Sunday, January 8, 2023

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 5

ആഗ്ര ഫോർട്ട്, ശ്രീകൃഷ്ണ ജന്മസ്ഥാൻ കാഴ്ചകളിലൂടെ..

താജ്മഹലിനോട് വിടപറഞ്ഞു വീണ്ടും കിഴക്കു ഭാഗത്തുള്ള ഗലികളിലൂടെ, നഗര വികസനത്തിന്റെ ക്രമങ്ങൾ ഒന്നും തന്നെ പാലിക്കാതെ കെട്ടിപ്പൊക്കിയ എടുപ്പുകൾക്കിടയിലൂടെ, മാലിന്യം ഒഴുകുന്ന അഴുക്കു ചാലുകളുടെ ഓരം പറ്റി ഇലക്ട്രിക് റിക്ഷകൾ ഞങ്ങളെ  പുറത്തെത്തിച്ചു.   അപ്പോഴേക്കും എല്ലാവരും വിശന്നിരുന്നു. ഞങ്ങളുടെ ഗൈഡ് അലി ഒരു നല്ല ഹോട്ടലിലേക്ക് തന്നെ ഞങ്ങളെ ഭക്ഷണത്തിനായി കൊണ്ടുപോയി.

ആഗ്രയിൽ പിന്നെ കാണാനുണ്ടായിരുന്നത് ആഗ്ര ഫോർട്ട് ആയിരുന്നു. ഗൈഡ് പറഞ്ഞുറപ്പിച്ച വേതനത്തിൽ അത് കൂടി കാണിച്ചു തരാം എന്ന് സമ്മതിച്ചു.

സമയം അപ്പോഴേക്കും നാലു മണിയോടടുത്തിരുന്നു. അന്നത്തെ പ്ലാൻ അനുസരിച്ചു കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ എല്ലാം ബാക്കിയാണ്. ആഗ്ര ഫോർട്ട് കാണാതെ നേരെ മധുവനിലേക്ക് വിട്ടാലോ എന്ന് പോലും സംശയിച്ച നേരം. താജ് മഹൽ കണ്ട് ആഗ്ര ഫോർട്ട് കാണാതെ പോവരുതെന്ന് ഗൈഡ് ഞങ്ങളെ നിർബന്ധിച്ചു.

തീരുമാനം ഒരർത്ഥത്തിൽ ശരിയായിരുന്നു താനും. അപ്പോൾ വിട്ടാൽ പോലും മധുവനിലെ കാഴ്ചകൾ ഞങ്ങൾക്ക് അപ്രാപ്യമായിരുന്നു.

ആഗ്ര ഫോർട്ട് 


ആഗ്ര ഫോർട്ടിലേക്കും കാഴ്ചക്കാരുടെ നീണ്ട നിരയായിരുന്നു അന്ന്. ഏകദേശം ഇരുപത് മിനുട്ടോളം വരിയിൽ നിന്ന് വേണ്ടി വന്നു കോട്ടയിലേക്ക് കടക്കാൻ. മറ്റെല്ലാ കോട്ടകളെപ്പോലെ ഇവിടെയുമുണ്ട് മുമ്പിലായി വലിയൊരു കിടങ്ങ്. കീഴടക്കാൻ വരുന്ന സൈന്യത്തിന് എളുപ്പത്തിൽ കയറിപ്പറ്റാതിരിക്കാനുള്ള സംവിധാനം.

കോട്ടയുടെ അറിയപ്പെടുന്ന ചരിത്രം തുടങ്ങുന്നത് സികർവാർ ഗോത്രത്തിന്റെ കാലത്തു നിന്നുമാണ്. അന്ന് ചുടു കട്ടയിൽ പണിത കോട്ടയെ 1080 ഗസ്നവികൾ പിടിച്ചെടുത്തു കൈവശപ്പെടുത്തി. പിന്നീട് കോട്ടയും അതിലെ സമ്പത്തും  ലോധിമാരുടെ കൈകളിലേക്കും അവിടെ നിന്ന് പാനിപ്പത്ത് യുദ്ധ ശേഷം മുഗളരുടെ കൈകളിലേക്കും എത്തിച്ചേർന്നു. പ്രശസ്തമായ  കോഹിനൂർ രത്നവും കോട്ട പിടിച്ചടക്കിയതിലൂടെയാണ് മുഗളരുടെ കൈകളിലെത്തിയത്.

