ആദി കാലം
-മുരളി വട്ടേനാട്ട്
മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിലുള്ള ഹരിഹരേശ്വറിലെ സാവിത്രീ നദീ തീരത്തുള്ള ദേശ്‌പാണ്ഡെ കുടുംബത്തിലാണ് ആദി എന്ന ആദിലക്ഷ്മി ജനിച്ചതും വളർന്നതും. അവളുടെ അജോബ(അച്ഛച്ചൻ) നാരായൺ ദേശ്‌പാണ്ഡെ ഒരു വിമുക്തഭടനാണ്. ആദിയുടെ ബാബ (അച്ഛൻ) നിതിനും ഇന്ത്യൻ കരസേനയിലാണ്. ആയി(അമ്മ) ദേവയാനി വീട്ടമ്മയും.
1999ലെ ജേഷ്ഠമാസത്തിലെ ആദ്യമഴ പെയ്ത ഒരു സായംസന്ധ്യയിലാണ് പോസ്റ്റുമാൻകാക്ക കമ്പിയുമായി ഹരിഹരേശ്വറിലെ വീട്ടിലെത്തുന്നത്. പുതുമഴയുടെ വരവിൽ ആഘോഷത്തിമിർപ്പുയർത്തേണ്ട ആദി പതിവിന് വിപരീതമായി അന്ന് ഹരിഹരേശ്വറിലെ ഭഗവൽ സന്നിധിയിലായിരുന്നു.
ഹരിഹരേശ്വറിലെ സന്ധ്യകൾ അന്നാളിൽ പതിവിലേക്കാൾ മന്ത്ര മുഖരിതമായിരുന്നു. കാർഗിൽ കുന്നുകളിലെ നുഴഞ്ഞു കയറ്റങ്ങൾക്കെതിരെ പോരാടുന്ന തങ്ങളുടെ നവ്രമാരുടെ(ഭർത്താക്കന്മാരുടെ) ജീവൻ കാലഭൈരവന്റെയും കൈലാസനാഥന്റെയും കൈകളിലാണെന്നവർ വിശ്വസിച്ചു. അവരുടെ പത്നിമാരത്രയും വൈശാഖമാസത്തിൽ തുടങ്ങിവെച്ച വ്രതാനുഷ്ഠാനങ്ങൾ ഒരു സപര്യപോലെ തുടർന്നു.
ആയിയുടെ(അമ്മ) സങ്കടമോചനശ്രമങ്ങൾക്കുകൂട്ടായി 14 വയസ്സുകാരി ആദിലക്ഷ്മിയും ഉപവാസങ്ങളിലാണ്. മാർക്കണ്ഡേയനെപ്പോലെ അവളും ശിവലിംഗത്തെ ചേർത്തുപിടിച്ച് ബാബയ്ക്ക്‌വേണ്ടി പ്രാർത്ഥിച്ചു.
ജേഷ്ഠമാസത്തിലെ നിർജ്ജല ഏകാദശീ വ്രതം നോറ്റ് അവളും ആയിയും അവിടെ ഉപവാസമിരുന്നു.
സന്ധ്യാ ആരതിയുടെ ഒരുക്കങ്ങളിലാണ് ഹരിഹരേശ്വര മന്ദിർ. മന്ദിരത്തിനപ്പുറമുള്ള സമുദ്രത്തിന്റെ പശ്ചിമാഴങ്ങളിൽനിന്നും കാലവർഷത്തിന്റെ കരിമേഘങ്ങൾ ഉയർന്നുപൊങ്ങി ഹരിഹരേശ്വറിനെയും കിഴക്കൻ സഹ്യാദ്രി മലനിരകളെയും വിഴുങ്ങാനുള്ള ശ്രമങ്ങളിലാണ്.
ഇടക്കെപ്പോഴോ അങ്ങ് ദൂരെ സഹ്യന്റെ നെറുകയിലൊരു വെള്ളിടി വെട്ടി. ശിവലിംഗത്തെ വലംവെച്ചുകൊണ്ടിരുന്ന ആദി, മിന്നലിന്റെ ആഘാതത്തിൽ പേടിച്ചരണ്ട് ആയിയെ കെട്ടിപ്പിടിച്ച്, പേടിച്ചു നിലവിളിച്ചു. അവളുടെ വീട്ടിൽ നിന്നുംവന്ന ഒരു ദൂതൻ അവളെയും അമ്മയെയും പതുക്കെ സാന്ത്വനിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
അവരുടെ കഠിന വ്രതങ്ങൾക്കും ബാബയുടെ ആയുസ്സിനെ രക്ഷിക്കാനായില്ല. പോസ്റ്റുമാൻകാക്കയുടെ ആ കമ്പിക്ക് ആദിയുടെ ജീവിതത്തിനുമേൽ കരിമേഘങ്ങളുടെ വർഷപാതം ചൊരിയാനായിരുന്നു വിധി.
