2026 മാർച്ച് 7, ശനിയാഴ്‌ച

ഇരുണ്ട ഓക്സിജൻ - ശാസ്ത്രകുതൂഹലങ്ങളുമായൊരു പുസ്തകം



ഞാനൊരു ശാസ്ത്രകുതുകിയല്ല.പഠനകാലത്ത് ഭൗതികശാസ്ത്രം, രസതന്ത്രം  പോലുള്ള വിഷയങ്ങളെ പേടിയുമായിരുന്നു. ഏഴാം തരത്തിൽ പഠിക്കുന്ന സമയത്ത് അച്ഛൻ ജോലി ചെയ്തിരുന്ന വിക്ടോറിയ കോളേജിലെ കെമിസ്ട്രി ലാബിലേക്ക് കൊണ്ടുപോയി ഒരു ദിവസം മുഴുവൻ ആ ലാബും പരിസരവും അവിടത്തെ വിദ്യാർത്ഥികളുടെ പരീക്ഷണങ്ങളും അടുത്തു കണ്ടിട്ടുണ്ടെന്നാലും അതൊന്നും എന്റെ കൗതുകത്തിന് ത്വരകമായില്ല.  ഗതികോർജ്ജവും  ആറ്റവും എത്ര പഠിച്ചിട്ടും പാസ് മാർക്കിനപ്പുറം ഗതികിട്ടാനുപകരിച്ചില്ല. അത് കൊണ്ട് തന്നെ പത്താം തരം പാസായപ്പോൾ കൊമേഴ്‌സ് എന്നതിനപ്പുറം ഒരു ചിന്തയേ ഉണ്ടായില്ല.

പഠനകാലത്ത് വല്ലപ്പോഴും യുറേക്ക പോലുള്ള പുസ്തകങ്ങൾ വായിക്കുമായിരുന്നെങ്കിലും അതൊരു ഹരമൊന്നും ആയിരുന്നില്ല.

പക്ഷെ ഈയിടെ സുഹൃത്ത് ശ്രീപ്രസാദ്‌ വടക്കേപ്പാട്ട് പ്രസിദ്ധീകരിച്ച ഇരുണ്ട ഓക്സിജൻ എന്ന അദ്ദേഹത്തിന്റെ പുതിയ ശാസ്ത്രപുസ്തകം അദ്ദേഹത്തിന്റെ സ്നേഹാഭ്യർത്ഥന കൊണ്ട് വാങ്ങിക്കുകയുണ്ടായി. അതിലെ ചില ലേഖനങ്ങൾ മുമ്പ് പലപ്പോഴായി  അദ്ദേഹത്തിന്റെ FB ഷെയറിലൂടെ വായിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പുസ്തകം എന്നിലെ ശാസ്ത്ര കുതൂഹലത്തെ ഉണർത്താനുപകരിച്ചു എന്നത് സത്യമാണ്. ഒട്ടും മടുപ്പില്ലാതെ കൗതുകപൂർവ്വമാണ് ആ പുസ്തകം മുഴുവൻ ഞാൻ വായിച്ചു തീർത്തത്. വിവിധ ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 18ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം.

പ്രകാശമലിനീകരണം, സമുദ്ര മാലിന്യസംരക്ഷണം, ന്യുക്ലിയർ പദ്ധതികൾ എങ്ങിനെ മനുഷ്യോപകാരപ്രദമാക്കി ഉപയോഗിക്കാം  തുടങ്ങി വൈവിദ്ധ്യമാർന്ന ലേഖനങ്ങൾ.

ഇതിലൂടെ നാം നിത്യവും അടുത്തറിയുന്ന പലകാര്യങ്ങളിലും നമുക്കുള്ള അറിവില്ലായ്‍മ മാറാനുപകരിച്ചതിനോടൊപ്പം പുതിയ പല  സാങ്കേതിക പദങ്ങളുടെയും അർത്ഥം മനസ്സിലാക്കാനും സാധിച്ചുവെന്നതും പ്രത്യേകം പരാമർശിക്കേണ്ടതാണ്.

ഉദാ: എന്താണ് ആകാശ ദീപ്തി(sky glow), ജീവജാലങ്ങളിലുള്ള ജൈവ ഘടികാരം(Circadian Rhythm), ഉറങ്ങാനുപകരിക്കുന്ന മെലാടോണിൻ എന്ന ഹോർമോൺ എന്നിവയെക്കുറിച്ചൊക്കെ മനസ്സിലാക്കാൻ സാധിച്ചു.

ഇരുണ്ട ഓക്സിജൻ എന്ന കടലിന്നടിയിലെ ഇരുട്ടിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിജൻ, ഭൂമിക്കടിയിലെ ഇരുണ്ട സാഹചര്യങ്ങളിൽ ജീവിക്കുന്ന പാതാള മത്സ്യങ്ങൾ, കടലിനടിയിലെ കെൽപ്പ് വനങ്ങൾ, നമ്മുടെ ഭക്ഷണശീലത്തിലെ ഒഴിച്ചുകൂടാനാവാത്ത കായം ഇന്ത്യയിലെത്തിയ കഥ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങി ഒട്ടേറെ കൗതുകങ്ങൾ   ഈ ശാസ്ത്രപുസ്തകത്തിൽ നിറച്ചുവെച്ചിട്ടുണ്ട്.  ഇതിനെയൊരു ബാലസാഹിത്യകൃതിയായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതെ ഏത് സ്‌കൂൾ വിദ്യാർത്ഥിക്കും വായിച്ചു മനസ്സിലാക്കാൻ പാകത്തിലുള്ള ഭാഷയും ആഖ്യാനരീതിയുമാണ് ഈ പുസ്തകത്തെ ആകര്ഷകമാക്കുന്നത്.

