭാസങ്ങളും നാം കണ്ടിട്ടില്ലേ..   അത്തരത്തിലൊന്നെന്ന് കരുതിക്കോളൂ എന്ന ഉത്തരത്തിന് മേൽ പിന്നെ വേറൊന്നും ചോദിച്ചിരുന്നില്ല.  

ആരുടെയും സ്വകാര്യതകളിലേക്ക് അവരറിയാതെ കടന്നു കയറുന്നത് ശരിയല്ലല്ലോ. കൂടാതെ, ഇക്കാലത്ത് വലിയ മാർക്കുള്ളതൊന്നും ഒരു വിഷയമേ അല്ലാതായിരിക്കുന്നു. എല്ലാവരും 95%നു മുകളില്ലാവരാണ്.    അത് കൊണ്ട് തന്നെ അതത്ര കാര്യമായി തോന്നിയതുമില്ല.

ലീവ് കഴിഞ്ഞു  വന്ന ഏകലവ്യ വീണ്ടും വിളിച്ചു. നന്ദി പറയാൻ. 

സാർ, താങ്കളന്ന് ലീവ് അനുവദിച്ചിരുന്നില്ലെങ്കിൽ എനിക്ക് വണ്ടി മിസ്സാകുമായിരുന്നു, പരീക്ഷയും. എട്ടുമണിക്കായിരുന്നു കൊൽക്കത്ത വണ്ടി. പരീക്ഷയിൽ നന്നായി എഴുതിയെന്നു സന്തോഷത്തോടെ അയാൾ പറഞ്ഞിട്ടും  സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ  പരീക്ഷ ആവുമെന്ന  മുൻധാരണയിൽ  അതെന്ത് പരീക്ഷയാണെന്ന് ചോദിക്കാനൊന്നും എന്നിലെ ബോസിന് തോന്നിയില്ല. നാമനുഭവിച്ച് തീർത്ത പരിസരങ്ങളിലൂടെ മാത്രമാണല്ലോ നമ്മുടെ ചിന്തകളും സഞ്ചരിക്കുക. 

ഒരു കോടതി വ്യവഹാരവുമായി കഴിഞ്ഞ ഡിസംബർ മൂന്നാം വാരത്തിലാണ്  ഡൽഹിയിലെത്തിയത്. നേരിയ മൂടൽമഞ്ഞിന്റെ   ആവരണത്തിൽ ആദ്യമായാണ്   ഡൽഹിയെ അനുഭവിക്കുന്നത്.  വിമാനങ്ങൾ വൈകാൻ തുടങ്ങിയിട്ടില്ല. എയർപോർട്ടിൽ നിന്നും നേരെ ഹൈക്കോർട്ടിലേക്ക് എത്തി. ഉച്ചക്ക് രണ്ട് മണിക്കാണ് ഹിയറിങ്. അതിന്  മുമ്പായി വക്കീലിന്റെ അനുചരന്മാരോട് കാര്യങ്ങൾ ഒന്ന് കൂടി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. അവരാണ് അന്ന് വാദിക്കുന്നത്. പക്ഷെ അവരെത്തിയപ്പോഴേക്കും രണ്ടുമണിയാവാറായി. കടുകെണ്ണ മണക്കുന്ന അവരുടെ കോട്ടിന്റെ ഗന്ധം എന്തോ, വിമ്മലുണ്ടാക്കി. എല്ലാം ശരിക്ക് പഠിച്ചിട്ടില്ലേ എന്ന ചോദ്യത്തിന്, യെസ് സാർ.. ആപ് ചിന്താ മത് കീജിയെ എന്നും പറഞ്ഞ് ചേമ്പറിലേക്ക് കടന്നു. ഒടുവിൽ, നമ്പർ വിളിച്ചപ്പോൾ   വക്കീലന്മാരുടെ പിടിപ്പ്കേടും നാഥനില്ലാകളരി പോലുള്ള അവസ്ഥയും അനുഭവിച്ച്  മനം മടുത്ത് വൈകുന്നേരം ഹോട്ടലിലെത്തി ഒറ്റക്കായപ്പോഴാണ് ഏകലവ്യന്റെ ഉച്ചക്കു വന്ന  മിസ് കോളിനെ പറ്റി ഓർത്തത്. അപ്പോൾ കോടതി പരിസരത്ത് വക്കീലുമായി തർക്കിക്കുന്നതിനിടയിൽ ഫോൺ എടുക്കാനായിരുന്നില്ല. എന്തായാലും ഇന്നിനി  പ്രത്യേകിച്ച് പണിയൊന്നുമില്ല. അയാളെ വിളിച്ചു. ആദ്യ റിങ്ങിൽ തന്നെ  ഏകലവ്യ ഫോണെടുത്തു. 

സാർ, അങ്ങ് ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന് അഡ്മിൻ ഹെഡ് പറഞ്ഞു. താങ്കളെ കണ്ട് ഒന്ന് കൂടി നന്ദി പറയണമെന്നുണ്ട്. ഞാൻ ഹോട്ടലിലേക്ക് വരാം. 

 അയ്യോ, നന്ദി പറയാനായി ഇങ്ങോട്ട് വരണമെന്നൊന്നുമില്ല. അന്ന് ഞാനെന്റെ കടമ ചെയ്തു. അത്ര മാത്രം. പിന്നെ ഇവിടെ ഞാനൊറ്റക്കാണ്. താൻ വന്നാൽ കുറച്ചു നേരം നമുക്ക് വർത്തമാനം പറഞ്ഞിരിക്കാം. നമ്മളിതു വരെ കണ്ടിട്ടുമില്ലല്ലോ.