ആദിലക്ഷ്മിയുടെ അച്ഛൻ നിതിൻ ദേശ്‌പാണ്ഡെയുടെ മരണവാർത്തയുമായി എത്തിയ കമ്പി ഗ്രാമത്തെ ഒന്നടങ്കം നടുക്കിക്കളഞ്ഞു. ഏറെ മോഹിച്ചു സ്വയം തിരഞ്ഞെടുത്തതായിരുന്നു നിതിൻ ഇന്ത്യൻ ആർമിയിലെ ഉദ്യോഗം.
തന്റെ മുൻതലമുറയുടെ ക്ഷാത്രവീര്യം നിതിനെയും ഒരു പട്ടാളക്കാരനാക്കുകയായിരുന്നു. ഒടുവിൽ കാർഗിൽ മലനിരകളിൽ രാജ്യത്തിന് വേണ്ടി ജീവൻ വെടിയാനായിരുന്നു അയാളുടെ വിധി.
ബാബ മരിക്കുമ്പോൾ ആദിക്ക് 14 വയസ്സാണ് പ്രായം. അനിയൻ അമോലിന് 10ഉം. ബാബയും ആയിയുമായുള്ള വിവാഹം ഒട്ടും ഇഷ്ടമില്ലാതിരുന്ന അജോബക്ക് ആയിയെ കാണുന്നതുതന്നെ ചതുർത്ഥിയായിരുന്നു. ആയിയുടെ സൗന്ദര്യത്തിൽ മയങ്ങി വീണതാണ് നിതിൻ എന്നാണ് അജോബ മറ്റുള്ളവരോട് പറയാറ്. കുണ്ഡലി(ജാതകം) നോക്കാതെ കഴിച്ച ആ വിവാഹത്തിന്റെ ഫലമാണ് ബാബയുടെ വിയോഗം എന്നാണ് അദ്ദേഹം വിശ്വസിച്ചതും പരക്കെ പറഞ്ഞു നടന്നതും.
ആദിയുടെ ആയി ദേവയാനി ജനിച്ചതും വളർന്നതും തൊട്ടടുത്ത ഗ്രാമമായ ശ്രീവർദ്ധനിലാണ്. നാന(മുത്തശ്ശൻ)യെ ചെറു പ്രായത്തിൽ തന്നെ നഷ്ടപ്പെട്ട ദേവയാനിയുടെ ജീവിതം നാനി(അമ്മമ്മ)യുടെ കൃഷിപ്പണിയിൽനിന്ന് കിട്ടുന്ന തുച്ഛവരുമാനത്തിൽ തളച്ചിട്ടതായിരുന്നു. പഠനം പത്താം തരത്തിൽ
വഴിമുട്ടിനിന്ന്, അത്യാവശ്യം ടെയ്‌ലറിങ് പഠിക്കുന്ന കാലത്താണ് തൊട്ടടുത്ത ഗ്രാമത്തിൽ താമസിച്ചിരുന്ന നിതിൻ ഒരിക്കൽ ലീവിൽ വന്നപ്പോൾ ഒരു കൂട്ടുകാരനൊപ്പം ശ്രീവർദ്ധനിലേക്ക് വരുന്നതും യദൃച്ഛയായിട്ടു് ദേവയാനിയെ കാണുന്നതും അവരിൽ മോഹമുണരുന്നതും.
തന്റെ ആഗ്രഹം അജോബയെ അറിയിച്ച ബാബക്ക് പക്ഷെ അദ്ദേഹത്തിൽ നിന്നും കടുത്ത എതിർപ്പുതന്നെ നേരിടേണ്ടി വന്നു. ഒടുവിൽ ഏകദേശം രണ്ടു വർഷങ്ങൾക്ക്ശേഷം മകന്റെ മനം മാറുന്നില്ലെന്നുകണ്ട് അദ്ദേഹത്തിന് കല്യാണത്തിന് സമ്മതിക്കേണ്ടി വന്നതായിരുന്നു.
