സുവർണ്ണക്ഷേത്രം
രാജ്യാതിർത്തിയിൽ നിന്നും പോന്ന്, ഈശ്വരൻ വസിക്കുന്നയിടം എന്നർത്ഥമാക്കുന്ന ശ്രീ ഹർമന്ദർ സാഹിബിന്റെ രാത്രിക്കാഴ്ചകളിലേക്കായിരുന്നു പിന്നീട് ഞങ്ങൾ പോയത്.
ബസുകാർ ക്ഷേത്രത്തിൽ നിന്നും കുറച്ച് ദൂരെയായി ഞങ്ങളെ ഇറക്കി. ക്ഷേത്ര പരിസരത്തേക്ക് വലിയ വാഹനങ്ങൾക്ക് പോവാൻ അനുമതിയില്ലാത്തതിനാൽ ഇലക്ട്രിക് റിക്ഷകളിൽ കയറ്റി വിട്ടു. അവരും ഒന്ന് രണ്ടു ഫർലോങ് ദൂരത്തായി ഞങ്ങളെ ഇറക്കി. അവിടന്നങ്ങോട്ട് നടന്നു പോവണം. ക്ഷേത്രവും പരിസരവും ദൂരക്കാഴ്ചയിൽ തന്നെ വൈദ്യുതവിളക്കുകളുടെ പ്രഭയിൽ കുളിച്ചു നിൽക്കുകയാണ്. ദീപാവലിയുടെ ആഘോഷം കൂടിയായപ്പോൾ എങ്ങും പ്രകാശത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന അമൃത് സർ നഗരത്തിലെ സുവർണ്ണക്ഷേത്രത്തിലേക്ക് പോവുന്ന വഴി ഏതെന്ന് അപരിചിതരോട് ചോദിക്കേണ്ട ആവശ്യമില്ലായിരുന്നു. നാട്ടിലെ ആരാധനാലയങ്ങളിലേക്കുള്ള തെരുവുകളെപ്പോലെ തന്നെ കച്ചവട സ്ഥാപനങ്ങളും ഭക്ഷണശാലകളും കൊണ്ട് നിബിഡമാണ് ക്ഷേത്രത്തിലേക്കുള്ള നടപ്പാതക്കിരുവശവും.
ക്ഷേത്രത്തിലേക്ക് ഒഴുകുന്ന ജനസഞ്ചയത്തിലൂടെ ഞങ്ങളും അവിടേക്കൊഴുകി. ജാതി, മത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും കടന്നു വരാം എന്നർത്ഥം വരുന്ന നാലു കവാടങ്ങളാണ് ഹർമന്ദർ സാഹിബിനുള്ളത്. ദൂരെ നിന്ന് തന്നെ അതിലെ മുഖ്യ കവാടം നമുക്ക് ദൃശ്യമാകും. ഉച്ചനീചത്വങ്ങളില്ലാതെ ഏവരെയും സ്വീകരിക്കുന്ന ക്ഷേത്രത്തിലേക്ക് പക്ഷെ എല്ലാവരും തങ്ങളുടെ കേശം മറച്ചു വേണം പ്രവേശിക്കാൻ. പുരുഷന്മാർ തലപ്പാവോ, തൂവാലയോ കൊണ്ടും സ്ത്രീകൾ ദുപ്പട്ട കൊണ്ടും ആവരണം ചെയ്ത് വേണം പോകേണ്ടത്. അതിനുള്ള തൂവാലകൾ വഴികളിൽ തന്നെ നിങ്ങളെത്തേടിയെത്തും.
