Tuesday, May 21, 2019

മുംബൈ ബാച്ചിലർ ജീവിതം - Part 3

മുംബൈ ബാച്ചിലർ ജീവിതം

Part 3

ബോംബെയിൽ എന്റെ ജീവിതം നട്ടിട്ട് ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു. ഇനിയും  വേരുകളുറക്കാത്ത അതിന് ദേവാനന്ദിന്റെ “നവകേതൻ” കൊടുക്കുന്ന വെള്ളം ഉണങ്ങാതെ സൂക്ഷിക്കുന്നു. ഒപ്പം ശ്രീ ഓപ്പോളുടെയും ഉണ്ണിയേട്ടന്റെയും തണലും. എന്തിനും തയ്യാറായിത്തിരിച്ച എന്നെ പിന്തിരിപ്പിക്കുന്ന കൈകൾ എവിടെയും ഉണ്ടായില്ലെന്നതും മറിച്ച് ഒരു കൈ നീട്ടി പിടിച്ചു കയറ്റാൻ പലരും ഉണ്ടായെന്നതും ആശ്വാസമായി.

1983 ജൂലൈയിൽ എഴുതിയ സ്റ്റാഫ് സെലെക്ഷൻ കമ്മിഷന്റെ പരീക്ഷാ ഫലം  ഒരു വർഷം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോഴായിരുന്നു മറ്റു പോവഴികളില്ലാതെ ഈ നഗരത്തെ പ്രാപിച്ചത്. നഗരത്തിലെത്തി അഞ്ചു മാസത്തിനു ശേഷം ഡെൽഹിയിൽ നിന്നും ഒരു കുറിമാനം എന്നെത്തേടി തൃപ്രയാറും, അവിടെ നിന്ന് വഴിതിരിച്ച് വിട്ട് ബോംബെയിലും എത്തി. ഉടനടി ഡെൽഹി Administrative Serviceന്റെ കീഴിലുള്ള ഫുഡ് & സപ്പ്ളൈസിൽ ലോവർ ഡിവിഷൻ ക്ളാർക്കായി വന്ന് ചേരണമന്ന് ആജ്ഞ്യ. അന്ന് എനിക്ക് കിട്ടിയിരുന്ന ശമ്പളത്തിനേക്കാൾ കുറവുള്ള സ്കെയിൽ, ഞാൻ അപേക്ഷിച്ച മുൻഗണനാ ക്രമത്തിനു വിരുദ്ധമായുള്ള നിയമനം, പഠിച്ച വിഷയത്തിലുള്ള ജോലിയിൽ നിന്നും മാറി ഗവണ്മെന്റ് ഓഫീസിലെ പൊടിപിടിച്ച ഫയലുകളിൽ ജീവിതം തളച്ചിടാൻ താല്പര്യമില്ലായ്മ, ഡെൽഹി നഗരത്തോടുള്ള ഇഷ്ടക്കേട്... അങ്ങിനെ പലതും എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. മറുപടി അയച്ചില്ല. മൂന്നു മാസത്തിനു ശേഷം വീണ്ടും  ഒരു ഓർമ്മപ്പെടുത്തലും അവസാന താക്കീതും. ബോംബെയെ പ്രണയിച്ച എനിക്ക്  കാമുകിയെ വിട്ടുപിരിയാനുള്ള വിഷമം, സുഹൃത്ത് വലയത്തിൽ നിന്നുമുള്ള അകല്ച്ച… മനസ്സ് നീറി. ഒടുവിൽ  സ്വയം ഒരു തീരുമാനമെടുത്തു... ഇല്ല. ബോംബെ വിട്ടെങ്ങോട്ടുമില്ല. തിരിഞ്ഞു നോക്കുമ്പോൾ പശ്ചാത്താപമില്ല.