ബാബയുടെ മരണശേഷം അധികം താമസിയാതെ അജോബയുടെ കുത്തുവാക്കുകൾ സഹിക്കവയ്യാതായപ്പോൾ ദേവയാനി ഹരിഹരേശ്വറിലെ ഭർതൃവീട്ടിൽനിന്നും ആദിയെയും അമോലിനെയുംകൊണ്ട് നാനിയുടെ ശ്രീവർദ്ധനിലെ വീട്ടിലേക്ക് പോന്നു.
ആദി പത്താം ക്‌ളാസിലും, ഒമ്പതാംതരംവരെ പഠിച്ച ഹരിഹരേശ്വറിലെ സ്‌കൂളിൽതന്നെ പഠിച്ചു. നല്ല മാർക്കോടെ പാസാവുകയും ചെയ്തു. ബാബയുടെ പെൻഷൻകൊണ്ട് തുടർപഠനം എങ്ങിനെനടത്തും എന്നറിയാതെ ആയി കുഴങ്ങിയ നാളുകളിലാണ് തൊട്ടപ്പുറത്തെ ഡോക്ടർകാക്ക(അമ്മാമൻ)
സഹായഹസ്തവുമായി എത്തുന്നത്.
ശ്രീവർദ്ധനിലെ നാനിയുടെ വീടിന് തൊട്ടപ്പുറത്തായാണ് ഡോക്ടർ കാക്കയുടെ ഹവേലിപോലുള്ള വലിയ വീട്. പാട്ടീൽ ഡോക്ടർ നാട്ടിലെ പ്രമുഖനാണ്. തിരക്കുള്ള ഡോക്ടറാണ്. കൂടാതെ തുടക്കത്തിൽ മിലിറ്ററിയിൽ നിർബന്ധിത സേവനം നടത്തി തിരിച്ചുവന്ന് ശീമയിൽപോയി ഉന്നത ബിരുദം നേടി വന്നയാളുമാണ്.
ബാബയുടെ മരണം ആയിയെ ശരിക്കും തളർത്തിയിരുന്നു. ആദിയുടെ പത്താം ക്ലാസ് റിസൾട്ട് അറിഞ്ഞ ഒരാഴ്ചക്കിടെയാണ് ആയിക്ക് പനി പിടിച്ച് ഡോക്ടർകാക്കയെ കാണിക്കാനായി ആ വലിയ വീട്ടിലേക്ക് ആദ്യം അവൾ കയറിച്ചെല്ലുന്നത്.
അവിടെയെത്തിയ ആയിയെയും അവളെയും ഡോക്ടർകാക്ക സ്നേഹവാത്സല്യത്തോടെ സ്വീകരിച്ചിരുത്തി. ആദ്യമായിട്ടാണ് ഡോക്ടർകാക്കയെ അടുത്തു കാണുന്നത്. കാഴ്ച്ചയിൽ സുമുഖനെങ്കിലും മുഖത്തു സ്ഥായിയായ ഗൗരവഭാവം. ചുരുളൻ മുടി. സ്വർണ്ണ ഫ്രെയിം കണ്ണട. സ്വർണ്ണ ബക്കിളുകളിട്ട ഫുൾ സ്ലീവ് ഷർട്ട്. കഴുത്തിൽ സ്ഥിരം ഫിറ്റ് ചെയ്ത സ്റ്റെതസ്കോപ്പ്.
ആയിയുടെ രോഗവിവരങ്ങൾ ചോദിച്ചറിയുംമുമ്പേ അദ്ദേഹം ആദിയുടെ റിസൾട്ടിനെക്കുറിച്ചും തുടർ പഠനത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു.
മുന്നോട്ട് പഠിപ്പിക്കുന്നില്ലെന്ന് ആയിയിൽനിന്നും കേട്ടമാത്ര അത് പറ്റില്ലെന്നും അവളുടെ പഠനം താൻ നടത്തുമെന്നും പ്രഖ്യാപിച്ചു, തന്റെ മകൾ വരദയെ വിളിച്ചു ആദിയെ കൂട്ടികൊണ്ടുപോവാൻ പറഞ്ഞു. ആയിയെ തന്റെ പരിശോധനാ മുറിയിലേക്കുംകൊണ്ടുപോയി. വരദയുടെകൂടെ അവൾ ആ ഹവേലി മുഴുവൻ ചുറ്റിക്കണ്ടു. അവിടത്തെ വേലക്കാരികൾ അവൾക്ക് കുടിക്കാൻ പന്ന(പച്ചമാങ്ങാ ജ്യൂസ്) നൽകി. വരദയും പത്താംതരം പാസായി പ്ലസ് ടു പഠനത്തിനായി പോവുകയാണ്.