ശ്രീ ഹർമന്ദിർ സാഹിബ് അഥവാ ദർബാർ സാഹിബ് എന്നറിയപ്പെടുന്ന സുവർണ്ണക്ഷേത്രം സിഖ് മതവിശ്വാസികളുടെ പ്രഥമവും അതിവിശുദ്ധവുമായ ആരാധനാലയമാണ്. പഞ്ചാബിലെ “അമൃത് സർ”എന്ന മനോഹര നഗരത്തിലാണ് അതിമനോഹരമായ സുവർണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് കടക്കും മുമ്പ് പാദരക്ഷകളും മറ്റു യാത്രാ സാമഗ്രികളും സൂക്ഷിക്കുന്ന ക്ളോക്ക് റൂമുകളിൽ അവയേൽപ്പിച്ച് മുഖ്യ കവാടത്തിലുള്ള ജലസ്രോതസ്സിൽ പാദങ്ങൾ ശുചീകരിച്ച് മനസ്സും ശരീരവും ശുദ്ധമാക്കി ആ ക്ഷേത്രത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു.
ഉള്ളിലേക്ക് കടന്നതും അമൃതസരസ്സെന്ന പവിത്ര ജലസരസ്സിന്റെ നടുവിലായി ദീപാലംകൃതമായ സുവർണ്ണക്ഷേത്രം ചുറ്റുമുള്ള ജലശേഖരത്തിലും പ്രഭ ചൊരിഞ്ഞ്, തലയെടുപ്പോടെ നില്ക്കുന്നു. അമൃതസരസ്സിലെ അലങ്കാര മത്സ്യങ്ങളും ആ കാഴ്ചയിൽ അഭിരമിച്ച് ജലകേളികളാൽ സദസ്യർക്ക് കാഴ്ചയൊരുക്കുന്നു. ക്ഷേത്രം സദാ സമയവും ഗുരുബാണിയുടെ ആലാപനങ്ങളാൽ മുഖരിതമാണ്. ക്ഷേത്രത്തിലങ്ങോളമിങ്ങോളം സദാ സമയവും കൈകളിൽ നീണ്ട കുന്തങ്ങളുളള സിഖ് വളണ്ടിയർമാർ നിങ്ങളുടെ ഓരോ നീക്കങ്ങളെയും സശ്രദ്ധം നിരീക്ഷിച്ചു കൊണ്ട് നിൽപ്പുണ്ട്.
ആ കാഴ്ചകളിലേക്ക് പോവും മുമ്പ് നമുക്ക് ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്കൊന്ന് കണ്ണോടിക്കാം..
1577-ൽ നാലാമത്തെ സിഖ് ഗുരുവായ ഗുരു രാംദാസ് ക്ഷേത്രത്തിന്റെ സ്ഥലത്ത് ഒരു ജലാശയം നിർമ്മിച്ച് നടുവിലായി ഒരു ഗുരുദ്വാര സ്ഥാപിച്ചു. 1604-ൽ, അഞ്ചാമത്തെ സിഖ് ഗുരുവായ ഗുരു അർജൻ ദേവ് ആദി ഗ്രന്ഥത്തിന്റെ ഒരു പകർപ്പ് ഹർമന്ദിർ സാഹിബിൽ സ്ഥാപിച്ചു. വിവിധ മുഗൾ-അഫ്ഘാൻ അധിനിവേശങ്ങളിൽ നശിപ്പിക്കപ്പെട്ട ഗുരുദ്വാര വിവിധ ഭരണാധികാരികളുടെ കീഴിൽ പരിഷ്ക്കരിക്കപ്പെടുകയും പരിപാലിച്ചു പോരുകയും ചെയ്തു. പിന്നീട് മഹാരാജ രഞ്ജിത് സിംഗ്, സിഖ് സാമ്രാജ്യം സ്ഥാപിച്ചതിനുശേഷം, 1809-ൽ മാർബിളിലും ചെമ്പിലും ഇത് പുനർനിർമ്മിക്കുകയും 1830-ൽ ശ്രീകോവിൽ 19 കിലോ സ്വർണ്ണം കൊണ്ട് പൊതിയുകയും ചെയ്തു. അവിടം മുതൽ ഹർമന്ദിർ സാഹിബ് സുവർണ്ണ ക്ഷേത്രം എന്ന പേരിലറിയപ്പെട്ടു തുടങ്ങി.
