നാലു ദിവസം മുമ്പാണ് പ്രേമൻ ഇല്ലത്തിന്റെ നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന നോവൽ ഓൺലൈൻ വഴി വാങ്ങി കയ്യിൽ കിട്ടിയത്.
ബോംബെ നഗരത്തെ തുറന്നു കാട്ടുന്നതിൽ ഇതൊരു മാനിഫെസ്റ്റോ തന്നെ. ആനന്ദിന്റെ ആൾക്കൂട്ടം നമുക്ക് തരുന്ന അനുഭവ തലങ്ങളെക്കാൾ പ്രേമൻ നമ്മെ, പ്രത്യേകിച്ച് മുംബൈക്കറെ ആദ്യാദ്ധ്യായം മുതൽ തന്നെ കൂടെക്കൂട്ടുന്നു. ഓരോ അദ്ധ്യായങ്ങൾ പിന്നിടുന്തോറും ആ പരിചിത വഴിത്താരകളും കഥാപാത്രങ്ങളും നമ്മെക്കൂടി ചേർത്തു പിടിച്ചാണ് യാത്ര ചെയ്യുന്നത്. ഒരിക്കൽ കയ്യിലെടുത്ത് വായന തുടങ്ങിയാൽ നിർത്തും വരെ ഉദ്വേകത്തിന്റെ ചങ്ങലപ്പൂട്ടിൽ നാം അകപ്പെട്ടിരിക്കും.
ആദി ബോംബെ ചരിത്രം തുടങ്ങി ഇന്നിന്റെ മുംബൈയിലേക്ക് എത്തിച്ചേരുന്ന നോവൽ എഴുപതുകളിൽ തുടങ്ങി പിന്നീട് ഓരോ കഥാപാത്രങ്ങളിലൂടെ നഗരത്തിന്റെയും രാജ്യത്തിന്റെയും അറിയപ്പെടുന്നവരുടെയും അറിയപ്പെടാത്തവരുടെയും ചരിത്രങ്ങളിലൂടെ വികസിക്കുകയാണ്.
മൂന്നു വശങ്ങളും കിനാവള്ളി പോലെ വരിഞ്ഞു പിടിച്ചിരിക്കുന്ന അറബിക്കടലിന്റെ ആഴങ്ങൾ പോലെ ഭ്രമാത്മകമാണ് ചരിത്രത്തിന്റെ ഉള്ളകങ്ങൾ എന്ന് ആമുഖമായി പറഞ്ഞു കൊണ്ട്, സെയ്ൻ നദിയുടെ ഒഴുക്ക് നിലച്ചാൽ യൂറോപ്പിന്റെ ചരിത്രവും അവസാനിക്കുമെന്ന പ്രസിദ്ധ വാക്യത്തെ ഉദ്ധരിച്ച്, ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ സാംസ്കാരികത്തിമർപ്പുകളായ മനുഷ്യക്കൂട്ടങ്ങളുടെ ഒഴുക്ക് നിലച്ചാൽ മുംബൈയും ഇല്ലെന്ന് പറഞ്ഞു കൊണ്ടാണ് പ്രേമൻ തന്റെ മാനിഫെസ്റ്റോ ആരംഭിക്കുന്നത്.
ഇതിലെ ഓരോ കഥാപാത്രങ്ങൾക്കുമുണ്ട് തികഞ്ഞ വ്യക്തിത്വം. ഓരോ ചരിത്രം. കൂടാതെ വ്യക്തമായ കാഴ്ചപ്പാടുകളും. അവയൊന്നുപോലും പ്രകടനപരതയോ വെറും സ്റ്റേറ്റ്മെന്റുകളോ ആയി മാറാതെ കഥാ സന്ദർഭങ്ങളുമായി ഇഴചേർന്ന് ഒഴുകുമ്പോൾ നോവലിന്റെ കയ്യടക്കം നമ്മെ അത്ഭുതപ്പെടുത്തും.