പന്നയുടെ സ്വാദ് നുകർന്നുകൊണ്ടിരുന്ന അവളുടെ അടുത്തേക്ക് ആയിയെത്തി. ആയിയുടെ കണ്ണുകൾക്ക് കരച്ചിലിന്റെ വാട്ടമുണ്ടായിരുന്നു.
അത് സൂചി കുത്തിയതിന്റെ വേദനകൊണ്ടാണെന്ന് പറഞ്ഞുകൊണ്ട് ആയി അവളെയുംകൂട്ടി വീട്ടിലേക്ക് തിരിച്ചു നടന്നു.
ഡോക്ടർകാക്ക ആദിയെ പ്ലസ് ടുവിന് ശ്രീവർദ്ധനിലെ അടുത്തുള്ള ഒരു സ്‌കൂളിൽ ചേർത്തു. അവൾക്ക് ഒന്നിനും ഒരു കുറവും വരുത്തരുതെന്ന് ആയിയെ ഇടക്കിടെ വിളിച്ചു പറഞ്ഞു. പ്ലസ് ടുവിൽ ഉന്നത വിജയം നേടി ഡിഗ്രിക്ക് ഗോഖലെ കോളേജിൽ ചേർന്നു.
ശ്രീവർദ്ധനിലെ കോളേജ് പഠനകാലത്ത് അവൾ പൂത്തുലഞ്ഞു. ആദിയുടെ ജീവിതത്തിലെ വസന്തകാലം. ദേവയാനിയെപ്പോലെ നീയും സുന്ദരിയാണെന്ന് ഡോക്ടർകാക്ക ആദിയോട് പറയുമായിരുന്നു. കൂടെപ്പഠിക്കുന്ന ആൺകുട്ടികളുടെ നോട്ടത്തിൽ അവൾക്കുമത് തോന്നിത്തുടങ്ങിയിരുന്നു. എസ്. വൈ. ബികോമിന് പഠിക്കുമ്പോഴാണ് കൂടെപ്പഠിച്ചിരുന്ന സ്വപ്നിൽ ആദിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനാവുന്നതും അവളോട് പ്രണയാർഭ്യർത്ഥന നടത്തുന്നതും. സ്വപ്നിലിന് മറ്റു കുട്ടികളിൽനിന്നും വ്യത്യസ്തമായി എന്തെല്ലാമോ പ്രത്യേകതകൾ ഉള്ളതായി അവൾക്കും തോന്നിയപ്പോൾ അതൊരു പ്രണയമായി പരിണമിച്ചു.
പക്ഷെ, ആ പ്രണയത്തിന് അൽപ്പായുസ്സായിരുന്നു. ഡിഗ്രി കഴിഞ്ഞതും
ഡോക്ടർകാക്കയുടെ ഒരു ബന്ധുവിന്റെ കല്യാണാലോചനയുമായി കാക്ക എത്തി. കാക്കയുടെയും ആയിയുടെയും ഇംഗിതങ്ങൾക്ക് എതിരു നിൽക്കാൻ കഴിയാതെ അവൾ അതിന് കീഴടങ്ങി. അധികം താമസിയാതെ മുംബൈ നഗരത്തിൽ ജോലിയുള്ള ആ ബന്ധുവുമായി അവളുടെ വിവാഹവും നടത്തിക്കൊടുത്തു.
എല്ലാം ഈശ്വര കൃപയെന്ന് നാനി ദൈവത്തോട് നന്ദി പറഞ്ഞപ്പോഴും ആയിയുടെ കണ്ണുകളിലെ ആധിയെന്തെന്ന് അവൾക്ക് വായിച്ചെടുക്കാനായില്ല. ബാബയുടെ വേർപാടും അജോബയുടെ പിന്നീടുള്ള ചെയ്തികളും ഇപ്പോഴുമവരെ വേട്ടയാടുകയാവാമെന്ന് കരുതി സമാധാനിച്ചുകൊണ്ട് അവരോട് യാത്ര പറഞ്ഞ് അവൾ പടിയിറങ്ങി, സ്വപ്നിലിനെ പതുക്കെ മനസ്സിൽനിന്നും പടിയിറക്കി.