ആദി ഗ്രന്ഥ സൂക്ഷിപ്പുള്ള ശ്രീകോവിലിനും ചുറ്റുമുള്ള കുളത്തിനുമപ്പുറത്തായി നാലുപുറവും ഉയർന്നു നിൽക്കുന്ന കെട്ടിടസമുച്ചയങ്ങളും ചേർന്നതാണ് സുവർണ്ണ ക്ഷേത്രം. അതിലൊന്ന് സിഖ് മതത്തിന്റെ മതപരമായ അധികാര കേന്ദ്രമായ അകാൽ തഖ്ത് ആണ്. മറ്റു കെട്ടിടങ്ങളിൽ ഒരു ക്ലോക്ക് ടവർ, ഗുരുദ്വാര കമ്മിറ്റിയുടെ ഓഫീസുകൾ, ഒരു മ്യൂസിയം, ലംഗർ എന്നിവ ഉൾപ്പെടുന്നു. ലംഗർ എന്നാൽ വിവേചനമില്ലാതെ എല്ലാ സന്ദർശകർക്കും സൗജന്യ സസ്യാഹാരം നൽകുന്ന, സിഖ് കമ്മ്യൂണിറ്റി നടത്തുന്ന അടുക്കള.
സുവർണ്ണ ക്ഷേത്രത്തിൽ വഴിപാടുകളുടെ ദീർഘങ്ങളായ അറിയിപ്പോ, പരസ്യങ്ങളോ ഒന്നും കാണാനില്ലായിരുന്നു. നിങ്ങൾക്കിഷ്ടമുള്ള സാധനങ്ങൾ അവിടത്തെ ലംഗറിലേക്ക് സംഭാവന ചെയ്യാം. സ്വയം അവിടെ സൗജന്യ സേവനം നടത്താം, കർസേവ. മറ്റു ക്ഷേത്രങ്ങളിൽ നിന്നും സുവർണ്ണ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതും ഈയൊരു അതുല്യതയാണ്.
ഏകദേശം 8 മണി മുതൽ 10 മണി വരെ ഞങ്ങളാ ക്ഷേത്രത്തിനുള്ളിൽ ആ കാഴ്ചകളിൽ ലയിച്ച്, അവയെല്ലാം ചിത്രങ്ങളാക്കി പരിവർത്തനം നടത്തി ചിലവഴിച്ചു. പക്ഷെ മണിക്കൂറുകൾ നീണ്ട വരികളിൽ നിന്ന് വേണം ഗുരു ഗ്രന്ഥ സാഹിബിന്റെ ദർശനം എന്നതിനാൽ അത് പിറ്റേന്ന് രാവിലേക്ക് മാറ്റി വെച്ച് ഞങ്ങൾ തിരിച്ച് ഹോട്ടലിലേക്ക് യാത്രയായി. അന്ന് ഉച്ചക്ക് പഞ്ചാബി ഭക്ഷണത്തിന്റെ രുചി വേണ്ടവിധം അറിയാൻ കഴിയാത്തതിനാൽ രാത്രിയെങ്കിലും അത് അറിഞ്ഞാസ്വദിക്കണം എന്ന ചിന്തയോടെ ഞങ്ങൾ സമീപവാസികളോട് ചോദിച്ച് തരക്കേടില്ലാത്ത ഒരു റെസ്റ്റോറന്റിൽ കയറി. ഭാഗ്യവശാൽ അവരുടെ ശുപാർശ ഞങ്ങളെ നിരാശപ്പെടുത്തിയില്ല.
പിറ്റേന്ന് രാവിലെ ആദി ഗ്രന്ഥ ദർശനത്തിനായി ഞങ്ങൾ വീണ്ടും വെളുപ്പാൻ കാലത്ത് തന്നെ ക്ഷേത്രത്തിലെത്തി Q-വിൽ നിന്നു. അവിടേക്ക് വഴിപാടുകളുമായി എത്തുന്നത് മിക്കവാറും സിഖ് വംശജരാണ്. ഒട്ടുമിക്കവരുടെയും കയ്യിൽ വിശുദ്ധ ഗ്രന്ഥത്തിന് മുകളിൽ ചാർത്താനായുള്ള പട്ടു തുണികളുണ്ട്. ഏകദേശം 2മണിക്കൂർ നീണ്ടു നിന്ന കാത്തിരിപ്പിനൊടുവിൽ ഞങ്ങൾക്കും അതിനുള്ളിലേക്ക് കയറാനായി. അപ്പോഴേക്കും ഉദയ സൂര്യന്റെ പൊൻ കിരണങ്ങളേറ്റ് ഹർമന്ദിർ സാഹിബിന്റെ താഴികക്കുടങ്ങൾ തിളങ്ങാൻ തുടങ്ങിയിരുന്നു.
അപ്പോളവിടെ അന്തരീക്ഷത്തിലൂടെ ഗുരുബാണി നിർബാധം ഒഴുകിക്കൊണ്ടിരുന്നു.
*എൻ ഗുരുവിൻ ചരണാരവിന്ദ സ്പർശനത്താൽ
പുഷ്‌ക്കലമാമീ ധന്യഭൂവിലേക്കെന്നെ നയിച്ച സരസ്സെ,
അമൃത സരസ്സെ, എന്നെയും നീ ശുദ്ധീകരിക്കുക
മാലിന്യ ചിന്തകളിൽ നിന്നും മുക്തനാക്കുക.*
അങ്ങിനെ ക്ഷണനേരത്തേക്കെങ്കിലും ശുദ്ധമായ മനസ്സും ശരീരവുമായി ഞങ്ങൾ പ്രഭാതത്തിലെ അന്നം തേടി ലംഗറിലേക്ക് കടന്നു. കർസേവകർ നിരന്തരം പരിശ്രമിക്കുന്ന ആ ഭോജനശാലയിൽ നിന്നും റൊട്ടിയും പച്ചപ്പട്ടാണി കൊണ്ടുള്ള കറിയും ആവോളം ഭക്ഷിച്ചു കൊണ്ട് അമൃത്സറിന്റെ പുറം കാഴ്ചകളിലേക്കിറങ്ങിച്ചെന്നു.
ഏതൊരു നഗരത്തിലെത്തിയാലും ആ നഗരത്തിന്റെ സ്മരണികകൾ കരസ്ഥമാക്കുക എന്നത് നമ്മുടെ ശീലമാണല്ലോ. അതിനുള്ള തിരക്കിലായിരുന്നു സംഘാംഗങ്ങളെല്ലാം. പഞ്ചാബി കട(ആണുങ്ങൾ ധരിക്കുന്ന ലോഹ വള), അറ്റം കൂർത്ത ഭംഗിയേറിയ ജൂത്തി(ചെരിപ്പ്)കൾ എന്നിവ പലരും വിലപേശി വാങ്ങി.
സുവർണ്ണക്ഷേതത്തിൽ നിന്നും വാരകൾക്കപ്പുറത്തായാണ് കുപ്രസിദ്ധമായ ജാലിയൻ വാലാ ബാഗ്. ജനറല്‍ ഡയറിന്റെ ആജ്ഞ പ്രകാരം 1919 ഏപ്രില്‍ 13നു സന്ധ്യാ സമയത്ത് നിരായുധരായ ഒരു കൂട്ടം ജനങ്ങളെ ചുറ്റും മതിലുകൾ തീർത്ത ആ തോട്ടത്തിനുള്ളിൽ വെച്ച് വെടിവെപ്പിലൂടെ നടത്തിയ നര നായാട്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായി ഇന്നും നില കൊള്ളുന്നു. മൈതാന മദ്ധ്യത്തിലായുണ്ടായിരുന്ന കിണറിലേക്കായിരുന്നു അനേകങ്ങൾ അഭയത്തിനായി ഓടിച്ചെന്ന് വീണ് മരണത്തിലഭയം തേടിയത്. ആ സ്മാരകത്തിൽ അന്നത്തെ കൂട്ടക്കുരുതിയുടെ തിരുശേഷിപ്പുകൾ ഇന്നും സന്ദർശകർക്കായി നിലനിര്‍ത്തിയിരിക്കുന്നു.