ഇതിനിടയിൽ, ബാങ്ക് ടെസ്റ്റുകൾ പലതെഴുതി. വൈശ്യ ബാങ്കിന്റെ എഴുത്തു പരീക്ഷയിൽ വിജയിച്ചു. ഇന്റെർവ്യൂ ബാംഗ്ളൂരിൽ. വിലാസിനി ഒപ്പോൾക്ക് എഴുതി, പോയി, പരാജിതനായി തിരിച്ചു പോന്നു. ട്രെയിനിൽ ടിക്കറ്റ് തരപ്പെടാത്തതിനാൽ ബസിലായിരുന്നു മടക്ക യാത്ര. ബസ് ദാവൺഗരെയിൽ എത്തിയപ്പോൾ ഇന്ദിരാഗാന്ധി വെടികൊണ്ട് ആശുപത്രിയിലായത് അറിഞ്ഞു. പിന്നീട് മരിച്ചെന്നും. ഒരു യുഗത്തിന്റെ അന്ത്യം. പലയിടത്തും “ഗലാട്ടെ”.  വഴിയിൽ വലിയ കുഴപ്പങ്ങളില്ലാതെ ബോംബെയിൽ എത്തിപ്പെട്ടു. ഡൽഹിയിൽ സിഖ് കൂട്ടക്കൊല.. എന്റെ ഡൽഹിയെ തഴഞ്ഞ തീരുമാനം ശരിയെന്ന് മനസ്സ് പറഞ്ഞു.

ബോംബെ റെയിൽവെ സ്റ്റേഷനുകളിലുള്ള പുസ്തകശാലകളിൽ തൊഴിലന്വേഷകർക്കുള്ള വിവിധ സാദ്ധ്യതകളും അവക്കുള്ള ഫോമുകളും പ്രദർശിപ്പിച്ചിരിക്കും. അങ്ങിനെയാണ് ഞാനും സുഹൃത്ത് ഗണേശനും സ്റ്റേഷൻമാസ്ടറുടെ ഒഴിവിലേക്ക് അപേക്ഷിച്ചത്. വളരെയധികം ഒഴിവുകളുള്ള ക്ലാർക്ക് ജോലിയിൽ ഞങ്ങൾക്ക് കമ്പമില്ലായിരുന്നു. ഒരു സ്റ്റേഷൻ മൊത്തം ഭരിക്കാനവകാശമുള്ള അസിസ്റ്റന്റെ സ്റ്റേഷൻ മാഷുടെ ഒഴിവിലേക്ക് ഞങ്ങൾ അപേക്ഷിച്ചു. പരീക്ഷയെഴുതി, പാസായി. ചർച്ച് ഗേറ്റ് സ്റ്റേഷനിൽ ഒരു ലോജിക്കൽ ടെസ്റ്റും, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും. അതിലും പാസായി. ജോലി കിട്ടിയെന്നു തന്നെ ഉറപ്പിച്ചു. ഉച്ചക്കായിരുന്നു ഇന്റെർവ്യൂ. അതു കഴിഞ്ഞപ്പോൾ ഞങ്ങൾ ഔട്ട്. ഒരു മുംബൈ ലോക്കൽ ട്രെയിനിൽ കയറി ഇറങ്ങുന്ന ലാഘവത്തോടെ ഞങ്ങൾ തിരിച്ചു പൊന്നു. റെയിൽവേയിൽ ജോലി ചെയ്യുന്ന ചെറിയച്ഛനോട് ഇക്കാര്യം പറഞ്ഞപ്പോൾ ഇക്കാര്യത്തിൽ യാതൊരു മനസ്താപത്തിന്റെയും ആവശ്യമില്ലെന്നും ആ ജോലിയെക്കാൾ എത്രയോ നല്ല നിലയിലെത്താൻ പ്രൈവറ്റ് ജോലിയിൽ സാദ്ധ്യതകളുണ്ടെന്നും ആശ്വസിപ്പിച്ചു.

റെയിൽവേയോട് ഒട്ടും വിരോധം തോന്നിയില്ല. പിറ്റേന്ന് മുതൽ ബോംബെയുടെ ജീവനാഡിയായ ലോകൽ ട്രെയിനിൽ വീണ്ടും നവകേതനിലേക്ക്.

ലോക്കൽ ട്രെയിൻ യാത്രകൾ വായനക്കുള്ള ഉത്തമ വേദിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒട്ടുമിക്ക സ്റ്റേഷനുകളിലും ഒരു പുസ്തകശാലയുണ്ടായിരിക്കും. വൃത്താന്ത പത്രം മുതൽ മാഗസിനുകളും നോവലുകളും വരെ, വായനയുടെ വിവിധ തലങ്ങളിലുള്ളവരെ ആകർഷിക്കാനുള്ള ഉരുപ്പടികൾ. സ്റ്റേഷനിലെത്തി വണ്ടി വരുന്ന സമയം വരെ അവയിലൂടെ കണ്ണോടിച്ച് വിലയിരുത്തി അവയിലൊന്ന് വാങ്ങിച്ചിരിക്കും. ആദ്യകാലത്ത് സ്പോർട്ട്സ് സ്റ്റാർ എന്റെ ഹരമായിരുന്നു. മികച്ച ചിത്രങ്ങൾ കളറിൽ അച്ചടിച്ച സ്പോർട്ട്സ് സ്റ്റാർ നാട്ടിൽ വെച്ചു തന്നെ വാങ്ങി അതിലെ ക്രിക്കറ്റർമാരുടെ ചിത്രങ്ങൾ കണ്ട് സായൂജ്യമടയുക ഒരു ഹോബി ആയിരുന്നു. ആ ഹരത്തിന് പണം പലപ്പോഴും ഒരു വിലങ്ങു തടിയായിരുന്നു..