വിശാലഹൃദയർ എന്ന് നാം പൊതുവെ ഉപയോഗിക്കുന്ന സംജ്ഞ,  അതെ അർത്ഥത്തിലുള്ള ഒരു ജീവിയുണ്ട്, നീലത്തിമിംഗലം. 200 കിലോ ഭാരവും ഒരു കാറിന്റെ വലിപ്പവുമുള്ള ഹൃദയമുള്ള ജീവിയുടെ ഹൃദയത്തെക്കുറിച്ചും ശ്വസനരീതികളെക്കുറിച്ചും വളരെ വിശദവും രസകരവുമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.

മലയാളിയുടെ  ഏറ്റവും പ്രിയപ്പെട്ട ചക്ക ശ്രീലങ്കയുടെയും ബംഗ്ളാദേശിന്റെയും ദേശീയ ഫലമാണെന്ന അറിവും എനിക്ക് പുതിയതായിരുന്നു.

ഇരുണ്ട ഓക്സിജൻ എന്ന ഈ പുസ്തകം സ്‌കൂൾ വിദ്യാർത്ഥികൾക്കും വലിയവർക്കും ഒരുപോലെ ഉപകാരപ്രദമാണെന്ന് നിസ്സംശയം പറയാം.

സ്‌കൂൾ ലൈബ്രറികളിലേക്ക് കൂടി ഈ പുസ്തകം എത്തുകയും ഏറെ വായിക്കപ്പെടുകയും ചെയ്യട്ടെ എന്നാശംസിക്കുന്നു.

ഇരുണ്ട ഓക്സിജൻ

ലേഖകൻ: ശ്രീപ്രസാദ്‌ വടക്കേപ്പാട്ട്

പ്രസാധകർ: പേപ്പർ പബ്ലിക്ക

വില: 190 രൂപ


 

 

2026 മാർച്ച് 1, ഞായറാഴ്‌ച

കമ്പിളികണ്ടത്തെ കൽഭരണികൾ


കമ്പിളികണ്ടത്തെ കൽഭരണികൾ മിനിഞ്ഞാന്ന് വൈകുന്നേരമാണ് മുംബൈയിലെ പുസ്തകവില്പനക്കാരനും പുത്തൻ പുസ്തകങ്ങളുടെ ലൈബ്രറിയുമായ രാമദാസ് എത്തിച്ചു തന്നത്. കിട്ടിയ വഴി അതിന്റെ പ്രവേശികയും മുഖവുരയും അവതാരികയും വായിച്ചു വെച്ച് ഉള്ളടക്കം ഒറ്റയിരിപ്പിന് വായിക്കണമെന്ന് കരുതി ഇന്നലേക്ക് മാറ്റിവെച്ചു. ഇന്നലെ രാവിലെ 10 മണിക്ക് കയ്യിലെടുത്ത പുസ്തകം 5 മണിയായപ്പോഴേക്കും  വായന തീർന്നിരുന്നു. ഇത്രയും വേഗത്തിൽ 200പേജുകളുള്ള ഒരു പുസ്‌തകം ഞാൻ വായിച്ചു തീർത്തിട്ടുണ്ടോ എന്ന് എനിക്ക് തന്നെ അറിയില്ല. ഇതിന് മുമ്പ് ജീവിതപ്പാത 3 ദിവസം കൊണ്ട് തീർത്തിട്ടുണ്ട്.

ഇത്രത്തോളം ഹൃദയസ്പർശിയായ ഒരു ഓർമ്മക്കുറിപ്പുകൾ മുമ്പ് വായിച്ചതായി ഓർക്കുന്നില്ല. പല ഭാഗങ്ങളും വിതുമ്പിക്കൊണ്ടും കണ്ണീരണിഞ്ഞുമാണ് വായിച്ചു പോയത്. വായിച്ചു പോകുമ്പോൾ  പലപ്പോഴും അതിലെ ബാബുവിലേക്ക് നമ്മൾ പരകായ പ്രവേശം ചെയ്യും. ഭൂമിശാസ്ത്രപരമായും സാമൂഹ്യവസ്ഥിതി വെച്ചും എന്റെ ബാല്യകാല പരിസരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഭൂമികയിലാണ് ബാബു ജീവിക്കുന്നത്. പക്ഷെ ആ ഭൂമികയോരോന്നും നമ്മുടേത് കൂടിയാണെന്ന് തോന്നും വിധമാണ് ആഖ്യാനം.  ആ അനുഭവങ്ങളോരോന്നും നമ്മളനുഭവിച്ചു തീർക്കുകയാണെന്ന് തോന്നും പടിയാണ്  അവയെഴുതിയിരിക്കുന്നത്.

1976ലെ മാർച്ച് 6നാണ് എന്റെ അച്ഛൻ ഞങ്ങളെ തനിച്ചാക്കി യാത്രയായത്. ബാബു വിവരിക്കുന്ന കാലഘട്ടത്തിനും ഒരു പതിറ്റാണ്ട് മുമ്പ്. അത് കൊണ്ട് തന്നെ അച്ഛനില്ലാത്ത ഒരു കുടുംബത്തിന്റെ അക്കാലത്തെ അവസ്ഥ എന്തായിരിക്കാമെന്ന് പരിപൂർണ്ണ ബോധ്യമുണ്ടെനിക്ക്. ഭാഗ്യത്തിന് ബാബുവിനെപ്പോലെയുള്ള  ഒരവസ്ഥയിലൂടെ എനിക്കോ സഹോദരങ്ങൾക്കോ കടന്നു പോകേണ്ടി വന്നില്ല.  പിതൃസഹോദരി എന്റെ വിദ്യാഭ്യാസം ഏറ്റെടുത്തതിനാലും അമ്മക്ക് കിട്ടിയിരുന്ന  വളരെ തുച്ഛമായ ഫാമിലി പെൻഷനും കൊണ്ട് വിദ്യാഭ്യാസ കാലഘട്ടം  കടന്നു കൂടുവാൻ സാധിച്ചു.

