ചെങ്കോട്ട, രാജ് ഘട്ട് കാഴ്ചകളിലൂടെ ..
ദില്ലിയിലെ ഞങ്ങളുടെ അവസാന ദിനം. റൂം 12 മണിക്ക് ഒഴിഞ്ഞു കൊടുക്കണം. അതിനിടയിൽ കാണേണ്ട പട്ടികയിൽ ഇനിയുമുണ്ട് സ്ഥലങ്ങൾ ഏറെ. അത് കൊണ്ട് തന്നെ രാവിലെ തന്നെ റൂം വെക്കേറ്റ് ചെയ്ത് ടെമ്പോ ട്രാവലറിൽ ഞങ്ങളുടെ ലഗേജുമായി കാഴ്ചകൾ കാണാൻ ഇറങ്ങാനും അവിടെ നിന്നും നേരിട്ട് റെയിൽവേ സ്റ്റേഷനിലേക്ക് പോവാനും തീരുമാനിച്ചു. ഉച്ചക്ക് 2 മണിക്കാണ് അമൃതസറിലേക്കുള്ള വണ്ടി.
ഏറ്റവും ആദ്യം പോയത് ചെങ്കോട്ടയിലേക്കായിരുന്നു. സ്വാതന്ത്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും പ്രധാന മന്ത്രിമാർ ചെങ്കോട്ടയിൽ നിന്നും ദേശീയ പതാകയുയർത്തുന്നത് കാണുമ്പോഴൊക്കെയും ഏതൊരാളുടെയും മനസ്സിലുദിക്കുന്ന മോഹമാണ് ജീവിതത്തിലൊരിക്കലെങ്കിലും ആ സ്ഥലം ഒന്ന് കാണുക എന്നത്. ദില്ലിയിലെ ഏത് സ്മാരകസൗധത്തിലുമെന്ന പോലെ ഇവിടെയും ഞങ്ങളെത്തിയപ്പോഴേക്കും വൻ ജനാവലി ടിക്കറ്റ് കൗണ്ടറിന് മുമ്പിലുണ്ട്. കൂടെയുള്ള സ്ത്രീകളെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ച് എത്രയും പെട്ടെന്ന് ആ ചരിത്ര സ്മാരകം കണ്ട് ഞങ്ങളുടെ അടുത്ത ലക്ഷ്യത്തിലേക്ക് തിരിക്കണം എന്ന ആജ്ഞയുമായി ഞങ്ങളുടെ ഗ്രൂപ്പ് ലീഡർ ഡൽഹി ഗേറ്റിൽ നിന്നും ലാഹോറി ഗേറ്റിലേക്ക് മുന്നിൽ നടന്ന് പട നയിച്ചു.
ഏറ്റവുമാദ്യം നാം ചെന്നെത്തുന്നത് ലാഹോർ ഗേറ്റിന്റെ മുന്നിലായാണ്. അതാണ് കോട്ടയുടെ ഏറ്റവും ഭംഗിയാർന്നതും പ്രൗഢവുമാർന്ന കാഴ്ച. 1947 ആഗസ്റ്റ് 15 നു ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു ഇന്ത്യൻ പതാകയുയർത്തിയത് മുതൽ പിന്നീടിങ്ങോട്ടുള്ള ചരിത്ര മുഹൂർത്തങ്ങളിൽ ചെങ്കോട്ടയും അവിടെപ്പാറിപ്പറക്കുന്ന ഇന്ത്യൻ ത്രിവർണ്ണ പതാകയും ഏതൊരു ഭാരതീയനും അഭിമാനക്കാഴ്ച്ചയാണ്. ആ സൗധത്തെ ചേർത്ത് നിർത്തിയൊരു ചിത്രം ഏതൊരു ഭാരതീയന്റെയും സ്വപ്നവും. അതിന്റെ സാത്ഷാത്കാരമായിരുന്നു പിന്നീടവിടെ കണ്ടതെല്ലാം. എല്ലാവരും ഉച്ചക്ക് രണ്ടു മണിയുടെ വണ്ടിയെക്കുറിച്ചും യാത്രയെക്കുറിച്ചുമൊക്കെ മറന്നു പോയ നിമിഷങ്ങൾ. അപ്പോഴാണ് അറിയുന്നത്, ഞങ്ങൾക്ക് പോവേണ്ട വണ്ടി ഏകദേശം 5 മണിക്കൂറോളം വൈകിയാണ് ഓടുന്നതെന്ന്. അതോടെ കാര്യങ്ങൾ കൂടുതൽ സാ മട്ടിലായി.