ആദിയുടെ ജീവിതം നഗരത്തിലേക്ക് പറിച്ചു നടപ്പെട്ടു. ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയ അവളുടെ ഭർത്താവ് ചെറിയ വരുമാനക്കാരനായിരുന്നുവെങ്കിലും അവളെ ഏറെ സ്നേഹിച്ചു. ആ സ്നേഹത്തിൽ അവൾ തന്റെ ഭൂതകാലം മറക്കാൻ ശ്രമിച്ചു. അയാളുടെ സ്നേഹക്കൂടുതലിൽ തനിക്കുമൊരു ജോലി വേണമെന്നോ വരുമാനം വേണമെന്നോ അവൾക്ക് തോന്നിയില്ല. ആയിയാവട്ടെ നാനിയോടൊപ്പം അവരെ നോക്കി, ഗ്രാമത്തിലെ വീട്ടിൽത്തന്നെ കഴിഞ്ഞുകൂടി. അനുജൻ അമോലിനെ അവളും ഭർത്താവും ചേർന്ന് പഠിപ്പിച്ച് നഗരത്തിൽതന്നെ ജോലിയാക്കിക്കൊടുത്ത് ഇപ്പോഴവൻ കുടുംബവുമായി കഴിഞ്ഞുകൂടുന്നു.
16 വർഷത്തിനിപ്പുറം ആദിലക്ഷ്മിയുടെ ജീവിതം വീണ്ടും മാറി മറിയുകയാണ്. പെട്ടെന്നൊരു ദിവസം അവളുടെ ഭർത്താവ് സ്ട്രോക്ക് ബാധിച്ച് കിടപ്പിലായി. ദീർഘകാലം നീണ്ടുനിന്ന ചികിത്സയിലും വിശ്രമത്തിലും അയാൾക്ക് ജോലി നഷ്ടമായി. നഗരജീവിതം അവർക്ക് താങ്ങാനാവാതെ ഡോക്ടർ കാക്കയുടെയും ആയിയുടെയും ഉപദേശത്തെ മാനിച്ച് ശ്രീവർദ്ധനിലേക്കുതന്നെ തിരിച്ചെത്തി.
ചിലരുടെ ജീവിതങ്ങൾ അങ്ങിനെയാണ് എന്ന് തോന്നിയിട്ടുണ്ട്. ദൗർഭാഗ്യങ്ങൾ കൃത്യമായ ഇടവേളകളിൽ അവരെ വേട്ടയാടിക്കൊണ്ടിരിക്കും. അത്തരമൊരു വേട്ടയാടലിൽ ഒരു വർഷത്തിനുശേഷം അവളുടെ ഭർത്താവും അവളെ തനിച്ചാക്കി യാത്രയായി.
ഭർത്താവുണ്ടെന്ന ബലത്തിൽ ഒരു ജോലിക്ക് ശ്രമിക്കാതിരുന്നതിൽ ആദ്യമായി ആദിക്ക് പശ്ചാത്താപം തോന്നി. ആയിക്ക് ബാബയുടെ പെൻഷനുണ്ട്. പക്ഷെ, അത് തനിക്കും, പറക്കമുറ്റാത്ത തന്റെ കുഞ്ഞുങ്ങൾക്കുമുള്ള ജീവനോപാധിയാവുകയില്ലല്ലോ. ഇന്നേവരെ ഒരു ഓഫിസ് ജോലിയും ചെയ്യാത്ത താൻ നഗരത്തിൽപോയി വീണ്ടും ഒരു ജോലിക്കു ശ്രമിച്ചാലും കിട്ടാൻ വിഷമമാണ്. അവിടെയാണ് ഡോക്ടർ കാക്ക വീണ്ടും അവൾക്കുനേരെ സഹായ ഹസ്തവുമായി എത്തുന്നത്. ഡോക്ടർ കാക്കയുടെ ക്ലിനിക്കിൽ അവൾക്ക് ജോലി വാഗ്ദാനം ചെയ്തു. ചെറുതെങ്കിലും അതും ബാബയുടെ പെൻഷനും കൂടിയാവുമ്പോൾ എങ്ങിനെയെങ്കിലും പിടിച്ചു നിൽക്കാം. ആയിയുടെ മുഖത്ത് അപ്പോഴും സന്തോഷമില്ല. മകളുടെ ദൗർഭാഗ്യത്തിൽ ഒരമ്മക്ക് ഒരിക്കലും സന്തോഷിക്കാനാവില്ലല്ലോ. ബാബയുടെ മരണശേഷം, ആയി അങ്ങിനെയാണ്. ഒരിക്കലുമവരെ ചിരിച്ചോ, സന്തോഷിച്ചോ കണ്ടിട്ടില്ല.