1558- അക്ബർ, ആഗ്രയെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കുകയും കോട്ടയിൽ ഇരുന്നുകൊണ്ട് ഭരണം നടത്തുകയും ചെയ്തു. അക്ബറുടെ കാലഘട്ടത്തിൽ ഏകദേശം 8 വര്ഷം എടുത്താണ്  കോട്ട പുതുക്കിപ്പണിതത്.



പിന്നീട് ഷാജഹാന്റെ കാലത്ത് വീണ്ടും കോട്ടയെ പുതുക്കിപ്പണിതു. ചുവന്ന കല്ലുകൾക്ക് പകരം പല കെട്ടിടങ്ങളും വെണ്ണക്കല്ലുകളാൽ മാറ്റിപ്പണിതു.

അർദ്ധവൃത്താകൃതിയിലുള്ള, ഏകദേശം 90 ഏക്കറിൽ പരന്നു കിടക്കുന്ന കോട്ടയിലേക്ക് അക്ബർ ദർവാസ വഴി   കയറിച്ചെല്ലുമ്പോൾ ഏറ്റവും ആദ്യം കാണുന്നത് അക്ബറി മഹൽ ആണ്. അതിന്റെ തൊട്ടു വടക്ക് ഭാഗത്തായി ജഹാംഗീരി മഹലും സ്ഥിതി ചെയ്യുന്നു.

In front of Jahangir Mahal

ഗൈഡ് പിന്നീട് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയത് ഖാസ് മഹലിലേക്കായിരുന്നു. ഷാജഹാൻ തന്റെ രണ്ടു പെൺമക്കളായിരുന്ന ജഹാനാറക്കും റോഷനാറക്കും വേണ്ടി  പണികഴിപ്പിച്ച മാളികഅതിന്റെ മുമ്പിലായി അങ്കുരി ബാഗ് എന്ന മുന്തിരിത്തോട്ടവും കാണാം.

പതിനേഴാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട ജഹനാര പിന്നീട് ഷാജഹാനെ ഭരണ കാര്യങ്ങളിൽ ഒപ്പം നിന്ന് സഹായിക്കുന്ന, രാജകൊട്ടാരത്തിലെ  പ്രഥമ വനിതയായി അവരോധിതയായി.

പക്ഷെ അപ്പോഴും ഒരു ദുഃഖം ബാക്കി നിന്നു. മുത്തച്ഛൻ അക്ബർ എഴുതിവെച്ച നിയമപ്രകാരം മുഗൾ വംശത്തിലെ സ്ത്രീകൾക്ക് വിവാഹം നിഷിദ്ധമായിരുന്നു. അധികാരത്തിന്റെ കൈമാറ്റം സംഭവിക്കാതിരിക്കാൻ വരും തലമുറയോട്  ചെയ്ത ഒരു അനീതി. അക്കാരണത്താൽ തന്നെ  ബുന്ദി രാജകുമാരന്‍ ലുഥേര്‍ ഛത്രസാലുമായുള്ള പ്രണയത്തെ അവൾക്ക് മറക്കേണ്ടി വന്നു. പിന്നീട് തന്റെ കാമുകൻ സഹോദരൻ ഔറംഗസീബിനാൽ തല കൊയ്യപ്പെട്ടതും അറിയേണ്ടി വന്നു  ഹതഭാഗ്യയായ ജഹനാരക്ക്.