ഡാനിയൽ എന്ന വിപ്ലവകാരിയുടെ ബോംബെ പ്രവേശനത്തോടെയാണ് നോവൽ തുടങ്ങുന്നത്. നഗരത്തിലെ വനപ്രതീതി ഇന്നും നില നിർത്തുന്ന ആരെ കോളനിയിലെ തബേലകളിലൊന്നിൽ അയാൾക്ക് ഒളിത്താവളമൊരുക്കി മറ്റൊരു വിപ്ലവകാരി അവിടെ നിന്നും തിരോധാനം ചെയ്യപ്പെടുന്നതും, പിന്നീട് ഡാനിയൽ പോലുമറിയാത്ത അവിടെ ഒരു അരുംകൊലക്ക് സാക്ഷിയാവേണ്ടി വരുന്നതും, ഒടുവിൽ ആ കൊലക്കുറ്റത്തിന് അയാൾക്ക് താനെ ജയിലിൽ കിടക്കേണ്ടി വരികയും ചെയ്യുകയാണ്. അവിടെ അയാൾ കണ്ടുമുട്ടുന്ന ഹംസാഭായി എന്ന നല്ല മനുഷ്യൻ അയാളെ അവിടെ നിന്നും ജാമ്യത്തിൽ പുറത്തെത്തിക്കുന്നു. അവിടന്നങ്ങോട്ട് അയാളുടെ ജീവിതം മാറി മറിയുകയാണ്. അത് അയാൾ പോലുമറിയാതെ ആദ്യം അധോലോകത്തിലേക്കും അവിടെ നിന്നും ഒരു നിയോഗം പോലെ പല ഭൂമികകളിലേക്കും എത്തപ്പെടുന്നു.അയാൾ തന്റെ നഗരയാത്രയിൽ നിശ്ചിതസമയങ്ങളിൽ പല പല വേഷങ്ങളണിയുന്നുണ്ട്. പരകായ പ്രവേശങ്ങളും ആൾമാറാട്ടങ്ങളും നടത്തുന്നുണ്ട്. അവയിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്..
നാം നിത്യേനയെന്നോണം നഗരത്തിൽ കണ്ടുമുട്ടുന്ന മുഖമില്ലാത്ത അനേകം മനുഷ്യരുടെ പിന്നാമ്പുറങ്ങളിലേക്ക് പ്രേമൻ നമ്മെ കൂട്ടിക്കൊണ്ടു പോയി പരിചയപ്പെടുത്തുന്നുണ്ട്.
ചുവന്ന തെരുവിൽ നിന്നും രക്ഷപ്പെട്ട ട്രാൻസ് ജെൻഡറായ ലക്ഷ്മിയും അവളുടെ വളർത്തുമകളായ സീതയും.
അപ്പനോട് പിണങ്ങി വീട്ടിൽ നിന്നും ഒളിച്ചോടി തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ജയന്തി ജനതയിൽ കയറി ബോംബെയിലെത്തി, ആദ്യ കമ്പനിയിൽ നിന്നും അപ്പോയിന്റ്മെന്റ് ലെറ്ററിന് പകരം ഒരു കാലൻ കുടയിലൂടെ പിന്നീടങ്ങോട്ട് ജീവിതം കരുപ്പിടിപ്പിച്ച ഭാഗ്യനാഥൻ.
മനുഷ്യത്വത്തിന്റെ മൂർത്തിമത് രൂപമായ അനിൽ കദം, അത്തരമൊരു പ്രവർത്തനത്തിനിടയിൽ ഒരു യാചകിയുടെ അന്ത്യവേളയിൽ അവർക്ക് ഉദകജലം നൽകി അടുത്ത നിമിഷം അവരുടെ കൂരയിൽ കണ്ട പണക്കൂമ്പാരത്തിന്റെ കാഴ്ച്ചയിൽ കണ്ണും പ്രജ്ഞയും മഞ്ഞളിച്ച് അതുമായി കടന്നു കളയുന്നവൻ.
സാമൂഹ്യസേവനവും പരസഹായവുമായി നടന്ന ബിസിനസ്സ്‌കാരനായ ബാലേട്ടൻ.
വിശ്വസാഹിത്യം ആവോളം പാനം ചെയ്ത് അക്ഷരസമൃദ്ധിയുമായി നമ്മെ അത്ഭുതപ്പെടുത്തുന്ന ബംഗാളി ചെരുപ്പുകുത്തി ബിഭൂതിദാസ്.
ജീവിതം പ്രണയാർദ്രമായി ജീവിച്ചു കൊതി തീരാത്ത നവ്റോഷ് കമേലിയ ദമ്പതികൾ.
മോഡലിംഗിൽ നിന്നും ബോംബെയുടെ വെള്ളി വെളിച്ചത്തിലേക്ക് ഉദിച്ചുയർന്ന് അധികം വൈകാതെ അസ്തമിക്കുകയും പിന്നീട് ജീവിക്കാനായി തന്റെ ശരീരം വിൽക്കാൻ തീരുമാനിച്ചിറങ്ങുകയും ചെയ്യുന്ന മിനൽ.
ജീവിത സ്വപ്നങ്ങളും കുടുംബവും ഇല്ലാതാക്കിയവരെ കൂട്ടക്കൊല ചെയ്ത് നാട്ടിൽ നിന്നും ഒളിച്ചോടി വന്ന് ധോബി തലാവിലെ ഓടയിൽ തന്നെത്തന്നെ തല്ലി വെളുപ്പിക്കുന്ന ചന്ദൻ യാദവ്.
താനെ വെസ്റ്റിലെ സർവ്വജനിക് ശൗചാലയത്തിന് മുമ്പിൽ നാണയത്തുട്ടുകൾ ശേഖരിച്ച് തന്റെ മകന്റെ ജയിൽ മോചനം സ്വപ്നം കാണുന്ന വൃദ്ധജോലിക്കാരി തുൾസി ബായി.
