Tuesday, May 21, 2019

മുംബൈ ബാച്ചിലർ ജീവിതം - Part 2

മുംബൈ ബാച്ചിലർ ജീവിതം

Part 2 –

ഒന്നര വർഷത്തിനിടയിൽ  നാടിന്  കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല. മുത്തശ്ശിക്ക് കുറച്ച് കൂടി വയ്യാതായിരിക്കുന്നു. അമ്മ നന്നായിരിക്കുന്നുണ്ട്.  ശശി പെരിന്തൽമണ്ണ പ്രസ്സിൽ ജോലിക്കു പോകുന്നു. ശോഭ പത്തിലേക്ക് എത്തിയിരിക്കുന്നു. ഇരുവരിലും വളർച്ചയുടെ മാറ്റങ്ങൾ തെളിഞ്ഞു കാണാം. ശശി എന്നെക്കാൾ പൊക്കം വെച്ചുവോ എന്നു തോന്നിക്കും. 1977 മുതൽ 1982 വരെ മുടങ്ങാതെ കുംഭ ഭരണിക്ക് അച്ഛന് ശ്രാദ്ധ മുട്ടിയിരുന്നത് ബോംബെക്ക് പോയപ്പോൾ മുടങ്ങിയതു കാരണം അതിനു പ്രതിവിധിയായി പേരൂരിൽ പോയി ശ്രാദ്ധമൂട്ടി സമർപ്പിച്ചാൽ മതിയെന്ന വിദഗ്ദ്ധോപദേശം നടപ്പാക്കലായിരുന്നു എന്റെ യാത്രയുടെ പ്രഥമോദ്ദേശ്യം. കോയമ്പത്തൂരിലുള്ള തൃപ്രയാർ ഗോപിയേട്ടനെ കൂട്ടു പിടിച്ചു പേരൂരിൽ പോയി ശ്രാദ്ധമൂട്ടി സമർപ്പിച്ചു പോന്നു. ഇനി മുതൽ മനസ്സുകൊണ്ട് മാത്രം പ്രണാമം അർപ്പിക്കുക, അത് എന്നുമാവാം.

നാട്ടിലെത്തിയാൽ വീട്ടിലിരിക്കാൻ സമയമില്ല. ബന്ധു ഗൃഹങ്ങൾ സന്ദർശിക്കണം, വേണ്ടപ്പെട്ടവരെയൊക്കെ കാണണം, കൂട്ടുകാരോടൊത്ത് പുറത്ത് സമയം ചെലവഴിക്കണം.. സത്യം പറഞ്ഞാൽ, അമ്മയോടോത്ത് സ്വകാര്യ വിശേഷങ്ങളും, വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളും ബോംബെ വിശേഷങ്ങളും  പറയാനും, കൂടെയിരുന്നൊന്ന് ഊണു കഴിക്കുവാനും സമയം തികയാറില്ല.   അന്നത്തെ എല്ലാ പ്രവാസിയുടെയും അവസ്ഥയാണിത്. പത്തു ദിവസത്തെ ആദ്യ ലീവിനു ശേഷം ഒക്ടോബർ 30നു വീണ്ടും മനസ്സില്ലാ മനസ്സോടെ ബോംബെക്ക് വീണ്ടും വണ്ടി കയറാനായിറങ്ങി. ചന്ദ്രാലയം ഉണ്ണിയേട്ടന്റെ വക ശ്രീയോപ്പോൾക്ക് ഒരു പൊതി. രാജമന്ദിരം ഇന്ദിരോപ്പോൾക്ക് ചെമ്പൂരിലേക്ക് ഉണക്കലരി, കയ്പൻ നാരങ്ങ എന്നിവയുടെ പൊതി. ഇവയൊക്കെ താങ്ങി  വിജയനോടൊപ്പം ഒറ്റപ്പാലം സ്റ്റേഷനിൽ നിന്നും ഒരിക്കൽ കൂടെ ബോംബെക്ക് ജയന്തി ജനതയിൽ കയറാനായി. വൈകീട്ട് 4.09 നു  ഒറ്റപ്പാലം സ്റ്റേഷനിൽ എത്തുന്ന ജയന്തി ജനതക്കായി ഞങ്ങൾ 2 മണി ആയപ്പോഴെക്കെ സ്റ്റേഷനിൽ എത്തി. ഞങ്ങളുടെ ബന്ധു രാധാകൃഷ്ണേട്ടൻ അവിടത്തെ സ്റ്റേഷൻ മാഷാണ്. രാധാകൃഷ്ണേട്ടന് ഡ്യൂട്ടിയുള്ള ദിവസവുമാണ് അന്ന്. അക്കാലത്ത്, അധികം ആൾത്തിരക്കില്ലാത്ത, ഗ്രാമ്യതയുടെ എല്ലാ അടയാളങ്ങളും അതേ പടി നില നിൽക്കുന്ന ഒരു സ്റ്റേഷനാണ് ഒറ്റപ്പാലം. പത്മരാജൻ തൂവാനത്തുമ്പികളുടെ ക്ളൈമാക്സ് ഈ സ്റ്റേഷനിൽ എടുക്കുന്നതിനും മുമ്പായിരുന്നു അത്. വണ്ടിയെത്താൻ സമയമുള്ള സ്ഥിതിക്ക് നമുക്കൊരു നാരാങ്ങാ വെള്ളം കാച്ചിയാലോ എന്ന മോഹൻലാൽ ഡയലോഗ് സിനിമക്കും രണ്ടു വർഷം മുമ്പ് വിജയനിൽ നിന്നും ഉതിർന്നപ്പോൾ ഞാൻ അരമനയിലേക്ക് മൂപ്പരെ പിന്തുടർന്നു..