പതുക്കെ ഞങ്ങൾ ചെങ്കോട്ടയുടെ ഉള്ളിലേക്കും അതിന്റെ ചരിത്രത്തിലേക്കും കയറിച്ചെന്നു...
താജ് മഹൽ നിർമ്മിച്ച ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ചെങ്കോട്ടയുടെ വാസ്തുശില്പി. മുഗൾ ചക്രവർത്തി ഷാജഹാൻ 1638ൽ തങ്ങളുടെ ആസ്ഥാനം ആഗ്രയിൽ നിന്നും ഷാജഹാനാബാദിലേക്ക് (പുരാതന ദില്ലി) മാറ്റാൻ തീരുമാനിച്ചതനു സരിച്ച് പണി തുടങ്ങിയ കോട്ട, ഷാജഹാൻ പേരിട്ടിരുന്ന കില ഇ മുഅല്ല, 1648ലാണ് പൂർത്തീകരിച്ചത്.
താജ് മഹലിനെപ്പോലെ തന്നെ ഇതും യമുനാനദിക്കരയിലാണ് പണി തീർത്തത്. ഇന്നത്തെപ്പോലെ വാഹന ഗതാഗത സൗകര്യങ്ങളില്ലാത്ത അക്കാലത്ത് നിർമ്മാണ സാമഗ്രികളുടെ കടത്ത് ഏറ്റവും നന്നായി നടക്കുക നദികളിലൂടെയാണ് എന്നതിനാലാവാം ഇവയൊക്കെ നദീ തീരങ്ങളിൽ പണിതത്. തുടക്കത്തിൽ ചെങ്കല്ലും വെള്ള മാർബിളും ഇടകലർത്തി പണിത കോട്ടയിൽ രത്ന ഖചിതങ്ങളായ പല എടുപ്പുകളും ഉണ്ടായിരുന്നു. പിന്നീട് മുഗൾ ഭരണത്തിന്റെ പ്രതാപം ദുർബലാവസ്ഥയിലെത്തിയ കാലം മുതൽ പല പല അധിനിവേശങ്ങളിലൂടെ കോട്ടയുടെ സമ്പത്തും, പ്രൗഢിയും കൊള്ളയടിച്ചു കൊണ്ടിരുന്നു.
അതിലെ ഏറ്റവും ഒടുവിലത്തെ കണ്ണികളായ ബ്രിട്ടീഷുകാർ കൊള്ളയടിക്കലിനുമപ്പുറം പല എടുപ്പുകളെയും നാമാവശേഷമാക്കുകയോ വിവസ്ത്രയാക്കുകയോ കൂടി ചെയ്തു. പകരം അവിടെ പട്ടാള ബാരക്കുകൾ പണിതീർത്തു. അതിനെല്ലാമുള്ള പ്രായശ്ചിത്തമെന്നോണം പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ കോട്ടയെ ചെറുതായി പുതുക്കിപ്പണിതു. അങ്ങിനെ ഇപ്പോൾ ബാക്കിയുള്ള കോട്ട കാണുവാനായി ഞങ്ങൾ ഉള്ളിലേക്ക് കടന്നു.