ഡോക്ടർ കാക്കയുടെ മകൾ വരദ പഠിച്ച് വലിയ ഡോക്ടറായി ഭർത്താവുമൊത്ത് മുംബൈ നഗരത്തിൽ സ്വന്തം ഹോസ്പിറ്റൽ നടത്തുന്നു. കാക്കി രണ്ടു വർഷം മുമ്പ് കാൻസർ വന്ന് മരിച്ചു. ഇപ്പോൾ ആ വീട്ടിൽ കാക്കയും പരിചാരകരും മാത്രം. നാട്ടിൽ ഡോക്ടർമാർ പെരുകിയ കാരണം ക്ലിനിക്കിലെ തിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും രണ്ടു നേരവും രോഗികളെ നോക്കുന്നുണ്ട്.
ക്ലിനിക്കിൽ വരുന്ന രോഗികളുടെ വിവരങ്ങൾ കുറിച്ചുവെച്ച് അവരെ ഉള്ളിലേക്ക് കടത്തി വിടുക, ഫോണിൽ അവർക്ക് അപ്പോയ്ന്റ്മെന്റുകൾ നൽകുക തുടങ്ങിയവയാണ് പണികൾ.
കാക്കയെ കാണാൻ വരുന്ന രോഗികളോട് ഇടപഴകാൻ തുടങ്ങിയപ്പോഴാണ് ഒരു കാര്യം ആദിക്ക് മനസ്സിലായത്. ജീവിതത്തിൽ തന്നെക്കാൾ വിഷമങ്ങളുമായി ജീവിക്കുന്നവർ ഏറെയാണെന്ന്. അവരുടെയൊക്കെ ആധികൾ തുലനം ചെയ്യുമ്പോൾ തൻറെ സങ്കടങ്ങൾ എത്രയോ നിസ്സാരം.
ജോലിയുടെ ഭാഗമായുള്ള ഉപയോഗത്തിനായി കാക്ക അവൾക്കൊരു സ്മാർട്ട് ഫോൺ നൽകി. "ഈ ഫോൺ ജോലി ആവശ്യാർത്ഥം മാത്രം. കൂടാതെ വല്ലപ്പോഴും എനിക്ക് നിന്നെ വിളിക്കാനും", കാക്ക പറഞ്ഞു. സ്വന്തം ഫോൺ ഓഫീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അവൾക്കും താല്പര്യമുള്ള കാര്യമായിരുന്നില്ല.
ജോലിയിൽചേർന്ന് ഒന്നുരണ്ടാഴ്ചകൾ പിന്നിട്ടിരിക്കണം. ഒരു ദിവസം രാത്രി വാട്ട്സ് ആപ്പിൽ ഡോക്ടർകാക്കയുടെ ഗുഡ് നൈറ്റ് മെസ്സേജ് അവളെ തേടിയെത്തി. തിരിച്ച് അവളും ശുഭരാത്രി നേർന്നു.
ആ ശുഭരാത്രി സന്ദേശം പിന്നീടുള്ള ഓരോ രാത്രികളിലും തുടർന്നു കൊണ്ടിരുന്നു. ആ സന്ദേശങ്ങൾക്കൊപ്പം ചിലപ്പോൾ ചില ശബ്ദ സന്ദേശങ്ങളും ഇഴഞ്ഞുകയറി വന്നു. ആ സന്ദേശങ്ങൾ വഴു വഴുത്ത ഒരു സർപ്പത്തെപ്പോലെ അവൾക്ക് മേൽ ഇഴഞ്ഞു നടക്കുന്നതായി അവൾക്ക് തോന്നി..
അങ്ങിനെ ആഴ്ചകൾ പിന്നിട്ടപ്പോൾ ഒരു പൗർണ്ണമി രാത്രിയിൽ ഡോക്ടർ കാക്കയുടെ സന്ദേശം അവളെ തേടി എത്തിയില്ല. പകരം എത്തിയത് ഒരു വിളിയാണ്.
ആദീ... ആ വിളിയിൽ, നിറച്ചുവെച്ച സ്നേഹത്തേക്കാളേറെ കവിഞ്ഞൊഴുകിയത് മറ്റൊരു വികാരമായിരുന്നു. അതൊരു സർപ്പംപോലെ അവളുടെമേൽ ഇഴഞ്ഞു കയറിയപ്പോൾ അവൾക്ക് ശബ്ദം നഷ്ടപ്പെട്ടപോലെ തോന്നി.
ആദി, നീയെന്താ ഒന്നും മിണ്ടാത്തത്.. ആ ചോദ്യം അവളെ ഉണർത്തി.