വിജയനിൽ രണ്ടു വർഷത്തിനിടയിൽ മാറ്റങ്ങൾ പ്രത്യക്ഷമാണ്.  ഞാൻ മാത്രം പൊടി മീശയിൽ നിന്നും ചെറുവാല്യക്കാരനിലേക്ക് മാറണോ എന്ന സംശയത്തിലും. ആയിടക്കായിരുന്നു,  ബോംബെയിലെത്തിയ ഞാൻ നാടക ജീവിതത്തിലെ  എന്റെ നാലാം  വേഷം അവതരിപ്പിച്ചത് . ഒരു സ്കൂൾ പ്രിൻസിപ്പലിന്റെ വേഷം.  അതു കാരണം കൊണ്ടു തന്നെ നാടകത്തിലെ വേഷപ്പകർച്ചക്കായി മുഖം ക്ളീൻ ആക്കിയായത്തിനു ശേഷം ആയിരുന്നു  നാട്ടിലേക്കെത്തിയത്. അരമനയിലെത്തിയ ഞാനും വിജയനും ഒരു മേശക്കഭിമുഖമായി ഇരുന്നു. വിജയൻ "ഹോട്ടായി" ഒരു  നാരങ്ങാ വെള്ളവും എനിക്കൊരു  “തണുത്ത” കല്യാണിയും ഓർഡർ ചെയ്തു. ജീവിതത്തിലാദ്യമായി കല്യാണിയുടെ രുചിയറിഞ്ഞു, 22 വയസ്സായ ഞാൻ മൈനറിൽ നിന്നും മേജറിലേക്കുയർന്നു പൊങ്ങുന്നതായി തോന്നി..

അമ്മയും വിജയനും എന്നിൽ നിന്നും അകലുകയാണ്, നാട് വിട്ട്, വാളയാർ ചുരം കടന്ന് വണ്ടി താളാത്മകമായി പാഞ്ഞു കൊണ്ടിരുന്നു. അമ്മ നൽകിയ പാഥേയം അകത്താക്കി മിഡിൽ ബർത്തിൽ കയറിപ്പറ്റി, നിദ്രാദേവി കണ്ണുകളെ തഴുകി. നേരം വെളുത്തപ്പോൾ വണ്ടി ഗുണ്ടക്കൽ എത്തിയിരിക്കുന്നു. സമയം തെറ്റാതോടുന്ന വണ്ടി. കുറെ ഓടുന്നു, കിതച്ചു നിൽക്കുന്നു, ആ കിതപ്പ് തീരുമ്പോഴേക്കും വീണ്ടും ഓട്ടം തുടങ്ങുന്നു. നാളെ മുതൽ ഞാനും ബോംബെ നഗരത്തിലൂടെ ആ ഓട്ടം തുടരാനായി കാത്തിരിക്കുന്നു. അവിടേക്ക് വണ്ടി അടുക്കുംതോറും കാൽ പിറകോട്ട് വലിയുന്നുണ്ടോ? ഇല്ല, മുന്നോട്ടോടാൻ പഠിച്ചിരിക്കുന്നു…