ലാഹോറി ഗേറ്റിലൂടെയാണ് കോട്ടയിലേക്കുള്ള പ്രവേശനം ഒരുക്കിയിട്ടുള്ളത്. കടന്നു നേരെ ചെല്ലുന്നത് ഛത്ത ചൗക്ക് എന്ന മീന ബസാറിലേക്കാണ്. അക്കാലത്തെ മേൽക്കൂരയുള്ള ചന്ത എന്നർത്ഥം വരുന്ന ഈ സ്ഥലം ഇന്നുമൊരു കരകൗശല വസ്തുക്കളുടെ വാണിഭ പ്രദേശമായി വർത്തിക്കുന്നു. കൂട്ടത്തിലുള്ള പലരും ദില്ലി യാത്രയുടെ സ്മരണയെനിലനിർത്തുവാനായി പല സുവനീറുകളും അവിടെയുള്ള കടകളിൽ നിന്നും വാങ്ങിക്കൂട്ടി.
അവിടെ നിന്നും നേരെ ചെന്നെത്തുന്നത് നൗബത്ത് ഖാനയെന്ന കാത്തിരിപ്പു മന്ദിരത്തിലേക്കാണ്. അതിനു മുമ്പിലൂടെ നടന്ന് ചെന്നെത്തുന്ന ചെറിയൊരു പൂന്തോപ്പിനപ്പുറമാണ് ദിവാൻ-ഇ ആം എന്ന പൗരന്മാരെ അഭിസംബോധന ചെയ്യാനുള്ള സഭാ മന്ദിരം. ചിഹിൽ സുതുൻ മാതൃകയിൽ 40 തൂണുകളോടെ പണിത ഈ മന്ദിരത്തിലാവണം അക്കാലത്ത് പല രാജശാസനകളും തീരുമാനങ്ങളും നടപ്പിലായതും പൊതുജനമവയെ ശിരസ്സേറ്റിയതും. അത്തരം അനേകം കഠിനശാസനക്കാഴ്ചകളുടെ വ്യസനഭാരവുമായി നിലകൊണ്ട ആ കൽമണ്ഡപം വർഷങ്ങൾക്കിപ്പുറം ഇന്ന് വെറും കാഴ്ചവസ്തുവായി പരിണമിച്ചപ്പോൾ പുത്തൻ തലമുറയുടെ ചിത്രമോഹങ്ങൾക്ക് പിന്നിൽ തലയുയർത്തി നിന്ന് തന്റെ പാപഭാരം കഴുകിക്കളയുകയാണോ എന്ന് തോന്നി.
ഗ്രൂപ്പ് ലീഡർ അപ്പോഴേക്കും വീണ്ടും കാണേണ്ടുന്ന സ്ഥലങ്ങളുടെ പട്ടികകളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവാനാക്കിയപ്പോൾ ഇന്നലെ കണ്ട ആഗ്രാ ഫോർട്ടിന്റെ തനിയാവർത്തനമെന്ന തോന്നലിൽ രംഗ് മഹൽ, ഖാസ് മഹൽ, ദിവാൻ ഇ ഖാസ് എന്നിവയും വേഗത്തിൽ നടന്ന് കണ്ട് ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി.