കമ്പിളികണ്ടത്തെ കൽഭരണികൾ വായിക്കുമ്പോൾ പക്ഷെ, ഓരോ നിമിഷവും നന്ദികുന്നേൽ മേരി എന്ന സ്ത്രീയും നാലു മക്കളും ചേർന്ന് നടത്തിയ അതിജീവനത്തിന്റെയും വ്യവസ്ഥിതിയോടുള്ള സമരങ്ങളുടെയും കഥ നമ്മെ അത്ഭുതപ്പെടുത്തും, നൊമ്പരപ്പെടുത്തും, നമുക്കാകാതെ പോയതാണല്ലോ ആ കുടുംബം കൈവരിച്ചതെന്നോർത്ത് അതിശയപ്പെടും.

ഇല്ലായ്മയിലും വല്ലായ്മയിലും ജീവിച്ചു മുന്നേറിയ ബാബു പത്താം തരത്തിൽ പാസായത് രണ്ടാം ക്‌ളാസുകാരനായി. അതിൽ തന്നെ ഇംഗ്ലീഷിന് മാർക്ക് 40%മാത്രം. അവിടന്നങ്ങോട്ട് പിന്നെ പ്രീഡിഗ്രിക്ക് ഒന്നാം റാങ്ക്. എം എ ക്ക് മൂന്നാം റാങ്ക്. കഥകളിലും സിനിമകളിലും മാത്രം നാം കണ്ടിട്ടുള്ള മുഹൂർത്തങ്ങൾ.

അദ്ദേഹം കാലങ്ങളോളം  മനസ്സിന്റെ കൽഭരണികളിൽ അടച്ചുവെച്ച് രൂപാന്തരീകരണം നടത്തിയ   അനുഭവക്കുറിപ്പുകൾക്ക് കൽഭരണികളിലെ പഴകിയ  വീഞ്ഞിനേക്കാൾ വീര്യമുണ്ട്, അനുവാചകഹൃദയദ്രവീകരണ  ശക്തിയുണ്ട്. 

ഇതിൽ അമ്മ, മേരി പറയുന്ന ഒരു വാചകമുണ്ട്. ചുറ്റും വെള്ളം പൊങ്ങുമ്പോൾ നീന്തൽ വശമില്ലെങ്കിൽ പോലും അലമുറയിടാതെ, അവിടവിടെ പൊങ്ങിക്കിടക്കുന്ന മരക്കഷണങ്ങളിൽ പിടിച്ചു കയറി വെള്ളത്തിൽ പൊങ്ങിക്കിടക്കണം. എന്നിട്ട് അവ ചേർത്ത് കാട്ടുവള്ളികൾ കൂട്ടിക്കെട്ടിയൊരു ചങ്ങാടമുണ്ടാക്കണം. ഒടുവിൽ കര പറ്റിക്കഴിഞ്ഞാൽ ആ ചങ്ങാടത്തെ വീണ്ടും ഒഴുക്കിലേക്ക് തള്ളി വിടണം, അത് മുങ്ങിപ്പോകുന്ന വേറെ  ആർക്കെങ്കിലും ഉപകരിക്കണം.

ഈ പുസ്തകവും  ബാബുവിന്റെ അമ്മ പറയുംപോലെ ഒരു ചങ്ങാടമാണ്. ഓരോ ചങ്ങാടങ്ങളും ഉണ്ടാക്കുന്നവരുടെ ഉപയോഗ ശേഷം മറ്റുള്ളവർക്ക് കൂടി ഉപയോഗപ്രദമായിരിക്കണം.

അതിന്റെ സാക്ഷ്യപത്രമാണ് ഞാൻ വാങ്ങിയ 55ആം പതിപ്പ്.


2026 ജനുവരി 26, തിങ്കളാഴ്‌ച

മണിഭവനിലേക്ക് ഒരു തീർത്ഥ യാത്ര


2026 ജനുവരി 30ന് ഒരു യുഗാന്ത്യം സംഭവിച്ചിട്ട് 78 വർഷം തികയുന്നു. ലോകം മുഴുവൻ ആരാധിക്കുന്ന  ഒരു യുഗപുരുഷൻ വെടിയേറ്റ് മരിച്ചിട്ട് 78 വർഷം. 79 വർഷം മോഹൻദാസ് കരംചന്ദ് ഗാന്ധി വെറുതെ ജീവിച്ചു പോവുകയായിരുന്നില്ല. മറിച്ച് തന്റെ ജീവിതം തന്നെയാണ് തനിക്ക് നൽകാനുള്ള സന്ദേശമെന്ന് ഓരോ ഇന്ത്യാക്കാരനും, ലോകത്തിന് തന്നെയും   തന്റെ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുകയായിരുന്നു. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് പോലെ, ഒരു പക്ഷെ നൂറ്റാണ്ടുകൾക്കപ്പുറം, മജ്ജയും മാസവുമുള്ള ഇങ്ങനെയൊരു മനുഷ്യൻ ഈ ലോകത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ ആളുകൾ വിശ്വസിച്ചേക്കില്ല. 

ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഗാന്ധിജി അഹമ്മദ്‌ബാദിനത്തുള്ള സാബർമതിയിലെ ആശ്രമത്തിലാണ് കൂടുതൽ ജീവിച്ചതെങ്കിലും ഇന്ത്യൻ സ്വാതന്ത്യ സമരചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങളുടെയും ആലോചനായോഗങ്ങൾ കൂടിയതും  തീരുമാനങ്ങളെടുക്കപ്പെട്ടതും   ബോംബെയിൽ വെച്ചായിരുന്നു.   ബോംബയിലെ അദ്ദേഹത്തിന്റെ അതിഥി മന്ദിരമായിരുന്ന മണിഭവനിൽ. 