ശരി സാർ, ഞാനിതാ അര മണിക്കൂറിനുള്ളിലെത്തി, എന്നും പറഞ്ഞയാൾ ഫോൺ കട്ട് ചെയ്തു.

ഡൽഹി ശൈത്യത്തിന്റെ പിടിയിലകപ്പെട്ടു കഴിഞ്ഞിരുന്നു. മുംബൈയിലെ 30 ഡിഗ്രിയിൽ നിന്നും വൈകുന്നേരങ്ങളിലെ 15 ഡിഗ്രിയിലേക്കുള്ള താഴ്ചയിൽ ഒത്തു പോവാൻ ശരീരം പാട് പെട്ടു. കാര്യമായ സ്വെറ്റർ സംവിധാനങ്ങളൊന്നും കരുതിയിട്ടുമില്ല. ചൂടുവെള്ളത്തിലൊന്ന്  കുളിച്ച്, ശരീരത്തെ കാർന്നു തിന്നാൻ തുടങ്ങിയിരുന്ന ശൈത്യത്തെയകറ്റി,  ഓഫീസ് മെയിലുകൾ നോക്കിയിരുന്നപ്പഴേക്കും കോളിംഗ് ബെൽ അടിച്ചു. വാതിൽ തുറന്നപ്പോൾ തലയാകെ മൂടുന്ന മഫ്ളറും വിൻഡ് ചീറ്ററും ധരിച്ചൊരു ചെറുപ്പക്കാരൻ.

സാർ, ഞാൻ ഏകലവ്യ.. ആ ഒരു വേഷത്തിൽ പെട്ടെന്നയാളെ മനസ്സിലായില്ല.

ഓ.. വരൂ.  എന്ന് പറഞ്ഞുകൊണ്ട് അയാളെ ഉള്ളിലേക്ക് വിളിച്ചു.

താങ്ക് യു വൺസ് എഗൈൻ സർ. അന്ന് സാറത് സാങ്ഷൻ ചെയ്തില്ലായിരുന്നെങ്കിൽ എന്ന് പറഞ്ഞു കൊണ്ട് അയാൾ കാൽ തൊട്ട് വന്ദിക്കാനൊരുങ്ങി. പെട്ടെന്നയാളെ തടഞ്ഞു.

ലുക്ക് ഏകലവ്യ.. ഇതിനൊന്നും നന്ദി പറയേണ്ട ഒരാവശ്യവുമില്ല. പിന്നെ, ഈ കാൽ തൊട്ട് വന്ദിക്കലൊന്നും എനിക്കിഷ്ടവുമല്ല. ആരും ആർക്കും മേലെയല്ല. 

ആട്ടെ, താൻ ഏത് പരീക്ഷയാണ് എഴുതിയത്.

സർ, PSC എക്സാം.  ഇന്ന് രാത്രി മിക്കവാറും അതിന്റെ റിസൽറ്റ് വരും.

ഓഹോ. വെരി ഗുഡ്. 

സാറൊരു കാര്യം ചെയ്യണം. എനിക്ക് വേണ്ടി സാറത് നോക്കണം.

ങേ.. എടോ, എനിക്കിക്കാര്യത്തിലൊന്നും ഒരു പിടിപാടുമില്ല.  ഞാനൊക്കെ സ്റ്റാഫ് സെലക്ഷൻ പരീക്ഷ എഴുതിയിരുന്ന കാലത്ത് പത്രപ്പരസ്യങ്ങളിലോ, നേരിട്ട് നമുക്ക് കാർഡ് വരുമ്പോഴോ ആണ് ഇതൊക്കെ അറിഞ്ഞിരുന്നത്. താൻ തന്നെ നോക്കിയാൽ മതി. എല്ലാ വിധ ആശംസകളും നേരുന്നു.  സീ, ജീവിതത്തിൽ പോസിറ്റീവ് ആകാൻ പഠിക്കൂ.

അയാളോട് അങ്ങിനെയൊക്കെ പറഞ്ഞുവെങ്കിലും, ജീവിതത്തിൽ ഒരുപാട് ബാങ്ക് ടെസ്റ്റുകളും ഗവണ്മെന്റ് ടെസ്റ്റുകളും എഴുതിയിട്ടും  അതിലൊന്നിൽപ്പോലും വിജയിക്കാനാവാത്ത    ഞാൻ വേണോ ഇത് നോക്കാൻ എന്നതായിരുന്നു എന്റെ ചിന്ത.

നോ, സർ അങ്ങിനെ പറയരുത്. അങ്ങ് എന്റെ ശുഭസൂചകമാണ്.  അങ്ങില്ലായിരുന്നെങ്കിൽ ഈ പരീക്ഷ ഞാനെഴുതുമായിരുന്നില്ല. അത് കൊണ്ട് തന്നെ അങ്ങ് തന്നെ ഇത് നോക്കണം, പ്ലീസ്.

ഞാൻ സൈറ്റ് തുറന്നു തരാം... പക്ഷെ ഫലം നോക്കുന്നത് അങ്ങായിരിക്കണം.

ശരിയെന്ന് പറഞ്ഞ് ഞാൻ അയാൾ തുറന്ന സൈറ്റിലേക്ക് ഞാൻ നോക്കി. UPSC Mains Result 2024 എന്ന് കണ്ടതും ഞാനൊന്ന് ഞെട്ടി.  ഈ പരീക്ഷയെഴുതാനാണോ ഇയാൾക്ക് ഞാൻ അനുവാദം നൽകിയത്. വിശ്വാസം വരാതെ  അയാൾക്ക് നേരെ നോക്കി. അയാളപ്പോൾ തിരിഞ്ഞു മുഖം പൊത്തി നിൽക്കുകയായിരുന്നു. 