തുടർന്ന് ഞങ്ങൾ നേരെ പോയത് രാഷ്ട്രപിതാവിന്റെ സമാധിസ്ഥലത്തേക്കായിരുന്നു. ആ മഹാനുഭാവനെ നേരിട്ട് കാണാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത നമ്മൾ അദ്ദേഹത്തിന്റെ സമാധിസ്ഥലമെങ്കിലും ഒന്ന് കണ്ട് അതിനെ ഒന്ന് വലം വെച്ച് പോന്നില്ലെങ്കിൽ, പിന്നെ എന്ത് ദില്ലി ദർശനം. യമുനാ തീരത്ത് ഏക്കറുകളോളം പരന്നു കിടക്കുന്ന വിവിധ പ്രശസ്തരുടെ സമാധിസ്ഥലങ്ങളുടെ ഘാട്ടിൽ, ഏറ്റവും ആദ്യം തന്നെയാണ് രാജ് ഘട്ട്. ചുറ്റും പച്ചപ്പുൽ മേടുകളും, പൂന്തോട്ടവും കൊണ്ട് അലങ്കരിച്ച ആ സമാധി സ്ഥലത്തേക്ക് പാദരക്ഷകൾ മാറ്റി വേണം കടന്നു ചെല്ലാൻ. മഹാത്മജിയുടെ പ്രശസ്തങ്ങളായ വചനങ്ങൾ അവിടേക്കുള്ള കവാടത്തിൽ കൊത്തി വെച്ചിട്ടുണ്ട്. മാർബിളിൽ തീർത്ത ആ മണ്ഡപത്തിൽ അദ്ദേഹത്തിന്റെ അവസാന വാക്കുകളായ ഹേ റാം എന്ന് കൊത്തി വെച്ചതിന് ചുറ്റും പ്രദക്ഷിണം വെച്ച് അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ചു കൊണ്ട് പുറത്തേക്കു കടന്ന ഞങ്ങൾക്ക് അമൃത് സറിലേക്ക് പോവേണ്ട ഗരീബ് രഥ് 7 മണിക്കൂർ വൈകിയാണ് ഓടുന്നതെന്ന വാർത്ത മറ്റു സമാധി സ്ഥലങ്ങൾ കൂടി കാണുവാനുള്ള സമയം നൽകി.
പിന്നീട് അവിടെ നിന്നും മുന്നോട്ട് നടന്ന് രാജീവ് സ്മാരകം വീർ ഭൂമി പിന്നിട്ട് ഞങ്ങളെത്തിയത് ഇന്ദിരാ ഗാന്ധിയുടെ സ്മാരകം ശക്തി സ്ഥലിലേക്കാണ്. വിസ്തൃതമായ ആ പ്രദേശത്ത് ഒരു പ്ലാറ്റ്‌ഫോമിൽ അവരുടെ മുഖചിത്രം കൊത്തിവെച്ചിരിക്കുന്നു. അതിനപ്പുറം ദൂരെയായി കല്ലിൽ തീർത്തൊരു സ്ഥൂപവും കാണാം. അതെല്ലാം നടന്ന്കണ്ട് കുറച്ച് സമയം ആ പുൽമേട്ടിൽ വിശ്രമിച്ച്, ആ പ്രകൃതിയുടെ പൂന്തോപ്പിൽ നിന്നും ഏറെ ഫോട്ടോകളും എടുത്ത് ഞങ്ങൾ പതുക്കെ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി യാത്രയായി.
വണ്ടി വൈകിയോടുന്നുവെന്ന് ആപ്പുകൾ പറയുമ്പോഴും അതൊരു വിശ്വസിക്കാൻ വയ്യാത്ത ആപ്പാവുമോ എന്ന സംശയത്താൽ രണ്ടു മണിയോടടുത്ത് ഞങ്ങൾ ന്യൂദില്ലി സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു. അവിടെ ചെന്ന് സംശയ നിവൃത്തി വരുത്തി, യാത്രച്ചുമടുകൾ ക്ളോക്ക് റൂമിലേൽപിച്ച് വീണ്ടും ദില്ലിയെ അറിയാനായി പുറത്തേക്കിറങ്ങി.
മൂന്നാലു ദിനം കൊണ്ട് ഉത്തരേന്ത്യൻ വിഭവങ്ങൾ മടുത്ത പലരും കേരള വിഭവങ്ങൾക്കായി അന്വേഷണം തുടങ്ങി. അപ്പോളതാ, ശരവണ ഭവൻ കുറച്ചപ്പുറത്തായി കാണുന്നു. അന്നത്തെ ഉച്ചഭക്ഷണം അവിടെയാവാമെന്ന് പറഞ്ഞു സംഘം നേരെ ടാസ്‌കിയെ വിളിച്ചു..