ബോംബെയിൽ ശ്രീ ഓപ്പോളുടെ വീട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉണ്ണിയെട്ടൻ എല്ലാ ആഴ്ചയും വാങ്ങിക്കും. ഉണ്ണിയേട്ടന്റെ വായന കഴിഞ്ഞാൽ അതെനിക്ക് കിട്ടും. പ്രസാദിന്റെ റൂമിൽ കലാകൗമുദിയാണ് സ്ഥിരം വാങ്ങിക്കുന്നത്. അവ തമ്മിൽ ഞങ്ങൾ ഒരു മാറ്റക്കച്ചവടം നടത്തും, എല്ലാ ആഴ്ചയും. അങ്ങിനെ ഞാൻ വായനയുടെ ലോകത്തേക്ക് എത്തിപ്പെട്ടു. നാട്ടിൽ വെച്ച് പരിചയെപ്പെട്ട മുട്ടത്തു വർക്കി, കാനം, എം ടി എന്നിവർക്കപ്പുറം  ഒ വി വിജയൻ, സി രാധാകൃഷ്ണൻ , പത്മനാഭൻ, മുകുന്ദൻ, വി കെ എൻ എന്നിങ്ങനെയുള്ള പ്രതിഭകളെക്കൂടി അടുത്തറിഞ്ഞു. വിജയന്റെ ഗുരുസാഗരം മാത്രുഭൂമിയിൽ വരുന്ന കാലം. കുഞ്ഞുണ്ണിയുടെ കൂടെ ഞാനും സായാഹ്‌ന യാത്രയിൽ കൂടി. ആ എഴുത്ത് എന്നെ വല്ലാതെ ആകർഷിച്ചു. പ്രസാദ് സാഹിത്യവാരഫലം കൃഷ്ണൻ നായരുടെ ആരാധകനാണ്. ഓരോ ആഴ്ചയും നായരുടെ വീക്ഷണങ്ങളെക്കുറിച്ച് ചർച്ച ഉണ്ടായിരിക്കും. കിംഗ് സർക്കിൾ സ്റ്റേഷൻ മുതൽ സാന്റാക്രൂസ് സ്റ്റേഷൻ വരെയും തിരിച്ചുമുള്ള ദൂരം പലപോഴും വായനയുടെ ഹരത്താൽ പോരെന്നു തോന്നിച്ചു.

നവകേതനിൽ തിരുവത്ര ശശി പോയ ഒഴിവിലേക്ക് ഒരാളെ വേണം. സുഹൃത്ത് വിനയനെ കൊണ്ടു പോയി ആശാനെ (പിഷാരടി സാറിനെ അങ്ങിനെയാണ് ഞങ്ങൾ, നവകേതനിലെ കീഴ് ജീവനക്കാർ,  തമ്മിൽ തമ്മിൽ പറയാറുള്ളത്) കാണിച്ച് ജോലി ശരിയാക്കി. കത്തുകൾ ടൈപ്പ് ചെയ്യുക, പെറ്റി കാഷ് ബുക്കെഴുതുക. പ്രൊഡക്ഷൻ കാഷ് ബുക്കെഴുതുക തുടങ്ങിയ പണികൾ. ആ കസേരയിൽ അധിക കാലം ആരും ഇരിക്കാറില്ല. അതൊരു ട്രെയിനീ പോസ്റ്റാണ് എന്നും. ആറുമാസമാണ് ആ കസേരയിലിരിക്കുന്നവരുടെ ആവറേജ് ആയുസ്സ്. കയ്യക്ഷരം നന്നാവണം എന്നതാണ് എറ്റവും വലിയ ക്വാളിഫിക്കേഷൻ. അതിൽ വിനയൻ ജയിച്ചു.
എന്റെ കാര്യത്തിൽ കയ്യക്ഷരം ആശാന് അത്രക്ക് മതിപ്പില്ലായിരുന്നു. പിന്നെ, നിവൃത്തികേടു കൊണ്ട്, അന്നത്തെ പ്രത്യേക സാഹചര്യത്തിൽ എടുത്തതാണ്. പലപ്പോഴും അത് പറഞ്ഞ് ചീത്ത പറയാറുമുണ്ട്.