അപ്പോഴേക്കും സ്‌ക്രീനിൽ റിസൾട്ടിന്റെ pdf ലിങ്ക് തെളിഞ്ഞു. അത് ഡൌൺലോഡ് ചെയ്ത് നോക്കി. അപ്പോഴും അയാൾ പുറം തിരിഞ്ഞു നിൽപ്പാണ്.

ആ ചെറുപ്പക്കാരന്റ മനസ്സിലപ്പോൾ അലയടിച്ച വികാരം എനിക്കു മനസ്സിലാകുമായിരുന്നു.

വർഷങ്ങൾക്ക് മുമ്പ്, അന്ന് ഞാനെഴുതിയ പല  ടെസ്റ്റുകളുടെയും റിസൾട്ട് നോക്കിയ ശേഷം അവയൊന്നിലും എന്റെ നമ്പറില്ലെന്നറിഞ്ഞപ്പോൾ ഞാനനുഭവിച്ചിരുന്ന  നിരാശ നിറഞ്ഞ  ഓർമ്മച്ചിത്രത്തിന്റെ തനിപ്പകർപ്പാവുകയാണോ ഈ ചെറുപ്പക്കാരനും. അഥവാ അതെ പോലെ ഇതിൽ അയാളുടെ പേരില്ലെങ്കിലോ. അയാളെ എന്ത് പറഞ്ഞാശ്വസിപ്പിക്കും. 

അയാളോട് കുറച്ചു മുമ്പ് പറഞ്ഞ വാചകം ഒന്ന് കൂടി സ്വയം പറഞ്ഞു. ബി പോസിറ്റീവ്.

ആ ലിസ്റ്റിലൂടെ കണ്ണുകൾ കീഴോട്ട് പരതി. അതാ, അയാളുടെ നമ്പർ.

ഞാനാ നമ്പർ ഉച്ചത്തിൽ പറഞ്ഞതും, കേൾക്കാൻ കൊതിച്ചതെന്തോ അത് കേട്ട്, വിശ്വാസം വരാതെ അയാളും ഒന്ന് കൂടി നോക്കി ഉറപ്പുവരുത്തി കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.. താങ്ക് യൂ സാർ... സാർ, അങ്ങാണെന്റെ ഭാഗ്യതാരകം !  ഇത്രയും വലിയൊരു പരീക്ഷയിൽ  എന്നെ ജയിപ്പിച്ചത് അങ്ങയെപ്പോലുള്ള നല്ല മനുഷ്യരുടെ നന്മ നിറഞ്ഞ മനസ്സാണ്. 

പിന്നെയും അയാൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു... ഒടുവിൽ അയാൾ ശാന്തനായപ്പോൾ പതുക്കെ അയാളെ അടർത്തിമാറ്റി കൈകൊടുത്തുകൊണ്ട് അഭിനന്ദനങ്ങൾ അറിയിച്ച ശേഷം  ഞാൻ പറഞ്ഞു. നോക്കൂ, നിന്റെ അച്ഛനമ്മമാരെ ഈ വിവരം അറിയിക്കേണ്ട, അവരെ വിളിച്ച് പറയൂ. അവരല്ലേ ഇതിലേറ്റവും സന്തോഷിക്കുക.

പക്ഷെ, അയാളതൊന്നും ചെയ്തില്ല. അയാൾ പതുക്കെ നിലത്ത് കാലുകളിൽ മുഖമമർത്തി കുമ്പിട്ടിരുന്നു,    അയാളുടെ കവിളുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി..

അയാളോട്  അപ്പോൾ എന്ത് പറയണമെന്നറിയില്ലായിരുന്നു. എങ്കിലും പറഞ്ഞു.  ഏകലവ്യ, ലുക്ക്.. ഇത് സന്തോഷിക്കേണ്ട സമയമല്ലേ. കമോൺ, ഗെറ്റ് അപ്..  

അയാൾ പതുക്കെ എണീറ്റു നിന്ന് കൊണ്ട് പറഞ്ഞു.  സാർ, കുറച്ചു നേരം എന്നോട് ഒന്നും ചോദിക്കരുത്. സാറനുവദിക്കുമെങ്കിൽ ഞാനൊന്ന് കുളിച്ചോട്ടെ. 

ശരി ഏകലവ്യ,   താനൊന്ന് കുളിച്ച് ഫ്രഷ് ആയി വരൂ. എന്നിട്ട് നമുക്ക് സംസാരിക്കാം. A big കോൺഗ്രാറ്റ്ലഷൻസ് ടു യൂ..  

ഒരിക്കൽ കൂടി ഞാനയാളെ അഭിനന്ദിച്ചു.

അയാളിൽ നിന്നും പലതുമറിയാനുണ്ട്. പലതും ചോദിക്കണമെന്നുണ്ട്. അതിനായി എന്റെ മനസ്സ് തിടുക്കം കൂട്ടി. പക്ഷെ അയാളുടെ അപ്പോളത്തെ അവസ്ഥയിൽ ഞാൻ സംയമനം പാലിച്ചു.

നന്ദി പറഞ്ഞു കൊണ്ട് അയാൾ നേരെ കുളിമുറിയിലേക്ക് കയറി. അവിടെ നിന്നായാൾ പൊട്ടിപ്പൊട്ടിക്കരയുകയാണെന്ന് കുളിമുറിയിൽ നിന്നുമെത്തിയ ഏങ്ങലടികളിൽ നിന്നും ഞാനൂഹിച്ചു. ചില സന്തോഷങ്ങളിങ്ങനെയാണല്ലോ, അവ നമ്മെ സങ്കടങ്ങളെക്കാൾ കരയിപ്പിക്കും.