ടാക്സിയിൽ മുന്നൂറ് രൂപയുടെ ദൂരത്തിനപ്പുറം(തൊട്ടാൽ അതാണ് റേറ്റ്) ഞങ്ങൾ കോണോട്ട് പ്ലേസിലുള്ള ശരവണ ഭവന്റെ മുമ്പിലെത്തി. പക്ഷെ ശരവണ ഭവന്റെ മുമ്പിൽ അപ്പോൾ ചുരുങ്ങിയത് ഒരു 20 പേരുടെ Q ബാക്കിയുണ്ട്. അപ്പോഴേക്കും മണി മൂന്നായിരുന്നു. എല്ലാവരുടെയും ക്ഷമ നശിച്ചിരുന്നു. പലരും മറ്റു വല്ലേടത്തും വല്ലതും തരാവുമോ എന്ന തിരച്ചിലിനായി നടന്നു. ഞങ്ങൾ കുറച്ചു പേർ മാത്രം അര മണിക്കൂറിനപ്പുറം ശരവണാ ശരണം എന്ന മുദ്രാവാക്യവുമായി ഉള്ളിലേക്ക് കയറി.
ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങിയ ചിലർക്കൊരു ഉൾവിളി തോന്നി. നടന്ന് ദൽഹി കണ്ടാലോ എന്ന്. ലക്ഷ്യം പാർലമെന്റ് മന്ദിരവും രാഷ്‌ട്രപതി മന്ദിരവുമായിരുന്നു. ഗൂഗിളിൽ നോക്കിയപ്പോൾ വളരെയടുത്ത്. ഉൾവിളി തോന്നിയവൻറെ പുറകെ മറ്റുള്ളവരും, നിവൃത്തികേട് കൊണ്ടാവാം, നടന്നു തുടങ്ങി. വിശാലമായ ആ സൻസദ് മാർഗിലൂടെ അങ്ങിനെ ഞങ്ങളുടെ 22 അംഗ സംഘം പതുക്കെ ജന്തർ മന്തർ, പോലീസ് ഹെഡ് ക്വാർട്ടേഴ്സ്, ആകാശവാണി ഭവൻ എന്നിവയൊക്കെ കണ്ടുകൊണ്ട് ഏകദേശം അരമണിക്കൂറിനുള്ളിൽ പാർലമെന്റ് മന്ദിരത്തിന് മുമ്പിലെത്തി. പക്ഷെ അപ്പോഴാണ് അറിയുന്നത് അങ്ങോട്ടൊന്നും സാധാരണക്കാരിൽ സാധാരണക്കാരായ ഞങ്ങൾക്കൊന്നും പ്രവേശനമില്ലെന്ന്. അവിടത്തെ പാറാവുകാരോട് ചോദിച്ചപ്പോൾ ഇതിനപ്പുറം ഇനി പോകാൻ വഴിയില്ലെന്ന് മനസ്സിലായി ലോക്‌സഭാ മന്ദിരത്തിന്റെ ഒരു ചെറിയ ഭാഗത്തിന്റെ ദൂരക്കാഴ്ച മാത്രം കിട്ടി, കൂടെപ്പോന്ന് നടക്കാൻ വയ്യാതെ ഓട്ടോയിൽ കയറിപ്പോയി വഴി തെറ്റിയ രമേശിനെ തേടി വീണ്ടും ഒരു കിലോ മീറ്ററോളം വളഞ്ഞു ചുറ്റി നോർത്ത് ബ്ലോക്കിന്റെ മുമ്പിലേക്കെത്തി അവരെയും കൂട്ടി തിരിച്ച് ന്യൂദില്ലി റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചെത്തി.