ഷാജഹാൻ തൻ്റെ ഭാര്യ മുംതാസിനു വേണ്ടി വെണ്ണകല്ലിൽ നിർമ്മിച്ച മനോഹരമായ അഷ്ടഭുജാകൃതിയിലുള്ള മൂസമ്മൻ ബുർജിലേക്കാണ് പിന്നീട് പോയത്. യമുനയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന മാളികയിലാണ് ഷാജഹാൻ തന്റെ അവസാന നാളുകളിൽ വീട്ടു തടങ്കലിൽ കഴിഞ്ഞത്. തന്റെ പ്രേയസിക്കായി പണിത പ്രണയസൗധം ഏതു സമയവും നോക്കിക്കാണാനായി ഒരു ജാലകത്തിലൂടെ കണ്ണും നട്ടിരിക്കുമായിരുന്ന രോഗ ഗ്രസ്തനായ അദ്ദേഹത്തെ അവസാന നാളുകളിൽ നോക്കിയത് ജഹനാരയായിരുന്നു. പിതാവിന്റെ മരണശേഷവും തടവിൽ തന്നെ കഴിഞ്ഞ അവരെ പിന്നീട് ഔരംഗസേബ് വിമുക്തയാക്കിയപ്പോൾ തന്റെ ഭാരിച്ച സ്വത്തുക്കൾ മുഴുവനും പാവങ്ങൾക്ക് ദാനം ചെയ്ത് സൂഫിസം ആത്മീയ പാതയായി തെരഞ്ഞെടുത്തു അവർ. സാഹിത്യത്തിൽ അഭിരുചി പുലർത്തിയിരുന്ന അവർ സൂഫി സാഹിത്യത്തിലെ ക്ലാസിക്കുകളായ, സന്യാസിമാരായ മൊഫിയുദ്ദീൻ ചിസ്തിയുടെയും മുല്ലാ ഷായുടെയും ജീവചരിത്രങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് അവർ എഴുതി, ഒളിപ്പിച്ചു വച്ച  ആത്മകഥയിൽ ജഹനാര ഇങ്ങനെ എഴുതിയത്രെ . “ഞാൻ എന്റെ എഴുത്തുകൾ ജാസ്മിൻ കൊട്ടാരത്തിന്റെ കല്ലിനടിയിൽ സൂക്ഷിക്കും. ഭാവിയിൽ എന്നെങ്കിലും ജാസ്മിൻ കൊട്ടാരം നശിക്കും. അപ്പോൾ എന്റെ ആത്മകഥ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകൾ കണ്ടെടുക്കും. ചക്രവർത്തി ഷാജഹാന്റെ പുത്രി ജഹനാരയെപ്പോലെ ദീനയും, ദു:ഖിതയുമായി ആരും ഉണ്ടായിരുന്നില്ലെന്ന് അന്ന് ലോകം അറിയും”.



പേര്‍ഷ്യന്‍ ഭാഷയിലുള്ള ഇതിന്റെ കൈയെഴുത്തുപ്രതി ആഗ്രാ കോട്ടയില്‍ നിന്നും പിന്നീട്  കണ്ടെത്തുകയായിരുന്നു. ദ്രവിച്ച് തുടങ്ങിയിരുന്ന താളുകളെ ക്രമാനുസൃതം ഒന്നിച്ചു ചേര്‍ത്ത് ആദ്യമായി പ്രസിദ്ധീകരിച്ചത് ഫ്രഞ്ച് ഗവേഷക ആന്‍ഡ്രിയ ബുട്ടെന്‍സനാണ്.

പിന്നീട് ഞങ്ങൾ പോയത് കോട്ടയിലെ  ചക്രവർത്തിമാരുടെയും പ്രഭുക്കൻമാരുടെയും സ്വകാര്യസഭ ആയ ദിവാനി ഖാസ് എന്ന  വെണ്ണക്കൽ മന്ദിരത്തിലേക്കായിരുന്നു. 1635- ചക്രവർത്തി ഷാജഹാൻ ആണ് മന്ദിരം പണികഴിപ്പിച്ചത്. ദിവാനി ഖാസിനു മുന്നിലുള്ള ജഹാംഗീറിൻ്റെ  ബെൽജിയത്തിൽ നിന്നും ഇറക്കുമതി ചെയ്ത ഒനിക്സ് എന്ന കറുത്ത കല്ലുകൊണ്ടുള്ള  സിംഹാസനത്തിൽ ബ്രട്ടീഷ് ആക്രമണത്തിൽ പീരങ്കിയുണ്ട പതിച്ച് കേടുപറ്റിയിട്ടുണ്ട് .