അയാളുടെ മനസ്സിലൂടെ അപ്പോൾ കടന്നു പോയിക്കൊണ്ടിരുന്ന വികാരവിചാരങ്ങൾ എന്തൊക്കെയെന്ന് എനിക്കൂഹിക്കാനായില്ല. കാരണം, അയാളെക്കുറിച്ചെനിക്കൊന്നുമറിയില്ലായിരുന്നു. ആ വികാരത്തള്ളലിന്റെ പൊള്ളിപ്പനിക്കലിൽ   നിന്നും അയാൾ ശമിക്കട്ടെ, എന്നിട്ടാവാം എല്ലാം ചോദിച്ചു മനസ്സിലാക്കൽ. ഞാൻ കാത്തിരുന്നു.

കുറച്ചേറെ സമയമെടുത്താണ് അയാൾ കുളിച്ചെത്തിയത്. ഇത്രയും നേരം തീർച്ചയായും അയാൾ കുളിക്കുകയായിരുന്നില്ലെന്ന് വ്യക്തം. പക്ഷെ, അയാളുടെ പനിക്കുളിരടങ്ങിയെന്ന് ആ  മുഖവും ചിരിയും വ്യക്തമാക്കി.   

“ഏകലവ്യ, നീ ഇരിക്ക്”. അപ്പോൾ, ആദ്യമായി ആ മനുഷ്യനോട് എനിക്ക് അത് വരെ തോന്നാത്തൊരു ആദരവ് തോന്നി. മറ്റുള്ളവരെ നാം എത്ര നിസ്സാരരായാണ് കാണുന്നതെന്ന ചിന്ത ഒരു നിമിഷം എന്നെ ലജ്ജിപ്പിച്ചു.

സർ, ഇന്നത്തെ ഡിന്നർ എന്റെ വക ട്രീറ്റ്. നമുക്ക് പുറത്തു പോകാം. 

നോ.. ഞാൻ നിനക്കാണ് ട്രീറ്റ് തരേണ്ടത്. 

അല്ല.. സാർ. ഇത്രയെങ്കിലും എന്നെ ചെയ്യാനനുവദിക്കൂ

ഒടുവിൽ, ഏറെ തർക്കിക്കാതെ, ശരിയെന്ന് പറഞ്ഞ് ഞാനയാളോടൊപ്പം പുറത്തേക്കിറങ്ങി.

സർ, എന്റെ സ്‌കൂട്ടറിൽ കയറാമോ, അതോ നമുക്ക് ടാക്സി വിളിക്കണോ. 

“വേണ്ട, ഏകലവ്യയുടെ കൂടെത്തന്നെ വരാം”.  പുറത്തെ തണുപ്പിനെ അവഗണിച്ചും ഞാൻ അയാൾക്കൊപ്പം പോവാൻ തീരുമാനിച്ചു.

അയാളെന്നെ കുറച്ചകലെയായുള്ള ഏതോ ഒരു നല്ല റെസ്റ്റോറന്റിലേക്ക് ആനയിച്ചു.

രണ്ടുപേർക്കിരിക്കാവുന്ന ഒരു ടേബിളിൽ അഭിമുഖമായി ഞങ്ങളിരുന്നു.

ആദ്യമായി, അയാൾക്ക് കൈ കൊടുത്തു കൊണ്ട് ഞാൻ ഒന്ന് കൂടി വിഷ് ചെയ്തു. അയാളെക്കുറിച്ചറിയാൻ എനിക്ക് ധൃതിയായിരുന്നു. 

എന്താണ് താൻ ഇത് വരെയും അച്ഛനെയോ അമ്മയെയോ ഈ സന്തോഷ വാർത്ത അറിയിക്കാഞ്ഞത് ?

“സാർ, അവർക്കൊന്നും ഇതിനെപ്പറ്റി പറഞ്ഞാൽ മനസ്സിലാകുന്നവരല്ല. വാസ്തവത്തിൽ സാറിന് പോലും ഞാനെഴുതിയ പരീക്ഷ എന്താണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്.. ” 

അയാൾ എന്നെ മനസ്സിലാക്കിയിരിക്കുന്നു. അതെയെന്ന് ഞാൻ പറഞ്ഞില്ല.

ഞാൻ പറഞ്ഞു, ക്ഷമിക്കണം. തന്നോട് നേരത്തെ ഇക്കാര്യങ്ങൾ ചോദിക്കാതിരുന്നതിന്… 

സാരമില്ല സാർ.. അതിന് ഞാൻ കൂടി തെറ്റുകാരനാണല്ലോ. ഞാനെവിടെയാണ് താങ്കളോട് ഏത് പരീക്ഷയെഴുതാനാണ് പോകുന്നതെന്ന് പറഞ്ഞത്. 