ആൻറ്റോപ് ഹില്ലിലെ സെക്ടർ സെവനിൽ ഗവണ്മെന്റ് ജീവനക്കാരേക്കാൾ കൂടുതൽ അവർ വാടകക്ക് വെച്ച ഉപവാടകക്കാരായിരുന്നു താമസിച്ചിരുന്നത്.  ഞങ്ങളുടെ ഫ്ളാറ്റിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരെ, നാലു ബിൽഡിംഗിനപ്പുറം അത്തരമൊരു ഫ്ളാറ്റിൽ കാട്ടൂർക്കാരായ പ്രസാദും ഹംസയും താമസിച്ചിരുന്നു. ബോംബെ സ്വിച്ച് ഗിയർ എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന  പ്രസാദ് ശ്രീ ആർ പി ഉണ്ണിയേട്ടൻറെ മരുമകനാണ്. സരസമായ പെരുമാറ്റം കൊണ്ടും ഫലിതം നിറഞ്ഞ സംസാര രീതി കൊണ്ടും വളരെ പെട്ടെന്ന് തന്നെ മൂപ്പർ ഞങ്ങളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ചു.  ബോംബെ മുനിസിപ്പാലിറ്റി ജീവനക്കാരനായ ഹംസ നാട്ടിൽ അവരുടെ അയൽവാസിയാണ്. വർത്തമാനത്തിന്റെ കാര്യത്തിൽ ഹംസയും പിന്നിലല്ല.

കേരള പിഷാരോടി സമാജം നിലവിൽ വന്നിട്ട് 2 വർഷമേ ആയിട്ടുള്ളു. അതിൻറെ ഖജാൻജിയാണ് പി എ പിഷാരോടി എന്ന പിഷാരോടി സാർ. സമാജത്തിന്റെ കണക്കുകൾ വളരെ കൃത്ര്യതയോടെ എഴുതി ഓഡിറ്റ് ചെയ്ത് അംഗങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് അദ്ദേഹമാണ്. "നവകേതനിൽ" മൂപ്പരുടെ അസിസ്റ്റന്റ് ആയ  എനിക്കായിരുന്നു രണ്ടാം വര്ഷം മുതൽ കണക്കെഴുതിന്റെ ചുമതല. കണക്കെഴുത്തിന്റെ ആദ്യ പാഠങ്ങളിൽ അതും ഒരദ്ധ്യായം. അതിനിടയിൽ അദ്ദേഹം എന്നെ സമാജം മെമ്പർ ആക്കി.

ആ വർഷം മാട്ടുംഗയിൽ ജൂലൈ മാസത്തിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഞാൻ പങ്കെടുത്തു. 1985 സെപ്റ്റംബർ 1 നു കാമ ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ച ഓണാഘോഷത്തിൽ ആർ.പി പ്രസാദിന്റെ നേതൃത്വത്തിൽ ഒരു നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു. പ്രസാദിന്റെ നിർദ്ദേശ പ്രകാരം “The Refund” എന്ന നാടകം ഇംഗ്ലീഷിൽ നിന്നും പ്രസാദും ഞാനും കൂടി മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഹംഗേറിയൻ എഴുത്തുകാരനായ “ഫ്രിറ്റ്സ് കരിന്തി”യുടെ വിശ്വപ്രസിദ്ധമായ ഏകാംഗ നാടകമാണ് “The Refund”.

സ്കൂളിൽ അഞ്ചാം  തരത്തിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ്  നാടകവുമായുള്ള ചെറിയൊരു ബന്ധം. എരവിമംഗലം വായനശാല വാർഷികത്തിന്    അനിയേട്ടനും ഭരതനുണ്ണിയേട്ടനും  ഒക്കെ ആയി ചേർന്നഭിനയിച്ച ഒരു നാടകത്തിലാണ് ഞാൻ ആദ്യമായി മുഖത്ത് മേക്കപ്പിടുന്നത്. ഏകദേശം 3 മാസത്തോളം മുമ്പേ തുടങ്ങുന്ന റിഹേഴ്സൽ ക്യാമ്പ് രസകരമാണ്. നാടകാവതരണമാവുമ്പോഴേക്കും  ഡയലോഗുകൾ എല്ലാം ബൈഹാർട്ട് ആയിരിക്കും. ആ വർഷത്തെ നാടകം എരവിമംഗലം സ്കൂൾ അങ്കണത്തിൽ വെച്ചതായിരുന്നു എന്നാണ് ഓർമ്മ. മറ്റു കലാപരിപാടികൾ എല്ലാം കഴിഞ്ഞു, രാത്രി ഏറെ വൈകി തുടങ്ങുന്ന മുഴുനീളൻ നാടകത്തിൽ കുട്ടിയായഭിനയിച്ച ഞാൻ അവസാന രംഗത്തിരുന്ന് ഉറങ്ങിപ്പോയതാണ് ആദ്യ അഭിനയ പാഠം. ഒടുവിൽ എന്റെ അമ്മയായി അഭിനയിക്കുന്ന നടിക്ക് എന്നെ തോണ്ടി വിളിച്ചുണർത്തേണ്ടി വന്നു.