അവൾ പറഞ്ഞു. കാഹിഹി നാഹീ(ഒന്നുമില്ല)… ബരെ വാട്ടത് നാഹിയെ…
(നല്ല സുഖമില്ല).
സാരമില്ല. ഇങ്ങോട്ടു വാ. ഞാൻ നോക്കട്ടെ.
വേണ്ട, വേണ്ട.. ഒന്നുമില്ല. എന്തോ ചെറുതായൊരു തലവേദന, അത്രയേ ഉള്ളൂ.
അല്ല.. നീ ക്ലിനിക്കിലേക്ക് വാ. ഏത് ചെറിയ തലവേദനയും വെച്ചിരിക്കരുത്. നോക്കട്ടെ.
ഒഴിവു കഴിവുകൾക്കുമപ്പുറം ആ വിഷസർപ്പം, തന്നെ ചുറ്റിവരിയാനുള്ള ശ്രമമാണെന്നവൾക്ക് മനസ്സിലായി.
അവളെന്തോ തീരുമാനിച്ച പോലെ പറഞ്ഞു. ശരി കാക്ക, ഞാനിപ്പോ വരാം..
അവൾ തന്റെ നിശാവസ്ത്രങ്ങൾ മാറ്റി, ഉടുത്തൊരുങ്ങി പുറത്തേക്കിറങ്ങി.
പൗർണ്ണമിയിലെ ചന്ദ്രനോടവൾക്ക് ദേഷ്യം തോന്നി. ആദ്യമായി തന്റെ സന്ദര്യത്തോട് അവൾക്ക് വല്ലാത്തൊരു വെറുപ്പ് തോന്നി. ഈ സൗന്ദര്യം കാരണമല്ലേ അയാൾക്കെന്നോട് ഇത്തരത്തിൽ പെരുമാറാൻ കാരണമായത്. ലോകത്തുള്ള എല്ലാ വിടന്മാരെയും മനസാ ശപിച്ചുകൊണ്ട് അവൾ നേരെ പാട്ടീൽ വാടിയിലേക്ക് വേഗത്തിൽ നടന്നു.
ക്ലിനിക്കിൻറെ വാതിലുകൾ തുറന്നുകിടന്നിരുന്നു. അവിടെ ഒരു കഴുകൻ ഇരയെ കാത്തിരിക്കുകയാണെന്നവൾക്ക് തോന്നി.
ആദി, തുലാ കായ് ഝാലെ (നിനക്കെന്ത് പറ്റി) - കണ്ടതും അയാളവളോട് ചോദിച്ചു.
എനിക്കൊന്നും പറ്റിയിട്ടില്ല. ഉറച്ച ശബ്ദത്തിലവൾ പറഞ്ഞു. ആ ഉത്തരത്തിലെ പന്തികേട് മണത്തുകൊണ്ട് അയാൾ അവളോട് സൗമ്യമായി പറഞ്ഞു.
ഫോൺ ചെയ്തപ്പോൾ നിനക്ക് വയ്യെന്ന് പറഞ്ഞു, ഇപ്പോൾ പറയുന്നു ഒന്നുമില്ലെന്ന്. ആദി, നിനക്കെന്ത് പറ്റി. നീയെന്റെ കുട്ടിയല്ലേ.
അതെ.. ആ ബോധ്യം നിങ്ങൾക്കുമുണ്ടാവണം. നിങ്ങളുടെ കുട്ടിയാവാനുള്ള പ്രായമേ എനിക്കുള്ളൂ എന്ന കാര്യം നിങ്ങൾ മറക്കുന്നു. ഇതുവരെ നിങ്ങളെ ഞാൻ കാക്കാ എന്നേ വിളിച്ചിട്ടുള്ളു. അത് മാറ്റി വിളിക്കാനുള്ള അവസരമുണ്ടാക്കരുത്.
നീയെന്തൊക്കെയാണ് പറയുന്നത്. ഞാൻ നിന്നെ ഒന്ന് പരിശോധിക്കട്ടെ. നിനക്കെന്ത് പറ്റിയെന്ന് നോക്കട്ടെ.
വേണ്ട. തൊട്ടു പോകരുതെന്നെ. എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്.
ഇപ്പോൾ എനിക്കൊരു സംശയം കൂടി. എന്റെ അമ്മയെയും നിങ്ങൾ..
എന്തൊക്കെയാണ് നീ പുലമ്പുന്നത്. ശബ്ദം താഴ്ത്ത്.