രാജ്യം 77മത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഴുകിയ ദിനത്തിൽ ആ സ്മാരകത്തിലേക്ക് പോകുവാൻ എനിക്ക് ഭാഗ്യമുണ്ടായി. മുംബൈ നഗരത്തിൽ എത്തിയിട്ട് 42 വർഷം പിന്നിട്ട ശേഷമാണ് ഇത്രയും പ്രധാനപ്പെട്ടൊരു സ്മാരകത്തിലേക്ക് പോയതെന്നതിൽ ചെറിയൊരു മനസ്താപവും പേറിയായിരുന്നു ആ മന്ദിരത്തിലേക്ക് കാലെടുത്തു വെച്ചത്. അതിന് പ്രേരണയായത് ഈയിടെ വായിച്ച പ്രേമൻ ഇല്ലത്തിൻ്റെ നഗരത്തിൻ്റെ മാനിഫെസ്റ്റോ എന്ന നോവലും.

1915ൽ ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഗാന്ധിജിയുടെ  ബോംബെയിലെ   അതിഥി മന്ദിരമായിരുന്നു മണിഭവൻ. മുംബൈ ഗാംദേവിയിലെ ലാബർനം റോഡിൽ തലയുയർത്തി നിൽക്കുന്ന ആ ഇരുനിലക്കെട്ടിടം ഗാന്ധിജിയുടെ ഒരു ഉത്തമ ആരാധകനായിരുന്ന  രേവാശങ്കർ ജഗജീവൻ ജവേരിയുടെതായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം 1955ൽ ഗാന്ധി സ്മാരക നിധി എന്ന ട്രസ്റ്റ് മണി ഭവൻ ഏറ്റെടുത്ത് ഗാന്ധി സ്മാരകമായി പരിപാലിച്ചു പോരുന്നു. 

തൻ്റെ ദക്ഷിണ ആഫ്രിക്കൻ ജീവിതകാലത്തിലെ ഒരു പ്രക്ഷോഭകാരി എന്നതിൽ നിന്നും പടിപടിയായുയർന്ന് സത്യാഗ്രഹമെന്ന ഏറ്റവും നൂതനവും ഫലപ്രദവുമായ  സമരായുധത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകാനും തന്റെ നിസ്വാർത്ഥ, നൂതന പ്രവർത്തനങ്ങളിലൂടെ  മറ്റു പ്രവർത്തകരെ കൂടെക്കൂട്ടാനും കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. സ്വാതന്ത്ര്യസമരചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളായ സ്വദേശി പ്രസ്ഥാനം, റൗലത്ത് ആക്ടിനെതിരെയുള്ള സമരം , വിദേശവസ്ത്ര ബഹിഷ്കരണം, പൂർണ്ണ സ്വരാജ്, നിസ്സഹകരണ പ്രസ്ഥാനം, നിയമലംഘന സമരം,  ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങി  പല സുപ്രധാന തീരുമാനങ്ങൾക്കും  സാക്ഷ്യം വഹിച്ചത് മണി ഭവൻ ആയിരുന്നു. 

അദ്ദേഹം മണിഭവനിൽ താമസിക്കുന്ന സമയത്താണ്  നൂൽ നെയ്യലും കാർഡിംഗും പഠിക്കാൻ ആഗ്രഹിച്ചത്. 1917കളിൽ   ദിവസേന ഒരു കാർഡർ മണി ഭവന്റെ മുന്നിലൂടെ കടന്നുപോകുന്നത് അദ്ദേഹം കണ്ടിരുന്നു. ഗാന്ധിജി  അയാളെ  വിളിച്ചു. സ്ലിവർ ഉണ്ടാക്കുന്നതിനായി അദ്ദേഹം പരുത്തി കാർഡ് ചെയ്യാൻ സമ്മതിച്ചു, പക്ഷേ വലിയൊരു തുക  വേതനമായി  ആവശ്യപ്പെട്ടു. ഗാന്ധിജി സമ്മതിച്ചു. തുടർന്ന് മണി ഭവനിൽ ഒരു നെയ്യൽ ക്ലാസ് ആരംഭിച്ചു. ഈ ക്ലാസിലെ ഏറ്റവും ഉത്സാഹിയായ വിദ്യാർത്ഥി ഗാന്ധിജിയായിരുന്നു. അതിനിടയിൽ  അദ്ദേഹം അസുഖം വന്ന്  കിടപ്പിലായിരുന്നുവെന്ന കാര്യം പോലും അദ്ദേഹത്തിന്റെ ഉത്സാഹം കുറച്ചില്ല. അദ്ദേഹം പറഞ്ഞതു പോലെ, “ചക്രം ആമോദത്തോടെ  പാടിക്കൊണ്ടിരുന്നു”. ശയ്യാവലംബിയായ അദ്ദേഹത്തെ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിക്കാൻ അത് ധാരാളമായിരുന്നു. 


ഇന്നത്തെ തലമുറക്ക് തികച്ചും അപരിചിതമായ  വ്യത്യസ്തമായ ഒരു കാലഘട്ടത്തിൽ,   രണ്ടു നൂറ്റാണ്ടുകൾക്കപ്പുറമാണ് 1869ലെ ഒക്ടോബർ 2നു അദ്ദേഹം ഗുജറാത്തിലെ പോർബന്ദറിൽ ജനിക്കുന്നത്. അദ്ദേഹത്തിന്റെ ഏഴാം വയസ്സ് മുതൽ ഇങ്ങോട്ടുള്ള ജീവിതയാത്രയിലെ പല ചിത്രങ്ങളും മണിഭവനിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ അദ്ദേഹം മണിഭവനിലെ വാസക്കാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കളും കേട് കൂടാതെ സൂക്ഷിച്ചിരിക്കുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രം രബീന്ദ്രനാഥ ടാഗോർ എഴുതിയ വരികളാണ്.  


MAHATMA 

He stopped at the thresholds of the huts of the thousands of dispossessed, dressed like one of their own. He spoke to them in their own language. Here was living truth at last, and not only quotations from books. For this reason the Mahatma, the name given to him by the people of India, At is his real name. Who else has felt like him that all Indians are his own flesh and blood? When love came to the door of India, that door was opened wide. Gandhi's call India blossomed forth to new greatness, just as once before, in earlier times, when Buddha proclaimed the truth of fellow-feeling and compassion among all living creatures. 