അയാൾ തുടർന്നു.. ഉത്തർ പ്രദേശിലെ ധീമി എന്നൊരു ചെറു ഗ്രാമത്തിലാണ് എന്റെ വീട്. അച്ഛനും അമ്മയും ഒരു ജേഷ്ഠനും അടങ്ങുന്ന കുടുംബം.  എന്റെ സർനെയിം സാർ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. നിഷാദരാണ് ഞങ്ങൾ. അച്ഛൻ മീൻപിടുത്തക്കാരനും അമ്മ നാട്ടിലെ ചെറു കൂലിപ്പണികൾ  ചെയ്യുന്നവളും. പത്താം തരത്തിൽ 99% മാർക്ക് കിട്ടിയിട്ടും, പ്ലസ് ടുവിന് നല്ല മാർക്ക് കിട്ടിയിട്ടും  നീയെന്തേ BBAക്ക് ചേർന്നതെന്ന് അന്ന് സാർ ചോദിച്ചില്ലേ. അന്നൊന്നും ആരും അങ്ങിനെയുള്ള വഴികൾ  പറഞ്ഞു തരാനുണ്ടായിരുന്നില്ല. അച്ഛന് ഞാൻ പഠിക്കണമെന്ന് പോലും ഇല്ല. ജേഷ്ഠനും മീൻപിടിത്തമാണ് ജോലി. എന്ത് കൊണ്ട് അദ്ദേഹത്തിന്റെ കൂടെ മീൻ പിടിക്കാൻ ചെല്ലാത്തതെന്നാണ്  അമ്മയോട് ഇപ്പോഴും അച്ഛൻ ദേഷ്യത്തോടെ ചോദിക്കുന്നത്. ഞാൻ കോളേജിൽ ചേർന്നത് മുതൽ എന്നോട് മിണ്ടിയിട്ടില്ല. നമ്മളൊന്നും പഠിച്ചിട്ടും ഒന്നുമാവില്ല, നമുക്കൊക്കെ വിധിച്ചത് ചെയ്ത് കൊണ്ട് ജീവിക്കുക എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പത്താം തരം കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് ആ കാഴ്ചപ്പാടിനോടുള്ള സമരം. അതിനിയും തീർന്നിട്ടില്ല സാർ. അതിൽ ജയിച്ചു കഴിഞ്ഞിട്ടേ ഞാൻ അവരോടൊക്കെ ഇക്കാര്യം പറയൂ. എന്റെ ഗ്രാമത്തിലെ ആർക്കും അറിയില്ല ഞാനിങ്ങനെ ഒരു പരീക്ഷ എഴുതുന്നതോ ഒന്നും. എനിക്കവരോടൊന്നും വിരോധമില്ല. അറിവില്ലായ്മകൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടുമാണ്  അവരങ്ങിനെയാവുന്നത്.

ഇപ്പോൾ എനിക്കയാളോടുള്ള ആദരവ് ഒന്ന് കൂടി വലുതായി. ഞാൻ ചോദിച്ചു. അപ്പോൾ എങ്ങിനെ നീ ഡൽഹിയിൽ എത്തി. ഈ പരീക്ഷക്ക് തയ്യാറെടുത്തു. കോച്ചിങ് ക്‌ളാസുകളുടെ ഫീസൊക്കെ നിനക്ക് താങ്ങുമോ? അയാൾക്ക് ഒരു മാസം ഞങ്ങൾ കൊടുക്കുന്ന ശമ്പളം എന്താണെന്ന് ഓർത്തുകൊണ്ടാണ് ഞാനത് ചോദിച്ചത്.

കൂലിപ്പണിക്കാർക്ക് പോലും തൊഴിലില്ലാത്ത അവസ്ഥയാണ് ഗ്രാമങ്ങളിൽ. ബിരുദം പൂർത്തിയാക്കിയപ്പോൾ  അവരിലൊരാളായി ഞാനും ഈ നഗരത്തിലേക്ക് കുടിയേറി. ആദ്യകാലങ്ങളിൽ അവരുടെയൊക്കെ ഒപ്പമായിരുന്നു താമസം. പിന്നീടൊരു ജോലിയായപ്പോൾ ഇത്തരം UPSC മോഹവുമായി ജീവിക്കുന്ന കുറച്ച് പേരെ കണ്ടുമുട്ടി. പതുക്കെ താമസം അവരുടെ കൂടെയാക്കി.

UPSC എന്നൊരു മോഹം എന്നാണ് നിന്നിൽ അങ്കുരിക്കുന്നത്. ഞാൻ ചോദിച്ചു.

UPSC എന്ന മോഹമൊക്കെ ഡൽഹിയിൽ എത്തിയ ശേഷം മാത്രം. പത്താം തരം പാസായപ്പോൾ മുതൽ ഒരു എയ്റോനോട്ടിക്കൽ എൻജിനിയർ ആവണമെന്നതായിരുന്നു എന്റെ മോഹം. മീൻപിടുത്തക്കാരന്റെ മകന് അങ്ങിനെയൊക്കെ മോഹിക്കാമോ എന്നറിയില്ലായിരുന്നു. ഉയരങ്ങളിലൂടെ പറന്നു പോകുന്ന വിമാനം എന്നും എന്റെ അത്ഭുതക്കാഴ്ചയായിരുന്നു. ആ ആകാശക്കാഴ്ചയിലേക്ക് ചിറക് വിടർത്തിപ്പറക്കാനുള്ള സാഹചര്യമല്ല എന്റേതെന്നും ബോധ്യമുണ്ടായിരുന്നു. അങ്ങിനെയൊരു മോഹം പറയാൻ പോലും എനിക്ക് ചുറ്റും ആരുമുണ്ടായിരുന്നില്ല. സ്‌കൂളിലെ അദ്ധ്യാപകർ പോലും എന്റെ വീട്ടിലെ അവസ്‌ഥ മനസ്സിലാക്കിയിട്ടാവണം, എന്നെ ഉപദേശിച്ചത് ഡിഗ്രി പൂർത്തിയാക്കി ഒരു സർക്കാരി നൗകരിയിൽ കയറിപ്പറ്റാനായിരുന്നു.   