അപ്പോഴും ഞങ്ങൾക്ക് പോവേണ്ട ഗരീബ് രഥം ഏകദേശം രണ്ടര മണിക്കൂർ പിന്നിലാണ്. ബിഹാറിൽ ഛട്ട് പൂജ നടക്കുന്ന സമയം. അവിടെക്കായി ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നും ഒരു സ്പെഷ്യൽ വണ്ടി തുടങ്ങുന്നുവെന്ന് അറിയിപ്പ്. സ്റ്റേഷൻ പരിസരത്ത് കാല് കുത്താൻ ഇടമില്ലാത്ത അവസ്ഥ. ഞങ്ങളുടെ വണ്ടി ഏത് പ്ലാറ്റ് ഫോമിൽ വരുമെന്നോ, എങ്ങിനെ ഇത്രയും പേരടങ്ങുന്ന സംഘം ലഗേജുമായി കയറിപ്പോവുമെന്നോ അറിയാത്ത നിമിഷങ്ങൾ. ഒമ്പതാം നമ്പർ പ്ലാറ്റ് ഫോമിലാണ് വരികയെന്ന് ആപ്പ് പറയുന്നു. പക്ഷെ സ്റ്റേഷനിലെ അധികാരികൾ ഒന്നും പറയുന്നില്ല. വണ്ടി വരുന്നതിന് അഞ്ചു നിമിഷം മുമ്പ് മാത്രമേ അറിയാൻ കഴിയൂ എന്നാണ് അവരുടെ ഭാഷ്യം.
അവിടത്തെ ഒന്ന് രണ്ട് പോർട്ടർമാർ ഉറപ്പിച്ചു പറഞ്ഞു, ഒന്നുകിൽ ഒമ്പതിൽ, അല്ലെങ്കിൽ എട്ടിൽ. ഒരു പ്ലാറ്റ് ഫോമിന്റെ ഇരു വശങ്ങളിലുമുള്ള പാളങ്ങളിലൂടെയേ വണ്ടി എത്തൂ എന്നാണവർ പറയുന്നത്. അത് വിശ്വസിക്കുവാൻ തീരുമാനിച്ച് ഞങ്ങൾ ഒന്നാം നമ്പറിലെ തിരക്കിൽ നിന്നും മുമ്പ് പറഞ്ഞ പ്ലാറ്റ് ഫോമിലേക്ക് പോവാനായി ഗോവണി കയറി.
അവിടെയെത്തിയപ്പോഴാണ് അറിയുന്നത് കടിച്ചതിലും വലിയതാണ് അളയിലുള്ളതെന്ന്. അവിടെ ഞങ്ങളുടെ വണ്ടി വരുമെന്ന് ആപ്പ് പറയുന്ന ഒമ്പതിൽ നിന്നും ബിഹാറിലേക്ക് മറ്റൊരു വണ്ടി കൂടി ഏകദേശം 9 മണിയോടെ പുറപ്പെടുമെന്ന് പറഞ്ഞു ജനം മുഴുവൻ ആ പ്ലാറ്റുഫോമിലേക്ക് ഇടിച്ചിറങ്ങുന്നു. അവരെ നിയന്ത്രിക്കാൻ വടിചുഴറ്റി ആർ പി എഫ്. താഴേക്കിറങ്ങിയ ഞങ്ങൾക്ക് നേരെയും ലാത്തിയുയർന്നെങ്കിലും അമൃത് സർ വണ്ടിക്കാണെന്ന് പറഞ്ഞപ്പോൾ ഒന്നയഞ്ഞു. ഒരു വണ്ടിക്ക് പോവാനുള്ള ജനം രണ്ടു പ്ലാറ്റ് ഫോമും നിറഞ്ഞു കവിഞ്ഞു നിൽപ്പാണ്. ആപ്പിൽ വണ്ടി രണ്ടു സ്റ്റേഷനുകൾക്ക് മുമ്പിൽ എത്തിയെന്ന് കാണുന്നു. പക്ഷെ സ്റ്റേഷനിലെ അധികാരികൾക്ക് ഒരു വിവരവും ഞങ്ങളെ ധരിപ്പിക്കാനില്ല. തൊട്ടപ്പുറത്തു നിന്നും പുറപ്പെടുന്ന ഛട്ട് പൂജ സ്പെഷ്യലിനെ പറ്റി