Rabindranath Tagore 

ടാഗോർ അദ്ദേഹത്തെ മഹാത്മാവ് എന്ന് വിളിച്ചു. ഗാന്ധി ടാഗോറിനെ ഗുരുദേവ്  എന്നും. 

കൂടാതെ എന്നെ ആകർഷിച്ച മറ്റൊരു ഫലകം സ്ത്രീകളെക്കുറിച്ചുള്ള അദ്ദേഹ ത്തിൻ്റെ കാഴ്ചപ്പാടായിരുന്നു.

"സ്ത്രീകളെ അബലകളെന്നു വിളിക്കുന്നത് അവരെ അപമാനിക്കലാണ്. അത് പുരുഷന്മാർ ചെയ്യുന്ന അനീതിയാണ്.

 അധികാരം  ധാർമ്മിക ശക്തിയാണെങ്കിൽ, സ്ത്രീകളുടെ ശക്തിയെ പുരുഷന്മാരുടെ ശക്തിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല.

അഹിംസ നമ്മുടെ നിലനിൽപ്പിന്റെ നിയമമാണെങ്കിൽ, ഭാവി സ്ത്രീകളുടെ കൈകളിലാണ്."


സ്ത്രീകളെയും സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിൽ ഉള്ളവരെയും ചേർത്ത് പിടിച്ച് അവർക്കിടയിലേക്ക് ഇറങ്ങി ചെന്നുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ തന്നെയാണ് അദ്ദേഹത്തെ മഹാത്മാവാക്കി മാറ്റിയത്.

രണ്ടാം ലോക മഹായുദ്ധം ആസന്നമായ 1939 ലദ്ദേഹം അഡോൾഫ് ഹിറ്റ്ലർക്ക് യുദ്ധം എങ്ങനെയും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എഴുതിയ ഒരു കത്ത് മതി അക്കാലത്ത് അദ്ദേഹത്തിന് ലോക നേതാക്കൾക്കിടയിലെ സ്ഥാനം വ്യക്തമാക്കാൻ.


“സത്യം ശാശ്വതമാണ്, മറ്റെല്ലാം കാലത്തിന്റെ  കുത്തൊഴുക്കിൽപ്പെട്ടില്ലാതാകും”  എന്ന മഹത്വചനത്തെ ഇല്ലാതാക്കാൻ ആ മഹാനുഭാവന്റെ നേർക്കുതിർന്ന വെടിയുണ്ടകൾക്കായില്ല. ഒരു ഭ്രാന്തന്റെ വെടിയുണ്ടകളാലാണ് എന്റെ മരണമെങ്കിൽ ഞാനതിനെ പുഞ്ചിരിയോടെ നേരിടും എന്ന് പറയാൻ അസാമാന്യ ധൈര്യം വേണം. മരണത്തിലും അദ്ദേഹം ഉരുവിട്ടത് ഹേ റാം എന്നായിരുന്നു. അദ്ദേഹം സ്വപ്നം കണ്ട രാമരാജ്യത്തിലെ കരുണാമയനായ രാമനെ പുഞ്ചിരിയോടെ വിളിച്ചു കൊണ്ട്. 

മഹാത്മാ ഗാന്ധി അമർ രഹെ..





2026 ജനുവരി 1, വ്യാഴാഴ്‌ച

ബൗദി - കണക്കൂർ ആർ സുരേഷ് കുമാർ


ബൗദി എന്ന കണക്കൂർ ആർ സുരേഷ് കുമാറിന്റെ നോവൽ ലോകപ്രശസ്ത സാഹിത്യകാരൻ രവീന്ദ്ര നാഥ ടാഗോറിന്റെ "കാർവാർ" വാസക്കാലത്തെ പ്രതിപാദിക്കുന്നതോടൊപ്പം ആദ്യന്തം സാബത്ത് എന്ന, അദ്ദേഹം നോവലിന്റെ ഭൂമികയായ മജിസ്ട്രേറ്റ് ബംഗ്ളാവിലേക്ക് കയറ്റി വിട്ടിരിക്കുന്ന കരിനീലമുടിക്കാരിയുടേത് കൂടിയാണ്. സാബത്തിന്റെ ചാരക്കണ്ണുകളിലൂടെയാണ് നാം ഒട്ടുമുക്കാലും അവിടെ നടക്കുന്ന ഓരോ സൂക്ഷ്മ ചലനങ്ങളും അറിയുന്നത്.


“ഓലപ്പുരകൾക്കിടയിലൂടെ കാണുന്ന കടൽക്കഷ്ണങ്ങളെ സാബത്ത് കണ്ണുകൾ കൊണ്ട് തേടി” എന്ന ആദ്യ ഖണ്ഡികയിലെ രണ്ടാം വാചകത്തിലൂടെ നോവലിസ്റ്റ് ഇനി നിങ്ങൾ കാണുന്ന ഓരോ കാഴ്ചയും അവളുടെ കണ്ണുകളിലൂടെയും മറ്റിന്ദ്രിയങ്ങയിലൂടെയും കാണുന്നവയാണെന്ന് അടിവരയിട്ടു പറയുകയാണ്. താനിന്നേ വരെ കഴിഞ്ഞ കൂരയിലെ ജീവിതത്തിൽ നിന്നും ഏറെ ഔന്നത്യത്തിലുള്ള മറ്റൊരു ജീവിതപരിസരത്തേക്ക് പറിച്ചുനട്ട ആ നാട്ടിൻപുറത്ത്കാരിക്ക് ബംഗ്ലാവിലെ ആദ്യദിനത്തിലെ ആദ്യജോലിയിൽ തന്നെ ഉള്ളിന്റെയുള്ളിൽ അവരുടെ പൂന്തോട്ടത്തിലെയെന്ന പോലെ മുല്ലവള്ളികൾ പുഷ്പിക്കാനാരംഭിക്കുകയാണ്. അവിടന്നങ്ങോട്ട് മൊഞ്ചുള്ള ആ നീണ്ടമുടിക്കാരി അനുവാചക ഹൃദയങ്ങളിലേക്കും മുല്ലവള്ളിയായി പടർന്നു കയറുകയാണ്. ഒടുവിൽ തന്റെ ദൗത്യം പൂർത്തിയാക്കി അവൾ അദൃശ്യയാകുന്നതും ബംഗ്ലാവിലെ മുല്ലവള്ളിപ്പടർപ്പിലേക്ക് ഊളയിട്ടാണ്. അതോടെ ആ സൗരഭ്യമില്ലാതാക്കിയ നോവലിസ്റ്റിനോട് നമുക്ക് ചെറിയൊരു ഈർഷ്യയുമുളവാകും.

തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് രബീന്ദ്രനാഥ ടാഗോർ തന്നെക്കാൾ രണ്ടുവയസ്സ് മൂപ്പുള്ള തന്റെ ജേഷ്ഠസഹോദരപത്നി(ബൗദി)യായ കാദംബരി ദേവിയോടും ജേഷ്ഠൻ ജ്യോതിരിന്ദ്രനാഥ ടാഗോറിനുമൊപ്പം കാർവാർ ഡിസ്ട്രിക്റ്റ് ജഡ്ജിയായ ജേഷ്ഠൻ സത്യേന്ദ്രനാഥ ടാഗോറിന്റെ ഔദ്യോഗിക വസതിയിലേക്ക് പൂജാ ഒഴിവുകാലം ആസ്വദിക്കാനായി എത്തുന്നത്. അവർക്കൊപ്പം സത്യേന്ദ്രയുടെ പത്നി ജ്ഞാനദ നന്ദിനി ദേവിയും അവരുടെ മക്കളും ഉണ്ട്.

ഭൂമിശാസ്ത്രപരമായി കൊൽക്കത്തയിൽ നിന്നും തീർത്തും വ്യത്യസ്തമായ കഡുവാഡയെന്ന കാർവാറിന്റെ ഗ്രാമ്യഭംഗി രവിയിലെ സാഹിത്യകാരനെ തൊട്ടുണർത്തുന്നു. “പ്രകൃതിയുടെ പ്രതികാരം” എന്ന കാവ്യ നാടകത്തിന്റെ രചന ടാഗോർ നിർവ്വഹിക്കുന്നതും ഇക്കാലത്താണ്. അതോടൊപ്പം തന്നെ തന്റെ കളിക്കൂട്ടുകാരികൂടിയായ ബൗദി, കാദംബരിയുമായുള്ള നീണ്ട കാലത്തെ സ്നേഹബന്ധത്തിന്റെ കടലാഴങ്ങളിലേക്ക് അദ്ദേഹം തോണിയിറക്കുക കൂടി ചെയ്യുന്നു.

സാബത്തിനുമുണ്ട് തന്റെ പുത്തൻ യജമാനന്മാരെപ്പോലെ ചില ഇഷ്ടങ്ങൾ. കാദംബരി ദേവിയെപ്പോലെ, അവളെക്കാൾ ഏറെ പ്രായമുള്ള ഉസുമാനെന്ന ഒരു കറുമ്പന്റെ ബീവിയായിരിക്കുമ്പോൾ തന്നെ തന്റെ സമപ്രായക്കാരനായ പാമീറെന്ന ചെറുപ്പക്കാരനെ അവൾ സ്നേഹിച്ചു, മനസ്സും ശരീരവും പങ്കുവെച്ചു. പിന്നീട് കറുമ്പനും പാമീറും അറബിക്കടലിലേക്ക് മുങ്ങാങ്കുഴിയിട്ട് പോയപ്പോൾ മറ്റൊരു സുന്ദരനായ അശറഫിന്റെ മനം കവർന്നു. കൊൽക്കത്തയിൽ നിന്നുമെത്തിയ ആദ്യനാളുകളിൽ ജേഷ്ഠൻ സത്യേന്ദ്രയിൽ നിന്നും കാർവാറിന്റെ ചരിത്രം കേട്ടിരുന്ന ഒരു രാത്രിയിൽ ബംഗ്ലാവിന്റെ മുന്നിലെ കൽവിളക്കിലെ എണ്ണ തീർന്ന് തിരികൾ മങ്ങിയപ്പോൾ ഇലപ്പടർപ്പുകളിൽ ഒളിഞ്ഞു നിന്ന് അവരുടെ അറിയാഭാഷണം കേട്ട് നിന്നിരുന്ന സാബത്ത് ഇറങ്ങിവന്ന് വിളക്കിൽ എണ്ണ പകർന്നപ്പോൾ, ചേട്ടത്തി.. നിങ്ങളുടെ പണിക്കാരി ഒരു വനദേവതയാണോ എന്ന് ജ്യോതീന്ദ്ര ആശ്ചര്യപ്പെടുന്നുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്റെ മറ്റൊരു രൂപം കൂടിയാണ് സാബത്ത് എന്ന് അപ്പോൾ ചേടത്തിയമ്മ പറയുന്നുമുണ്ട്.