പിന്നെങ്ങനെയാണ് UPSCയിലേക്ക് തിരിയുന്നത് ?

ഞാൻ സ്വപ്നം കണ്ട എന്റെ മേഖലയിലേക്ക് എത്തിപ്പെടണമെങ്കിൽ എന്നെപ്പോലൊരു ജീവിത സാഹചര്യമുള്ളവന് പറ്റാത്ത കാര്യമാണെന്ന് കുറച്ചു കൂടി വലുതായപ്പോൾ നല്ലപോലെ ബോധ്യമായി. അങ്ങിനെ ദില്ലിയിലെത്തി ഒരു ജോലി കിട്ടി നാലഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് യദൃച്ഛയാ  UPSC പരീക്ഷക്ക് തയ്യാറെടുക്കുന്ന ഒരാളെ ഞാൻ പരിചയപ്പെടുന്നത്. അത് പിന്നീട് സൗഹൃദത്തിലേക്കും അവരുടെ കൂട്ടായ്മയിലേക്കും എത്തിച്ചു.

നഗരത്തിലൊരു ജോലി കിട്ടിക്കഴിഞ്ഞ ഏതൊരു നാട്ടുമ്പുറത്തുകാരന്റെയും ആഗ്രഹമായിരിക്കും തന്റെ മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുക എന്നത്.  അച്ഛനും അമ്മയ്ക്കും പൈസ അയച്ചു കൊടുക്കാറുണ്ടോ. ഞാൻ ചോദിച്ചു.

ഇല്ല സാർ. ഇപ്പോളെനിക്ക് വേണമെന്ന് വെച്ചാലും വളരെച്ചെറിയ തുകയെ അയക്കാനാവൂ. അത് കൊണ്ട് തന്നെ അങ്ങനെയൊന്ന് തുടങ്ങിയിട്ടില്ല.  നാട് വിട്ടിട്ട് 14 വർഷമായി. ഇന്നേ വരെ ഒരിക്കൽ പോലും ഞാനെന്റെ നാട്ടിലേക്ക് പോവുകയോ അവരെ കാണുകയോ ചെയ്തിട്ടില്ല. അവരോടൊന്നും സ്നേഹമില്ലാഞ്ഞിട്ടല്ല. വല്ലപ്പോഴും വിളിക്കുമ്പോൾ 'അമ്മ ചോദിക്കും, നീയെന്നാണ് നാട്ടിലേക്ക് വരുന്നതെന്ന്, പൈസ വല്ലതും ഇങ്ങോട്ട് വേണോ എന്ന്. വേഗം വരാമെന്നും പൈസയൊന്നും  വേണ്ടെന്നും  പറയും. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഈ പരീക്ഷയിൽ ജയിച്ച് ഒരുദ്യോഗമെന്നത്. അത് നേടിയിട്ട് വേണം അവരെയൊക്കെയൊന്ന് കാണാൻ,  അവർക്കൊക്കെ ഒരു സഹായമാവാൻ. 

അയാളുടെ ഇച്ഛാശക്തിയെ മനസാ നമിച്ചു കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു. അപ്പോൾ ഈ കോച്ചിങ് ക്‌ളാസിനൊക്കെ നല്ല ഫീസാവില്ലേ? എവിടെയാണ് നീ പഠിച്ചത്.

അയാളെന്നെ പിന്നെയും ഞെട്ടിച്ചു. ഇല്ല സാർ, ഞാൻ പറഞ്ഞില്ലേ UPSC മോഹവുമായി ജീവിക്കുന്ന കുറച്ച്  പേരെന്ന്. അവരാണ് എന്റെ ഗുരുക്കന്മാർ. ഞങ്ങളോരോരുത്തരും പരസ്പരം വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ്.  അവരിൽ ചിലർ മുമ്പ് കോച്ചിങ് ക്‌ളാസിന്  പോയവരുണ്ട്. വർഷങ്ങളായി പയറ്റുന്നവർ. അവരോടെനിക്ക് കടപ്പാടുണ്ട്. അവരെ വിളിച്ച് പറയണം. ചിലപ്പോളവർ നോക്കിയിരിക്കാം. എന്റെ റിസൾട്ട് കണ്ടിരിക്കാം. എന്നെ വിളിച്ചിരിക്കാം. ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചത് കാരണം അവർക്കെന്നെ കിട്ടിയിട്ടുണ്ടാവില്ല.

വർഷങ്ങളായി പയറ്റുന്നവർ എന്നത് കേട്ട് ഞാൻ ചോദിച്ചു. ഇത് എത്രാമത്തെ തവണയാണ് എഴുതുന്നത്?

സാർ, ഞാൻ ആദ്യമായാണ് എഴുതുന്നത്. ഈയിടെയാണ് എനിക്ക് ഇതിനുള്ള ധൈര്യം വന്നത്. ആ ധൈര്യം സംഭരിക്കാൻ പത്ത് വർഷത്തോളമെടുത്തു. ഇനി ഒരു വർഷം കൂടി പിന്നിട്ടാൽ പിന്നെ എനിക്കെഴുതാൻ പറ്റില്ലെന്ന തിരിച്ചറിവാണ് ഒടുവിൽ ആ ധൈര്യം തന്നത്. ഒന്ന് രണ്ട് വട്ടം ഫീസടച്ച് പരീക്ഷ എഴുതാതിരുന്നിട്ടുമുണ്ട്.