പിന്നീട് ആറിൽ പഠിക്കുമ്പോൾ ചെറുകര സ്കൂളിൽ നിന്നും കലോത്സവത്തിൽ പങ്കെടുപ്പിക്കാനായി രാമകൃഷ്ണൻ മാഷ് എഴുതിത്തയ്യാറാക്കിയ ബിരുദം എന്ന ഒരു നാടകത്തിൽ ബിരുദധാരിയായ, തൊഴിൽ രഹിതനായ ചെറുപ്പക്കാരനായി ഞാൻ വേഷമിട്ടു. കൂടെ അച്ഛനായി  കോഴിത്തൊടി  മണിയും, കാമുകിയായി  ക്ലാസ്മേറ്റ്  രാജലക്ഷ്മിയും. റിഹേഴ്സൽ ക്യാമ്പുകളിൽ ആളില്ലാ സമയത്ത് എല്ലാ റോളുകളിലും അഭിനയിച്ച് പരിചയിച്ച എനിക്ക് അഭിനയത്തിൽ രണ്ടാം സ്ഥാനവും, അച്ഛനായി അഭിനയിച്ച മണിക്ക് ഒന്നാം സ്ഥാനവും കിട്ടി. ഉറങ്ങി കിടന്ന മണിയുടെ നെഞ്ചത്ത് ചുടു കട്ടൻ ചായ ഒഴിച്ചതിന് രാജലക്ഷ്മിക്ക് രാമകൃഷ്ണൻ മാഷുടെ വക ശകാരവും.

18 വര്ഷം മുന്പ് സ്കൂളില് പഠനം പൂര്ത്തിയാക്കിയ വാസർകോഫ് എന്നൊരു  പൂർവ്വ  വിദ്യാർത്ഥിക്ക്  ഫീസ് മടക്കിക്കൊടുക്കാതിരിക്കാൻ സ്കൂളിലെ പ്രിൻസിപ്പലും മറ്റ് അദ്ധ്യാപകരും ചേർന്ന് നടത്തുന്ന “നാടകമാണ്” “The Refund”ന്റെ ഇതിവൃത്തം. പ്രസാദ്,  സയൺ കുട്ടേട്ടൻ, കൂട്ടാല ശ്രീധരൻ, അജിത്, അനിൽ എന്നിവവരെയാണ് അഭിനേതാക്കളായി നിശ്ചയിച്ചിരുന്നത്. റിഹേഴ്സൽ ക്യാമ്പിലെ സ്ഥിരം സാന്നിദ്ധ്യമായ എന്നെ പിന്നീട് കുട്ടേട്ടനു പകരക്കാരനാക്കി. ഞാൻ പ്രിൻസിപ്പലും പ്രസാദ് വാസർകോഫും മറ്റുള്ളവർ വിവിധ അദ്ധ്യാപകരുമായി ഞങ്ങൾ സെപ്റ്റംബർ ഒന്നിനു നാടകം അരങ്ങേറ്റി. കാണികൾക്ക് പൊതുവെ ഇഷ്ടപ്പെട്ട നാടകത്തിനു ശബ്ദം കേട്ടില്ലെന്ന ആക്ഷേപം മാത്രമായിരുന്നു ഉണ്ടായത്.

ജീവിതത്തിൻറെ പിന്നിട്ട കാലങ്ങളെ, വഴികളെ കുറിച്ച് ഒന്ന് ഓർത്തു നോക്കൂ. ജീവിത സായാഹ്നത്തിലപ്രകാരം തിരിഞ്ഞു നോക്കുമ്പോൾ ഓർമിക്കാനെനെന്തെങ്കിലും വേണ്ടേ?
പ്രസാദ് പറയുകയാണ്,  എല്ലാവരും നടക്കുന്ന വഴിയിലൂടെ നടന്നാൽ അവയിൽ നമ്മുടെ കാലടിപ്പാടുകൾ തിരിച്ചറിയാൻ സാധിക്കാതെ വരും. അതെ, തിരക്കിനിടയിലും വഴികൾ മാറ്റി ചവിട്ടണം.

പിന്നിട്ട വഴികൾ, വഴി കാട്ടികൾ,  നാം പഠിച്ച പാഠങ്ങൾ.. അവയോരോന്നും ഓർത്തെടുക്കട്ടെ..

സ്വല്പം സാവകാശം മാത്രം..

വീണ്ടും വരാം...

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...