അതിനും അപ്പുറത്തായി നടുമുറ്റത്തോടെ നിൽക്കുന്ന  മച്ചി ഭവൻ സ്ത്രീകളുടെ താമസസ്ഥലമാണ്... അക്ബറിൻ്റെ 300 ലേറേ വെപ്പാട്ടിമാർ ഇവിടെയാണ് താമസിച്ചിരുന്നതത്രെ. അതിനു മുൻവശത്തായി അക്ബറുടെ വെളുത്ത സിംഹാസനം.. ആറ് ഭാര്യമാരും മുന്നൂറിലേറേ വെപ്പാട്ടികളും ഉണ്ടായിരുന്ന "മഹാനായ" അദ്ദേഹമാണ്  മുഗൾ രാജകുമാരിമാർക്ക് വിവാഹം നിഷേധിച്ചത്... ചരിത്രത്തിൻ്റെ ചില  ക്രൂരത ഫലിതങ്ങൾ.



ഇത്രയും കണ്ട്, അലിയുടെ ചരിത്രം കേട്ട് തീർന്നപ്പോഴേക്കും നേരം അഞ്ചരയോടടുത്തിരുന്നു. അവിടെനിന്നും കുറച്ച് ഫോട്ടോകൾ കൂടി പകർത്തി ഞങ്ങൾ വേഗം മധുര ലക്ഷ്യമാക്കി നീങ്ങി.



നേരം സന്ധ്യയായതിനാൽ തന്നെ മധുവൻ ഞങ്ങൾക്ക് അപ്രാപ്യമായിരുന്നു. പിന്നെ നേരെ കൃഷ്ണ ജന്മസ്ഥലമായ മധുരയിലേക്ക് വിട്ടു. അവിടെയെത്തിയപ്പോഴേക്കും സമയം 7 ആയിരുന്നു. കവാടത്തിൽ എത്തിയ ഞങ്ങളോട് ഫോൺ തുടങ്ങിയ എല്ലാ വസ്തുക്കളും ലോക്കറിൽ വെക്കാനാവശ്യപ്പെട്ടു. അതിനിടയിൽ തീർത്ഥാടകരുടെ ഒരു ബസ് എത്തിച്ചേർന്ന് തിരക്കു  കാരണം കൂടെയുള്ള  സ്ത്രീകൾക്ക് ഉള്ളിലേക്ക് കയറുവാൻ സാമാന്യം ബുദ്ധിമുട്ടേണ്ടി വന്നു.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ കാരാഗൃഹം നിലനിൽക്കുന്ന സ്ഥലത്തിനടുത്തായി അദ്ദേഹത്തിന്റെ കൊച്ചുമകൻ വജ്രനാഭൻ പണിത  ഒരു പുതിയ ക്ഷേത്രമുണ്ട്. ദീപാവലി സമയമായതിനാൽ  തന്നെ അന്നേ ദിവസം ക്ഷേത്രം ദീപാലംകൃതമായിരുന്നു.  അതെല്ലാം നടന്നു കണ്ട്, ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തെത്തിയ ഞങ്ങൾ പിന്നെ നേരെ പോയത് വൃന്ദാവനത്തിലേക്കാണ്.

2012 പണി തീർന്ന ജഗദ്ഗുരു കൃപാലു പരിഷദ് നിർമ്മിച്ച വൃന്ദാവനത്തിലെ പ്രേം മന്ദിറിലേക്കാണ് ഞങ്ങളെത്തിയത്. മന്ദിരത്തിന്റെ ആദ്യത്തെ നിലയിൽ രാധാ കൃഷ്ണന്മാരും രണ്ടാം നിലയിൽ രാമ സീതാമാരും ആണ്. കൂടാതെ മന്ദിരത്തിന്റെ ചുറ്റിലുമായി ഗോവർദ്ധൻ ഗിരി ലീല, രാസലീല, കാളിയ സർപ്പ ലീല എന്നിങ്ങനെയുള്ള വിവിധ കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. രാത്രിയായതിനാൽ തന്നെ വൈദ്യുത  ദീപാലങ്കാരങ്ങളാൽ  മനോഹരമായിരുന്നു  ക്ഷേത്രവും പരിസരവും.







ഏകദേശം 9 മണിയോടടുത്തതിനാൽ തന്നെ മറ്റു കാഴ്ചകളെല്ലാം ബാക്കി വെച്ച് ഞങ്ങൾ വഴി മദ്ധ്യേ ഭക്ഷണവും കഴിച്ച്  തിരിച്ച് ദില്ലിയിലേക്ക് യാത്രയായി.


 തുടരും...

No comments:

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാര...