Tuesday, June 20, 2023

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 7

 പഞ്ചനദികളുടെ നാട്ടിലേക്ക്

പഞ്ചനദികളുടെ നാട്ടിലേക്ക് ചെന്നിറങ്ങിയപ്പോഴേക്കും സമയം രാവിലെ മൂന്നുമണിയോടടുത്തിരുന്നു.

2005 ഒക്ടോബറിൽ യാത്ര തുടങ്ങിയപ്പോളുള്ള, 17 വർഷം പഴക്കമുള്ള പാവങ്ങളുടെ രഥപ്പെട്ടികൾ അന്നുതൊട്ടിന്നുവരെ വിശ്രമമില്ലാതോടുന്നതിന്റെയും ഉത്തരേന്ത്യൻ ജനതതിയുടെ ശുചിത്വബോധത്തിന്റെയും ശേഷിപ്പുകളായിരുന്നു. കാരാഗൃഹത്തിൽ നിന്നും മോചനം നേടിയ അവസ്ഥയിൽ  അമൃത് സർ സ്റ്റേഷനിൽ ചെന്നിറങ്ങിയ ഞങ്ങൾ ആതിഥേയർ ഏർപ്പെടുത്തിത്തന്ന വലിയ ടുക് ടുക് വണ്ടികളിൽക്കയറിച്ചെന്നത് സ്വർഗ്ഗത്തിലേക്കാണോ എന്ന സംശയത്തിലായി ഹോട്ടലിലെത്തിയപ്പോൾ. ഡൽഹിയിലെ നരകത്തിൽ നിന്നും അമൃത് സറിലെ സ്വർഗ്ഗത്തിലെത്തിയ ഞങ്ങൾ അഴുക്കുപിടിച്ച ഗരീബിലെ ചേറും ചെളിയും കഴുകിക്കളഞ്ഞ് സസന്തോഷം നിദ്രാദേവിയെ പുൽകി.

അലച്ചലിന്റെയും യാത്രാക്ഷീണത്തിന്റെയും വ്യസനങ്ങളൊഴിഞ്ഞ് കണ്ണ് തുറന്ന പ്പോഴേക്കും മണി 7 ആയിരുന്നു. രണ്ട് ദിവസമാണ് പഞ്ചാബിനെയറിയാനായി ഞങ്ങളുടെ യാത്രാക്രമത്തിലുള്ളത്. എല്ലാവരും വേഗം കുളിച്ച് തയ്യാറായി ഹോട്ടലിൽ നിന്നുതന്നെ  പ്രഭാതഭക്ഷണവും കഴിച്ച് ഒമ്പത് മണിയോടെ രവി ഓഫിസ് മുഖാന്തരം ഏർപ്പാടാക്കിയിരുന്ന എ.എസ് മാൻ ട്രാവലിൻറെ ബസിൽ യാത്രയാരംഭിച്ചു.

പഞ്ചനദം എന്ന പേരിൽ പുരാണങ്ങളിൽ അറിയപ്പെട്ടിരുന്ന ഭൂപ്രദേശമാണ് പിന്നീട് പഞ്ചാബായി മാറിയത്. വടക്ക് പീർ-പഞ്ചൽ മലനിരകൾക്കും,   തെക്കു പടിഞ്ഞാറ്  അരാവലി മലനിരകൾക്കും,  വടക്കുകിഴക്ക് ഹിമാലയൻ നിരകൾക്കും, കിഴക്ക് യുമനാനദിക്കും,  വടക്കു പടിഞ്ഞാറ്  സിന്ധു നദിക്കും ഇടയിലുള്ള   ഭൂപ്രദേശത്തെ പഞ്ചാബ് എന്ന് പിന്നീട് വിളിച്ചു വന്നു. വിതസ്താ(ഝലം), ചന്ദ്രഭാഗാ(ചെനാബ്), ഇരാവതീ(രാവി), വിപാശാ(ബിയസ്), ശതദ്രുഃ(സത്‌ലജ്) എന്ന പാഞ്ച്(അഞ്ച്) നദികളാണ് ആ നാമഥേയത്തിനാധാരമായ നദികൾ. പതിനാലാം നൂറ്റാണ്ടിലെ മൊറോക്കൻ ലോകസഞ്ചാരി ഇബ്‌നു ബത്തൂത്തയുടെ രചനകളിലൂടെ  പഞ്ചാബ് എന്ന പേര് പുറംലോകമാദ്യമായി കേട്ടു തുടങ്ങി. 

കേൾക്കാനിമ്പമുള്ള പഞ്ചാബി ഭാഷ ഉരുത്തിരിഞ്ഞത് ഇന്തോ-ആര്യൻ പ്രാകൃതത്തിൽ നിന്നും പിന്നീട് പേർഷ്യൻ, ലാറ്റിൻ ഭാഷകളിൽ നിന്നുമുള്ള പദങ്ങളുടെ ആദാനത്തിലൂടെയുമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ഗുരു ആനന്ദ് രൂപപ്പെടുത്തിയെടുത്ത ഗുരുമുഖിലിപിയിലൂടെയാണ് ഇന്ന് പഞ്ചാബി എഴുതപ്പെടുന്നത്, പാകിസ്താനിലെ പഞ്ചാബിൽ ഇത് ഷാമുഖിയിലും(ഉറുദു ലിപിയോട് സാദൃശ്യം).

രണ്ടു ദിവസം കൊണ്ട് പഞ്ചാബ് മുഴുവൻ കാണാൻ നേരമില്ല. അമൃത്സർ നഗരത്തിലൂടെ പഞ്ചാബിനെ തൊട്ടറിയാനായി ഒരു ശ്രമം. വ്‌ളോഗുകളിലൂടെ കണ്ടിട്ടുള്ള പഞ്ചാബ് സുന്ദരിയാണ്, നിത്യഹരിതയാണ്. മഞ്ഞപ്പട്ടണിഞ്ഞ കടുക് പാടങ്ങളുടെ നാടാണ്.  നഗരത്തിൽ നിന്നും വാഗാ അതിർത്തിയിലേക്കുള്ള യാത്രാ മദ്ധ്യേ ആ പഞ്ചാബിനെ, പഞ്ചാബിന്റെ ഗ്രാമങ്ങളെ തൊട്ടറിയണം. പഞ്ചാബിന്റെ വിഭവങ്ങൾ ആസ്വദിക്കണം. മോഹങ്ങളേറെയുണ്ട്...  ബസ് അമൃത്സറിലെ ടൂറിസ്റ്റ് മാപ്പിലടയാളപ്പെടുത്തിയ പ്രധാന ആകർഷണങ്ങളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി.

ഹോട്ടലിൽ നിന്നും അധികം ദൂരെയല്ലാതെയുള്ള മാതാ വൈഷ്ണോ ദേവി മന്ദിറിലേക്കാണ് ആദ്യം ഞങ്ങളെക്കൊണ്ടുപോയത്. നാഗരിക രീതികളിൽ രണ്ടു മൂന്നു നിലകളിലായി  പണിത, ഹിന്ദു പുരാണങ്ങളിലുള്ള എല്ലാ ദേവീ-ദേവന്മാരെയും ഉൾക്കൊള്ളിച്ച ഒരു മ്യൂസിയം പോലെയായിരുന്നു ആ ക്ഷേത്രം.

അവിടെ നിന്നും ഞങ്ങളെത്തിയത് പ്രശസ്തമായ ദുർഗിയാന മന്ദിരത്തിലേക്കാണ്. സിഖ് സുവർണ്ണക്ഷേത്രത്തിന്റെ വാസ്തുശൈലിയിൽ 1921-ൽ ഗുരു ഹർസായ് മാൽ കപൂർ  നിർമ്മിച്ചതാണ് ഈ ദുർഗാ ക്ഷേത്രം. ചതുരാകൃതിയിലുള്ള വലിയൊരു തടാക മദ്ധ്യത്തിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടാക മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് പോവാനായി വലിയൊരു പാലം നിർമ്മിച്ചിട്ടുണ്ട്.

അടുത്തതായി ഞങ്ങളുടെ ലക്‌ഷ്യം പഞ്ചാബ് സംസ്ഥാന യുദ്ധ സ്മാരകവും മ്യൂസിയവും ആയിരുന്നു. യാത്രാ മദ്ധ്യേ പ്രശസ്തമായ ഖൽസാ കോളേജിന്റെ അഴകാർന്ന മുൻവശക്കാഴ്ചകൾ കണ്ടുകൊണ്ടാണ് യാത്ര. അമൃത്സർ അട്ടാരി റോഡിലായി നഗരത്തിന്റെ അതിര്‍ത്തിയിലായാണ് യുദ്ധ സ്മാരകം. അധിനിവേശങ്ങളുടെ ചരിത്രം തേടിപ്പോകുന്ന വർക്ക് വിട്ടു കളയാൻ പറ്റാത്ത ഒരേടാണ് പഞ്ചാബ്. എത്രയോ അധിനിവേശങ്ങളെ അവർ തങ്ങളുടെ വാളുകളാൽ തുരത്തിയ  ചരിത്രമുണ്ട്.  പഞ്ചാബ് രാജ്യത്തിൻറെ വാളാണ് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് 45 മീറ്റർ നീളമുള്ള  സ്റ്റെയിൻ ലെസ്സ് സ്റ്റീലിൽ തീർത്ത ഒരു ഖഡ്‌ഗം ആ സ്മാരകത്തിന്റെ ഒത്ത നടുവിലായി അംബര ചുംബിയായി നില കൊളളുന്നു.പഞ്ചാബിലെ ധീരസാഹസിക യോദ്ധാക്കളുടെ ഉജ്ജ്വല യുദ്ധഗാഥകൾ  പ്രദർശിപ്പിക്കുന്ന തിനും,  ധീര സൈനികരുടെ ചരിത്രവിവരണത്തിലൂടെ അവയൊക്കെ  അനശ്വര മാക്കാനും, യുവാക്കളിൽ രാജ്യസ്നേഹത്തിന്റെ ഉറവകൾ ഊട്ടി വളർത്താനുമായാണ്   സ്മാരകം  നിർമ്മിച്ചിട്ടുള്ളത്. അത് പ്രതിനിധാനം ചെയ്യുന്നതാവട്ടെ പഞ്ചാബികളുടെ ധൈര്യവും ശക്തിയും അതിലൂടെയുള്ള രാജ്യസംരക്ഷണവും.

പഞ്ചാബികളുടെ യുദ്ധ ചരിത്രം, റോഹില്ല യുദ്ധം മുതൽ സിഖ് രാജവംശ രൂപീകരണം, ബ്രിട്ടീഷുകാരുമായുള്ള യുദ്ധങ്ങൾ വരെ, സ്വാതന്ത്ര്യാനന്തര യുദ്ധങ്ങൾ എന്നിവ വിവിധ ഗ്യാലറികളിൽ ബിംബങ്ങളിലൂടെയും  ചിത്രങ്ങളിലൂടെയും ഓഡിയോ-വിഷ്വൽ അവതരണങ്ങളിലൂടെയും ഒരുക്കിയിരിക്കുന്നു. കൂടാതെ ഇതുവരെയുണ്ടായ വിവിധ യുദ്ധങ്ങളിൽ ഉപയോഗിച്ച മിഗ് വിമാനങ്ങൾ, ഇൻഫന്ററി ടാങ്കുകൾ, പാറ്റൻ ടാങ്കുകൾ, യുദ്ധക്കപ്പലുകളുടെ ഹ്രസ്വരൂപങ്ങൾ എന്നിവയും പ്രദർശിപ്പിച്ചിരിക്കുന്നു. യുദ്ധങ്ങളുടെ ഗാഥകളെയും  ശിഷ്ടങ്ങളെയും സ്മാരകങ്ങളിൽ തന്നെ തിരിച്ചു വെച്ച് കൊണ്ട് ഞങ്ങൾ പതിയെ  വാഗാ ബോർഡറിലേക്ക് തിരിച്ചു.ഇരുവശവും കൊയ്യാറായി നിൽക്കുന്ന സ്വർണ്ണവർണ്ണമാർന്ന ഗോതമ്പ്-നെൽപ്പാടങ്ങൾക്കിടയിലൂടെ കടന്നു പോവുന്ന  അട്ടാരി റോഡിലൂടെ  ബസ്  മുന്നോട്ട് കുതിച്ചു. യാത്രാമദ്ധ്യേ ഉച്ചഭക്ഷണം ഒരു തനത് പഞ്ചാബി ധാബയിൽ നിന്നുമാവണം എന്ന് ബസുകാരോട് പറഞ്ഞുറപ്പിച്ചിരുന്നു. പക്ഷെ, അവർക്കിത് എന്നത്തേയും ബിസിനസ്. തങ്ങൾക്ക് ലംചാ ലബ്ദിയുള്ള ഏതോ ഒരു ധാബയിൽ ഇത് തന്നെ ഏറ്റവും നല്ല ഭക്ഷണശാലയെന്ന് പറഞ്ഞു ഞങ്ങളെ കൊണ്ടു ചെന്നാക്കി. വിളമ്പിയ ഭക്ഷണത്തിന്റെ രുചി അവിടെ തന്നെ ഉപേക്ഷിച്ചു കൊണ്ട് നഷ്ടക്കണക്കുകളുമായി അതിർത്തിയിലേക്ക് നീങ്ങി.

ഏഷ്യയിലെ ഏറ്റവും പുരാതന പാതയായ ഗ്രാന്റ് ട്രങ്ക് റോഡിൽ അമൃത്സറിൽ നിന്നും 30 കിലോമീറ്റർ അകലെയായായാണ് അട്ടാരിയിലെ വാഗാ ബോർഡർ. ഉച്ചഭക്ഷണം കഴിഞ്ഞു നേരെ പോന്നതിനാൽ തന്നെ മൂന്ന് മണിയായപ്പോഴേക്കും ഞങ്ങൾ ഗേറ്റിലെത്തി. അപ്പോഴേക്കും ഏകദേശം മുന്നൂറോളം പേർ അവിടെ വരികളിലായി നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. അധികം വൈകാതെ ഉള്ളിലേക്കുള്ള പ്രവേശനം തുടങ്ങി. പ്രവേശന ഫീസ് ഇല്ലാതെയാണ് അവിടേക്കുള്ള എൻട്രി.

സുരക്ഷാ പരിശോധന കവാടത്തിൽ  നിന്ന് തന്നെ ഇന്ത്യയുടെ ത്രിവർണ്ണ പതാക വലിയൊരു കൊടിമരത്തിൽ പാറിക്കളിക്കുന്നത് കാണാം.  ആ കാഴ്ചയിൽ മനം നിറഞ്ഞ്, പരിശോധനകൾ  കഴിഞ്ഞു ഉള്ളിലേക്ക് കടന്ന് നാം ചെന്നെത്തുക ഇന്ത്യ എന്ന് എഴുതി വെച്ച, റോഡിനു കുറുകെ പണിത ഒരു ബഹുനിലക്കെട്ടിട കവാടത്തിലേക്കാണ്. അതിന്റെ ഉൾഭാഗം ഒരു ഗാലറിയായി പരിണമിക്കുന്നു. അവിടേക്കാണ് പതാക താഴ്ത്തൽ ചടങ്ങു കാണാനായി എത്തി നാം ഇരിക്കേണ്ടത്. ഏകദേശം 25000 പേരെ ഉൾക്കൊള്ളുന്ന ഗാലറിയിൽ നാലു മണിയായപ്പോഴേക്കും ഞങ്ങളെത്തി. അവിടെയുള്ള ചടങ്ങ് തുടങ്ങുക 5 മണിയോടെയാണ്. അത് വരെ BSF പ്രദർശിപ്പിക്കുന്ന വിഡിയോയും കണ്ടിരിക്കാം.

നമ്മുടെ ഗാലറിക്കവാടം തുടങ്ങുന്നിടത്തു നിന്നും വാരകൾക്കപ്പുറമായാണ് ബോർഡറിലെ വലിയ ഇരുമ്പു  ഗേറ്റ് സ്ഥിതി ചെയ്യുന്നത്. ഇരു രാജ്യങ്ങളുടെയും ഭാഗങ്ങളിലായി ഇത്തരം വലിയ ഗേറ്റുണ്ട്.  ഇതിനിടയിലായാണ് ഇരു രാജ്യങ്ങളുടെയും പതാകകൾ രാവിലെ ഉയർത്തുന്നതും വൈകീട്ട് താഴ്ത്തുന്നതും.
5 മണിയായതോടെ ബീറ്റിംഗ് റിട്രീറ്റ് സെറിമണി എന്നറിയപ്പെടുന്ന ചടങ്ങിനായുള്ള പ്രാരംഭം കുറിച്ച് കൊണ്ട് ബി.എസ്.എഫിന്റെ ഒരു ജവാൻ വലിയൊരു പതാക വീശിക്കൊണ്ട്  ഗാലറി ബിൽഡിങ്ങിനു താഴെ നിന്നും മുമ്പോട്ടോടി, പകുതി ദൂരത്തു നിന്നും തിരിച്ചു വന്നു. തുടർന്ന് അയാളത് കാഴ്ചക്കാരായെത്തിയ കൊച്ചു കുട്ടികൾക്ക് കൈമാറി. അവരും സ്ത്രീകളും ഓരോരുത്തരായി കുറച്ചേറെ നേരം ദേശഭക്തി ഗാനങ്ങളുടെ അകമ്പടിയോടെ ഈ പ്രകടനം തുടർന്നു. അതിനു ശേഷം സ്ത്രീകൾക്കു മാത്രമായി  ബോളിവുഡ് ദേശഭക്തി ഗാനങ്ങളുടെ ഫാസ്റ്റ് നമ്പറുകൾക്കനുസൃതമായി നടത്താവുന്ന ഫ്ലാഷ് മോബ് ഗണത്തിൽ പെടുത്താവുന്ന  ഒരു പരിപാടി. അപ്പോഴേക്കും ഇന്ത്യൻ ഗാലറിയുടെ ഇരുവശവും  നിറഞ്ഞു കവിഞ്ഞിരുന്നു. ഗേറ്റിനപ്പുറം പാക്കിസ്ഥാൻ ഭാഗത്തെ ഗാലറി ചെറുതാണ്. അവിടെ ആ രാഷ്ട്രത്തിന്റെ വലുപ്പത്തിനനുപാതികമായ ജനക്കൂട്ടവും.

തുടർന്നാണ് ഇരു കൂട്ടരും ചേർന്നുള്ള ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കുന്നത്. ഇരുവശത്തു നിന്നും ഉയരുന്ന കാഹളങ്ങൾക്കനുസരിച്ച് ജവാന്മാർ പരേഡുകൾ നടത്തുന്നു, വെല്ലുവിളിയോട് സാമ്യമുള്ള പ്രകടനങ്ങളും കൈകാൽ കലാശങ്ങളും നടത്തുന്നു. കേരളീയരെ സംബന്ധിച്ചിടത്തോളം ഇത് കണ്ടാൽ കഥകളിയിലെ യുദ്ധരംഗങ്ങളിലെ ഗോഗ്വാ വിളികളാണ് ഓർമ്മ വരിക. ഒപ്പം തന്നെ ഗാലറിയുടെ ഇരുവശത്തുമിരിക്കുന്ന ജനത്തിനെ ആവേശം കൊള്ളിക്കാനായി ഒരു BSF ജവാൻ ഭാരത് മാതാ കീ ജയ്, ഹിന്ദുസ്ഥാൻ സിന്ദാബാദ്, വന്ദേ മാതരം തുടങ്ങിയ മുദ്രാവാക്യങ്ങളും ഉച്ചത്തിൽ മുഴക്കി കാണികളെയും അതിൽ പങ്കാളികളാക്കും. അതോടെ അവിടത്തെ അന്തരീക്ഷം ദേശഭക്തിയാൽ മുഖരിതമാവുകയായി.

ഇങ്ങനെയുള്ള പല വിധ അഭ്യാസങ്ങൾക്കും ശേഷം ഇരുവരും തങ്ങളുടെ ഗേറ്റുകൾ തുറക്കുന്നു, സൂര്യാസ്തമയത്തോടെ ഇരു പതാകകളും വിപരീതദിശയിൽ ചരടുകൾ വലിച്ച്   അന്യോന്യം തൊട്ടുരുമ്മി താഴോട്ടെത്തിക്കുന്നു. തുടർന്ന് ഇരുവരും ഹസ്തദാനം ചെയ്ത് വീണ്ടും അതിർത്തിയടക്കുന്നു.

ഇതെല്ലാം കണ്ടു നിർവൃതിയടയുന്നതിനപ്പുറം ചില ചോദ്യങ്ങളും നിങ്ങളുടെ മനസ്സിലേക്ക് കടന്ന് വരാം. ആത്യന്തികമായി ചടങ്ങിന്റെ പ്രത്യക്ഷ ഉദ്ദേശം സൂര്യാസ്തമയത്തിനുമുമ്പുള്ള  പതാക താഴ്ത്തലാണ്. അതിനിടയിൽ ഇത്തരം  ആയോധന നിലവിളികളും, കാലുയർത്തി ചവിട്ടലുകളും,   മീശചുരുട്ടി  ഭയപ്പെടുത്തുന്ന തുറിച്ചുനോട്ടങ്ങളും മൂർച്ചയുള്ള ഹസ്തദാനങ്ങളും  ചേർന്ന്  അന്തരീക്ഷത്തെ  യുദ്ധക്കളസമാനമാക്കി മാറ്റേണ്ടതുണ്ടോ.

ആദ്യമായാണ് ഒരു രാജ്യാതിർത്തി ഇത്രയും അടുത്ത് കാണുന്നത്. അതും തമ്മിൽ ശത്രുത പുലർത്തുന്ന രണ്ടു രാജ്യങ്ങളുടെ. അപ്പോഴും ശ്രദ്ധിച്ചൊരു വസ്തുത, ഈ പരേഡുകൾക്ക് തൊട്ടു മുമ്പ് പോലും പാകിസ്ഥാനിൽ നിന്നും അതിർത്തി കടന്ന് വരുന്ന പൗരന്മാരെ കണ്ടുവെന്നതാണ്. അവരെ ചെറിയൊരു ഗേറ്റിനുള്ളിലൂടെയാണ് ഇപ്പുറത്തെത്തിക്കുന്നത്. ഇന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നേരിട്ട് വിമാന സർവീസ് ഇല്ല. തീവണ്ടി സർവീസ് ഇല്ല. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ ബസ് സർവീസും നിർത്തിയിരിക്കുന്നു. പോകാനുള്ള ഏക മാർഗ്ഗം റോഡ് വഴി വന്ന് കാൽ നടയായി അതിർത്തി മുറിച്ചു കടക്കൽ മാത്രം.

വിഭജനം ഇരു രാജ്യങ്ങളിലെയും അതിർത്തി ഗ്രാമങ്ങളിലുള്ളവർ മറക്കാൻ ശ്രമിക്കുന്നൊരു ഏടാണ്. ഇരുവശവും വർഗ്ഗീയ കലാപങ്ങൾ കൊടുമ്പിരി കൊണ്ട നാളുകളിൽ ലാഹോറിലും അമൃത് സറിലും ആൾക്കൂട്ടം ആയുധങ്ങളുമായി കറങ്ങി നടന്ന് അന്യോന്യം കൊന്ന് കൊലവിളി നടത്തിയത് എത്ര ശ്രമിച്ചാലും അവർക്ക് മറക്കാൻ കഴിയുമായിരിക്കില്ല. കാലം പിന്നിടുമ്പോൾ, അന്നത്തെ തലമുറ നാമാവശേഷമാവുമ്പോൾ ചിലപ്പോൾ അതെല്ലാം വിസ്മൃതിയിലേക്ക് നയിക്കപ്പെട്ടേക്കാം. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ഇവനെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി കുടുംബത്തിലെ ഒരുത്തനെ ഇന്ത്യയിലേക്ക് പലായനം ചെയ്യിച്ചവർ, അങ്ങിനെ എത്ര കഥകൾ.. ഒരു നിമിഷം കൊച്ചു മിൽഖ അലമുറയിട്ടു കൊണ്ട് തന്റെ കുടുംബത്തെ ഉപേക്ഷിച്ചു പോരുന്ന രംഗം മനസ്സിലേക്ക് ഒരു നോവായി കയറിവന്നു.

തിരിച്ചു വീണ്ടും അമൃത്സറിലേക്ക്. അപ്പോഴേക്കും കാഴ്ചകളില്ലാത്ത വണ്ണം വഴികളിലേക്ക് ഇരുൾ പരന്നിരുന്നു. പലരും ഒന്ന് മയങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അടുത്ത ലക്ഷ്യസ്ഥാനം സുവർണ്ണ ക്ഷേത്രമാണ്. അവിടത്തെ രാത്രിക്കാഴ്ചകളാണ്....

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...