മുത്തുവെന്ന രാഷ്ട്രീയക്കാരൻ.
ശുഭാംഗിയെന്ന നർത്തകി തുടങ്ങി മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പിടി കഥാപാത്രങ്ങൾ ..
പല കഥാപാത്രങ്ങളെയും ജീവിച്ചിരിക്കുന്ന പലരോടുമൊപ്പമാണ് ഇതിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.വരദാഭായിയും, ഹാജി മസ്താനും, നാണപ്പൻ മഞ്ഞപ്രയും തുടങ്ങി ഒട്ടേറെപ്പേരുടെ സാന്നിദ്ധ്യം കൂടി പ്രേമൻ ഇതിൽ സമർത്ഥമായി ചേർത്തിട്ടുണ്ട്. അവർക്കൊക്കെയും നഗര ചരിത്രത്തിൽ തങ്ങളുടേതായ ഭൂമികയുണ്ടെന്നദ്ദേഹം കരുതിയിരിക്കണം.
അതെ പോലെ ബോംബ സാക്ഷ്യം വഹിച്ച അനേകം ചരിത്രസംഭവങ്ങളും നോവലിന്റെ ഭാഗമാവുകയും പരമാർശിക്കപ്പെടുകയും, അവയുടെ ചരിത്രത്തിലേക്ക് എത്തിനോക്കുകയും ചെയ്യുന്നുണ്ട്. ബോംബേ നഗരത്തിലെ കോളി സമൂഹം, ഈ ദ്വീപിലേക്ക് ലേക്ക് ആദ്യം കാലെടുത്തു വെച്ച വിദേശികൾ, നഗരരൂപീകരണം, രണ്ടാം ലോക മഹായുദ്ധം, വിക്ടോറിയ ഡോക്കിൽ നടന്ന സ്ഫോടനം, സ്വാതന്ത്ര്യ സമര കാലം, ഇന്ത്യ വിഭജനം, എഴുപതുകളിലെ മിൽ സമരങ്ങൾ, റെയിൽവേ സമരം, തൊണ്ണൂറുകളിലെ വർഗ്ഗീയ ലഹള, അതിനു ശേഷം നടന്ന സ്‌ഫോടനങ്ങൾ, പ്രളയം, കോവിഡ് തുടങ്ങി പല പല കാലഘട്ടങ്ങളിലൂടെയാണ് നോവൽ ഇന്നിലേക്കെത്തിച്ചേരുന്നത്.
പ്രേമൻ വരച്ചു കാട്ടുന്ന പല പ്രതിബിംബങ്ങളും മനോഹരമാണ്. സ്വന്തം ഭാര്യയുമായി പഞ്ചനക്ഷത്ര ഹോട്ടൽ ഒബറോയിയുടെ അരികിലുള്ള മൈതാനത്ത് വേഴ്ചയിൽ ഏർപ്പെടാൻ വിധിക്കപ്പെടുന്ന ഒരു പാവം നഗരജീവിയുടെ ചിത്രത്തെ വരച്ചുകാട്ടുന്നത് ഇപ്രകാരമാണ്.
നക്ഷത്ര തല്പങ്ങളിൽ വേഴ്ചയുടെ അർമാദങ്ങളിൽ പൊലിഞ്ഞു തീരാൻ രാവിരുട്ടുന്നു. തൊട്ടു താഴെ തുറന്ന മൈതാനത്ത് മങ്ങിയ ഇരുട്ടിന്റെ ചുവരുകൾക്കിടയിൽ, നിസ്സഹായതയുടെ ശീൽക്കാരങ്ങൾ അടക്കിപ്പിടിച്ച്, നഗരം പ്രണയാസക്തികളെ നിർവീര്യമാക്കുന്നു..
മുംബൈ ഒരു നഗരമല്ല... അതൊരാഡംബര കപ്പലാണ് . നൂറ്റാണ്ടുകളായി ഒരേ കടലിൽ നങ്കൂരമിട്ട് യാത്രക്കാരെ ജീവിതദൃശ്യങ്ങളിൽ വിസ്മയിപ്പിക്കുന്ന കപ്പൽ. ഈ നങ്കൂരമൊന്നഴിഞ്ഞു പോയാൽ, കപ്പൽ ഒരു മുത്തശ്ശിക്കഥ എന്നൊരു കഥാപാത്രത്തെക്കൊണ്ട് അദ്ദേഹം പറയിക്കുന്നുണ്ട് .
ക്രാഫ്റ്റിന്റെ കാര്യത്തിൽ ആനന്ദിന്റെ ആൾക്കൂട്ടത്തെക്കാൾ ഒരുപടി മികച്ചതെന്ന് നിസ്സംശയം പറയാവുന്ന നോവൽ.
ഓരോ മുംബൈക്കറും അവശ്യം വായിച്ചിരിക്കേണ്ട നോവൽ.
നന്ദി പ്രേമൻ ഈ വായനാനുഭവത്തിന് !
No comments:
Post a Comment