ഏറെത്താമസിയാതെ തന്നെ വിനയനു വേറെ നല്ല ജോലി കിട്ടി, അവിടേക്ക് ഷിബു ജോർജ്ജ് എന്നൊരു ട്രെയിനീ എത്തി. മൂന്നു മാസത്തിനുള്ളിൽ മൂപ്പ്പരും സ്ഥലം വിട്ടു. പിന്നീടെത്തിയത് സി ജി രഘുനാഥ്. അതെ, ആ കസേരയിൽ ആരും ഉറച്ചിരിക്കാറില്ല.

നവകേതനിൽ ഞാനെത്തിയ ശേഷമുള്ള ആദ്യ ഫിലിം ‘ഹം നൗ ജവാൻ’ റിലീസ് ആയി. റിലീസിനു മുമ്പെ പടം ലാബിൽ വെച്ച് കണ്ടു. നമ്മുടെ ചിന്താധാരകളും വീക്ഷണങ്ങളുമായി ഒത്തുപോകാത്ത ഒരു സിനിമ. ആദ്യമായി ഒരു സിനിമയുടെ ടൈറ്റിലിൽ പേർ വന്നു. പക്ഷെ ആരോടും അഭിമാനത്തോടെ പറയാൻ തോന്നിയില്ല. ദേവ് ആനന്ദിനെക്കൂടാതെ റിച്ച ശർമ്മ(സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ), തബു എന്നിവരുടെ ആദ്യ ചിത്രം. തബു അന്ന് ദേവ് ആനന്ദിന്റെ മകളുടെ റോളിൽ ആയിരുന്നു അഭിനയിച്ചത്. തബുവിന്റെ ആദ്യ പ്രതിഫലം ഈ കയ്യിലൂടെയാണ് നൽകപ്പെട്ടത് എന്നത് ആ അഭിനേത്രിയുടെ ഓരോ പോസ്റ്റർ കാണുമ്പോഴും ഓർക്കും.

കണക്കെഴുത്തിനപ്പുറം സിനിമയുടെ പിന്നാമ്പുറക്കാഴ്ചകൾ കൂടെ കാണാനും അടുത്തറിയാനുമായി. ഒരു സിനിമ നിർമ്മാണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള വിവിധ ഘട്ടങ്ങൾ നേർക്കഴ്ചയായി. സ്ക്രിപ്റ്റ്, ലൊക്കേഷൻ ഹണ്ടിംഗ് അഥവാ റെക്കി, കാസ്റ്റിംഗ്, സോംഗ് റെക്കോഡിംഗ്, ഷൂട്ടിംഗ്, ഫിലിം പ്രോസസിംഗ്, എഡിറ്റിംഗ്, ഡബ്ബിംഗ്, സൗണ്ട് ഇഫക്ട്സ്, ബാക്ക് ഗ്രൌണ്ട് മുസിക്, മിക്സിംഗ്, വിപണനം, ഫൈനൽ പ്രിന്റ്, റിലീസിംഗ് ഇതെല്ലാം നേരിട്ട് കണ്ടു. ഭാഗഭാക്കായി.  കണക്കെഴുത്ത് കഴിഞ്ഞുള്ള ഇടവേളകളിൽ ഈ പിന്നാമ്പുറക്കാഴ്ചകളിൽ ശ്രദ്ധ പതിപ്പിച്ചു. സ്റ്റീൻബക്ക് റൂമിൽ പോയി ബാബു ഷെയ്ക്കിന്റെ എഡിറ്റിംഗ് കണ്ടു. സിനിമ വിജയിച്ചില്ലെങ്കിലും ‘ഹം നൗ ജവാൻ’ എന്ന സിനിമയുടെ ഏഡിറ്റർക്ക് ആ വർഷത്തെ എറ്റവും നല്ല എഡിറ്റർക്കുള്ള ദേശീയ അവാർഡ് കിട്ടി. സംഗീത സംവിധായകൻ ആർ ഡി ബർമ്മൻ, പുല്ലാങ്കുഴൽ വാദകനായ ഹരിപ്രസാദ് ചൗരസ്യ, സന്തൂർ വാദകൻ ശിവ്കുമാർ ശർമ്മ എന്നിവരെ നേരിട്ട് കാണാനും അവരുടെ കലയെ രണ്ടു ദിവസം അടുത്തറിയാനും അവസരമുണ്ടായി.