രവിയുടെ മൂത്ത ജേഷ്ഠപത്നി ജ്ഞാനദനന്ദിനിദേവി അന്ന് നിലനിന്നിരുന്ന കടുത്ത യാഥാസ്ഥിതിക വ്യവസ്ഥകളുടെ പുറംതോട് പൊട്ടിച്ച് ഭർത്താവിനൊപ്പം പുറംലോകത്ത് ജീവിച്ചവളാണ്, വസ്ത്രധാരണത്തിൽ പുരോഗമനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ടവളാണ്, ഏഴുകടൽ കടന്നവളാണ്. പക്ഷെ, രവിയെയും കുട്ടികളെയും കാർവാറിലേക്ക് കൊണ്ടുവന്നതിൽ ജ്ഞാനദനന്ദിനിക്ക് ചില ഉദ്ദേശ്യങ്ങളുണ്ട്. ജോറസങ്കോയിലെ ഠാക്കൂർവാടിയിൽ നിന്നും മാറ്റി, പറ്റുമെങ്കിൽ രവിയെ അവന്റെ നൂതൻ ബൗദി(ജേഷ്ഠത്തിയമ്മ) കാദംബരിയിൽ നിന്നും അകറ്റി വിവാഹിതനാക്കാൻ ശ്രമിക്കുക എന്നതായിരുന്നു പ്രഥമോദ്ദേശ്യം. ഠാക്കൂർവാടിയിൽ ഇരുവരും തമ്മിലുള്ള അടുപ്പത്തിന് ഹവേലിയുടെ ഉള്ളകങ്ങളിൽ നിന്നും മുറുമുറുപ്പുകൾ ഉയർന്നു തുടങ്ങിയിരുന്നു. ഇത്തരമൊരു ബന്ധത്തിന് അക്കാലത്ത് ടാഗോർ കുടുംബത്തിന്റെ സൽപ്പേരിന് വരുത്താവുന്ന കളങ്കത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു കാർവറിലേക്കുള്ള യാത്ര. പക്ഷെ, അവരുടെ പദ്ധതികൾക്ക് വിരുദ്ധമായി ജ്യോതീന്ദ്രയും ഭാര്യ കാദംബരിയും കൂടെ എത്തുകയാണ്. എന്നാലും തന്റെ ലക്ഷ്യങ്ങളിൽ നിന്ന് നന്ദിനിദേവി പിന്മാറുന്നില്ല, എന്നല്ല, അവർ ഇരുവരെയും ഒറ്റക്കിരുത്തി നിങ്ങളുടെ ബന്ധം അതിരു വിട്ടു പോകുന്നുവെന്നും ഇതിൽ നിന്നും പിന്മാറണമെന്ന് രവിയോട് ഉപദേശരൂപത്തിലും, കാദംബരിയോട് ശാസനാരൂപത്തിലും തന്നെ പറയുന്നുണ്ട്.

കൊൽക്കത്ത - ജോറസങ്കോയിലെ ഠാക്കൂർവാടിയിലേക്ക് ജ്യോതീന്ദ്രയുടെ വധുവായി ഒമ്പതാം വയസ്സിലെത്തിയപ്പോൾ കാദംബരി ദാമ്പത്യമെന്തെന്നറിയാത്ത കൊച്ചു ബാലികയായിരുന്നു. അന്നവൾ തന്റെ ഭർത്തൃസഹോദരരിലെ സമപ്രായക്കാരൻ രവിയിൽ ഒരു കളിക്കൂട്ടുകാരനെ കണ്ടെത്തി. അകാലത്തിൽ പൊലിഞ്ഞ അമ്മയുടെ വാത്സല്യം നഷ്ടമായിരുന്ന രവിക്കും കാദംബരി തുണയായി, സഹപാഠിയായി. ആ ബന്ധം പിന്നീട് ഭൗതിക വളർച്ചയുടെ പടവുകൾക്കൊപ്പം മറ്റേതോ തലങ്ങളിലേക്ക് കൂടി വളരുകയായിരുന്നു. തന്റെ ഇണയുടെ പ്രായവ്യത്യാസം, താല്പര്യവ്യത്യാസങ്ങൾ, മനോവ്യാപാരങ്ങളിലെ വിരുദ്ധധ്രുവങ്ങൾ എന്നിവ അവളെ തന്റെ സമപ്രായക്കാരനിലേക്ക് കൂടുതലടുപ്പിക്കാനുള്ള ത്വരകമായി. രവിയെന്ന കവിയിൽ, അയാളുടെ രചനകളിൽ ആകൃഷ്ടയായി. രവിക്കാവട്ടെ, തന്റെ ജേഷ്ഠത്തിയമ്മക്കും കളിക്കൂട്ടുകാരിക്കുമപ്പുറം അവന്റെ ബൗദ്ധിക വ്യാപാരങ്ങളെ ഏറ്റവുമാദ്യം കേൾപ്പിക്കാനുള്ള, നിരൂപണബുദ്ധിയോടെ അഭിപ്രായമാരായാനുള്ള ഒരുറ്റ സുഹൃത്തായി മാറുകയായിരുന്നു കാദംബരി. രവിയെ സ്നേഹപൂർവ്വം ഭാനു(രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യകാല തൂലികാ നാമം) എന്നായിരുന്നു അവൾ അഭിസംബോധന ചെയ്തിരുന്നത്. ഇരുവരും ആദ്യമായി മനുഷ്യബന്ധങ്ങളിലെ ഇഴയടുപ്പങ്ങൾ എന്താണെന്ന് പരസ്പരം അറിയുകയായിരുന്നു.

രവിയും കാദംബരിയും തമ്മിലുള്ള സംവാദങ്ങളിൽ അവൾ പറയുന്നുണ്ട്. "ഭാനൂ, നിന്റെ അച്ഛൻ ചൂണ്ടിത്തരുന്ന പെണ്ണിനെ നീ കണ്ണടച്ച് സ്വീകരിക്കരുത്. ബാലികാ വിവാഹത്തെ ബ്രഹ്മസമാജം അനുകൂലിക്കുന്നുണ്ടോ. ഇല്ലെങ്കിൽ ദേവേന്ദ്ര ഗുരുജി സ്വന്തം മകന് ബാല്യം വിട്ടകന്ന ഒരു പെണ്ണിനെ കണ്ടെത്തട്ടെ". അതിലൂടെ അന്ന് നിലനിന്നിരുന്ന ആ ദുരാചാരത്തെ അന്നത്തെ പെൺകുട്ടികൾ എത്രമാത്രം വേദനയോടെയാണ് കണ്ടിരുന്നതെന്നും അനുഭവിച്ചിരുന്നതെന്നും നോവലിസ്റ്റ് കാദംബരിയിലൂടെ പറയുന്നു.