ഇല്ല.. ഇന്ന് നിങ്ങളുടെ മുഖം മൂടി ഞാൻ വലിച്ചെറിയും. എത്ര സ്ത്രീകളെ നിങ്ങൾ ഇതേപോലെ കരുവാക്കിയിട്ടുണ്ട്.
ആ ചോദ്യത്തോടൊപ്പംതന്നെ പെട്ടെന്നവൾ മേശപ്പുറത്തിരുന്ന,
ചെറു കീറിമുറിക്കലുകൾക്ക് ഉപയോഗിക്കുന്ന സർജിക്കൽ കത്തി കൈക്കലാക്കിക്കൊണ്ട് അയാൾക്ക് നേരെയടുത്തു.
“ഇനി നിങ്ങൾക്ക് ഒരാളോടും ഇത്തരത്തിൽ പെരുമാറാൻ തോന്നരുത്.
ആ തോന്നലുകളെയെല്ലാം ഞാനിന്ന് അറുത്തു മാറ്റാം. നിങ്ങളിൽ വളരുന്ന കാൻസറിനെ മുറിച്ചു കളഞ്ഞേക്കാം”.
ആദി, നീ എന്തിനുള്ള പുറപ്പാടാണ്. ഞാൻ നിന്നോട് ആയിരം തവണ മാപ്പ് പറയാം. ഒരിക്കൽപോലും ഇനി നിന്നോട് ഇത്തരത്തിൽ പെരുമാറില്ല.. അയാളവളോട് യാചനാ സ്വരത്തിലപേക്ഷിച്ചുകൊണ്ട് ഇരുകൈകളും
തന്റെ പ്രിയപ്പെട്ട അവയവത്തിന് മുകളിൽ കൂട്ടിപ്പിടിച്ചു മറ തീർത്തു.
പോരാ. നിങ്ങളെപ്പോലുള്ളവർക്ക് സമൂഹത്തിലുള്ള സ്ഥാനവും സ്വാധീനവും, പിന്നെ പണവും ഉപയോഗിച്ച് അബലകളായവരെ വേട്ടയാടുന്നു.
അവരെ വെപ്പാട്ടികളാക്കുന്നു. ഇതിനെല്ലാം ഇന്ന് അന്ത്യമാവണം.
പെട്ടെന്ന് മറച്ചുവെച്ച കൈകൾ വലിച്ചെടുത്ത്, അവളയാളുടെ ചൂണ്ടു വിരൽ അറുത്തു മാറ്റിക്കൊണ്ട് ആക്രോശിച്ചു. ഇതൊരു ഓർമ്മിപ്പിക്കലാണ്.
തൽക്കാലം ഇത് മതി. ഇത് പലതിലേക്കുമുള്ള, പലർക്കുമുള്ള ചൂണ്ടുപലകയാവണം, അടയാളമാവണം.
പുറത്ത് അപ്പോൾ അയാളുടെ അടക്കിപ്പിടിച്ച നിലവിളിക്കുമപ്പുറം കാലവർഷം പെയ്ത്ത് തുടങ്ങിയിരുന്നു. ആ മഴയിലേക്കവൾ ഉറച്ച കാൽവെയ്പുകളോടെ നടന്നിറങ്ങി.
ആ രാത്രിയിൽ യാമങ്ങൾക്ക് നീളക്കൂടുതലുണ്ടെന്നവൾക്ക് തോന്നി. ശ്രീവർദ്ധനിലെ രാത്രികൾക്ക് നീളം കൂടുതലാണെന്ന് പണ്ടേ അവൾക്ക് തോന്നിയിരുന്നു. ആഷാഢരാത്രിയിലെ കലി തുള്ളുന്ന കടലിനേക്കാൾ ഇപ്പോൾ അവളുടെ മനസ്സ് ഇരമ്പുകയാണ്. മഴ ഒന്നുകൂടി കനത്തു. ആഷാഢത്തിലെ ആദ്യമഴ അവൾക്കു മേൽ സാന്ത്വനമായി പെയ്തിറങ്ങി.
പതുക്കെ മഴ ശമിച്ചു. മഴയോടൊപ്പം അവളിലെ കലിയും. അപ്പോൾ വല്ലൊത്തൊരു സംതൃപ്തിയാൽ അവളുടെ മനം നിറയുകയായി.
തലമുറകളായി നീറിയനുഭവിച്ചു തീർത്ത ദുഃഖ സ്മൃതികൾക്ക് ഇനി മുതലറുതിയാവുമെന്ന ചിന്ത അവളെ സാന്ത്വനപ്പെടുത്തി.
No comments:
Post a Comment