ആ കാഴ്ചകളിൽ മനം നൊന്ത് അവർ അന്നനുഭവിച്ച വ്യഥകൾ മനസ്സിലേക്കാവാഹിച്ച് പുറത്തു കടന്ന ഞങ്ങൾ ഇനിയൊരു കാഴ്ചയും കാണേണ്ടെന്ന് തീരുമാനിച്ച്, തിരിച്ച് ഹോട്ടലിലേക്ക് പോവാനായി റിക്ഷ വിളിച്ചു.
ഇലക്ട്രിക് റിക്ഷകൾ സുലഭമായ നഗരമാണ് അമൃത് സറും. ആറും ഏഴും പേരെ വഹിച്ചു കൊണ്ട് പായുന്ന ചെറു റിക്ഷകൾ നഗരത്തിലെ ഇടുങ്ങിയ ഗലികളിലൂടെ കാൽ നട യാത്രക്കാരെ ഭയപ്പെടുത്തിക്കൊണ്ട് തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നു. അത്തരം ഒരു റിക്ഷയിൽ ഡ്രൈവറുടെ കൂടെ പൈലറ്റ് സീറ്റിൽ ഇരുന്നാണ് ഞാൻ ഹോട്ടലിലേക്ക് തിരിച്ച് പോന്നത്.
റിക്ഷ ഡ്രൈവർ ബൽവീന്ദറിന്റെ കുടുംബം വിഭജനത്തിന് മുമ്പ് പാകിസ്താനിലെ ലാഹോറിൽ നിന്നും ഓടിപ്പോന്നതാണ്. പഞ്ചാബികൾ പൊതുവെ സംസാര പ്രിയരാണ്, ആതിഥ്യ മര്യാദ അവരുടെ മുഖമുദ്രയാണ്. ഞങ്ങളുടെ റിക്ഷ ഡ്രൈവർ ബൽവീന്ദറും സംസാരപ്രിയനായിരുന്നു. ഒന്ന് പ്രോത്സാഹിപ്പിച്ചപ്പോൾ ബൽവീന്ദർ തന്റെ കഥ പറയാൻ തുടങ്ങി..
ബൽവീന്ദറിന്റെ അച്ഛനമ്മമാർ കുടുംബസമേതം വിഭജനത്തിന് മുമ്പ് പാകിസ്താനിലെ ലാഹോറിൽ നിന്നും എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ഓടിപ്പോന്നതാണ്. അമൃത്സറിലെ ഓരോരുത്തർക്കുമുണ്ടാവാം ഇത്തരം ഒരു അധിനിവേശ ചരിത്രം. സ്ഥാവര ജംഗമ സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച്, കണ്ണീരോടെ പോന്ന അദ്ദേഹത്തിന്റെ പിതാവും കുടുംബവും നടന്നാണ് ഇവിടെയെത്തിയത്. ആരോ ഉപേക്ഷിച്ചു പോയ ഒരു ഭവനം അവർക്കായി അട്ടാരി ഗ്രാമത്തിൽ കാത്തു കിടന്നിരുന്നു. അവിടെ വാസമുറപ്പിച്ച അവർ അവർക്കനുവദിച്ചു കിട്ടിയ ഭൂമിയിൽ നെല്ലും ഗോതമ്പും വിളയിച്ചു. അപ്പോളും ലാഹോറിലുള്ള തങ്ങളുടെ വീടിനെപ്പറ്റിയും വയലിനെപ്പറ്റിയും ഓർത്തുകൊണ്ട് അവർ കണ്ണീർ വാർത്തു. ഭാഗ്യവശാൽ അവരുടെ കുടുംബാംഗങ്ങളെല്ലാം തന്നെ അന്ന് നടന്ന് ഇവിടേക്കെത്തിയിരുന്നു. ബൽവീന്ദറിന് ഇതെല്ലാം അച്ഛൻ പറഞ്ഞ അറിവ് മാത്രം. എപ്പോഴെങ്കിലും താങ്കളുടെ അച്ഛൻ പിന്നീട് ലാഹോറിലുള്ള വീട് കാണാൻ പോയിരുന്നോ എന്ന ചോദ്യത്തിന് ഉവ്വെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. വർഷങ്ങൾക്ക് ശേഷം അവിടേക്ക് പോയ അവർക്ക് അന്നത്തെ അന്തേവാസികൾ നൽകിയ ഊഷ്മള വരവേൽപ്പിനെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ആഹ്ളാദം കൊണ്ട് വികസിച്ചിരുന്നതായി ബൽവീന്ദർ പറഞ്ഞു.
അപ്പോഴേക്കും ഞങ്ങളുടെ റിക്ഷ ഹോട്ടലിലേക്കെത്തിയിരുന്നു. അദ്ദേഹത്തോട് സത്ശ്രീ അകാൽ പറഞ്ഞു ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു കയറി.
ഏകദേശം 11 മണിയോടെ ഹോട്ടലിൽ തിരിച്ചെത്തിയ ഞങ്ങൾക്ക് വൈകീട്ട് 7 മണിക്കാണ് തിരിച്ച് മുംബൈയിലേക്കുള്ള വണ്ടിയെന്നതിനാൽ, അതു വരെ അമൃത്സറിലെ വസ്ത്ര മാർക്കറ്റ് ഒന്ന് കണ്ടുവരാനായി സ്ത്രീജനങ്ങൾ ഞങ്ങൾ കുറച്ചു പേരോടൊപ്പം പുറത്തിറങ്ങി. അടുത്തു കണ്ട ഒരു ധാബയിൽ നിന്നും നല്ല നീളൻ ഗ്ളാസുകളിൽ നിറയെ പഞ്ചാബി ലസ്സി കുടിച്ച ഞങ്ങളെ ദാഹവും വിശപ്പും ആട്ടിയകറ്റി. വനിതാ സംഘം മാർക്കറ്റിലെ ആദായമുള്ളതെന്ന് അവർ കരുതിയ വസ്തുക്കളെല്ലാം തന്നെ വിലപേശി വാങ്ങിക്കൂട്ടി തിരിച്ചു ഹോട്ടലിലേക്ക് പോരാനായി വീണ്ടും ഇലക്ട്രിക് റിക്ഷകൾ തേടി.
പത്തോളം പോന്ന സംഘത്തെ ഹോട്ടലിലേക്ക് എത്തിക്കാനായി രണ്ടു റിക്ഷകൾ വേണമായിരുന്നു. മാർക്കറ്റിൽ നിന്നും ഹോട്ടലിലേക്ക് ചെറിയ ദൂരമായിരുന്നതിനാൽ തന്നെ പലരും ഞങ്ങളുടെ വിളികളെ നിരാകരിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരു നല്ല സമരിയക്കാരൻ ഞങ്ങളെ സഹായിക്കാനായി എത്തിച്ചേർന്നു. കൂടെ മറ്റൊരു റിക്ഷ കൂടി വേണം എന്ന് പറഞ്ഞു, അത് കൂടി ഏർപ്പാടാക്കാൻ ശ്രമിക്കുമ്പോഴേക്കും ഒരു വയസ്സൻ സർദാർ അയാളേക്കാൾ വയസ്സായ ഒരു റിക്ഷയുമായി ഞങ്ങൾക്കിടയിലേക്ക് എത്തിച്ചേർന്നു.