ചരിത്രപ്രാധാന്യമുള്ള കഥാതന്തുക്കളെ അപനിർമ്മിതിക്ക് വിധേയമാക്കുമ്പോൾ അന്നത്തെ കാലത്തെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ടാവണം. പഠിക്കണം. അത് സുരേഷ് വേണ്ടുവോളം നടത്തിയിട്ടുണ്ടെന്ന് നോവലിലെ വിവരണങ്ങളും, കഥാ സന്ദർഭങ്ങളും സംഭാഷണങ്ങളും വ്യക്തമാക്കുന്നു. ഒരു ദിവസം കാർവാറിലെ ബംഗ്ലാവിലേക്ക് അതിഥികളായെത്തുന്ന ഗുൽസാർ ഷാഫി അൽദീനുമായുള്ള സംഭാഷണങ്ങളിൽ അന്ന് കാലത്ത് മലബാറിലും അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ തുടങ്ങിയെന്നും മറ്റുമുള്ള സംഭാഷണങ്ങളിലൂടെ കാലത്തെ വരച്ചിടുന്നു. നന്ദിനിദേവിയുടെ സാരി സംഭാഷണങ്ങളിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാരി എപ്പോൾ എത്തിയെന്നും അവയുടെ പ്രാദേശിക വൈവിദ്ധ്യങ്ങളേയും ഉടുക്കലുകളെയും അവയിലുണ്ടായ പരിഷ്കാരങ്ങളെയും കൂടി വരച്ചു കാണിക്കുന്നുണ്ട്. കൂടാതെ മാറുന്ന സംഗീത കലാരൂപങ്ങളെപ്പറ്റിയും, മാറ്റമില്ലാതെ തുടരുന്ന അനുഷ്ഠാന കലകളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്.

അദ്ധ്യായം 4 മുതൽ 6 വരെയാണ് നോവൽ അതിന്റെ പൂർണ്ണ സൗന്ദര്യത്തിലേക്ക് പ്രവേശിക്കുന്നത്. കാളീ നദിയിലൂടെയുള്ള നൗകാസഞ്ചാരങ്ങളിലൂടെ രവിയും കാദംബരിയും ഒന്ന് കൂടി അടുക്കുകയാണ്. എന്തിനായാണോ തങ്ങളിവിടെക്ക് എത്തപ്പെട്ടത്, അതിന്റെ വൈരുദ്ധ്യം. ടാഗോർ കാദംബരിയെ ഒരിക്കൽ ഗ്രീക്ക് ദേവതയായ ഹെകറ്റെയോട് ഉപമിക്കുന്നുണ്ട്. ചന്ദ്രനുമായി ബന്ധമുള്ള, അതേസമയം മാന്ത്രികതയുടെയും രഹസ്യങ്ങളുടെയും ഗ്രീക്ക് ദേവത. മറുവശത്ത്, കാദംബരി ടാഗോറിനെ “ഭാനു” (സൂര്യൻ) എന്ന് വിളിച്ചു. ആ ജ്വലിക്കുന്ന സൂര്യനു ചുറ്റും ഒരു ഉപഗ്രഹമായി ചുറ്റുവാനും, ചുറ്റിപ്പടരുവാനും അവൾ കൊതിച്ചു. യാത്രക്കിടെ കാദംബരി രവിയോടായി പറയുകയാണ്, എന്റെ പ്രിയപ്പെട്ട രവീ.. ഓളങ്ങൾ എന്നെ മോഹിപ്പിക്കുന്നു.. അവിടന്നങ്ങോട്ട് പിന്നീട് പ്രണയത്തിന്റെ പടർന്നാട്ടമാണ്. ഓരോ വരികളിലും ക്രാഫ്റ്റിന്റെ ജാലവിദ്യ. അവയോരോന്നും വായിച്ചനുഭവിക്കേണ്ടവയാണ്.

ഈ ഭൂമിയിൽ ഒരാൾക്കും അയാളായി, അവളായി ജീവിക്കാൻ സാദ്ധ്യമല്ലത്രെ. മറ്റുള്ളവരുടെ കണ്ണുകളിലൂടെ, നിരീക്ഷണത്തിലൂടെ ജീവിക്കേണ്ടി വരുന്ന വ്യഥ പേറി അനിവാര്യമായ വേർപിരിയലിന് അവരൊരുങ്ങുകയാണ്.

ഒരിക്കലും ഭാവനയല്ല ജീവിതം. അങ്ങിനെ സ്വന്തമിഷ്ടത്തോടെ ജീവിച്ചു മരിച്ചവർ ലോകചരിത്രത്തിൽ വിരളമാണ്. അപ്രാപ്യമായ ആ ജീവിതം നമുക്ക് ഇത്തരം കൃതികളിലൂടെ ആസ്വദിക്കാം, മനക്കോട്ട കെട്ടി, അതിലൂടെ അഭിരമിച്ച് യാന്ത്രിക ജീവിതം തുടരാം.

നന്ദി കണക്കൂർ സുരേഷ്, ഇത്തരമൊരു സുന്ദരസുരഭില വായനാനുഭവത്തിന്..

മുരളി വട്ടേനാട്ട്

ബൗദി( നോവൽ )
പ്രസാധകർ - ലോഗോസ് ബുക്ക്സ്
വില - 190

ഇരുണ്ട ഓക്സിജൻ - ശാസ്ത്രകുതൂഹലങ്ങളുമായൊരു പുസ്തകം

ഞാനൊരു ശാസ്ത്രകുതുകിയല്ല.പഠനകാലത്ത് ഭൗതികശാസ്ത്രം , രസതന്ത്രം  പോലുള്ള വിഷയങ്ങളെ പേടിയുമായിരുന്നു. ഏഴാം തരത്തിൽ പഠിക്കുന്ന സമയത്ത് അച്ഛൻ ജോല...