ഏകലവ്യ എന്നെ പിന്നെയും ഞെട്ടിച്ചു. UPSC എന്ന മഹാ കടമ്പ, അതും ആദ്യ തവണ തന്നെ കൈപ്പിടിയിലൊതുക്കുക. ഒരു കോച്ചിങ് ക്‌ളാസിലും ചേരാതെ. ഒരു കാര്യം എനിക്കുറപ്പായി. എന്റെ മുമ്പിലുള്ളത് വെറുമൊരു നിഷാദ ബാലനല്ല. അവൻ പെരുവിരൽ ദക്ഷിണയായി നൽകിയ ഏകലവ്യനെക്കാൾ, എല്ലാം ത്യജിച്ച്  ജീവിതവിജയത്തിലേക്ക് അമ്പെയ്യാനറിയുന്നവനാണ്. മനക്കരുത്തുള്ളവനാണ്.

അപ്പോളാണ് ഞങ്ങളുടെ അടുത്തേക്ക് വെയിറ്റർ മെനു കാർഡുമായി എത്തുന്നത്. ആ മെനു കാർഡ് എടുത്തു മറിച്ചു കൊണ്ട് അവൻ ചോദിക്കുമ്പോൾ ഞാനൊരു കാര്യം ശ്രദ്ധിച്ചു, മുമ്പ് അവന് കൈ കൊടുത്തപ്പോൾ ശ്രദ്ധിക്കാത്ത ഒരു കാര്യം. ഈ ഏകലവ്യന്റെയും പെരുവിരൽ കാണുന്നില്ല, അതും വലതു കയ്യിലെ.

നിന്റെ വിരലിനെന്തു പറ്റി, പഴയ കഥയെ കൂട്ടിവായിക്കാതെ തന്നെ ഞാൻ നേരെ ചൊവ്വെ  ചോദിച്ചു. 

“ഓ.. അത് പണ്ട് അച്ഛന്റെ കൂടെയൊരിക്കൽ മീൻ പിടിക്കാൻ പോയപ്പോൾ രണ്ടു വള്ളങ്ങൾക്കിടയിൽ കൈ കുടുങ്ങി മുറിഞ്ഞു പോയതാണ്. ബട്ട്, സർ ഐ ആം എ ലെഫ്റ്റി ആൻഡ് നോട് ആൻ ആർച്ചർ”. എന്റെ ചോദ്യത്തിലെ അന്തരാർത്ഥം അറിഞ്ഞെന്ന പോലെ അവൻ കൂട്ടിച്ചേർത്തു.

സാർ, താങ്കൾ ഡ്രിങ്ക്സ് കഴിക്കില്ലേ.. ഇന്നെനിക്കാഘോഷിക്കണം.

ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു. സാരമില്ല. നീ കഴിച്ചോ. നിന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ളാദകരമായ ഒരു ദിവസമാണിന്ന്. അത് നിനക്കിഷ്ടമുള്ള പോലെ ആഘോഷിച്ചോളൂ. 

സോറി സാർ.. ഞാനറിഞ്ഞിരുന്നില്ല താങ്കൾ കഴിക്കില്ലെന്ന്. ഞങ്ങളൊക്കെ പരമ്പരാഗതമായി ആഘോഷവേളകളിൽ മദ്യം കഴിക്കുന്നവരാണ്. അത്തരത്തിൽ ആഘോഷവേളകളിൽ മാത്രം കഴിക്കുന്ന ഒരാളാണ് ഞാനും. ഏതായാലും ഇന്ന് ഞാൻ ബിയർ മാത്രമേ കഴിക്കുന്നുള്ളൂ. സാറിനും കൂടി ഒരെണ്ണം പറയട്ടെ.. എനിക്ക് വേണ്ടി..

അവന്റെ സ്നേഹനിർബന്ധത്തിന്  മുമ്പിൽ മറുത്തൊന്നും പറയാൻ തോന്നിയില്ല. 

ശരി സാർ.. ഇനി ഞാനെന്റെ കൂട്ടുകാരോട് പറയട്ടെ. അവരൊക്കെ എന്നോട് ദേഷ്യപ്പെട്ടിരിക്കുകയാവാം എന്ന് പറഞ്ഞു കൊണ്ട് തന്റെ ഫോൺ ഓണാക്കി.

അപ്പോഴേക്കും അത് റിങ് ചെയ്തു. ആ ഫോൺ ചെവിയിലേക്കടുപ്പിച്ചു കൊണ്ട്, എന്നെ ശല്യം ചെയ്യേണ്ടെന്ന് കരുതിയാവണം  അയാൾ പുറത്തേക്ക് കടന്നു. നന്ദി വാചകങ്ങളും പരിദേവനങ്ങളും ആണ് അവയിലെന്ന്  അയാളുടെ മുഖഭാവത്തിൽ നിന്നും ഞാൻ വായിച്ചെടുത്തു.   

തിരിച്ചെത്തിയ ഏകലവ്യയുടെ മുഖം വീണ്ടും മ്ലാനമായത് ഞാൻ ശ്രദ്ധിച്ചു. 

എന്ത് പറ്റി, ഞാൻ ചോദിച്ചു.

ഒന്നുമില്ല സാർ. അവരാരും പാസായില്ല. ഞാൻ ജയിച്ചുവെന്ന ആഹ്ളാദത്തിമിർപ്പിൽ അവരുടെയൊന്നും നമ്പർ പോലും നോക്കാൻ ഞാൻ മിനക്കെട്ടിരുന്നില്ല. ഞാനെന്തൊരു നന്ദികെട്ടവനാണ്.