റിക്ഷക്കാർ തമ്മിൽ ഞങ്ങളെ കയറ്റും മുമ്പ് ആദ്യ റിക്ഷാക്കാരൻ ഞങ്ങളോട് പറഞ്ഞ വിലയെച്ചൊല്ലി ഒന്ന് കൊമ്പ് കോർത്തു. ഞങ്ങൾ പറഞ്ഞ ഹോട്ടൽ രണ്ടാമത് വന്ന പപ്പാജിക്ക് എവിടെയെന്ന് മനസ്സിലായില്ല. ഒടുവിൽ 50 രൂപ കൂടുതൽ എന്ന വ്യവസ്ഥയിൽ അയാളെ അനുനയിപ്പിച്ചു ആദ്യ റിക്ഷാക്കാരൻ കൂടെക്കൂട്ടി.
സംഘം രണ്ടു റിക്ഷകളിലുമായി കയറി. വഴിയറിയാമെന്ന് പറഞ്ഞ ഡ്രൈവർ വണ്ടിയെടുക്കും മുമ്പേ വയസ്സൻ പപ്പാജി തന്റെ ശകടവുമായി മുന്നോട്ട് കുതിച്ചു പാഞ്ഞു. എന്റെ സംഘം കയറിയ വണ്ടി കുറച്ചു ദൂരം അദ്ദേഹത്തിന്റെ വണ്ടിയെ പിന്തുടർന്നെങ്കിലും പിന്നീട് അടുത്ത സിഗ്നലിൽ വെച്ച് പപ്പാജിയുടെ വണ്ടി വേറൊരു വഴിയേ തിരിഞ്ഞപ്പോൾ അയാളെ പിന്തുടർന്ന് മുമ്പോട്ട് കടന്ന്, ഓ പാപ്പയേ, കിഥേ ജാരേ എന്ന ചോദ്യവുമായി വഴി തടയാൻ ശ്രമിച്ചുവെന്നാലും പപ്പാജി അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും ഒരു റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞു പോയി. അതോടെ ഞങ്ങളുടെ റിക്ഷാക്കാരന് വഴി തെറ്റി. ഗൂഗിൾ മാപ്പിൽ ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ പിടിക്കാൻ നോക്കിയപ്പോഴാകട്ടെ അതൊട്ട് കിട്ടിയതുമില്ല. അതിനിടയിൽ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ വൈകിയിരുന്നു. പപ്പാജി പോയി തുലയട്ടെ എന്നും പറഞ്ഞു ഞങ്ങളുടെ ഡ്രൈവർ കുറച്ച് ദൂരെയായി ഒടുവിൽ നല്ലൊരു ഭക്ഷണശാലക്ക് മുമ്പിലെത്തിച്ചു. അപ്പോളാണറിഞ്ഞത്, പപ്പാജി മറ്റെ സംഘത്തെ ഇതിനിടയിൽ ഞങ്ങൾ താമസിക്കുന്ന ഹോട്ടലിനരികിലേക്കെത്തിച്ചുവെന്നത്. അതോടെ അതു വരെ കുറ്റം പറഞ്ഞ സർദാർജിമാരെ മനസ്സുകൊണ്ട് നമിച്ചു, ഭക്ഷണം കഴിച്ച് ഞങ്ങളും ഹോട്ടലിലേക്ക് എത്തി.
ഒരാഴ്ച നീണ്ട ഉത്തരേന്ത്യൻ പര്യടനം അവസാനിപ്പിച്ച് ഞങ്ങളുടെ സംഘം വൈകീട്ട് 7 മണിയോടെ ഗോൾഡൻ ടെമ്പിൾ എക്സ്പ്രസിൽ മുംബൈക്ക് തിരിച്ചു.
No comments:
Post a Comment