ഇടക്കിടെ വിളിച്ചു പറയുന്നുണ്ട്. വണ്ടിയുടെ കോച്ച് പൊസിഷൻ ആപ്പിൽ നോക്കിയപ്പോൾ മുമ്പിലായാണ്. പതുക്കെ എട്ടാം പ്ലാറ്റ്ഫോമിന്റെ ഒരു വശത്തു കൂടി എങ്ങിനെയൊക്കെയോ സ്ഥലമുണ്ടാക്കി ഏകദേശം ഒരു 10 മിനുട്ട് കൊണ്ട് ഞങ്ങൾ ഒരേകദേശ കണക്ക് വെച്ച് ഞങ്ങളുടെ കോച്ച് എത്തുമെന്ന ഊഹവുമായി ഒരു സ്ഥലത്തെത്തി നിൽപ്പായി. അഥവാ വണ്ടി ഒമ്പതാം പ്ലാറ്റ് ഫോമിലാണ് വരുന്നതെങ്കിൽ ഞങ്ങൾക്ക് കയറാൻ ഒരു സാദ്ധ്യതയുമില്ലെന്ന് ഉറപ്പിച്ച നിമിഷങ്ങൾ. അപ്പോഴതാ വണ്ടി പ്ലാറ്റ് ഫോമിന്റെ ഒരറ്റത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ ഒരറിയിപ്പ്, എട്ടാം നമ്പർ പ്ലാറ്റ് ഫോമിൽ അൽപ്പ നിമിഷങ്ങൾക്കകം വണ്ടി എത്തിച്ചേരുമെന്ന്. ദൈവത്തോട് നന്ദി പറഞ്ഞു.
രണ്ടു മിനുട്ടിനുള്ളിൽ വണ്ടി എത്തിച്ചേർന്നു. എങ്ങിനെയൊക്കെയോ ഞങ്ങളെല്ലാവരും വന്നവരുടെ ഇറക്കം കഴിഞ്ഞു ഉള്ളിലേക്ക് കയറപ്പെട്ടു. ഗരീബ് രഥ് എന്ന പേര് അന്വർത്ഥമാക്കുന്ന കോച്ച്. ഏകദേശം ഒരു ദിവസത്തെ ബീഹാർ-യു പി യാത്രക്ക് ശേഷമാണ് വണ്ടി ദില്ലി സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നത്. അതിന്റെ എല്ലാ പരാധീനതകളും, ഉത്തരേന്ത്യൻ ജനതയുടെ വൃത്തിയുടെ എല്ലാ കൈയൊപ്പുകളും പതിപ്പിച്ചാണ് അതെത്തിയിരിക്കുന്നത്. ദില്ലിയിൽ നിന്നും അമൃത്സറിലേക്ക് ടിക്കറ്റു ബുക്ക് ചെയ്യുന്ന സമയത്ത് ഈ വണ്ടി വേറെവിടുന്നോ വരുന്ന ഒരു ദീർഘ ദൂര വണ്ടിയാണെന്ന് അറിയില്ലായിരുന്നു. നിവൃത്തി കേടുകളെ തല്ക്കാലം മുകളിലെ റാക്കുകളിൽ നിക്ഷേപിച്ച് ഞങ്ങൾ എല്ലാവരും ഉപവിഷ്ടരായി. ഇനി ഏകദേശം 6 മണിക്കൂർ യാത്രയുണ്ട്. സിറ്റിംഗ് ബോഗിയാണ്. ഇരുന്നെങ്കിലും ഒന്നുറങ്ങാം എന്ന് കരുതി വണ്ടി നീങ്ങിയപ്പോൾ കണ്ണടച്ച ഞങ്ങളെ വീണ്ടും വിഡ്ഡികളാക്കിക്കൊണ്ട് ഗരീബ് രഥം കുലുങ്ങി, കുലുക്കി ഇരിക്കണോ, നിൽക്കണോ എന്നറിയാത്ത അവസ്ഥയിൽ പഞ്ചനദികളുടെ നാട്ടിലേക്ക് വലിച്ചു കൊണ്ടു പോയി…
തുടരും....
No comments:
Post a Comment