രാമേട്ടൻറെയും അച്ചുവേട്ടന്റെയും ലീവിൽ അവരുടെ  പണികൾ കൂടെ എനിക്കനുവദിച്ചു കിട്ടി. ദിവസവും ദേവ് സാബിനെ കണ്ട് ബാങ്ക് പൊസിഷൻ  അവതരിപ്പിക്കുക, ചെക്കുകൾ അപ്പ്രൂവ് ചെയ്ത് വാങ്ങി ഏറ്റവും ശല്യം ചെയ്യുന്ന കടക്കാർക്ക് കൊടുക്കുക. മാസാദ്യങ്ങളിൽ ശമ്പള ലിസ്റ്റ് തയ്യാറാക്കി ഒപ്പിട്ടുവാങ്ങി നൽകുക.  പലപ്പോഴും ചോദ്യങ്ങൾ അനവധി ആയിരിക്കും. അവയ്ക്ക് തൃപ്തികരമായ മറുപടി നൽകിയാൽ അദ്ദേഹം തൃപ്തൻ. ക്രെഡിറ്റേഴ്സിനെയും ദേവനെയും തൃപ്തിപ്പെടുത്തിപ്പോകുക എന്നത് ഒരു തരം ഞാണിന്മേൽ കളിയാണ്. അതിൽ വിജയിച്ചാൽ നിങ്ങൾക്ക് മുന്നോട്ട് ജയിച്ച് കയറാം.

തൽക്കാലം ഞാൻ അതിൽ നല്ല മാർക്ക് വാങ്ങി വിജയിച്ചു.  അങ്ങിനെയാണ് പാലി ഹില്ലിൽ പണിയുന്ന പുതിയ റെക്കോഡിംഗ് സ്റ്റുഡിയോയുടെ പൂർണ്ണ ചുമതലയുള്ള അക്കൗണ്ടന്റ് ആയി സ്ഥാനക്കയറ്റം കിട്ടിയത്. പക്ഷെ സ്ഥാനക്കയറ്റം വേതനത്തിൽ നിഴലിച്ചില്ല. അങ്ങോട്ട് ചോദിക്കാതെ മനസ്സറിഞ്ഞു തന്നാൽ മാത്രം സ്വീകരിക്കുക എന്ന  എന്റെ നയത്തിൽ അയവു വരുത്താൻ തയ്യാറാവാത്തതിനാൽ കുറച്ചു കാലം കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം.

ജോലി കഴിഞ്ഞു വീട്ടിലെത്തുന്നത് പലപ്പോഴും വൈകിയായിരിക്കും. എങ്കിലും ആരെയും പിണക്കാതെ ജീവിക്കാൻ പഠിച്ചിരിക്കുന്നു. വൈകുന്നേരം വീട്ടിലെത്തിയാൽ ഏറ്റവും ആദ്യം കണ്ണെത്തുക കത്തിരിക്കുന്ന സ്ഥാനത്തേക്കാണ്. നാട്ടിൽ നിന്നും അമ്മ, വിജയൻ, അമ്മിണി ഓപ്പോൾ എന്നിവരുടെ കത്തുകൾക്കായി കൊതിച്ച ദിനങ്ങൾ. അവരിലൂടെയാണ് ഞാൻ നാടിനെ അറിയുന്നത്, വിശേഷങ്ങൾ അറിയുന്നത്. ആഴ്ചകളും മാസങ്ങളും നീളുന്ന ആ ഇടവേളകളിൽ  എത്തുന്ന മഴക്കായി ഈ വേഴാമ്പൽ കാത്തിരിക്കും.  കിട്ടിയ അന്ന് തന്നെ മറുപടി എഴുതി അയച്ചിരിക്കും. വീണ്ടും മറ്റൊരു കുളിർമഴക്കായുള്ള കാത്തിരിപ്പ് തുടരും.

അതെ, കാത്തിരിക്കുക, അടുത്ത ലക്കത്തിനായി.

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...