സാരമില്ല, വിഷമിക്കേണ്ട. ഇത്തരം പരീക്ഷകൾ നമ്മുടെയൊക്കെ ബുദ്ധിശക്തിക്കുമപ്പുറം ഭാഗ്യനിർഭാഗ്യങ്ങളുടെ കൂടെ കളിയരങ്ങാണ്.   വേക്കൻസികൾ കുറവും അപേക്ഷകർ കൂടുതലുമാവുമ്പോൾ നിർഭാഗ്യവാന്മാരായിരിക്കും കൂടുതലും.

തല്ക്കാലം അതൊന്നും ചിന്തിക്കാതെ നീ അടുത്ത ഘട്ടത്തിലേക്കുള്ള പഠനം തുടരുക. വൈവയിൽ നന്നായി പെർഫോം ചെയ്യുക. - അയാളെ ഞാൻ ആശ്വസിപ്പിച്ചു.

ശരി സർ എന്ന് പറഞ്ഞു കൊണ്ട് അവൻ ബിയർ ഗ്ലാസുയർത്തി ചീയേഴ്സ് പറഞ്ഞു. ഞാനും ആ ആഘോഷത്തിൽ നിശബ്ദമായി പങ്കുചേർന്നു. പിന്നീടയാൾ ഏറെയൊന്നും സംസാരിച്ചില്ല. ഞാനും ചോദ്യങ്ങൾ ചോദിച്ചയാളെ ബുദ്ധിമുട്ടിച്ചില്ല.

അന്നത്തെ അത്താഴം കഴിഞ്ഞ് അയാൾ എന്നെ വീണ്ടും ഹോട്ടലിൽ കൊണ്ടുവന്നാക്കി, ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് വിട വാങ്ങി.

മുംബൈയിൽ തിരിച്ചെത്തിയ ഞാൻ വീണ്ടും ഓഫീസ് തിരക്കുകളിലേക്ക് ആണ്ടിറങ്ങി. ഏകലവ്യയുടെ വൈവക്ക് സമയം പിടിക്കുമെന്നയാൾ അന്ന് പറഞ്ഞിരുന്നു. പോകെപ്പോകെ ഞാനാ കഥയൊക്കെ മറന്നു. അല്ലെങ്കിലും നമ്മുടെയൊക്കെ കരുതലുംം കരുണയും സഹജീവി സ്നേഹവും അടുത്തു കാണുമ്പോൾ മാത്രമുള്ളതാണല്ലോ. അവിടം വിടുന്ന  നിമിഷം നാമതൊക്കെ സൗകര്യപൂർവ്വം മറക്കും.

ഒരു മാസം മുമ്പ് അയാൾ ഒരു ഓഫീസ് ആവശ്യത്തിനായി വീണ്ടും വിളിച്ചു. അപ്പോളാണ് ഞാൻ അയാളെപ്പറ്റി വീണ്ടുമോർത്തത്.

കുശലാന്വേഷണങ്ങൾക്കപ്പുറം ഞാൻ ചോദിച്ചു. എന്തായി ഏകലവ്യ തന്റെ വൈവ. എന്നാണത്. 

സാർ, അതൊക്കെ എന്നേ  കഴിഞ്ഞു. അതിലെനിക്ക് പെർഫോം ചെയ്യാനായില്ല. 

ഓഹോ, ഐ ആം സൊ സോറി റ്റു  ഹിയർ ദിസ്. 

 ദാറ്റ്സ് ഓക്കേ സാർ... ലീവ് ഇറ്റ്.. എന്ന് പറഞ്ഞു കൊണ്ട് അയാൾ വിളിച്ച കാര്യത്തിലേക്ക് കടന്നു. 

അയാളുടെ വാക്കുകളിൽ വിഷമത്തിന്റെ ഒരു ചെറു കണിക പോലും ഉണ്ടായിരുന്നില്ലെന്നത് ഞാൻ ശ്രദ്ധിച്ചു. ചിലപ്പോളയാൾ യഥാർഥ്യത്തിന്റെ തിരിച്ചറിവിൽ  അതിനെ മറികടന്നിരിക്കാം.

സാർ, എനിക്ക് വേറെ നല്ലൊരു ജോലി കിട്ടിയിട്ടുണ്ട്. അതിനെനിക്കാ പരീക്ഷ സഹായിച്ചു. ഈ മാസം ഒടുവിൽ ഞാൻ പുതിയ ജോലിയിൽ ചേരും. സാറിന്റെ അനുഗ്രഹം ഉണ്ടാവണം.

ഏകലവ്യ.. അനുഗ്രഹിക്കാൻ ഞാനാര്.  (പിന്നീട് നിന്നെയൊന്ന് ഓർക്കാൻ പോലും മിനക്കെടാത്ത ഞാനോ എന്ന് അയാളോട് ചോദിച്ചില്ല). നിനക്ക് നല്ലത് വരട്ടെ എന്ന് മാത്രം പറഞ്ഞ് ഞങ്ങൾ ഫോൺ വെച്ചു.

ഞാനൊരിക്കലും അയാളുടെ ഭാഗ്യതാരകമല്ലായിരുന്നെന്ന്  അയാളെന്നോട് പറഞ്ഞില്ല. 

സ്വല്പം വൈകിയാണെങ്കിലും അതെനിക്ക് ബോധ്യമായി.

--

അഭിപ്രായങ്ങളൊന്നുമില്ല:

ഭാഗ്യതാരകം

  -മുരളി വട്ടേനാട്ട്   ഡൽഹി ഓഫീസിലെ അക്കൗണ്ട്സ്-കം അഡ്മിൻ എക്സിക്യൂട്ടീവ്   ഏകലവ്യ    ആദ്യമായി   ഒരു വർഷം മുമ്പാണ്    എന്നെ വിളിക്കുന്...